Monday, April 17, 2017

എവിടെയാണ് നമ്മുടെ സ്വന്തം നാട്?

"ഞങ്ങളുടെ നാട്ടില്‍ നിന്നും പുറത്തുപോകൂ" എന്ന് പറഞ്ഞുകൊണ്ട്  തനിക്കുനേരെ  നീണ്ട  തോക്കിനു മുന്നില്‍ നില്‍ക്കുമ്പോള്‍ ശ്രീനിവാസ് കുച്ചിഭോട്ലയ്ക്ക് എന്താകും തോന്നിയിട്ടുണ്ടാകുക? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനസ്സില്‍ വല്ലാത്ത അസ്വസ്ഥത ഉളവാക്കുന്ന സംഭവങ്ങള്‍ ആണ് കേള്‍ക്കുന്നത്. ഫെബ്രുവരി അവസാനം അമേരിക്കയിലെ കാന്‍സാസ് സിറ്റിയില്‍ നടന്ന 'hate crime' വെടിവെയ്പ്പില്‍ ജീവന്‍ നഷ്‌ടമായത് ഒരു ഇന്ത്യക്കാരന് ആയിരുന്നു. മറ്റൊരു ഇന്ത്യന്‍ വംശജനും, രക്ഷിക്കാന്‍ ശ്രമിച്ച ഒരു അമേരിക്കക്കാരനും പരിക്കുകളോടെ ആശുപത്രിയിലാണ്. 
അമേരിക്ക എന്ന സ്വപ്നഭൂമിയില്‍ പഠനമികവിന്‍റെ അടിസ്ഥാനത്തില്‍ ജോലിക്ക് വന്ന ഏതൊരു രാജ്യക്കാരനേയും പോലെ ശ്രീനിവാസിനും സ്വപ്നങ്ങള്‍ ഉണ്ടായിരുന്നിരിക്കണം. സ്വപ്നേപി അദ്ദേഹം കരുതിയിരുന്നിരിക്കില്ല വികസിത രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന അമേരിക്കയില്‍ ആദ്യമായി കാണുന്ന ഒരാളുടെ തോക്കിന്‍ തുമ്പില്‍ തീരാനുള്ളതാണ് തന്‍റെ ജീവിതമെന്ന്, കൂട്ടുകാരനോടൊപ്പം ജീവിതത്തിന്‍റെ ഒരു സന്തോഷ നിമിഷം ആഘോഷിച്ചു കൊണ്ടിരിക്കുമ്പോള്‍ വെറുപ്പിന്‍റെ അങ്ങേ അറ്റത്തുനിന്നൊരു ബുള്ളറ്റ് തന്‍റെ ജീവനെടുക്കുമെന്ന്, വിവാഹത്തിന്‍റെ  അഞ്ചാം വര്ഷം ചെറുപ്പക്കാരിയായ ഭാര്യ , ബന്ധുക്കളാരുമടുത്തില്ലാത്ത ഒരിടത്ത് വെച്ച് വിധവയാകുമെന്ന്.... ജീവിതം എത്ര അനിശ്ചിതത്വം നിറഞ്ഞതാണെന്നും, ഈ വലിയ ലോകത്തിലെ കുഞ്ഞുകുഞ്ഞു അരിമണികളാണ് നമ്മളെന്നും! ഇല്ല ഇതൊന്നും തന്നെ ആ ചെറുപ്പക്കാരന്‍ 'ഒലാതെ' എന്ന സ്ഥലത്തെ ആ ചെറിയ ബാറിലേക്ക് കയറുമ്പോള്‍ ഓര്‍ത്തിട്ടുണ്ടാകില്ല..അദ്ദേഹമെന്നല്ല മറ്റൊരു രാജ്യത്ത് ജീവിക്കുന്നവര്‍ ആരും തന്നെ ഓര്‍ക്കുന്നുണ്ടാകില്ല. 
ഞാനിടയ്ക്ക്  ഇവിടെ അമേരിക്കയില്‍  ജനിച്ചു വളര്‍ന്ന കുട്ടികളെ കാണുമ്പോള്‍ ആലോചിക്കാറുണ്ട്, അവരെ സംബന്ധിച്ച് ഇതാണ് അവരുടെ രാജ്യം, ഇതാണ് അവരുടെ ഗൃഹാതുരത്വം, ഇതാണ് അവരുടെ ഓര്‍മ്മകള്‍ എന്നൊക്കെ. പക്ഷേ, കഴിഞ്ഞ പത്തിരുപത് ദിവസത്തിനുള്ളില്‍ അമേരിക്കയില്‍ നിന്നും  കേള്‍ക്കുന്ന ചില കഥകള്‍  പ്രസക്തമായ ഒരു ചോദ്യമാണ് തൊടുത്തു വിടുന്നത്. "ഏതാണ് നമ്മുടെ തട്ടകം" - അഥവാ "where do we belong!".
 ലോകം കൈപ്പിടിയില്‍ ഒതുന്നുങ്ങത്ര ചെറുതായിക്കൊണ്ടിരിക്കുമ്പോള്‍, രണ്ടു വ്യത്യസ്ത ഭൂഖണ്ഡങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ ഒരു വിരല്‍ത്തുമ്പില്‍ അറിയുമ്പോള്‍, അച്ഛനുമമ്മയും മക്കളും പല രാജ്യങ്ങളിലെ പൌരത്വം സ്വീകരിച്ച് ഒരേ കൂരയ്ക്കു കീഴില്‍ ഒരുമിച്ചു താമസിക്കുമ്പോള്‍ ഏതാണ് ശരിക്കും നമ്മുടെ നാട്? എവിടെയാണ് നമ്മള്‍ നമ്മളാകുന്നത്? ഏത് അതിര്‍വരമ്പുകളാണ് നമ്മളെ ഒരു ഭൂമികയ്ക്ക് അപരിചിതരാക്കുന്നത്? ഭയപ്പെടുത്തുന്നതും, ആശങ്ക ജനിപ്പിക്കുന്നതുമായ ഇത്തരം ചിന്തകള്‍ക്ക് കൃത്യമായ ഉത്തരമില്ലെങ്കില്‍ക്കൂടി ജീവിതത്തിന്‍റെ നല്ലൊരു ഭാഗം മറ്റൊരു രാജ്യത്ത്, സംസ്കാരത്തില്‍, ജീവിത സാഹചര്യങ്ങളില്‍ ജീവിക്കേണ്ടി വരുന്നവര്‍ക്ക് ഇവിടം ഞങ്ങളുടേത് കൂടിയാണെന്ന് ഒരുറക്കെപ്പറച്ചില്‍ ആശ്വാസം നല്‍കിയേക്കും. 
