Sunday, March 1, 2020

"ലാ ലാ ലലലാ..., ലലലാ... ലലലാ ...ലാ..ലാ ലലലാ.. ലലലാ ".

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 2004
എൻജിനീയറിങ് കഴിഞ്ഞിറങ്ങിയ സമയത്താണ് ഇളയ അപ്പച്ചി ഒരു മൊബൈൽ ഫോൺ സമ്മാനിക്കുന്നത് - നോക്കിയ 1100 white, കയ്യിലൊതുങ്ങിപ്പതുങ്ങി ഇരിക്കുന്ന വെള്ളമുയൽക്കുഞ്ഞിനെപ്പോലൊരു ഫോൺ! 2009 ൽ സാംസങിലേക്ക് മാറുന്നിടം വരെ ആ കുറിഞ്ഞി എന്നോടൊപ്പം ഉണ്ടായിരുന്നു, വളരെ പ്രിയപ്പെട്ടൊരു 'പെറ്റ്' നെപ്പോലെ! ക്യാംപസ് സെലക്ഷൻ എന്നതൊക്കെ അന്ന് കേട്ടുകേൾവി മാത്രമായിരുന്നത് കൊണ്ട് എല്ലാവരുടേയും ആശ്രയം എറണാകുളത്തുള്ള SHREDS എന്ന റിക്രൂട്മെന്റ് പദ്ധതികളായിരുന്നു. ഫൈനൽ പരീക്ഷകളൊക്കെക്കഴിഞ്ഞ് എല്ലാവരും കോളേജിൽ നിന്നും സ്വന്തം വീടുകളിലേക്ക് പോയിക്കഴിഞ്ഞുള്ള ആദ്യത്തെ അറിയിപ്പ് ഷ്റെഡ്‌സിൽ നിന്ന് കിട്ടിയപ്പോൾ കൂട്ടുകാരെ കാണാമല്ലോ എന്നതായിരുന്നു ആദ്യത്തെ ചിന്ത. അങ്ങനെയുള്ള ഏതോ ഒരു പരീക്ഷ ആലുവ UC കോളേജിൽ നിന്നും എഴുതിക്കഴിഞ്ഞ് ഞാനും മറ്റുചില എറണാകുളം സുഹൃത്തുക്കളും മറൈൻ ഡ്രൈവിൽ വായിനോക്കാൻ പോയ ദിവസം. തിരികെ തിരുവനന്തപുരം പോകാൻ അന്നിനി പറ്റില്ല, ഫ്രണ്ടിന്റെ വീട്ടിൽ കൂടിയിട്ട് പിറ്റേ ദിവസത്തെ ട്രെയിൻ പിടിക്കാനാണ് തീരുമാനം. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ആരൊക്കെയാണെന്ന് ഇപ്പോൾ കൃത്യമായി ഓർക്കുന്നില്ല - രണ്ടുപേരെയൊഴിച്ച് (ആരെയെങ്കിലും വിട്ടുപോയാൽ മറ്റുള്ളവർ എന്നെത്തല്ലും എന്നുള്ളത്കൊണ്ടും, സാങ്കേതിക കാരണങ്ങളാൽ ആ രണ്ടുപേരുടെ പേര് പറയാത്തതാകും നല്ലതെന്നത് കൊണ്ടും നാലഞ്ച് സുഹൃത്തുക്കൾ എന്ന് വായിക്കുക 

