Wednesday, February 22, 2017

പ്രണയിക്കാം നമുക്ക്!ഫെബ്രുവരി 14 - വാലെന്റൈന്‍സ്‌ ഡേ - സ്നേഹത്തിന്‍റെ/പ്രണയത്തിന്‍റെ/  ദിവസം. ആശംസകളോടെ തന്നെ തുടങ്ങാം! ഈ കുറിപ്പ് വായിക്കുന്ന എല്ലാവര്‍ക്കും പ്രണയദിന/ സ്നേഹദിന ആശംസകള്‍. ഇപ്പോള്‍ നിങ്ങള്‍ക്ക് മനസില്‍ എങ്കിലും തോന്നിയില്ലേ, പ്രണയദിനം കാമുകീകാമുകന്മാര്‍ക്ക് ഉള്ളതല്ലേ, അല്ലെങ്കില്‍ പ്രണയിക്കുന്നവര്‍ക്ക് മാത്രം ഉള്ളതല്ലേയെന്ന്‍? ആ ചോദ്യത്തിനെ 'നമ്മള്‍ ചെറിയ മനുഷ്യരു'ടെ 'ഠാ' വട്ടത്തില്‍ നിന്നും, ആ 'വലിയ ലോക'ത്തിന്‍റെ വിശാലതയിലൂടെ  നമുക്കൊന്ന് കടത്തിവിട്ടാലോ?

പ്രണയത്തിന്‍റെ ആലങ്കാരികതകള്‍ യുവത്വത്തിനു മാത്രമേ ചേരൂ എന്നോര്‍ക്കുന്നവരോട് ഒരു ചോദ്യം - എന്നാണ് നിങ്ങള്‍ മറ്റൊരാളോട് 'ഇഷ്ടമാണ്' എന്ന് അവസാനമായി പറഞ്ഞത്? എന്നാണ് നിങ്ങളോട് ഒരാള്‍ 'നിന്നോടെനിക്ക് പ്രണയമാണ്/ഇഷ്ടമാണ്' എന്ന് പറഞ്ഞത്? ഒത്തിരിയൊത്തിരി രാപ്പകലുകള്‍ക്ക് അപ്പുറം...., ഓര്‍മ്മയ്ക്കും പിടി കിട്ടാത്ത അത്രയും നാളുകള്‍ക്ക് അപ്പുറമാണ് ഈ ചോദ്യത്തിനുത്തരം എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഈ ലേഖനം മുഴുവന്‍ വായിക്കണം.

ഓരോരുത്തരുടെ ഉള്ളിലും ഒരു കൊച്ചുകുഞ്ഞും, പ്രണയിതാവും ഒളിച്ചിരിക്കുന്നു എന്നാണു പറയപ്പെടുന്നത്. എത്ര മുതിര്‍ന്നാലും ചില നേരങ്ങളില്‍ നമ്മളിലെ കുഞ്ഞുമനസ്സ് നമ്മളറിയാതെ പുറത്തു ചാടും. ചിലപ്പോള്‍ മക്കളോ, കൊച്ചു മക്കളോ, അപ്പോള്‍ കാണുന്ന ഒരു ഐസ്ക്രീംവില്‍പ്പനക്കാരനോ പോലും നമ്മളെ ഓര്‍മ്മകളിലേക്ക് കൊണ്ടുപോയി ഒരു കുഞ്ഞാക്കാന്‍ സാധിക്കും. ചിലര്‍ വളരെ മനോഹരമായി അതിനെ ഉള്ളില്‍ത്തന്നെ സൂക്ഷിച്ച്, പുറമേക്ക് പ്രായത്തിന്‍റെ ഇല്ലാമൂടുപടച്ചിരി അണിയും. മറ്റു ചിലര്‍, ഇത്തരം നിമിഷങ്ങളെ നമ്മള്‍ നഷ്ടമാക്കാനേ പാടില്ല എന്ന തിരിച്ചറിവില്‍ കുട്ടികള്‍ക്കൊപ്പം മറ്റൊരു കുഞ്ഞാകും, കോണ്‍  ഐസ്ക്രീം വാങ്ങി ഒലിച്ചിറങ്ങുന്ന രുചിയെ ഒരുതുള്ളി താഴെ വീഴാതെ  നക്കിയെടുത്ത് ആസ്വദിക്കും! ജീവിതം ഒരു കുഞ്ഞിന്‍റെ കണ്ണിലൂടെ നോക്കിയാല്‍ എത്രമാത്രം കൌതുകകരവും, രസകരവും ആണെന്ന് നിങ്ങള്‍ക്ക് തോന്നാറില്ലേ?

