Tuesday, April 30, 2013

ചില മെയ്‌ ദിന ചിന്തകള്‍


                  "ബായ് എഹാം- ധോടാ ഓര്‍‍..." പിന്നില്‍ നിന്ന് തട്ടി അമ്മ പറഞ്ഞു

"നീ ഇത്ര കഷ്ടപ്പെടണ്ട , ആ ചെക്കന് നന്നായി മലയാളം മനസിലാകും.... തിരിച്ചു പറയുമ്പോ ഒന്ന് കഷ്ടപ്പെടുമെന്നെ ഉള്ളു.. "

ഡല്‍ഹി വാസത്തിന്‍റെ പേരില്‍  അയല്‍ക്കാരുടെ മുന്നില്‍ വെച്ചു, ബീഹാറി ബായിയോടു രണ്ട് ഹിന്ദി ഡയലോഗ്  കാച്ചാമെന്നുള്ള എന്‍റെ മോഹത്തിനെ  അമ്മ നിഷ്കരുണം ചവിട്ടിയരച്ചു. ശരി മലയാളം എങ്കില്‍ മലയാളം- "ബായ് അതാ അവിടെ ഒന്ന് കൂടി ഇളക്കാം.."
ഉടന്‍ വന്നു ജവാബ് "ചെരി ചെച്ചീ " , ചെരിയാനോ എങ്ങോട്!!!! ആ എന്തേലും ആകട്ടെ.

                എന്തായാലും നമ്മുടെ പറമ്പ് കുത്തി ക്കിളച്ചു തരുന്ന ചങ്ങാതി അല്ലെ, ചില്ലറ കുശലം ആകാമെന്ന് കരുതി ഞാന്‍ എന്‍റെ  ജനറല്‍ നോളജ് പുറത്തെടുക്കാന്‍ തുടങ്ങി
. "ദിവസവും ജോലി കിട്ടാറുണ്ടോ ബായ്, കഷ്ടപ്പാടാ അല്ലെ? "
"ഇല്ലെ ചെച്ചീ നമ്മളുക്ക്എന്നും വര്‍ക്ക്‌ വറും, ഹമാരെ പാസ്‌ ടൈം നഹി ഹെ " - അമ്പടാ കേമാ.. അപ്പൊ നീ ഈ തൊഴില്‍ ഇല്ലാത്ത ജനവിഭാഗത്തിന് മുന്നിലെ ഒരു വലിയ    '?'  ആണല്ലോ..  :/
"ഖര് -ഹൌസ് എപ്പോ പോകും? "
 നമ്മുടെ ബായ് -  "ചെച്ചീ കഷ്ടം പോകാന്‍ ... ട്രെയിന്‍ , റണ്ട് നാള്‍. നമ്മള്‍ ഒറു മാസം പോകും ഒറു വര്ഷം. "
 കഷ്ടം കഷ്ടം തന്നെ , വീട്ടുകാരെയൊക്കെ കാണാതെ പാവം ബായ്,,.. സഹതാപത്തിന്‍റെ  അലയൊലികള്‍ അടങ്ങും മുന്‍പേ,അമ്മ പിന്നെയും വിളിച്ചു ഇഡ്ഡലി കഴിക്കാന്‍..

