Tuesday, December 9, 2014

നൂറിലെ നക്ഷത്ര കുഞ്ഞ്


പ്രിയപ്പെട്ടവരേ ഇത് ഈ ബ്ലോഗിലെ നൂറാമത് പോസ്ടാണ് . നൂറിലേക്കായി  കരുതി വെച്ചിരുന്ന പോസ്ടുകളെല്ലാം ഡ്രാഫ്റ്റിലേക്ക് തന്നെ  മാറ്റി വെച്ച് മറ്റൊരു വിശേഷമാണ് നിങ്ങളോട് എനിക്ക് പറയാനുള്ളത്.

ജീവിതത്തിലെ എല്ലാ സ്വപ്നങ്ങളും സഫലമാകണമെന്നില്ല , എന്നാല്‍ ചിലവ പിന്നാലെ കൂടും ..നിരന്തരം ശല്യപ്പെടുത്തും .. പോകുന്നിടത്തെല്ലാം നിന്ന് ചിണുങ്ങും . ഒടുവില്‍ നമുക്ക് അതിനെ ശ്രദ്ധിക്കാതിരിക്കാന്‍ ആകില്ല എന്നവസ്ഥ വരെയെത്തിക്കും. മറ്റു ചിലവ നമ്മളെ ശല്യപ്പെടുത്താതെ അടങ്ങിയൊതുങ്ങി എവിടേലും ഒരു മൂലയ്ക്കിരിക്കും . സമയം വരുമ്പോള്‍ "ഇതാ പിടിച്ചോ" ന്നൊരു എടുത്തു ചാട്ടമാണ് നമ്മുടെ ജീവിതത്തിലേയ്ക്ക്
അത്തരമൊരു സ്വപനം ഇപ്പോള്‍ ജീവിതത്തിലേക്ക് എത്തുന്നു (ഇപ്പോഴും അത് യാഥാര്‍ത്ഥ്യമാകുന്നു എന്നെനിക്ക് വിശ്വസിക്കാന്‍ ആയിട്ടില്ല! ) അതുകൊണ്ട് കൂടിയാണ് ഇങ്ങനെ ഒരു പോസ്ടിടാന്‍ കുറച്ചു വൈകിയതും .
 
എന്‍റെ ഒരടയാളപ്പെടുത്തലായി കവിതകള്‍ (അല്ലെങ്കിൽ കവിതകള്‍ പോലെ എന്തോ ചിലവ ) ചേര്‍ത്തൊരു പുസ്തകം ഇറങ്ങുകയാണ്. ഇതൊരു സ്വപ്നമാണ്, ആഗ്രഹമാണ്, എല്ലാറ്റിലുമുപരി ഒരു ഓര്‍മ്മ ബാക്കിയാക്കലാണ് നാളെയ്ക്കായി . നിങ്ങളുടെ എല്ലാവരുടെയും എല്ലാ വിധ പ്രോത്സാഹനവും, സ്നേഹവും, ആശീര്‍വാദവും ,സാനിദ്ധ്യവും കൂടെ വേണമെന്ന് ആഗ്രഹിക്കുന്നു .

എന്നില്‍ നിന്ന് നിങ്ങളിലേയ്ക്ക് എത്തിപ്പെടുന്ന 44 കവിതകള്‍ - പുതിയതും പഴയതുമായ ചിന്തകള്‍ കൂടിച്ചേര്‍ന്ന് "പുനര്ജ്ജനിയിലൂടൊരു നക്ഷത്രക്കുഞ്ഞ് "
നക്ഷത്രമുദിക്കുന്ന ദിവസം - ഡിസംബര്‍ 14 ഞായര്‍ ( From 10.00 am to 1.00 pm)
അവതാരിക - ശ്രീ.G .വേണുഗോപാല്‍
ആശംസ - ശ്രീ.കുഴൂര്‍ വിത്സണ്‍
പബ്ലിഷേര്‍സ് - ലോഗോസ് ബുക്സ് പട്ടാമ്പി
കവര്‍ ഡിസൈന്‍ - ശ്രീ.ആലിഫ്
സ്ഥലം - ജവഹർ ബാലഭവൻ ,തൃശൂര്‍.


ഇത് വരെ ബ്ലോഗിലൂടെ എനിക്ക് ലഭിച്ചിരുന്ന സ്നേഹം ഈ നക്ഷത്രക്കുഞ്ഞിനും ലഭിക്കുമെന്ന്  ...,
അന്നേ ദിവസം നേരില്‍ കാണാമെന്ന പ്രതീക്ഷയില്‍,

സ്നേഹപൂര്‍വ്വം,

സ്വന്തം,ആർഷ

Saturday, October 4, 2014

ഓർമ്മകളിൽ ചില അമ്പല വിശേഷങ്ങള്‍

        വീടിനു പുറത്തിറങ്ങി ഇടത്തേക്ക് നോക്കിയാൽ  വല്ല്യമ്പലത്തിന്‍റെ   മതിൽ  കാണാം, വലത്തേക്ക് നോക്കിയാൽ  അമ്മൻ കോവിൽ എന്ന കുഞ്ഞമ്പലം കാണാം. 2 മിനിറ്റ് ഒറ്റ ഓട്ടം  ഓടിയാൽ വല്യമ്പലം എത്തി , എത്രയോ ഉത്സവ രാത്രികളിൽ ഞാൻ നാടകത്തിന്‍റെ ഇടവേളകളിൽ- കഥകളി ബോറടിക്കുമ്പോള്‍  വീട്ടില് വെള്ളം കുടിക്കാൻ വന്നിരിക്കുന്നു ,അതും തനിച്ച് .. ഇന്ന് അങ്ങനെ ചെയ്യാൻ ധൈര്യം ഉണ്ടോ , മകളെ / മകനെ അങ്ങനെ വിടുമോ എന്നൊക്കെ  ചോദിച്ചാൽ ഉത്തരം ഇല്ല


      വീട്ടിലെ മിക്ക കാര്യങ്ങളും ഈ രണ്ട്  അമ്പലത്തിലെ സമയം അനുസരിച്ചായിരുന്നു... രാവിലെ അമ്മ ഉണരുന്നത് അമ്മൻ കോവിലിൽ മൈക്ക് രഘു മാമൻ കീർത്തനങ്ങൾ ഇടുമ്പോഴായിരുന്നു... വല്ല്യമ്പലത്തിൽ  അതിനും മുന്നേ പാട്ട് തുടങ്ങും, അപ്പോൾ ഒന്നുറക്കം  ഉണര്ന്നു അമ്മ ഉറക്കത്തിനെ മയക്കം ആക്കി കിടക്കും .  5 മിനുട്ട് snooze  ടൈം കഴിഞ്ഞാൽ ചെറ്യ  അമ്പലത്തിലെ പാട്ട് കേൾക്കുമ്പോൾ ഉണരാം . ഉച്ചയ്ക്ക് കിഴക്കേ നടയിൽ എവിടേക്ക് എങ്കിലും പോകണം എങ്കിൽ 12 മണിക്ക് മുന്‍പ് പോകണം, ഇല്ലെങ്ങിൽ അമ്പലത്തിന്റെ ഗേറ്റ് അടയ്ക്കും.. പിന്നെ ചുറ്റി കറങ്ങി വേണം മുന് ഭാഗത്ത് എത്താൻ (അമ്പലവഴി പൊതുവഴി ആക്കി  എന്ന് പറഞ്ഞു  ആരും വഴക്കിനു വരണ്ട, അത് ഞങ്ങടെ അവകാശമാ). വൈകിട്ടത്തെ പാട്ട് തുടങ്ങിയാൽ അറിയാം 5 മണിയായി. ദീപാരാധന മണി മുഴങ്ങുമ്പോൾ മിക്കവാറും ഞാനും സംഘവും അമ്പലത്തിൽ  ഹാജര് ഉണ്ടാകും പ്രസാദ പായസം വാങ്ങാൻ - ഒരില കയ്യില്‍, ഒരു തൂക്കുപാത്രം മറുകയ്യില്‍ . ഇലയിലത് അപ്പോള്‍ തന്നെ വയറ്റില്‍ പോകും, തൂക്കുപാത്രത്തില്‍ വാങ്ങുന്നത് വീട്ടിലേക്ക് കൊണ്ട് പോകാനാണ് -ഇമ്മാതിരി "പബ്ലിക് കഴിക്കല്‍" അത്രയ്ക്ക് ഇഷ്ടമില്ലാത്ത ചേട്ടന്മാര്‍ക്കും കൂടി കൊടുത്ത് അടി കൂടി കഴിക്കാന്‍ .


അമ്മന്‍ കോവിലിലെ ഉത്സവത്തിനാണ് ആദ്യമായി കോഴിയെ കടിച്ചു ചോര കുടിക്കുന്ന മാടനെ കണ്ടത്, ചീറ്റുന്ന ചോര മുഖത്തേക്ക് വീഴുമ്പോ അലറുന്ന മാടന്‍. കുട്ടികള്‍ക്കൊക്കെ പേടിയാണ് ആളിനെ, പക്ഷെ അല്ലാത്തപ്പോ കാണുമ്പോ ആളോരു പാവം.അമ്മന്‍ കോവില്‍ എന്ന ചെറിയ അമ്പലത്തിലെ പൂജാരിയും ആളുകളുമൊക്കെ നമ്മുടെ അടുത്തുള്ളവരാ. ചിലപ്പോഴൊക്കെ പോറ്റി കുറച്ചു പായസവും പഴവും അധികം എടുക്കും, അന്നാ വീട്ടില്‍ അതിഥികള്‍ ഉണ്ടെന്നാണ് അതിനര്‍ത്ഥം. പൂജയില്ലാത്ത സമയത്ത് ബീഡി വലിക്കുന്ന ദൈവത്തിന്‍റെ പ്രതിപുരുഷനാകുന്ന പോറ്റിയോട് പേടി തോന്നിട്ടില്ല, ദേഷ്യം തോന്നീട്ടില്ല, ബഹുമാനക്കുറവും തോന്നീട്ടില്ല സ്നേഹം മാത്രം. ദൈവം എന്നാല്‍  നമ്മോടൊപ്പം ഉള്ളയാളാണെന്നും ചില നേരത്ത് ദൈവത്തിനു മനുഷ്യന്‍റെ മുഖമാണെന്നും പഠിച്ചത് ഈ കുട്ടിക്കാലത്താണ്. ( ഇപ്പോള്‍ ദൈവവും, മനുഷ്യരും, പ്രതിപുരുഷരും വേറെ വേറെ ആണത്രേ).


വല്ല്യമ്പലത്തിലെ നാഗത്തറയ്ക്ക് അടുത്ത് രാജമല്ലി പൂത്തുലഞ്ഞു നില്‍ക്കും, കാണാന്‍ നല്ല ചന്തത്തില്‍- പൂക്കളേക്കാള്‍ എന്‍റെ ചിന്ത അതിലെ വിളഞ്ഞ കായ പറിച്ചു പരിപ്പെടുത്തു കഴിക്കുക എന്നതാണ്.അങ്ങനെ നിങ്ങള്‍ ആരേലും കഴിച്ചിട്ടുണ്ടോ?  ഇന്നത് ആരേലും കഴിക്കുമോ  ,കുട്ടികള്‍ക്ക് കൊടുക്കുമോ  എന്നെനിക്കറിയില്ല  . പക്ഷെ, എനിക്കാ പച്ചപ്പരിപ്പ് നല്ലിഷ്ടമായിരുന്നു - മുളച്ചു വരുന്ന കശുവണ്ടിപ്പരിപ്പിന്‍റെ മുള പോലെയൊരു രുചി. നാഗത്തറയ്ക്ക് അടുത്താണ് ആദ്യമായി കൂവളം എന്ന ചെടിയും, അപ്പുറത്തെ അതിരിങ്കല്‍  കൂറ്റന്‍ കാഞ്ഞിരമരവും കാണുന്നത്  - വലിയ മുഴുത്ത വര്‍ണ്ണത്തിലെ കായകള്‍ തൂങ്ങിക്കിടക്കുന്ന കാഞ്ഞിര മരം കാണിച്ച് എന്നോട് കൂട്ടുകാരി പറഞ്ഞു അതാണ് ഓറഞ്ച് മരം!  ആ ഓറഞ്ച് ഒരെണ്ണം വീണു കിട്ടണേ എന്ന് പ്രാര്‍ത്ഥിച്ചു നടന്ന ഇടയ്ക്ക് കൊച്ചേട്ടന്‍  പറഞ്ഞു  "മണ്‌ങ്ങൂസേ അതോറഞ്ചല്ല, നല്ലസല്‍ കയ്ക്കണ  കാഞ്ഞിരാ "


ഇന്നും എനിക്ക് ഏറ്റവും ഇഷ്ടമുള്ള അമ്പലം നാവായിക്കുളം ശ്രീ ശങ്കര നാരായണ ക്ഷേത്രം ആണ് പിന്നെ അമ്മന്‍കോവിലും  , കുട്ടിക്കാലം എന്നത് ഒരു അച്ചുതണ്ടിന് ചുറ്റും കറങ്ങിയത് കൊണ്ടാകാം - എനിക്ക് അവിടം നല്‍കുന്ന ഉണര്‍വ്  മറ്റൊന്നിനും നല്കാന്‍ ആയിട്ടില്ല... ആ ഓര്‍മ്മകള്‍ പോലും എന്നെ ആ പഴയ അമ്പലവാസി ആക്കും . ഞാന്‍ പ്രാര്‍ത്ഥിക്കാനൊന്നുമല്ല അമ്പലത്തില്‍ പോകുക- അമ്പലവാസി എന്നാല്‍ - വെറുതെ അതിലെ ഇതിലെ ചുറ്റികറങ്ങാന്‍, ആ ആല്‍ത്തറ കാണാന്‍, ആ ചന്ദനത്തിരിയുടെയും കര്‍പ്പൂരത്തിന്റെയും സുഗന്ധം ഉള്ളിലേക്ക് എടുക്കാന്‍ , പുല്ലില്‍ വെറുതെ ഇരിക്കാന്‍, മണിയൊച്ച കേള്‍ക്കാന്‍, വെറുതെ ഇടയ്ക്കൊന്നു  എത്താത്ത മണിയുടെ നേര്‍ക്കൊന്നു ചാടി , തൊടാന്‍ പറ്റുമോന്നു നോക്കാന്‍!!


ഇത് 2013 ഓഗസ്റ്റില്‍ വെറുതെ എഴുതി ഡ്രാഫ്റ്റില്‍ ഇട്ടിരുന്നതാ -ഇപ്പോളീ നൊസ്റ്റാള്‍ജിയ പൊടി തട്ടിയെടുക്കാന്‍ കാരണം ഒരു ഗ്രൂപ്പില്‍ ചോദിച്ച  ചോദ്യമാണ്  , "നാട്ടില്‍ പോയാല്‍ ഏറ്റവും ആദ്യം കാണണം എന്നാഗ്രഹിക്കുന്നത് എന്ത്?" - 'അമ്മയെ' എന്നതിന് ശേഷം, ഉത്സവം ആണ് എനിക്ക് കാണാന്‍ ആഗ്രഹം തോന്നുന്നത് .... ഇക്കൊല്ലവും അത് നടക്കില്ല (   ഉത്സവം കഴിഞ്ഞു  :( ) , അടുത്ത കൊല്ലോം നടക്കുമെന്ന് തോന്നുന്നില്ല.... അപ്പോള്‍ പിന്നെ ഇതൊക്കെ തന്നെ വഴി . പിന്നെ  ഇതിപ്പോ ശരിക്കും പൊടി  തട്ടാൻ കാരണം പാലക്കാട്‌ കൊടുന്തിരപ്പള്ളി ഗ്രാമത്തിൽ നവരാത്രി ആഘോഷത്തിൽ പങ്കെടുത്ത് ഒരു മിനി ഉത്സവ പ്രതീതി മകന്  ആസ്വദിക്കാൻ കഴിഞ്ഞതാണ് ;)

തിടമ്പേറ്റിയ കൊമ്പൻ 

ആനയെന്തദ്ഭുതം അമ്മെ

ഗജവീരന്മാർ അഞ്ച് !