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പുകണ്ട ചിത്രമാണ് "My name is Khan, and I'm not a terrorist". ചിത്രത്തില്‍ ഷാരൂക് ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ മതവിശ്വാസത്തിനോടുള്ള കുറച്ചു കുട്ടികളുടെ  വെറുപ്പാണ് വളര്‍ത്തുപുത്രന്‍റെ മരണത്തിനു കാരണമാകുന്നത്. ഭാര്യ പോലും നിങ്ങളുടെ മതമാണ്‌ മകന്‍റെ ജീവനെടുത്തത് എന്ന് കുറ്റപ്പെടുത്തുമ്പോള്‍ ഒരാളുടെ സത്വം പേരിനും,മതത്തിനും, ദേശത്തിനും അതീതമാണ് എന്ന് കാണിക്കാന്‍ ഖാന്‍ നടത്തുന്ന യാത്രയാണ്‌ ചിത്രത്തിന്‍റെ ആത്മാവ്. ജനിച്ചത് മറ്റൊരിടതാണ് എന്ന കാരണത്താല്‍ മാത്രം സ്വന്തമെന്നു പറയാന്‍ കഴിയാത്ത ഒരിടത്ത് സ്വപ്‌നങ്ങള്‍ സാധ്യമാക്കാന്‍ വേണ്ടി ജീവിക്കുന്നവരില്‍പ്പെട്ടവരാണ്  ഞാനുള്‍പ്പെടെ ഉള്ളവര്‍. അതുകൊണ്ട് തന്നെ ഏതു രീതിയിലാണ്‌ ഓരോ രാജ്യത്തേയും തങ്ങളുടെ ആത്മാവിലേക്ക് കൂട്ടിച്ചേര്‍ക്കേണ്ടതെന്നു സാരമായ സംശയവും ഇപ്പോഴുണ്ട്. 
ഇത്രയുമൊക്കെ ചിന്തകള്‍ ഇവിടുത്തെ ജീവിതം സമ്മാനിക്കുന്നു എന്ന് ഞാന്‍ ആവലാതിപ്പെടുമ്പോള്‍ത്തന്നെ  'ഇന്ത്യ' എന്ന ഞാന്‍ ജനിച്ചു വളര്‍ന്ന രാജ്യത്തില്‍ നിന്നു കേള്‍ക്കുന്ന ചില 'അവനവനിസ'ത്തെ കുറിച്ചുകൂടി പറയാതെ തരമില്ല! ഇന്ത്യന്‍ പൌരന്‍ ആയിരിക്കെത്തന്നെ സ്വന്തം അവകാശങ്ങളെ കുറിച്ചോ, വിശ്വാസങ്ങളെക്കുറിച്ചോ, താല്‍പര്യങ്ങളെക്കുറിച്ചോ   സംസാരിക്കേണ്ടി വന്നാല്‍ "മറ്റൊരു രാജ്യത്തേക്ക് പൊക്കോളൂ" എന്ന് കേള്‍ക്കേണ്ടി വരുന്നത് ഒട്ടും സുഖമുള്ള കാര്യമല്ല എന്ന് സങ്കടപ്പെടുന്ന കൂട്ടുകാരോട് കൂടെ സങ്കടപ്പെടാന്‍ മാത്രമേ കഴിയുന്നുള്ളൂ. എന്‍റെ ഇന്ത്യ അങ്ങനല്ല എന്ന് പറയണമെന്നുണ്ട് - എന്നാല്‍ അതേ ചിന്തയുടെ മറുമുഖങ്ങള്‍ മറ്റൊരു ഭൂഖണ്ടത്തിലിരുന്നു കാണുമ്പോള്‍ വീണ്ടും വീണ്ടും സങ്കടത്തിനൊപ്പം ചേരാനേ കഴിയുന്നുള്ളൂ.....
 ഈ കോളം 'ജനുവരി'യില്‍ എഴുതിത്തുടങ്ങുമ്പോള്‍ മനസില്‍ കരുതിയിരുന്നു,  ഒന്ന് ചിരിക്കാന്‍ പറ്റുന്ന എന്തെങ്കിലുമൊന്നു സമ്മാനിച്ചു വേണം ഓരോ മാസവും എഴുതി നിര്‍ത്താനെന്ന്‍! ഇന്നത്തെ ചിന്ത എവിടെക്കൊണ്ട് കെട്ടിയാലാണ് ആശ്വാസത്തിന്‍റെ ചിരി സമ്മാനിക്കാന്‍ ആകുക എന്നറിയില്ല. നമ്മുടെ മക്കളോട് പറഞ്ഞു പഠിപ്പിക്കാന്‍ ഒരു ചിന്ത പറഞ്ഞു നിര്‍ത്തുന്നു - "ജാതിയുടേയോ, നിറത്തിന്‍റെയോ, ദേശത്തിന്‍റെയോ പേരില്‍ ആരെയും വെറുക്കാതിരിക്കുക, സ്നേഹിക്കാന്‍ ആയില്ലെങ്കിലും!" ഭൂമിയ്ക്ക് പുറത്തും ജീവന്‍ കണ്ടുപിടിച്ച വാര്‍ത്തകള്‍ വരുമ്പോള്‍ രാജ്യത്തിന്‍റെ മതില്‍ക്കെട്ടുകള്‍, ഭൂഖണ്ഡങ്ങളുടെ അതിര്‍വരമ്പുകള്‍, കാണാത്ത ലോകങ്ങളുടെ ആചാരങ്ങള്‍ ഒക്കെ 3D യില്‍ നിന്നും മാറി പലപല മാനങ്ങളിലൂടെ സഞ്ചരിക്കേണ്ടിയിരിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങള്‍ മറ്റൊരു ഗ്രഹത്തിനെയും ഭൂമിയെപ്പോല്‍ സ്നേഹിക്കട്ടെ!
 നാമെവിടെ ജീവിക്കുന്നുവോ അതാകട്ടെ നമ്മുടെ നാട്!നാമെവിടെ മരങ്ങള്‍ നടുന്നുവോ അതാകട്ടെ...., നാമേത് വെള്ളം കുടിക്കുന്നുവോ, ഏതു മഴ നനയുന്നുവോ, ഏതു വെയില്‍,കാറ്റ്, മഞ്ഞു കൊണ്ടു ജീവിക്കുന്നുവോ അതാകട്ടെ നമ്മുടെ സ്വന്തം! അതേ കാര്യങ്ങള്‍ ചെയ്യുന്ന അയല്‍ക്കാരനും ഇതവരുടെ സ്വന്തമാണെന്ന് നമുക്ക് ചിന്തിക്കാന്‍ കഴിയട്ടെ! കേരളത്തില്‍ ജോലി ചെയ്യുന്ന ബംഗാളിയും, ഗള്‍ഫില്‍ ജോലി ചെയ്യുന്ന മലയാളിയും, അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരനും ഒരേപോല്‍ സ്നേഹിക്കപ്പെടട്ടെ! 
അതിര്‍ത്തികളില്ലാത്ത ലോകം സൊപ്പനം കണ്ടുകൊണ്ട്,
ഒരു ചെറിയ മനുഷ്യത്തി!
===============================================================
ഇ-മഷി 2017 മാര്‍ച്ച്‌ ലക്കം 