                      നല്ല മുളകിടിച്ചത് കൂട്ടി ഇഡ്ഡലി തട്ടുമ്പോള്‍ സഹാനുഭൂതി കൊണ്ട് ശ്വാസം മുട്ടി ഇരിക്കാന്‍ വയ്യാതെ അമ്മയോട് ഞാന്‍ പറഞ്ഞു,
"പാവം ,അല്ലെ അമ്മെ?  നമ്മുടെ ഇവിടെ എത്ര കഷ്ടപ്പെട്ട് പണിയെടുത്താലാ ഒരു മാസം വീട്ടുകാരെ കാണാന്‍ പറ്റുക....  :( "
ഭായിക്ക് കൊടുക്കാനുള്ള ഇഡ്ഡലി എടുത്തു നടക്കുന്ന കൂട്ടത്തില്‍ അമ്മ പറഞ്ഞു "ഒരുപാട് കരഞ്ഞു കണ്ണീരു കളയണ്ട - അവന്‍റെ  നാട്ടിലെ രണ്ടേക്കര്‍ ഭൂമിയുടെ മുതലാളിയാ, നമ്മുടെ ഏഴു സെന്റിന്‍റെ  മുറി മൂല കിളയ്ക്കുന്നത്...... ഗള്‍ഫിലും വടക്കേ ഇന്ത്യയിലും  ഒക്കെ ഇതിലും കഷ്ടപ്പെട്ടിട്ടും സ്വന്തമായി ഒരു വീട് വെക്കാന്‍ സ്ഥലമില്ലാത്ത ഒരു പാട് പേരുണ്ട് ഈ നാട്ടില്... അത് കൊണ്ട് കിളച്ചിട്ട സ്ഥലത്ത് ഈ കിടക്കുന്ന കപ്പക്കമ്പ് പറക്കി കുത്തി വെയ്ക്ക് അല്ലെങ്കില് നീ ഇനി  'അണ്ണാച്ചീടെ വീട്ടിലെ ലച്ച്മിഅക്ക' യുടെ സങ്കടം കൂടി ചോദിച്ച് അറിയേണ്ടി വരും."

ചോദിച്ചു വാങ്ങിയ പണി ആണെങ്കിലും ചെയ്യാനൊരു സുഖമുണ്ടായിരുന്നു... !!!!

അപ്പൊ മെയ്‌ ദിന ആശംസകള്‍......

ആരോ പറഞ്ഞത്...


പറയാതെ വയ്യ...,
പറയാനും വയ്യ..
കണ്ടതും കൊണ്ടതും
മിണ്ടാനും വയ്യ!!!!

ആരോ പറഞ്ഞു ,
നമുക്കീ ഇരുള്‍ മൂടാത്ത-
വഴികളിലൂടെ കാണാതെ
കേള്‍ക്കാതെ പോകാം.

കണ്ണ് തുറക്കരുത്,
കാതുയിര്‍‍ വിളി കേള്‍ക്കരുത്.
അറിയാതെ പോലും -
തിരിഞ്ഞു നില്‍ക്കരുത്.

അഞ്ചോ ആറോ പിഞ്ചോ
തൈ കിഴവിയോ,
(അല്ല ,പിറന്നിട്ടുമില്ലേ)
നമുക്കെന്തു ചേതം!!!!!!

നാളെ നമുക്കൊരു
സ്റ്റാറ്റസ് കാച്ചാം,
പിന്നൊരു മെഴുതിരി-
എന്നിട്ട്,കാത്തിരിക്കാം,
നാളത്തെ വാര്‍ത്തയ്ക്കായി.....

Monday, April 22, 2013

ഓര്‍മ്മകളില്‍ - ആ പഴ മാങ്ങ

                വീടിനു ഇടതു വശത്ത് വല്യമ്പലം വലതു വശത്ത് ചെറിയ അമ്പലം, അപ്പൊ മുന്നിലോ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം... അതിന്റെ ഉത്തരമാണിത്.
മുന്നില്‍ ഒരു നിരക്കടയും, വീടും പിന്നെ ഒരു ചെമ്മണ്ണ്‍പാത. അതിനപ്പുറം പിന്നെയും വീട്, കട. ഒരു നിരക്കട എന്ന് വെച്ചാല്‍ ശരിക്കും നിരപ്പലക ഉള്ള കടകള്‍ തന്നെ.... 1, 2 എന്ന് എണ്ണമിട്ട പലകകള്‍ രാവിലെയും വൈകിട്ടും എടുത്തു വെയ്ക്കുന്നത് കാണുക എന്റെയൊരു കൌതുകം ആയിരുന്നു... ഒരു സ്വര്‍ണ്ണക്കട,ഒരു കപ്പലണ്ടിക്കട, പിന്നെ കുറച്ചു നാള്‍ സാക്ഷരത ക്ലാസുകള്‍ നടന്നിരുന്ന ഇപ്പോള്‍ അടഞ്ഞു കിടക്കുന്ന ഒന്ന്.. തൊട്ടടുത്ത്  ഉള്ളത് വീടാണ്,പക്ഷെ മുന്‍ഭാഗം കടയുടെത് പോലെ നിരപ്പലക.(ഇപ്പോള്‍ അവരത് കട ആക്കി...)