പ്രണയവും അങ്ങനെ തന്നെയല്ലേ? പ്രണയത്തില്‍ ഉള്ളവരെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല - ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്, അവരാണീ ലോകത്തില്‍ ഏറ്റവും സുന്ദരന്മാര്‍/സുന്ദരിമാര്‍! അവരെ അങ്ങനെ ലോകോത്തര സുന്ദരീ സുന്ദരന്മാര്‍ ആക്കുന്നത് അവരുടെ പ്രണയം ആണ്. ഒരാള്‍ നമ്മളെ ഇഷ്ടപ്പെടുന്നുണ്ടെന്നുള്ള, നമ്മളുടെ ചിരികള്‍ക്കായി കാത്തിരിക്കുന്നുണ്ടെന്നുള്ള മനോഹരമായ ഓര്‍മ്മപ്പെടുത്തല്‍ അവരെ മൊഞ്ചന്മാരും മൊഞ്ചത്തികളുമാക്കുന്നു! ഇത്തവണത്തെ വാലന്‍ന്റൈന്‍സ് ദിനത്തിന് നമുക്കാ പ്രണയത്തിനെ കണ്ടെത്താം, എന്നിട്ട്  ഉറക്കെ പറയാം - "I love you!-എനിക്ക് നിന്നോട് പ്രണയമാണ്! - മുത്സേ തുംസെ ബഹുത് പ്യാര്‍ ഹൈ! - നാന്‍ ഉന്നൈ കാതലിക്കിറേന്‍!!" 

  പക്ഷേ, വെയിറ്റ് വെയിറ്റ്!!   ഇനിയാണ് മില്യന്‍ ഡോളര്‍ ചോദ്യം - പ്രണയിക്കാന്‍ ആരുമില്ലാത്തവര്‍ക്ക് ഈ തിയറി എങ്ങനെ ബാധകമാകും? ആരോട് പറയും? പലപ്പോഴും പറഞ്ഞു കേള്‍ക്കാറുണ്ട്, പണ്ട് പണ്ട് പ്രണയിച്ചിരുന്നു നമ്മള്‍ എന്ന്! അങ്ങനൊരു കാലമെന്ന്,..! പണ്ട് നമ്മളിങ്ങനെ ആയിരുന്നില്ല എന്ന്...! 

ഞാനിനി പറയുന്ന കാര്യം ശ്രദ്ധിച്ചു  കേള്‍ക്കണം കേട്ടോ - ഇത് ആ സംശയക്കണ്ണോടെ എന്നെ നോക്കുന്ന ചുള്ളന്‍ ചെറുക്കനും, ഇതൊക്കെ വായിച്ചു  നാണം വരുന്ന ഇരുപതുകാരിയ്ക്കും, താല്‍പര്യമില്ലാതെ കോട്ടുവായിടുന്ന ബുദ്ധിജീവിക്കും, ഇതൊന്നും എന്നെ ബാധിക്കുന്നതല്ല എന്ന് പറഞ്ഞു തിരിഞ്ഞിരിക്കുന്ന ആ അമ്മായിക്കും ബാധകമാണ്. എന്താണ് എന്നല്ലേ? നിങ്ങളോടൊക്കെ മറ്റാര്‍ക്കും പ്രണയമില്ല എങ്കിലും  ഒരാള്‍ക്ക് അതിഗംഭീരമായ പ്രണയമാണ്! നിങ്ങളുടെ പണമോ, പ്രശസ്തിയോ, സൌന്ദര്യമോ  വിഷയമാക്കാതെ നിങ്ങളിലെ നിങ്ങളെ മാത്രം സ്നേഹിച്ചു കൊണ്ട്..അതിഭീകരമായി പ്രണയിച്ചു കൊണ്ട് ഒരാള്‍! 

നിങ്ങളറിയാതെ നിങ്ങളെ പ്രണയിക്കുന്ന  ആ ആള്‍  ആരാണ് എന്നല്ലേ ഇപ്പോള്‍ വീണ്ടും ആലോചിക്കുന്നത്? പറയാം - അതിനു  മുന്‍പ് കുറച്ചുനാളുകള്‍ക്ക് മുന്‍പിറങ്ങിയ "ക്വീന്‍" എന്ന ചിത്രം കണ്ടിട്ടുണ്ടോ എന്നൊരു ചോദ്യം.. വളരെ മനോഹരമായി കങ്കണ റൌണത് അഭിനയിച്ച് പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ സിനിമയാണ് ക്വീന്‍. സ്ത്രീപക്ഷ സിനിമയാണ്, സ്ത്രീ ശാക്തീകരണം പറയുന്ന സിനിമയാണ്. പക്ഷേ, അതിലൊക്കെ എന്നെ അത് ആകര്‍ഷിച്ചത് മനോഹരമായി പ്രണയം പറഞ്ഞ സിനിമ എന്ന രീതിക്കാണ്.. ക്വീന്‍  സിനിമ മുന്‍പ്  കണ്ടവരൊക്കെ, ഇപ്പോള്‍ "ആ സിനിമയില്‍ എബ്ടെപ്പാ പ്രണയം" എന്നും, "അതിലല്ലേ ആദ്യം നായകന്‍ നായികയേയും, പിന്നെ നായിക നായകനേയും മനോഹരമായി 'തേച്ചിട്ട്' പോകുന്നത്" എന്നും ചിന്തിച്ചു കണ്ണില്‍ക്കണ്ണില്‍ നോക്കേണ്ട ഒരു കാര്യവുമില്ല - ഞാന്‍ ആ  ചിത്രത്തെക്കുറിച്ചുത്തന്നെയാണ് പറയുന്നത്, അതിലെ മനോഹരമായ പ്രണയത്തെക്കുറിച്ചു തന്നെയാണ് പറയുന്നത്. 