Friday, September 26, 2014

ഗാസയില്‍ നിന്ന് ,സ്വപ്‌നങ്ങള്‍ കണ്ടൊരു പെണ്‍കുട്ടി.

മനോഹരങ്ങളായ നാളെകളെ കണ്ടിരുന്നു
ഞാനും -ഇന്നിന്‍റെ രാമയക്കങ്ങളില്‍ !

നാണം മുഖം കുനിച്ചൊരു പ്രണയ-
സമ്മത പതിനെട്ടുകാരിയെ,
അറിവെന്നതറിയാമെനിക്കെന്നു
അഹങ്കരിക്കുമൊരു കറുത്ത തൊപ്പിയെ,
വിയര്‍പ്പ് ചാലിച്ച് സുഗന്ധമേറ്റിയ
മാസാദ്യശമ്പള പൊതികളെ,
ചിരികളും കണ്ണീരും ആശംസയോതുമ്പോള്‍
 അരികിലെത്തും മണിമാരനെ !


ഇന്ന് -ഉറക്കമെന്നത് ഉണര്‍വ്എന്നത്
ഒരു കിനാവിന്‍റെ പകുതിയാണെനിക്ക്
എഴുതി വെക്കുന്നതെന്‍ സ്വപ്നങ്ങളല്ല -
ഇന്നന്തി വരേക്കെന്നെ കാത്തു വെച്ചതിനു ,
നാളെ പുലരുമെന്നൊരു പ്രതീക്ഷ  തന്നതിന്,
പാതി വഴിയില്‍ പറയാതെ അറിയാതെ
പിരിഞ്ഞു പോകുന്നവരുടെ കണ്ണീരിനോപ്പം
നന്ദി മാത്രം കുറിച്ച് വെക്കുന്നു.


എനിക്ക് തന്നെ എഴുതുന്നു ഞാന്‍
'നിനക്ക് സുഖമല്ലേ ' എന്നൊരു ലിഖിതം!
എന്നോട് തന്നെ ചോദിക്കുന്നു ഞാന്‍
'നീ ഉണ്ടോ ജീവനോടിപ്പോഴും '
ഇന്നലെ കളി പറഞ്ഞൊരു കുഞ്ഞനുജത്തി
ഇവിടെയുണ്ടെന്നരികില്‍ ചില്ല് കഷ്ണങ്ങളായി....
അടുത്ത ജനലിനോരം കണ്ടൊരു മുത്തശ്ശി
ഇനി വരില്ലെന്നോതി പറന്നൊരു യന്ത്രപ്പക്ഷി...


നാളെ പുലര്‍ച്ചയില്‍ ഞാനുണ്ടാകാം
വീണ്ടുമൊരു കത്തെഴുതാന്‍ ,
ഇന്നലെ രാത്രി ഞാനുറങ്ങിയെന്നു
എന്നോട് തന്നെ പറയുവാന്‍.
ഒരു പുലരി കൂടി എനിക്ക് വേണ്ടി
ചുമന്നു തുടുത്തുദിച്ചെന്നു കാണാന്‍
കാതോരം പൊട്ടിത്തെറിക്കുന്നത് എന്‍റെ
തന്നെ ചുവപ്പ്  ചോരയല്ലെന്നറിയാന്‍
മോഹമെന്നത് തിരുത്തി എഴുതി
ജീവിതമെന്ന് പറഞ്ഞു പഠിക്കാന്‍
ഞാനിവിടെ ജീവിച്ചിരുന്നു എന്ന്
ദൂരെ ദൂരെ ആരോ അറിയാന്‍ ,
ഓരോ പകലിലും ഓരോ ഇരവിലും
എഴുതുകയാണ് ഞാന്‍ "സുഖമാണിവിടെ " !

Thursday, September 18, 2014

കല്യാണം വരവായി

ഈ തുലാമഴയെ കൊണ്ട് തോറ്റൂ.. ഇതിനൊന്നു തോര്‍ന്നൂടെ .. എത്ര നേരായി ഇങ്ങനെ തകര്‍ത്തു പെയ്യുന്നു ..പാവം കൊച്ചേട്ടന്‍ ഇതിപ്പോ മൂന്നാം തവണയാ ആ പന്തലിന്‍റെ കാല് നാട്ടുന്നത്.നാശം മഴയേ .. ഹരിതയുടെ ചിന്തകളെ തകര്‍ത്ത് കൊണ്ട് ചിറ്റയുടെ ചോദ്യമെത്തി.


"ആരോടാ കുട്ടീ  നീയോറ്റക്ക് നിന്ന് പിറു പിറുക്കണേ ? ആരൊക്കെയാ നിന്നെ കാണാന്‍ വന്നിരിക്കുന്നത് എന്ന് നീ കണ്ടോ? , അല്ല നീയിപ്പോഴും ചുരിദാറിലാ? " 
ചുണ്ടില്‍ ഫിറ്റ്‌ ചെയ്ത കൃത്രിമ പുഞ്ചിരിയുമായി തിരിയുമ്പോള്‍ ഹരിതയ്ക്ക് ഉള്ളില്‍ ദേഷ്യം ആണ് വന്നത്. നാളേയ്ക്കുള്ള കല്യാണത്തിന് എന്തിനാണപ്പാ ഇത്രേം നേരത്തെ ആള്‍ക്കാര്‍ വരുന്നത് . അവര്‍ക്ക് വേണ്ടി ഒരുങ്ങി നില്‍ക്കാനല്ലേ വൈകിട്ട് ഒരു ചടങ്ങ് വെച്ചിരിക്കുന്നത് . ബ്യുട്ടിഷന്‍ വരാതെ താന്‍  ഇനി സാരി വലിച്ചു ചുറ്റി നില്‍ക്കണോ എന്നോര്‍ത്തപ്പോള്‍ അവള്‍ക്ക് വീണ്ടും അരിശം കയറി.  കട്ടിലില്‍ വിടര്‍ത്തിയിട്ടു സാരി കാണിക്കുകയാണ് അമ്മായിയും ചിറ്റയും കൂടി വന്ന ആളുകളെ. ഇത്ര നാള്‍ ആരെയും ഈ വഴി ഒന്ന് കണ്ടില്ലല്ലോ എന്ന് ചോദിക്കണം എന്നും അവള്‍ക്ക് തോന്നി.. തോന്നലുകള്‍ കൂട് പൊട്ടിച്ചു ചുണ്ടിലേക്ക്‌ തെറിക്കും എന്ന് വന്ന നിമിഷത്തിലാണ് അവളോടായി ആരോ ചോദിച്ചത്


ചെക്കന്‍ സിന്ഗപ്പൂര്‍ ആണല്ലേ, അപ്പോള്‍ ഹരിതയ്ക്കും പോകാമല്ലോ അവിടേക്കൊക്കെ
. നമ്മളെയൊക്കെ മറക്കോ വല്യ പത്രാസില്‍ ആകുമ്പോള്‍ ?


പിന്നിലുയര്‍ന്ന കൂട്ടച്ചിരിയില്‍ ചുണ്ടിനെ ഒന്ന് വളച്ചു പങ്കു ചേര്‍ന്നുന്നു വരുത്തി അവള്‍ അവിടെ നിന്ന് പുറത്തേക്കിറങ്ങി . നീരസം വരുന്നത് പ്രതിഫലിപ്പിക്കാനെന്ന പോലെ മേല്‍ച്ചുണ്ടിനു മുകളില്‍ പൊടിഞ്ഞ വിയര്‍പ്പ് തുള്ളികളെ അവളിടം കൈ കൊണ്ട് തൂക്കുമ്പോള്‍ ഓര്‍ത്തു -ഈശ്വരാ ഈ സീക്രെട്ട് എങ്ങാനും ആ കെട്ടാന്‍ പോകുന്ന കോന്തന്‍ അറിഞ്ഞാല്‍ തീര്‍ന്നു.
തൊടിയിലെ താഴത്തെ പേരയില്‍ ഒരു പേരയ്ക്ക താനിന്നലെ കണ്ടു വെച്ചിരുന്നത് പഴുത്തുവോ എന്ന് നോക്കാം എന്ന് കരുതിയാണ് അങ്ങോടെക്ക് നടന്നത് . എത്താക്കൊമ്പത്ത് പെരുവിരലില്‍ പൊങ്ങി പറിക്കാന്‍ ശ്രമിക്കുമ്പോള്‍ പിന്നില്‍ അമ്മയെത്തിയത് സ്നേഹത്തിന്‍റെ ശബ്ദം തൊട്ടപ്പോളാണ് അറിഞ്ഞത്


"കുഞ്ഞീ, വീഴണ്ട മോളെ. നിനക്കത് വേണേല്‍ കണ്ണനോടോ ഉണ്ണിയോടോ പറയൂ.  ഇനി ഉരുണ്ടു പിരണ്ടു വീഴുകയോ മറ്റോ ആയാല്‍  വെറുതെ ദേഹം കേടാകും."



"കിട്ടാത്ത കായ കേറിപ്പറിക്കാമല്ലോ അമ്മേ " 
"പതിയെ പറയു കുഞ്ഞി 
 അവിടാരും കേള്‍ക്കണ്ട  "


കു-സൃതി അമ്മയ്ക്ക് ഇഷ്ടാ"യി ല്ല എന്ന് മനസിലായപ്പോള്‍ വീണ്ടും  ചൊടിക്കാനാണ് തോന്നിയത് -അപ്പോളിനി മരത്തില്‍ കയറാനും തനിക്ക് അനുവാദം വേണോ! ഈ അമ്മയോടും ചേട്ടന്മാരോടും എത്ര വട്ടം പറഞ്ഞു കല്യാണം തനിക്കു വേണ്ടേ വേണ്ടാന്ന്. അതും ഒരിക്കലും കാണാത്ത ഒരാളെ. പോരാഞ്ഞു എന്നെ ഈ നാട്ടില്‍ നിന്നും അമ്മയില്‍ നിന്നും ഒക്കെ ദൂരെ കൊണ്ട് പോകുന്ന ഒരാളെ. അച്ഛനില്ലാത്ത വീട്ടില്‍ അ ച്ഛന്റെ സ്ഥാനമാണ് മുരളി വല്യച്ഛന് എന്ന ന്യായത്തില്‍ അമ്മ ഇതിനു സമ്മതം മൂളി. പുറത്ത് പോയാല്‍ പരിചയമില്ലാത്ത ഒരാളോടും മിണ്ടരുത് എന്ന് ആധി പിടിക്കുന്ന അമ്മ ഒട്ടും പരിചയമില്ലാത്ത ഒരാളോടൊപ്പം എങ്ങനെ താനീ  ജീവിതം മൊത്തം കഴിയും എന്ന് ആലോചിച്ചില്ലാലോ . കൊച്ചേട്ടനും വല്യേട്ടനും ഒക്കെ തമാശ - തന്‍റെ വീര്‍പ്പുമുട്ടല്‍ ആരോട് പറയാന്‍. എങ്ങനെ എങ്കിലും ഉത്തരവാദിത്തം ഒഴിവാക്കാന്‍ ആകും മുരളി വല്യച്ഛന്‍ ഇത്ര പെട്റെനീ ആലോചനയുമായി വന്നത്. കൂട്ടുകാരികള്‍ പോലും ഒക്കെ തന്‍റെ തോന്നലാണെന്ന് പറയുന്നു. ഉള്ളിലെ ചിറകടിയൊച്ചകള്‍ തനിക്ക് മാത്രം തോന്നുന്നതാണോ?
************************************************************************


രാത്രി വൈകി ആളൊഴിഞ്ഞപ്പോള്‍ ഹരിതയ്ക്ക് ഉറങ്ങാന്‍ ഭയമായി -നാളെ , ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം. ഉറങ്ങിയാല്‍ നാളെയായി പോകുമല്ലോ എന്നോര്‍ത്ത് അവള്‍ കണ്ണ് മിഴിച്ചു കിടന്നു..
നട്ടു നനച്ചു വളര്‍ത്തിയ മുല്ലയും റോസയും കാണാതെ, ഓമനിച്ചു വളര്‍ത്തുന്ന കുറിഞ്ഞിക്ക് ചോറ് കൊടുക്കാതെ, വല്യേട്ടനും കൊച്ചേട്ടനും നീട്ടുന്ന വല്യുരുള കിട്ടാതെ താന്‍ എങ്ങനെ ജീവിക്കും? അമ്മയുടെ കാച്ചെണ്ണയുടെയും ഭസ്മത്തിന്റെയും  നേര്‍ത്ത ഗന്ധമുള്ള സാരിത്തലപ്പില്‍ മുഖം പൂഴ്ത്താതെ എങ്ങനെ ഉറങ്ങും?  ... .... അലാറം ഒച്ചയില്‍ അടിച്ചു , ചാടി എണീല്‍ക്കുമ്പോള്‍ അരികില്‍ അമ്മ ഇരിക്കുന്നുണ്ട് - ഈറന്‍ മാറാത്ത ചന്ദനമുഖത്തോടെ.
"എനിക്കെവിടെം പോണ്ടമ്മേ , നമുക്ക് നമ്മള്‍ മൂന്നാളും മതി " ഹരിത ചിണുങ്ങി .
കരഞ്ഞത് പോലെ തോന്നിയ അമ്മയുടെ കണ്ണുകള്‍ എന്തൊക്കെയോ പറയാതെ പറഞ്ഞു. പക്ഷെ, പുറത്തേക്കു വന്നത്
"മോള് വേഗം റെഡി ആയിക്കോളൂ. ബ്യുട്ടിഷന്‍ പുറപ്പെട്ടു " എന്നാണ്. പിന്‍വിളി പോലെ അമ്മയുടെ സാരിത്തുമ്പ് പിടിക്കാന്‍ നോക്കിയെങ്കിലും കിട്ടിയില്ല.


കല്യാണസ്ഥലത്തേക്ക് ഇറങ്ങും മുന്‍പ് വീടിനെയും ചെടികളെയും എല്ലാത്തിനെയും ഒന്ന് കൂടി നോക്കി , കണ്ണില്‍ പൊടിഞ്ഞത് കണ്മഷി നീറ്റല്‍ ആണെന്ന്
ആളുകള്‍ കരുതിക്കൊട്ടെയെന്നു മുഖം കുനിച്ചു ......
കെട്ടിമേളം ഉയര്‍ന്നപ്പോള്‍ അവളൊരു പുതിയ പെണ്ണായി
***********************************************************************
കല്യാണപ്പിറ്റെന്നു വിരുന്നിനെത്തിയ ഹരിതയെ കണ്ടു കുറിഞ്ഞിയും ചെടികളും ഊറിചിരിച്ചു  ,അമ്പരന്നു, സന്തോഷം കൊണ്ട് തലയാട്ടി . സിന്ഗപ്പൂര്‍ ഭര്‍ത്താവിന്‍റെ കയ്യില്‍ തൂങ്ങി അകത്തേക്ക് പോയ ഹരിതയില്‍ കണ്ട ഭാവം അവര്‍ക്ക് അറിയാമായിരുന്നു - അവളൊരു ഭാര്യയായി.



(2014 August Edition Malayali Magazine)

Thursday, August 14, 2014

ഒരു മാമ്പഴ പുളിശ്ശേരി ഉണ്ടാക്കിയ കഥ

ഓണം ഇങ്ങെത്തും മുന്‍പേ എന്താണീ മാമ്പഴപ്പുളിശ്ശേരിടെ ഒരു ഹിക്ക്മത്ത് എന്ന് നിങ്ങള്‍ ചിന്തിച്ചില്ലേ  -അത് തന്നെയാണ് ഈ മാമ്പഴപ്പുളിശ്ശേരി കഥ.

 കണ്ണുള്ളപ്പോള്‍ കാഴ്ച്ചയുടെ വിലയറിയില്ല എന്ന് പറഞ്ഞത് പോലെ പല കാര്യങ്ങളും നഷ്ടം ആകുമ്പോഴാണ് , ഇങ്ങനെ ഒന്നുണ്ടായിരുന്നല്ലോ എന്ന് നമ്മില്‍ പലരും ഓര്‍ക്കുക (ഞാനുള്‍പ്പെടെ) .  കാത്തു കാത്തിരിക്കുന്നോരമ്മ , മൌനത്തിലൂടെ ധൈര്യമായി കൂടെയുണ്ടായിരുന്ന അച്ഛന്‍ , എന്തിനും ആത്മവിശ്വാസമായ് ഒരു സുഹൃത്ത്.. അങ്ങനെ പലരും , പലതും.. സൌകര്യപൂര്‍വ്വം കണ്ടില്ലെന്നു നടിക്കുന്നതാകാം , കാണാന്‍ സാഹചര്യവശാല്‍ കഴിയാത്തതാകാം .പക്ഷെ, നമുക്ക് എല്ലാര്‍ക്കും ഉണ്ട് അങ്ങനെ ചിലര്‍/ചിലത്.

