Tuesday, March 31, 2020

" കന്നിപ്പൂമാനം പോറ്റും തിങ്കള്‍ ഇന്നെന്‍റെയുള്ളില്‍ വന്നു 'ദിച്ചു' "

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 2016 ന് ശേഷം!
പണ്ടുപണ്ടുമുതലേ കേട്ട ഈ പാട്ടിനെ എന്തിനാ ഞാനീ 2016- മായി കൂട്ടിക്കുഴയ്ക്കുന്നതെന്നു ചോദിച്ചാൽ അതൊരു കഥയാണ്! 2010 മുതല്‍ താച്ചൂനു വേണ്ടിയെന്നതുപോല്‍ വരികളൊക്കെ മൊത്തം എഴുതി ആദ്യമായിപ്പഠിച്ചതും ഈ പാട്ടാണ്, 
അതിന്‍റെ കഥ ഇവിടെ https://www.facebook.com/aarsha.abhilash/posts/10153642920696632 . 
എന്നിട്ടും ഇപ്പോള് ഈ പാട്ടിന്റെ ഏറ്റവും പ്രിയമുള്ള ഓര്മ 2016 നു ശേഷമാണ്. ജനിച്ചപ്പോള് മുതല് കേട്ടുകേട്ടാകണം, കുഞ്ഞനിയന് ഉണ്ടായപ്പോള് താച്ചൂന്റെ ആദ്യ ചോയ്സും ഈ പാട്ട് തന്നെയായിരുന്നു - ദിച്ചുബേബിയെ പാടിയുറക്കാന് 2016 മുതല് അവനാരീരാരിരം പാടി...

അങ്ങനെയങ്ങനെ പാടിപ്പാടി പോകവേ അവന് പറഞ്ഞു
"അമ്മാ!! you know something? - ഇത് ബേബിക്ക് വേണ്ടി മാത്രമുള്ള പാട്ടാണ്. എന്താ അറിയോ? "
അതെന്താണപ്പാ അങ്ങനെ എന്നതിശയിച്ച് ഞങ്ങള് രണ്ടാളും കണ്ണൊക്കെ മിഴിച്ച് " ആ ാാാാാാാാാാാ....!!!" എന്ന് നീട്ടിമൂളി.
അപ്പോള് താച്ചു പതുക്കെ മൂളി
" കന്നിപ്പൂമാനം പോറ്റും തിങ്കള്
ഇന്നെന്റെയുള്ളില് വന്നു 'ദിച്ചു' .... മനസിലായോ? എന്റെയുള്ളില് ലൈക്‌ inside ദിച്ചു വന്നൂന്ന്, how do they know our baby's name is Dichu?? !!"

ശരിയല്ലേ അവരെങ്ങനെ അറിഞ്ഞു നമ്മുടെ വാവേടെ പേര് ദിച്ചു എന്നാണെന്ന്  😂😂
അപ്പോള് മുതലാണ്, എന്റെയുള്ളില് അല്ല ഞങ്ങളുടെ വീട്ടില് മുഴുവന് ഈ പാട്ടിന്റെ ചേലേ മാറിയത്. 
താച്ചുന്റെ പ്രിയപ്പെട്ട വേണുമാമന്റെ ശബ്ദത്തില് ഞങ്ങളുടെ 'ദിച്ചൂ'ന്റെ സ്വന്തം പാട്ട്!
------------------------------------------------------------------------
#100DaysOfSongs
#100DaysToLove
#100SongsToLove
#Day76

Monday, March 30, 2020

"ഹരിവരാസനം വിശ്വമോഹനം... "

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വര്‍ഷം 2010

കുഞ്ഞിലേമുതല്‍ കേട്ടുവന്ന ഒരു പാട്ടിന്‍റെ ഭാവം മാറിയത് ഈ വര്ഷം മുതലാണ്. 2010 പകുതിയായപ്പോഴാണ് ഗര്‍ഭിണി ആണെന്ന് അറിഞ്ഞത് - ഡല്‍ഹിയിലെ നോയ്ഡ മോഡ് എന്ന സ്ഥലത്ത് മയുര്‍വിഹാര്‍ ഫേസ്1 തുടങ്ങുന്നതിനു തൊട്ടുമുന്‍പ് ഒരു പോലിസ് ക്വാര്‍ട്ടര്‍സ് കെട്ടിടമുണ്ട്. അവിടെയൊരു ഫ്ലാറ്റിലായിരുന്നു ആ സമയത്ത് ഞങ്ങള്‍ താമസിച്ചിരുന്നത്. അല്‍പ്പം നടപ്പ് പിന്നെ അരമണിക്കൂര്‍ ചാര്‍ട്ടര്‍ ബസിലെ യാത്ര -ലോധിറോഡിലെ ഓഫീസിലേക്കും തിരിച്ചും, ഞാനേറ്റവും കൂടുതല്‍ ആസ്വദിച്ചിരുന്ന ഒന്നായിരുന്നു. പക്ഷേ, ഗര്‍ഭിണിയാണെന്ന് അറിഞ്ഞുകഴിഞ്ഞപ്പോള്‍ മുതല്‍ ചൂടുവെള്ളത്തില്‍ വീണ പൂച്ചയെപ്പോലെ ഞാന്‍ പേടിച്ചു. ആദ്യത്തേത് അറിഞ്ഞ് 4 ആഴ്ച കഴിഞ്ഞപ്പോള്‍ കുറച്ചു ചോരത്തുള്ളികള്‍ക്കൊപ്പം ഒഴുകിപ്പോയിരുന്നു, അതുകൊണ്ടാണ് രണ്ടാമത്തെ വിശേഷം അറിഞ്ഞപ്പോള്‍ സന്തോഷവും പേടിയും സമാസമം ഉള്ളിലേക്ക് എത്തിയത്!

2010 എന്ന വര്‍ഷമാണ്‌ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ്ന്‍റെ വെന്യു ആയതും. എല്ലാ റോഡും പൊളിച്ചുപണിയുന്ന പൊടിമണ്കൂമ്പാരമായി ഡല്‍ഹി മാറി. അരമണിക്കൂര്‍ കൊണ്ടെത്തിച്ചേരേണ്ടയിടമൊക്കെ ഒന്നും ഒന്നരയും മണിക്കൂറുകൊണ്ട് കറങ്ങിച്ചുറ്റി മാത്രം എത്താന്‍തുടങ്ങിയപ്പോള്‍ ഓഫിസിലേക്ക് പോകാന്‍ ഒരു കാര്‍ ഏര്‍പ്പാടാക്കി. നോയ്ഡ മോഡിലെ തന്നെ ഒരു പഞ്ചാബി അപ്പൂപ്പന്‍റെ ടാക്സിസെന്റര്‍. പുള്ളിക്കാരന്‍ ഓരോരോ ദിവസം ഓരോരുത്തരെ വിടും. രാവിലെ വീട്ടില്‍ നിന്ന് ഓഫിസിനു മുന്നില്‍ ഇറക്കിവിടും വൈകിട്ട് ഫ്ലാറ്റിനു താഴെയും. പൊടിയില്‍ നിന്നും ഉന്തിത്തള്ളലുകളില്‍ നിന്നും രക്ഷപെടാന്‍ ഒരു മാര്‍ഗം. അങ്ങനെ ഒറ്റയ്ക്ക് കാറില്‍ യാത്ര ചെയ്യാന്‍ തുടങ്ങിയപ്പോള്‍ യാത്രയുടെ വിരസത മാറ്റാന്‍, പിന്നെ കുഞ്ഞ് പാട്ടൊക്കെ കേട്ടു പരിചയമായി വരണമല്ലോ -അതൊക്കെ ഓര്‍ത്ത് പാട്ടുകള്‍ കേട്ടുകൊണ്ടായി യാത്ര. ഹെഡ്‌ഫോണിന്റെ ഒരറ്റം വയറിൽ ചേർത്തുവെച്ചുകൊണ്ട് ഞാനെന്നും വിവരിക്കാനാകാത്ത ഒരു സന്തോഷത്തിൽ മുങ്ങിയിരുന്നു. അന്ന് ഒന്നൊഴിയാതെ എല്ലാ ദിവസവും എന്‍റെ യാത്രകള്‍ തുടങ്ങുന്നത് ഈ പാട്ടിലായിരുന്നു..., അവസാനിച്ചിരുന്നതും - ഒരു ഗര്‍ഭകാല വ്യാക്കൂണ്‍ പോലെ...

"ഹരിവരാസനം വിശ്വമോഹനം
ഹരിദധിശ്വരം ആരാദ്ധ്യപാദുകം
അരിവിമർദ്ദനം നിത്യനർത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ"

2011 മാര്‍ച്ച്‌ 30 ന് അവന്‍ ജനിച്ചു - ജീവിതത്തിലെ മറ്റെല്ലാ സന്തോഷങ്ങളേയും പിന്തള്ളിക്കൊണ്ട് അതായി മോസ്റ്റ് പ്രെഷ്യസ് മൊമന്റ്!
ഇന്നുമെനിക്കീ പാട്ട് ഭക്തിയല്ല - എന്റെ താച്ചപ്പന് വേണ്ടി ഞാൻ കേട്ട പാട്ടാണ്, ഞങ്ങളുടെ രണ്ടുപേരുടേയും "soothing effect " പാട്ടാണ്.. ഓർമയിൽ പേടിച്ചുപേടിച്ച് പത്തുമാസക്കാലം തള്ളിവിട്ട എന്നെത്തന്നെ കാട്ടിത്തരുന്ന പാട്ടാണ്!

https://www.youtube.com/watch?v=jLsgU0z7kWE
------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.

Sunday, March 29, 2020

"തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിന് നാഥാ "

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 2000 -2001
എൻജിനീയറിങ് കോളേജ് ഹോസ്റ്റൽ തന്നെ പശ്ചാത്തലം - ആദ്യവർഷമായത് കൊണ്ട് എല്ലാവരെയും കോളേജിൽ നിന്ന് ദൂരെയൊരു ഫ്ലാറ്റ് സെറ്റപ്പുള്ള വീട്ടിൽ താമസിപ്പിച്ചിരിക്കുകയാണ്. മൂന്നുനാലു മാസം പെരുമൺ എൻജിനീയറിങ് കോളേജിൽ പോയി തല കാണിച്ചിട്ടാണ് ഞാൻ ഇവിടേക്ക് എത്തിച്ചേർന്നിരിക്കുന്നേ. പുതുതായി തുടങ്ങിയ IT ബ്രാഞ്ചിലേക്ക് മിക്കവരും വന്നെത്തിയിരിക്കുന്നത് അങ്ങനെ തന്നെ - മറ്റേതൊക്കെയോ കോളേജുകളിൽ അഡ്മിഷൻ കിട്ടി ആദ്യത്തെ രണ്ടുമൂന്നു മാസം കഴിഞ്ഞപ്പോൾ ഹയർ ഓപ്‌ഷൻ എന്നൊരു കീറാമുട്ടി പൂരിപ്പിച്ചതിന്റെ ഫലം. അക്കൊല്ലത്തെ എൻട്രൻസ് പിള്ളേരൊക്കെ നിലാവത്ത് അഴിച്ചുവിട്ട കോഴികളെപ്പോലെ ആയിരുന്നു ഓപ്‌ഷനുകൾ എടുത്തതെന്ന് സമാനുഭവസ്ഥരോട് സംസാരിച്ചപ്പോൾ തോന്നിയിട്ടുമുണ്ട്.

