#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!
വർഷം 1990 -കളിൽ എപ്പോഴോ!
അമ്മയുടെ വീട് ആറ്റിങ്ങൽ എന്ന - ആറൊഴുകുന്ന കരയിലായിരുന്നു. അമ്മയുടെ അച്ഛനുമമ്മയുമൊക്കെ അമ്മയുടെ കുഞ്ഞിലേ മരിച്ചുപോയതിനാൽ ആ സ്ഥലവുമായുണ്ടായിരുന്ന ആകെ ബന്ധം വിശാലമായ രണ്ടു പറമ്പുകൾക്കിടയ്ക്ക് നീളത്തിൽ കിടക്കുന്ന നാലേകാൽ സെന്റ് സ്ഥലവും അവിടെയൊരു അഞ്ചുമൂട് തെങ്ങുമായിരുന്നു. പ്രത്യേകിച്ചൊരു വളവുമിടാതെ തന്നെ ആറിൻകരയിലെ സ്വാഭാവിക ഫലഭൂയിഷ്ഠമായ മണ്ണിൽ ആ തെങ്ങുകളങ്ങനെ കായ്ച്ചുകുലച്ചു തളിർത്തു നിന്നു. അമ്മ ജനിച്ചുവളർന്ന വീടെപ്പോഴും അവിടെ അടഞ്ഞുകിടന്നിരുന്നു - ഭാഗത്തിൽ അമ്മയുടെ മൂത്ത ചേച്ചിയ്ക്കാണ് ആ വീട് കിട്ടിയത്. ഉയർന്നൊരു തട്ടിൽ നിന്നിരുന്ന വീടിൻ്റെ പിൻഭാഗത്തുള്ള മുളങ്കൂട്ടത്തിൽക്കൂടി പിടിച്ചു നിരങ്ങിയങ്ങനെ ഇറങ്ങിയാൽ നേരെ പൂവൻപാറ ആറിലെത്തും. അമ്മയോടൊപ്പം വർഷത്തിൽ ഒരിക്കൽ അല്ലെങ്കിൽ രണ്ടുവട്ടം ആ അഞ്ചുമൂട് തെങ്ങിൽ ആവോളം കായ്ച്ചിരുന്ന തേങ്ങാ കൊണ്ടുവരാനായിപ്പോകുന്നത് കുട്ടിക്കാലത്തെ കാത്തുകാത്തിരുന്ന ഒരു സന്ദർഭമായിരുന്നു. ചേട്ടന്മാരും കുറെനാളൊക്കെ കൂടെ വന്നിരുന്നു. പിന്നെ ഒരു ഹൈസ്‌കൂൾ ഒക്കെയായപ്പോൾ അവർക്കൊരു ചമ്മൽ ഇങ്ങനെ തേങ്ങയെടുക്കാൻ പോകാൻ - ഒരു വൈക്ലബ്യമേ വൈക്ലബ്യം! നമുക്ക് പിന്നെ പണ്ടേ ആ സ്വഭാവമില്ലാത്തതുകൊണ്ട് അമ്മയോടൊപ്പം എപ്പോഴും ചാടിപ്പുറപ്പെട്ടു.
പ്രത്യേകിച്ച് നിർബന്ധിക്കാതെ തന്നെ അമ്മയോടൊപ്പം അങ്ങനെ പോകാനുള്ള ഏറ്റവും വലിയ രണ്ടു പ്രലോഭനങ്ങൾ - ഒന്ന് ആറിൽക്കൂടിയുള്ള കടത്തുവഞ്ചി യാത്രയാണ്. ആ കുഞ്ഞുവള്ളത്തേൽ ഇങ്ങനെ ആടിയുലഞ്ഞു പോകലും, ഇടക്ക് ഒന്ന് ചാഞ്ഞാ വെള്ളത്തിലൊന്നു തൊടലും, തേങ്ങയും കൊണ്ട് വരുമ്പോൾ വള്ളക്കാരനെ കണ്ടില്ലെങ്കിൽ "പൂഹോയ് ആളുണ്ടേ" എന്നൊരു ഉറക്കെക്കൂവലും ഒക്കെയായി ഞാനങ്ങാഘോഷിക്കുമായിരുന്നു. രണ്ടാമത്തെ പ്രലോഭനം - നല്ല ചെന്തെങ്ങിന്റെ ഇളനീരാണ്. തേങ്ങയിടാൻ വരുന്ന സ്ഥിരം മാമൻ കൂട്ടത്തിൽ എന്നെക്കാണുമ്പോഴേ നല്ല മധുരമുള്ള ചെന്തെങ്ങിന്റെ കുലയിൽ നിന്നൊരെണ്ണം അടർത്തി തലപ്പ് വെട്ടി തരും. വെള്ളം കുടിച്ചുകഴിഞ്ഞാൽ കരിക്കിന്റെ തൊണ്ടു തന്നെ സ്പൂൺ പോലെയാക്കി ആ ഇളം കാമ്പ് കഴിച്ചു വയറുനിറയ്ക്കാം. ഇമ്മാതിരി കാരണങ്ങൾ കൊണ്ട് എനിക്ക് ആറ്റിങ്ങൽ പോക്കെന്നാൽ രു ചെറിയ OneDay ട്രിപ്പാണ്. 2003- ൽ സ്വന്തമായി സ്ഥലം നാവായിക്കുളത്ത് വാങ്ങാൻ വേണ്ടി ആ നാലേകാൽ സെന്റ് വിൽക്കുംവരെ തെങ്ങുകൾ ഞങ്ങളെ ചതിച്ചില്ല. ഒരു കൊല്ലത്തേക്ക് മിക്കവാറും കറിക്ക് വേണ്ട തേങ്ങ ഇതിൽ നിന്ന് ഒപ്പിച്ചുപോന്നു 'അമ്മ.