Wednesday, February 22, 2017

പ്രണയിക്കാം നമുക്ക്!ഫെബ്രുവരി 14 - വാലെന്റൈന്‍സ്‌ ഡേ - സ്നേഹത്തിന്‍റെ/പ്രണയത്തിന്‍റെ/  ദിവസം. ആശംസകളോടെ തന്നെ തുടങ്ങാം! ഈ കുറിപ്പ് വായിക്കുന്ന എല്ലാവര്‍ക്കും പ്രണയദിന/ സ്നേഹദിന ആശംസകള്‍. ഇപ്പോള്‍ നിങ്ങള്‍ക്ക് മനസില്‍ എങ്കിലും തോന്നിയില്ലേ, പ്രണയദിനം കാമുകീകാമുകന്മാര്‍ക്ക് ഉള്ളതല്ലേ, അല്ലെങ്കില്‍ പ്രണയിക്കുന്നവര്‍ക്ക് മാത്രം ഉള്ളതല്ലേയെന്ന്‍? ആ ചോദ്യത്തിനെ 'നമ്മള്‍ ചെറിയ മനുഷ്യരു'ടെ 'ഠാ' വട്ടത്തില്‍ നിന്നും, ആ 'വലിയ ലോക'ത്തിന്‍റെ വിശാലതയിലൂടെ  നമുക്കൊന്ന് കടത്തിവിട്ടാലോ?

പ്രണയത്തിന്‍റെ ആലങ്കാരികതകള്‍ യുവത്വത്തിനു മാത്രമേ ചേരൂ എന്നോര്‍ക്കുന്നവരോട് ഒരു ചോദ്യം - എന്നാണ് നിങ്ങള്‍ മറ്റൊരാളോട് 'ഇഷ്ടമാണ്' എന്ന് അവസാനമായി പറഞ്ഞത്? എന്നാണ് നിങ്ങളോട് ഒരാള്‍ 'നിന്നോടെനിക്ക് പ്രണയമാണ്/ഇഷ്ടമാണ്' എന്ന് പറഞ്ഞത്? ഒത്തിരിയൊത്തിരി രാപ്പകലുകള്‍ക്ക് അപ്പുറം...., ഓര്‍മ്മയ്ക്കും പിടി കിട്ടാത്ത അത്രയും നാളുകള്‍ക്ക് അപ്പുറമാണ് ഈ ചോദ്യത്തിനുത്തരം എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഈ ലേഖനം മുഴുവന്‍ വായിക്കണം.

ഓരോരുത്തരുടെ ഉള്ളിലും ഒരു കൊച്ചുകുഞ്ഞും, പ്രണയിതാവും ഒളിച്ചിരിക്കുന്നു എന്നാണു പറയപ്പെടുന്നത്. എത്ര മുതിര്‍ന്നാലും ചില നേരങ്ങളില്‍ നമ്മളിലെ കുഞ്ഞുമനസ്സ് നമ്മളറിയാതെ പുറത്തു ചാടും. ചിലപ്പോള്‍ മക്കളോ, കൊച്ചു മക്കളോ, അപ്പോള്‍ കാണുന്ന ഒരു ഐസ്ക്രീംവില്‍പ്പനക്കാരനോ പോലും നമ്മളെ ഓര്‍മ്മകളിലേക്ക് കൊണ്ടുപോയി ഒരു കുഞ്ഞാക്കാന്‍ സാധിക്കും. ചിലര്‍ വളരെ മനോഹരമായി അതിനെ ഉള്ളില്‍ത്തന്നെ സൂക്ഷിച്ച്, പുറമേക്ക് പ്രായത്തിന്‍റെ ഇല്ലാമൂടുപടച്ചിരി അണിയും. മറ്റു ചിലര്‍, ഇത്തരം നിമിഷങ്ങളെ നമ്മള്‍ നഷ്ടമാക്കാനേ പാടില്ല എന്ന തിരിച്ചറിവില്‍ കുട്ടികള്‍ക്കൊപ്പം മറ്റൊരു കുഞ്ഞാകും, കോണ്‍  ഐസ്ക്രീം വാങ്ങി ഒലിച്ചിറങ്ങുന്ന രുചിയെ ഒരുതുള്ളി താഴെ വീഴാതെ  നക്കിയെടുത്ത് ആസ്വദിക്കും! ജീവിതം ഒരു കുഞ്ഞിന്‍റെ കണ്ണിലൂടെ നോക്കിയാല്‍ എത്രമാത്രം കൌതുകകരവും, രസകരവും ആണെന്ന് നിങ്ങള്‍ക്ക് തോന്നാറില്ലേ?