ഹോസ്റ്റലിൽ വൈകുന്നേരം ആറര മണിക്ക് റോൾകോൾ ഉണ്ട് - എല്ലാവരേം നിരത്തിനിർത്തി ഒരു പേരുവിളി. ജൂനിയർ ഹോസ്റ്റൽ ആയതുകൊണ്ടുതന്നെ ആറുമണിക്ക് മുന്നേ ഹോസ്റ്റലിനുള്ളിൽ എത്തിയില്ലെങ്കിൽ തീർന്നു കാര്യം. അന്നത്തെ ഹോസ്റ്റൽ വാർഡൻ അജിത (അതോ അനിതയോ ) എന്നൊരു കണ്ണൂരുകാരി മിസ്സായിരുന്നു ചെറുപ്പക്കാരിയെങ്കിലും കർക്കശക്കാരിയായ വാർഡൻ ആയിരുന്നു അഞ്ച് ആങ്ങളമാരുടെ പുന്നാരപ്പെങ്ങളായ ഈ കക്ഷി. എല്ലാവരുടെയും തലയെണ്ണിക്കഴിഞ്ഞാൽ പിന്നെ കഴിക്കാൻ പോകാൻ ആകുന്ന സമയം വരെയുള്ള സമയത്തൊക്കെ ചുറ്റിക്കറങ്ങിനടക്കുക ഒരു ഹോബി ആയിരുന്നു. ആ സമയത്ത് തന്നെയാണ് പ്രെയർ മീറ്റുകളിലും പോയി തല വെക്കുക. രശ്മി.എം.എസ് എന്ന ശാന്തസ്വഭാവിയായ വളരെ പക്വതയോടെയും, കാര്യഗൗരവത്തോടെയും മാത്രം സംസാരിക്കുന്ന കുഞ്ഞാടെന്ന ഈ കുട്ടിയെ IT ക്‌ളാസ്സിൽ വെച്ച് പരിചയപ്പെട്ടെങ്കിലും ഞങ്ങളുടെ ബന്ധം വളർന്നത് ഈ പ്രെയർ മീറ്റുകളിലൂടെ ആയിരുന്നു. ഈ തല തെറിച്ച കൂട്ടതിനെയൊക്കെ ഒരുമിച്ചുകൂട്ടി പ്രാർത്ഥന ചൊല്ലിക്കാനും വേണമല്ലോ ഒരു മിടുക്ക്.. അങ്ങനെ ആ കാസറഗോഡിയൻ വൈകുന്നേരങ്ങളിൽ ഓർമ്മകളിലേക്ക് ആവർത്തിച്ചുചൊല്ലി കയറിക്കൂടിയ വരികളാണ് "സ്വർഗ്ഗസ്ഥനായ പിതാവേയും, നന്മ നിറഞ്ഞ മറിയമേയും... " പിന്നെ എണ്ണമില്ലാപ്പാട്ടുകളും!

രശ്മിയുമായി കോളേജ് കഴിഞ്ഞു എഴുത്തുകുത്തുകളും ഫോൺ വിളികളുമുണ്ടായിരുന്ന ഒന്നോരണ്ടോ പേരിൽ ഒരാൾ ഞാനായിരുന്നു. തൃശൂർ എവിടെയോ ലെക്ച്ചറർ ആയിരുന്നു കക്ഷി . അവളുടെ കല്യാണം കഴിയും വരെയൊക്കെ ഏതാണ്ട് തുടർച്ചയായി അത് പോയി. പിന്നീട് പതുക്കെപ്പതുക്കെ അതങ്ങനെയങ്ങു വിട്ടുപോയീന്നേ! ഇപ്പോൾ തപ്പിയെടുക്കാൻ നോക്കുമ്പോഴും ആർക്കും വലിയ കോൺടാക്ട് ഒന്നുമില്ല. ഉരുണ്ടുരുണ്ട കണ്ണുകളുള്ള, നീളൻ മുടിയുള്ള, കണ്മഷിയോ അലങ്കാരങ്ങളോ ഇല്ലാത്ത ചൈതന്യമയമായ മുഖത്തോടു കൂടിയവൾ..... ഈ പാട്ടുകേൾക്കുമ്പോൾ അവളെയോർക്കും, ഒരുമിച്ചു ചൊല്ലിയ പ്രാർത്ഥനകൾ ഓർക്കും!
ഒരിക്കലൊരിക്കൽ നമ്മൾ വീണ്ടും പറഞ്ഞുനിർത്തിയിടത്തു നിന്ന് സംസാരിച്ചു തുടങ്ങുമെന്ന പ്രതീക്ഷയിൽ .,...

"തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ
നാവെനിക്കെന്തിന് നാഥാ " - രാധികാ തിലകിന്റെ ശബ്ദത്തിൽ!
https://www.youtube.com/watch?v=BvgDgXk4j5U
------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.

Saturday, March 28, 2020

"യെ അജ്നബി തൂ ഭി കഹി ആവാസ് ദേ കഹീ സേ .. മെ യഹാ ടുകടോം മെ ജീ രഹാ ഹൂ ,....!


#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വര്‍ഷം 1998 - 99
ഡിപ്ലോമയ്ക്ക് ചേട്ടന്മാരോടൊപ്പം പഠിച്ച കുറച്ചു സുഹൃത്തുക്കള്‍ വീട്ടില്‍ വന്നിരിക്കുകയാണ്. എന്‍റെ പ്രീഡിഗ്രീ കാലമാണ്, ഇവരില്‍ പലരും കോഴ്സ് കഴിഞ്ഞുള്ള ട്രെയിനിംഗ്/ അപ്പ്രെന്റിസ് ജോലികള്‍ തപ്പലും, ജോയിന്‍ ചെയ്യലുമൊക്കെയായി നടക്കുന്ന സമയമാണെന്നാണ് ഓര്‍മ.

ചേട്ടന്മാര്‍ തന്നെ ഉണ്ടാക്കിയ ഒരു മ്യൂസിക്‌ സിസ്റ്റം ഉണ്ടായിരുന്നു വീട്ടില്‍. പല പല വലുപ്പത്തിലെ ബോക്സുക്കള്‍ - "വീഞ്ഞപ്പെട്ടി" എന്നറിയപ്പെട്ടിരുന്ന തക്കാളിപ്പെട്ടിയിലും കലത്തിലുമൊക്കെയായി സെറ്റ് ചെയ്ത ഒരുഗ്രന്‍ സംഭവം ആയിരുന്നു ഇവരുടെ മുറിയിലെ ഈ പാട്ടുപെട്ടി. നാടുകിടുങ്ങുന്ന ഒച്ചയില്‍ പാട്ടുവെക്കുന്നു എന്ന് അമ്മയെപ്പോഴും പരാതി പറയാറുണ്ടായിരുന്ന ഒരു സംവിധാനം!

അന്നീ സുഹൃത്തുക്കള്‍ - രാജിചേച്ചി, പ്രമീളച്ചേച്ചി, വാണിച്ചേച്ചി, ജോസ്, സനല്‍, പ്രിന്‍സ് ഇത്യാദി ചേട്ടന്മാര്‍ ഒക്കെ ചേര്‍ന്നൊരു സംഘമാണ് ഇരച്ചുകേറി വീട്ടിലെത്തിയത്. എവിടെയോ കല്യാണത്തിന് പോയിട്ടുവന്ന വരവായിരുന്നോ എന്ന് സംശയമുണ്ട്. ഇവരുടെ കൂട്ടത്തിലെ കവിതയുടെ അസുഖമുള്ള ചേച്ചിയാണ് പ്രമീളച്ചേച്ചി. ഡിഗ്രി കഴിഞ്ഞു ഡിപ്ലോമയ്ക്ക് വന്നതുകൊണ്ട് ഇവരൊക്കെയും ചേച്ചി എന്ന് തന്നെയാണ് കക്ഷിയെ വിളിച്ചിരുന്നത്. "നിന്നെപ്പോലെ, ആവശ്യമില്ലാതെ ചിന്തിക്കുന്ന ആള്‍ - നിങ്ങള്‍ രണ്ടാളും ചേരും " എന്നാണ് ചേട്ടന്മാരുടെ അഭിപ്രായം. ഇവരൊക്കെ വന്നു ചായയോ ജ്യൂസോ ഒക്കെ കുടിച്ചുകഴിഞ്ഞങ്ങനെ, ആ മുറിയിലെ സിമന്റു തറയിലെ തണുപ്പില്‍ ചടഞ്ഞുകൂടി ഇരിക്കുന്ന സമയത്ത് ആണ് നമ്മുടെ പാട്ടുപെട്ടിയില്‍ ഈ പാട്ട് വന്നത്. എ ആര്‍ റഹ്മാന്റെ സൂപ്പര്‍ ഹിറ്റ്‌ ഗാനം, മണി രത്നത്തിന്റെ ചിത്രം.... .

"യെ അജ്നബി തൂ ഭി കഹി
ആവാസ് ദേ  കഹീ സേ ..
മെ യഹാ ടുകടോം മെ ജീ രഹാ ഹൂ ,....!

ചുമ്മാ കേട്ടാലേ കോരിത്തരിക്കുന്ന പാട്ട് പരിപൂര്‍ണ നിശബ്ദതതയില്‍ പെര്‍ഫെക്റ്റ് സിസ്റ്റത്തില്‍ കൂടി കേട്ടിട്ടുണ്ടോ? അതൊരു പ്രത്യേക അനുഭൂതിയാണ്. അന്നാ ദിവസം ആ പാട്ടുകേട്ടവിടെ അങ്ങനെ ഇരുന്നപ്പോള്‍ എല്ലാവരും അത് അനുഭവിച്ചിട്ടുണ്ടാകണം - പ്രമീളച്ചേച്ചി ഒരല്‍പം കൂടുതല്‍ വികാരാധീനയായി...കണ്ണൊക്കെ നിറച്ച് വിതുംബിയാണ് ആള്‍ അവിടെ നിന്ന് പാട്ടുകഴിഞ്ഞ് എഴുന്നേറ്റത്. പിന്നീട് ഈ പാട്ടുകേള്‍ക്കുമ്പോഴൊക്കെ മനീഷയ്ക്കും ഷാരൂക്ക് ഖാനുമൊപ്പം പ്രമീളച്ചേച്ചിയും അന്നത്തെ ആ വീടും സിമന്റ്തറയും തണുപ്പും ഞങ്ങളുടെ പാട്ടുപെട്ടിയും ഒക്കെ ഓർമ്മ വരും !

------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.

Friday, March 27, 2020

" വാപ്പച്ചീൻ്റെ ചുള്ളൻ ചെക്കനേ .. ഇമ്മച്ചീൻ്റെ സ്റ്റൈലൻ കുട്ടനേ "

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വര്‍ഷം 2015
വിസ്കോണ്‍സിനിലെ മലയാളിക്കൂട്ടത്തില്‍ നിന്ന് കിട്ടിയ കുടുംബമാണ് രജനിച്ചേച്ചിയും ശ്രീച്ചേട്ടനും. ഇവിടെ വന്ന ആദ്യ മാസങ്ങളിലൊരിക്കല്‍ വിസ്കോണ്‍സിന്‍റെ സ്വന്തം അമ്പലത്തില്‍ വെച്ചാണ്‌ രജനിച്ചേച്ചിയെ പരിചയപ്പെട്ടത് - ഞായറാഴ്ചകളില്‍ അമ്പലത്തിലെ കഫേയില്‍ നിന്നും ഭക്ഷണം വാങ്ങാന്‍ പറ്റുമെന്ന പ്രലോഭനത്തില്‍ അവിടെ എത്തിപ്പെട്ടതായിരുന്നു ഞങ്ങള്‍. ഇവിടെ അധികം മലയാളികളെ അറിയില്ലായിരുന്ന ഞങ്ങള്‍ക്ക് ചേച്ചിയെ പരിചയപ്പെട്ടപ്പോള്‍ തോന്നിയ ആശ്വാസം പറഞ്ഞറിയിക്കാന്‍ കഴിയില്ല. ആദ്യകൂടിക്കാഴ്ച്ചയില്‍ തന്നെ ഒരു മകള്‍ നാട്ടിലാണ്, ഭരത് നായകനായ ഒരു സിനിമയില്‍ അഭിനയിച്ചു എന്നൊക്കെ അറിഞ്ഞപ്പോള്‍ "ശ്യോ സിനിമാനടിയുടെ അമ്മയുടെ ഒരു ജാടയുമില്ലാല്ലേ" എന്ന് പരസ്പരം പറഞ്ഞതോര്‍ക്കുന്നു.

