Sunday, October 14, 2018

ഓര്‍ത്തുവെക്കാന്‍ പത്ത് കല്‍പ്പനകള്‍

കണ്ടും കേട്ടും അനുഭവിച്ചും ഞാന്‍ മനസിലാക്കിക്കൊണ്ടിരിക്കുന്ന പേരെന്റിംഗിനെക്കുറിച്ചാണ് എപ്പോഴും ഇവിടെ പറയാറുള്ളത്. ഏഴും രണ്ടും വയസുള്ള മക്കള്‍ ഓരോര ദിവസവും ഓരോ കാര്യം ഓരോ രീതിയില്‍ പഠിപ്പിക്കാറുമുണ്ട്. ഓരോ കുട്ടിയും ഓരോ രീതിയില്‍ വ്യത്യസ്തര്‍ ആയിരിക്കുമ്പോള്‍ തന്നെ എല്ലാ കുഞ്ഞുങ്ങള്‍ക്കും പൊതുവായി ഉള്ള ചില കാര്യങ്ങള്‍ ഇവരോട് ഇടപഴകുമ്പോള്‍ തോന്നുകയും ചെയ്യും. ഇടയ്ക്കിടെ കുഞ്ഞുങ്ങളുടെ സൈക്കോളജി കൈകാര്യം ചെയ്യുന്നവരോട് സംസാരിക്കുമ്പോള്‍ ഈക്കാര്യം അവര്‍ പറയാറുമുണ്ട്. എന്തുകൊണ്ടോ മറ്റുള്ളവരുടെ കുഞ്ഞുങ്ങളെ മനസിലാക്കുംപോലെ നമ്മള്‍ നമ്മുടെ കുട്ടികളെ മനസിലാക്കാന്‍ ശ്രമിക്കാറില്ല എന്ന് തോന്നുന്നു. സ്വന്തം കുട്ടി ചെയ്യുന്ന കുഞ്ഞുകുറുമ്പിന് പോലും നാഗവല്ലി മോഡിലേക്ക് ആകുന്ന അമ്മമാരെയും  (ഞാനുള്‍പ്പെടെ ഉള്ള അമ്മമാര്‍!) ചാക്കോ മാഷുമാരാകുന്ന അച്ഛന്മാരേയും കാണാറുണ്ട് . എന്നാല്‍ അതെ കാര്യം മറ്റൊരു കുട്ടി ചെയ്യുമ്പോള്‍ പറഞ്ഞു തിരുത്താനോ, സാഹചര്യത്തിന് അനുസരിച്ച് കൊഞ്ചിക്കാനോ, ആ ചെയ്ത കാര്യത്തിനെ വാത്സല്യത്തോടെ ആസ്വദിക്കാനോ പലപ്പോഴും അവര്‍ തയ്യാറാകുകയും ചെയ്യും. ഇതിന് പുറകില്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ടാകാം - എന്നാല്‍ ഏറ്റവും പ്രധാനം എന്‍റെ കുട്ടി അങ്ങനെ ചെയ്യില്ല എന്നോ / എന്‍റെ കുട്ടി അങ്ങനെ ചെയ്യാന്‍ പാടില്ല എന്നോ രക്ഷിതാക്കളില്‍ ഉറച്ചുപോകുന്ന ഒരു വിചാരമാണ്. കുട്ടി എന്നത് ഒരു വ്യക്തി ആണെന്നും  അവര്‍ക്ക് അവരുടേതായ സ്വഭാവ സവിശേഷതകള്‍ ഉണ്ടെന്നും മനസിലാക്കാത്തിടത്തോളം കാലം കുട്ടികളെ അംഗീകരിക്കാന്‍ നമുക്ക് ബുദ്ധിമുട്ട് തോന്നാം. ഇത്തവണത്തെ നമ്മുടെ പത്തു കല്‍പ്പനകള്‍ കുട്ടികളുടെ മനശാസ്ത്രം പഠിച്ചവരില്‍ നിന്നുള്ള ചില 'ടിപ്സ് and ട്രിക്ക്സ് ' ആണ് - ഏഴുവയസുകാരനെ കൂടെ നടത്താന്‍ ഞാന്‍ കുഴങ്ങിയ ചില കാര്യങ്ങള്‍ക്ക് എനിക്ക് സഹായം കിട്ടിയത് ഇതില്‍ നിന്നാണ്.  ഒരുപക്ഷേ, ഇതുവായിക്കുന്നവരില്‍ ഒരാള്‍ക്ക് ഈ പത്തു കാര്യങ്ങളിലൊന്ന് ആശ്വാസമായിത്തോന്നിയാലോ എന്ന ചിന്തയില്‍ പങ്കുവെക്കുന്നു.

