Friday, October 18, 2013

ഓര്‍മ്മകളില്‍ ചില അക്ഷരക്കൂട്ടുകള്‍

മിക്ക  ഓര്‍മ്മകളും ഓരോ നനുത്ത പുഞ്ചിരിയാണ്,  പിന്നീടു അതിനെ കുറിച്ച്ചി ന്തിക്കുമ്പോള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കുഞ്ഞിപ്പെണ്ണ്‍, വിളക്ക് വെട്ടത്തില്‍ പഠിക്കുന്ന ചേട്ടന്മാരുടെ രണ്ടാം ക്ലാസ് പുസ്തകത്തിലെ  "ക "  നോക്കി കൊഞ്ചി ചിണുങ്ങി  "ഇജെന്റ്റാ? " . അങ്ങനെ അവരെഴുതി കൊടുത്ത "ക" നോക്കി  തൊപ്പിക്കാരനെ ആണ് ആദ്യം അവള്‍ വരയ്ക്കാന്‍ പഠിച്ചത് , എഴുത്ത് എന്നാല്‍ അതാണെന്ന് അന്നറിഞ്ഞിരുന്നില്ല. ചേട്ടന്മാര്‍ എഴുതി തന്ന ഭംഗിയുള്ള വലിയ "ക"യ്ക്ക് മുകളിലൂടെ രണ്ടു മൂന്നാവര്‍ത്തി വരയ്ക്കുമ്പോഴേക്കും മടുക്കും ആ കുഞ്ഞിക്ക്. പിന്നെ ഒക്കെയും കയ്യോണ്ട് അമര്‍ത്തി അമര്‍ത്തി തുടച്ചിട്ട് സ്വന്തമായി ഒരു "ക"അങ്ങട് വരയ്ക്കും -നല്ല ശേലില്‍, ആര്‍ക്ക് കണ്ടാലും മനസിലാകില്ല അത് "ക" ആണെന്ന് :). ഈ സ്മൈലി പോലെ അതിലൊരു രണ്ടു കുത്തും ഒരു വളഞ്ഞ വരയും ഉണ്ടാകും - "ചിയ്ക്കണ തൊപ്പിച്ചന്‍ !"

അക്കൊല്ലത്തെ വിദ്യാരംഭത്തിനു എഴുത്തിനിരുത്തി, അച്ഛന്‍ തന്നെയായിരുന്നു ആദ്യ ഗുരു - നാവില്‍ ഇക്കിളി കൂട്ടി എഴുതിയ  "ഹരിശ്രീ " , ഉച്ചത്തില്‍ പറഞ്ഞപ്പോള്‍ ആ വായാടിക്കുഞ്ഞി വേഗം ചോദിച്ചു  "അപ്പൊ മദുശ്രീ എബ്ടെ ച്ചാ ? " (അച്ഛന്‍റെ രണ്ടനിയന്മാരാണ് ഹരിയും, മധുവും !! ). ആ ചോദ്യം കാലങ്ങളോളം ഈ കുഞ്ഞിപ്പെണ്ണിനെ പിന്തുടര്‍ന്നിട്ടുണ്ട് , അപ്പോഴൊക്കെ വീറോടെ വാശിയോടെ എതിര്‍ത്തു -
അങ്ങനെയൊന്നും ഒരു കുഞ്ഞിക്കൊച്ചും ചോദിക്കൂല്ല  , ഇതെന്നെ മനപൂര്‍വം കളിയാക്കാന്‍ ചേട്ടായീസ് ഉണ്ടാക്കിയ ഒരു കഥയാണെന്ന്. പക്ഷെ, അമ്മായിടെ ഇളയ മകളെ എഴുത്തിനിരുത്തിയപ്പോള്‍ നേരിട്ടനുഭവം -

"അപ്പൊ മദുമാമ എബ്ടെ ? ".  അതോടെ ഞാന്‍ ആ കഥ സമ്മതിച്ചു കൊടുത്തു.