ഈ നടി - ചാന്ദ്നി- പിന്നീട് മലയാളം സിനിമകളിലും അഭിനയിച്ചു. അങ്ങനെയുള്ളൊരു മലയാളം സിനിമ ഇറങ്ങും മുന്‍പ് രജനിച്ചേച്ചി പറഞ്ഞിട്ട് നാലുവയസുകാരന്‍ താച്ചുണ്ണി പഠിച്ചുപാടിയ 4-5 വരികളാണിന്നത്തെ ഓര്‍മ. KL 10 പത്ത് എന്ന സിനിമയുടെ ട്രയിലെര്‍ല്‍ വന്ന ഈ താരാട്ട് അതിമനോഹരമാണ്. ഒരിക്കല്‍ കേട്ടാല്‍ തന്നെ മൂളാന്‍ കൊതിപ്പിക്കുന്ന എന്തോ ഒന്ന് ഈ താളത്തിലുണ്ട്. അതാകണം ഈ നാല് വയസുകാരനെയും കൊതിപ്പിച്ചത്... ഈ പാട്ടിന്‍റെ താളം ഇഷ്ടായത്... "വാപ്പച്ചീനേം , ഇമ്മച്ചീനേം " ഇഷ്ടായത്. ഇപ്പോഴും ഞങ്ങള്‍ ഈ "താച്ചുച്ചെക്കനെ" ഈ പാട്ടുപാടി കൊഞ്ചിക്കാറുണ്ട്. അന്നിത് പാടിക്കുമ്പോള്‍ ഓര്‍ത്തിരുന്നില്ല ഇത് വീട്ടിലെ ഒരു സ്ഥിരം പറച്ചില്‍ പാട്ടാകും എന്ന്!

" വാപ്പച്ചീൻ്റെ  ചുള്ളൻ ചെക്കനേ  ..
ഇമ്മച്ചീൻ്റെ  സ്റ്റൈലൻ കുട്ടനേ  "

------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.

" മഞ്ചാടിച്ചോപ്പു മിനുങ്ങും ...ജും ജും"

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വര്ഷം 1992
അമ്മന്‍കോവിലിന് അടുത്തുള്ള വീട്ടിലാണ്‌, അവിടെ അന്ന് അച്ഛന്‍ പഠിപ്പിച്ച ഒരു ചേട്ടന്‍ വന്നിട്ടുണ്ട് - സനില്‍ എന്നാണ് ശരിക്കും പേര്, ആ "നില്‍" എന്ന കളിയാക്കല്‍ മടുത്ത് തനിയേ "സനല്‍" എന്ന് പേരുമാറ്റിയ കക്ഷിയാണ്. പ്രീഡിഗ്രി സമയത്തോ ഡിഗ്രീ സമയത്തോ മറ്റോ അച്ഛന്‍ പഠിപ്പിച്ചതാണ് സനലണ്ണനെ. ആ സമയത്തൊക്കെ വീട്ടിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. പിന്നീട് കുറേയേറെനാള്‍ കാണാനേ ഉണ്ടായിരുന്നില്ല.
സിനിമയില്‍ അസിസ്റ്റന്റ്‌ ആകാന്‍ പോയ ആളാണ് ഇദ്ദേഹം. ആദ്യം കുറച്ചേറെ വര്ഷം നാടകരംഗത്തൊക്കെ പ്രവര്‍ത്തിച്ചതിനുശേഷം സിനിമ എന്ന സ്വപ്നം സഫലമാക്കാന്‍ പോയി. അതില്‍ നിന്നൊരു ഇടവേളയ്ക്ക് നാട്ടില്‍ വന്നപ്പോള്‍ ഞങ്ങളേയും കാണാന്‍ വേണ്ടി വന്നതാണ്‌.


വിജി തമ്പിയുടെ അസ്സിസ്ടന്റായി പുതിയ പടം നടന്നു കൊണ്ടിരിക്കുകയാണ്. ഷൂട്ടിംഗ് വിശേഷങ്ങളും സിനിമാക്കാരുടെ വിശേഷങ്ങളും ഒക്കെ പറയുന്നത് വായും പൊളിച്ചു കേട്ടിരിക്കുന്ന ഞാനും ചേട്ടന്മാരും. ഉര്‍വശിയുണ്ട്, സിദ്ദിക്കുണ്ട്, ജഗദീഷുണ്ട് എന്നൊക്കെയുള്ള കഥകളൊക്കെ ഓരോന്നായി സനലണ്ണന്‍ പറയുന്നു. സിനിമയെന്ന മായാലോകത്തിനെക്കുറിച്ച് കേള്‍ക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാതെ ഞാന്‍ പുള്ളിടെ പിന്നാലെ പരസ്യത്തിലെ ഹച്ച് ഡോഗിനെപ്പോലെ നടക്കുകയാണ്. അതൊരു ഉത്സവകാലമാണോ എന്ന് സംശയമുണ്ട് - കൂടെ വന്നിട്ടുള്ള ഒരു സുഹൃത്തിനേയും കൂട്ടി മുറ്റത്തേക്ക് ഇറങ്ങുന്ന വഴിയില്‍ സനലണ്ണന്‍ എനിക്കൊരു കുഞ്ഞു വാക്മാന്‍ എടുത്തു തന്നു, പുതിയ സിനിമയിലെ പാട്ടുകള്‍ കേള്‍പ്പിച്ചുതരാന്‍. എല്ലാം സെറ്റ് ചെയ്ത് കാതിലേക്ക് ഹെഡ്സെറ്റ് വെയ്ക്കുമ്പോള്‍ ആണ് സനലണ്ണന്‍ പറഞ്ഞത് ആ പാട്ട്, അപ്പോള്‍ ഞാന്‍ കേള്‍ക്കാന്‍ പോകുന്ന പാട്ട് പാടിയിരിക്കുന്നത് നടന്‍ സിദ്ദിക്ക് ആണെന്ന്. "ശ്യോ! നടന്‍ സിദ്ദിക്ക് - അങ്ങോര് പാട്ടും പാടാന്‍ തുടങ്ങിയോ" എന്നോര്‍ത്തുകൊണ്ട് ഞാനത് കേള്‍ക്കാന്‍ തുടങ്ങി. സനലണ്ണനും സുഹൃത്തും തിരികെവരുംവരെ തിരിച്ചും മറിച്ചും ഞാനാ സിനിമയിലെ പാട്ടുകള്‍ കേട്ടുകൊണ്ടേയിരുന്നു.


പിന്നീട് നാവായിക്കുളത്ത് പിജി തിയറ്ററില്‍ സിനിമ വന്നപ്പോള്‍ ഞങ്ങള്‍ പോയത് വിജി തമ്പിയുടെ പടം ആയതുകൊണ്ടല്ല - സനലണ്ണന്‍ അസിസ്ടന്റ്റ് ആയ പടമാണല്ലോ, അധികം ആള്‍ക്കാര്‍ കേള്‍ക്കും മുന്‍പ് ഞാന്‍ കേട്ട പാട്ടുള്ള സിനിമയാണല്ലോ, ഈ സിനിമയുടെ കുറച്ച് അണിയറരഹസ്യം എനിക്കറിയാമല്ലോ എന്നൊക്കെയുള്ള പരഞ്ഞുപെരുക്കിയ ഒരു "ബന്ധം" വെച്ചാണ്‌.

സിനിമ : തിരുത്തല്‍വാദി
പാട്ട് : " മഞ്ചാടിച്ചോപ്പു മിനുങ്ങും ...ജും ജും" 
പാടിയത് : സിദ്ദിക്ക് & ks ചിത്ര
അഭിനയിച്ചത് : ജഗദീഷ് & ശിവരഞ്ജിനി
ഓഫ്‌: ആ സനലണ്ണന്‍ പിന്നീട് 'പ്രിയം' സിനിമയിലൂടെ സംവിധായകന്‍ ആയി കേട്ടോ 
https://www.youtube.com/watch?v=mTjiltw_Ifo
----------------------------------------------------------------------------------------------------------------------------------
#HundredDaysOfSongs നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
#100DaysTOLove
#Day71

Wednesday, March 25, 2020

"കോടക്കാറ്റൂഞ്ഞാലാടും കായല്‍ത്തീരം.. അവിടെ കാറ്റുകൊള്ളും തള്ളഞണ്ടും പിള്ളഞണ്ടും...".

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വര്‍ഷം 1985 നു ശേഷം എപ്പോഴോ!

അച്ഛന്‍റെ ഏറ്റവും ഇളയ അനുജനാണ് മധുലാല്‍ എന്ന മധുപ്പാന്‍ (മധു അപ്പാപ്പന്‍ ലോപിച്ച് ലോപിച്ച് മധുപ്പാപ്പനും മധുപ്പാനും മാപ്പനും ഒക്കെ ആയിരുന്നു എനിക്ക്). അച്ഛന്‍ അമ്മയെ കല്യാണം കഴിക്കുന്നതിനുമുന്‍പ് അന്ന് പത്താംക്ലാസ്സില്‍ പഠിക്കുകയായിരുന്ന മധുപ്പാന്‍ ആണത്രേ വീട്ടില്‍നിന്നും ആറ്റിങ്ങല്‍ വന്ന് അമ്മയെക്കണ്ടത്. അച്ഛന്റെ വീട്ടിലെ ഏഴുമക്കളില്‍ ഏറ്റവും ഇളയ ആളായതുകൊണ്ടുള്ള എല്ലാ കുറുമ്പുകളും ഉള്ളൊരുആശാനായിരുന്നു മധുപ്പാന്‍. അതുകൊണ്ടെന്താ ഞാനും മധുപ്പാനും അന്ന് മിക്കപ്പോഴും ടോം&ജെറി ആയിരുന്നു. രണ്ടുപേരും കൂടെച്ചേര്‍ന്ന് പണിയൊക്കെ ഒപ്പിക്കും, തല്ലും ചീത്തയും കിട്ടാനാകുമ്പോള്‍ ഞാന്‍ വലിയും അല്ലേല്‍ എനിക്ക് പാര വെച്ചുകൊണ്ട് മധുപ്പാന്‍ കൈ കഴുകും!!


