Thursday, May 25, 2017

അമേരിക്കയില്‍ നിന്നൊരമ്മ

ജീവിതം പലയിടങ്ങളില്‍ കൊണ്ട് കുരുക്കിയിടുമ്പോള്‍, നമുക്ക് പരിചിതമല്ലാത്ത, കേട്ടറിവുകള്‍ പോലുമില്ലാത്ത പല ഭൂമികയിലൂടെയും കടന്നു പോകേണ്ടി വരുമ്പോള്‍ ഇടയ്ക്ക് ഞാനൊരിത്തിരി നേരം ഇവിടുന്നു പറന്നു നാട്ടിലെത്താറുണ്ട് -മനസ്സുകൊണ്ട്! സമയനഷ്ടം, ധനനഷ്ടം ഒന്നുമില്ലാത്തത് കൊണ്ടുതന്നെ അതൊരു രസകരമായ തനിയാവര്‍ത്തനമാണ്, പലപ്പോഴും. ഏറ്റവും കൂടുതല്‍ അത്തരം മാനസയാത്രകള്‍ ഞാന്‍ ചെയ്തിട്ടുള്ളത് "പേരന്റിംഗ്" എന്ന റോളര്‍കോസ്റ്ററിലൂടെ കയറി ഇറങ്ങി തല കുത്തി മറിഞ്ഞു  നിവര്‍ന്നു ദേഹം മുഴുവന്‍ വേദനിച്ചു  താഴെയെത്തുമ്പോഴാണ്‌. കണ്ടു വളര്‍ന്ന ഇന്ത്യന്‍/കേരള പേരന്റിംഗ്  രീതികളില്‍ പലതും പറയാന്‍ പോലും രണ്ടു വട്ടം ആലോചിക്കേണ്ട ഇടമാണ് അമേരിക്ക. രണ്ടു കുട്ടികളുടെ അമ്മ ആണെങ്കിലും ഇപ്പോഴും ഞാനും അവര്‍ക്കൊപ്പം പിച്ച വെച്ചുനടന്നുകൊണ്ടിരിക്കുകയാണ്,  വിശാലമായ ഈ ലോകം എങ്ങനെയൊക്കെ കാണണം/കേള്‍ക്കണം/ആസ്വദിക്കണം/അനുഭവിക്കണം/പഠിക്കണം എന്ന്. ഓരോ ദിനവും ഓരോ പുതിയ പാഠങ്ങള്‍ ആണെന്ന് ഈ കോഴ്സിനു ചേരുമ്പോള്‍ മറ്റെല്ലാവരെയും പോലെ ഞാനും ഓര്‍ത്തിരുന്നില്ല എന്നതാണ് സത്യം!

കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഒരാള്‍ക്ക് അമേരിക്ക പോലൊരു രാജ്യത്ത് കുട്ടികളെ പ്രസവിച്ചു വളര്‍ത്തുമ്പോള്‍ കടന്നു പോകേണ്ടി വരുന്ന ഒത്തിരിയൊത്തിരി മാനസിക - ശാരീരിക അവസ്ഥകളുണ്ട്. അപ്പോള്‍ ജനിച്ചുവീണ കുഞ്ഞിനെപ്പോലും ഒരു വ്യക്തിയായി കണക്കാക്കുന്ന  ഈ  രാജ്യത്ത് പെട്ടെന്ന്‍ കണ്ടുപിടിക്കാവുന്ന 'ഇന്ത്യന്‍ മോഡല്‍ ഹെലികോപ്ടര്‍' അമ്മമാര്‍ വളരെയധികമുണ്ട്. കുട്ടികളെ എല്ലാക്കാര്യത്തിനും പിന്നില്‍ നിന്നും മുന്നില്‍നിന്നും സൈഡില്‍ നിന്നുമൊക്കെ പുഷ് ചെയ്ത്, പൊക്കിപ്പറത്തി, കോക്പിറ്റില്‍ ഇരുന്നു ഗതി നിയന്ത്രിക്കുന്ന അമ്മമാര്‍ ആണ് നമ്മുടെ നാട്ടില്‍ കൂടുതല്‍. അവരിവിടെ വരുമ്പോളും മിക്കപ്പോഴും അങ്ങനെയൊക്കെ തന്നെയായിരിക്കും.  അതിന്‍റേതായ ഗുണങ്ങളും ദോഷങ്ങളും ഈ കുട്ടികള്‍ക്കുണ്ട്. പക്ഷേ, "There is NO approved rules in parenting" എന്ന ഗോള്‍ഡന്‍ റൂള്‍ പ്രകാരം എല്ലാ മാതാപിതാക്കളും മക്കളുടെ നല്ല ഭാവി കരുതിത്തന്നെയാണ്‌ എല്ലാ പാട്ടിലും, ഓട്ടത്തിലും, ചാട്ടത്തിലും ചെന്ന് ചാടുന്നതും ചിലപ്പോഴൊക്കെ അതൊരു പൂച്ച ചൂടുവെള്ളത്തില്‍ വീണ  അനുഭവം ആകുന്നതും. എല്ലാത്തിനെക്കുറിച്ചും പറയാന്‍ ഒരു ബുക്ക്‌ മതിയാകുമെന്ന് തോന്നുന്നില്ല എന്നുള്ളത് കൊണ്ട് തന്നെ ഏറ്റവും പ്രധാനമായി തോന്നുന്ന ചില വ്യത്യാസങ്ങള്‍ പറഞ്ഞുവെക്കാം.

