Saturday, June 17, 2017

സ്ക്കൂളുകളില്‍ നിന്നും പുറത്താക്കപ്പെടുന്നവരുടെ അമ്മ

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍  വന്ന വാര്‍ത്ത‍ വായിച്ചപ്പോള്‍ തല ചുറ്റുന്നതുപോലെ തോന്നി. കണ്ടു-മിണ്ടി-പരിചയമുള്ള ഒരിന്ത്യന്‍ അമ്മയുടെ ജയില്‍ വേഷത്തിലുള്ള ഫോട്ടോ ആയിരുന്നു അത്. "ടീനേജ് മകളെ ശാരീരികമായി ആക്രമിച്ച ഇന്ത്യന്‍ അമ്മ ജാമ്യത്തിലിറങ്ങി" എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. ആ മകളെയും അമ്മയേയും ഒന്നോ രണ്ടോ വട്ടം കണ്ടുപരിചയമുള്ളത് കൊണ്ടുതന്നെ വാര്‍ത്ത‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ കയ്യില്‍ പൊള്ളിയ പാടു കണ്ട സ്കൂള്‍ കൌണ്‍സിലര്‍ ചോദ്യം ചെയ്തെന്നും, അമ്മ ചൂടു തവി കൊണ്ടു തല്ലുകയും മൊബൈല്‍ കൊണ്ടു നെറ്റിക്കു എറിയുകയും ചെയ്തുവെന്ന് മകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ സ്കൂളില്‍ നിന്ന് "Child Protective Services"ലേക്ക് കംപ്ലൈന്റ്റ്‌ പോയി എന്നുമാണ് വാര്‍ത്തയില്‍ തുടര്‍ന്നുള്ളത്. മകളുടെ പരാതിയിന്മേല്‍ പോലീസ് ലോക്കപ്പില്‍ ആയിരുന്ന അമ്മയെ അച്ഛന്‍ ജാമ്യത്തിലെടുത്തു, ഇപ്പോള്‍ ഒരേ മേല്‍ക്കൂരയ്ക്ക് കീഴില്‍ മൂന്നാളും ജീവിക്കുന്നു. വിധി വരും വരെ വാദിയും പ്രതിയും ആണവര്‍, അതുകൊണ്ടു തന്നെ അമ്മയ്ക്കും മകള്‍ക്കും അന്യോന്യം സംസാരിക്കാന്‍ നിയമപരമായി അനുവാദമില്ല.

ഇത് അമേരിക്കന്‍ പേരന്റിംഗിന്‍റെ  മറ്റൊരു മുഖമാണ്. അമേരിക്കയില്‍ മാത്രമല്ല പല വിദേശ രാജ്യങ്ങളിലും കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നത് (child abuse by the parent) ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍ 'അടച്ചു വേവിക്കാത്ത കറിയും,അടിച്ചു വളര്‍ത്താത്ത കുഞ്ഞും', 'ഒന്നേയുള്ളേല്‍  ഉലക്കയ്ക്ക് അടിച്ചു വളര്‍ത്തണം' പോലുള്ള ചിന്തകള്‍ എന്തുകൊണ്ടോ ചിലരിലെങ്കിലും വല്ലാതെ വേരിറങ്ങിപ്പോയി  എന്നാണ് തോന്നുന്നത്.  ഇവിടുത്തെ ജീവിത സാഹചര്യങ്ങളും, സാംസ്കാരികമായ മാറ്റവും പലപ്പോഴും കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളെ മുന്‍വിധിയോടെ കാണാന്‍ നിയമ വ്യവസ്ഥയെ പ്രേരിപ്പിക്കും. തുടക്കത്തില്‍ പറഞ്ഞ കഥയിലെപ്പോലെ....! ആ അമ്മയേയും മകളേയും മറ്റിടങ്ങളില്‍ വെച്ച് കണ്ടപ്പോഴൊന്നും അമ്മയെ  ഒരു അതിക്രൂരയായ സ്ത്രീയായിട്ടോ,  സ്ഥിരം  ടീനേജ് പെണ്‍കുട്ടികളുടെ ഒരു കെയര്‍ലെസ്സ് മനോഭാവത്തിനുമപ്പുറം കുഴപ്പക്കാരിയായി മകളെയോ തോന്നിയിരുന്നില്ല. പക്ഷേ, മറ്റൊരു നിയമവ്യവസ്ഥയില്‍ ജീവിക്കുന്ന ഇന്നാട്ടില്‍ ആ അമ്മ ചെയ്ത തെറ്റ് തെളിയിക്കപ്പെട്ടാല്‍ ; അമ്മ ചൂടുള്ള വസ്തു കൊണ്ടു മകളെ പൊള്ളിച്ചതാണെന്നോ, അറിഞ്ഞുകൊണ്ട് ശാരീരികആക്രമണം നടത്താന്‍ ശ്രമിച്ചതാണെന്നോ തെളിഞ്ഞാല്‍ 5 വര്‍ഷം വരെ പോകാവുന്ന ജയില്‍ ശിക്ഷയാണ്ആ  അമ്മയെ കാത്തിരിക്കുന്നത്. രക്ഷാകര്‍ത്താവ് എന്ന രീതിയിലുള്ള പല അവകാശങ്ങളും ഉപേക്ഷിക്കേണ്ടിയും വരും.