പ്രണയവും അങ്ങനെ തന്നെയല്ലേ? പ്രണയത്തില്‍ ഉള്ളവരെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല - ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്, അവരാണീ ലോകത്തില്‍ ഏറ്റവും സുന്ദരന്മാര്‍/സുന്ദരിമാര്‍! അവരെ അങ്ങനെ ലോകോത്തര സുന്ദരീ സുന്ദരന്മാര്‍ ആക്കുന്നത് അവരുടെ പ്രണയം ആണ്. ഒരാള്‍ നമ്മളെ ഇഷ്ടപ്പെടുന്നുണ്ടെന്നുള്ള, നമ്മളുടെ ചിരികള്‍ക്കായി കാത്തിരിക്കുന്നുണ്ടെന്നുള്ള മനോഹരമായ ഓര്‍മ്മപ്പെടുത്തല്‍ അവരെ മൊഞ്ചന്മാരും മൊഞ്ചത്തികളുമാക്കുന്നു! ഇത്തവണത്തെ വാലന്‍ന്റൈന്‍സ് ദിനത്തിന് നമുക്കാ പ്രണയത്തിനെ കണ്ടെത്താം, എന്നിട്ട്  ഉറക്കെ പറയാം - "I love you!-എനിക്ക് നിന്നോട് പ്രണയമാണ്! - മുത്സേ തുംസെ ബഹുത് പ്യാര്‍ ഹൈ! - നാന്‍ ഉന്നൈ കാതലിക്കിറേന്‍!!" 

  പക്ഷേ, വെയിറ്റ് വെയിറ്റ്!!   ഇനിയാണ് മില്യന്‍ ഡോളര്‍ ചോദ്യം - പ്രണയിക്കാന്‍ ആരുമില്ലാത്തവര്‍ക്ക് ഈ തിയറി എങ്ങനെ ബാധകമാകും? ആരോട് പറയും? പലപ്പോഴും പറഞ്ഞു കേള്‍ക്കാറുണ്ട്, പണ്ട് പണ്ട് പ്രണയിച്ചിരുന്നു നമ്മള്‍ എന്ന്! അങ്ങനൊരു കാലമെന്ന്,..! പണ്ട് നമ്മളിങ്ങനെ ആയിരുന്നില്ല എന്ന്...! 

ഞാനിനി പറയുന്ന കാര്യം ശ്രദ്ധിച്ചു  കേള്‍ക്കണം കേട്ടോ - ഇത് ആ സംശയക്കണ്ണോടെ എന്നെ നോക്കുന്ന ചുള്ളന്‍ ചെറുക്കനും, ഇതൊക്കെ വായിച്ചു  നാണം വരുന്ന ഇരുപതുകാരിയ്ക്കും, താല്‍പര്യമില്ലാതെ കോട്ടുവായിടുന്ന ബുദ്ധിജീവിക്കും, ഇതൊന്നും എന്നെ ബാധിക്കുന്നതല്ല എന്ന് പറഞ്ഞു തിരിഞ്ഞിരിക്കുന്ന ആ അമ്മായിക്കും ബാധകമാണ്. എന്താണ് എന്നല്ലേ? നിങ്ങളോടൊക്കെ മറ്റാര്‍ക്കും പ്രണയമില്ല എങ്കിലും  ഒരാള്‍ക്ക് അതിഗംഭീരമായ പ്രണയമാണ്! നിങ്ങളുടെ പണമോ, പ്രശസ്തിയോ, സൌന്ദര്യമോ  വിഷയമാക്കാതെ നിങ്ങളിലെ നിങ്ങളെ മാത്രം സ്നേഹിച്ചു കൊണ്ട്..അതിഭീകരമായി പ്രണയിച്ചു കൊണ്ട് ഒരാള്‍! 

നിങ്ങളറിയാതെ നിങ്ങളെ പ്രണയിക്കുന്ന  ആ ആള്‍  ആരാണ് എന്നല്ലേ ഇപ്പോള്‍ വീണ്ടും ആലോചിക്കുന്നത്? പറയാം - അതിനു  മുന്‍പ് കുറച്ചുനാളുകള്‍ക്ക് മുന്‍പിറങ്ങിയ "ക്വീന്‍" എന്ന ചിത്രം കണ്ടിട്ടുണ്ടോ എന്നൊരു ചോദ്യം.. വളരെ മനോഹരമായി കങ്കണ റൌണത് അഭിനയിച്ച് പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ സിനിമയാണ് ക്വീന്‍. സ്ത്രീപക്ഷ സിനിമയാണ്, സ്ത്രീ ശാക്തീകരണം പറയുന്ന സിനിമയാണ്. പക്ഷേ, അതിലൊക്കെ എന്നെ അത് ആകര്‍ഷിച്ചത് മനോഹരമായി പ്രണയം പറഞ്ഞ സിനിമ എന്ന രീതിക്കാണ്.. ക്വീന്‍  സിനിമ മുന്‍പ്  കണ്ടവരൊക്കെ, ഇപ്പോള്‍ "ആ സിനിമയില്‍ എബ്ടെപ്പാ പ്രണയം" എന്നും, "അതിലല്ലേ ആദ്യം നായകന്‍ നായികയേയും, പിന്നെ നായിക നായകനേയും മനോഹരമായി 'തേച്ചിട്ട്' പോകുന്നത്" എന്നും ചിന്തിച്ചു കണ്ണില്‍ക്കണ്ണില്‍ നോക്കേണ്ട ഒരു കാര്യവുമില്ല - ഞാന്‍ ആ  ചിത്രത്തെക്കുറിച്ചുത്തന്നെയാണ് പറയുന്നത്, അതിലെ മനോഹരമായ പ്രണയത്തെക്കുറിച്ചു തന്നെയാണ് പറയുന്നത്. 