ഇത് അമേരിക്കയിലെ ഇന്ത്യന്‍ പേരെന്റിംഗ് !

1. 'ഉറങ്ങാരാത്രികള്‍' -  ജനിക്കാന്‍ പോകുന്ന കുഞ്ഞിനു വേണ്ടിയൊരു പ്രത്യേക  മുറി(നഴ്സറി) ഒരുക്കുന്ന അമേരിക്കന്‍ രീതി  ഇന്ത്യന്‍ അച്ഛനമ്മമാരില്‍ ഇപ്പോഴുമത്രത്തോളം പ്രചാരത്തില്‍ വന്നിട്ടില്ല. കുഞ്ഞിനാവശ്യമായ എല്ലാ സൌകര്യങ്ങളും ചേര്‍ത്തൊരുക്കുന്ന നഴ്സറിറൂമുകള്‍ അമ്മമാര്‍ക്ക് ഒരു  പരിധി വരെ രാത്രികാലങ്ങളില്‍ ആവശ്യമായ വിശ്രമം നല്‍കുന്നതിനു സഹായിക്കാറുണ്ടെങ്കിലും കുഞ്ഞിനെ കൂടെക്കിടത്തി അമ്മച്ചൂട് നല്‍കി ഉറക്കാനാണ് അധികം ഇന്ത്യന്‍ അമ്മമാരും ഇഷ്ടപ്പെടുന്നത്. പുതിയ തരം പഠനങ്ങള്‍ അനുസരിച്ച് കോ-സ്ലീപിംഗ് കുഞ്ഞുങ്ങളുടെ മാനസിക ആരോഗ്യത്തിനെ പോസിടിവ് ആയി ബാധിക്കുന്നു എന്ന് പറയപ്പെടുന്നു. Parenting is sacrificing" എന്നൊരു അലിഖിത നിയമം ഇന്ത്യന്‍സംസ്കാരത്തിന്‍റെ ആത്മാവില്‍ ഉള്ളതായി പലപ്പോഴും തോന്നാം - അതിന്‍റെ ആദ്യപടിയാണ് ഈ ഉറക്കമൊഴിക്കല്‍!

2. 'മാമൂട്ടാം' - ആറു മാസം പ്രായം ആകുമ്പോള്‍ മുതല്‍, അതായത് നിവര്ന്നിരിക്കാനും സാധനങ്ങള്‍ കൈ കൊണ്ടെടുക്കാനും ആകുന്നിടം മുതല്‍ കുഞ്ഞുങ്ങളെ സ്വയം കഴിക്കാന്‍ പ്രേരിപ്പിക്കുന്ന വ്യവസ്ഥയാണ് ഇവിടെ കണ്ടുപോരുന്നത്. നാലു മാസം മുതല്‍ കട്ടിയാഹാരം കൊടുത്തു തുടങ്ങുകയും ആറു മാസത്തോടെ വിരലുകള്‍ കൂട്ടിച്ചേര്‍ത്ത് എടുക്കാവുന്ന തരം ഭക്ഷണം ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. Finger Fooding എന്ന ഈ പ്രോസെസ്സ് കുഞ്ഞുങ്ങളുടെ മോട്ടോര്‍ സ്കില്‍സ് ഡെവലപ്പ് ചെയ്യാന്‍ സഹായിക്കാറുണ്ട്. ഇന്ത്യന്‍ കുഞ്ഞുങ്ങളില്‍ മിക്കവരും ഭക്ഷണം സ്വയം എടുത്തു കഴിക്കാന്‍ തുടങ്ങുന്നത് പ്ലേ സ്കൂളുകളിലോ, എലെമെന്‍റ്റി ക്ലാസുകളിലോ പോയിത്തുടങ്ങുമ്പോള്‍ ആണെന്നത് ഇപ്പോഴും ഒരു പോരായ്മയായി ഇവിടെയുള്ള ഡോക്ടര്‍മാര്‍ പറയാറുണ്ട്. നാമെപ്പോഴും കുഞ്ഞുങ്ങള്‍ക്ക് അമ്പിളിമാമനെയും കോക്കാച്ചിയേയും കാട്ടി വായിലേക്ക് വാരിയൂട്ടാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഭക്ഷണരീതിയിലുള്ള വ്യത്യാസം ഒരു വലിയ ഘടകം ആകുമ്പോള്‍ തന്നെ ഇവിടെ വളരുന്ന ഇന്ത്യന്‍ കുട്ടികള്‍ക്ക് പലപ്പോഴും "വാരിയൂട്ടല്‍" സ്കൂള്‍ജീവിതത്തില്‍  ഒരു വലിയ കടമ്പ ആകാറുണ്ട്.