അത്തരമൊരു യാത്രയിലെന്ന പോലെ ആറ്റിങ്ങൽ എത്തിയപ്പോഴാണ് അറിയുന്നത് അമ്മയുടെ കൂട്ടുകാർക്കൊപ്പം സിനിമ കാണാനൊരു ചാൻസുണ്ടെന്ന്. പണ്ടേ സിനിമാപ്രാന്തി - അതിനിടയിൽ പ്രതീക്ഷിക്കാതെ വീണുകിട്ടിയ സിനിമ, ലഡു പൊട്ടിയില്ലേ മനസിൽ! ഏറ്റവും പുതിയ പടം "പാവം പാവം രാജകുമാരൻ" ശ്രീനിവാസനും, സിദ്ദിഖും ഒക്കെയുണ്ട് . നായിക നമ്മുടെ മീനുക്കുട്ടി രേഖയും (ഏയ് ഓട്ടോ ഇതിനുമുന്നേയാണ് ഇറങ്ങിയത് എന്നാണ് ഓർമ! ). ആറ്റിങ്ങൽ എസ് ആർ തിയറ്ററിൽ കയറി സിനിമയൊക്കെ കണ്ടുപുറത്തിറങ്ങിയപ്പോൾ 'അമ്മ പറഞ്ഞു "ഇതിനിപ്പോയി അവന്മാരോട് വിളമ്പണ്ട - തൽകാലം ആറ്റിങ്ങൽ കൊണ്ടുവന്ന് സിനിമ കാണിക്കാൻ പറ്റില്ല. നാവായിക്കുളത്ത് വരുമ്പോൾ നമുക്കൊന്നും കൂടി കാണാം" - തകർന്നില്ലേ! അന്ന് വീട്ടിൽപ്പോയി ഈ രണ്ടു മാന്യന്മാരുടെയും മുൻപിൽ പൂഴിക്കടകൻ കളിക്കാനുള്ള അവസരമാണ് 'അമ്മ ഇല്ലാണ്ടെയാക്കിയത്. മാത്രവുമല്ല എനിക്കീ കുന്തമൊന്നും മനസിൽ വെച്ചുനടക്കാൻ അത്രക്ക് പറ്റുകേമില്ല!! എന്തായാലും ഞാൻ പെട്ടു ... അന്ന് വീട്ടിലെത്തിയിട്ട് ഉറങ്ങും വരെ വല്ലാത്ത പരവേശോം, ബാറ്ററി കൊടുത്തതുപോലെ നാവിൽ സിനിമയിലെ പാട്ടും... എത്ര ശ്രമിച്ചിട്ടും എനിക്കത് മൂളാതെ നടക്കാൻ പറ്റുന്നില്ലാന്നേ! ഞാൻ അന്നത്തെ സംസാരത്തിൽ പലവട്ടം ഈ സിനിമയിലെ തമാശകളൊക്കെ ചേട്ടന്മാരോട് പറഞ്ഞു. അവര് പാവങ്ങളായോണ്ട് ഒന്നും ചികഞ്ഞു ചികഞ്ഞു ചോദിച്ചില്ല - ഞാനായിരുന്നേൽ എപ്പോഴേ പപ്പും പൂടേം പറിച്ചേനേന്നോ! അന്നെങ്ങനെയൊക്കെയോ കയ്ച്ചിലാക്കിയ ആ പാട്ടാണ് -
"പാതിമെയ് മറന്നതെന്തേ ..സൗഭാഗ്യ താരമേ ..
രാവിൻ നീലത്തളികയിൽ ഏകദീപം നീ! "
രാവിൻ നീലത്തളികയിൽ ഏകദീപം നീ! "
------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച് - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ
പണ്ടൊക്കെ കളിക്കുന്നസിനിമയുടെ പാട്ടുപ്പുസ്തകവില്പന ടാക്കീസിൽ ഉണ്ടായിരുന്നു...
ReplyDeleteആശംസകൾ
പൂഹോ ...യ് , ആളുേണ്ടേ ..
ReplyDeleteകടത്തുവഞ്ചിക്കാരെനെ വിളിച്ച കാലം, തേങ്ങ പെറുക്കിക്കൂട്ടിയത് ... ഒക്കെ എന്റേം ഓർമ്മേലുണ്ട്. കടത്തുവഞ്ചിയിൽ പോകുമ്പഴെത്തെ പാട്ടോർമ്മ സാക്ഷരതാ യജ്ഞത്തിലെ എന്തിന്നധീരത... ആണ്
ഓർമ്മകൾ ഓർമ്മകൾ ..
"പാതിമെയ് മറന്നതെന്തേ ..സൗഭാഗ്യ താരമേ ..
ReplyDeleteരാവിൻ നീലത്തളികയിൽ ഏകദീപം നീ! "
ഇഷ്ടമുള്ള സിനിമയും പാട്ടും.
ReplyDeleteഎന്തൊരു ഓർമകൾ ആണ് ആർഷ മേഡം...