അങ്ങനെ ഒന്നാണോ എനിക്ക് രാജ്യസ്നേഹം എന്ന് ഈ പോസ്റ്റ്‌ വായിച്ചാല്‍ ചിലപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം :D . അല്ല എന്നുള്ള ഉറച്ച മറുപടിയില്‍ പക്ഷെ പറയാനുള്ളത് മറ്റു ചിലത് കൂടിയാണ്! ഇന്ത്യ എന്ന എന്‍റെ സ്വന്ത രാജ്യത്ത് -കേരളം എന്ന എന്‍റെ മനോഹര തീരത്ത് അല്ലാതെ , ഒരു വിദേശ രാജ്യത്ത് ജീവിക്കുന്നതിനാല്‍ ക്രിക്കറ്റ്‌ കളി കാണുമ്പോള്‍ മാത്രമല്ലാതെയും ചിലപ്പോഴൊക്കെ ആ പറഞ്ഞ വികാരം വരാറുണ്ട് . ചിലയിടങ്ങളില്‍-അപൂര്‍വം ചില കടകളില്‍- വിവിധ രാജ്യങ്ങളുടെ ദേശീയ പതാകകള്‍ ഉയര്‍ത്തിയിട്ടുണ്ട് ഇവിടെ. നമ്മുടെ രാജ്യത്തില്‍ നിന്ന് വ്യത്യസ്തമായി അമേരിക്കന്‍ ദേശീയ പതാക വീടിനു മുന്നിലും, പാര്‍ക്കിലും, കടകളിലും ഒക്കെ പാറിപ്പറക്കുന്നത് സാധാരണയാണ്. ഇവിടെ ദേശീയപതാകയിന്‍മേല്‍ അത്തരം നിഷ്കര്‍ഷകള്‍ ഒന്നുമില്ല എന്നാണ് എനിക്ക് തോന്നാറ് , ചിലരുടെ വീടിനു മുന്നിലെ പുല്‍ത്തകിടിയില്‍ ചെറിയ ചെറിയ US ഫ്ളാഗ്സ് നല്ല ഭംഗിയില്‍ അലങ്കരിച്ചു കുത്തി വെച്ചിട്ടുണ്ടാകും. സ്ഥിരമായി ഇങ്ങനെ കാണുന്നത് കൊണ്ട്  കുഞ്ഞിനു ഏത് പതാകയും ഫ്ലാഗ് ആണ്  , ദേശീയ പതാകയോട് ആദരവ് ഉണ്ടാകട്ടെ എന്ന വിചാരത്തില്‍ സല്യുട്ട് ചെയ്യാനും പഠിപ്പിച്ചിട്ടുണ്ട്. അവന്‍ ഒരു വഴക്കം പോലെ കടയില്‍ പോയാലും, വഴിയില്‍ കണ്ടാലും , പാര്‍ക്കില്‍ കണ്ടാലും ഒക്കെ ഓരോ സല്യുട്ട് മൂഡനുസരിച്ചു ചിരിച്ചും, ഉറക്കെയും, കൊഞ്ചിയും ഒക്കെ കൊടുക്കാറുമുണ്ട് . 

ഈയിടെ ഒരു കടയില്‍ പോയപ്പോള്‍ ഇന്ത്യന്‍ പതാക അവിടെ പാറിപ്പറക്കുന്നു - കണ്ടപ്പോള്‍ സത്യത്തില്‍ എന്തോ ഒരു സന്തോഷം തോന്നി, വെറുതെ വെറും വെറുതെ ....  സാധനങ്ങള്‍ തിരഞ്ഞു പിടിക്കല്‍ എന്‍റെ ജോലിയും, കട മുഴുവന്‍ ഓടി നടന്നു കളിക്കല്‍ അച്ഛന്‍റെയും മകന്‍റെയും ജോലി ആയതിനാല്‍ രണ്ടു കൂട്ടരും അത് ചെയ്യാന്‍ തുടങ്ങി. അപ്പോഴാണ്,  മൂന്ന് വയസുകാരന് മനസിലാകും എന്ന് കരുതിയല്ല -എങ്കിലും "കുഞ്ഞുസേ  ഇതാണ് നമ്മുടെ ഇന്ത്യന്‍ ഫ്ലാഗ് ട്ടാ , നമ്മുടെ രാജ്യമാണ് ഇന്ത്യ" എന്നൊക്കെ അച്ഛന്‍ പറഞ്ഞു കൊടുക്കുന്നത് കേട്ടത്.  മോനുസും നല്ല ഇന്റെരെസ്റ്റില്‍ തല കുലുക്കി - "ഓഓഓഒ " എന്ന് നീട്ടി മൂളി, അതിശയവും കൌതുകവും കലര്‍ത്തി കണ്ണും മിഴിച്ചു നോക്കി നിന്നു . പോരുന്ന പോക്കില്‍ നല്ലോരസ്സല്‍ സല്യുട്ട് കൊടുക്കാനും അവന്‍  മറന്നില്ല. 

അത് കഴിഞ്ഞു ഒന്നൊന്നര ആഴ്ച ആയിരിക്കുന്നു -ഇതിനിടയില്‍ ഇന്ത്യ ഫെസ്റ്റ് എന്നൊരു ആഘോഷം ഇവിടെ ഓഗസ്റ്റ്‌ പതിനാറിന് നടക്കുന്നുണ്ട്, അതിനു സുഹൃത്തുക്കള്‍ "ജന-ഗണ-മന "  പരിശീലിക്കുന്നത് കേട്ടപ്പോഴും ചെറുതല്ലാത്ത സന്തോഷം തോന്നി. അങ്ങനെ ആകെ മൊത്തം ദേശീയ സ്നേഹത്തില്‍ മുങ്ങി കുളിച്ചു നില്‍ക്കുവാണ് ഞങ്ങളുടെ വീട്! ഇന്നലെ ഉച്ചയ്ക്ക് മോന്‍  കളിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ അടുത്തിരുന്നു fb തുറന്നു നോക്കിയത്. ആരുടെയോ സ്റ്റാറ്റസ് അപ്ഡേറ്റ് കാര്യായി വായിച്ചു കൊണ്ടിരിക്കുകയാണ് -പെട്ടെന്നൊരു കുഞ്ഞിവിരല്‍  നേരെ മോണിട്ടറിലേക്ക് "അമ്മാ, ഇന്ത്യന്‍ ഫ്ലാഗ് !! " - ആശ്ചര്യം ആണോ സന്തോഷാണോ അഭിമാനാണോ തോന്നിയത് എന്നെനിക്ക്  ഇപ്പോഴും അറിയില്ല . പക്ഷെ, മൂന്നു വയസുകാരന്‍ കാണിച്ചത് ശരിയായിരുന്നു , സൈഡ് ലൂടെ സ്ക്രോള്‍ ചെയ്ത് പോയതില്‍ ആരുടെയോ പ്രൊഫൈല്‍ പിക്ചര്‍ നമ്മുടെ ദേശീയ പതാക  ! :) അതാരുടേത് എന്ന് ഞാന്‍ പറയുന്നില്ല -പക്ഷെ, നന്ദി സൌഹൃദമേ!! ഒത്തിരിയൊത്തിരി സന്തോഷം....  ഓഗസ്റ്റ്‌ 15 നു മാത്രം തോന്നുന്ന വികാരം ആണോ സ്വാതന്ത്ര്യ ദിനം എന്ന് ചോദിക്കുന്നവരോട് അല്ലേ അല്ല -എന്നുമുള്ള വികാരം തന്നെ , പക്ഷെ നമ്മുടെയൊക്കെ ജന്മ ദിനം ആണ്ടിലൊരിക്കല്‍ നമുക്ക് ഇഷ്ടമുള്ളവര്‍ പ്രിയപ്പെട്ടവര്‍ ആഘോഷിക്കുന്നത് പോലെ നമുക്കും നമ്മുടെ ജന്മഭൂമിയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാം . അമ്മയോട് ചെറിയ പിണക്കം ഇല്ലാത്ത മക്കളുണ്ടോ, അമ്മയോട് പരിഭവം തോന്നാത്ത മക്കളുണ്ടോ, അമ്മയോട് ദേഷ്യപ്പെടാത്ത മക്കളുണ്ടോ -ഉണ്ടാകാം ട്ടാ, പക്ഷേ ഞാന്‍ എന്‍റെ അമ്മയോട് പരിഭവിക്കാറുണ്ട് , പിണങ്ങാറുണ്ട്, ചിലപ്പോഴൊക്കെ  ദേഷ്യപ്പെടാറുമുണ്ട് ണ്ട്, ണ്ട് ,ണ്ടേ ണ്ട് !!! എന്നാലോ എത്ര പിണക്കത്തിലും തിരികെ ചെന്ന് കയറാം എന്നുറപ്പുള്ള ഇടമാണ് എനിക്ക് അമ്മയുള്ളിടം - എന്‍റെ രാജ്യം പോലെ! 

ഹാ, കഥ പറഞ്ഞു കാട് കയറി -ഇതിലെവിടെ മാമ്പഴ പുളിശ്ശേരി എന്ന് നിങ്ങള്‍ ചിന്തിച്ചില്ലേ? അതാണ് !! നല്ല പാതിയുടെ (better half ) ജോലി സ്ഥലത്ത് നമ്മുടെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു ഇന്ന്  - എല്ലാവരും കൂടി അവരവരുടെ തനതായ വിഭവങ്ങള്‍ ഉണ്ടാക്കി കൊണ്ട്വന്ന് , ഒരുമിച്ചു കൂടി കഴിച്ച് അങ്ങനെ ഒരു സുഖകരമായ ദിനം ആകണം ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം എന്ന് ടീം അംഗങ്ങള്‍ തീരുമാനിച്ചു. ഇന്നലെ വൈകുന്നേരം വരെ എന്‍റെ ചിന്ത അവിയല്‍ഉണ്ടാക്കാം എന്നായിരുന്നു, കാരണം  - കേരളം എന്ന് നമ്മുടെ നോര്‍ത്ത്ഇന്ത്യന്‍ സുഹൃത്തുക്കളോട് പറഞ്ഞാല്‍ അപ്പോള്‍ ചോദിക്കും , "മലബാര്‍ അവിയല്‍ റൈറ്റ്? " മാത്രവുമല്ല പല  ഭാഷ പറഞ്ഞു , പല ജീവിത രീതികള്‍ പിന്തുടര്‍ന്ന്,  പല ഭക്ഷണം കഴിച്ച് കഴിയുന്ന നമ്മളെല്ലാം കൂടി ചേര്‍ന്നാണ് ഇന്ത്യ എന്ന ഒറ്റ വികാരം ഉണ്ടാക്കുന്നത്  - ശരിക്കുമൊരസ്സല്‍ അവിയല്‍!  എന്നാലോ - ഇന്നിവിടെ ഈ  രാജ്യത്തിരുന്ന് ചിന്തിച്ചപ്പോള്‍ എനിക്ക് തോന്നി , നമ്മള്‍ നല്ലൊന്നാന്തരം മാമ്പഴ പുളിശ്ശേരി ആണെന്ന് . എരിവും, പുളിയും, മധുരവും ഒക്കെ സമാസമം അലിഞ്ഞിറങ്ങിയ എല്ലാ രുചിയും  ഒന്നൊന്നായി  തിരിച്ചറിയുന്ന എന്നാല്‍ ഒന്നില്‍ നിന്ന് ഒന്ന്  വേര്‍തിരിച്ചറിയാന്‍ ആകാത്ത ഒരു ഉഗ്രന്‍ മാമ്പഴ പുളിശ്ശേരി! :) അതാണ് ഈ ഇന്ത്യന്‍ മാമ്പഴപ്പുളിശ്ശേരി - Enjoy ! ജന്മ ദിനാശംസകള്‍ :)



Saturday, July 26, 2014

ഘടികാരങ്ങള്‍

നിലച്ചു പോയ ഘടികാരങ്ങള്‍
പോലെ ചില ബന്ധങ്ങള്‍
അടിക്കില്ല അനങ്ങില്ല മിണ്ടില്ല പാടില്ല -
അവിടെ എത്തണം വേഗം  വേഗം
ഇവിടെ പോകണമിപ്പോളെന്നു  തിരക്കിടില്ല
സമയമില്ല സമയമില്ല എന്ന് പരിഭവിക്കില്ല
കണ്ടില്ലല്ലോ എന്ന് തേങ്ങില്ല -
മിണ്ടീല്ലാലോ എന്ന് ഉള്ളുരുക്കില്ല

എവിടെയെങ്കിലും ഹൃദയം കൊളുത്തുന്ന
ഒരു ചിരി തന്നിരുന്നെങ്കില്‍
മുക്കിമൂളി ഒരു സമ്മതം തന്നിരുന്നെങ്കില്‍
വരൂന്നൊരു കണ്ണ് സ്വാഗതം പറഞ്ഞെങ്കില്‍
ചുണ്ടിലെ ചിരി കൊണ്ടൊന്നു മിണ്ടിയിരുന്നെങ്കില്‍
പറയാതെ പറഞ്ഞു വഴക്കിട്ടിരുന്നെങ്കില്‍
വേണം വേണം എന്നൊന്ന് മിടിച്ചിരുന്നെങ്കില്‍

ഏതെങ്കിലും രണ്ടു നേരമെങ്കിലും
ശരിസമയങ്ങള്‍  കിട്ടുമെങ്കില്‍-
ഒരു പുരാവസ്തു ആയെങ്കിലും
കാത്തു വെച്ചേനെ!

കാണും  വഴിയിടങ്ങളില്‍ കാലു തട്ടി
വീഴാന്‍ മാത്രം ചില ബന്ധങ്ങള്‍!  

Sunday, June 29, 2014

പരിചിതാപരം


പരിചിത ആഴങ്ങളിലൂടെ
കടന്നു പോകുമ്പോഴാണ്
ഓരോ പൊത്തിലും  ആഴത്തിലും
ഓരോ എന്നെ കണ്ടത്.



കടലാഴങ്ങളെ കുറിച്ച്
പറഞ്ഞൊരുവളോട് നിര്‍ത്താതെ
കണ്ണാഴാങ്ങളോര്‍മ്മിപ്പിച്ചു
മറ്റൊരു ഞാന്‍ ..
ഒരു കാഴ്ചയിലെ
പൂവസന്തമോര്‍പ്പിച്ചവള്‍ -
ഞാനതിന്‍റെ പെരുംഗന്ധത്തെ-
ക്കുറിച്ചുപാടി..


ഒരുവളില്‍ കേട്ടത്
കിതച്ചമര്‍ത്തിയമര്‍ന്നുറങ്ങിയത് -
വിടര്‍ന്ന കണ്ണോടെ നേര്ത്തലിയുന്ന
കിതപ്പുമായ് ഞാന്‍..


ചില തിരിമറിയലുകളില്
ശ്വാസം മുട്ടിപ്പിച്ച്
പാതിയുറക്കത്തില്‍ ഉണര്‍ത്തുന്നു
എന്നെ ഞാന്‍ .....‍
ആരാണെന്ന ചോദ്യത്തിന്
നീയല്ലേ ,ഞാനല്ലേ എന്ന്അവള്‍!
എത്രയെത്ര ഞാന്‍-അവള്‍-നീ-ഞാന്‍ !!