3. 'കളിക്കാന്‍ പഠിക്കാം' - ഇന്ത്യയില്‍ ഇപ്പോഴും സ്പോര്‍ട്സ് എന്നാല്‍ ക്രിക്കെറ്റ് അല്ലെങ്കില്‍ ഫുട്ബാള്‍ ആണ്. എന്നാലതിനെ ഒരു മുഖ്യ പഠന വിഷയമായി ആരും കണക്കിലെടുക്കും എന്ന് തോന്നുന്നുമില്ല. അമേരിക്കന്‍ സ്കൂള്‍ സിസ്റ്റത്തില്‍ ഇഷ്ടമായ പല കാര്യങ്ങളിലൊന്ന് കുട്ടികള്‍ക്ക് കായികപരമായി നല്‍കുന്ന അവസരങ്ങളാണ്. എല്ലാവിധത്തിലുള്ള സ്പോര്‍ട്സ്നേയും പ്രോത്സാഹിപ്പിക്കുന്ന തരക്കാരാണ് അമേരിക്കന്‍ രക്ഷിതാക്കള്‍, അതേ സമയം, പഠനമെന്ന നൂലാമാലയ്ക്ക് അപ്പുറം മാത്രമേ നമ്മള്‍ കളിയെ നിര്‍ത്താറുള്ളൂ. ഇവിടെയുള്ള ഇന്ത്യന്‍ രക്ഷിതാക്കളില്‍ മിക്കവാറും പേരും നല്ല വിദ്യാഭ്യാസയോഗ്യതയുള്ളവരാണ്. അഥവാ മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഒട്ടുമിക്ക ഇന്ത്യന്‍ രക്ഷിതാക്കളും മക്കളെ "വൈറ്റ് കോളര്‍" ജോലിക്ക് വേണ്ടിത്തന്നെയാണ് പഠിപ്പിക്കുന്നത്. എന്തുകൊണ്ടോ നമ്മുടെ മക്കള്‍ക്കിടയില്‍ ഒരു "സച്ചിന്‍", ഒരു "സാനിയ", ഒരു "ആനന്ദ്" ഉണ്ടെന്നു സമ്മതിക്കാന്‍ ഇപ്പോഴും നമ്മള്‍ പഠിച്ചിട്ടില്ല. എന്നാല്‍ ഇവിടെ കോളേജ് പഠനത്തിന് വെറും പുസ്തകപ്പുഴു ആയിട്ട് കാര്യവുമില്ല, അപ്പോഴെന്തു ചെയ്യും? അപ്പോഴാണ് നാട്ടിലെ കലാതിലകവും, കലാപ്രതിഭയും ഗ്രേസ് മാര്‍ക്ക്‌ വാങ്ങി MBBS നു അഡ്മിഷന്‍ എടുക്കുന്നതിനു തുല്യമായിക്കാണാവുന്ന കാര്യം ഇവിടെ നടക്കുക. കുട്ടികളെ ഒന്നോ രണ്ടോ സ്പോര്‍ട്സ് കാശു കൊടുത്തു തന്നെ പഠിപ്പിക്കും - കോളേജില്‍ ചേരാന്‍ വേണ്ടി മാത്രം.


