Saturday, October 5, 2013

പെണ്‍വായന - രാമായണം

കടന്നു വന്ന ഇന്നലെകളില്‍
വരിയറിയാതെ
മനമറിയാതെ സ്വയമറിയാതെ
ആമരാമരാ  പറഞ്ഞു
പഠിച്ചതൊക്കെയും
രാമായണ പൊരുളോ ....

അറിഞ്ഞീല രാവണാ നീ തൊടുക്കും
മോഹത്തിനമ്പവന്‍റെ മാനം തുളച്ച് -
അറിയാത്ത കടലില്‍ കലക്കുമെന്ന്‍!

ആഞ്ജനേയനവന്‍ വന്നു
കോട്ട കൊത്തളം വാലിനാ-
ലെരിച്ചതും ,പ്രേയസി
മര്‍ക്കട വീരനെ മകനാക്കിയതും
ധര്മ്മിഷ്ഠനെന്നവനെ
ചോദിച്ചതും ചരിത്രം

പങ്കു ചോദിക്കാതെ
പകുത്തെടുക്കാതെ
പാതിമെയ്യോടൊപ്പം
പ്രാണന്‍ രണ്ടു കൊടുത്തതും നീ

മര്യാദാ രാമന്‍ ഉത്തമ പുരുഷന്‍
വേട്ട പെണ്ണിനെ കാട്ടില്‍ വിട്ടു
വന്ന് അഗ്നി തൊട്ടു  പരി -
ശുദ്ധയായ്   ബോധിപ്പിക്കാന്‍.. (ആരെയോ)

രാജ്യം കാത്തോ, താതവചനം കാത്തോ
കൂടെപ്പോന്ന പെണ്ണൊരുത്തിയെ കാത്തോ
അറിയില്ല രഘുരാമാ , ഞാനീ രാമ
അയനത്തിലെങ്ങും കാണ്മതില്ല
നീ കാത്ത സൂക്തങ്ങള്‍ !!








 

30 comments:

  1. പെണ് മനസ്സില്‍ തോന്നിയ ചില രാമായണ ചിന്തകള്‍ !

    ReplyDelete
  2. ചിന്തയ്ക്ക് സല്യൂട്ട്, സീതയുടെ ഭാഗത്തുനിന്നു ചിന്തിച്ചാല്‍ രാമായണം മുഴുവനായും മാറി മറയും. രാമന്റെ ജനനം,കര്‍മ്മം,യുദ്ധം എല്ലാം പൂര്‍ണ്ണമായും ഒന്നിനുവേണ്ടി മാത്രം ആയിരുന്നു .രാവണന്‍ .(ഞാനിപ്പോ അത്രേ പറയുന്നോള്ളൂ )

    ReplyDelete
    Replies
    1. അതെ കാത്തീ - ആ ചിന്ത ശരിയാണ്. പക്ഷെ, സീത പക്ഷം എന്നൊന്നില്ല ഇതില്‍ , കാരണം സീതയും രാമനും അറിഞ്ഞു കൊണ്ട് ആണല്ലോ എല്ലാം ചെയ്തത്/സംഭവിച്ചത് :). അറിയാത്ത ഒരാള്‍ പാവം രാവണനും . നന്ദി ട്ടാ

      Delete
  3. രാമനെ തൊട്ടുകളിക്ക്യേ.............!!
    ഭരണത്തിലേയ്ക്കുള്ള ഏണിയാണ് ട്ടാ രാമന്‍.

    ReplyDelete
    Replies
    1. ഇതെത് രാമനെയാ അജിത്തേട്ടാ? :) ഞാന്‍ വെറുതെ ഒരു ചിന്ത പറഞ്ഞുന്നു മാത്രം -ഇഷ്ടായില്ലേല്‍ വിടാം :) നന്ദി

      Delete
  4. എങ്ങിനെ വേണമെങ്കിലും വായിക്കാം, ചിന്തിക്കാം. മനുഷ്യനല്ലേ...
    ആശംസകൾ.

    ReplyDelete
  5. എങ്ങിനെ വേണമെങ്കിലും വായിക്കാം, ചിന്തിക്കാം. മനുഷ്യനല്ലേ...
    ആശംസകൾ.