Monday, June 16, 2014

ഏയ് ഓട്ടോ

"ഏയ്‌ ഓട്ടോ.... " ചീറിപ്പാഞ്ഞു പോകുന്ന കാറുകള്‍ക്ക് ഇടയില്‍ കൂടി ഞാന്‍ കാണുന്നത് കറുപ്പില്‍ മഞ്ഞ നീട്ടി വരച്ച നമ്മുടെ സ്വന്തം ശകടം തന്നെയാണെന്ന് ഉറപ്പ് വരുത്തി ഒന്ന് കൂടി കൂക്കി വിളിച്ചു "ഏയ്‌...........ഓട്ടോ" . ഇത്തവണ ലക്ഷ്യസ്ഥാനത്ത് തന്നെയെത്തി എന്‍റെ കളകൂജനം എന്ന് ആ ഓട്ടോചേട്ടന്‍റെ തിരിഞ്ഞു നോക്കാതെയുള്ള കൈ പൊക്കി കാണിക്കലില്‍ മനസിലായി. മുന്നിലൂടെ ചീറിപ്പാഞ്ഞു പോയ ഒരു  വലിയ വണ്ടി കണ്ണില്‍ നിന്ന് മറഞ്ഞപ്പോള്‍ ദേ മുന്നില്‍ നില്‍ക്കുന്നു ആള്‍! ശെടാ, ഇതിനിടയില്‍ ഈ പുള്ളി എങ്ങനെ റോഡിന്‍റെ അങ്ങേ തലയില്‍ നിന്ന് ഇങ്ങെത്തി എന്ന് അതിശയിക്കുന്നതിനിടയില്‍ കേട്ടു -
 "എവടെ പൂവാനപ്പീ?? മീറ്റര്‍ ചാര്‍ജ്ജും ടിപ്പും തരണം കേട്ടാ "
എന്ത്!! ഒരു മലയാളി... അതും തിരുവനന്തപുരത്തുകാരന്‍! വിശ്വസിക്കാമോ എന്‍റെ പാറമേല്‍ കാവിലമ്മച്ചീ..  അതിന്‍റെ കണ്‍ഫ്യൂഷനില്‍ നില്‍ക്കുമ്പോള്‍ അടുത്ത  മിസ്സൈല്‍ :
"എന്തരപ്പീ നിന്ന് കിനാവുകള്‍ കാണണ് ? എവിടെ പൂവാനാണ്? എനിക്ക് പുള്ലാരേം കൊണ്ട് സ്കൂള്‍ ഓട്ടം ഉള്ളേണ്   , അയിനു പറ്റൂല്ലേല്‍ വേറെ ആളെ നോക്കണം "

ഇനിയും ആ ചേട്ടനെ കൊണ്ട് രാമായണം പറയിപ്പിക്കാതെ  വേഗം കേറുന്നതാണ് നല്ലതെന്ന് മനസിലായത് കൊണ്ട് ഞാന്‍ പോലും അറിയാതെ ഓട്ടോക്കുള്ളില്‍ എത്തിപ്പെട്ടു .
"ചേട്ടാ , പബ്ലിക്‌ ലൈബ്രറി വരെ പോകാനാ. മീറ്റര്‍ ഇട്ടാലെത്രയാകും ?"

"പുള്ളയെ കണ്ടപ്പോഴേ മനസിലായി  മലയാളിയാണെന്ന് , സ്കൂള്‍ ഓട്ടം ഒണ്ടായിട്ടും അതോണ്ടാണ് ഞാന്‍ വന്നത്. ഇവുത്തില്‍ കാണിക്കുന്നതും 2 ഡോളറും തരണമപ്പീ , ഒഴിക്കണ ഗ്യാസിനോക്കെ ഇപ്പൊ ഭയങ്കര കായികള്‍ ആണ്. അല്ലെങ്കി ഞാന്‍ മീറ്റര്‍ ചാര്‍ജ് മാത്രേ വാങ്ങോള്ളാരുന്നേ - ആറ്റുകാലമ്മച്ചിയാണേ സത്യം "
സൈഡിലേ മീറ്റര്‍ തൊട്ട് ഒറ്റശ്വാസത്തില്‍ ചേട്ടന്‍ പറഞ്ഞു.  പറച്ചിലും മീറ്റര്‍ കറക്കവും ഒരേ സ്പീഡില്‍ ആണെന്ന് തോന്നിപ്പോയി. എന്നാലും ആദ്യമായി ഇവിടെ കിട്ടിയൊരു മലയാളി ഓട്ടോ ചേട്ടന്‍ അല്ലെ , മനസ് വന്നില്ല ഇറങ്ങിപോകാന്‍. മീറ്റര്‍ ചാര്‍ജ് എങ്കില്‍ അങ്ങനെ എന്ന് കരുതി മിണ്ടാതിരുന്നു.
"അല്ല ചേട്ടാ, നിങ്ങള്‍ എങ്ങനെ ഇവിടെ വന്നു പെട്ട്? "

"ഓ എന്തരു പറയാനെക്കൊണ്ട് . ഗള്‍ഫില്‍ പോകാനായിരുന്നു പുള്ളെ ഇന്റര്‍നാഷണല്‍ ലൈസന്‍സുകള്‍ ഒക്കെ എടുത്തത് -അപ്പ ദാണ്ടേ അവിടെന്നു എല്ലാരേം ഇന്ത്യയിലോട്ട് പറഞ്ഞു വിടുന്നു ,എന്തരോ നിക്കാക്കത്ത് എന്നാ നിതാക്കത്ത് എന്നാ മറ്റാ പറയണ ഒന്നാണ് പോലും. അങ്ങനെ നോക്കിയപ്പ ഇവിടെ സ്റ്റാന്റില്‍ ഒരോട്ടോ ഒഴിവുണ്ടെന്നു ഫേസ്ബുക്കില്‍ കണ്ടതാണ്. അപ്പഴേ നമ്മള്‍ ആപ്പ്ളിക്കേഷനുകള്‍  മെയിലില്‍ അയച്ച്   അവര് 'സ്കൈ' വെച്ചൊക്കെ വര്‍ത്താനങ്ങള്‍ പറഞ്ഞ് ഓട്ടോയ്കും എനിക്കും അപ്പത്തന്നെ വിസകള്‍ അടിച്ചു കയ്യില്‍ തന്നില്ലേ.  "


"സ്കൈ വെച്ച് വര്‍ത്തമാനം - അതെന്ത് സാധനാ ചേട്ടാ? "


"ഈ അപ്പി എന്തരു ചോയിക്കണ് -ഈ കമ്പ്യൂട്ടറുകളില്‍ ഒക്കെയില്ലേ -നമ്മക്ക് അവരേം അവര്ക്ക് നമ്മളേം കണ്ടോണ്ട് മിണ്ടീം പറഞ്ഞും ഒള്ളതെ . അയിനു സ്കൈ എന്നാണ് പറയണ പോലും. നാട്ടിലെ റ്റെക്നോപാര്‍ക്കില്‍ നമ്മള അക്കന്റെ പയല് ജ്വാലി ചെയ്യുന്നുണ്ട്.അവനീ കമ്പ്യൂട്ടറിന്റെ എല്ലാ കിടുപിടീം അറിയാം.അങ്ങനെയല്ലേ ഈ facebook ഒക്കെ ഞാന്‍ പഠിച്ചത്"

ചേട്ടന്‍ സ്കൈപ് ആണ് ഉദ്ദേശിച്ചത് എന്നെനിക്കു മനസിലായി. ആളൊരു സരസന്‍ വാചകപ്രിയന്‍ ആണെന്ന് ഇത്രേം നേരം കൊണ്ട് പിടികിട്ടി, എന്നാല്‍ പിന്നെ  നാട്ടിലെ ചില വിശേഷങ്ങള്‍ കൂടി ചോദിക്കാം എന്ന് കരുതി ഞാന്‍ പതുക്കെ തുടങ്ങി.


"ചേട്ടാ നാട്ടില്‍ നിന്ന് വന്നിട്ട് എത്രയായി ?അവിടെ എന്തൊക്കെ വിശേഷങ്ങള്‍?ഇവിടെയോക്കെ ഇഷ്ടം ആയോ? മഞ്ഞത്ത് വണ്ടിയോടിക്കാന്‍ പ്രയാസം ഉണ്ടോ? "


ബെല്ലും ബ്രെയ്ക്കും ഇല്ലാത്ത ചോദ്യങ്ങള്‍ കേട്ടിട്ടാണെന്ന് തോന്നുന്നു പുള്ളി കണ്ണാടിയില്‍ കൂടി അല്ലാതെ തന്നെ ഒന്ന് തിരിഞ്ഞു നോക്കിയത് .


"കഴിഞ്ഞ മാസം ഒന്നാം തീയതി ഞാനിവിടെ വന്നിട്ട് ഒരു മാസം ആയപ്പീ. ഓ! എന്തരു ഇഷ്ടപ്പെടാന്‍. വായ്ക്ക് രുചിയായിട്ട് ഇച്ചിരി ചോറും കറീം പോലും കിട്ടൂല്ല. ഈ മഞ്ഞുകളൊക്കെ കാണാനും ഫോട്ടോ പിടിക്കാനും കൊള്ളാം. ജീവിക്കാന്‍ സുഖം നമ്മള പപ്പനാവന്റെ മണ്ണ് തന്നെ . ചൂട് ഇല്ലോളം കൂടിയാലും രാവിലെ മൊതല്‍ അവിടത്തെ സ്റ്റാന്റില്‍ കിടക്കണ ഒരു സുഖം കിട്ടോ? നാട്ടിലും ഇപ്പൊ എല്ലാരക്കും കഷ്ടകാലങ്ങള്‍ തന്നപ്പീ . നമ്മള സുനന്ദ കൊച്ചു മരിച്ചതിനെന്തൊക്കെ പുകിലായിരുന്നു. പാവം ആ ശശി. ശശിയെ അറിഞ്ഞൂടെ? നമ്മള പുള്ള ആണ്. എന്തരായാലും ഇപ്പ ഒന്നും കേക്കാനില്ല . കമ്മുണിസ്ടും കാണ്ഗ്രസും അല്ലാതെ ഇപ്പ ഒരെണ്ണം കൂടി ഒണ്ട് -ആപ്പ് - ആരക്കൊക്കെ ആപ്പാകും എന്ന് വഴിയെ വഴിയെ കാണണം.'തൊറപ്പ' ആണ് ചിഹ്നം - എനിക്കാണെങ്കില്‍ അത് കാണുമ്പളെക്കും നമ്മളെ ഹെല്‍ത്തിലെ തൂപ്പുകാരി മേരിക്കുട്ടിയെ ഓര്‍മ്മ വരും കേട്ടാ. അവളെ കണ്ടാല്‍ ഒരു മെനയില്ലെന്നെ ഉള്ളൂ - തൊറപ്പ എടുത്താപ്പിന്നെ എല്ലാടോം മുച്ചോടും അടിച്ചു വാരി ഒരേ  മേളങ്ങള്‍ ആണ് . പിന്നെ നമ്മള ഉദയഭാനു അണ്ണന്‍ മരിച്ചു പോയി കേട്ടാ..നല്ല തൊണ്ട ആയിരന്നു നല്ല മനുഷേനും . പറഞ്ഞിട്ട് കാര്യമില്ല, പോയില്ലേ. നമ്മള ഇല്ല ചെക്കന്‍ ഇല്ലേ ഗാന്ധിജിയുടെ ചെറുപിള്ള രാഹുല്‍ ഗാന്ധി  , എന്തരാ ഇന്റര്‍വ്യൂ ഒണ്ടായിരുന്നെന്നാ പിന്നെ അത് സില്മേല്‍ എടുത്തെന്നാ ഫയങ്കര ഹിറ്റായെന്നാ ഒക്കെ കേട്ട് ഇതൊക്കെ ഒള്ളതാ കള്ലോ ആരക്കറിയാം അപ്പീ.
നമ്മള നാട്ടിലെ റോഡുകളില്‍ ഗട്ടറില്‍ ഓടിക്കണ വെച്ച് നോക്കിയാല്‍ ഈ മഞ്ഞൊന്നും ഒന്നുമല്ല
-പിന്നെ എന്താരാണെന്ന് വെച്ചാല്‍ നമ്മള സാദാ കൈലി ഉടുത്ത് നടക്കാന്‍ പറ്റൂല്ല . ഒന്ന് പുറത്തേക്ക് പോകണമെങ്കില്‍ എന്തോരമാ ഉടുക്കേണ്ടത് . എല്ലാം വാരിച്ചുറ്റി വരാന്‍ തന്നെ പിടിക്കും അര മണിക്കൂര്‍. എന്നാലും ഇവിടുത്തെ രീതികളൊക്കെ കൊള്ളാം കേട്ടാ . ഇന്നാളി ഒരു സായിപ്പന്‍ ചെക്കന്‍ വന്നു ഫോട്ടോ എടുത്തിട്ട് പൈസേം തന്നിട്ട് പോയി. കൊഴപ്പമില്ലാതെ തട്ടീം മുട്ടീം അങ്ങനെ പൂവാണ് മക്കളെ. "


ചേട്ടന്‍റെ നിര്‍ത്താത്ത വര്‍ത്തമാനത്തിനൊപ്പം മറ്റെന്തോ കൂടി ഉച്ചത്തില്‍ കേള്‍ക്കാന്‍ തുടങ്ങി - ചാടിയെഴുന്നേറ്റ് അലാറം ഓഫ്‌  ചെയ്തപ്പോഴാണ് ഞാനിത്ര നേരം കണ്ടതും കേട്ടതും ഒക്കെ സ്വപ്നം ആണെന്ന് എനിക്ക് ബോധം വന്നത് .

ഇവിടെ ഈ തിരക്കില്‍,  മഹാനഗരത്തില്‍ ഞാനേറ്റവും കൂടുതല്‍ മിസ്സ്‌ ചെയ്യുന്നത് എന്താണെന്ന് പറഞ്ഞാല്‍ ഒരുപക്ഷെ നിങ്ങള്‍ എന്നെ പുച്ഛിച്ചേക്കാം  - എനിക്ക് വട്ടാണെന്ന് പറഞ്ഞേക്കാം ..പക്ഷെ പറയാതെ വയ്യ ഞാനിവിടെ നമ്മുടെ സ്വന്തം ഓട്ടോറിക്ഷയെ ആണ് ഏറ്റവും കൂടുതല്‍ മിസ്സ്‌ ചെയ്യുന്നത്!! ഞെട്ടണ്ട മനുഷ്യന്മാരെ സത്യാ പറഞ്ഞത്. നാട്ടില്‍ നിന്നു ഇവിടെ എത്തിയിട്ട് ആദ്യമായി പുറത്ത് പോയ ദിവസം കണ്ണ് തിരയാതെ  തിരഞ്ഞത് മുഴുവന്‍,  ഏറ്റവും പരിചയമുള്ള ആ മഞ്ഞയില്‍ കറുപ്പ് വരച്ച മൂട്ട വണ്ടിയെ ആണ് . അങ്ങനെ ഒന്നില്ല എന്ന സത്യത്തിനോട്‌ പൊരുത്തപ്പെടാന്‍ വല്ലാതെ കഷ്ടപ്പെട്ടു . ഇപ്പോഴും ഇടയ്ക്ക് ഓര്‍ക്കും ഒരു ഓട്ടോ കിട്ടിയിരുന്നെങ്കില്‍!!




വന്നു പെട്ട നഗരത്തില്‍ കാലു കുത്തിയ നിമിഷം ഞാനനുഭവിച്ചു ആ മിസ്സിംഗ്‌  ,നിരനിരയായി കടന്നു പോകുന്ന വണ്ടികളില്‍   പല നിറങ്ങളില്‍ പല വലുപ്പത്തില്‍ കാറുകള്‍ , കൂറ്റന്‍ ട്രെയിലറുകള്‍ , മാലിന്യം കോരുന്ന ട്രക്കുകള്‍, മഞ്ഞ നിറത്തിലെ സ്കൂള്‍ ബസുകള്‍ , ആളുകളില്ലാതെ ഓടുന്ന സര്‍ക്കാര്‍ ബസുകള്‍ ....ഇല്ല! എന്‍റെ റോഡ്‌ കാഴ്ച പൂര്‍ണ്ണം ആകുന്നില്ല! ഇരുചക്ര മുച്ചക്ര വാഹനങ്ങള്‍   വാലേ വാലേ പോകുന്നത് കാണാത്ത ഒരു റോഡും നമ്മളെ സംബന്ധിച്ച് പൂര്‍ണ്ണം ആണെന്ന് എനിക്ക് തോന്നില്ല.  മഞ്ഞു പെയ്യുന്ന ദിനങ്ങളില്‍ ഒന്നിലാണ് അടുത്ത വീട്ടിലെ സായിപ്പ് നമ്മുടെ നാട്ടിലെ "ആപ്പ" ഓട്ടോ പോലൊരു വണ്ടി തള്ളി കൊണ്ട് പോകുന്നത് കണ്ടത്.. ഓര്‍മ്മകളിലേക്ക് ഒരു പെരുമഴപ്പെയ്ത് നടത്തി എന്നെ ഈ സ്വപ്നത്തിലേക്ക് എത്തിച്ചത് പോലും ആ പാട്ടവണ്ടി ആണ്.