പക്ഷേ, നിങ്ങളൊക്കെ കരുതുംപോലെ നായികയും നായകനും തമ്മിലല്ലാ ആ പ്രണയം എന്ന് മാത്രം! ആ ചിത്രത്തിലെ ക്വീന്‍- റാണിയ്ക്ക്  അവളോട്‌ തന്നെയുള്ള ഇഷ്ടം/പ്രണയം/സ്നേഹം റാണി തിരിച്ചറിയുന്നിടത്താണ് എന്നെ സംബന്ധിച്ച് ആ സിനിമ മനോഹരമാകുന്നത്. നായകന്‍ വേണ്ട എന്നുപേക്ഷിച്ചുപോകുമ്പോള്‍ അവള്‍ക്കീ ജീവിതത്തോട് തന്നെ നിരാശ തോന്നുന്നുണ്ട്, പക്ഷേ, പിടിച്ചു നിര്‍ത്താന്‍ അവളുടെ പ്രണയമുണ്ടായി. അവളെ ഈ ലോകത്തില്‍ ഏറ്റവും ഇഷ്ടം, അവളെക്കൊണ്ട് ഈ ലോകത്തില്‍ ഏറ്റവും ആവശ്യം ആര്‍ക്കാണ്, അവളുടെ സന്തോഷം മനോഹരമാക്കുന്നത് ആരുടെ ചിരിയെയാണെന്ന് തിരിച്ചറിയുന്നിടത്ത് വെച്ച് റാണി അവളുടെ ജീവിതത്തിന്‍റെ തന്നെ ക്വീന്‍ ആയിമാറുന്നു - സംരക്ഷിക്കാനും, സ്നേഹിക്കാനും, പരിചരിക്കാനും രാജാവോ പരിവാരങ്ങളോ ആവശ്യമില്ലാത്ത റാണി! 

ഇനി നമ്മുടെ പഴയ ചോദ്യത്തിലേക്ക് വരാം - ആരും പ്രണയിക്കാന്‍/സ്നേഹിക്കാന്‍ ഇല്ലാത്തവരോ? അങ്ങനെ ഒരാളീ ലോകത്തില്ല  എന്നാദ്യം തിരിച്ചറിയുക. നമ്മളോട് അഗാധമായ പ്രണയവുമായി ഒരു "ഞാന്‍" ഉള്ളിന്‍റെ ഉള്ളില്‍ ഒളിച്ചിരിപ്പുണ്ട്. ആ  "ഞാനെ " കണ്ടെത്തി തിരിച്ചങ്ങട് പ്രണയിച്ചാല്‍ തീരുന്ന പ്രശ്നമേ നമുക്ക് മിക്കവര്‍ക്കും ഉള്ളൂ എന്നതാണ് ഇത്തവണത്തെ വാലെന്റിന്‍സ് ദിന ചിന്ത -അഥവാ Find your love in yourself! സ്വയം ഇഷ്ടപ്പെടുക, പ്രണയിക്കുക, സ്നേഹിക്കുക... ആ സ്നേഹം നിങ്ങളെ സുന്ദരികളും സുന്ദരന്മാരുമാക്കും, ആത്മവിശ്വാസമുള്ളവരാക്കും, മറ്റുള്ളവരോട് ദീനാനുകമ്പയുള്ളവരാക്കും, സര്‍വോപരി ഈ ജീവിതത്തിനോട് സ്നേഹമുള്ളവരാക്കും! 

എന്നും കണ്ണാടിയില്‍ കാണുന്ന നമ്മളോട് പറയാം നമുക്ക് - നിന്നെ എനിക്കെന്ത് ഇഷ്ടമാണെന്നോ! നിന്നെ പരിചയപ്പെട്ടതില്‍ എനിക്കെന്ത് സന്തോഷമാണെന്നോ! നീയായതില്‍ ഞാനെത്ര ഭാഗ്യമുള്ളയാളാണെന്നോ, നിന്നെ മനസിലാക്കാന്‍ കഴിയുന്നതില്‍ എനിക്കെത്ര അഭിമാനമാണെന്നോ.,...  ആഹാ!! ജീവിതം തന്നെ എത്ര മനോഹരമാണ് അല്ലെ? ഈ അടുത്തിടെ ഫേസ്ബുക്കില്‍  വായിച്ച മനോഹരമായ ഒരു വാചകത്തോട്‌ കൂടി ഞാനിത്തവണത്തെ സ്നേഹസ്പെഷ്യല്‍ കുറിപ്പ് നിര്‍ത്തുകയാണ്, തുടരാന്‍..... 

"I'm working on myself, for myself, by myself!"

സ്നേഹപൂര്‍വ്വം,
ഒരു ചെറിയ മനുഷ്യത്തി!
========================================================================

Emashi-February 2017 -വലിയ ലോകവും ചെറിയ മനുഷ്യരും
Saturday, January 28, 2017

വലിയ ലോകവും ചെറിയ മനുഷ്യരും -നാളെയുടെ അരിമണി


സമത്വ സുന്ദര നീലാകാശങ്ങള്‍ സ്വപ്നം കാണുന്ന ഓരോ പെണ്ണിന്റെയും സ്വപ്നത്തില്‍  ഒരു നല്ല കൂട്ടുകാരനുണ്ടാകും - അച്ഛനിലും, മകനിലും, സഹോദരനിലും, ഭര്‍ത്താവിലും, സുഹൃത്തിലുമൊക്കെ അവള്‍ തിരയുന്നത് ആ കൂട്ടാണ്, തോളോട് തോള്‍ ചേര്‍ത്തി "ഇജ്ജ് മ്മടെ ചങ്കല്ലേ?" എന്ന് പറയാതെ പറയുന്ന ഒരു കൂട്ട്. 