തുറന്നു സമ്മതിക്കാമല്ലോ, പലപ്പോഴും കുഞ്ഞുങ്ങളെ ഒരു പ്രായം കഴിഞ്ഞാല്‍ വഴക്കുപറയാന്‍ പോലും പേടിയാണെന്ന് ഇവിടെ പല രക്ഷിതാക്കളും പറയാറുണ്ട്. കുട്ടികളുടെ ചിന്തയില്‍ എപ്പോഴാണ് അതൊരു അബ്യുസ് (abuse) ആയിത്തോന്നുക എന്ന് പറയാന്‍ ആകില്ലാലോ എന്ന്. കൌമാരത്തിന്റേതായ പ്രശ്നങ്ങള്‍ ലോകത്തില്‍ എല്ലായിടത്തും ഒരുപോലെതന്നെയാണ്.  അടിച്ചേല്‍പ്പിക്കുന്നതെന്നു തോന്നുന്ന വിലക്കുകളും, നിയമങ്ങളും എല്ലാ ടീനേജ് കുട്ടികള്‍ക്കും ഒരുപോലെ ചങ്ങലക്കുരുക്ക് ആയാണ് തോന്നാറ്. വീട്ടുകാരോട് അകല്‍ച്ചയും, കൂട്ടുകാരോട് അമിതമായ അടുപ്പവും ഇതിന്‍റെ ഭാഗം തന്നെ! ഇവിടെ നിയമം മൈനര്‍ ആയ കുട്ടികള്‍ക്കൊപ്പമേ നില്‍ക്കുള്ളൂ എന്നതിനാല്‍ കഴിയുന്നത്ര  രക്ഷിതാക്കള്‍ കുട്ടികളെ പ്രകോപിപ്പിക്കാതിരിക്കാന്‍ ശ്രമിക്കും. പക്ഷേ, സ്വയം വളര്‍ന്ന സാഹചര്യം കൊണ്ടു കുഞ്ഞുങ്ങളെ അളക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്. അങ്ങനെ സംഭവിച്ചതാണോ ആദ്യം പറഞ്ഞ കഥയെന്നത് ഇപ്പോഴും ചോദ്യചിഹ്നമായി നില്കുന്നു.