ഇവിടെ എന്നെങ്കിലും ഒരു കാക്കിയിട്ട ഓട്ടോക്കാരനെ കണ്ടാല്‍ കൂടെ കളിച്ചു വളര്‍ന്ന സുഹൃത്തിനെ കണ്ടത് പോലെ തോന്നാം .അത്ര മേല്‍ ഓട്ടോ എന്ന വികാരം നമ്മിലൊക്കെ ഉണ്ട് -പ്രത്യേകിച്ചും മലയാളികള്‍ക്ക് ഓട്ടോ വീട്ടിലെ വാഹനം പോലെയാണ് അല്ലെ? ബാന്ഗ്ലൂര്‍ലെയും ചെന്നൈയിലെയും ഡല്‍ഹിയിലെയും ഒക്കെ കഴുത്തറുപ്പന്‍ ഓട്ടോചാര്‍ജ്ജും അറ്റിട്ട്യുടും അല്ല നമ്മുടെ നാട്ടിലെ ഓട്ടോക്കാര്‍ക്ക് എന്നെനിക്ക് എപ്പോഴും  തോന്നിയിട്ടുണ്ട് . സൌഹൃദ കവലകള്‍ ആണ് ഓട്ടോ സ്റ്റാന്റുകള്‍ - ഒരു സ്ഥലത്തെ എല്ലാ വാര്‍ത്തയും ആദ്യം ചര്‍ച്ച ആകുന്നത് അവിടെയാകും. ഓട്ടോ റിക്ഷ എന്നതൊരു സംസ്കാരം ആണ് സഹായമനസ് ഉള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മസംസ്കാരം. അടിയും പിടിയും ഗോസ്സിപ്പും വഴക്കും ഒക്കെ ഉണ്ടാകുമെങ്കിലും എന്ത് പ്രശ്നത്തിനും , കല്യാണത്തിനും, അടിയന്തരത്തിനും ആദ്യം ഓടിയെത്തുന്ന ഒരു ഗ്രൂപ്പ്‌ ഇവരാണ്. ചിലപ്പോള്‍ എങ്കിലും പ്രവാസത്തില്‍ നഷ്ടബോധം തോന്നുന്നത് അത്തരം കൂട്ടായ്മകള്‍ ആണെന്ന് പറയാതെ വയ്യ.


എത്തിപ്പെട്ട അമേരിക്കന്‍ സ്ഥലത്ത് ബസ് പിടിച്ചു എവിടേക്കും പോകാന്‍ ഒക്കില്ല എന്ന സത്യം മനസിലായപ്പോള്‍  മുതല്‍ എന്നും ആലോചിക്കും ഇവിടെ ഒരു ഓട്ടോ ഉണ്ടായിരുന്നെങ്കില്‍  എന്ന് . ഒന്ന് കടയില്‍ പോകാന്‍ , കുഞ്ഞിനെ സ്കൂളില്‍ നിന്ന് വിളിച്ചു കൊണ്ട് വരാന്‍, അത്യാവശ്യത്തിനു ഒന്ന് ഡോക്ടറെ കാണാന്‍ പോകാന്‍ ഡ്രൈവിംഗ് അറിയാതെ നിവര്‍ത്തിയില്ല . ജീവിതത്തിലെ ഓട്ടോയുടെ പ്രാധാന്യം മനസിലായത് അപ്പോഴാണ് . നമ്മുടെ നാട്ടിലെ പോലെ പുറത്തേക്കു നോക്കിയാല്‍ തന്നെ വരിയായി കിടക്കുന്ന ഓട്ടോകള്‍ ഉള്ള ഒരു സ്റ്റാന്റ് എല്ലാ അമേരിക്കന്‍ ജന്ക്ഷനിലും വേണം.  മിനിമം ചാര്‍ജ് മാത്രം വാങ്ങി എല്ലാ സ്ടോപ്പിലും മഞ്ഞത്തും മഴയത്തും കൊണ്ടാക്കുന്ന കാക്കിയിട്ട ഓട്ടോ ചേട്ടന്മാര്‍ നാട് മുഴുവന്‍ -ആഹ അങ്ങനെ ഒരു കിനാശ്ശേരി ! അല്ല അങ്ങനെ ഒരു അമേരിക്ക അതാണെന്‍റെ  സ്വപ്നം - എത്ര സുന്ദരമായ നടക്കാത്ത  സൊപ്പനം അല്ലെ? എന്നാലും കാണാന്‍ ആര്‍ക്കും കാശ് കൊടുക്കണ്ടല്ലോ... അതുകൊണ്ട് ഞാന്‍ ഓട്ടോകള്‍ നിറഞ്ഞ ഒരമേരിക്ക സ്വപ്നം കാണട്ടെ !


( മലയാളി മാഗസിന്‍ മാര്‍ച്ച്‌ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത് )

Thursday, June 12, 2014

ഒളിത്താവളം

ഒന്നൊളിച്ചിരിക്കാന്‍ തോന്നുന്നുണ്ട്
എവിടെയാണ് ഒരു താവളം ?
കണ്ണിലിരുന്നൊരു കരടാകാന്‍ വയ്യ -
കമ്പിട്ടു കുത്തി പുറത്താക്കും നീയൊക്കെ
പഴുത്തു തുടുത്തൊരു മോഹക്കുരു ?
നഖമുന കിള്ളിപ്പറിച്ചെടുത്തിടും !

മണ്ണ് കൂട്ടിയൊരു കുന്നുണ്ടോ
മരം മുറിച്ചിട്ടൊരു കാടുണ്ടോ
വെള്ളം തിളപ്പിച്ചോഴുക്കിയൊരു
നല്ല പുഴയുണ്ടോ ഒന്നൊളിക്കാന്‍?

തീ പിടിക്കാത്തൊരു കെട്ടിടം
കണ്ടിരുന്നവിടെ ഇരുട്ടിന്‍റെ മറ
പേടിയായെക്കാം ഇരുള്‍ കൊഴിഞ്ഞു
മുഷിവിന്‍റെ പകല്‍ പുലരുമ്പോള്‍ !

കനവ്‌ ചാറിച്ചൊരു മഴക്കാറ്
വരുന്നുണ്ട് -നനയാതെ നില്ക്കാന്‍
ഒരൊളിത്താവളം വേണം
പണ്ടേയ്ക്ക് പണ്ടേ മറന്നു വെച്ച
മനസും കൊണ്ടൊരു കാറ്റ്
തട്ടി ചിന്നി ചിതറാതിരിക്കാന്‍
ഇരുമ്പ് കൊണ്ടുള്ലൊരു വത്മീകം വേണം
ഓരോ മുക്കിലും തുറക്കാതെ നോക്കാന്‍
രഹസ്യപ്പൂട്ടിട്ടു പൂട്ടിയ താഴുകള്‍ വേണം.

രഹസ്യ പദങ്ങള്‍ തുറന്നെഴുതട്ടെ -
വാത്മീകങ്ങള്‍ പോലും തുരുമ്പെടുക്കാം
ഇളം കുളിരും ചൂടുമോലും അമ്മ തന്‍
 ഗര്‍ഭപാത്രമെങ്കിലും ഒരിത്തിരി നേരം
കടമായി തരുമോ,ഒന്നൊളിച്ചിരുന്നീടുവാന്‍


(ഗുല്‍മോഹര്‍ മാഗസിന്‍ മാര്‍ച്ച്‌ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത് )

Friday, June 6, 2014

മൂന്നു ജ്യാമിതീയ വഴികള്‍

നീ, ഞാന്‍, നാമെന്ന മുക്കോണത്തിലാണ്
അളന്നു കുറിച്ച് വന്നു കയറിയത്.


ഒരു വൃത്തം വരച്ചാലോ എന്ന് നീ ചോദിച്ചത്,
ഞാനെന്ന ഭ്രമണാക്ഷത്തിലാകണമെന്നതില് മുങ്ങി!
ഇടക്കൊരു ചതുരം, പഞ്ചഭുജം, അഷ്ട-ഷഡാദികള്‍ 
വിളിക്കാതെ പലരും വന്നു, ഇരുന്നു ‍ ഓരോ ബിന്ദുവില്‍
മടുത്തവിടെ നിന്നൊക്കെ പിന്നെയും നേര്‍രേഖകള്‍
വരച്ചു വന്നു കയറിയത് ഇവിടെയാണ് തൃക്കണ്ണില്‍ .


ഒരു സമഭുജസൂത്രവാക്യം പോലെ
ഉയര്‍ന്ന ശബ്ദങ്ങള്‍ക്ക്  'നീ'  'ഞാന്‍  '‍  'തുല്യത'
പിന്നെയും ഉയരുമ്പോള്‍ "നാം" തുല്യം ചാര്‍ത്തി
ഇവിടെയുണ്ടെന്നു ഒരു ലംബമോ പാദമോ ആയി!


കര്‍ണ്ണം കേള്‍ക്കാനും കാണാനും മറന്നത് നാം ചെറുതും
നീയും ഞാനും ആളാളുക്ക് വലുതുമായപ്പോളാണ്
എപ്പോഴാണ് നാമൊരു മട്ടത്രികോണമാകുക
എന്നതിശയിച്ച് നിന്നെ നോക്കുമ്പോള്‍ -
കണ്ണ് നിറച്ചും 'ഞാ+നീ' ആയി നമ്മളോടൊട്ടി നിന്ന് ,
കണക്കിന്‍റെ കള്ളത്തരം ചിരിച്ചു കൊഞ്ചി കുഞ്ഞായ് ,
"ഞാനും നീയും"  *വര്‍ഗമിരട്ടിയോടിരട്ടിയും ചേര്‍ന്ന്
 പിന്നെയും *വര്‍ഗമൂലഫലം  പങ്കു വെച്ച് ഒരു "നാമായി "


കുഴഞ്ഞു ചുരുങ്ങി സങ്കീര്‍ണ്ണമായി  തമ്മിലിടഞ്ഞൊരു
"√(〖നീ 〗^2+〖ഞാന്‍ 〗^2 )  = നാം  " സ്നേഹസൂത്രവാക്യം!

=========================================================
*square & square roots
 Pythagorean theorem >  √(〖a 〗^2+〖b‍ 〗^2 ) =c



Friday, May 30, 2014

നക്ഷത്രക്കുഞ്ഞ്

എന്നില്‍ നിന്നൊരു കണം നുള്ളിയെടുത്ത്
ആകാശത്തിന്‍റെ അങ്ങേ ചെരിവില്‍
ആര്‍ക്കും കയ്യെത്താത്തിടത്ത് ആരും
കാണാത്തിടത്ത് നക്ഷത്ര വെളിച്ചം തീര്ത്തവനേ,


നിനക്ക് നോവാതെ, നിന്നെ മുറിക്കാതെ
നിന്നില്‍ നിന്നൊരു നുള്ളെടുത്ത്
എന്നില്‍ നിറച്ചു നിന്‍റെത്‌ മാത്രമായ
ഒരു നക്ഷത്രക്കുഞ്ഞിനെ  തീര്‍ക്കാം ഞാന്‍


പിണങ്ങി പോകുന്ന നിന്നില്‍
പിന്‍വിളികള്‍ തീര്‍ക്കുന്ന മന്ത്രജാലം
തിരിഞ്ഞു നോക്കുന്ന കണ്ണില്‍
സ്നേഹം നിറയ്ക്കുന്ന പൊടിക്കൈകള്‍


ചുംബനമെന്ന പ്രലോഭന മത്തില്‍ നിന്നു
മധുരമാമുമ്മകളിലേക്ക് നമുക്കൊരുമിക്കാം 

Saturday, May 17, 2014

മഴവില്ല് വിരിയുന്ന നാട് - 2

ഏകദേശം അര മണിക്കൂര്‍ ഡ്രൈവിനു ശേഷം ഞങ്ങള്‍ നയാഗ്ര സ്റ്റേറ്റ് പാര്‍ക്കിനു സമീപമുള്ള ഒരു ഹോട്ടലിനു മുന്നില്‍ എത്തി. ഞങ്ങളുടെ ഡ്രൈവര്‍ക്ക് അവിടെ നിന്നായിരുന്നു പുതിയ യാത്രക്കാരെ കയറ്റെണ്ടിയിരുന്നത് . നടക്കാനുള്ള ദൂരമേ ഉള്ളൂ ഫാള്‍സിലേക്ക് എന്ന് പറഞ്ഞു അദ്ദേഹം പോയി. ആദ്യം കണ്ണില്‍ പെട്ടത് "ടേസ്റ്റ് of ഇന്ത്യ" എന്നൊരു തട്ടുകടയാണ്. നല്ല അസല് പഞ്ചാബി ചേട്ടായിയും ഒരു ചെറിയ പെണ്‍കുട്ടിയും. നേരെ സൂം ചെയ്ത് കണ്ണുകള്‍ അടുത്ത് എഴുതി തൂക്കിയിരുന്ന മെനുവിലേക്ക് പോയി. "ഇഡ്ഡലി, വട, ദോശ, ആലൂ പറാത്ത, മംഗോ ലസ്സി" ഹ്മ്മ്മം.. കൊള്ളാം നയാഗ്ര അവിടെ തന്നെയുണ്ടാകുമല്ലോ എന്നോര്‍ത്ത് വഴിയിലിട്ടിരുന്ന ബഞ്ചുകളിലിരുന്ന്‍ ഓരോന്നായി ഓര്‍ഡര്‍ ചെയ്തു.  ഭക്ഷണത്തിന് ശേഷം മംഗോ ലസ്സിയും കയ്യിലെടുത്ത് നടപ്പാരംഭിച്ചു . നാലും കൂടിയ ഒരു ജങ്ക്ഷനില്‍ എത്തി ഞങ്ങള്‍ ആകെ ആശയക്കുഴപ്പത്തില്‍ ആയി നിന്നു - ഇനി എവിടേക്ക് പോയാലാകും ഈ നയാഗ്രയില്‍ എത്തിപ്പെടുക! നയാഗ്ര സ്റ്റേറ്റ് പാര്‍ക്ക്‌ എന്നൊരു കൂറ്റന്‍ ബോര്‍ഡ് ഞങ്ങള്‍ക്ക് മുന്നില്‍ ഉണ്ട് . പക്ഷെ ബാക്കി ഒന്നും കാണാനില്ല. ഒരു ചെറിയ മൂലയ്ക്ക് നയാഗ്ര ഇന്‍ഫര്‍മേഷന്‍ സെന്‍റെര്‍ എന്നൊരു ബോര്‍ഡ് കണ്ടു അങ്ങോട്ടേക്ക് പോയി.