വീട്ടിലെ വഴക്കാളിക്കൊച്ച് ആയി നടന്നിരുന്ന എന്‍റെ ഹീറോ ആയിരുന്നു മധുപ്പാന്‍ - എന്‍റെ മനസിലെ ഫുട്ബോള്‍ കളിയുടെയൊക്കെ ഉസ്താദ്‌, പന്തുകളിക്കാന്‍ കോട്ടയത്ത്‌ പോയി ട്രോഫിയൊക്കെ കൊണ്ടുവരുമ്പോള്‍ എന്‍റെ തള്ളൊക്കെ അതിഭീകരമായിരുന്നു. ഏറ്റവും ഇളയ രണ്ടെണ്ണത്തിന്റെ എല്ലാ മൊശട് സ്വഭാവവുമുണ്ടായിരുന്ന ഞങ്ങള്‍ യൂണിയന്‍ ആയില്ലെങ്കില്ലല്ലേ അതിശയിക്കേണ്ടൂ. ഡിഗ്രി കഴിഞ്ഞപ്പോള്‍ മുതല്‍ മധുപ്പാന് ഇടയ്ക്കിടെ 'താല്‍ക്കാലിക' ജോലികള്‍ കിട്ടും. എനിക്കാണേല്‍ അതൊക്കെ കാണുമ്പോള്‍ ഭീകര ആരാധന - എന്താ ചില്ലറക്കാര്യമാണോ, ഒരാറുമാസം പോലീസ് സ്റ്റേഷനിലാണ് ജോലി എങ്കില്‍, അടുത്ത വട്ടം ഞങ്ങള്‍ കാണുമ്പോള്‍ ഫുഡ്‌ ഇന്‍സ്പെക്ടറുടെ കൂടെയാകും, പിന്നൊരു സമയം ഹൈക്കോടതിയിലാകും, സിവില്‍സപ്ലൈസിലാകും അങ്ങനെയങ്ങനെ രാജകീയ ജീവിതമല്ലാരുന്നോ ആ സമയത്ത് - നമുക്കറിയില്ലല്ലോ ആ സ്ഥിരജോലിയില്ലാതിരുന്നതിന്റെ ബുദ്ധിമുട്ട്!

ഇപ്പോഴും ഓര്‍മയുണ്ട് ഒരു ക്രിസ്തുമസ് സമയം - സാധാരണ ഒരു പ്ലം കേക്ക് ഒപ്പിക്കാന്‍ തന്നെ ശ്യാമളാപ്പ എന്ന കുഞ്ഞപ്പച്ചിയുടെ പിന്നാലെ നടക്കണം. എന്നാല്‍ ആ ക്രിസ്തുമസിന് വീട്ടില്‍ ആവശ്യത്തില്‍ കൂടുതല്‍ അലങ്കാരപ്പണികളുള്ള കേക്കുകള്‍ - വെള്ളയും പച്ചയും ക്രീമില്‍ ക്രിസ്തമസ് ട്രീയുടെ പടം വരച്ചവ, ഹാപ്പി ക്രിസ്ത്മസ് എന്ന് ചോക്ലേറ്റില്‍ എഴുതിയവ, ചുവപ്പും കറുപ്പും വെച്ച് സാന്റാക്ലോസിന്റെ മുഖം വരച്ചവ...അങ്ങനെയങ്ങനെ. ആക്കൊല്ലം കേക്ക് തിന്നു മടുത്തു - ജീവിതത്തില്‍ ആദ്യമായിട്ട്! എന്താ കാര്യം? ഫുഡ്‌ ഇന്‍സ്പെക്ടറുടെ ഓഫിസിലാണ് ആപ്രാവശ്യം മധുപ്പാന് ജോലി, എല്ലാ ബേക്കറികളിലും ക്രിസ്ത്മസ് പ്രമാണിച്ച് ഇന്സ്പെക്ഷന് പോകുന്ന സമയം. ചെല്ലുന്നിടത്ത് നിന്നെല്ലാം ക്രിസ്ത്മസ് സ്നേഹമെന്നതുപോലെ ഓഫീസര്‍ക്ക് കേക്കുകള്‍ കിട്ടും. പുള്ളി എത്രയെന്നുവെച്ചാ കഴിച്ചുതീര്‍ക്കുക. ഓഫീസില്‍ എല്ലാവരും വീതം വെച്ചെടുക്കുക തന്നെ ആയിരുന്നിരിക്കണം. അങ്ങനെയെത്തിയിരുന്ന വിഹിതമാണ് ഞങ്ങള്‍ പിള്ളേര് അടിച്ചുവിട്ടത്.

അവധിക്കു ചെല്ലുമ്പോള്‍ മധുപ്പാന്റെ കൂടെക്കൂടാന്‍ ചേട്ടന്മാര്‍ക്ക് വേറെയുമുണ്ട് ഉദ്ദേശങ്ങള്‍ - നല്ല പുതിയ പുതിയ പാട്ടുകള്‍ ഒക്കെ കേള്‍ക്കാം. അത്യാവശ്യം നല്ലൊരു ടേപ്പ്റിക്കോര്‍ഡര്‍ ഉണ്ടായിരുന്ന അമരയിലെ വീട്ടില്‍ നല്ല മലയാളം ഹിന്ദി കളക്ഷനുകളും ഉണ്ടായിരുന്നു. അവിടെവെച്ചുതന്നെയാണ് തരംഗിണി പുറത്തിറക്കിയ "ചില്‍ഡ്രന്‍സ് സോങ്ങ്സ്- Vol 1" എന്ന കാസറ്റിലെ പാട്ടുകള്‍ കേള്‍ക്കുന്നത്. നമ്മുടെ ആമയുടെയും മുയലിന്റെയും കഥയും, മല്ലന്റെയും മാതേവന്റെയും കഥയും, പൊന്മുട്ടയിടുന്ന താറാവിന് സംഭവിക്കുന്നതുമൊക്കെ ലളിതമായ വരികളിലൂടെ പാട്ടിന്‍റെ രൂപത്തില്‍ ഇറക്കിയ കാസറ്റ്. അതിലെ എല്ലാപ്പാട്ടുകളും എനിക്ക് / ചേട്ടന്മാര്‍ക്ക് ഇപ്പോഴും കാണാപ്പാഠമാണ്, അത്രയേറെ ഇഷ്ടവും! കൂട്ടത്തിലൊരു പാട്ട് മധുപ്പാന്റെ മാത്രം ഓര്‍മയാണ്‌ എനിക്ക് - ഞണ്ടമ്മയുടേയും മൂശേട്ടയായ മകളുടേയും തമ്മില്‍ത്തല്ലിന്റെ കഥ പറയുന്ന "കോടക്കാറ്റൂഞ്ഞാലാടും കായല്‍ത്തീരം.. അവിടെ കാറ്റുകൊള്ളും തള്ളഞണ്ടും  പിള്ളഞണ്ടും...". ആ പാട്ടിനിടയ്ക്ക് ഒരു വരിയുണ്ട് - "കൊച്ചുപരിഷ്കാരീ, എടി മൂളിയലങ്കാരീ" , ഞണ്ടമ്മ ദേഷ്യം വരുമ്പോള്‍ മോളെ വിളിക്കുന്നതാണീ പേരുകള്‍. ഈ ഭാഗം എത്തുമ്പോള്‍ "ദേ ഡീ മൂശേട്ടെ നിന്നെ വിളിക്കുന്നു" എന്നും പറഞ്ഞ് മധുപ്പാന്‍ ആ ശബ്ദം അങ്ങോട് മാക്സിമത്തിലാക്കും, ശരിക്കും ഭിത്തി കിടുങ്ങുംപോലെ  ഇത് കേള്‍ക്കുമ്പോഴേ എനിക്ക് വീണ്ടും അരിശം കേറുമല്ലോ.. പിന്നെ ഒരു പിണങ്ങിക്കരച്ചിലിന് വേറൊന്നും വേണ്ട (അഞ്ചാറേഴെട്ട് വയസേ ഉള്ളൂട്ടാ) - അമ്മൂമ്മയോ അച്ഛനോ ഒക്കെ പിന്നാലെ വന്ന് "എടാ അവളെ വെറുതേ വിടടാ, കളിയാക്കാണ്ടേ" എന്ന് പറയുംവരെ മധുപ്പാന്‍ ഒരു വിജയച്ചിരിയുമായി അവിടെത്തന്നെ നില്‍ക്കും. എനിക്കാണേല്‍ ആ ചിരിയ്ക്കിട്ട് ഒരു പെന്‍സില്‍ എടുത്തൊരു കുത്ത് കൊടുക്കാനും തോന്നും!

ഇപ്പോഴും മധുപ്പാന്‍ എന്‍റെ most ഫേവറിറ്റ് ആണ്... മനസുകൊണ്ട് കുട്ടിയായിപ്പോകുന്ന അപൂര്‍വം ഇടങ്ങളിലൊന്ന് - പക്ഷേങ്കി ആള് ഇപ്പോള്‍ എന്നെ അന്നത്തെപ്പോലെ ദേഷ്യം പിടിപ്പിക്കാന്‍ കളിയാക്കാറില്ല, എല്ലാവര്‍ക്കും വയസായിലോ - പഴയ ആ ശുണ്ഠിക്കാലം എത്ര രസമാണെന്നോ മധുപ്പാ!

------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.

Tuesday, March 24, 2020

"ചന്ദന ചര്‍ച്ചിത നീല കളേബര"

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!


വർഷം 1985-86 മുതൽ!
നാവായിക്കുളത്തെ ആ വീടിനു പുറത്തിറങ്ങി ഇടത്തേക്ക് നോക്കിയാൽ ശങ്കര നാരായണ സ്വാമിക്ഷേത്രം എന്ന വല്ല്യമ്പലത്തിന്‍റെ മതിൽ കാണാം, വലത്തേക്ക് നോക്കിയാൽ അമ്മൻ കോവിൽ എന്ന കുഞ്ഞമ്പലം കാണാം. 2 മിനിറ്റ് ഒറ്റ ഓട്ടം ഓടിയാൽ വല്യമ്പലം എത്തി, എത്രയോ ഉത്സവ രാത്രികളിൽ നാടകത്തിന്റെ ഇടവേളകളിൽ - കഥകളി ബോറടിക്കുമ്പോള്‍ ഒക്കെ ഞാൻ വീട്ടില് വെള്ളം കുടിക്കാൻ വന്നിരിക്കുന്നു, അതും തനിച്ച് .. !ഇന്ന് അങ്ങനെ ചെയ്യാൻ ധൈര്യം ഉണ്ടോ? ചെറിയ മകളെ/മകനെ അങ്ങനെ വിടുമോ എന്നൊക്കെ ചോദിച്ചാൽ ഉത്തരം ഇല്ല 
വീട്ടിലെ മിക്ക കാര്യങ്ങളും ഈ രണ്ട് അമ്പലത്തിലെ സമയം അനുസരിച്ചായിരുന്നു. അലാറമൊന്നും വേണ്ട - രാവിലെ അമ്മ ഉണരുന്നത് അമ്മൻ കോവിലിൽ 'മൈക്ക്' രഘു മാമൻ കീർത്തനങ്ങൾ ഇടുമ്പോഴായിരുന്നു... വല്ല്യമ്പലത്തിൽ അതിനും മുന്നേ പാട്ട് തുടങ്ങും, അപ്പോൾ ഒന്നുറക്കം ഉണര്ന്നു അമ്മ ഉറക്കത്തിനെ മയക്കം ആക്കി കിടക്കും. 5 മിനുട്ട് 'snooze' ടൈം കഴിഞ്ഞാൽ ചെറ്യ അമ്പലത്തിലെ പാട്ട് കേൾക്കുമ്പോൾ ഉണരാം . ഉച്ചയ്ക്ക് കിഴക്കേ നടയിൽ എവിടേക്ക് എങ്കിലും പോകണം എങ്കിൽ 12 മണിക്ക് മുന്‍പ് പോകണം, ഇല്ലെങ്കിൽ അമ്പലത്തിന്റെ ഗേറ്റ് അടയ്ക്കും.. പിന്നെ ചുറ്റിക്കറങ്ങി വേണം മുന്‍ ഭാഗത്ത് എത്താൻ (അമ്പലവഴി പൊതുവഴി ആക്കി എന്ന് പറഞ്ഞു ആരും വഴക്കിനു വരണ്ട, അത് ഞങ്ങടെ അവകാശമാ). വൈകിട്ടത്തെ പാട്ട് തുടങ്ങിയാൽ അറിയാം 5 മണിയായി - "ചന്ദന ചര്‍ച്ചിത നീല കളേബര " ഗാനഗന്ധര്‍വന്‍റെ ശബ്ദം ഒഴുകിയെത്തും . ദീപാരാധന മണി മുഴങ്ങുമ്പോൾ മിക്കവാറും ഞാനും സംഘവും അമ്പലത്തിൽ ഹാജര് ഉണ്ടാകും പ്രസാദപ്പായസം വാങ്ങാൻ - ഒരില കയ്യില്‍, ഒരു തൂക്കുപാത്രം മറുകയ്യില്‍ . ഇലയിലത് അപ്പോള്‍ തന്നെ വയറ്റില്‍ പോകും, തൂക്കുപാത്രത്തില്‍ വാങ്ങുന്നത് വീട്ടിലേക്ക് കൊണ്ട് പോകാനാണ് - ഇമ്മാതിരി "പബ്ലിക് കഴിക്കല്‍" അത്രയ്ക്ക് ഇഷ്ടമില്ലാത്ത ചേട്ടന്മാര്‍ക്കും കൂടി കൊടുത്ത് അടി കൂടി കഴിക്കാന്‍.

