Sunday, November 29, 2020

രുചിയോർമ്മകൾ 04 - നാരങ്ങാനീര് ചേർത്ത് ചുട്ട, ഉപ്പും മുളകും പുരട്ടിയ കോൺ

രുചിയോർമ്മകൾ അഥവാ ആളോർമ്മയുടെ രുചിഭേദം - നാരങ്ങാനീര് ചേർത്ത് ചുട്ട ഉപ്പും മുളകും പുരട്ടിയ  കോൺ 


 തമിഴ്‌നാട്ടിൽ MTech   ചെയ്യുന്ന സമയത്ത് തൊട്ടടുത്ത റൂമിൽ ഉണ്ടായിരുന്നത് ഫാഷൻ ടെക്നോളജിയിൽ ബിടെക് ചെയ്യുന്ന കുറച്ചു കുട്ടികളായിരുന്നു. "ചേച്ചീ എന്നാ ചേച്ചീ"  ന്നു പിന്നാലെ കൂടിയിരുന്ന അവരിലാരുമായും കഴിഞ്ഞ കുറച്ചു കൊല്ലങ്ങളായി ഒരു കോണ്ടാക്റ്റും ഇല്ല. പക്ഷേ ഇടയ്ക്കിടെ ഓർക്കും ഭാനു, ഭുവന, അശ്വിനി, സെൽവി ... അതിലെ സെൽവിയെക്കുറിച്ചാണ് ഇന്നത്തെ ഓർമ്മ - മൂക്കുത്തിയിട്ട , നെറ്റിയിലും തള്ളവിരലിനു പുറകിലും കുടുംബചിഹ്നം പച്ചകുത്തിയ ഒരുവൾ. ടെക്സ്റ്റൈൽ  ടെക്നോളജി ഡിപ്ലോമ കഴിഞ്ഞു എഞ്ചിനീറിംഗിന്  ലാറ്ററൽ എൻട്രിയിൽ കയറിയ ആളാണ് സെൽവി. പഠിക്കുന്ന വിഷയത്തിൽ അതിഗംഭീരമായ അറിവും കഴിവും ഉള്ളയാൾ. ഫാഷൻ ഡിസൈനിങ്ങ് എന്ന വിഷയത്തിന് വേണ്ട ക്രിയേറ്റിവിറ്റി ജന്മനാ ഉള്ളവൾ - അല്ലെങ്കിലും ഈറോഡിലെ  കൈത്തറികളുടെ ശബ്ദം താരാട്ടു കെട്ടുറങ്ങിയവൾക്ക് തുണിയും നൂലും ജീനുകളിൽ ഇഴ ചേർന്നില്ലെങ്കിലേ അതിശയമുള്ളൂ. ഒരുകാര്യത്തിൽ മാത്രം സെൽവി പിന്നോക്കം പോയിരുന്നുള്ളു അത് ഉത്തരങ്ങൾ എഴുതി ഫലിപ്പിക്കേണ്ട ഇംഗ്ലീഷ് ഭാഷയിലായിരുന്നു. ഡിപ്ലോമ വരെയും തമിഴ് മീഡിയത്തിൽ പഠിച്ച ഒരു കുട്ടിക്ക്  അതുവരെ പഠിച്ചതൊക്കെയും ഇംഗ്ലീഷിൽ എഴുതി ഫലിപ്പിക്കുക എന്നത് ആദ്യ സെമെസ്റ്റെറിലൊക്കെ അവളെ ശരിക്കും കഷ്ടപ്പെടുത്തി. എന്നിട്ടും ആദ്യ മൂന്നു റാങ്കുകളിലൊന്നിൽ അവൾ എത്തുമ്പോൾ അതൊക്കെ അഭിമാനപൂർവം പറയുമ്പോൾ "അമ്മാവുക്ക് ഹാപ്പിയായിടുംചേച്ചി" എന്ന് ചിരിയോടെ പറയുമ്പോൾ ഞാനും എന്റെ അമ്മയെ ഓർക്കാറുണ്ടായിരുന്നു.  


