Wednesday, March 18, 2020

"മാനം തെളിഞ്ഞേ നിന്നാൽ .. മനസും നിറഞ്ഞേ വന്നാൽ വേണം കല്യാണം .."

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 1994- 95
അച്ഛൻ്റെ ഒരു സുഹൃത്തിന്റെ കല്യാണം കൂടാൻ വീടിനെ പ്രതിനിധീകരിച്ചു പോയതാണ് ഞാൻ - ഒറ്റയ്ക്കല്ല കേട്ടോ, അമ്മയുടെ ഒരു സുഹൃത്തിനൊപ്പം ആണ് എൻറെ യാത്ര. അമ്മയേക്കാൾ ഒത്തിരി ഇളയ ആ ആളെ ഞാൻ പേരുകൂട്ടി ...ച്ചേച്ചി എന്നാണ് വിളിച്ചിരുന്നത് (തത്കാലം ആളെ പാത്തുച്ചേച്ചി എന്ന് വിളിക്കാം നമുക്ക്). 
പുള്ളിക്കാരി പിജിയൊക്കെ കഴിഞ്ഞു നിൽക്കുന്ന സമയം ആകണം, ഞാനൊരു ഏഴാം ക്ലാസ്സിൽ പഠിക്കുന്നു എന്നാണ് ഓർമ്മ. കല്യാണത്തിന് പോയ സ്ഥലമൊന്നും ഓർമയില്ല പള്ളിക്കലാണോ പകൽക്കുറിയാണോ എന്നൊന്നും അറിയില്ല, ഏതോ ഒരു കുണ്ടും കുഴിയുമുള്ള റോഡുള്ള സ്ഥലത്തേക്ക് കുലുങ്ങിക്കുലുങ്ങിപ്പോകുന്ന ഒരു വെള്ള വാനിൽ കുത്തിഞെരുങ്ങിപ്പോയത് ഓർക്കുന്നുണ്ട്. ആണുങ്ങളെയും പെണ്ണുങ്ങളെയും ഒരു വെള്ളത്തുണി കൊണ്ടുള്ള തട്ടികൊണ്ട് വേർതിരിച്ച ഇടത്തിരുന്ന് ആ നിക്കാഹ് കണ്ടതും കല്യാണപ്പെണ്ണിനെ കാണാൻ പാത്തുച്ചേച്ചിയ്ക്കൊപ്പം അകത്തേക്ക് പോയതുമൊക്കെ ഓർമയുണ്ട്. ബിരിയാണി കഴിച്ചുകഴിഞ്ഞു കൈ കഴുകാൻ പോയയിടത്ത് തൂക്കിയിട്ടിരുന്ന പിങ്ക് ലൈഫ്ബോയിന്റെ മണം പോലും ഓർമയുണ്ടെങ്കിലും ആ കല്യാണപ്പെണ്ണിന്റെ പേരോർമ്മയില്ല . എത്ര വിചിത്രമാണ് ഓർമ്മകൾ കോർക്കുന്ന നൂലുകൾ! ഞാനും പാത്തുച്ചേച്ചിയും കൂടി വെള്ളമുള്ള ഒരു മൂത്രപ്പുര അന്വേഷിച്ചു നടന്നതും കല്യാണം നടക്കുന്നിടത്തെങ്കിലും പെണ്ണുങ്ങൾക്ക് മൂത്രശങ്ക തീർക്കാൻ വഴിയില്ലാത്തതിനെക്കുറിച്ചു പരസ്പരം പരിഭവം പറയുകയും ചെയ്തു! ( അന്നേ വായനയുടെ അസ്കിതയുണ്ടായിരുന്നത് കൊണ്ട് പ്രായത്തിൽ മുതിർന്ന വർത്തമാനം പറയാനും പ്രവർത്തിക്കാനും കേമിയായിരുന്നു ഞാൻ. അല്ലെങ്കിൽ പിന്നെ ഏഴാം ക്ലാസ്സും 23 വയസും തമ്മിൽ എങ്ങനെ ചേരാൻ...!)