ഭക്തിയിലും നൊസ്റ്റാൾജിയ ഉണ്ടോ എന്നെനിക്കറിയില്ല - പക്ഷേ, എന്‍റെ അമ്പല വിശേഷങ്ങള്‍, ഈ പാട്ടുകൾ ഒക്കെ എന്റെ ഗൃഹാതുരതയാണ്... "ചന്ദന ചർച്ചിത നീല കളേബരം, ചെമ്പൈക്കു നാദം നിലച്ചപ്പോള, രാധ തന്‍ പ്രേമത്തോടാണോ, യമുനയിൽ " ഈ പാട്ടുകള്‍ കേട്ടാല്‍ ഞാന്‍ അറിയാതെ ശങ്കര നാരായണ സ്വാമി ക്ഷേത്ര പരിസരത്തെത്തും... ആല്ച്ചുവടും, ചന്ദന ഗന്ധവും ദാസേട്ടന്റെ ശബ്ദവും.... ആഹാ ...! "മയില്‍‌പ്പീലി" എന്ന ആല്‍ബത്തിലേതാണ് ഈ ഗാനങ്ങള്‍ എന്നൊക്കെ ഞാനറിഞ്ഞത് പിന്നീടാണ്. ഇന്നും ഒറ്റനിമിഷം കൊണ്ടെന്നെ ഏഴു കടലിനും എഴുപതിനായിരം മൈലിനും അപ്പുറം നാവായിക്കുളം വല്യമ്പലത്തിലെ പഞ്ചാരമണലിൽ എത്തിക്കാൻ ഈ പാട്ടൊന്ന് കേട്ടാൽ മതി!

ജയവിജയ സംഗീതത്തിലെ ആ സ്വർഗീയഗാനം ഇന്നത്തെ പാട്ടോർമ്മ.
https://youtu.be/ZT3F_GZQQ1E
--------------------------------------------------------------------------------------------------------------------------------------
#HundredDaysOfSongs നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
#100DaysToLove
#100DaysOfSongs
#Day69

Monday, March 23, 2020

"കുന്നിമണിച്ചെപ്പു തുറന്നെണ്ണിനോക്കും നേരം ....."

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 1988 - കളിലെപ്പോഴോ ആകണം!

ശ്രീനിവാസനും ഉർവശിയും ജയറാമും ഒക്കെയുള്ള പുതിയ ഒരു സിനിമ ഇറങ്ങാൻ പോകുന്നു എന്ന പരസ്യം വന്നതോർമ്മയുണ്ട്, പക്ഷേ അത് ശ്രദ്ധിക്കാൻ കാരണം ഈ ആളുകളായിരുന്നില്ല. അന്നത്തെ പത്രത്തിൽ (അതോ നാനയിലോ) വന്ന പരസ്യത്തിൽ "പൊന്മുട്ടയിടുന്ന തട്ടാൻ താറാവ്", തട്ടാൻ എന്ന വാക്കിനെ കുറുകെ വെട്ടി മുകളിൽ താറാവ് എന്നടിച്ചിരുന്നതായിരുന്നു. ഒരു വിഭാഗത്തിനെ കളിയാക്കുംപോലെ സിനിമാപ്പേരിട്ട് സത്യൻ അന്തിക്കാടും ശ്രീനിവാസനും പിടിച്ച പുലിവാലിനെക്കുറിച്ചും പേരുമാറ്റിയെങ്കിലും അതിവിദഗ്ധമായി എല്ലാരേം കൊട്ടുന്നതുപോലെ ഇമ്മാതിരി ഒരു പരസ്യമിറക്കിയതുമാണ് ആ സിനിമ ഞാൻ ശ്രദ്ധിക്കാൻ കാരണം. അന്നറിഞ്ഞിരുന്നില്ല "രഘുനാഥ്‌ പാലേരി" എന്ന 'ഭീകരനാ'ണ് ആ സിനിമയുടെ തിരക്കഥയെഴുതിയതെന്ന്! നാവായിക്കുളത്ത് ഞാനറിയുന്ന ഒത്തിരി തട്ടാന്മാരുണ്ടായിരുന്നു, സിനിമയിലൊരു കള്ളപ്പണി ചെയ്യുന്ന തട്ടാനാണെന്ന് കേട്ടറിവായിരിക്കണം ചിലർക്കെങ്കിലും സിനിമയുടെ പേരിനോട് അനിഷ്ടം തോന്നാൻ കാരണം. എന്തായാലും സിനിമയിലെ രണ്ടു പാട്ടുകൾ "ക്ഷ" പിടിച്ചതുകൊണ്ട് കുറേക്കുറെ കാത്തിരുന്നു സിനിമ കാണാൻ - പിജി തിയറ്ററിൽ ആ സിനിമ വന്നില്ല എന്നാണ് എന്റെയോർമ്മ (അല്ലെങ്കിൽ ഞങ്ങൾ കാണാൻ പോയില്ല!)

ഒന്നുരണ്ടുവർഷം കഴിഞ്ഞു - ഞാൻ മൂന്നിലോ നാലിലോ മറ്റോ പഠിക്കുന്ന സമയമാകണം, ചങ്ങനാശ്ശേരിയിലെ ഒരവധിക്കാലം. തറവാട്ടിലെ വീട്ടിൽ അന്ന് ടീവിയൊന്നും ഇല്ല, മാത്രോല്ല രാത്രി ഏഴുമണി കഴിഞ്ഞാൽ ലൈറ്റ് അവിടെ കത്തുന്നുണ്ടോന്ന് തൊട്ടുനോക്കണം ആ അവസ്ഥയുമാണ്. ഓണസമയമാണെന്ന് ആണ് ഓർമ്മ. ഓണത്തിന് ദൂരദർശനിൽ സിനിമ - ഏതാന്നാ, നമ്മുടെ സ്വന്തം താറാവ്. ഞാനും അവിടുത്തെ കുട്ടിപ്പട്ടാളവും കൂടി താഴത്തെ മമ്മിയുടെ വീട്ടിലാകണം ഈ സിനിമ കാണാൻ വരിവരിയായി നിരന്നിരിക്കുവാണ്. പൊട്ടിച്ചിരിയുടെ മാലപ്പടക്കം കൊളുത്തി സിനിമ പകുതിമുക്കാൽ കഴിഞ്ഞപ്പോൾ " ഠിം" - ദാ കിടക്കണ് ചട്ടീം കലോം, കറന്റ് പോയി സൂര്‍ത്തുക്കളേ കറന്റ് പോയി! പത്തുമിനിറ്റ് അവിടെത്തന്നെ ഇരുന്നുനോക്കി, രക്ഷയില്ലാ..കറന്റ് പോയവഴിയേ പൊടി പോലുമില്ല കണ്ടുപിടിക്കാന്‍. പുറത്തിറങ്ങി ഇലക്ട്രിക് പോസ്റ്റിനു താഴെ നഖോം കടിച്ചുകൊണ്ട് നിന്നുകൊണ്ട് ഞങ്ങള്‍ ഉപായങ്ങള്‍ ആലോചിച്ചു. സിനിമയുടെ ബാക്കി അറിയണമല്ലോ.

തിയറ്ററില്‍പ്പോയി സിനിമ കണ്ടാല്‍ എഴുതിക്കാണിക്കലും കഴിഞ്ഞ് എല്ലാ ലൈറ്റും ഓണായതിനുശേഷം മാത്രം ഇരിപ്പിടത്തില്‍ നിന്നെഴുന്നേല്‍ക്കുന്ന,അതിനുമുന്നേ പുറത്തിറങ്ങാന്‍ വേണ്ടി എണീച്ച് നിന്ന്എന്‍റെ ആസ്വാദനം മുടക്കുന്നവരെ ശത്രുക്കളെപ്പോലെ കാണുന്ന എന്നോട് തന്നെ KSEBക്ക് ഇതുചെയ്യാന്‍ തോന്നിയല്ലോ എന്ന് വിങ്ങിപ്പൊട്ടി നില്‍ക്കുമ്പോഴാണ്‌ കൂടെയുണ്ടായിരുന്നതില്‍ ഒരുത്തി ഒരു ഐഡിയ പറയുന്നത്. അച്ഛന്റെ നേരെ ഇളയ പെങ്ങളുണ്ട് വീട്ടില്‍ - ഞങ്ങളുടെ സരളാപ്പ, പുള്ളിക്കാരിയെക്കൊണ്ട് കറന്റ് വരാന്‍ 'പറയിക്കാം'! ഇപ്പോള്‍ നിങ്ങള്‍ വിചാരിച്ചില്ലേ സരളാപ്പക്ക് അവിടെ KSEB ഓഫിസിലൊക്കെ നല്ല പിടിയായിരിക്കുമെന്ന്? എന്നാലേ, ഇതതുക്കും മേലേയാ - ഇതാ പറച്ചിലല്ല.. ഇതാണ് കരിനാക്കിന്റെ കളി. കരിനാക്കുള്ലോര്‍ പറഞ്ഞാല്‍ എന്തും ഫലിക്കുമല്ലോ, അപ്പോപ്പിന്നെ ഇത് സിമ്പിള്‍ അല്ലേ . നമ്മള്‍ അപ്പച്ചിയുടെ അടുത്ത് ചെല്ലുന്നു "അപ്പേ കറന്റ് വരട്ടെ എന്ന് പറയാന്‍" പറയുന്നു, അപ്പ പറയുന്നു, അതാ കറന്റ് വരുന്നു! ശേ! എനിക്കെന്താ ദാസാ നേരത്തേ ഈ ബുദ്ധി തോന്നാഞ്ഞത് എന്നാലോചിച്ചുകൊണ്ട് വീട്ടിലെക്കോടാന്‍ തുടങ്ങുമ്പോള്‍ത്തന്നെ കറന്റ് വന്നു. ഓട്ടം റിവേര്സാക്കി വീണ്ടും മമ്മിയുടെ വീട്ടിലെത്തിയപ്പോള്‍ കാണുന്ന കാഴ്ച്ച - ശ്രീനിവാസന്റെ ശബ്ദത്തില്‍ 'തനിത്തങ്കം' എന്ന പറച്ചിലും വെള്ളാരംകണ്ണുള്ള ശാരിയും ശ്രീനിവാസനും സ്റ്റില്‍ ആയിനില്‍ക്കുന്ന ഫ്രെയിമും ആണ്!!