                   അടുത്തിടെ തന്നെയാണ് ഇന്ത്യന്‍ വംശജനായ രണ്ടാം ക്ലാസുകാരനെ കാണാനില്ല എന്ന് അംബര്‍ അലര്‍ട്ട് വന്നത്. രാവിലെ സ്കൂളിലേയ്ക്ക് ഒരുങ്ങിയിറങ്ങിയ കുട്ടി സ്കൂളില്‍ എത്തിയില്ല എന്നുള്ളത് അറിഞ്ഞപ്പോഴേക്കും മണിക്കൂര്‍ ഒന്ന് കഴിഞ്ഞിരുന്നു. റേഡിയോ, ടെലിവിഷന്‍ ചാനലുകള്‍, ഓണ്‍ലൈന്‍ പേപ്പറുകള്‍ എല്ലാത്തിലും അലര്‍ട്ട്  മെസ്സേജുകള്‍. ഇവിടെ ആയതുകൊണ്ടാകും അധികം അപകടം  ഒന്നും കൂടാതെ  ആ 8 വയസുകാരനെ അലഞ്ഞു തിരിഞ്ഞു നടന്നയിടത്തു പോലീസുകാരുടെ കയ്യില്‍ത്തന്നെ കിട്ടിയത്. സ്കൂളില്‍ നിന്ന് കിട്ടിയ ഡിസിപ്ലിനറി പേപ്പര്‍ വീട്ടില്‍ കാട്ടാന്‍ മടിച്ചതാണ് ആ കുഞ്ഞിനെ സ്കൂള്‍ ബസ്സില്‍ കയറാതെ തെരുവിലൂടെ നടക്കാന്‍ പ്രേരിപ്പിച്ചത്. അവിടെയും പറഞ്ഞു കേട്ട  കഥയില്‍ ഇന്ത്യന്‍ പേരന്റിംഗിനെ കുറിച്ച് നല്ലതൊന്നും അല്ല കേട്ടത് എന്നതൊരു ദുഃഖസത്യം!


2 ദിവസമായി വാട്സപ്പില്‍ കറങ്ങി നടക്കുന്ന ഫോട്ടോകളിലൊന്ന് അച്ഛന്‍ കുഞ്ഞിനെ ക്രൂരമായി ബെല്‍റ്റ്‌ കൊണ്ട് തല്ലിയതിന്റെതാണ്.., കാണുന്ന മിക്കവരേയും സങ്കടത്തിന്‍റെ ഒരു ശ്വാസം മുട്ടലിലേയ്ക്ക് കൊണ്ടെത്തിക്കുന്ന ആ ചിത്രം എന്റെയുള്ളിലെ അമ്മയേയും ഒന്നിരുത്തി ചിന്തിപ്പിച്ചു. നമ്മളേക്കാള്‍ ആരോഗ്യം കുറഞ്ഞ ഒരാള്‍ ആയതുകൊണ്ട്‌ മാത്രം കുട്ടികളുടെ പുറത്തു കൈക്കരുത്ത് തീര്‍ക്കുന്നവര്‍ ആണോ അച്ഛനമ്മമാര്‍ എന്ന് ചിന്തിപ്പിക്കുന്ന ചിത്രം. ആറുവയസ്സാകാന്‍ പോകുന്ന മൂത്ത പുത്രന് ഇടയ്ക്കിടെ കൈ കൊണ്ടോരോ കൊട്ടൊക്കെ കൊടുക്കാറുള്ള ഒരു "guilty mom" ആണ് ഞാനും. പക്ഷേ,  ഇത് കണ്ടാല്‍ കുഞ്ഞുങ്ങള്‍ ഇല്ലാത്തവര്‍ക്കു പോലും നോവും. ആ ചിത്രം മനസ്സിനെ വല്ലാതെ ആഴത്തിലാണ് പൊള്ളിച്ചത്. എങ്ങനെ ഇങ്ങനെ അച്ഛനോ അമ്മയ്ക്കോ കുഞ്ഞുങ്ങളെ ശിക്ഷിക്കാനാകും എന്നത് വളരെയധികം വേദനിപ്പിക്കുമ്പോള്‍ തന്നെ ശിക്ഷിക്കുന്ന എല്ലാ അച്ഛനമ്മമാരും കുഴപ്പക്കാര്‍ ആണെന്ന തോന്നലിനേയും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. പലപ്പോഴും നാം പ്രതീക്ഷിക്കുന്ന രീതിയില്‍ കുഞ്ഞുങ്ങള്‍ പെരുമാറാതെ വരുമ്പോള്‍, നിരാശയില്‍ നിന്നാണ് ഒന്നു തല്ലി നോക്കിയേക്കാം എന്ന് രക്ഷിതാക്കള്‍ കരുതുന്നത്.


