#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!
വര്ഷം 1992
അമ്മന്‍കോവിലിന് അടുത്തുള്ള വീട്ടിലാണ്, അവിടെ അന്ന് അച്ഛന്‍ പഠിപ്പിച്ച ഒരു ചേട്ടന്‍ വന്നിട്ടുണ്ട് - സനില്‍ എന്നാണ് ശരിക്കും പേര്, ആ "നില്‍" എന്ന കളിയാക്കല്‍ മടുത്ത് തനിയേ "സനല്‍" എന്ന് പേരുമാറ്റിയ കക്ഷിയാണ്. പ്രീഡിഗ്രി സമയത്തോ ഡിഗ്രീ സമയത്തോ മറ്റോ അച്ഛന്‍ പഠിപ്പിച്ചതാണ് സനലണ്ണനെ. ആ സമയത്തൊക്കെ വീട്ടിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. പിന്നീട് കുറേയേറെനാള്‍ കാണാനേ ഉണ്ടായിരുന്നില്ല.
സിനിമയില്‍ അസിസ്റ്റന്റ് ആകാന്‍ പോയ ആളാണ് ഇദ്ദേഹം. ആദ്യം കുറച്ചേറെ വര്ഷം നാടകരംഗത്തൊക്കെ പ്രവര്‍ത്തിച്ചതിനുശേഷം സിനിമ എന്ന സ്വപ്നം സഫലമാക്കാന്‍ പോയി. അതില്‍ നിന്നൊരു ഇടവേളയ്ക്ക് നാട്ടില്‍ വന്നപ്പോള്‍ ഞങ്ങളേയും കാണാന്‍ വേണ്ടി വന്നതാണ്.
വിജി തമ്പിയുടെ അസ്സിസ്ടന്റായി പുതിയ പടം നടന്നു കൊണ്ടിരിക്കുകയാണ്. ഷൂട്ടിംഗ് വിശേഷങ്ങളും സിനിമാക്കാരുടെ വിശേഷങ്ങളും ഒക്കെ പറയുന്നത് വായും പൊളിച്ചു കേട്ടിരിക്കുന്ന ഞാനും ചേട്ടന്മാരും. ഉര്‍വശിയുണ്ട്, സിദ്ദിക്കുണ്ട്, ജഗദീഷുണ്ട് എന്നൊക്കെയുള്ള കഥകളൊക്കെ ഓരോന്നായി സനലണ്ണന്‍ പറയുന്നു. സിനിമയെന്ന മായാലോകത്തിനെക്കുറിച്ച് കേള്‍ക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാതെ ഞാന്‍ പുള്ളിടെ പിന്നാലെ പരസ്യത്തിലെ ഹച്ച് ഡോഗിനെപ്പോലെ നടക്കുകയാണ്. അതൊരു ഉത്സവകാലമാണോ എന്ന് സംശയമുണ്ട് - കൂടെ വന്നിട്ടുള്ള ഒരു സുഹൃത്തിനേയും കൂട്ടി മുറ്റത്തേക്ക് ഇറങ്ങുന്ന വഴിയില്‍ സനലണ്ണന്‍ എനിക്കൊരു കുഞ്ഞു വാക്മാന്‍ എടുത്തു തന്നു, പുതിയ സിനിമയിലെ പാട്ടുകള്‍ കേള്‍പ്പിച്ചുതരാന്‍. എല്ലാം സെറ്റ് ചെയ്ത് കാതിലേക്ക് ഹെഡ്സെറ്റ് വെയ്ക്കുമ്പോള്‍ ആണ് സനലണ്ണന്‍ പറഞ്ഞത് ആ പാട്ട്, അപ്പോള്‍ ഞാന്‍ കേള്‍ക്കാന്‍ പോകുന്ന പാട്ട് പാടിയിരിക്കുന്നത് നടന്‍ സിദ്ദിക്ക് ആണെന്ന്. "ശ്യോ! നടന്‍ സിദ്ദിക്ക് - അങ്ങോര് പാട്ടും പാടാന്‍ തുടങ്ങിയോ" എന്നോര്‍ത്തുകൊണ്ട് ഞാനത് കേള്‍ക്കാന്‍ തുടങ്ങി. സനലണ്ണനും സുഹൃത്തും തിരികെവരുംവരെ തിരിച്ചും മറിച്ചും ഞാനാ സിനിമയിലെ പാട്ടുകള്‍ കേട്ടുകൊണ്ടേയിരുന്നു.
പിന്നീട് നാവായിക്കുളത്ത് പിജി തിയറ്ററില്‍ സിനിമ വന്നപ്പോള്‍ ഞങ്ങള്‍ പോയത് വിജി തമ്പിയുടെ പടം ആയതുകൊണ്ടല്ല - സനലണ്ണന്‍ അസിസ്ടന്റ്റ് ആയ പടമാണല്ലോ, അധികം ആള്‍ക്കാര്‍ കേള്‍ക്കും മുന്‍പ് ഞാന്‍ കേട്ട പാട്ടുള്ള സിനിമയാണല്ലോ, ഈ സിനിമയുടെ കുറച്ച് അണിയറരഹസ്യം എനിക്കറിയാമല്ലോ എന്നൊക്കെയുള്ള പരഞ്ഞുപെരുക്കിയ ഒരു "ബന്ധം" വെച്ചാണ്.
സിനിമ : തിരുത്തല്‍വാദി
പാട്ട് : " മഞ്ചാടിച്ചോപ്പു മിനുങ്ങും ...ജും ജും"
പാടിയത് : സിദ്ദിക്ക് & ks ചിത്ര
അഭിനയിച്ചത് : ജഗദീഷ് & ശിവരഞ്ജിനി
ഓഫ്: ആ സനലണ്ണന്‍ പിന്നീട് 'പ്രിയം' സിനിമയിലൂടെ സംവിധായകന്‍ ആയി കേട്ടോ
https://www.youtube.com/watch?v=mTjiltw_Ifo
----------------------------------------------------------------------------------------------------------------------------------
----------------------------------------------------------------------------------------------------------------------------------
#HundredDaysOfSongs നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
#100DaysTOLove
#Day71
#100DaysTOLove
#Day71
പ്രാപ്തിയ്ക്കാപ്പം ഭാഗ്യവും വേണം സിനിമാ രംഗത്ത് ...
ReplyDeleteആശംസകൾ
തിരുത്തൽവാദികൾ തിയേറ്ററിൽ പോയി കണ്ടു ചിരിച്ചു മറിഞ്ഞ പടമാണ് അക്കാലത്തു.അതിലെ ഈ പാട്ടു ഇഷ്ടമായിരുന്നു അന്നു. ഇന്ന് ഈ post വായിച്ചപ്പോൾ കുറേക്കാലം കൂടി പിന്നെയും ഓർത്തു aa സിനിമയും പാട്ടും 😊
ReplyDeleteസിനിമ കണ്ടതായി ഓർക്കുന്നില്ല.
ReplyDeleteപാട്ട് നല്ല ഇഷ്ടം.
ചുറ്റോടു ചുറ്റും സിനിമാക്കാർ ആണോ.?