ഞങ്ങള്‍ അവിടെ എത്തിപ്പെട്ട സമയം ഏതാണ്ട് രാവിലെ പതിനൊന്നര ആണ്. വിവിധ തരം ട്രിപ്പുകള്‍ നമുക്ക് തിരഞ്ഞെടുക്കാം പക്ഷെ എല്ലാം തുടങ്ങുന്ന സമയം രാവിലെ 8 -9 മണിയാണ്. അപ്പോള്‍ ഇന്നിനി അത്തരം പാക്കേജ് പ്രോഗ്രാംസ് ഒന്നും നടക്കില്ല എന്നുറപ്പായി. ഇന്‍ഫോര്‍മേഷന്‍ സെന്‍ററില്‍ നിന്ന് തന്നെ അടുത്ത ദിവസത്തേക്കുള്ള 5-in-1 ട്രിപ്പിന്‍റെ ടിക്കറ്റ് വാങ്ങിയിട്ട് ഞങ്ങള്‍ സ്വന്തം നിലയില്‍ നയാഗ്ര കാണാനിറങ്ങി. നേരത്തെ കണ്ട ബോര്‍ഡിനു അടുത്ത് കൂടി റോഡ്‌ മുറിച്ചു കടന്നാല്‍ സ്റ്റേറ്റ് പാര്‍ക്കിനു ഉള്ളില്‍ എത്താം. അതിന്‍റെ മറ്റൊരു അറ്റം നയാഗ്ര വെള്ളച്ചാട്ടം ആണ്. നടക്കുന്ന വഴിയില്‍ ഓപണ്‍ വേള്‍  പൂള്‍  ബോട്ട് ട്രിപ്പ്‌ ന്‍റെ ലഘുലേഖകള്‍ കണ്ടു , അവിടെയുള്ള ആളോട്  എന്താണെന്നു അന്വേഷിച്ചു. അതൊരു സാഹസിക യാത്ര തന്നെയാണ് -ലൈഫ് ജാക്കെറ്റ്‌ ധരിച്ചു നമ്മുടെ വള്ളം പോലെയൊരു ബോട്ടില്‍ യാത്ര - കുത്തൊഴുക്കുള്ള പ്രദേശങ്ങളില്‍ നമ്മള്‍ വെള്ളത്തിനുള്ളില്‍ ഇറങ്ങി കയറുന്നത് പോലെ . പോയാലോ എന്നൊരു ചിന്ത ഉണ്ടായപ്പോള്‍ തന്നെ അവര്‍ കുഞ്ഞിനേയും കൊണ്ട് പോകാന്‍ ആകില്ല എന്ന് മുന്നറിയിപ്പ് തന്നു. ആ ചിന്തയും അവിടെ ഉപേക്ഷിച്ചു വീണ്ടും നടപ്പ് തുടര്‍ന്നു .

അതി ശക്തമായി വെള്ളം വീഴുന്ന ശബ്ദം കേട്ടതും ഞങ്ങള്‍ക്കെല്ലാം ആവേശം കൂടി . ഒരു സൈഡിലായി നയാഗ്ര ഒഴുകുന്നു .





എനിക്ക് തോന്നിയ വികാരം രോമാഞ്ചമാണ് , പക്ഷെ സത്യത്തില്‍ ആ കാഴ്ചയ്ക്ക് അങ്ങനെ ഒരു രോമാഞ്ചം ഉണര്‍ത്താനുള്ള ശക്തിയൊന്നുമില്ല - നമ്മുടെ നാട്ടിലെ ഒരു അരുവി ഒഴുകുന്നത് പോലെയേ ഉള്ളൂ. ഇത് നയാഗ്ര ആണല്ലോ , ഞാനത് നേരില്‍ കാണുന്നുവല്ലോ എന്ന ചിന്ത ആണെന്ന് തോന്നുന്നു എന്നെ അത്രമേല്‍ സന്തോഷിപ്പിച്ചത് . പിന്നീടു മുന്നോട്ടുള്ള നടത്തത്തില്‍  ശബ്ദം കൂടിക്കൂടി വന്നു . ഉയരത്തില്‍ നിന്നു കാണാവുന്ന രീതിയില്‍ ഒരു ഒബ്സേര്‍വടോരി ടവര്‍ ഉണ്ടവിടെ -അതിനു താഴെ എത്തിയപ്പോഴേ ബോട്ട് യാത്രകള്‍ക്കുള്ള വമ്പന്‍ ക്യു കള്‍ കണ്ടു.  ഒരു ഗൈഡിനോട് ടവറിനു മുകളില്‍ കയറാന്‍ സമയം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെ പ്രത്യേകം സമയം ഒന്നുമില്ല -പക്ഷെ, രാത്രി 8 മണിക്ക് ശേഷം ലൈറ്റ്ഷോ ഉണ്ട് -അത് കാണാന്‍ കുറച്ചു നേരത്തെ എത്തിയാലേ ഇടം കിട്ടുകയുള്ളൂ എന്നൊരു ഇന്‍ഫര്‍മേഷന്‍ കിട്ടി. സ്റ്റെപ്പുകള്‍ കയറി  ടവറിനു മുകളില്‍ എത്തി  നില്‍ക്കുന്ന ഇടത്ത് നിന്ന് നോക്കിയാല്‍ അപ്പുറത്തായി കാനഡ കാണാം .  അവിടെ നിന്ന് നോക്കുമ്പോഴാണ് കുത്തിയൊഴുകുന്ന നയാഗ്രയുടെ ശരിക്കുള്ള മുഖം നമ്മള്‍ കാണുക.




താഴേക്ക് വീഴുന്ന വെള്ളം വെന്‍മേഘമായി പോകുന്നത് പോലെ തോന്നും!അത്ര ശക്തിയില്‍ ആണ് താഴേക്ക് വെള്ളം പതിക്കുന്നത്. പക്ഷെ, ടവറിനു മുകളില്‍ നിന്നുള്ള കാഴ്ച അല്‍പ്പം ദൂരെ നിന്നാണ് അത് കൊണ്ടാണെന്ന് തോന്നുന്നു അടുത്ത് നിന്ന സുഹൃത്ത് പറഞ്ഞു "ശേ ,ഇത് നമ്മുടെ ആതിരപ്പള്ളിയുടെ അത്രയില്ലല്ലോ എന്ന്" അടുത്ത് നിന്നവര്‍ക്കൊന്നും മലയാളം അറിയാഞ്ഞത് ഞങ്ങളുടെ ഭാഗ്യം എന്നേ  പറയേണ്ടു.

കുറച്ചു നേരം ആ കാഴ്ച കണ്ടു നിന്നതിനു ശേഷം ഞങ്ങള്‍ ഇനിയെന്ത് ചെയ്യാം എന്ന ചിന്തയില്‍ ആയി. രാത്രി 8 മണി വരെ ഇവിടെ നില്ക്കാന്‍ പറ്റില്ലാലോ. അത് വഴി ചില ബസുകള്‍ പോകുന്നത് അപ്പോഴാണ് കണ്ടത്. തിരക്കിയപ്പോള്‍ അറിഞ്ഞു - ഈ ബസില്‍ കയറിയാല്‍ നയാഗ്ര കണ്ടു കൊണ്ട് സ്റ്റേറ്റ് പാര്‍ക്കില്‍ കൂടി കുറച്ചു നേരം യാത്ര ചെയ്യാം . അഞ്ചാറ് സ്റ്റോപ്പ്‌ ഉണ്ട് . എവിടെയെങ്കിലും ഇറങ്ങി ഇഷ്ടമുള്ള നേരത്തോളം അവിടെയുള്ള കാഴ്ച ആസ്വദിച്ചിട്ടു അടുത്ത ബസ് വരുമ്പോള്‍ കയറി അടുത്ത പോയിന്റില്‍ ഇറങ്ങാം. ഒരു പ്രാവശ്യം ടിക്കറ്റ്‌ എടുത്താല്‍ മതി.  എവിടെയെങ്കിലും ഇറങ്ങണോ എന്നുറപ്പിച്ചില്ലെങ്കിലും  ബസില്‍ കയറാന്‍ ഞങ്ങള്‍ തീരുമാനിച്ചു -കുഞ്ഞുങ്ങളെയും എടുത്തു കൊണ്ട് നടന്നു ക്ഷീണിച്ചിരുന്നു എല്ലാവരും തന്നെ. 10 മിനിറ്റ് ഇടവിട്ടിടവിട്ട് ബസ് വരുന്നുണ്ട്. അടുത്തുള്ള പോയിന്റില്‍ നിന്നും ഞങ്ങള്‍ ബസില്‍ കയറി. നയാഗ്രയുടെ തീരത്ത് കൂടിയുള്ള ആ യാത്ര വളരെ മനോഹരം ആയിരുന്നു. പോകുന്ന വഴിയില്‍ ഗോട്ട്സ് ഐലന്ഡ് (goat's island ) , ത്രീ സിസ്റ്റെര്സ് ഐലന്ഡ് (3 sisters  island) എന്നൊക്കെയുള്ള സ്ഥലങ്ങള്‍ വെള്ളം കെട്ടിക്കിടക്കുന്ന ഒറ്റപ്പെട്ട ദ്വീപുകള്‍  പോലെയാണ്. അവിടെയൊന്നും ഇറങ്ങി കാണാന്‍ നിന്നില്ല ഞങ്ങള്‍ , ബസിലിരുന്നുള്ള കാഴ്ചയില്‍ തന്നെ തൃപ്തരായി. പിന്നീട് വന്ന ഒരു സ്റ്റോപ്പില്‍ ഞങ്ങള്‍ ഇറങ്ങി. നയാഗ്ര താഴേക്ക് പതിക്കുന്നതിനു മുന്പ് കുറച്ചേറെ ദൂരം സമനിരപ്പില്‍ ഒഴുകും. ആ ഇടമാണ് ഞങ്ങള്‍ ഇറങ്ങിയത്.മനോഹരമായ കാഴ്ചയാണത് -കുറച്ചു മുന്‍പേ ശക്തിയില്‍ കുത്തിയൊലിച്ച് താഴേക്ക് വീണവളെ അല്ല എന്ന് തോന്നും ഈ ശാന്ത മനോഹരിയായി ഒഴുകുന്നത് കണ്ടാല്‍.ഒരു ചെറിയ കുന്നിനു മുകളില്‍ നിന്നു താഴേക്ക് നടന്നു വന്നു വേണം ഈ ഭാഗത്തേക്ക് എത്താന്‍ പാല്പ്പതകളും ചെറിയ ചുഴികളും ഒക്കെയായി നയാഗ്ര ഇവിടെ ശാന്തമായി ഒഴുകുന്നു.


(three sister's Island)


                                                        (Goat's Island)

ഞങ്ങളുടെ അടുത്ത സ്റ്റോപ്പ്‌  നയാഗ്രഫാള്‍സ്നു ഏകദേശം സമാന്തരമായി നിന്നുള്ള കാഴ്ച ആയിരുന്നു. അവിടെ നിന്ന് കുതിര  കുളമ്പ് (horse shoe ) ആകൃതിയിലുള്ള വെള്ളച്ചാട്ടത്തിന്റെ അമേരിക്കന്‍ ഭാഗം കാണാം. ഈ വെള്ളച്ചാട്ടം കൂടുതല്‍ ഭംഗിയായി കാണുന്നത് കാനഡയില്‍ നിന്നാണെന്ന് പറയുന്നത് ശരിയാണെന്ന് അപ്പോള്‍ തോന്നി -കാരണം കുതിരകുളമ്പിന്റെ ഒരു ഭാഗം പോലും നമുക്ക് നേരെ കാണാന്‍ ആകില്ല ! നാളെ ബോട്ട് യാത്ര ഉണ്ടല്ലോ -അപ്പോള്‍ ഉള്ളില്‍ പോയി കാണാമല്ലോ എന്നത് മാത്രം ആയിരുന്നു എന്‍റെ പ്രതീക്ഷ. അപ്പോഴേക്കും സമയം 8 മണിയാകാനായിരുന്നു.


തിരക്കിട്ട് ഓടി ഒബ്സെര്‍വേഷന്‍ ടവര്‍ എന്ന് വിളിപ്പേരുള്ള  കൂറ്റന്‍ ബഹു നില കെട്ടിടത്തിനു മുകളില്‍ എത്തിപ്പറ്റി . നല്ല തിരക്കുണ്ട് അവിടെ, എങ്കിലും വര്‍ണ്ണവിളക്കുകളുടെ കാഴ്ച തുടങ്ങാത്തതിനാല്‍ പലരും  സ്ഥിരമായി ഒരിടത്ത് നില്‍ക്കാതെ അവിടവിടെ ചുറ്റിക്കറങ്ങുകയാണ്. പണ്ട് അമ്പല പറമ്പില്‍ ഉത്സവ കാഴ്ചകള്‍ കാണാന്‍ മുന്നില്‍ സ്ഥലം പിടിക്കുന്നത് പോലെ ഞാന്‍ ഏറ്റവും മുന്നില്‍ കൈവരിയോടു ചേര്‍ന്ന് ഒരിടത്ത് സ്ഥാനം പിടിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിനു ക്യാമറ സ്റ്റാന്റ് ഉറപ്പിക്കാനും സ്ഥലം ബുക്ക്‌ ചെയ്ത് വെച്ചിരുന്നു ഞാന്‍ - എന്‍റെ കുഞ്ഞു ക്യാമറയില്‍ ഈ വര്‍ണ്ണ പ്രപഞ്ചം കിട്ടിയില്ലെങ്കിലോ! 8 മണിയാകുന്നതിനു മുന്‍പുള്ള ഓരോ നിമിഷവും കടന്നു പോകാന്‍ സമയം എടുത്തു , എനിക്ക് ക്ഷമ നശിക്കാനും തുടങ്ങി.

സുഹൃത്ത് എന്‍റെ അക്ഷമ കണ്ടു പറഞ്ഞു കാനഡയില്‍ നിന്നുള്ള ലൈറ്റ്സ് വരണ്ടേ അതാ സമയം എടുക്കുന്നത് എന്ന് - എന്നെ കളിയാക്കിയതാണെന്നു മനസിലാക്കിയത് കൊണ്ട് മിണ്ടാതെ വീണ്ടും നയാഗ്ര താഴേക്ക് ഒഴുകി വീഴുന്നതും നോക്കിയിരുന്നു. പെട്ടെന്ന് ഒരു വെള്ള വെളിച്ചത്തിന്‍റെ വൃത്തം  ആ ഒഴുകിപ്പരക്കുന്ന വെള്ളത്തില്‍ വീണു.  പിന്നെ ഒന്നിന് പുറകെ ഒന്നായി വരിവരിയായി കുറെയേറെ വൃത്തങ്ങള്‍ - ഒക്കെയും വരുന്നത് മറുകരയില്‍ (കാനഡയില്‍) നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്നാണ്. സുഹൃത്ത് എന്നെ കളിയാക്കിയതല്ല -ശരിക്കും വെളിച്ച സംവിധാനം അവിടെ നിന്നാണ് വരുന്നത്.മൊത്തത്തില്‍ വെള്ളിവെളിച്ചത്തില്‍ കുളിച്ചു മനോഹരിയായി നയാഗ്ര. ഹാ...അതൊരു കാഴ്ച തന്നെയാണ്. എല്ലാവരും തിക്കിത്തിരക്കാന്‍ തുടങ്ങിയിരിക്കുന്നു ഈ മായാജാല കാഴ്ച കാണാന്‍. വല്യ ബീം ലൈറ്റുകള്‍ അപ്പുറത്തെ കരയില്‍ നിന്ന് ഇപ്പുറത്തേക്ക് വന്നു വീഴുന്നത് കാണുമ്പോള്‍ എനിക്ക് തിയറ്ററില്‍ പ്രോജെക്ട്ര്‍ റൂമില്‍ നിന്ന് വരുന്ന വെളിച്ചം തിരശീലയില്‍ മായാപ്രപഞ്ചം സൃഷ്ടിക്കുന്നതാണ് ഓര്‍മ്മ വന്നത്. ശരിക്കും  മായാപ്രപഞ്ചം തുടങ്ങിയത് പിന്നീടാണ് - ഓരോ വെളിച്ചവൃത്തങ്ങളും ഓരോരോ നിറമാകാന്‍ തുടങ്ങി. നല്ല പനിനീര്‍ റോസാപ്പൂ നിറം, മനം മയക്കുന്ന മഞ്ഞ, കണ്ണിനു കുളിര്‍മയായി പച്ച... ഓരോ നിറവും മാറി മാറി അവിടെയൊരു അത്ഭുത ലോകം. ഓരോ നിറവും ഒന്നിടവിട്ട് വരുമ്പോള്‍ നയാഗ്ര ശരിക്കും ഒരു മഴവില്‍ മനോഹരി. കുതിച്ചു വീഴുന്ന വെള്ളത്തിനൊപ്പം അതില്‍ നിന്ന് തെറിക്കുന്ന വെള്ളത്തുള്ളികള്‍ ഒരു മൂടല്‍മഞ്ഞു മറ സൃഷ്ടിക്കുന്നുണ്ട് -ആ മഞ്ഞു മറയ്ക് ഇപ്പോള്‍ ഒരു മഴവില്ലിന്‍റെ  ഭംഗി! ഞാന്‍ ഒരല്‍പം സ്വാര്‍ത്ഥയായിരുന്നു കേട്ടോ , ഈ കാഴ്ച കണ്ടിട്ടും കണ്ടിട്ടും  മതി വരാതെ ഞാന്‍ അവിടെ നിന്ന് അനങ്ങാതെ നിന്ന്  ഈ കാഴ്ച കണ്ടു കുറെയേറെ നേരം. പിന്നെ ഇത് കാണാതെ പോകുന്ന ആളുകളുടെ വിഷമം ഓര്‍ത്തപ്പോള്‍ അര മണിക്കൂറിനു ശേഷം ഞാന്‍ അവിടെ നിന്ന് പതുക്കെ മാറി . വെള്ളിയാഴ്ചകളിലും ഞായറാഴ്ച്ചകളിലും ഈ നേരത്ത് അവിടെ വെടിക്കെട്ടും ഉണ്ടാകാറുണ്ടത്രേ - അത് കാണാന്‍ ആകാത്ത നഷ്ട ബോധം ഈ കാഴ്ച കുറെയൊക്കെ പരിഹരിച്ചു.  പിറ്റേ ദിവസം നേരത്തെ എത്തിപ്പെടണം എന്നുള്ളത് കൊണ്ട് ഞങ്ങള്‍ താമസസ്ഥലത്തേക്ക് യാത്ര തിരിച്ചു . തിരികെ യാത്രയില്‍ ,പകലൊന്നും മഴവില്‍ കാണാന്‍ കഴിയാതെ പോയല്ലോ  എന്ന് വിഷമിച്ച എന്നെ നാളെ എന്തായാലും കാണാന്‍ കഴിയുമെന്ന് ഭര്‍ത്താവ് ആശ്വസിപ്പിച്ചു . അന്ന് രാത്രി ഉറങ്ങുമ്പോഴും എന്‍റെ കണ്ണുകളില്‍ ആ വര്‍ണ്ണവിളക്കുകള്‍ സൃഷ്ടിച്ച മഴവില്‍ ഭംഗി ആയിരുന്നു.































