പിന്നെയുമെത്രയോ കാലം കഴിഞ്ഞാണെന്നോ ഞാനാ സിനിമ മുഴുവനായും ആസ്വദിച്ചുകണ്ടത്! പാര്‍വതി അതിലുണ്ടെന്നുപോലും എനിക്കറിയില്ലായിരുന്നു. ഇപ്പോഴും എത്രവട്ടം കണ്ടാലും മടുക്കാത്ത ആ സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കുഞ്ഞിലത്തെ ഈ അനുഭവം അല്ലാതെ ഒരു തമാശ കൂടി ഇപ്പോള്‍ ഓര്‍മയില്‍ കേറിപ്പറ്റിയിട്ടുണ്ട്.

വെള്ളപ്പൊക്കകാലത്ത് പോസിറ്റീവ് ഗുളികകളുമായി പരിചയപ്പെട്ട ഒരു സൗഹൃദം. അദ്ദേഹത്തിന്‍റെ കുഞ്ഞിന്‍റെ ഫോട്ടോ പ്രൊഫൈലില്‍ കണ്ടപ്പോള്‍ സ്വാഭാവികമായ പരിചയപ്പെടലിന്‍റെ ഭാഗമായിട്ടാണ് ഞാന്‍ ഭാര്യയെക്കുറിച്ച് ചോദിച്ചത്. പുള്ളിക്കാരന്‍ തിരിച്ചു പറഞ്ഞത് - " ഓ അത് പൊന്മുട്ടയിടുന്ന താറാവ് സിനിമയിലെപ്പോലെയാണ്" എന്നാണ്.
ഞാന്‍ പറഞ്ഞു "ഓഹോ അതുശരി - പോട്ടെ മാഷേ സാരമില്ല. എന്തുചെയ്യാനാകും!"
അപ്പുറത്തെ സൈഡില്‍ ആകെ കണ്ഫ്യുഷന്‍ ആയിട്ട് പുള്ളി പറഞ്ഞു - " അല്ലാ, അത്ഞാന്‍ തമാശയ്ക്ക് പറഞ്ഞതാണ്‌ - ആ സിനിമയിലെ ബീവിന്‍റെ മുഖം പുറത്തു കാട്ടാത്തത് പോലെയാണെന്ന് ആണ് ഉദ്ദേശിച്ചേ. ഞങ്ങള്‍ വേര്‍പിരിഞ്ഞവരാണ്".
ഞാന്‍ ചിരി അടക്കാന്‍ കഴിയാതെ: " ആഹാ അത്രേയുള്ളൂ, ഞാന്‍ കരുതി അതിലെ ഉര്‍വശിയെപ്പോലെയാന്ന് - സ്വര്‍ണോം കൊണ്ട് മുങ്ങിയതേ"
അന്നേരം പുള്ളിക്കാരന്‍ പറഞ്ഞു "ആദ്യയിട്ടാണ് ഒരാള്‍ ഡിവോഴ്സഡ് ആണെന്ന് പറയുമ്പോള്‍ ഇങ്ങനെ പറയുന്നേ.സാധാരണ എല്ലാരും ഭീകരന്‍ സഹതാപമായിരിക്കും" എന്ന്! (മനസ്സില്‍ ഉറപ്പായും ആള്‍ വിചാരിച്ചുകാണും ഇത്എന്ത് സാധനമെന്ന്! )
എനിക്കാണേല്‍ ആ രംഗം ഓര്‍ത്തിട്ടു ചിരി സഹിക്കാനും മേല! അതിനുശേഷം ഈ പാട്ട് / സിനിമ ഇങ്ങളേം ഓര്‍മ്മിപ്പിക്കുംട്ടാ കൂട്ടേ 
അതേ ചിരിയോടെ നിങ്ങളിലേക്ക് ... "കുന്നിമണിച്ചെപ്പു തുറന്നെണ്ണിനോക്കും നേരം ....."
------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.

Sunday, March 22, 2020

"ജാനേ നഹി ദേൻഗേ തുജ്ജേ ....."

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 2009
കല്യാണം കഴിഞ്ഞ് ചെന്നൈയിലാണ് താമസം തുടങ്ങിയത്, അവിടെനിന്ന് കുറച്ചു നാളുകൾക്കുള്ളിൽത്തന്നെ ഞാൻ ജോലിസംബന്ധമായി ഡൽഹിയിലേക്ക് മാറി. ആദ്യത്തെ അഞ്ചാറുമാസം - മിഷ്ടർ ഹസ്ബൻഡ് ജോലിയൊക്കെ സംഘടിപ്പിച്ച് അങ്ങോടേക്കെത്തുന്ന വരെയുള്ള സമയം ലജ്‌പത്‌നഗറിലെ ഒരു വലിയ വീട്ടിൽ കുറച്ചു തരുണീമണികൾക്കൊപ്പം ഞാനും പേയിങ് ഗസ്റ്റായി താമസിച്ചു. ഒരു റിട്ടയേർഡ് സിബിഐ ഓഫീസറും ഭാര്യയും താഴ്ഭാഗത്ത് താമസിച്ചിരുന്ന ആ വീട്ടിലെ മുകളിലത്തെ രണ്ടു നിലകളിലെയും റൂമുകളിൽ അഞ്ചും ആറും പേർക്കുള്ള ബോക്സ് കട്ടിലുകൾ പല മൂലകളിലായി ഇട്ടിരുന്നു. ആദ്യമായി ഇമ്മാതിരി കട്ടിലുകൾ ഞാൻ കാണുന്നതും അവിടെ വെച്ചാണ് - മുകൾഭാഗം തുറക്കാൻ കഴിയുന്ന തരം കട്ടിലുകൾ. എല്ലാവരും അവരവരുടെ ഉടുപ്പുകളും സാധനങ്ങളൊക്കെ കട്ടിലിനുള്ളിൽത്തന്നെ സൂക്ഷിച്ചു. മടക്കിവെക്കാവുന്ന കട്ടികുറഞ്ഞ തരമൊരു മെത്തയും തണുപ്പ് പ്രതിരോധിക്കാൻ കട്ടിയുള്ള ഒരു രജായിയും അടുത്തുതന്നെയുള്ള സെൻട്രൽ മാർക്കറ്റിൽ പോയി വാങ്ങിയിട്ടാണ് എന്നെ സിബിഐ അങ്കിളിനേയും ആന്റിയെയും ഏൽപ്പിച്ച് കെട്ട്യോൻ തിരികെ വണ്ടി കേറിയത്.

പ്രകടമായി രാജ്‌പൂത് ആണെന്ന് അഭിമാനിച്ചിരുന്ന ഏകദേശം എൻ്റെ പ്രായമുള്ള അനിറ്റ സിങ്, കോളേജ് കഴിഞ്ഞ് അടുത്തൊരു ഡയറ്റ് ക്ലിനിക്കിൽ ജോലി ചെയുന്ന സുരഭി വർമ്മ എന്ന ഡയറ്റീഷ്യൻ കൊച്ച്, ഹോട്ടൽ മാനേജമെന്റ് കഴിഞ്ഞിറങ്ങിയ സാക്ഷി ഗുപ്ത എന്ന ഒരു കുട്ടി, സ്ത്രീകൾക്കുവേണ്ടിയുള്ള ഒരു എൻജിഒ- യിൽ ജോലി ചെയ്തിരുന്ന ലവിനിയ മൗലോങ് എന്ന ഷില്ലോങ്ങുകാരി പിന്നെ ഞാൻ - ഇത്രയും പേരായിരുന്നു ഒരു റൂമിൽ! അനിറ്റയും ഞാനുമൊഴികെ എല്ലാവരും അപ്പോഴങ്ങോട്ട് ഡിഗ്രി കഴിഞ്ഞിറങ്ങിയ ഇളം പൈതങ്ങൾ - ആ മുഴുവൻ പിജിയിൽ കല്യാണം കഴിഞ്ഞ ഒരേയൊരാൾ ഞാൻ മാത്രം. ജോലി അന്വേഷിക്കുന്നവരും പഠിക്കുന്നവരും ആയിരുന്നു ബാക്കി മുറികളിലെ കൂടുതൽ പേരും. ഒരേയൊരു മകൻ അമേരിക്കയിലാണെന്ന് ആന്റി പറഞ്ഞെങ്കിലും പിശുക്കനും കർക്കശക്കാരനുമായ അച്ഛനും മകനും തമ്മിൽ വഴക്കാണെന്നുള്ള കഥയൊക്കെ അവിടെ നേരത്തെ മുതലുള്ള പെൺപിള്ളേരാണ് പല പല ദിവസങ്ങളിലായി പറഞ്ഞുതന്നത്. എപ്പോഴും നല്ല ടിപ്‌ടോപ്പായി നടക്കുന്ന ആന്റിയോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയിരുന്നു അന്നൊക്കെ. അവിടെ ആ വീട്ടിൽ എനിക്കേറ്റവും ആകര്ഷണീയമായി തോന്നിയ കാര്യം എല്ലാവരും താഴത്തെ നിലയിലെ പ്രധാന ഭക്ഷണമുറിയിലെ വലിയ ഡൈനിങ്ങ് ടേബിളിനു ചുറ്റും നിരന്നിരുന്നാണ് രാവിലെയും രാത്രിയും ആന്റിയോടൊപ്പം ഭക്ഷണം കഴിച്ചിരുന്നത്. വീട്ടുകാർക്കും വാടകക്കാർക്കും ഒരേ ഭക്ഷണം - നല്ല രുചിയുള്ള ഭക്ഷണം! ഡൽഹിയുടെ പല തനതു രുചികളും ഞാനറിഞ്ഞത് അവിടെ വെച്ചാണ്.

ജോലിക്ക് കയറി ഒരു മൂന്നാഴ്ച കഴിഞ്ഞപ്പോൾ ഓഫീസിലെ ഹ്യൂമൻ റിസോർസ് കൈകാര്യം ചെയ്യുന്ന മലയാളിയായ പ്രസന്നമാഡം വിളിച്ചൊരു പുതിയ ജോയിനിയെ എന്നെ ഏൽപ്പിച്ചു - രമ്യ രാജമാണിക്കം എന്നൊരു സേലത്തുകാരി മാണിക്യക്കൊച്ചിനെ. എന്ജിനീയറിങ് കഴിഞ്ഞിറങ്ങിയ പാടെ സെൻട്രൽ ഗവണ്മെന്റ് ജോലി കിട്ടിവന്ന മിടുക്കിക്കുട്ടിയെ ഡൽഹിയിൽ ഒറ്റയ്ക്ക് വിട്ടുപോകാൻ വിഷമിച്ചുനിൽക്കുകയായിരുന്ന രാജമാണിക്കം എന്ന അപ്പാവുക്കും ആ കൊച്ചിനും തമിഴ് പേശുന്ന ഒരാളെ കണ്ടതോടെ വൻ ആശ്വാസവും സന്തോഷവും (അവരുടെ അകന്ന ഒരു ബന്ധുക്കാരൻ അന്നവിടെ സിവിൽ സർവീസ് കോച്ചിങ് ചെയ്യുന്നുണ്ട്. പുള്ളിക്കാരനാണ് ലോക്കൽ ഗാർഡിയൻ). അങ്ങനെ ഞാൻ താമസിക്കുന്ന അതേ വീട്ടിൽ താമസമേർപ്പാടാക്കി ആ പെങ്കൊച്ചിനെ എന്നെയേല്പിച്ച് അദ്ദേഹം സേലത്തേക്ക് മടങ്ങിപ്പോയി. എനിക്കാണെങ്കിൽ ജോലിസ്ഥലത്തേക്ക് പോകാനും വരാനും ഒരാളായല്ലോ എന്ന് ബഹുത് സന്തോഷം. ഈ രമ്യ പിന്നീട് എൻ്റെ ചെല്ലത്തങ്ക ആയിമാറി - ജീവിതത്തിൽ ഞാനൊരിക്കലും മറക്കാത്ത ഒരാൾ!