വിദ്യ ആരംഭിച്ചെങ്കിലും വീട്ടിലന്നെ ഇങ്ങനെ തെക്ക് വടക്ക് നടക്കുന്ന എന്നെ വിഷമിപ്പിക്കാനായിട്ട് ചേട്ടായീസ് മൂന്നാം ക്ലാസ്സിലേക്ക്  ആയി -എന്നുച്ചാ അവര്‍ക്ക് രാവിലെ മുതല്‍ വൈകുന്നേരം വരെ ഉസ്കൂളില്‍ പോകണം. കഴിഞ്ഞില്ലേ എന്‍റെ കഥ - ഒന്നാമതെ എനിക്ക് അവരില്ലാതെ ബോറടിക്കും -പിന്നെ ഈ രണ്ടാളുടേയും ഒടുക്കത്തെ പൊങ്ങച്ചവും :p . അങ്ങനെ വീട്ടില്‍  അടിയന്തിരാവസ്ഥയ്ക്ക് തുടക്കമിട്ട എന്നെ പിറ്റേന്ന് തന്നെ അമ്മ അങ്കനവാടിയില്‍ കൊണ്ടാക്കി . ചേട്ടായീസ് പഠിച്ചു പോകുന്ന എല്ലായിടത്തും ഞാന്‍ ഹാജര്‍ വെക്കുമ്പോള്‍ സാധാരണ ഗതിയില്‍ തന്നെ ഒരു സ്വാഗതം ഉണ്ടാകും എനിക്ക് - "അറീല്ലെ നമ്മുടെയാ ഇരട്ട കുട്ട്യോളില്ലേ ,അവരുടെ അനിയത്തിക്കുട്ടിയാ " ,പിന്നെ എന്‍റെ തീരെ അടങ്ങിയൊതുങ്ങി ഇരിക്കാത്ത സ്വഭാവം കാരണം മിക്കവരും ആ വര്‍ഷം  കഴിയുമ്പോള്‍ ഈ പറഞ്ഞ വാചകത്തിന്‍റെ കൂടെ ഒരു വാല്‍ക്കഷ്ണം ചേര്‍ക്കും - "അവന്മാരെ പോലെ പാവോന്നും അല്ലാട്ടോ, എന്നാലും ആള് മിടുക്കിയാ" , അതെന്നെ ആശ്വസിപ്പിക്കാന്‍ ,ആദ്യഭാഗം സത്യമായ ഫീട്ബാക്കും !

അങ്കനവാടിയിലെ സുജാത ടീച്ചര്‍ പക്ഷെ അന്നുമിന്നും എന്‍റെ ഫേവറിറ്റ് ആണ്, ടീച്ചര്‍ക്കുമതെ : ) . മൂടി തുറക്കുമ്പോള്‍ തന്നെ മണത്താല്‍ വായില്‍ കപ്പലോട്ടാവുന്ന മഞ്ഞ ഉപ്പുമാവ് എത്രയാ തന്നിരിക്കുന്നേ  ടീച്ചര്‍..  ഞാനെത്രയോ പ്രാവശ്യം പല രീതികളില്‍ പല പൊടികള്‍ വെച്ച്  ആ ഉപ്പ്മാവ് ഉണ്ടാക്കാന്‍ നോക്കി -പക്ഷെ  ഇന്ന് വരെ ആ മണവും രുചിയും കിട്ടിയിട്ടില്ല .(അത് ചോളപ്പൊടിയാണ് എന്നാരോ പറഞ്ഞത് ഓര്‍ക്കുന്നു ). നുറുക്ക് ഗോതമ്പിന്‍റെ ഉപ്പ്മാവും കിട്ടുമായിരുന്നു ,തേങ്ങ ചിരകിയിട്ടിട്ട് (ഇതിനു മാത്രമാണോ അങ്കനവാടിയില്‍ പോയതെന്ന് ചോദിക്കണ്ട -അന്നത്തെ കാര്യങ്ങളില്‍ എനിക്കീ മണങ്ങളും ,രുചികളും ,സുജാത ടീച്ചറിന്‍റെ മടിയില്‍ കിടന്നു ഉറങ്ങിയതും മാത്രേ ഓര്‍മ്മയുള്ളൂ ).