                                                         (മഴവില്ല് വിരിഞ്ഞ നയാഗ്ര )


Wednesday, April 16, 2014

വീണ്ടുമൊരു വിഷുപ്പുലരി



കാലങ്ങള്‍ക്ക് മറവി ബാധിച്ചിട്ടും
എന്നിലേക്കെത്തുന്നൊരു വിഷുപ്പുലരി
ഇരുളും വെളിച്ചവും അളവുകോലാക്കി
ചിരിയും കരച്ചിലും തുല്യമാക്കീടട്ടെ വേഗം 
സ്നേഹം കണി കണ്ടുണരുവാന്‍ വേണ്ടി
ഹൃദയ ദര്‍പ്പണം കണിയായ് വെച്ചു ഞാന്‍
ദുഃഖമെന്ന നാണയപ്പകുതിയെ ചിരി-
-പ്പകുതിയാല്‍ മറച്ചു വെച്ചിന്നു ഞാന്‍
ഇഷ്ടദൈവം-കണിവെള്ളരി- പിന്നെ
സമ്പല്‍സമൃദ്ധിയ്ക്ക് പൊന്നിന്‍കണങ്ങളും -
ഇല്ലയെന്‍റെ കണിക്കൂട്ടത്തിലൊന്നിലും
ഇല്ല പ്രാചീന വിഷുക്കണിപ്പതിവുകള്‍!

വിത്തും കൈക്കോട്ടും പാടി എന്നെയും
തുയിലുണര്‍ത്തീടുമിപ്പോള്‍  വിഷുപ്പക്ഷി,
മിഴികളിറുക്കിയടച്ചിരിക്കുന്നു ഞാന്‍-
കണ്ണ് പൊത്തുവാന്‍ കരങ്ങളില്ലല്ലോ !
വലംകയ്യില്‍ വീഴും  കൈനീട്ടപ്പൊരുളിനെ
ഇടംകൈയ്യറിയാതെ കാത്തു സൂക്ഷിക്കണം

സ്വര്‍ണവര്‍ണ്ണമാം സ്നേഹപ്പൂവുകള്‍
ഹൃദയദര്‍പ്പണേ പ്രതിഫലിക്കുമ്പോള്‍ ,
കണ്‍ തുറക്കട്ടെ ഞാനെന്‍ കണി കാണുവാന്‍ -
ജീവിത കാരണോര്‍ നീട്ടി നില്‍ക്കുമാ
കള്ളനാണയത്തുട്ടൊന്നു വാങ്ങുവാന്‍!

Saturday, March 1, 2014

2008 ഫെബ്രുവരി 25

പ്രിയപ്പെട്ടവരേ,


ആറു  വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഔദ്യോഗികമായി ഒരു ബ്ലോഗ്‌ തുടങ്ങിയത് ഇതേ ദിവസമാണ്. ഇന്നില്‍ നിന്ന് അന്നിലേക്ക് നോക്കുമ്പോള്‍ കടന്നു പോയ ആറു വര്‍ഷങ്ങളിലെ എന്നെയും കാണാന്‍ കഴിയുന്നത് സന്തോഷിപ്പിക്കുന്നു.


പേനയിലും പേപ്പറിലും നിന്ന് സൈബര്‍ ലോകത്തേക്ക് എഴുത്തിനെ മാറ്റിയത് പണ്ട് കുത്തിക്കുറിച്ച വരികളെ  മറന്നു പോകാതെ, നശിച്ചു പോകാതെ സൂക്ഷിച്ചു വെക്കാന്‍ ഒരിടം എന്ന രീതിയിലാണ്‌. "ഇ- ഇടം " അല്‍പ്പം കൂടി സൌകര്യപ്രദമായി തോന്നിയെങ്കിലും  പഴയവ ഇപ്പോഴും ഒരു നോട്ട്ബുക്ക് താളില്‍ തന്നെ ഉറങ്ങുന്നു. പൂര്‍ണ്ണമായി പേനയും  പേപ്പറും ഒഴിവാക്കാന്‍ സമ്മതിക്കാതെ ഇടയ്ക്കിടെ കുനുകുനെ എഴുതിയ  പേപ്പര്‍കുറിപ്പുകള്‍ ഇപ്പോഴും പിന്തുടരുന്നുമുണ്ട് .

ഇടയ്ക്കൊന്നു മാറി നിന്ന ഒന്നര വര്‍ഷക്കാലം ബ്ലോഗിനെ കുറിച്ചോ, സൈബര്‍ ലോകത്തെ കുറിച്ചോ ചിന്തിച്ചിട്ടില്ല എങ്കിലും അന്നും ചിലപ്പോഴൊക്കെ പഴയ ചില ബ്ലോഗര്‍ സുഹൃത്തുക്കളുടെ ഓര്‍മ്മപ്പെടുത്തലുകള്‍ വന്നിരുന്നു. ഇപ്പോള്‍ ഞാനേറെ കാണാന്‍ ആഗ്രഹിക്കുന്നതും അതില്‍ ഒരാളെയാണ് "പിച്ചും പേയും" എഴുതിയിരുന്ന "വായാടിയെ"!
തിരികെ ബ്ലോഗുലകത്തിലേക്ക്  വന്നപ്പോള്‍ അന്പേ മാറിപ്പോയ ഇവിടെ ഞാനെന്‍റെ പരിചയക്കാരെ ഒന്നും കണ്ടില്ലെന്നു മാത്രമല്ല പഴയ പലരും എഴുത്തിന്‍റെ പുതിയ മേഖലകളില്‍ "സ്വന്തം" പേരില്‍ എഴുതാനും തുടങ്ങിയിരുന്നു... മുഖപുസ്തക സഹായത്തോടെ ചിലരെയൊക്കെ കണ്ടെത്തി. ബ്ലോഗ്ഗര്‍മാരുടെ കൂട്ടായ്മകള്‍ തേടിപ്പിടിച്ചതാണ് ഈ രണ്ടാം വരവില്‍ എന്നെ സന്തോഷിപ്പിച്ച - സമാധാനിപ്പിച്ച  ഒരു കാര്യം.
എന്നെ വായിക്കാറുള്ള, അഭിപ്രായങ്ങള്‍ നല്ലതും ചീത്തയും തുറന്നു പറയാറുള്ള എല്ലാവരോടും ഒത്തിരി സ്നേഹം.... ഒത്തിരി നന്ദി


ഈ  വരവില്‍ ബ്ലോഗ്ഗിനെ ഇങ്ങനെ സുന്ദരമാക്കി തന്നത് വരയന്‍ ബായി റിയാസ്.T.അലി ആണ് - സ്വന്തം പേര് വെക്കണം ബ്ലോഗില്‍ എന്ന് ശഠിച്ചതും ... സൌഹൃദമേ , സ്നേഹസൌഹൃദനമസ്കാരം !
രണ്ടാം വരവില്‍ "ഞാന്‍ വന്നേ ,ഞാന്‍ വന്നേ " എന്ന് പലയിടങ്ങളിലും കൂവിയാര്‍ക്കുന്നതിനു മുന്‍പും ഇവിടെ ഇടയ്ക്കിടെ വന്നിരുന്ന കുഞ്ഞു തലയനക്കങ്ങള്‍ക്ക് -  ഓരോ പോസ്ടും വായിച്ചു അഭിപ്രായം രേഖപ്പെടുത്തിയിരുന്ന തങ്കപ്പന്‍ സര്‍, അജിത്തേട്ടന്‍, എച്ചുമുക്കുട്ടി ചേച്ചി - നിങ്ങളോട് തീര്‍ത്താല്‍ തീരാത്ത സ്നേഹം.... നന്ദി ... കടപ്പാടും :)


മറക്കാതിരിക്കാനായി മാത്രം,
സ്നേഹപൂര്‍വം ശ്യാമ  (ആര്‍ഷ )

Thursday, February 20, 2014

മഴവില്ല് വിരിയുന്ന നാട് - പാര്‍ട്ട്‌ I

കുഞ്ഞിലെ വായനയിലൂടെ പലയിടങ്ങളിലേക്ക് പോയിട്ടുണ്ട് - 1001 രാവുകളിലൂടെ അറബിനാടും, വിക്രമാദിത്യന്‍ കഥകളിലൂടെ ഉജ്ജയനിയും, കുട്ടികളും കളിതോഴരിലൂടെ റഷ്യയും, ടോട്ടോച്ചനിലൂടെ ജപ്പാനും, പിന്നെ പൊറ്റക്കാടിലൂടെ അറിയാത്ത സംസ്കാരങ്ങളും, രാജ്യങ്ങളും ഒക്കെ ..... ഒടുവില്‍ സ്വപ്നങ്ങളില്‍ ഇതിലെല്ലായിടത്തും ഞാനും പോയതായി സ്വപ്നം കാണും - പക്ഷെ ചിലവ സ്വപ്നം കാണുന്നതിനും അപ്പുറത്തായിരുന്നു - മഴവില്ല് വിരിയുന്ന ചിലയിടങ്ങള്...‍! ഏതോ ഒരു പഴയ സൂപ്പര്‍മാന്‍ ചിത്രത്തിലാണ് ആ സ്ഥലത്തിന്‍റെ മനോഹാരിത ആദ്യമായി കണ്ടത് (വാക്കുകളിലൂടെ അല്ലാതെ ). കാണാന്‍ കഴിയാത്ത ലോകാത്ഭുതങ്ങളില്‍ ഒന്ന് എന്ന് കരുതി ആ സിനിമയില്‍ അത്ഭുതപ്പെട്ട് കണ്ണും മിഴിച്ചു നോക്കിയിരുന്നു.... ഇന്ന് , സ്വപ്നം കാണാന്‍ പോലും മടിച്ചിരുന്ന അവിടേക്ക് ഞങ്ങള്‍ പോകുന്നു - മഴവില്ലുകള്‍ കാണാന്‍ - നയാഗ്രയിലേക്ക് !!! (കൌതുകം കൊണ്ട് കണ്ണ് മിഴിഞ്ഞ ഒരു കുഞ്ഞിപ്പെണ്ണിനെ എനിക്ക് തന്നെ കാണാം !! ) . അതെ നയാഗ്രയിലേക്ക് തന്നെ .





(നയാഗ്ര വെള്ളച്ചാട്ടം - observatory tower view )



ഞങ്ങളുടെ താമസ സ്ഥലത്ത് നിന്നും ഏകദേശം 12 മണിക്കൂര്‍ കാര്‍ ഡ്രൈവ് ഉണ്ട് നയാഗ്രയിലേക്ക് എത്തിപ്പെടാന്‍ . ഡ്രൈവ് ചെയ്യാന്‍ മടിയുള്ള ഭര്‍ത്താവും, അത്രയും നേരം ഒരേയിരിപ്പ് ഇരിക്കാന്‍ ഇഷ്ടമില്ലാത്ത ഞാനും , കാര്‍ സീറ്റില്‍ രണ്ടു മണിക്കൂറില്‍ കൂടുതല്‍ ഇരുന്നാല്‍ കരഞ്ഞ് അനിഷ്ടം പ്രകടിപ്പിക്കുന്ന കുഞ്ഞും  ഏതാണ്ടിതേ മാനസികാവസ്ഥയുള്ള സുഹൃത് കുടുംബവും ആദ്യമേ തന്നേ ആ ഐഡിയയെ തള്ളിക്കളഞ്ഞു. മാത്രവുമല്ല ഇത്രയും ദൂരം കാര്‍ ഡ്രൈവ് ചെയ്തു പോയിട്ട് പിന്നെ കാഴ്ച കാണാനുള്ള ഊര്‍ജ്ജം ഞങ്ങളില്‍ അവശേഷിക്കുമോ എന്ന നല്ല സംശയവും ഉണ്ടായിരുന്നു.
 വിമാനയാത്രയുടെ കാര്യം നോക്കിയപ്പോള്‍ നയാഗ്രയുടെ വീഡിയോ വീട്ടില്‍ ഇരുന്നു കണ്ടാല്‍ പോരെ എന്ന് ഭര്‍ത്താവ് ഒരു ചോദ്യം.  ഞങ്ങളുടെ ഭാഗ്യത്തിന് ചിക്കാഗോയില്‍ നിന്ന് നയാഗ്ര ഉള്‍ക്കൊള്ളുന്ന സിറ്റിയിലേക്ക്  (buffalo city - ഇതിനെ നിങ്ങള്‍ എങ്ങനെ വേണേലും വായിച്ചോളൂ ) ട്രെയിന്‍ ഉണ്ടെന്നു അന്വേഷണത്തില്‍ അറിഞ്ഞു, ചിക്കാഗോ ഞങ്ങള്‍ക്ക് ഒന്നര മണിക്കൂര്‍ ദൂരമേ ഉള്ളൂ മില്‍വാക്കിയില്‍ നിന്നും . പിന്നൊന്നും ആലോചിച്ചില്ല, "ചലോ ചിക്കാഗോ ".