ഇന്നത്തെക്കാലത്തെ വാനരസേനയും, ആ.ഭാ.സക്കാരും ഇല്ലാതിരുന്നത് കൊണ്ട് എനിക്കിന്ന് ഇതെഴുതാൻ സാധിക്കുന്നുവെന്നേ പറയാനുള്ളൂ. പെൺകുട്ടികളും ആൺകുട്ടികളും ചേർന്ന കൂട്ടം വൈകുന്നേരങ്ങളിൽ മറൈൻഡ്രൈവിൽ ഇരുന്നാൽ ഇപ്പോഴത്തെ കാറ്റുവീശൽ എങ്ങനെയാണെന്ന് അറിയാൻ പാടില്ലാത്തത് കൊണ്ടാ....
അന്ന് കൂടെയുണ്ടായിരുന്ന ലവ് ബേർഡ്സിനെ പഞ്ചാരയടിക്കാൻ വിട്ടിട്ട് ഞാനും മറ്റ് രണ്ട് സുഹുക്കളും കൂടി അവിടെയുണ്ടായിരുന്ന ഒരു മരത്തിൻ്റെ ചുവട്ടിലിരുന്നു കടല കൊറിച്ചുകൊണ്ട് അസ്തമയസൂര്യനേയും വെള്ളത്തിനേയും ഒക്കെ വിശാലമായി ആസ്വദിക്കാൻ തുടങ്ങി. അന്നീ ഫേസ്‌ബുക്കും ഇല്ല വാട്സാപ്പും ഇല്ല - ഫോൺ ആകെ ഉപയോഗിക്കുന്നത് ഫോൺ വിളിക്കാനും, മെസ്സേജ് അയക്കാനും, സ്നേക്ക് കളിക്കാനും മാത്രം! ജോലിയ്ക്ക് വേണ്ടിയുള്ള പരീക്ഷ കഴിഞ്ഞതല്ലേ, സ്വാഭാവികമായും എങ്ങനെയുണ്ടെന്ന് ചോദിക്കാനുള്ള വിളി വന്നു - എൻ്റെ മൊബൈലിലാണ് അപ്പോഴത്തെ കാൾ വന്നത്. രണ്ടുമിനിറ്റ് സംസാരമൊക്കെ കഴിഞ്ഞ് വീണ്ടും കപ്പലണ്ടിയുടേയും വായിനോക്കലിന്റെയും ലോകത്തിലേക്ക് തിരികെപ്പോകാൻ തുടങ്ങുമ്പോൾ അടുത്ത മരത്തിന് ചുവട്ടിലിരിപ്പായിരുന്ന രണ്ടു ചെറുപ്പക്കാർ ഞങ്ങളുടെ അടുത്തേക്ക് വന്നു.