അന്ന് കല്യാണമൊക്കെ കഴിഞ്ഞു തിരികെപ്പോരാൻ ഞങ്ങൾക്ക് രണ്ടാൾക്കും സ്ഥലം കിട്ടിയത് ഒരു കാറിലാണ്. അങ്ങോടു പോയതിനേക്കാൾ കഷ്ടമായ സ്ഥിതിയിൽ കുത്തിഞെരുങ്ങി തിരിച്ചിങ്ങോട് യാത്ര. അക്ഷരാർത്ഥത്തിൽ ഞാൻ ചേച്ചിയുടെ മടിയിലാണ് ഇരിപ്പ് - സൈഡ്സീറ്റിൽ. അന്ന് പാത്തുച്ചേച്ചിക്ക് ഒരു പ്രമാദമായ പ്രണയമുണ്ടായിരുന്നേ -അച്ഛന്റെ സുഹൃത്തായ ഒരു നാട്ടുകാരനുമായി - ഞാൻ പുള്ളിയെ മാമനെന്നു വിളിച്ചു (തിരോന്തോരം ഭാഗത്ത് താമസിക്കുന്നവർക്ക് മിക്കവർക്കും മാതാപിതാക്കളുടെ ആണ്സുഹൃത്തുക്കൾ മാമന്മാരും, പെൺസുഹൃത്തുക്കൾ മാമിമാരോ ചേച്ചിമാരോ ആണ്. ആന്റി അങ്കിൾ അന്നത്ര പോപ്പുലർ അല്ലായിരുന്നു ഞങ്ങളുടെ നാട്ടിൻപുറത്ത്).

പ്രണയത്തിന്റെ കാല്പനികത മാത്രം മനസിലാകുന്ന പ്രായത്തിലും ഇവരുടെ പ്രണയം ഒരു ബോംബാകാൻ സാധ്യതയുണ്ടെന്ന് എനിക്കറിയാമായിരുന്നു. കക്ഷി ഹിന്ദുവാണ്, പാത്തുച്ചേച്ചി മുസ്ലിമും. അച്ഛന്റെയും അമ്മയുടെയും പിന്നെ അവരുടെ ഇവർ രണ്ടുപേരോടും ഉള്ള സംസാരത്തിൽ നിന്നുമൊക്കെ പുകഞ്ഞു പുകഞ്ഞു നിൽക്കുന്ന ഗ്രനേഡിന്റെ അറ്റമാണ് ഇവരുടെ ബന്ധം എന്ന് നാട്ടുകാരെപ്പോലെ ഞങ്ങൾ പിള്ളേർക്കും അറിയാമായിരുന്നു. അങ്ങനെയുള്ള ഈ പ്രണയജോഡികൾ അന്നാ കല്യാണത്തിൽ വെച്ച് കണ്ടിരുന്നു എന്നെക്കൂടെകൂട്ടി ഈ രണ്ടാളും കുറച്ചുനേരം അതുവഴിയൊക്കെ ചുറ്റിക്കറങ്ങിയിരുന്നു. ഞാനൊരു മറയാണല്ലോ ആളുകളുടെ കണ്ണിൽ പൊടിയിടാൻ. ഞാനാണേൽ എനിക്കിതൊന്നും മനസിലാകുന്നില്ല എന്നൊരു "നിഷ്കു" ഭാവത്തിലും. പക്ഷേങ്കി അന്നവിടെ ഒരു പ്രണയകലഹം നടന്നിരുന്നു എന്ന് കാറിൽ എന്നോടൊപ്പം കയറിയ പാത്തുച്ചേച്ചിയുടെ വാടിയ മുഖം സൂചിപ്പിച്ചു. തുള്ളിത്തുള്ളിയായി മഴ ചാറുകയും കൂടുതൽ പിന്നാലെ വരുന്നുണ്ട് എന്നതുപോലെ ആകാശം കറുത്തിരുളുകയും ചെയ്തിരുന്നു ഞങ്ങൾ തിരികെ യാത്ര തുടങ്ങുമ്പോൾ. അപ്പോഴാണ് കാറിലെ പാട്ട് മോഹൻലാൽ - ശോഭന കൂട്ടുകെട്ടിലെ ഹിറ്റായ തേന്മാവിൻ കൊമ്പത്തിലേക്ക് മാറിയത്.