                 സ്വര്‍ണ്ണക്കട എന്നാല്‍ നമ്മുടെ ആലുക്കാസ് പോലെ അത്ര അങ്ങട് വിശാലം ആക്കണ്ട, സ്വര്‍ണം പണിഞ്ഞു കൊടുക്കുന്ന കുഞ്ഞൊരു കട. കൂട്ടുകാരിയുടെ അച്ഛന്റെ ജ്യേഷ്ടന്‍ ആയിരുന്നത് കൊണ്ട് അവളോടൊപ്പം ഞാനും പെരിയപ്പ എന്ന് വിളിച്ചിരുന്നു. " കപ്പലണ്ടി മാമന്‍"  - അച്ഛന്‍റെ  സുഹൃത്ത് ചേട്ടായീസിന്‍റെ  കൂട്ടുകാരന്‍റെ  അച്ഛന്‍ - എന്നും വൈകിട്ട് അവിടെക്കൊരു പോക്കുണ്ട് -ചെല്ലുമ്പോള്‍ 2 വിരല് പൊക്കും, അര്‍ത്ഥം  50 പൈസയുടെ 2 പൊതി. ഒന്ന് എനിക്കും, ഒന്ന് എന്റെ ചേട്ടായീസ് നും - ഞാന്‍ പണ്ടേ ഈ സമത്വത്തില്‍ വിശ്വസിച്ചിരുന്നു... ;) . സാക്ഷരതാ സംരഭത്തില്‍, ‍ മൂന്നാം ക്ലാസ്സില്‍ പഠിച്ചിരുന്ന ഞാനും ക്ലാസ്സ്‌ എടുത്തിരുന്നു എന്ന് പറഞ്ഞാലേ ആ നിരക്കടകളുമായി എനിക്കുണ്ടായിരുന്ന ആത്മ ബന്ധം പൂര്‍ത്തിയാകൂ.

                    പിന്നെയുള്ള വീടാണ് ഇതിലെ നായകന്‍. മണ്ണ് കൊണ്ടുള്ള മതിലിനുള്ളില്‍ നിന്നും പുറത്തേക്കു ചാഞ്ഞു വളര്‍ന്നു നില്‍ക്കുന്ന ഒരു മൂവാണ്ടന്‍ മാവ്... ഒരു ഏപ്രില്‍ മാസം, ഉത്സവം ഒക്കെ അടുക്കാറായി. നല്ല വെയിലുള്ള സമയം, നിറയെ പഴുത്തു നില്‍ക്കുന്ന മാങ്ങകള്‍. പറഞ്ഞിട്ട് കാര്യമില്ല, വീട്ടിലുള്ളവര്‍ക്ക് കാര്യായി മാങ്ങ കിട്ടാറെ ഇല്ല. പുറത്തേക്കു നില്‍ക്കുന്നതു മുഴുവന്‍ മുന്നിലെ വഴിയില്‍ അണ്ണാന്‍ കടിച്ചും കാക്ക കൊത്തിയും ശേഷിച്ചത് വെയിലത്ത്  ഞെട്ടറ്റും കഴിയും.  ആ വഴിയെ ഈ വഴിയെ ഒക്കെ കറങ്ങി കാര്യായ പണിയൊന്നുമില്ലാതെ ഞാന്‍ നടക്കുന്നു. വയര്‍ ചെറുതായി വിശപ്പിന്‍റെ  വിളി കേള്‍പ്പിച്ചു തുടങ്ങിയപ്പോ വീട്ടിലേക്ക്  ഒന്ന് കയറി.. നല്ല കൊട്ടവെയിലത്ത് തെണ്ടി നടന്നിട്ട് വന്നതിന്റെ ചീത്ത ഒരു വശത്തു പറഞ്ഞു കൊണ്ട് അമ്മ ചോറ് വിളമ്പാന്‍ പോയി. ചേട്ടന്മാര്‍ ഗാങ്ങിന്‍റെ  കൂടെ ദൂരെ എവിടെയോ, മടലും കൊണ്ട് പോയി , "കിറുക്കറ്റ് " കളിക്കാന്‍.