കഴിഞ്ഞ ആഴ്ചയാണ് 2016 നെ അടയാളപ്പെടുത്തുന്ന ഒരു മനോഹര ചിത്രം കണ്ടത് - അമീര്‍ഖാന്റെ ദങ്കല്‍. അവസാനം എന്താണെന്നു  തീര്‍ത്തും പ്രവചനീയമായ ആ സിനിമ മനോഹരമാകുന്നത് അതിലെ പെണ്ണിടങ്ങളിലൂടെയാണ്. മഹാവീര്‍  എന്ന അച്ഛന്‍ ഭാര്യയോട് പറയുന്ന ഒരു വാചകം ഉണ്ട്, "എന്‍റെ പെണ്‍കുട്ടികള്‍ അവര്‍ക്ക് വേണ്ടവരെ തിരഞ്ഞെടുക്കുന്ന രീതിയിലേയ്ക്ക് അവരെയെനിക്ക് വളര്‍ത്തണം, അവരെ വേണമെന്നോ വേണ്ടയെന്നോ ആണുങ്ങള്‍/ മറ്റുള്ളവര്‍ പറയുന്ന രീതിയിലേയ്ക്ക് അല്ല!" എന്ന്. എത്ര ശക്തമായ, എത്രമേല്‍ അര്‍ത്ഥവത്തായ വരികള്‍ ആണത്. ആ നിമിഷത്തില്‍ കണ്ണ് നനഞ്ഞത് അങ്ങനെയുള്ളൊരു പെണ്‍കുട്ടിയായി ജീവിക്കാന്‍ ഭാഗ്യം ഉണ്ടായത് കൊണ്ട് കൂടിയാണ്. പക്ഷേ, എല്ലാവരും  ഭാഗ്യവതികളായി ജനിക്കുന്നില്ല - ഇന്നും പണത്തിന്‍റെ, നിറത്തിന്‍റെ, ജാതകത്തിന്‍റെ , പ്രായത്തിന്‍റെ  പലകപ്പടികള്‍ക്കപ്പുറം മുഖം കുനിച്ചു നില്‍ക്കുകയാണ് ഓരോ പെണ്ണുകാണലിന്‍റെയും ചായക്കപ്പുകള്‍! 

ദങ്കല്‍ കണ്ടപ്പോള്‍ എന്‍റെ ജീവിതത്തില്‍ ഉണ്ടായ ഒരനുഭവം ഓര്‍മ്മയില്‍  തികട്ടിത്തികട്ടി വന്നു. സംഭവം നടന്നിട്ട് രണ്ടു കൊല്ലമായി, പക്ഷേ, ഇപ്പോഴും അതിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അന്നനുഭവിച്ച അതേ ശ്വാസം മുട്ടല്‍ ഇപ്പോഴും ഉണ്ടാകും. അമേരിക്കയിലെ വിസ്കോണ്‍സിന്‍ എന്ന സ്ഥലത്ത് ഒരു അപാര്ട്ട്മെന്റ്റ്ലാണ്  ഞങ്ങള്‍ താമസിക്കുന്നത്. നമ്മുടെ നാട്ടിലെ ഒരു ഫ്ലാറ്റ് സെറ്റ്അപ്പ്‌ - ഒരു കെട്ടിടത്തില്‍ തന്നെ പത്തിരുപത് വീടുകള്‍, പത്തിരുപത് കുഞ്ഞു ജീവിതങ്ങള്‍, പത്തിരുപത് സ്വര്‍ഗങ്ങള്‍! രണ്ടു കൊല്ലം മുന്‍പ്  ഇവിടേക്ക് മാറിവരുമ്പോള്‍ മലയാളികളായി ഞങ്ങളല്ലാതെ  ആരുമുണ്ടായിരുന്നില്ല ഈ കെട്ടിടത്തില്‍ - എന്നാലോ കുറെയേറെ ഇന്ത്യക്കാരുണ്ട് താനും, അതൊരു സന്തോഷമാണ്, പരിചിതമായ ശബ്ദങ്ങള്‍ അവിടെയുമിവിടെയും കേള്‍ക്കുന്നത് - തീര്‍ത്തും അപരിചിതമായ എന്നാല്‍ അത്രമേല്‍ പരിചിതമായ ഒരു മുഖച്ചിരി പുതിയിടങ്ങളില്‍ കാണുമ്പോള്‍ ഒരാശ്വാസം തോന്നാറുണ്ട്! 