സത്യത്തിൽ നാവായിക്കുളത്തു നിന്ന് കൊല്ലത്ത് പഠിക്കാൻ എത്തിയപ്പോഴായിരുന്നു ഗ്രാമവാസികളോട് താദാത്മ്യം തോന്നിയത് - അതുവരെ എല്ലാവരും ഒരുപോലാണല്ലോ സ്‌കൂളിൽ. കാസറഗോഡ് പഠിക്കാൻ പോയപ്പോഴാണ് തെക്കും വടക്കും അറിഞ്ഞത് - അതുവരെ എനിക്ക് തെക്കുമാത്രമല്ലേ ഉണ്ടായിരുന്നുള്ളു. ചെന്നൈയിൽ എത്തിയപ്പോൾ ആണറിഞ്ഞത് - കേരളമെന്നത് വേറൊരു സംസ്ഥാനമാണെന്ന് ..... ഡൽഹിയിൽ എത്തിയപ്പോഴോ സൗത്ത് ഇന്ത്യയെന്നൊരു താരതമ്യം ഉണ്ടെന്ന് മനസിലായി... USA എത്തിയപ്പോൾ അവർക്കെന്ത് സൗത്ത് എന്ത് നോർത്ത്? എല്ലാവരും ഇന്ത്യക്കാർ ചിലയിടങ്ങളിൽ എല്ലാവരും ഏഷ്യാക്കാർ. ഓരോ അതിരും കടക്കുമ്പോൾ ബന്ധങ്ങൾ വിശാലമാകുമെന്നും നമ്മളുടെ ചിന്ത വിശാലമാകുമെന്നും മനസിലായി. ഭൂമിക്ക് വെളിയിൽ പോയാൽ - എല്ലാവര്ക്കും ഒന്നേയുള്ളൂ ഐഡന്റിറ്റി - ഭൂമിവാസി! അതറിയാത്ത കാലത്തോളം നമ്മൾ വഴക്കടിക്കും, അതിരു കെട്ടും, വെടിവെച്ചും കൊന്നും സ്വന്തമാക്കാൻ നോക്കും!! ങാ പോട്ടെ - വിഷയം അതല്ലല്ളോ 
വിഷയം എൻ്റെ രമ്യച്ചെല്ലമാണ് (ഇപ്പോഴും ഫോണിൽ ആളുടെ പേര് അങ്ങനെയാണ് ഞാൻ സേവ് ചെയ്തിരിക്കുന്നത്). ആശാട്ടിയെ ഓർമ്മിപ്പിക്കുന്ന ഒരു പ്രത്യേക പാട്ടും ഒരു സിനിമയിലെ മുഴുവൻ പാട്ടുകളുമുണ്ട്. സിനിമ - ഞങ്ങളൊരുമിച്ചു പോയിക്കണ്ടതാണ്‌. നേരത്തെ പറഞ്ഞ ആ ലോക്കൽ ഗാർഡിയൻ ചെറുപ്പക്കാരനും രമ്യയും ഞാനും - മൂന്നാളും കൂടി അടുത്തുള്ള ഒരു മൾട്ടിപ്ലക്‌സ് തിയറ്ററിൽ ഫസ്റ്റ് ഡേ ഷോ കണ്ട സിനിമയുടെ പേര് 3 ഇഡിയറ്റ്സ്  ഫൈവ് പോയിന്റ് someone എന്ന ചേതൻ ഭഗത് ബുക്ക് നേരത്തെ വായിച്ചിരുന്നു എങ്കിലും സിനിമയാകുമ്പോൾ എങ്ങനെ എന്നറിയില്ലലോ നമുക്ക്! ഭാഗ്യത്തിന് ഞങ്ങൾ 3 ഇഡിയറ്റ്സായില്ല... കുറച്ചു ലോജിക്ക് പ്രശനമൊക്കെ ഉണ്ടെങ്കിലും ഇപ്പോഴും ഫേവറൈറ് സിനിമകളിൽ ഒന്നുതന്നെ 3 ഇഡിയറ്റ്സ്. മാധവനും ഷർമാൻ ജോഷിയും അമീർഖാനും - സൗഹൃദത്തിന്റെ രസമുള്ള കെമിസ്ട്രി. വൈറസ് , സൈലെൻസർ, ഷർമന്റെ അമ്മയുടെ ചപ്പാത്തിക്കോൽ - എന്ത് രസകരമായ സിനിമ! അതിനും രണ്ടുദിവസം മുന്നേയാണ് രമ്യയും ഞാനും കൂടി ഒരു ഗൈനക്കോളജിസ്റ്റിനെ തപ്പിപ്പിടിച്ചതും ഞാൻ ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചതും. കല്യാണം പോലും കഴിയാത്ത ആ പെങ്കൊച്ച് കുറച്ചു നാളത്തേക്ക്ആണെങ്കിലും ഒരു ഗർഭിണിയുടെ ചുമതല ഏറ്റെടുത്ത കാര്യമോർമ്മ വരും ഈ സിനിമയും അതിലെ പാട്ടുകളും കണ്ടാൽ. ഞാൻ ആജീവനാന്തം കടപ്പെട്ടിരിക്കുന്ന എൻ്റെ ചെല്ലത്തിന് ഈ ഓർമ്മപ്പാട്ട്
ജാനേ നഹി ദേൻഗേ തുജ്ജേ .....
Jaane Nahin Denge Tujhe, 
Jaane Tujhe Denge Nahin ...
------------------------------------------------------------------------

#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

"പാതിമെയ് മറന്നതെന്തേ ..സൗഭാഗ്യ താരമേ .. രാവിൻ നീലത്തളികയിൽ ഏകദീപം നീ! "

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 1990 -കളിൽ എപ്പോഴോ!
അമ്മയുടെ വീട് ആറ്റിങ്ങൽ എന്ന - ആറൊഴുകുന്ന കരയിലായിരുന്നു. അമ്മയുടെ അച്ഛനുമമ്മയുമൊക്കെ അമ്മയുടെ കുഞ്ഞിലേ മരിച്ചുപോയതിനാൽ ആ സ്ഥലവുമായുണ്ടായിരുന്ന ആകെ ബന്ധം വിശാലമായ രണ്ടു പറമ്പുകൾക്കിടയ്ക്ക് നീളത്തിൽ കിടക്കുന്ന നാലേകാൽ സെന്റ് സ്ഥലവും അവിടെയൊരു അഞ്ചുമൂട് തെങ്ങുമായിരുന്നു. പ്രത്യേകിച്ചൊരു വളവുമിടാതെ തന്നെ ആറിൻകരയിലെ സ്വാഭാവിക ഫലഭൂയിഷ്ഠമായ മണ്ണിൽ ആ തെങ്ങുകളങ്ങനെ കായ്ച്ചുകുലച്ചു തളിർത്തു നിന്നു. അമ്മ ജനിച്ചുവളർന്ന വീടെപ്പോഴും അവിടെ അടഞ്ഞുകിടന്നിരുന്നു - ഭാഗത്തിൽ അമ്മയുടെ മൂത്ത ചേച്ചിയ്ക്കാണ് ആ വീട് കിട്ടിയത്. ഉയർന്നൊരു തട്ടിൽ നിന്നിരുന്ന വീടിൻ്റെ പിൻഭാഗത്തുള്ള മുളങ്കൂട്ടത്തിൽക്കൂടി പിടിച്ചു നിരങ്ങിയങ്ങനെ ഇറങ്ങിയാൽ നേരെ പൂവൻപാറ ആറിലെത്തും. അമ്മയോടൊപ്പം വർഷത്തിൽ ഒരിക്കൽ അല്ലെങ്കിൽ രണ്ടുവട്ടം ആ അഞ്ചുമൂട് തെങ്ങിൽ ആവോളം കായ്ച്ചിരുന്ന തേങ്ങാ കൊണ്ടുവരാനായിപ്പോകുന്നത് കുട്ടിക്കാലത്തെ കാത്തുകാത്തിരുന്ന ഒരു സന്ദർഭമായിരുന്നു. ചേട്ടന്മാരും കുറെനാളൊക്കെ കൂടെ വന്നിരുന്നു. പിന്നെ ഒരു ഹൈസ്‌കൂൾ ഒക്കെയായപ്പോൾ അവർക്കൊരു ചമ്മൽ ഇങ്ങനെ തേങ്ങയെടുക്കാൻ പോകാൻ - ഒരു വൈക്ലബ്യമേ വൈക്ലബ്യം! നമുക്ക് പിന്നെ പണ്ടേ ആ സ്വഭാവമില്ലാത്തതുകൊണ്ട് അമ്മയോടൊപ്പം എപ്പോഴും ചാടിപ്പുറപ്പെട്ടു. 

പ്രത്യേകിച്ച് നിർബന്ധിക്കാതെ തന്നെ അമ്മയോടൊപ്പം അങ്ങനെ പോകാനുള്ള ഏറ്റവും വലിയ രണ്ടു പ്രലോഭനങ്ങൾ - ഒന്ന് ആറിൽക്കൂടിയുള്ള കടത്തുവഞ്ചി യാത്രയാണ്. ആ കുഞ്ഞുവള്ളത്തേൽ ഇങ്ങനെ ആടിയുലഞ്ഞു പോകലും, ഇടക്ക് ഒന്ന് ചാഞ്ഞാ വെള്ളത്തിലൊന്നു തൊടലും, തേങ്ങയും കൊണ്ട് വരുമ്പോൾ വള്ളക്കാരനെ കണ്ടില്ലെങ്കിൽ "പൂഹോയ് ആളുണ്ടേ" എന്നൊരു ഉറക്കെക്കൂവലും ഒക്കെയായി ഞാനങ്ങാഘോഷിക്കുമായിരുന്നു. രണ്ടാമത്തെ പ്രലോഭനം - നല്ല ചെന്തെങ്ങിന്റെ ഇളനീരാണ്. തേങ്ങയിടാൻ വരുന്ന സ്ഥിരം മാമൻ കൂട്ടത്തിൽ എന്നെക്കാണുമ്പോഴേ നല്ല മധുരമുള്ള ചെന്തെങ്ങിന്റെ കുലയിൽ നിന്നൊരെണ്ണം അടർത്തി തലപ്പ് വെട്ടി തരും. വെള്ളം കുടിച്ചുകഴിഞ്ഞാൽ കരിക്കിന്റെ തൊണ്ടു തന്നെ സ്പൂൺ പോലെയാക്കി ആ ഇളം കാമ്പ് കഴിച്ചു വയറുനിറയ്ക്കാം. ഇമ്മാതിരി കാരണങ്ങൾ കൊണ്ട് എനിക്ക് ആറ്റിങ്ങൽ പോക്കെന്നാൽ രു ചെറിയ OneDay ട്രിപ്പാണ്. 2003- ൽ സ്വന്തമായി സ്ഥലം നാവായിക്കുളത്ത് വാങ്ങാൻ വേണ്ടി ആ നാലേകാൽ സെന്റ് വിൽക്കുംവരെ തെങ്ങുകൾ ഞങ്ങളെ ചതിച്ചില്ല. ഒരു കൊല്ലത്തേക്ക് മിക്കവാറും കറിക്ക് വേണ്ട തേങ്ങ ഇതിൽ നിന്ന് ഒപ്പിച്ചുപോന്നു 'അമ്മ.