                    അമ്മയുടെ വിളമ്പലിനു കാത്തിരിക്കെ പലകയില്‍ ഇരിക്കുന്ന എന്‍റെ  വ്യൂ നേരെ മുന്‍വാതിലും കടന്നു മാങ്ങകളിലേക്ക് . മണിച്ചിത്ര താഴില്‍ ശോഭന പൂജസ്ഥലത്തേക്ക് എത്തിപ്പെടുന്നത് പോലെ എന്ത് ഉള്‍പ്രേരണയില്‍ ആണോ എന്തോ, അടുത്ത സീനില്‍ ഞാന്‍ കൈകളില്‍ മാങ്ങയുമായി ആ വീട്ടുപടിക്കല്‍. ഒതുക്കുകള്‍ കയറിയതൊന്നും ഓര്‍മ്മയില്ല, പക്ഷെ കാക്ക കൊത്തിയതും പുഴു കടിച്ചതുമായ മാങ്ങകളൊക്കെ സുരക്ഷിതമായി അവരുടെ മുന്‍പടിയില്‍ നിരത്തി വെച്ചു തിരിയുമ്പോള്‍ ,

                                                                       "ടീ " 

എന്നൊരു അശരീരി കേട്ടത് ഇന്നും നല്ല ഓര്‍മ്മ... ഈ നിരപ്പലക കതകുകള്‍ക്ക് ഒരു ദോഷമുണ്ടേ, അപ്പുറത്ത് നില്‍ക്കുന്നവര്‍ക്ക് ഇപ്പുറത്തേക്ക് നല്ല പനോരമിക് വ്യൂ ആണ്... എന്തോ കാര്യത്തിനു അതിലെ പോയ ആയമ്മ ആ കൃത്യ സമയത്ത് തന്നെ പുറത്തേക്കു ഒളിഞ്ഞു നോക്കുമെന്ന് ഈ പാവം ഞാന്‍ അറിഞ്ഞില്ല!