മുകളില്‍ പറഞ്ഞ രണ്ടുദാഹരണങ്ങളും ഇവിടുത്തെ ആളുകളുടെ 2% പോലും  വരില്ല. കാരണം ഇവിടെ ജീവിക്കുന്നവരില്‍ മിക്ക ആളുകളും തന്നെ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാണ്. അതിനെക്കാള്‍ കൂടുതല്‍ കുട്ടികള്‍ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധമുള്ളവരാണ്. നഴ്സറിക്ലാസില്‍ പോയിത്തുടങ്ങുമ്പോള്‍ത്തന്നെ ആദ്യം പഠിക്കുന്നത് അത്യാവശ്യസര്‍വീസായ  911 എങ്ങനെ വിളിക്കാമെന്നാണ്. പ്ലേ സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുപോകുമ്പോള്‍ത്തന്നെ കുഞ്ഞുങ്ങളെ ശരീരപരിശോധന നടത്താറുണ്ട്, സംശയാസ്പദമായ തരത്തിലുള്ള എന്തെങ്കിലും ചതവോ മുറിവോ ഉണ്ടോയെന്ന് നോക്കി ഉറപ്പാക്കുകയാണ് ലക്‌ഷ്യം! ഇതിനെയൊക്കെ മുതലെടുക്കുന്ന വിദ്വാന്മാരും ഉണ്ട് കേട്ടോ. നാഴികയ്ക്ക് നാല്‍പ്പത് വട്ടം അച്ഛനെയും, അമ്മയേയും  "എന്നെ വഴക്ക് പറഞ്ഞാല്‍ ഞാനിപ്പോ 911 വിളിക്കും" എന്ന് ഭീഷണിപ്പെടുത്തുന്ന കുട്ടിക്കുറുമ്പുകള്‍ മുതല്‍ പ്രണയത്തിനോ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനോ തടസം നില്‍ക്കുന്ന അച്ഛനമ്മമാര്‍ക്കെതിരെ തെളിവുകളുണ്ടാക്കി പോലീസിനെ വിളിക്കുമെന്ന് പറയുന്ന അല്‍പ്പം കൂടിയ തരം വരെ.


