Saturday, August 8, 2020

രുചിയോർമ്മകൾ 03 - കട്ടൻകാപ്പിയുടെ കൊതിപ്പിക്കുന്ന മണം!

രുചിയോർമ്മകൾ അഥവാ ആളോർമ്മയുടെ രുചിഭേദം - കട്ടൻകാപ്പിയുടെ കൊതിപ്പിക്കുന്ന മണം!

--------------------------------------------------------------------------------------------------------------------------------
സ്‌കൂളിൽ പഠിക്കുന്ന സമയത്ത് ഓണത്തിന്റെ പത്തു ദിവസം, ക്രിസ്തുമസിന് പത്തു ദിവസം, പിന്നെ വല്യ വേനലവധിക്ക് ഒരു മാസം അച്ഛന്റെ നാട്ടിൽ ആണ് ഞാനും ചേട്ടന്മാരും. ചങ്ങനാശ്ശേരിയിൽ ചാഞ്ഞോടി - തെങ്ങണ ഭാഗത്താണ് അച്ഛന്റെ കുടുംബവീട്. അമരപുരം എന്ന ഭംഗിയുള്ള പേരുള്ള, അമരക്കുന്നിന്റെ മുകളിൽ വലിയ വാട്ടർ ടാങ്കുള്ള, ആശാരിമുക്ക് എന്ന കുഞ്ഞു ജങ്ക്ഷൻ ഉള്ള സ്ഥലം. അവധി വരാൻ കാത്തിരിക്കും അവിടേക്ക് പോകാൻ. തിരക്ക് പിടിച്ച വണ്ടികളിൽ പോകാൻ ഇഷ്ടമില്ലാത്ത അച്ഛൻ, ഇഴഞ്ഞുപോകുന്ന ഷട്ടിലിലേ കൊണ്ടുപോകൂ ചങ്ങനാശ്ശേരിയിലേക്ക്. കൊല്ലം റയിൽവേ സ്റ്റേഷനിൽ നിന്ന് ചങ്ങനാശ്ശേരി സ്റ്റേഷൻ വരെ എത്തിപ്പെടാൻ അതുവഴി പോകുന്ന ബാക്കി എല്ലാ വണ്ടികൾക്കും വേണ്ടി പിടിച്ചിട്ടു പിടിച്ചിട്ടു ഞങ്ങളുടെ ഷട്ടിലങ്ങെത്തുമ്പോൾ മണിക്കൂർ അഞ്ചാറ് കഴിയും. ചങ്ങനാശ്ശേരിയിൽ നിന്ന് പ്രൈവറ്റ് ബസ്സേൽ കയറി ചാഞ്ഞോടിയിറങ്ങും - ആദ്യമൊക്കെ ചാഞ്ഞോടി വരെയേ ഉള്ളൂ വണ്ടി. പകൽ ആണെങ്കിൽ ആഞ്ഞുവെച്ചു നടക്കും, പോകുന്ന വഴിയിൽ കാണുന്ന എല്ലാ നാട്ടുകാരോടും തിരുവനന്തപുരത്തു നിന്ന് വെക്കേഷന് വരുന്ന മോഹൻച്ചാനും (അച്ഛൻ) കുടുംബവും വർത്തമാനം പറഞ്ഞു പറഞ്ഞു ഒരു അര മുക്കാൽ മണിക്കൂർ എടുത്താണ് വീട്ടിൽ എത്തുക. കുറേനാൾ കഴിഞ്ഞപ്പോൾ ആശാരിമുക്ക് വഴി ഒരു വണ്ടി സിറ്റിയിലേക്ക് ഓടിത്തുടങ്ങി , ഒരേയൊരെണ്ണം കൃത്യം സമയമൊപ്പിച്ചു സ്ഥിരം യാത്രക്കാരെ കാത്തുനിന്നു കേറ്റി ആ വണ്ടി ടൗണിലേക്കും ആശാരിമുക്കിലേക്കും രണ്ടുമണിക്കൂർ ഇടവിട്ട് ഓടിക്കൊണ്ടിരുന്നു. അത് വന്നതിൽ പിന്നെ ചങ്ങനാശ്ശേരി സ്റ്റാൻഡിൽ എത്തിയാൽ അവരോട് ചോദിക്കും ആശാരിമുക്കിനുള്ള ലാസ്റ്റ് പോയോന്ന്. പോയെന്നു പറഞ്ഞാലേ ചാഞ്ഞോടി വണ്ടിയെടുക്കൂ. കാരണം മുതുപാതിരക്ക് ചാഞ്ഞോടി എത്തിയാൽ വീട് വരെ നടക്കാൻ നല്ല പണിയാണ്. അതോണ്ട് ചാഞ്ഞോടിക്കൽ നിന്നും ഓട്ടോ പിടിക്കും. കുഞ്ഞിലേ അമ്മയെന്നെ ഓട്ടോയുടെ അറ്റത്ത് ഇരുത്തുകേലായിരുന്നു - ഊർന്നു പോയാലോന്നു പേടിച്ചിട്ടേ. പിന്നെ പതുക്കെ പതുക്കെ ഞാനാ സൈഡ് കമ്പിയേൽ പിടിച്ചു കാഴ്ച കണ്ടു ഇരിക്കാൻ തുടങ്ങി. കുറച്ചും കൂടെ ആയപ്പോൾ അഞ്ചുപേരെ കൊള്ളാൻ ആട്ടോ തികയാത്ത അവസ്ഥയായി!