                      നാട് കിടുങ്ങുന്ന നല്ല അസല് വോള്യത്തില്‍ 2-3 ചോദ്യങ്ങള്‍ എന്നോട്.... ചെറിയ ചില ശീത സമരങ്ങള്‍ അയല് പക്കവുമായി ഉള്ള ആയമ്മക്ക്  ,ഞാന്‍ ഈ ദുഷ്ടപ്രവര്‍ത്തി ഏതു അയല്‍രാജ്യത്തീന്നു കൈക്കൂലി വാങ്ങി ചെയ്തതാന്ന് അറിയണം...(!) ആരുടെ ചാര ആണെന്ന് ഉള്ള ചോദ്യത്തിന് അമ്മയാണെ സത്യം എനിക്ക് ഒന്നും ഓര്‍മ്മയില്ല എന്ന് താണ്‌കേണു പറഞ്ഞു നോക്കി. ആര്‍ക്കോ ആരുടെയോ നല്ല പുളിച്ചത്‌ കേള്‍ക്കുന്നണ്ടല്ലോ,കണ്ടു രസിച്ചേക്കാം എന്ന മുഖഭാവത്തില്‍ വെളിയില്‍  വന്ന അമ്മ ഞെട്ടി . അപ്പോളേക്കും ഒരു കുഞ്ഞു ലോക്കല്‍ ജനക്കൂട്ടം അവിടെ ,ചിലര് കാണാന്‍, ചിലരൊക്കെ ഒന്നും മനസിലാകാതെ. എന്‍റെ  അമ്മയ്ക്ക് ഏതാണ്ടൊക്കെ പിടി കിട്ടി, പക്ഷെ അമ്മയ്ക്ക് ക്ഷമ പറയാനാകും മുന്‍പ്  തന്നെ ആയമ്മയുടെ  ' ശത്രു രാജ്യം ' ചാടിയൊരു ഇറങ്ങല്‍ - " നിങ്ങളിത്ര പറയാനെന്താ പാവം ആ കുഞ്ഞു,നിങ്ങടെ മാങ്ങ നിങ്ങള്‍ക്കിരിക്കട്ടെ ..വെറുതെ തറയില്‍ വീണു പോകണ്ടല്ലോ എന്ന് കരുതി എടുത്തു പടിക്കല്‍ കൊണ്ട് തന്നതും പോര..അവളെ ചീത്തയും പറയുന്നോ!!!!! " പിന്നെ അവിടെ നടന്നതൊന്നും എഴുതാന്‍ നിവര്‍ത്തിയില്ല.., മാത്രമല്ല അടിയുടെ ഫോക്കസ് മാറിയതും ഞാന്‍ അവിടെ നിന്നും സ്കൂട്ട് ആയി.

          ഇപ്പൊ ഇണങ്ങും ഇപ്പൊ ഇണങ്ങും എന്ന മട്ടിലിരുന്ന ചെറിയ ശീത സമരത്തെ, വല്ലാത്ത ചൂടുള്ള പബ്ലിക്‌ അടിയാക്കിയതിനു അന്ന് വൈകിട്ട് അമ്മയുടെ കയ്യില്‍ നിന്നും നല്ലത് കിട്ടിയെന്നത് വേറെ കാര്യം... പക്ഷെ സത്യായിട്ടും - അമ്മയാണെ സത്യം- ആ ചോറ് കാത്തിരുന്ന സമയത്ത് എന്ത് കാര്യത്തിനാ ഞാന്‍ ആ പണി ചെയ്തതെന്ന് ഇന്നും എനിക്ക് പിടി കിട്ടീട്ടില്ല... പാവം ഞാന്‍. :)
 

Friday, April 12, 2013

ഓർമ്മകളിൽ ചില വിഷു കൈനീട്ടങ്ങൾ


        ഏപ്രിൽ - ഉത്സവങ്ങളുടെ,ആഘോഷങ്ങളുടെ ,അലസതയുടെ മാസം . കുട്ടിക്കാലത്ത് ഏപ്രിലിലാണ് അച്ഛന്റെ നാട്ടിലേക്ക് ഞങ്ങളെ മൂന്നാളെ യും കെട്ട് കെട്ടിക്കുക. ഒരു മാസം അവിടെ തന്നെ , അച്ഛനും അമ്മയും സമാധാനം എന്തെന്ന് അറിയുന്ന ഒരേ ഒരു മാസം. മെയ്‌ തുടങ്ങുമ്പോ തന്നെ തിരികെ എത്തും അപ്പോളാണ് അമ്പലത്തിലെ ഉത്സവം. മിക്കവാറും എല്ലാ വിഷുവും അപ്പൂപ്പനോടും അമ്മൂമ്മയോടും കൂടിയാണ് ആഘോഷിച്ചിട്ടുള്ളത്, പത്താം ക്ലാസ്സ്‌ വരെ.