ഋതുക്കളും, ദിവസങ്ങളും മാറി വന്നപ്പോള്‍ കാലം ഒരുപാട് ദൂരേക്ക് നീങ്ങിയപ്പോള്‍ പഴയ കുഞ്ഞിപ്പെണ്ണിന്‍റെ മകന്‍ കുഞ്ഞ് കണ്ണുകളില്‍ കൌതുകം കാട്ടി ഓരോന്ന് ചൂണ്ടി "ഇറ്റ്‌ ന്‍റ്റാ " ന്നും "വാട്ട്സ്സാറ്റ് " എന്നും ചോദിയ്ക്കാന്‍ തുടങ്ങി. കഴിഞ്ഞ വിജയദശമി ദിനം എന്നെ സംബന്ധിച്ച് വളരെ സന്തോഷം നല്‍കിയ ഒന്നായിരുന്നു - എന്‍റെ മകന്‍റെ വിദ്യാരംഭം. ജീവിതത്തില്‍ പല സന്ദര്‍ഭങ്ങളും ഒരിക്കല്‍ മാത്രമേ ഉണ്ടാകൂ - എന്‍റെ മകന്‍റെ ജീവിതത്തിലെ അങ്ങനെയുള്ള ഒരു അനന്യ സാധാരണമായ ( unique )ദിവസം ആയിരുന്നു 14/10/2013. എന്‍റെ അച്ഛന്‍ എന്നെ അക്ഷരം എഴുതിച്ചത് പോലെ , എന്‍റെ ഭര്‍ത്താവിന്‍റെ അച്ഛന്‍ അദ്ദേഹത്തിനു ആദ്യ ഗുരുവായത് പോലെ ഞങ്ങളുടെ മകന്‍  താത്വികിന്  അവന്‍റെ അച്ഛന്‍ ആദ്യ അക്ഷരങ്ങള്‍ നാവില്‍ പകര്‍ന്നു... ഒന്ന് പകച്ചെങ്കിലും ,ഒന്നും മനസിലായില്ലെങ്കിലും ഈ പുതിയ കാര്യങ്ങളൊക്കെ ആസ്വദിച്ച്  ,വലത്തേ കൈ കൊണ്ട് എഴുതുമ്പോള്‍ തന്നെ ഇടത്തേ കൈ കൊണ്ട് അരി വാരി കളിച്ച് അവനും ആകുന്ന രീതിയില്‍ ഉഷാറാക്കി .

ഇത് വായിക്കുന്ന എല്ലാവരുടെയും അനുഗ്രഹം ,ആശീര്‍വാദം , സ്നേഹം ഒക്കെ ആദ്യാക്ഷരം കുറിച്ച എന്‍റെ കുഞ്ഞിനോടൊപ്പം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു .

(തെറ്റിലൂടെയേ  ശരികളിലെക്ക് എത്തൂ  അല്ലെങ്കില്‍ - മായ്ച്ചെഴുതിയാണ് , തിരുത്തലുകളിലൂടെയാണ്  അക്ഷരത്തെറ്റില്ലാതെ എഴുതാനാകുക  എന്ന പാഠവും അന്ന് തന്നെ  അവനെ ഞാന്‍ പഠിപ്പിച്ചു - ഇടയ്ക്കുള്ള "ഉ" വിഴുങ്ങിയിട്ട്! :( )


Saturday, October 5, 2013

പെണ്‍വായന - രാമായണം

കടന്നു വന്ന ഇന്നലെകളില്‍
വരിയറിയാതെ
മനമറിയാതെ സ്വയമറിയാതെ
ആമരാമരാ  പറഞ്ഞു
പഠിച്ചതൊക്കെയും
രാമായണ പൊരുളോ ....

അറിഞ്ഞീല രാവണാ നീ തൊടുക്കും
മോഹത്തിനമ്പവന്‍റെ മാനം തുളച്ച് -
അറിയാത്ത കടലില്‍ കലക്കുമെന്ന്‍!

ആഞ്ജനേയനവന്‍ വന്നു
കോട്ട കൊത്തളം വാലിനാ-
ലെരിച്ചതും ,പ്രേയസി
മര്‍ക്കട വീരനെ മകനാക്കിയതും
ധര്മ്മിഷ്ഠനെന്നവനെ
ചോദിച്ചതും ചരിത്രം

പങ്കു ചോദിക്കാതെ
പകുത്തെടുക്കാതെ
പാതിമെയ്യോടൊപ്പം
പ്രാണന്‍ രണ്ടു കൊടുത്തതും നീ

മര്യാദാ രാമന്‍ ഉത്തമ പുരുഷന്‍
വേട്ട പെണ്ണിനെ കാട്ടില്‍ വിട്ടു
വന്ന് അഗ്നി തൊട്ടു  പരി -
ശുദ്ധയായ്   ബോധിപ്പിക്കാന്‍.. (ആരെയോ)

രാജ്യം കാത്തോ, താതവചനം കാത്തോ
കൂടെപ്പോന്ന പെണ്ണൊരുത്തിയെ കാത്തോ
അറിയില്ല രഘുരാമാ , ഞാനീ രാമ
അയനത്തിലെങ്ങും കാണ്മതില്ല
നീ കാത്ത സൂക്തങ്ങള്‍ !!