    ReplyDelete
    Replies
    1. അതെയതെ ഡോക്ടര്‍ - അങ്ങനെ മാറി മാറി ചിന്തിക്കുന്നതാണല്ലോ മനുഷ്യന്‍ :) നന്ദി

      Delete
  6. പിന്‍തലമുറകള്‍ക്ക് അവരവരുടെ കാലത്തിന്റെ മൂല്യബോധത്തോട് ചേര്‍ത്തുവെച്ച് പലതരത്തില്‍ ചിന്തിക്കാന്‍ അവസരം നല്‍കുന്ന പഴുതുകള്‍ നിക്ഷേപിച്ച് ഇതിഹാസം ചമച്ച ആ മഹത്തായ സംസ്കൃതിക്ക് പ്രണാമം.....

    ReplyDelete
    Replies
    1. അതെ അത് സത്യം. പല പല പഴുതുകള്‍ ഉണ്ട് ഇതിഹാസങ്ങളിലും, പുരാണങ്ങളിലും. പിന്നെ ഓരോ വായന അല്ലെ മാഷെ, ഓരോ കാലത്ത് ഓരോന്ന് തോന്നുന്നു.. നന്ദി :)

      Delete
  7. വേദവേദാംഗവേദാന്താദിവിദ്യകളെല്ലാം ചേതസി തെളിഞ്ഞുണര്‍ന്നാവോളം തുണയ്‌ക്കേണം.
    സുരസംഹതിപതി തദനു സ്വാഹാപതി വരദന്‍ പിതൃപതി നിരൃതി ജലപതി തരസാ
    സദാഗതി സദയം നിധിപതി കരുണാനിധി പശുപതി നക്ഷത്രപതി സുരവാഹിനീ
    പതിതനയന്‍ഗണപതി സുരവാഹിനീപതി പ്രമഥഭൂതപതി ശ്രുതിവാക്യാത്മാ
    ദിനപതി ഖേടാനാംപതി ജഗതി ചരാചരജാതികളായുളേളാരും
    അഗതിയായോരടിയന്നനുഗ്രഹിക്കേണ- മകമേ സുഖമേ ഞാനനിശം വന്ദിക്കുന്നേന്‍.

    ReplyDelete
    Replies
    1. അങ്ങയ്ക്കും വന്ദനം ആഷിക് :) നന്ദി

      Delete
  8. ഈ വായന നന്നായി...

    ReplyDelete
    Replies
    1. കലേച്ചീ , വായനയില്‍ അങ്ങനെ തോന്നി -അടുത്ത വായനയില്‍ ചിലപ്പോ ചിന്ത മാറിയേക്കാം :) നന്ദി

      Delete
  9. പെണ്‍ പക്ഷത്ത് നിന്നുള്ള ചിന്തകള്‍ .....ഇനിയും ചിന്തിക്കൂ .

    ReplyDelete
    Replies
    1. പെണ്‍പക്ഷ ചിന്ത -പെണ്‍പക്ഷ കവിത . എന്താകുമോ എന്തോ :). നന്ദി മിനി

      Delete
  10. രാമായണം വായിച്ചപ്പോള്‍ തോന്നിയത് ഇതിനു സീതായനം എന്നാണ് പേര് ഇടെണ്ടിയിരുന്നത് എന്നാണ്.

    ReplyDelete
    Replies
    1. സത്യാണ് -സീതയാണ് ജീവിതയാത്ര കൂടുതല്‍ ചെയ്തത് :) നന്ദി ശ്രീജിത്ത്‌

      Delete
  11. എല്ലാ ചരിത്രങ്ങളും പുരാണങ്ങളും ജയിച്ചവന്‍റെ വീരഗാഥകളാണ്.അത്രമാത്രം

    ReplyDelete
    Replies
    1. അങ്ങനെ തന്നെയാണ് സത്യം :) നന്ദി സര്‍ വരവിനും, അഭിപ്രായത്തിനും