പക്ഷേ, നിങ്ങളൊക്കെ കരുതുംപോലെ നായികയും നായകനും തമ്മിലല്ലാ ആ പ്രണയം എന്ന് മാത്രം! ആ ചിത്രത്തിലെ ക്വീന്‍- റാണിയ്ക്ക്  അവളോട്‌ തന്നെയുള്ള ഇഷ്ടം/പ്രണയം/സ്നേഹം റാണി തിരിച്ചറിയുന്നിടത്താണ് എന്നെ സംബന്ധിച്ച് ആ സിനിമ മനോഹരമാകുന്നത്. നായകന്‍ വേണ്ട എന്നുപേക്ഷിച്ചുപോകുമ്പോള്‍ അവള്‍ക്കീ ജീവിതത്തോട് തന്നെ നിരാശ തോന്നുന്നുണ്ട്, പക്ഷേ, പിടിച്ചു നിര്‍ത്താന്‍ അവളുടെ പ്രണയമുണ്ടായി. അവളെ ഈ ലോകത്തില്‍ ഏറ്റവും ഇഷ്ടം, അവളെക്കൊണ്ട് ഈ ലോകത്തില്‍ ഏറ്റവും ആവശ്യം ആര്‍ക്കാണ്, അവളുടെ സന്തോഷം മനോഹരമാക്കുന്നത് ആരുടെ ചിരിയെയാണെന്ന് തിരിച്ചറിയുന്നിടത്ത് വെച്ച് റാണി അവളുടെ ജീവിതത്തിന്‍റെ തന്നെ ക്വീന്‍ ആയിമാറുന്നു - സംരക്ഷിക്കാനും, സ്നേഹിക്കാനും, പരിചരിക്കാനും രാജാവോ പരിവാരങ്ങളോ ആവശ്യമില്ലാത്ത റാണി! 

ഇനി നമ്മുടെ പഴയ ചോദ്യത്തിലേക്ക് വരാം - ആരും പ്രണയിക്കാന്‍/സ്നേഹിക്കാന്‍ ഇല്ലാത്തവരോ? അങ്ങനെ ഒരാളീ ലോകത്തില്ല  എന്നാദ്യം തിരിച്ചറിയുക. നമ്മളോട് അഗാധമായ പ്രണയവുമായി ഒരു "ഞാന്‍" ഉള്ളിന്‍റെ ഉള്ളില്‍ ഒളിച്ചിരിപ്പുണ്ട്. ആ  "ഞാനെ " കണ്ടെത്തി തിരിച്ചങ്ങട് പ്രണയിച്ചാല്‍ തീരുന്ന പ്രശ്നമേ നമുക്ക് മിക്കവര്‍ക്കും ഉള്ളൂ എന്നതാണ് ഇത്തവണത്തെ വാലെന്റിന്‍സ് ദിന ചിന്ത -അഥവാ Find your love in yourself! സ്വയം ഇഷ്ടപ്പെടുക, പ്രണയിക്കുക, സ്നേഹിക്കുക... ആ സ്നേഹം നിങ്ങളെ സുന്ദരികളും സുന്ദരന്മാരുമാക്കും, ആത്മവിശ്വാസമുള്ളവരാക്കും, മറ്റുള്ളവരോട് ദീനാനുകമ്പയുള്ളവരാക്കും, സര്‍വോപരി ഈ ജീവിതത്തിനോട് സ്നേഹമുള്ളവരാക്കും! 

എന്നും കണ്ണാടിയില്‍ കാണുന്ന നമ്മളോട് പറയാം നമുക്ക് - നിന്നെ എനിക്കെന്ത് ഇഷ്ടമാണെന്നോ! നിന്നെ പരിചയപ്പെട്ടതില്‍ എനിക്കെന്ത് സന്തോഷമാണെന്നോ! നീയായതില്‍ ഞാനെത്ര ഭാഗ്യമുള്ളയാളാണെന്നോ, നിന്നെ മനസിലാക്കാന്‍ കഴിയുന്നതില്‍ എനിക്കെത്ര അഭിമാനമാണെന്നോ.,...  ആഹാ!! ജീവിതം തന്നെ എത്ര മനോഹരമാണ് അല്ലെ? ഈ അടുത്തിടെ ഫേസ്ബുക്കില്‍  വായിച്ച മനോഹരമായ ഒരു വാചകത്തോട്‌ കൂടി ഞാനിത്തവണത്തെ സ്നേഹസ്പെഷ്യല്‍ കുറിപ്പ് നിര്‍ത്തുകയാണ്, തുടരാന്‍..... 

"I'm working on myself, for myself, by myself!"

സ്നേഹപൂര്‍വ്വം,
ഒരു ചെറിയ മനുഷ്യത്തി!
========================================================================

Emashi-February 2017 -വലിയ ലോകവും ചെറിയ മനുഷ്യരും