അങ്ങനെ പാതിരാത്രികളിൽ ചെന്ന് കയറുമ്പോഴും അച്ഛന്റെ അമ്മ - ഞങ്ങൾ അമ്മൂമ്മ എന്ന് വിളിച്ചിരുന്ന കുളങ്ങര സുലോചന എന്ന മിടുമിടുക്കി അടുക്കളയിൽ പാത്രം കഴുകിക്കൊണ്ടോ, ഇല്ലാ വെട്ടത്തിൽ വായിച്ചുകൊണ്ടോ ഉണർന്നിരിപ്പുണ്ടാകും. ചെന്നാലുടനെ ഉള്ള ചോറെല്ലാവർക്കും കൂടി വീതിക്കലാണ്... അതിൽ ഒന്നുരണ്ടു അമ്മൂമ്മക്കറികൾ - അപ്പച്ചിക്കറികൾ ഉണ്ട് , അതിലേക്ക് പിന്നീടു വരാം. ഇന്നത്തെ ഓർമ്മ ആ കറികൾ അല്ല ... എന്നിട്ടാ ചോറും കറിയും കഴിച്ചു- കഴിച്ചില്ല വരുത്തി ഓട്ടമാണ് ഉറങ്ങാൻ. അപ്പച്ചിയുണ്ടാക്കിയ നല്ല പഞ്ഞിത്തലയിണകൾ ഉണ്ടാകും അതൊക്കെ ഒപ്പിച്ചു ഏതേലും മുറിയിൽ കയറി ഉറങ്ങാൻ തുടങ്ങും. സ്‌കൂളുള്ള ദിവസങ്ങളിൽ ഏഴുമണിക്ക് എണീൽക്കാൻ ഭഗീരഥ പ്രയത്നം തന്നെ നടത്തേണ്ടി വരുന്ന എനിക്ക്, ചങ്ങനാശ്ശേരിയിലെ ദിവസങ്ങളിൽ ആരും വിളിക്കാതെ, അലാറം വെയ്ക്കാതെ അഞ്ചര - ആറു മണിക്ക് എണീൽക്കുന്ന ഒരു പ്രത്യേക അസുഖം ഉണ്ടായിരുന്നു - നാവായിക്കുളത്തെ വീട്ടിൽ കിടപ്പുമുറിയിൽ ജനലുകൾ ഇല്ലാതിരുന്നത് കൊണ്ട് അമരയിൽ മിക്കപ്പോഴും ജനലിനടുത്ത് കിടന്നുറങ്ങാൻ ഇഷ്ടപ്പെട്ടിരുന്നു ഞാൻ. സൂര്യനുദിച്ചു വെട്ടം കണ്ണിലേക്ക് വീഴുമ്പോൾ തന്നെ എണീൽക്കാമല്ലോ അപ്പോൾ. ഒരുനിമിഷം പോലും പാഴാക്കി കളയാനില്ലാത്ത അവധിദിവസമല്ലേ .... കൂടുതൽ ഉറങ്ങാൻ പാടില്ല! സൂര്യൻ കണ്ണിലേക്കെത്തുമ്പോൾ തന്നെ മറ്റൊന്ന് കൂടി എത്തും വിളിച്ചുണർത്താൻ - വീട്ടിൽ വറുത്തു പൊടിച്ച നല്ല നാടൻ കാപ്പിപ്പൊടിയിട്ട് ഉണ്ടാക്കുന്ന കട്ടൻകാപ്പിയുടെ മണം. അമ്മൂമ്മയാണ് - നേരം വെളുക്കുമ്പോൾ തന്നെ പഴയ അടുപ്പിൽ ഒരു കലം നിറയെ കാപ്പി തിളച്ചുമറിയും. അതിന്റെ മണമിങ്ങനെ വീട് മുഴുവൻ ഒഴുകി നടക്കും. അതിലാണ് നമ്മുടെ ദിവസം തുടങ്ങുക.