(മില്‍വാകീ  ആംട്രാക്ക്  സ്റ്റേഷന്‍ )


(ചിക്കാഗോ സ്റ്റേഷന്‍ ) 

ചിക്കാഗോയില്‍ നിന്ന് ബഫാലോ സിറ്റി വരെ രാത്രി യാത്രക്ക് ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനിരിക്കുമ്പോള്‍  മനസ്സില്‍ ഒരു ലഡ്ഡു പൊട്ടിയിരുന്നു - ഇന്ത്യയിലെ തന്നെ ട്രെയിന്‍ യാത്രകളുടെ ഒരു ആരാധിക ആണ് ഞാന്‍. ഇപ്പോഴും ഏറ്റവും  ഇഷ്ടമുള്ള 2 വാഹനങ്ങള്‍ തീവണ്ടിയും ഓട്ടോ റിക്ഷയും ആണ്. നാട്ടിലെ AC കോച്ചില്‍ ഒന്ന് രണ്ടു തവണ ദൂര യാത്ര ചെയ്യാന്‍ ആയിട്ടുണ്ട് - ഗംഭീരം തന്നെ -അപ്പോള്‍ അമേരിക്കയിലെ  ട്രെയിനിലെ ദൂര  യാത്ര അതി ഗംഭീരം ആകുമല്ലോ . ആദ്യമേ തന്നെ ബര്‍ത്ത് എന്നൊരു ഓപ്ഷന്‍ ഉണ്ടോ എന്ന് നോക്കി -ഉണ്ട് ഉണ്ട്, നല്ല റൂം തന്നെയുണ്ട്. പക്ഷെ ചിലവ് നോക്കിയാല്‍ നമ്മള്‍ വിമാനത്തില്‍ പോയി വന്നു ഒരു ചായയും കൂടി കുടിച്ചാലും അതാകും ലാഭം!  ഇവിടുത്തെ ട്രെയിനൊക്കെ ഇത്രേം പത്രാസ് ഉണ്ടെന്നു ഇപ്പോഴാ മനസിലാക്കിയെ .  അങ്ങനെ അതിലെ സീറ്റ്‌ റിസര്‍വിംഗ് എന്ന സാദാ ഓപ്ഷനിലേക്ക് പോയി - കുഞ്ഞിനുള്‍പ്പെടെ  ഓരോ സീറ്റ്‌ റിസര്‍വ് ചെയ്ത് വെച്ചു. എന്നാലും  മനസിലെ പൊട്ടിയ ലഡ്ഡു പിന്നെയും മധുരിച്ചു കൊണ്ടിരുന്നു -രാത്രി യാത്രയിലെ സീറ്റ്‌ അല്ലെ, അതൊരു ബര്‍ത്ത് തന്നെയാകും .


അങ്ങനെ ആ സുദിനം വന്നെത്തി - വെള്ളിയാഴ്ച വൈകുന്നേരത്തോടെ ചിക്കാഗോ ട്രെയിന്‍ സ്റ്റേഷനില്‍ എത്തി നമുക്ക് പറഞ്ഞിരിക്കുന്ന ട്രെയിനില്‍ കയറി സീറ്റ്‌ കണ്ടു പിടിച്ചു . ലഡ്ഡു മൊത്തമായി പൊട്ടി താഴെ വീണു -നമ്മുടെ നാട്ടിലെ വോള്‍വോ ബസ്സിലെ സീറ്റ്‌ പോലെയുള്ള ഒരു പുഷ്ബാക്ക് സീറ്റ്‌ ,അതാണ് ഞാന്‍ ഇത്രയും നേരം നിര്‍ത്താതെ സ്വപ്നം കണ്ടത്. രണ്ടു കുടുംബത്തിലും ചെറിയ കുഞ്ഞുങ്ങള്‍ ഉള്ളതിനാല്‍ മുന്‍പിലെ സീറ്റ്‌ കിട്ടിയാല്‍ കൊള്ളാമെന്ന ആവശ്യം അതിലെ കൂടി പോയ ഒരു ചേച്ചി സസന്തോഷം സ്വീകരിച്ച് ഞങ്ങളെ ഏറ്റവും മുന്നിലുള്ള സീറ്റില്‍ കൊണ്ടിരുത്തി. കാലൊക്കെ നീട്ടി വെക്കാം സുഖമുണ്ട് -ഇനിയും  12 മണിക്കൂര്‍ യാത്ര ഉള്ളതല്ലേ അപ്പോള്‍ ഇങ്ങനെയൊരു സീറ്റ്‌ കിട്ടിയത് വളരെ നന്നായി എന്നോര്‍ത്ത് സഹായത്തിനു നന്ദി പറഞ്ഞു അസിസ്റ്റന്റ്‌ ചേച്ചിയെ യാത്രയാക്കി . ലഗ്ഗേജ് ഒക്കെ ഒതുക്കി കയ്യില്‍ കരുതിയ ഭക്ഷണം കഴിച്ചു എല്ലാവരും ഉറങ്ങാന്‍ വട്ടം കൂട്ടി തുടങ്ങി. കുഞ്ഞുങ്ങള്‍ രണ്ടാളും മയങ്ങി തുടങ്ങി. കൃത്യം പത്തു മണിക്ക് എല്ലാ വിളക്കുകളും അണഞ്ഞു -ഞങ്ങളുടെ സീറ്റുകളുടെ തലയ്ക്ക് മുകളില്‍ ഉള്ളത് ഒഴികെ. അത്യാവശ്യം  പ്രകാശത്തില്‍ രണ്ടു ലൈറ്റുകള്‍ മുഖത്തേക്ക് സൂം ചെയ്ത് ഇരിക്കുമ്പോള്‍ എങ്ങനെ ഉറങ്ങാന്‍? പിന്നെയും അസിസ്റ്റന്റ്‌ ചേച്ചിയെ തപ്പി പോയി. അപ്പോഴാണ് ഒരു കാര്യം മനസിലായത് നമ്മുടെ നാട്ടിലെ പോലെ തന്നെ വാതിലിനു അടുത്തുള്ള സീറ്റുകള്‍ക്ക് രാത്രി മുഴുവന്‍ ഇങ്ങനെ പ്രകാശം കിട്ടി കൊണ്ടിരിക്കും! ഇനി സീറ്റ്‌ മാറാന്‍ ഓപ്ഷനും ഇല്ല.  കയ്യില്‍ കരുതിയ ചെറിയ ഷാളും , ബ്ലാങ്കറ്റും ഒക്കെ  കണ്ണിലേക്ക് ഇട്ട് ഉറങ്ങാനുള്ള ശ്രമം തുടങ്ങി എല്ലാവരും.

(ട്രെയിനുള്‍ വശം - മോഡലുകള്‍ എന്‍റെ ഭര്‍ത്താവും,മകനും) 

ഉറക്കത്തിന്‍റെ ഹാങ്ങ്‌ ഓവറില്‍ തന്നെ എല്ലാവരും  നേരം വെളുക്കുന്നത് കണ്ടു. എല്ലാ സീറ്റിനു മുകളിലും ഓരോ പേപ്പര്‍ ഒട്ടിച്ചിട്ടുണ്ട് -അത് നമുക്ക് ഇറങ്ങാനുള്ള സ്ഥലപ്പേരാണ്. നമ്മുടെ സ്റ്റേഷന്‍ എത്തുന്നതിനു മുന്പ് ട്രെയിന്‍ അസിസ്റ്റന്റ്‌സ് വന്നു പറയും അടുത്തത് നമ്മുടെ സ്ഥലം ആണെന്ന്. വെളിച്ചം വീണപ്പോള്‍ ആണ് ട്രെയിനിലെ മറ്റു യാത്രക്കാരെ നോക്കിയത്. ലോങ്ങ്‌ വീകെണ്ട് ആയത് കൊണ്ടാകാം ഞങ്ങളെ പോലെ നയാഗ്ര കാണാനിറങ്ങിയ ഇന്ത്യക്കാരാണ് കൂടുതലും . ട്രെയിനിലെ തന്നെ കഫേറ്റെരിയയില് നിന്നും പ്രാതല്‍ കഴിച്ച് തിരികെ എത്തിയപ്പോള്‍ അസിസ്റ്റന്റ്‌ അറിയിപ്പുമായി എത്തി , അടുത്തതു നിങ്ങളുടെ സ്ഥലം ആണ്.  ലഗ്ഗേജ് ഒക്കെ ഒതുക്കി ഞങ്ങള്‍ റെഡി ആയിരുന്നു - നയാഗ്രാ, ഇതാ ഞങ്ങള്‍ വരുന്നു !
ഇറങ്ങുമ്പോഴേ കണ്ണില്‍ പെടുന്നത് buffalo, NY എന്നെഴുതിയ ബോര്‍ഡ് ആണ്. നമ്മുടെ നാട്ടിലെ ഒരു ചെറിയ സ്റ്റേഷന്‍ - അത്രേയുള്ളൂ ഈ സ്ഥലവും.


(buffalo station)

 അടുത്ത് ഇത്രയും വലിയൊരു ടൂറിസ്റ്റ് സ്പോട്ട് ഉണ്ടെന്ന ഒരു അഹങ്കാരവും ഇല്ലാത്ത ഒരു സ്റ്റേഷന്‍ !  ഇവിടെ അടുത്ത് തന്നെയുള്ള ഹോട്ടലിലാണ് മുറി എടുത്തിരിക്കുന്നത്. അവിടെ വരെ പോകാന്‍ ഒരു ടാക്സിക്കുള്ള ശ്രമം തുടങ്ങി , അപ്പോള്‍ പിന്നെയും നമ്മുടെ നാട് ഓര്‍മ്മ വന്നു കാരണം കുറഞ്ഞ ദൂരത്തിലെക്കുള്ള യാത്രക്ക് വരാന്‍ സ്റ്റേഷന്‍ പരിസരത്തുള്ള ആര്‍ക്കും വലിയ താല്പര്യം ഇല്ല! ന്യുയോര്‍ക്ക്‌ ടാക്സികളുടെ നഗരം എന്നാണ് അറിയപ്പെടുന്നത് തന്നെ - എന്നിട്ടും ഞങ്ങള്‍ക്ക് ഹോട്ടലില്‍ വിളിച്ച് അവരുമായി ലിങ്ക് ഉള്ള ടാക്സി ഡ്രൈവറെ വരുത്തേണ്ടി വന്നു.  സാധനങ്ങള്‍ എല്ലാം കയറ്റി ഹോട്ടലിലേക്ക് -പ്ലാന്‍ ഒന്ന് ഫ്രഷ് ആയിട്ട് വെള്ളച്ചാട്ടത്തിനു അടുത്തേക്ക് പോകുക എന്നതായിരുന്നു. പക്ഷെ, സംസാര മദ്ധ്യേ ഡ്രൈവര്‍ അദ്ദേഹത്തിന്‍റെ അടുത്ത ട്രിപ്പ്‌ നയാഗ്രയ്ക്ക് അടുത്ത് നിന്നാണ് , വേറെ ടാക്സി പിടിക്കുന്നതിനെക്കാള്‍ ലാഭത്തില്‍ ഞങ്ങളെ അവിടെ എത്തിച്ചു തരാം  പത്തു മിനിറ്റില്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങണം എന്ന് കേട്ടപ്പോള്‍ , ഒരു ടാക്സി പിടിച്ചതിന്‍റെ ഓര്‍മ്മ ഉള്ളത് കൊണ്ട് വേഗം അതിനു തല കുലുക്കി.

പക്ഷെ, നമ്മുടെ വര്‍ഗ സ്വഭാവം മാറില്ലല്ലോ ... കുഞ്ഞുങ്ങളെ രണ്ടാളെയും ഫ്രഷ്‌ ആക്കി എടുത്തപ്പോള്‍ തന്നെ പറഞ്ഞ പത്തു മിനിട്ടിന്‍റെ കൂടെ പിന്നൊരു പത്തു മിനിട്ടും കൂടി ആയി. ഓടിച്ചാടി വണ്ടിക്ക് അടുത്തെത്തി ഡ്രൈവറുടെ മുഖം കാണുമ്പോഴേ മനസിലായി കക്ഷി മനസില്‍ കരുതിയത് "ദിസ്‌ ബ്ലഡി ഇന്ത്യന്‍സ് " എന്നാണെന്ന്. അക്ഷമനായ ഡ്രൈവറോട് ക്ഷമ പറഞ്ഞു ഞങ്ങള്‍ നയാഗ്രയിലേക്ക് യാത്ര തുടങ്ങി.

Thursday, January 23, 2014

ആര്‍ക്കെങ്കിലും ഒന്ന് പറയാമോ !

ചില സ്വപ്നങ്ങള്‍ അങ്ങനെയാണ് - ദു:സ്വപ്നങ്ങള്‍ !!


എത്ര തവണ 'അര്‍ജുനന്‍ ഫല്‍ഗുനന്‍ ' ജപിച്ചാലും ,
എങ്ങനെയൊക്കെ കണ്ണുകള്‍ ഇറുക്കി അടച്ചാലും
 വീണ്ടും വീണ്ടും ഉറക്കത്തിന്‍റെ ഉള്ളറകളില്‍ നിന്ന്
ഉണര്‍ത്താതെ ഉറക്കാതെ കടന്നെത്തുന്നു ദു:സ്വപ്നങ്ങള്‍


എന്‍റെ ദുര്‍ബലമായ എതിര്‍‍പ്പുകളെയൊക്കെ
ഒഴുകിയ   വെള്ളപ്പാട് പോലെ തുടച്ചുമാറ്റി ,
കൃത്യമായും വ്യക്തമായും ശക്തമായും എന്തിനാണ്
എന്‍റെ ദുസ്വപ്നമേ നീയെന്നിലേക്ക് വീണ്ടും വരുന്നത്!!!


ചില മനുഷ്യരും അങ്ങനെയാണ് -
ഭൂതകാലത്തിന്‍റെ ഏതോ ഇടനാഴിയില്‍
ഞാനൊഴുക്കി വിട്ട ചില മനുഷ്യര്‍
വേണ്ടാത്തവര്‍, മിണ്ടാത്തവര്‍ , കാണാത്തവര്‍  !


ഇടവഴികള്‍ പലത് മാറിക്കടന്നു പോയിട്ടും
പുതിയ പാതകള്‍ ഞാന്‍  വെട്ടിയെടുത്തിട്ടും
എവിടെ നിന്നാണ് നിങ്ങള്‍ ഈയാംപാറ്റകളെ പോലെ
വീണ്ടും വീണ്ടും എന്നിലെക്കെത്തുന്നത് !


പുതിയ മലയുടെ അടിവാരത്ത് എനിക്ക് മാത്രമറിയുന്ന
ഒരു തുരങ്കം - അതെങ്ങനെ നിങ്ങള്‍ കണ്ടു മനുഷ്യരേ ??!!


മൂന്നടി വെച്ച് മാറി നില്‍ക്കാന്‍
ഏത് ഭൂലോകം കടമെടുക്കും ?
ഏത് പാതാളം അളന്നെടുക്കും  ?
ഏത് സ്വര്‍ഗ്ഗ വാതില്‍ കടക്കും ?


നിഴല്‍പ്പാവകളെ പോലെ നിങ്ങള്‍
ഇല്ലാ വെളിച്ചത്തില്‍ ചൊല്ലാക്കഥകളില്‍
ഞാനറിയാതെ ആഗ്രഹിക്കാതെ
എന്തിനെന്നിലേക്ക് വീണ്ടും വരുന്നു!!


ചില മനുഷ്യര്‍ അങ്ങനെയാണ് - അതിരുകള്‍ തുളച്ച്,
എത്ര വട്ടം നിരാകരിച്ചാലും പിന്നെയും എത്തും
ഓര്‍മ്മകളായി - വാര്‍ത്തകളായി - കളഞ്ഞ
കാലത്ത് നിന്നുള്ള പ്രതിധ്വനികളായി


  ചെവികളില്ലാതെ, മുഖങ്ങളില്ലാതെ, ശബ്ദം മാത്രമായി ചിലര്‍  
  എനിക്കിവരെ വേണ്ടെന്ന് ആര്‍ക്കെങ്കിലും പറയാമോ??!!!

Tuesday, January 14, 2014

ഒരു ചായ

അടുക്കള തളത്തില്‍ ഇരിപ്പുണ്ട് ഒരു ചായ
ആറിത്തണുത്ത് അനാഥമായി !


'അമ്മേ പാല' കൊഞ്ചലിനൊപ്പം ,
'എടിയേ ഷര്‍ട്ട്‌ ' എന്നൊരു വിളിയ്ക്കൊപ്പം ,
'ശ്ശ്ശ്സ് ' എന്ന് നീട്ടിയൊരു വിസിലിനൊപ്പം ,
'ആയിലെ ദോശ' ചോദ്യങ്ങള്‍ക്കൊപ്പം ,
'ഞങ്ങളെ എപ്പോഴാ കീറി മുറിക്കുവാ '
സാമ്പാര്‍ കഷ്ണചിണുങ്ങലിനൊപ്പം ,
ദൂരെ നിന്ന് നീട്ടിയടിക്കുന്നൊരു സ്കൂള്‍
ബസിന്‍റെ 'നേരം നേരം പോയ്‌' ഹോണിനൊപ്പം,


തളത്തില്‍ കാത്തു കാത്തിരിപ്പുണ്ട്
അമ്മയുടെ ആദ്യമൊഴിച്ച ചായ!