അടുത്തിടെ അഞ്ചര വയസുകാരന്‍ മകനോടൊപ്പം ഇരുന്നു "ബെന്‍" എന്നൊരു സിനിമ കണ്ടു. ആ ചിത്രത്തിലെ ഏകദേശം സമപ്രായക്കാരനായ നായകകഥാപാത്രത്തെ ടീച്ചറും, അമ്മയും അടിക്കുന്നത് കണ്ട മകന്‍ എന്നോട് ചോദിച്ചത് അമ്മ പണ്ട് ടീച്ചര്‍ ആയിരുന്നപ്പോള്‍ കുട്ട്യോളെ ഇങ്ങനെ അടിക്കുമായിരുന്നോ എന്നാണ്. അമ്മ പഠിപ്പിച്ചിരുന്ന കുട്ടികള്‍ "വലിയ" കുട്ടികള്‍ ആയിരുന്നു എന്നും, അടിച്ചിരുന്നേല്‍ തിരിച്ചടി കിട്ടിയേനെ എന്നും തമാശയായി മറുപടി പറയുമ്പോഴും എന്‍റെ ചിന്ത ഞാനൊരു സ്കൂള്‍ ടീച്ചര്‍ ആയിരുന്നെങ്കില്‍ കുട്ടികളെ പഠിക്കാത്തതിനും, ഹോംവര്‍ക്ക് ചെയ്യാത്തതിനും അടിക്കുന്ന ആള്‍ തന്നെയാകുമായിരുന്നില്ലേ എന്നാണ്! ഒരുപക്ഷേ, ആകുമായിരുന്നിരിക്കണം..... കാരണം നമ്മുടെ സിസ്റ്റത്തില്‍, മനസ്സില്‍ ഒക്കെ ആ ബോധം വല്ലാതെ ഉറച്ചു പോയിരിക്കുന്നു. തന്നെക്കാള്‍ ബലം കുറഞ്ഞവരെ അടിച്ചോ ഭയപ്പെടുത്തിയോ കാര്യങ്ങള്‍ നേടാമെന്ന് നാമൊക്കെ ധരിച്ചു വശം കെട്ടിരിക്കുന്നു! എന്നുകരുതി ഇവിടെ സ്കൂളുകളില്‍ ഒട്ടുംതന്നെ 'ചൊല്ലും വിളിയും' ഇല്ലായെന്ന് കരുതണ്ട ഇവിടെ സ്കൂളുകളില്‍ പിന്തുടരുന്ന ശിക്ഷണ  രീതികളെക്കുറിച്ച് മറ്റൊരിക്കല്‍ പറയാം.

911 വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 9 വയസ്സുകാരനെ ഇന്ത്യയിലേക്കുള്ള തിരികെപ്പോക്കില്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ പാടെ "വിളിക്കെടാ നീയിപ്പോ 911" എന്ന് പറഞ്ഞ് ഒന്നുപൊട്ടിച്ച അച്ഛനെക്കുറിച്ചുള്ള കഥ തമാശയായി പറയുമ്പോള്‍ത്തന്നെ മറ്റൊരാളുടെ മേലുള്ള സ്വാതന്ത്ര്യം ഏതാണ് ശരിയായ രീതിയെന്ന്, എവിടെയാണ്, എങ്ങനെയാണ് അത്  പ്രയോഗിക്കേണ്ടത് എന്ന് അച്ഛനമ്മമാരും മക്കളും  പഠിക്കേണ്ടിയിരിക്കുന്നു. കഥകളില്‍ വായിക്കുംപോല്‍ എളുപ്പമല്ല കുട്ടികളെ മനസിലാക്കി അവരോടു കൂട്ടുകൂടി അമ്മയാകാന്‍...,അച്ഛനാകാനും. പണ്ട് ടോട്ടോച്ചാന്‍ വായിച്ചിഷ്ടപ്പെട്ട ചെറിയ പെണ്‍കുട്ടിയായിരുന്നു ഞാന്‍. അന്ന് എനിക്ക് ടോട്ടോയെ മനസിലാക്കാന്‍ കഴിഞ്ഞിരുന്നു, വളരുമ്പോള്‍ ഒരു കൊബായഷി മാസ്റ്റര്‍ ആകണം എന്നാഗ്രഹിച്ചിരുന്നു. ഇന്ന് മനസ്സിലാകുന്നു ടോട്ടോ ആകാന്‍ എളുപ്പമായിരുന്നു, ഒന്നാം ക്ലാസ്സില്‍ സ്കൂളില്‍ നിന്നും പുറത്താക്കപ്പെട്ട ആ കുസൃതിപ്പെങ്കുട്ടിയുടെ അമ്മയും അച്ഛനും ആകാനാണ് പ്രയാസം. നമുക്കെല്ലാവര്‍ക്കും കുഞ്ഞുങ്ങളുടെ നന്മയ്ക്ക് വേണ്ടി ടോട്ടോയുടെ അമ്മയാകാം - സ്കൂളുകളില്‍ നിന്നും പുറത്താക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ മനസ്സറിയുന്ന അമ്മ!



ഔര്‍ കിഡ്സ്‌  (ourkids) മാസിക 2017 ഏപ്രില്‍ ലക്കം