അവിടെ കോളേജിൽ എല്ലാ തിങ്കളാഴ്ചയും ഇന്റെർണൽ എക്സാം എന്ന കുരിശുണ്ടായിരുന്നത് കൊണ്ട് ദീപാവലി, പൊങ്കൽ, സെമസ്റ്റർ ബ്രേക്ക് ഇത്യാദികൾക്കെ ഞങ്ങൾ അന്യസംസ്ഥാനക്കാർ വീട്ടിലേക്ക് പോയിരുന്നുള്ളു. ഇവരൊക്കെ ഇടയ്ക്കിടെ വീട്ടിൽ പോകുമ്പോൾ ഞങ്ങൾ മലയാളി പുള്ളകൾ ഹോസ്റ്റലിലെ ശൈവ ഭക്ഷണവും അടിച്ചു ഇന്റർനാഷണൽ സ്റ്റുഡന്റസ് കുറച്ചുപേരുണ്ടായിരുന്നവർ എടുത്തുകൊണ്ടുവരുന്ന കൊറിയൻ പടങ്ങളുടെ ഡിവിഡിയും കണ്ടു ദിവസങ്ങൾ തള്ളി നീക്കമായിരുന്നു. മൂന്നാം സെമസ്റ്റർ തീരാനായ സമയം ഇനിയും ഞങ്ങൾ എംടെക്കുകാർ 1 -2 മാസം കൂടിയേ ക്യാംപസിൽ ഉള്ളൂ. അവസാന സെമസ്റ്റർ പ്രോജക്ടാണ് പലരും പല വഴിക്ക് പിരിഞ്ഞു പോകുന്ന സമയം -  എന്തായാലും അപ്രാവശ്യം രണ്ടു ദിവസത്തേക്കുള്ള അവധിക്ക് പോകുമ്പോൾ പിടിച്ച പിടിയാലേ സെൽവി എന്നെയും അഞ്ജന എന്ന റൂം മേറ്റിനെയും അവളുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഈറോഡ് ബസ്സ്റ്റാൻഡിൽ ഇറങ്ങി കുറെയേറെ നേരം കാത്തുനിന്നിട്ടാണ് അവളുടെ ഗ്രാമത്തിലേക്കുള്ള വണ്ടി വന്നത്. ആകെ കുറച്ചു വണ്ടികളേ ഉള്ളൂ അവളുടെ വീടിന് അടുത്തുവരെ എത്തുന്നവ. ചെമ്മണ്ണ് പറക്കുന്ന വഴി, രണ്ടുവശത്തും ചോളപ്പാടങ്ങൾ  - വൈകുന്നേരത്തോടെ  ഒരു ആൽമരത്തിനു ചുവടെ   വണ്ടിയിറങ്ങുമ്പോഴേക്കും സെൽവിയുടെ തൊട്ടുതാഴെയുള്ള അനിയത്തിയും സ്‌കൂളിൽ പഠിക്കുന്ന കുഞ്ഞനിയനും ജംക്ഷനിൽ എത്തിക്കഴിഞ്ഞിരുന്നു. 

അവിടെ നിന്നും അവളുടെ വീട് വരെ നടന്നെത്തുന്ന ദൂരം മുഴുവൻ നാട്ടുകാരിൽ പലരും വീടുകളിൽ നിന്നും എത്തിയോ എന്നും കൂടെയാരാ എന്നും ചോദ്യങ്ങളും ഉറക്കെയുറക്കെ ഉത്തരങ്ങൾ പറഞ്ഞുപറഞ്ഞും  ഞങ്ങളാ വീട്ടിൽ ചെന്ന് കയറി. അവിടെ അവളുടെ ഹീറോ- സെൽവിയുടെ 'അമ്മ മണ്ണുമേഞ്ഞ വീടിന്റെ പുറത്തേക്ക്  തള്ളിനിൽക്കുന്ന ചായ്പ്പ് പോലെയൊന്നിൽ ഉള്ള തറിയിൽ 'ടകേ  -ടക് ' എന്ന് ഊടും പാവും നെയ്യുന്നുണ്ടായിരുന്നു.കയ്യും കാലും കൊണ്ട് അങ്ങനെ ചെയ്യുന്നത് നോക്കി നിൽക്കുന്നത് പോലും കലയാണ് -പക്ഷേ അവൾ പറഞ്ഞു അറിയാം അവരാ ചെയ്യുന്നതിന്റെ , ചിലവാക്കുന്ന അദ്ധ്വാനത്തിന്റെ പകുതി പോലും അവർക്ക് പ്രതിഫലമായി കിട്ടില്ല. അവളുടെ ചുറ്റുവട്ടത്തുള്ള അയൽക്കാർക്കും ബന്ധുക്കൾക്കും ഒക്കെയുണ്ട് ഒന്നോ രണ്ടോ തറികൾ വീട്ടിൽ തന്നെ . എല്ലാവരുടെയും അവസ്ഥയും ഇത് തന്നെ. വാതിൽ ചേർത്തടയ്ക്കാവുന്ന ഒറ്റ മുറി മാത്രമുള്ള, നീളൻ വരാന്തയും   തുറന്ന ഹാളും ഉള്ള വീടായിരുന്നു അത്. ഇപ്പുറത്തെ തറിച്ചായ്‌പ്പ് പോലെ അപ്പുറത്ത് അടുക്കള. ഞങ്ങൾ വരുന്നത് പ്രമാണിച്ചു അന്നവിടെ സ്‌പെഷ്യൽ  "മീൻ കുളമ്പ് " ഉണ്ട് രാത്രിയിലേക്ക് കാണാൻ ജാക്കിച്ചാന്റെ ഒരു പടത്തിന്റെ തമിഴ് മൊഴിമാറ്റ തിരൈപ്പടത്തിന്റെ ഡിവിഡിയും എടുത്തിട്ടുണ്ട്! 