ഹോട്ടല്‍ റൂം പോലെ ഒരു വരാന്തയുടെ  രണ്ടു വശങ്ങളിലുമായി നിരനിരയായി ഉള്ള വീടുകളില്‍ രണ്ടു തെലുങ്കുഭാഷയുടെ ഇടയ്ക്ക് സാന്‍ഡുവിച്ച് ആകാനായിരുന്നു മലയാളത്തിനു ഭാഗ്യമുണ്ടായത്. തമിഴും ഹിന്ദിയും കൊഞ്ചം കൊഞ്ചം ബോല്‍ത്തുമെങ്കിലും ഈ തെലുങ്ക്, കന്നട ഒക്കെ എനിക്ക് ജര്‍മ്മന്‍ പോലാ..ഒന്നും അറിയൂല്ല. പക്ഷേ, കുട്ടികള്‍ ഉള്ളപ്പോള്‍ കൂട്ടാരാകാന്‍ എന്തിനാ ഭാഷ? അവര്‍ അവര്‍ക്ക് അറിയുന്ന ഭാഷയില്‍ കളിയ്ക്കാന്‍ തുടങ്ങി. സ്വാഭാവികമായും അമ്മമാരും കൂട്ടാകുംലോ, അടുത്ത വീട്ടിലെ തെലുങ്ക് മാത്രം ചെപ്പുന്ന ഭുവനയും  ഇപ്പുറത്തെ വീട്ടിലെ മലയാളം മൊഴിയുന്ന ഞാനും കഥകളി മുദ്രയിലൂടെയും പൊടിപ്പും തൊങ്ങലും വെച്ച ഇംഗ്ലീഷിലൂടെയും വൈകുന്നേരങ്ങളില്‍ കുട്ടികളുടെ കളിയിടങ്ങളില്‍ വെച്ച്  സംസാരിക്കാന്‍ തുടങ്ങി. ഏഴും , നാലും വയസുള്ള രണ്ട്  ആണ്മക്കളുടെ  അമ്മയായ ഭുവന പച്ചവെള്ളം ചവച്ചു കുടിക്കുന്ന തരത്തില്‍ ഒരു പഞ്ചപാവം ആണെന്ന് ആദ്യ കാഴ്ചയില്‍ തന്നെ തോന്നിയിരുന്നു. മക്കളോട് വഴക്ക് പോലും  മൃദുമധുരമായി മൊഴിയുന്ന, ഏഴു വയസുകരനോട് കളി നിര്‍ത്തി അകത്തേക്ക് വരാന്‍  കെഞ്ചുന്ന ഒരമ്മ -അതായിരുന്നു വിടര്‍ന്ന വിഷാദമായ  കണ്ണുകളുള്ള, ചുരുണ്ട തലമുടിയുള്ള, ഇടതു പുരികത്തിനറ്റത്ത് ഒരു കാക്കപ്പുള്ളിയുള്ള ഭുവന! 

ഒരു ദിവസം പുറത്തെ കളി കഴിയുന്ന സമയം മോനോടൊപ്പം ഭുവനയുടെ മൂത്തയാള്‍ ശ്രേയസും  വീട്ടിലെത്തി, ഇനിയുള്ള കളി ഇവിടുത്തെ കളിപ്പാട്ടങ്ങള്‍ക്കൊപ്പം ആകാമെന്ന് പറഞ്ഞു മകന്‍ കൂട്ടിയതാണ് ഒപ്പം. രണ്ടാളെയും കളിയ്ക്കാന്‍ റൂമിനുള്ളില്‍ വിട്ടിട്ട് ഹാളിലെ സോഫയില്‍ ചടഞ്ഞിരുന്ന് ഞാനൊരു റിയാലിറ്റി ഷോയുടെ അവസാന ഭാഗം കാണാന്‍ തുടങ്ങി. കണ്ടുകണ്ട് ഉദ്വേഗഭരിതമായ അവസാന  നിമിഷത്തിലേക്ക്  എത്തുമ്പോഴാണ് ഭര്‍ത്താവ് ഓഫീസില്‍ നിന്നും വന്നത് - കുട്ടികള്‍ കളിക്കുന്നിടത്ത് ഒന്നെത്തിനോക്കി സോഫയില്‍ വന്നിരിക്കാന്‍ തുടങ്ങിയ നല്ല പാതി റിയാലിറ്റി ഷോ ആണെന്ന് കണ്ടപ്പോള്‍ എന്നെയൊന്നു 'പുച്ചിച്ച്'  "ഇത് നന്നാവൂല്ല"  എന്നൊരു തലകുലുക്കലും നടത്തി വേഷം മാറാന്‍ പോയി.  

"ഇപ്പൊ വരാം, ഇതിപ്പോ തീരും" എന്ന് ഞാന്‍ പറഞ്ഞതിനെ തീരെ മൈന്‍ഡ് ചെയ്യാതെ പുള്ളി അടുക്കളയില്‍ ചെന്ന് ചായയിടാന്‍ തുടങ്ങി. വീടിന്‍റെ ഘടനയില്‍ അടുക്കളയും ഹാളും ഒക്കെ ഒരേ നേര്‍രേഖയില്‍ വരുന്ന കുഞ്ഞുചതുരങ്ങളാണ്. 'open kitchen 'ല്‍ നിന്ന് എന്‍റെ ലാപ്ടോപ്പിലേക്ക് എത്തിനോക്കുന്ന ഭര്‍ത്താവിനെ പുറം തിരിഞ്ഞിരുന്നു  ഞാനും പുച്ചിച്ചു. അങ്ങനെ സുന്ദര സുരഭിലമായി പോകുകയായിരുന്ന ഞങ്ങളുടെ സ്വര്‍ഗ്ഗത്തിലേയ്ക്ക് അതാ വരുന്നു ചാട്ടുളി പോലൊരു അശരീരി 

"You are watching TV? & He is making tea?!"

ഒരേഴു വയസുകാരന് ചേരാത്ത അത്രയും ഗൌരവത്തില്‍ മുഖമൊരു ചോദ്യചിഹ്നമാക്കി ചൂണ്ടു വിരല്‍ എനിക്ക് നേരെ നീട്ടി ശ്രേയസ്! കളിക്കിടെ വെള്ളം കുടിക്കാന്‍ രണ്ടാളും റൂമിന് പുറത്തു വന്നതാണ്‌. ആ ചോദ്യം ഇഷ്ടപ്പെടാത്തത് കൊണ്ട് തന്നെ ഞാനെന്‍റെ ഉത്തരം മറുചോദ്യമായാണ് പറഞ്ഞത് - "yes , why? "

"Mothers are supposed to make tea & fathers are supposed to watch TV, not the otherway around!!" - 

