Friday, September 18, 2015

കുമിളകള്‍

ഓരോരോ കുമിളകളാണ് നാം -
ഉണ്ണിക്കുമിളകള്‍
വര്‍ണ്ണക്കുമിളകള്‍
ഒറ്റക്കുമിളകള്‍
കുമിളക്കുള്‍ക്കുമിളകള്‍ ...

കൂട്ടിമുട്ടേണ്ട താമസം പൊട്ടിച്ചിതറുന്നവ
തമ്മിലൊട്ടിച്ചേരുന്നവ -
ഒന്നിനോടോന്നിനെ ഏറ്റിയെടുക്കുന്നവ ...

ഒരേ ആകാശമാണ് പറന്നു പൊങ്ങാന്‍  -
ഒരേയുറവിടമാണ്  ,
ഒരേ വായുവാണുള്ളില്‍
പക്ഷേ , കുമിളകളാണ് !

ഒറ്റക്കുമിളക്കുള്ളില്‍ ചില
കുഞ്ഞിക്കുമിളകള്‍
തട്ടാതെ , മുട്ടാതെ,  പൊട്ടാതെ
തമ്മിലലിയാതെ

മറ്റൊരു കുമിളയോടോന്നിക്കാന്‍
ഒരു നിമിഷമേ വേണ്ടൂ ,
അലിഞ്ഞൊരു വലിയ കുമിളയാകാവുന്നതേയുള്ളൂ -
പക്ഷേ , വയ്യല്ലോ!

സ്വന്തമായി ഒരു മഴവില്ലുണ്ട് ,
കാറ്റിനൊപ്പം പറന്നാടിയുലയാം,
കുമിളകളായി തന്നെ പൊട്ടാം ,
മണ്ണിലലിയാം , ഇവിടെ ജീവിച്ചിരുന്നു
എന്നാരെയും ബോധിപ്പിക്കാതെ കഴിയാം!


ഞാനൊരു കുമിള മാത്രമാകുന്നു -
സ്വന്തം മഴവില്ലിന്‍റെ
കറുത്ത-വെളുത്ത-ചാരനിറങ്ങളെ
മാത്രമിഷ്ടപ്പെടുന്ന ഒരോട്ടക്കുമിള !