പ്രായത്തിൽ ഞങ്ങളെക്കാൾ അൽപ്പം മുതിർന്നവർ ആണെന്ന് തോന്നി, ആശാന്മാർ ഞങ്ങൾ പെൺകുട്ടികൾക്ക് അടുത്തേക്ക് വരുന്നതൊക്കെ അപ്പുറത്തെ 'പ്രണയ'ടീമിലെ നായകൻ നോക്കുന്നുണ്ട് .. പറഞ്ഞുവരുമ്പോൾ അവനാണല്ലോ അന്ന് ഞങ്ങളുടെ എല്ലാവരുടെയും ചുമതല. വന്ന ചേട്ടന്മാരിൽ ഒരാൾ, മരച്ചോട്ടിൽ ഇരിക്കുകയായിരുന്ന എന്നോട് പതുക്കെ തലയൊന്നു കുനിച്ചുചോദിച്ചു "അതേ, ഇപ്പോക്കേട്ടില്ലേ, ആ റിങ്ടോൺ ഒന്നയച്ചു തരോ?" !! 'പ്ലിങ്ങ് 'എന്നൊരൊച്ച കേട്ടില്ലേ? എൻ്റെ കിളി പോയതാ!  അതായതുത്തമാ അപ്പോൾ എനിക്ക് ഫോൺ വന്നില്ലേ, ആ ഫോൺവിളിയുടെ റിങ് ടോൺ മെസ്സേജ് ആയിട്ടൊന്നയച്ചു കൊടുക്കാമോ എന്നാണ് ചോദ്യം. സത്യത്തിൽ എനിക്കിത്തിരി മടിയുണ്ടായിരുന്നു - ആരെന്നും ഏതെന്നും അറിയാത്ത ഒരാൾക്ക് അയാളുടെ മൊബൈലിലേക്ക് എൻ്റെ നമ്പറിൽ നിന്നും മെസ്സേജ്അ യയ്ക്കണ്ടേ.. അന്ന് വേറെ രീതിയിലൊന്നും ട്രാൻസ്ഫർ ചെയ്യാൻ പറ്റുകയുമില്ല. മടിച്ചിരുന്ന എന്നോട് "നീയങ്ങട് കൊടുക്ക് ആച്ചീ, ഈയൊരു നമ്പർ വെച്ച് അവരെന്ത് ചെയ്യാനാ. . ചെയ്താൽ നമുക്കപ്പോ നോക്കാംന്നേ, നമ്മുടേലും ഉണ്ടല്ലോ അവരുടെ നമ്പർ" എന്ന് പറഞ്ഞവൻ കോളേജിലെ ചങ്ക് സഹോസിൽ ഒരാളായിരുന്നു. (ഇപ്പൊ ആശാൻ കെട്ടിയോളും കുട്ടിയോളും ഒക്കെയായി ബാംഗ്ലൂരിൽ എവിടെയോ അലയുന്നുണ്ട്  ) അവൻ്റെ മൂപ്പിക്കലും, പിന്നെ ഈ ട്യൂൺ കേട്ട് മനസ്സലിഞ്ഞൊരാൾ ചോദിക്കുമ്പോൾ എങ്ങനെ കൊടുക്കാതിരിക്കും എന്ന ചിന്തയും ചേർന്ന് ഞാനാ റിങ്ടോൺ ജീവിതത്തിൽ ഒരിക്കൽ മാത്രം കണ്ട ആൾക്ക് അയച്ചുകൊടുക്കുക തന്നെ ചെയ്തു! ആ ചെക്കന്മാർ നല്ല മര്യാദരാമന്മാരായിരുന്നു എന്നുകൂടി പറയട്ടേ - ഞാൻ രണ്ടുമൂന്നു ദിവസം കഴിഞ്ഞ് ആ നമ്പർ ഡിലീറ്റ് ചെയ്തു കളഞ്ഞെങ്കിലും കുറച്ചേറെ നാൾ ഓർത്തുവെച്ചിരുന്നു - അഥവാ എന്തേലും കുനഷ്ട് വന്നാൽ ഓർക്കണമല്ലോ. പക്ഷേ അജ്ഞാതനായ ആ മാന്യൻചെക്കൻ ഒരു തുടർ മെസ്സേജ് പോലും അയച്ചില്ല എന്നോർക്കുമ്പോൾ ഞാനന്ന് ആ റിങ്ടോൺ കൊടുത്തല്ലോ എന്നൊരു ചുമ്മാ സന്തോഷം തോന്നും!

ഇപ്പോൾ നിങ്ങളെല്ലാം ആകാംക്ഷാഭരിതരായി "തേങ്ങയുടക്ക് സ്വാമീ - റിങ്ടോൺ പറ" എന്ന് പറയുന്നത് എനിക്ക് കേൾക്കാം .. 2004 മുതൽ ആ നോക്കിയയുടെ സെറ്റ് മാറും വരെ എൻ്റെ റിങ്‌ടോണായിരുന്ന പ്രിയപ്പെട്ട ശബ്ദം - ലതികടീച്ചറിൻ്റെ വിഷാദ മനോഹരശബ്ദം .... "ലാ ലാ ലലലാ..., ലലലാ... ലലലാ ...ലാ..ലാ ലലലാ.. ലലലാ ". ഇപ്പോഴും കേട്ടാൽ അറിയാതെ നെഞ്ചൊന്നു പിടയ്ക്കുന്ന ഈണം, ഇപ്പോഴും tvയിൽ കാണുമ്പോൾ അവരൊന്ന് നോക്കിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന സീൻ, കുഞ്ഞിലേ കണ്ടപ്പോൾത്തന്നെ അവസാനഭാഗം മാറ്റിയെഴുതണമെന്നും ഈ പ്രിയദർശൻ എന്ത് ദുഷ്ടനാണെന്നും തോന്നിപ്പിച്ച സിനിമ!