"മാനം തെളിഞ്ഞേ നിന്നാൽ ..
മനസും നിറഞ്ഞേ വന്നാൽ
വേണം കല്യാണം .."

ഞാൻ പതുക്കെ പുള്ളിക്കാരിയെ ഒന്ന് ഉഷാറാക്കാൻ വേണ്ടി "പാട്ട് കേട്ടാ" എന്നർത്ഥത്തിൽ ഒന്ന് ചുരണ്ടി, കണ്ണടച്ച് ചിരിച്ചു - ഒട്ടും ഉഷാറില്ലാതെ ചേച്ചി പറഞ്ഞത് "മാനവും തെളിഞ്ഞിട്ടല്ല, മനസും നിറഞ്ഞിട്ടല്ല ..അതോണ്ട് കല്യാണോം വേണ്ട" എന്നാണ്! അന്നതങ്ങ് മനസിൽ കയറിക്കൂടി.. പിന്നെവിടെ ഈ പാട്ട് കേട്ടാലും ആ നിക്കാഹ്, ബിരിയാണി, നിറഞ്ഞ പരിഭവ മിഴികൾ, ഉന്തും തള്ളും സപ്പോർട്ട് ചെയ്ത ഒരു യാത്ര ഒക്കെയോർമ്മ വരും! ഇതിനൊരു അനുബന്ധകഥയുണ്ട്. അത് പിന്നാലെ പിന്നാലെ 
------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

6 comments:

  1. ശരിയാണ്. പാട്ടും സന്ദർഭവും മറക്കാത്ത ഓർമ്മകൾക്ക്...
    ആശംസകൾ

    ReplyDelete
  2. ഈ പോസ്റ്റ് വായിച്ചപ്പോൾ ആ രംഗങ്ങൾ കൂടി മനസ്സിലേയ്ക്ക് ഓടി എത്തി

    ReplyDelete
  3. ഈ പാട്ടിന്റെ ഈണവും ചടുലതയും ചിത്രീകരണവും ഒരത്ഭുതം ആയിരുന്നു.
    സ്കൂളിൽ group dance ഉം കളിച്ചിട്ടുണ്ട് ഈ പാട്ട് വെച്ച്..നൃത്തത്തിൽ യാതൊരു വാസനയും ഇല്ലാത്ത ഞാൻ.. ആഗ്രഹം കൊണ്ട് മാത്രം എന്തൊക്കെയോ steps ദയനീയമായി അനുകരിച്ചു കളിച്ചിട്ടുണ്ട്. അതൊക്കെ ഒരു കാലം. ��

    ReplyDelete
  4. നിക്കാഹ്, ബിരിയാണി, നിറഞ്ഞ പരിഭവ മിഴികൾ,
    ഉന്തും തള്ളും സപ്പോർട്ട് ചെയ്ത  യാത്രയൊക്കെ ഓർമ്മയായി
    വരുന്നൊരു പാട്ട്...

    ReplyDelete
  5. 🤩🤩🤩🎼🎼🎼🎼🎵🎶ചില പാട്ടുകൾ അങ്ങിനെയാണ്
    കേട്ടുകഴിഞ്ഞാൽ അത് പിന്നെ നമ്മുടെ നാവ്‌ ദത്തെടുക്കും...അറിയാതെ പോലും മൂളിക്കൊണ്ടിരിക്കും..ചിലത് നമുക്ക് നല്ല ഓർമകൾ നൽകും

    ReplyDelete
  6. കഥയുടെ ബാക്കി കേൾക്കാൻ ധൃതി ആയി.

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)