       വിഷുവിനു ഏറ്റവും വലിയ അട്രാക്ഷൻ കയ്യിൽ  തടയുന്ന തുട്ടു തന്നെ. അച്ഛനും അമ്മയും തരുന്ന പതിവൊന്നുമില്ല... രാവിലെ തന്നെ കുളിച്ചു അമ്പലത്തിലൊക്കെ പോയി അടുത്തൊക്കെയുള്ള വീട്ടിലൊക്കെ ഒന്ന് കയറിയിറങ്ങും. സാധാരണ ആയി എല്ലാവരും തരുന്നത് ഒരു രൂപയാണ്,അപ്പൂപ്പനും അമ്മൂമ്മയും കൂടി ഒരു രൂപയുടെ തുട്ടു തരും.

      അടുത്ത വീട്ടിലെ ചേച്ചീടെ കല്യാണം കഴിഞ്ഞത് ഏപ്രിൽ ആദ്യം - അപ്പൊ കന്നി വിഷുവിനു തലേന്നേ വിരുന്നെത്തി ചേച്ചീം പുത്യ ചേട്ടനും. ചേച്ചിക്ക് പിന്നെ ഒന്നും അറിയേണ്ടി വന്നില്ല ,ചേട്ടായിക്കു വെള്ളം ദാഹിക്കുന്നുണ്ടോ എന്ന് ഒരു ഡൌട്ട് തോന്നുമ്പോളെ അതാ വരുന്നു വെള്ളവുമായി ഒരു ഫ്രോക്കുകാരി. ചേട്ടായിക്ക് ചായ ,ചേട്ടായിക്ക് ഒഴിച്ച് കറി , ചേട്ടായിക്ക് കുളത്തിലേക്ക് വഴികാട്ടി..

 അങ്ങനെ എന്തിനെറെ പറയുന്നു. പിറ്റേ ദിവസം വിഷു കൈനീട്ടത്തിന്റെ ടൈം . കൃത്യമായി അവിടെ എത്തിയിട്ട്, ഇതിലൊന്നും ഒരു ഇന്ടറസ്ടും  ഇല്ലാത്തത് പോലെ നമ്മൾ അതിരിങ്കൽ നില്ക്കണ പൂക്കളെ നിരീക്ഷിക്കുന്നു.... ആ വീട്ടില് ഒരു 3-4 പേരുണ്ട് കൈനീട്ടം വാങ്ങാൻ. ആദ്യമേ ചേട്ടായി ചേച്ചിയോട്, "അല്ല നമ്മുടെ കൊച്ചു എവിടെ? "  ചോദിക്കുന്നുണ്ട് . കേള്‍ക്കാത്ത  ഭാവത്തിൽ പൂവിന്റെ മണം ആഞ്ഞു വലിക്കുന്ന നമ്മളാരാ പുള്ളി . ചേട്ടായി കയ്യിലേക്ക് വെച്ച് തന്നത് അഞ്ചിന്റെ പുത്തൻ നോട്ട് . അന്ന് വരെ കിട്ടിയ വിഷു കൈനീട്ടത്തിൽ എറ്റവും വലുത്, ഒരു പക്ഷെ ഇന്ന് വരെ കിട്ടിയതിലും.

ആ ചേട്ടായിനെ പിന്നീടു കണ്ടിട്ടെയില്ല... , പിന്നെയുള്ള അവധി കാലങ്ങളിൽ അവരുടെ വരവും നമ്മുടെപോക്കും ഏകദേശം ഒരേ സമയം. പിന്നെ പഠിത്തത്തിന്റെ ഗതിയും ദിശയും മാറിയപ്പോൾ, വിഷു ഒരു ദിവസം ആയി ചുരുങ്ങി... വെക്കേഷനുകൾ ഇല്ലാതെയായി .

അമ്മൂമ്മയും അപ്പൂപ്പനുമായി ആഘോഷിച്ചിരുന്ന, ഒരു രൂപയ്ക്ക് ഒരു പാട് വിലയുണ്ടായിരുന്ന ആ വിഷുക്കാലതിന്റെ ഓർമ്മയ്ക്കായി...