അമ്മയൊഴികെ ബാക്കി എല്ലാവരും ഈ കട്ടൻകാപ്പി നല്ലോണം മധുരം ചേർത്തത് ഊതിയൂതി കുടിക്കും. 'അമ്മ പരിഷ്കാരിയായിട്ട് ഒരു ഒൻപത് ഒൻപതര മണിക്ക് പാൽ വരും, അത് ചേർത്ത പാൽച്ചായയേ കുടിക്കൂ, അമ്മൂമ്മയുടെ കാപ്പിക്കലം ഒരിക്കലും ഒഴിയാറുണ്ടായിരുന്നില്ല, എപ്പോൾ നോക്കിയാലും അതിങ്ങനെ അടുപ്പിൽ ഉണ്ടാകും ചെറുചൂടോടെ.. വൈകുന്നേരത്തെ കാപ്പികുടി കഴിഞ്ഞാലും വീണ്ടും കാപ്പി നിറഞ്ഞുകൊണ്ടും ഒഴിഞ്ഞുകൊണ്ടും ഇരിക്കും. ഓണക്കാലമൊക്കെ ആകുമ്പോൾ എപ്പോഴും ആളുകൾ വന്നുകൊണ്ടേ ഇരിക്കും അടുക്കളയിൽ നിന്ന് കൊതിപ്പിക്കുന്ന മണവുമായി ചൂടൻ കട്ടങ്കാപ്പി ഇങ്ങനെ ഉമ്മറത്തേക്ക് വന്നോണ്ടുമിരിക്കും.
ഇപ്പോഴും എനിക്ക് കട്ടൻകാപ്പി മണമെന്നാൽ ആ അവധി പുലർകാലങ്ങളാണ്, ആരും വിളിക്കാതെ തന്നെയുണർന്നു കണ്ണ് തുറന്നു ചുമ്മാ കിടന്നു ആ മണമിങ്ങനെ ഉള്ളിലേക്ക് എടുക്കാൻ ശ്രമിക്കുന്ന കുട്ടിയാർഷ ആണ്, അടുക്കളയിൽ ഒരു കുഴല് കൊണ്ട് തീയൂതുന്ന അമ്മൂമ്മയാണ്, പിന്നെയാ കാപ്പിക്കലമാണ്. നിങ്ങൾക്ക് ഓർമയില്ലേ 'മഹേഷിന്റെ പ്രതികാരത്തിൽ' 'ഇവളാണിവളാണ് മിടുമിടുക്കി' എന്ന പാട്ടിലെ ആ കാപ്പിക്കലം? ഫഹദ് ഇങ്ങനെ പുള്ളിയുടെ ഒരു കൈ കൈലിയിലൊന്നു തൂത്തുകൊണ്ട് ആ ചൂടൻ കലം അടുപ്പത്തൂന്നു ചരിച്ചു രണ്ടു ഗ്ലാസ്സിലേക്ക് പകർത്തിയിട്ട് ചാച്ചന് കൊണ്ട് കൊടുക്കുന്നത്? ആ സിനിമ എന്റെ ഹൃദയത്തിലേക്ക് കേറി കസേര വലിച്ചിട്ടിരുന്നത് ആ സീനിലാണ്. അമ്മൂമ്മയുണ്ടായിരുന്നെങ്കിൽ ആ സിനിമ കാണിക്കാമായിരുന്നു എന്ന് വെറുതേ ഒരു തോന്നൽ തോന്നിപ്പോയി. സിനിമ തീരുവോളം ഞാനാ കാപ്പിമണത്തിൽ അലിഞ്ഞിരുന്നു..കഴിഞ്ഞപ്പോൾ കെട്ട്യോൻ അതിനു മുൻപ് കണ്ട മറ്റൊരു പടമാണ് കൂടുതൽ ഇഷ്ടമായത് എന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞത് - അത് നിങ്ങൾക്കാ കാപ്പിക്കലം അറിയാത്തത് കൊണ്ടാണ് എന്നാണ്.
ഇപ്പോഴും ഇൻസ്റ്റന്റ് കാപ്പിയുടെ കാലത്തിലും ഞാനിടയ്ക്കിടെ വീട്ടിൽ കാപ്പിപ്പൊടി തിളപ്പിച്ച് കാപ്പി ഉണ്ടാക്കും, വീട് മുഴുവൻ ആ മണം പരത്തും - അന്നേരം ഞാൻ മനസുകൊണ്ട് അമരയിലെത്തും, പഴയ ഫ്രോക്കുകാരിയാകും, റബറും കാപ്പിയും ചുറ്റുവട്ടത്തുള്ള ആ വീടിന്റെ വാതിൽപ്പടിയിൽ തണുപ്പിന്റെ താടിയെല്ല് കൂട്ടിയിടിച്ചുകൊണ്ട് ഇരിക്കുകയാണെന്നു കരുതി കണ്ണുകളടച്ചു ചൂടുകാപ്പി ഊതിയൂതി കുടിക്കും!!