Monday, October 19, 2015

ഇന്നത്തെ ചോദ്യം : അഥവാ ചോദ്യം ഓഫ് ദി ഡേ !ഇന്നലെ രാത്രി , അമ്മക്കളിയും, അച്ഛക്കളിയും , എഴുത്തും, കഥയും ഒക്കെ കഴിഞ്ഞപ്പോള്‍ കിട്ടിയ  " own time  ( ഓന്‍റെ  മാത്രം  സമയം ) "   ഓരോ വിരലിലും  ഓരോ നിറം  പൂശി , പ്രത്യേക രൂപമില്ലാത്ത അടയാളപ്പെടുത്തലുകളിലൂടെ ഒരു ഭൂപടം ഉണ്ടാക്കുകയായിരുന്നു താത്വിക് എന്ന താച്ചൂസ്

"അമ്മേ , ഈ നീല  എന്താന്നോ  അതാണ്  വിസ്കോണ്‍സിന്‍ - നമ്മുടെ  വീടേ !  , പിന്നെ തൊട്ടടുത്തുള്ള  പച്ച  ഇന്ത്യ, പിന്നെ മഞ്ഞ  ആഫ്രിക്ക, അതിനുമടുത്ത് കറുപ്പ് ലണ്ടന്‍ ബ്രിഡ്ജ് , പിന്നെ ചുവപ്പ്.... "
കുറേയാലോചിച്ചിട്ടും ഒരു സ്ഥലോം  കിട്ടാഞ്ഞപ്പോള്‍  സഹായത്തിനായി  എന്നെ  നോക്കി , ഞങ്ങളുടെ  വിസ്കോണ്‍സിന് തൊട്ടടുത്തുള്ള സംസ്ഥാനമാണ്  'മിനസോട്ട' , വായില്‍ പെട്ടെന്ന്  വന്നത്  ആ പേരാണ് -  അവിടെ 'മാനവ്' എന്നൊരു  സുഹൃത്തുമുണ്ട്  താച്ചുവിന്  , ഒരിക്കല്‍  പോയ ഓര്‍മ്മയുണ്ടാകട്ടെ എന്ന് കരുതി ഞാനിങ്ങനെ  പറഞ്ഞു

"അത് മിനസോട്ടയാ മോനേ , നമ്മളവിടെ  'മിനിയപൊളിസ് ' എന്ന സ്ഥലത്ത് പോയത് ഓര്‍ക്കുന്നോ?  മാനവിനൊപ്പം  ക്രിസ്മസ് ആഘോഷിക്കാന്‍, സ്നോമാന്‍  ഉണ്ടാക്കി കളിച്ചതൊക്കെ  ഓര്‍ക്കുന്നില്ലേ ? "

"ങാ, രണ്ട്  സ്നോമാന്‍ ഉണ്ടാക്കീത് -താച്ചുനു  ഓര്‍മ്മയുണ്ടല്ലോ ! അപ്പൊ  ഈ ചുമപ്പ് മിനസോട്ടയാ  കേട്ടോ  അമ്മാ ... "

ലാപ്ടോപ്പില്‍ ഒരു ഡാന്‍സ് പ്രോഗ്രാം കാണുകയായിരുന്ന  ഞാന്‍  മൂളലും , തലകുലുക്കലും .കുറച്ചു നേരം മിണ്ടാട്ടമില്ല  ആള്‍ക്ക് , അപ്പോള്‍ ഞാനൊന്നു തല പൊക്കി നോക്കി  എന്ത് പറ്റിയാവോ എന്ന്. വരച്ചതിനെ  മായ്ച്ച് പുതിയ നിറങ്ങളില്‍  വിസ്കോണ്‍സിനും, ഇന്ത്യയും  , ആഫ്രിക്കയും  ഒക്കെ അടയാളപ്പെടുത്തുകയാണ് . ഇടയ്ക്കൊരു  'X'  വരച്ചു  അതിനെ ചിത്രശലഭം  ആക്കി ചോദിച്ചു

 "അമ്മയ്ക്കിഷ്ടായോ   എന്‍റെ  എക്സ്  പൂമ്പാറ്റ ?  "

"ന്ഗ്മ്മ്മ്മം  ഇഷ്ടായി  , പക്ഷേ  അമ്മയ്ക്ക് കൂടുതല്‍  ഇഷ്ടം  താച്ചുണ്ണി  വരയ്ക്കുന്ന  വലിയ  ചിറകുള്ള  ,കളര്‍ഫുള്‍  ബട്ടര്‍ഫ്ലൈയാ... ഇതിനു  ചിറക്  കാണാനില്ല -അതോണ്ട്  'ഓക്കേ ' പൂമ്പാറ്റ ട്ടോ "

അമ്മയുടെ  മറുപടി കുഞ്ഞിനും  അത്ര ഇഷ്ടായില്ല  :/
വേഗമതില്‍   തൊട്ടു  കുറുമ്പ് നിറച്ചു  പറഞ്ഞു -  "ദാ  ചിറക് , കാണാനില്ലേ? , ഇതേ  'X'  പൂമ്പാറ്റയല്ലേ അപ്പോളിത്ര  ചിറകേയുണ്ടാകൂ , 'ഓക്കേ' പൂമ്പാറ്റ  അല്ലാട്ടോ - സൂപ്പര്‍  പൂമ്പാറ്റയാ ... ഹും "

വീണ്ടും  മാപ്പിന്‍റെ  ലോകത്തേക്ക്  പോകാന്‍ തുടങ്ങുമ്പോഴാണ്‌  ചോദ്യം  വന്നത് -
"ആരാമ്മേ  ഈ നിറത്തിന് റെഡ്  എന്നു പേരിട്ടേ ? & who put this name 'blue' , ആരാ പച്ച  വിളിച്ചേ  ഇതിനെ ?  ങേ  അമ്മേ, ആരാ? "

അമ്മ അഥവാ ഞാന്‍  " അത് പിന്നെ... അത് അങ്ങനല്ലേ, അതായത് ....അതങ്ങനെയാ, നമുക്ക്  ചോറുണ്ടാലോ  മോനേ  അമ്മയ്ക്ക്  വിശക്കുന്നുണ്ടേ !   "

 (കണ്ണ് മിഴിച്ചിരുക്കുന്ന  കുറെ  സ്മൈലി, നാക്ക്  പുറത്തിട്ട  കുറെ  സ്മൈലി  ഇതൊക്കെ  എന്‍റെ  തലയ്ക്ക്  ചുറ്റും  പാറിപ്പറക്കുന്നത്  ഞാനറിഞ്ഞുട്ടാ !! )