ചെന്നുകഴിഞ്ഞു ഒരു ചായയും കുടിച്ചു  അവളോടൊപ്പം അനിയൻ - അനിയത്തിമാരെയും കൂട്ടി നാടുകാണാനിറങ്ങി. ആ ഗ്രാമത്തിലെ ഇടുങ്ങിയ വഴികളിൽ കോടി നടക്കുമ്പോൾ ചുറ്റിനും നിന്നും കേൾക്കുന്നത് മുഴുവൻ തറിയുടെ ശബ്ദമാണ്. പിന്നീടു പല സിനിമകളിലും ഇതുപോലെ രംഗങ്ങളിൽ ഞാനാ നടപ്പ് ഓർക്കാറുണ്ട്. അന്നാണ് ആദ്യമായി ഒരു
"പട്ടിമണ്റം" (ആൾക്കൂട്ട ഡിബേറ്റ്)   നേരിട്ട് കേൾക്കുന്നത് /കാണുന്നത്. ഒരുവിഷയത്തിനെക്കുറിച്ചുള്ള ഡിബേറ്റ് പലരും സംസാരിച്ചു മുന്നേറുന്നു , തിരികെ നടക്കുംവഴി വീടിനു തൊട്ടടുത്ത് എത്തിയപ്പോൾ അവളൊരു ചോളപ്പാടത്തേക്ക് ഇറങ്ങി അവിടെ നിന്നും അഞ്ചാറ് ചോളം തണ്ടോടു കൂടി ഒടിച്ചെടുത്തു. വീട്ടിലെത്തിയപാടെ ആ പെടയ്ക്കണ ഫ്രഷ് കോണിനെ നാരങ്ങാനീര് പുരട്ടി തീയിൽ ചുട്ടു ഉപ്പും മുളകുപൊടിയും ചേർത്ത് കൈയിലേക്ക് തന്നു - കടിക്കുമ്പോൾ ഓരോ കടിയിലും കോണിന്റെ മധുരവും നാരങ്ങയുടെ പുളിപ്പും ചുട്ടത്തിന്റെയാ കയ്പ്പും ഉപ്പും മുളകും എല്ലാം ചേർന്ന് വായിൽ കപ്പലോട്ടും... ഇപ്പോഴും .... ഇവിടെ കോൺ കാണുമ്പോൾ ഞാൻ സെൽവിയേയും  ആ ഗ്രാമത്തെയും അവളുടെ അമ്മയെയും ഓർക്കും! 

================================================================================


പാട്ടുകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഞാൻ ആളുകളുമായി ബന്ധപ്പെടുത്തി ഓർക്കുന്ന ഒന്നാണ് ഭക്ഷണം... അല്ല! അങ്ങനെ അല്ല പറയേണ്ടത്, ചില രുചികളുമായി ചേർത്താണ് ചിലർ എന്നിൽ ഓർമ്മകളിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്നത്. എനിക്കേറ്റവും പ്രിയപ്പെട്ടവർ മുതൽ ജീവിതത്തിൽ ഒരിക്കൽ മാത്രം കണ്ടവരും ഇനിയൊരിക്കലും കാണാൻ സാദ്ധ്യതയില്ലാത്തവരും ഒക്കെ ചില  രുചികളിലൂടെ, ചില ഭക്ഷണസാധനങ്ങളുടെ കാഴ്ചയിലൂടെ, മണത്തിലൂടെ എന്നിലേക്ക് കടന്നു വരാറുണ്ട്. എന്റെ ദൈനം ദിന ജീവിതത്തിലെ നിമിഷത്തിന്റെ ഒരു പങ്ക് ഇങ്ങനെ ചിലപ്പോഴെങ്കിലും അവരറിയാതെ കട്ടെടുക്കാറുമുണ്ട്.  അങ്ങനെ എന്നെയാരെങ്കിലും ഓർക്കുമോ എന്നെനിക്ക് ഉറപ്പില്ല -എന്നെപ്പോലെ ഇത്തരം ഒരു വിചിത്ര സ്വഭാവമാർക്കേലും ഉണ്ടോ എന്നും അറിയില്ല. എന്റെ ഓർമ്മയിലേക്ക് കയറിയ നൂറു രുചിയോർമ്മകളാണ് ഇന്ന് മുതൽ ഇവിടെ നിങ്ങളോട് പങ്കു വെയ്ക്കുന്നത്! ഇതിൽ പാചക ക്കൂട്ടുകൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കണ്ട കേട്ടോ :)  ചിലതിൽ അറിയുന്നവ ഞാൻ പങ്കുവെയ്ക്കുകയും ചെയ്യാം - പക്ഷേ ഇത് ഭക്ഷണ ഓർമ്മയല്ല - എന്റെ ആളോർമ്മകളാണ്.... തീർത്തും വിചിത്രമായ രീതിയിൽ ഞാൻ ഓർമ്മകളെ ഉണ്ടാക്കുന്ന വിധം!