അത്തരമൊരു യാത്രയിലെന്ന പോലെ ആറ്റിങ്ങൽ എത്തിയപ്പോഴാണ് അറിയുന്നത് അമ്മയുടെ കൂട്ടുകാർക്കൊപ്പം സിനിമ കാണാനൊരു ചാൻസുണ്ടെന്ന്. പണ്ടേ സിനിമാപ്രാന്തി - അതിനിടയിൽ പ്രതീക്ഷിക്കാതെ വീണുകിട്ടിയ സിനിമ, ലഡു പൊട്ടിയില്ലേ മനസിൽ! ഏറ്റവും പുതിയ പടം "പാവം പാവം രാജകുമാരൻ" ശ്രീനിവാസനും, സിദ്ദിഖും ഒക്കെയുണ്ട് . നായിക നമ്മുടെ മീനുക്കുട്ടി രേഖയും (ഏയ് ഓട്ടോ ഇതിനുമുന്നേയാണ് ഇറങ്ങിയത് എന്നാണ് ഓർമ! ). ആറ്റിങ്ങൽ എസ് ആർ തിയറ്ററിൽ കയറി സിനിമയൊക്കെ കണ്ടുപുറത്തിറങ്ങിയപ്പോൾ 'അമ്മ പറഞ്ഞു "ഇതിനിപ്പോയി അവന്മാരോട് വിളമ്പണ്ട - തൽകാലം ആറ്റിങ്ങൽ കൊണ്ടുവന്ന് സിനിമ കാണിക്കാൻ പറ്റില്ല. നാവായിക്കുളത്ത് വരുമ്പോൾ നമുക്കൊന്നും കൂടി കാണാം" - തകർന്നില്ലേ! അന്ന് വീട്ടിൽപ്പോയി ഈ രണ്ടു മാന്യന്മാരുടെയും മുൻപിൽ പൂഴിക്കടകൻ കളിക്കാനുള്ള അവസരമാണ് 'അമ്മ ഇല്ലാണ്ടെയാക്കിയത്. മാത്രവുമല്ല എനിക്കീ കുന്തമൊന്നും മനസിൽ വെച്ചുനടക്കാൻ അത്രക്ക് പറ്റുകേമില്ല!! എന്തായാലും ഞാൻ പെട്ടു ... അന്ന് വീട്ടിലെത്തിയിട്ട് ഉറങ്ങും വരെ വല്ലാത്ത പരവേശോം, ബാറ്ററി കൊടുത്തതുപോലെ നാവിൽ സിനിമയിലെ പാട്ടും... എത്ര ശ്രമിച്ചിട്ടും എനിക്കത് മൂളാതെ നടക്കാൻ പറ്റുന്നില്ലാന്നേ! ഞാൻ അന്നത്തെ സംസാരത്തിൽ പലവട്ടം ഈ സിനിമയിലെ തമാശകളൊക്കെ ചേട്ടന്മാരോട് പറഞ്ഞു. അവര് പാവങ്ങളായോണ്ട് ഒന്നും ചികഞ്ഞു ചികഞ്ഞു ചോദിച്ചില്ല - ഞാനായിരുന്നേൽ എപ്പോഴേ പപ്പും പൂടേം പറിച്ചേനേന്നോ! അന്നെങ്ങനെയൊക്കെയോ കയ്ച്ചിലാക്കിയ ആ പാട്ടാണ് -

"പാതിമെയ് മറന്നതെന്തേ ..സൗഭാഗ്യ താരമേ ..
രാവിൻ നീലത്തളികയിൽ ഏകദീപം നീ! "

------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

Friday, March 20, 2020

"പൊൻമേഘമേ ശലഭങ്ങളേ .. "

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 1996
ഒൻപതാം ക്ലാസ്സ് തുടങ്ങും മുൻപുള്ള സമയം - നാവായിക്കുളം ജംക്ഷനിൽ IOB ബാങ്കിന് സമീപത്തുള്ള ചെമ്മൺവഴിയേ കുറച്ചുദൂരം നടന്നെത്തുന്ന പായലുപിടിച്ച മതിലും വെട്ടുകല്ലുപടികളും ഉള്ള ഒരു വീടുണ്ടായിരുന്നു. വീടിന്റെ ശരിക്കുമുള്ള ഉടമസ്ഥർ ലണ്ടനിൽ എവിടെയോ ആയിരുന്നതുകൊണ്ടാണ് ആ കുടുംബവീട് ഞങ്ങൾക്ക് വാടകയ്ക്ക് കിട്ടിയത്. നോക്കിനടത്താൻ ഉടമസ്ഥരുടെ കാര്യസ്ഥരെപ്പോലെ ഒരമ്മൂമ്മയും മക്കളും- അവരുമായിട്ടാരുന്നു ഞങ്ങളുടെ ഇടപെടലുകളൊക്കെ. ഒത്തിരിപ്പറമ്പുള്ള, പറമ്പിലൊത്തിരി മരങ്ങളുള്ള, മൂന്നു വലിയ ഞാവൽ മരങ്ങളുള്ള, നിറയെ കായ്ക്കുന്ന ചാഞ്ഞുകിടക്കുന്ന കൊമ്പുള്ള പറങ്കിമാവുള്ള, നിറയെ ചക്കയുള്ള, വെള്ളംകൊള്ളി മാങ്ങായുള്ള, അധികം പുളിയില്ലാത്ത ഇല കാണാത്ത രീതിയിൽ കായ് പിടിക്കുന്ന ശീമനെല്ലിക്കയുള്ള (ലൗലോലിക്ക), വീടിനു മുന്നിൽ കളിയിൽ ഉള്ള (തൊഴുത്തും ഒരു മുറിയും ചേർന്നൊരു ചെറിയ കെട്ടിടം) വീട്! എൻ്റെ സ്വപ്നങ്ങളിലെ വീട് അങ്ങനെയായിരുന്നു കുറേനാൾ വരെ.. അത്തരമൊരു വീടിനു തരാനാകുന്ന ഒരു വെറും സന്തോഷമുണ്ട് - അങ്ങനെയൊരു വീടിനെ അറിയാൻ കഴിയുമ്പോൾ ലഭിക്കുന്ന സന്തോഷം - ആ സന്തോഷത്തെക്കുറിച്ച് ആലോചിക്കുമ്പോൾ തോന്നും ഞാനും ചേട്ടന്മാരും ഭാഗ്യം ചെയ്തവരായിരുന്നു.. എന്തോരം വീടുകളിലാ ഞങ്ങൾ താമസിച്ചേ 2004 വരെയുള്ള സമയം കൊണ്ട്!

കുന്നുവിള വീടെന്ന ആ വീട്ടിലായിരിക്കുമ്പോൾ ആണ് അമ്മയുടെ സ്‌കൂളിൽ പുതുതായി വന്ന ഹരിപ്പാടുകാരിയായ ഒരു കുഞ്ഞുടീച്ചറിന് വേറെങ്ങും താമസിക്കാൻ ഇടം കിട്ടാത്തതുകൊണ്ട് ഞങ്ങളുടെ വീട്ടിലിടം കിട്ടിയത്. ജൂലി എന്ന ആ ചേച്ചിയും അമ്മയും അച്ഛനുമൊക്കെ ഒരുമിച്ച്‌ വീട്ടിലേക്ക് വന്നപ്പോൾ ഏറ്റവുമധികം സന്തോഷിച്ചത് ഞാനാകണം - ചേട്ടന്മാർ തിരുവനന്തപുരത്തേക്ക് പഠിക്കാൻ പോയ സമയമായിരുന്നു. വീട്ടിൽ ഞാനും അമ്മയും മാത്രമായപ്പോഴാണ് ജൂലിച്ചേച്ചി കടന്നുവരുന്നത്. എനിക്ക് ഒരു കൂട്ടുകാരിയെക്കിട്ടിയപോലെ - മാത്രവുമല്ല ഈ ഇരട്ടച്ചേട്ടൻമാരുടെ ചില നേരത്തെ അപ്രമാദിത്തം എനിക്കത്രക്കങ്ങട് പിടിക്കുന്നുമുണ്ടായിരുന്നില്ല, ഒരു പെൺകമ്പനി കിട്ടിയപ്പോൾ എനിക്കും ഒരാളായപോലെ ഒരു ഫീൽ. ജൂലിച്ചേച്ചിയുടെ ഇന്റർവ്യൂ സമയത്ത് മധുരമായ ശബ്ദത്തിൽ ഒരു കാക്കയുടെ പാട്ടുപാടിയാണ് പിള്ളേരെയും ഹെഡ് മാസ്റ്ററെയും കയ്യിലെടുത്തത്. പാട്ട് പഠിച്ച ജൂലിച്ചേച്ചിയുടെ ഏറ്റവും പ്രിയപ്പെട്ട രണ്ടു പാട്ടുകൾ പിന്നെയുള്ള ഒരുവർഷത്തിൽ എനിക്കുവേണ്ടി ഒത്തിരിത്തവണ പാടിത്തന്നിട്ടുണ്ട്.

ഒരുവർഷം കഴിഞ്ഞപ്പോൾ ജൂലിച്ചേച്ചി തിരികെ നാട്ടിലേക്ക് പോയി. അതിനിടയിലൊരു ദിവസം അവരുടെ വീട്ടിലേക്ക് ഞങ്ങളൊക്കെക്കൂടി പോയിരുന്നു - കുറെക്കുറെ മീൻ വിഭവങ്ങൾ കൂട്ടിയുള്ള ഊണൊരുക്കിയാണ് ജൂലിച്ചേച്ചിയുടെ 'അമ്മ ഞങ്ങളെ സ്വീകരിച്ചത് - ആലപ്പുഴയുടെ എല്ലാ പ്രൗഢിയോടുംകൂടി. പോയതിനുശേഷം ചേച്ചിയെ കണ്ടിട്ടില്ല... കല്യാണമൊക്കെ കഴിഞ്ഞു സുഖമായി ജീവിക്കുന്നുണ്ടാകണം.
ചേച്ചി എനിക്കായി പാടിത്തന്നിരുന്ന രണ്ടു പാട്ടുകളിലൊന്ന് നിങ്ങൾക്കായി ഇന്നത്തെ ഓർമ്മപാട്ടിൽ ..

"പൊൻമേഘമേ ശലഭങ്ങളേ ...
താരങ്ങളേ ഇതിലേ വരൂ ...
നാലമ്പലം വലമായി വരൂ ..
അരയാൽക്കൊമ്പിൽ നാമം ചൊല്ലും
ഗന്ധർൻ കാറ്റേ
തുളസീദളം ചൂടാൻ വരൂ! "
------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