4. 'ടൈം ടേബിള്‍' - ഇന്ത്യന്‍ രക്ഷിതാക്കള്‍ കുഞ്ഞുങ്ങളെ കുഞ്ഞുങ്ങളായിരിക്കാന്‍ കൂടുതലായി അനുവദിക്കുന്ന കൂട്ടത്തില്‍പ്പെട്ടവരാണ്. ഉണ്ണാനും, ഉറങ്ങാനും, കളിക്കാനും, കുളിക്കാനും അലാറം വെക്കാത്തവര്‍. ഒരല്‍പ്പനേരം കൂടുതല്‍ ഉറങ്ങിയതുകൊണ്ടോ, രാത്രി ബെഡ് ടൈം അല്‍പ്പം വൈകിയതുകൊണ്ടോ വലിയ വ്യതാസം ജീവിതത്തില്‍ ഉണ്ടാകും എന്ന് കരുതാത്ത അച്ഛനമ്മമാര്‍ ആണ് കൂടുതലും. പക്ഷേ, അമേരിക്കന്‍ ജീവിതം കുറച്ചേറെ  ചിട്ടവട്ടങ്ങളില്‍ക്കൂടിയാണ് പോകുക. ഉണ്ണാന്‍ ഉള്ള സമയത്ത് വന്നില്ലേല്‍ അടുത്ത ഭക്ഷണസമയത്ത് കഴിച്ചാല്‍ മതി എന്ന് പറയുന്ന രക്ഷിതാക്കളെ കണ്ടപ്പോള്‍ തോന്നി കുഞ്ഞുങ്ങള്‍ക്ക് ഇച്ചിരി ചിട്ടയൊക്കെ ഇല്ലേലും കുഴപ്പമില്ലാന്ന്. ഉറക്കത്തിന്‍റെ കാര്യവും അതുപോലെ തന്നെയാണ്, മിക്ക് ഇന്ത്യന്‍കുട്ടികളുടെയും ഉറക്കസമയം  അച്ഛനമ്മമാരോടൊപ്പം ആണ്. ഇത് ഒരേ സമയം ഗുണവും ദോഷവും ആയി മാറാറുണ്ട്.

5. 'ചൊല്ലും തല്ലും' - "ചൊല്ലിക്കൊട് തല്ലിക്കൊട് " എന്ന പഴഞ്ചൊല്ലിനെ അതുപോലെ നടപ്പാക്കിയ ആള്‍ക്കാരായിരുന്നു നമ്മുടെ രക്ഷിതാക്കള്‍. ഇപ്പോഴത്തെ Parenting Style അതല്ല എങ്കില്‍പ്പോലും ഇടയ്ക്കൊരു തല്ലു കൊടുത്താണ് മിക്ക ഇന്ത്യന്‍ രക്ഷിതാക്കളും കുട്ടികളെ വളര്‍ത്താറുള്ളത്. എന്നാല്‍ അമേരിക്കന്‍ രീതികള്‍ പ്രകാരം കുഞ്ഞുങ്ങളുടെ ശരീരം അവര്‍ക്ക്
 മാത്രം സ്വന്തമായ ഒന്നാണ്. മാതാപിതാക്കള്‍ക്കോ അദ്ധ്യാപകര്‍ക്കോ അവരുടെ ദേഹത്ത് അനാവശ്യമായി സ്പര്‍ശിക്കാനുള്ള അവകാശമില്ല. ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന "child abusing" കേസുകള്‍ കാണുമ്പോള്‍ അത്തരമൊരു നിയമം നിലവിലുള്ളത് വളരെ നല്ലതാണെന്ന് തോന്നും.  പലപ്പോഴും ആരോഗ്യകരമായ കുടുംബാന്തരീക്ഷത്തില്‍ ആകണമെന്നില്ല എല്ലാ  കുട്ടികളും. മദ്യവും മയക്കുമരുന്നും ഒക്കെ വലിയൊരു പങ്കു വഹിക്കുന്നുണ്ട് ബാലപീഡനങ്ങളില്‍. തല്ലി വളര്‍ത്തുന്നതിനെക്കുറിച്ച് ഒരു പ്രത്യേക ലേഖനം എഴുതാന്‍ മാത്രമുള്ളതിനാല്‍ തല്‍ക്കാലം ഇത്ര മാത്രം ഇവിടെ.

ഇങ്ങനെയൊക്കെ വ്യത്യാസങ്ങള്‍ കണ്ടെത്താമെങ്കിലും ഇവിടെയുള്ള ഇന്ത്യന്‍ രക്ഷിതാക്കളുടെ ഏറ്റവും വലിയ വെല്ലുവിളി രണ്ടു സംസ്കാരങ്ങളെ എങ്ങനെ ഫലപ്രദമായി അടുത്ത തലമുറയിലേക്ക് പകര്‍ന്നു കൊടുക്കാം എന്നതാണ്. പഴയതും, പുതിയതും, പാശ്ചാത്യവും പൌരസ്ത്യവും പോസ്റ്റ്‌ മോഡേണുമായ എല്ലാ രീതികളും കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ നല്ല വളര്‍ച്ചയ്ക്കാകട്ടെ.

2017 മാര്‍ച്ച്‌ ലക്കം -ഔര്‍കിഡ്സ്‌   മാഗസിന്‍