എന്നുവെച്ചാല്‍ മനസ്സിലായോ? ആ ഏഴര വയസുകാരന്‍ പറയുന്നത് ചായയിടല്‍ അമ്മമാര്‍ ചെയ്യേണ്ടതാണ് അച്ഛന്‍മാര്‍ ചെയ്യേണ്ടതല്ല, tv കാണുക എന്നത് അച്ഛന്മാരുടെ അവകാശവും അമ്മമാരുടെതല്ല എന്ന്! ഇത് ഒരു ഗ്രാമത്തില്‍ നടന്ന കഥയല്ല - United States Of America യില്‍ വര്‍ഷങ്ങളായി താമസിക്കുന്ന, ഇവിടുത്തെ സ്കൂളില്‍ പഠിക്കുന്ന ഒരു കുട്ടി പറഞ്ഞതാണ്‌! എനിക്ക് വിശ്വസിക്കാന്‍ ആകാത്ത അത്രയും അമര്‍ഷവും, പുച്ഛവും, അസംപ്തൃപ്തിയും ആ കൊച്ചുകുട്ടിയുടെ വാക്കുകളില്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും സങ്കടമാണ് തോന്നിയത് - സഹതാപവും! വെള്ളത്തില്‍ നിന്ന്മ പുറത്ത്റു പിടിച്ചിട്ട മീനിനെപ്പോലൊരു പിടച്ചില്‍ ഉള്ളില്‍ എനിക്ക് തോന്നി. അതറിഞ്ഞ് ആകണം വീട്ടിലെ 'അച്ഛന്‍ ' തന്നെ പറഞ്ഞു - 

"Who said so? Its nothing like that. Anybody can make a tea & TV is for all".

നിരാസം മുഴുവന്‍ പ്രകടിപ്പിച്ചു കൊണ്ട് തന്നെ ശ്രേയസ് വീട്ടിലേക്ക് പോയി. പിന്നീട് ഞാന്‍ ഭുവനയെ അധികം കണ്ടില്ല, ശ്രേയസ് വീട്ടിലേക്ക് കളിയ്ക്കാന്‍ വന്നുമില്ല! വെക്കേഷന്റെ അവസാനത്തെ ഒരു മാസം ഞങ്ങള്‍ യാത്രകളില്‍, തിരക്കുകളില്‍ ആയി.  ഈ സംഭവം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോള്‍ അവരിവിടെ നിന്ന് അമേരിക്കയുടെ മറ്റൊരു ഭാഗത്തേക്ക് മാറിപ്പോകുകയും ചെയ്തു. പക്ഷേ, ഇന്നും ഞാന്‍ ഭുവനയെ ഓര്‍ക്കാറുണ്ട് - രണ്ടാണ്മക്കളുടെ അമ്മയായ ഭുവനയെ... ശ്രേയസിനെ പറഞ്ഞു തിരുത്താന്‍ എനിക്ക് കഴിഞ്ഞില്ല, എന്തുകൊണ്ടോ എങ്ങനെയാണു അവനെ പറഞ്ഞു തിരുത്തേണ്ടതെന്ന് എനിക്ക് മനസിലായിരുന്നില്ല. ആ കുട്ടി കാണുന്നതാകണം അനുഭവിക്കുന്നതാകണം  അവനെകൊണ്ട്  അങ്ങനെ പറയിപ്പിച്ചത് ! പക്ഷേ, "എന്‍റെ കുഞ്ഞേ! നിന്‍റെ അമ്മ നിന്നില്‍ നിന്നും എത്ര പ്രതീക്ഷിക്കുന്നുണ്ടാകും എന്നറിയുമോ" എന്നവനോട് പറയാന്‍ എനിക്ക് കഴിഞ്ഞില്ല... "നിന്‍റെ കൂട്ടുകാരി നിന്നോട് തോള്‍ ചേര്‍ന്ന് നീ പകരുന്ന ചായ കുടിക്കാന്‍ കൊതിക്കുന്നവളാകും" എന്ന് പറയാന്‍ എനിക്ക് കഴിഞ്ഞില്ല! നിന്‍റെ മകള്‍ അവളുടെ സ്ഥാനം അടുക്കളയില്‍ അല്ല നിങ്ങളോടൊപ്പം കുടുംബത്തിന്‍റെ ഉമ്മറത്താണ് എന്ന് പറയാന്‍ ആഗ്രഹിക്കുന്നുണ്ടാകും എന്ന് പറയാന്‍ എനിക്ക് കഴിഞ്ഞില്ല! 

 നാളത്തെ അരിമണികള്‍ നമ്മുടെ കുഞ്ഞുങ്ങളാണ്...  ഓരോ കുഞ്ഞും - ആണും, പെണ്ണും, വിഭിന്നരുമായ ഓരോ കുഞ്ഞും സ്വന്തം ജീവിതത്തിനെ ഇഷ്ടപ്പെടട്ടെ, മറ്റുള്ളവരെ ബഹുമാനിക്കട്ടെ, സ്വന്തം ജീവിതത്തിന്‍റെ തീരുമാനങ്ങള്‍  സ്വയം എടുക്കാന്‍ കഴിയട്ടെ.

 ഇന്ന് ഞാനും രണ്ടാണ്മക്കളുടെ അമ്മയാണ്. അവരോടു ഞാന്‍ പറയുന്നതിലും മനോഹരമായി അവരുടെ അച്ഛന്‍ പകര്‍ന്നു തരുന്ന ചായ സംവദിക്കാറുണ്ട്! ഒരു ചായ നാളെ അമ്മയ്ക്ക്/ഭാര്യയ്ക്ക്/സഹോദരിയ്ക്ക്/കൂട്ടുകാരിയ്ക്ക്  പകര്‍ന്നു കൊടുക്കാന് തോന്നിയെങ്കില്‍ നിങ്ങള്‍ ഒരാളുടെ പ്രഭാതം മനോഹരമാക്കുകയാണ്... A beautiful morning of LOVE! 


ഇതിവിടെ നിർത്തുന്നു…. തുടരാനായി,
എന്നൊരു ചെറിയ മനുഷ്യത്തി!========================================================================
ഇ-മഷി 2017  ജനുവരി ലക്കം