      Delete
  12. ശ്രീജിത്തിന്റെ കമന്റിനെ അനുകൂലിയ്ക്കുന്നു...
    :)

    ReplyDelete
    Replies
    1. നന്ദി sree. നമ്മള്‍ പഴയ സുഹൃത്തുക്കള്‍ ആണ് കേട്ടോ :)

      Delete
  13. യുഗങ്ങള്‍ മാറുന്തോറും, ചിന്താഗതികളും മാറിമറിയും എന്ന് കരുതാം. ഇന്ന് ഏതെങ്കിലും പുരുഷന് 'രാമനോ' , ഏതെങ്കിലും സ്ത്രീയ്ക്ക് 'സീതയോ' ആവാന്‍ കഴിയില്ല. പെണ്‍പക്ഷ ചിന്തകള്‍ക്ക് ആശംസകള്‍ !!

    'ആമരാമരാ' , 'കൊട്ടകൊത്തളം' , 'വേട്ട പെണ്ണിനെ' ഇവ തിരുത്തേണ്ടതല്ലേ ?

    വരികള്‍ മുറിച്ചെഴുതുന്നത് പ്രാസഭംഗിക്ക് വേണ്ടിയാണോ
    Ex: 'പരി -ശുദ്ധയായ് ' , 'വാലിനാ-ലെരിച്ചതും ' ............

    ReplyDelete
    Replies
    1. നന്ദി മുകേഷ്.. വായനയ്ക്ക്, വിശദമായ അഭിപ്രായത്തിനു. "കൊട്ട" -തിരുത്തി കോട്ട ആക്കി :(. അറിയാതെ പറ്റിയതാ ക്ഷമിക്കൂ. ആമരാമരാ അറിഞ്ഞു കൊണ്ട് കൊടുത്തതാണ് , രാമരാമ എന്ന ആ പ്രാര്‍ത്ഥനയുടെ ഉത്പത്തിയിലെക്ക് :). വേട്ട പെണ്ണ് - ശരിയല്ലേ? എന്താ തിരുത്തേണ്ടത് എന്ന് മനസിലായില്ല. :) പ്രസഭംഗിക്ക് വേണ്ടിയല്ല -വരികള്‍ വല്ലാണ്ട് നീണ്ടപ്പോള്‍ അങ്ങനെ ഒന്ന് പിരിച്ചതാ :) നന്ദി , ഒന്ന് കൂടി

      Delete
  14. അല്ലെങ്കിലും ഈ രാമന്‍ സീതയെ ഉപേക്ഷിച്ചത്....(ബാക്കി പൂരിപ്പിച്ചോ)

    ReplyDelete
    Replies
    1. അതെ അതന്നെ :) അപ്പൊ നന്ദി സന്തോഷം, സ്നേഹം :)

      Delete
  15. അറിഞ്ഞീല രാവണാ നീ തൊടുക്കും
    മോഹത്തിനമ്പവന്‍റെ മാനം തുളച്ച് -
    അറിയാത്ത കടലില്‍ കലക്കുമെന്ന്‍!

    ReplyDelete
    Replies
    1. അങ്ങനെയല്ലേ? :) . നന്ദി ...

      Delete
  16. പലപ്പോഴും നിക്ക്യു തോന്നിയിട്ടുണ്ട് രാമന്‍ ഒരു നല്ല രാജാവായിരുന്നിരിക്ക്യാം..പക്ഷെ ഒരിക്ക്യാലും ഒരു നല്ല ഭാര്താവായിരുന്നില്ല ന്നു..ആയിരുന്നേല്‍ എനത്തിന്റെ പേരിലാണെങ്കിലും മറ്റൊരാണിന്‍ വാക്കാല്‍ സ്വന്തം ഭാര്യയെ ഉപേക്ഷിക്ക്യുമായിരുന്നില്ല...പകരം രാജ്യം വേണ്ടെന്നു വച്ചും അവള്‍ക്കു താങ്ങായ് നില്‍ക്കുമായിരുന്നു...ഇതെന്‍ മാത്രം അഭിപ്രായമാണ്..അറിവുള്ളവര്‍ സദയം ക്ഷമിക്ക്യുക...rr

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)