ഇന്നത്തെ ഓർമയീണം ഒരു പരിചയോമില്ലാത്ത പെൺകൊച്ചിനോട് റിങ്ടോൺ ചോദിച്ച ആ ചേട്ടായിയ്ക്ക് 

https://www.youtube.com/watch?v=LIE_4i6N6_s&feature=youtu.be&fbclid=IwAR2VhlNrEBfRsLeHv1D8nAuOflpy2zv1KIbYtmNSBA2Pfju33hPd8pkf4Ns
--------------------------------------------------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

6 comments:

  1. വന്ദനത്തിലെ ആണല്ലേ ❤️ SHREDS ഉം U.C College ഉം ഒക്കെ എന്റെയും ഓർമ്മകൾ ആണുട്ടോ..

    ReplyDelete
  2. നല്ല ഈണമുള്ളത്...
    ആശംസകൾ

    ReplyDelete
  3. ഈണം ചോയിച്ച ചേട്ടായിയുടെ ഓർമ്മക്കും ഒരു പാട്ട് ...!

    ReplyDelete
  4. ഈ റിങ്ടോണിന്റെ പുറകേ ഇപ്പോഴും നടക്കുന്ന ഒരാളെ എനിക്കറിയാം . 🤩.
    ഇവിടെ വരും . ഇല്ലെങ്കിൽ ചാത്തന്മാർ വരുത്തും ....
    എന്റെ ആരാധന ആ ഫോണിനോടാണ് നോക്കിയ 1100 വൈറ്റ് . എഞ്ചിനീയറിംഗ് പഠിക്കുമ്പോൾ എനിക്ക് ഫോൺ ഉണ്ടായിരുന്നില്ല. എന്റെ റൂം മേറ്റ്‌ രശ്മിയുടെ ആയിരുന്നു ആ ഫോൺ . പക്ഷേ ഞാൻ എന്റേത് പോലെ ഉപയോഗിച്ചിരുന്നു..
    അതിലൊരു വെടിവയ്ക്കുന്ന ഗെയിം ഉണ്ട് . അതിന്റെ അവസാനത്തെ സ്റ്റേജ് മാത്രം ഇതുവരെ ഞാൻ ജയിച്ചിട്ടില്ല. അതുപോലെ 5 വൈറ്റ് ഡോട്ടുകൾ അടുപ്പിച്ചു വരുത്തുന്ന മറ്റൊരു ഗെയിം . നമ്മൾ ഒരെണ്ണം ഇട്ടാൽ ഫോൺ ഒരു കറുപ്പ് ഡോട്ട് ഇടും. എത്ര സൂക്ഷിച്ചു കളിച്ചാലും മിക്കവാറും ആദ്യം ഫോൺ തന്നെ 5 എണ്ണം ഒപ്പിക്കും.😬😬😬😬😬
    കനത്ത വെല്ലുവിളി ഉയർത്തിയിരുന്ന കളികൾ. സ്നേക്കിനേക്കാൾ ഞാൻ ജയിക്കാനുള്ള വാശിക്ക് കളിച്ചു തോറ്റുകൊണ്ടിരുന്നത് ഇത് രണ്ടെണ്ണം ആയിരുന്നു . മറക്കാനാവില്ല ആ സുന്ദരി ഫോണിനെ .!!
    ഞാൻ ഒരു ഫോൺ വാങ്ങാനുള്ള പ്രാപ്തിയിലേക്ക് എത്തിയപ്പോഴേക്കും അത് ഔട്ട്‌ ഓഫ് മോഡൽ ആയിരുന്നു . ഇല്ലെങ്കിൽ ഉറപ്പായും ഒരെണ്ണം വാങ്ങിയേനെ... ❤️❤️❤️

    ReplyDelete
  5. ഹോ ... എനിക്ക് വയ്യാ ... എന്താ കുട്ട്യേ .. ഈ ഓർമ്മകളുടെ ഒരു പോക്കേ ... റിങ്ടോൺ മേടിച്ച ചെക്കന്മാർ മാന്യന്മാരായതു നന്നായി .

    ReplyDelete
  6. ഡബ്ൾ വൺ ഡബ്ൾ സിറോ , കൂട്ടുകാർ, SHREDS , മാന്യന്മാർ, പിന്നെ ഒരു പാട്ടും.

    ഓർമ്മകൾ ഓമൽ കിനാവു പോൽ ..

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)