1. Its O.K for a child to be mad at you - കുഞ്ഞുങ്ങള്‍ക്കും  നാഗവല്ലി / ചാക്കോമാഷ് ആകാം: 

ഇത് വായിച്ചപ്പോള്‍ ഉള്ളൊന്നു കാളിയില്ലേ ?? എനിക്കറിയാം - കാരണം നമുക്ക് ആ കാര്യം സങ്കല്‍പ്പിക്കാന്‍ കുറച്ചു പ്രയാസമാണ്. മക്കള്‍ എത്ര ചെറിയവരോ വലിയവരോ ആകട്ടെ നമ്മളെ വഴക്ക് പറയുന്ന, നമ്മളോട് ദേഷ്യപ്പെടുന്ന അവസ്ഥ ചിന്തിക്കാന്‍ തന്നെ വിഷമമാണ് അല്ലേ. പക്ഷേ, കുഞ്ഞുങ്ങള്‍ വ്യക്തികള്‍ ആണെന്ന് മനസിലാക്കാനുള്ള ഏറ്റവും നല്ല വഴി അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ സമ്മതിക്കുക എന്നതാണ്. നമുക്ക് അവരെ വഴക്ക് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ അവര്‍ക്ക് നമ്മളോടും അതേ വികാരം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടെന്നുള്ള ഒരു ബോധം കുട്ടികളില്‍ ഉണ്ടാകുന്നത് അവരില്‍ക്കൂടുതല്‍ EQ ഉണ്ടാകാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. തോല്‍ക്കാന്‍ പഠിപ്പിക്കുന്നതും, ദേഷ്യവും നിരാശയും കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതും ഒക്കെ മുന്നോട്ടുള്ള പരിശീലനങ്ങളാകാം. ജീവിതത്തിലെ കയറ്റവും ഇറക്കവും മനസ്സിലാക്കാന്‍ കുട്ടികളെ പ്രാപ്തരാക്കാന്‍ ഈ തിരിച്ചറിവുകള്‍ക്കാകും. 

2.  കുട്ടികളെ ബഹുമാനിക്കാം - Give Respect, Take Respect:

കുഞ്ഞുങ്ങളെ സ്നേഹിക്കുന്നതിനൊപ്പം തന്നെ ചെയ്യാവുന്ന കാര്യമാണ് അവര്‍ക്ക് ബഹുമാനം കൊടുക്കുക എന്നുള്ളത്. കുറ്റങ്ങളും കുറവും പറഞ്ഞു കളിയാക്കുക, അടിക്കുക തുടങ്ങിയ  പ്രവര്‍ത്തികള്‍ ചെയ്താല്‍ ഗുണത്തെക്കാള്‍ ദോഷമാണ് ചെയ്യുക. കുട്ടികള്‍ എല്ലാക്കാര്യവും അനുകരിക്കാന്‍ ഇഷ്ടമുള്ളവരാണ്. കാണുന്നതെന്തും മറ്റുള്ളവരില്‍ പരീക്ഷിച്ചു നോക്കാനുള്ള പ്രവണത ഉള്ളവര്‍. മറ്റു കുട്ടികളെ അടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന കുഞ്ഞുങ്ങളെ ശ്രദ്ധിച്ചാല്‍ അവര്‍ക്ക് പങ്കുവയ്ക്കാന്‍ അടിയുടെ കഥകള്‍ ഉണ്ടാകാം. അച്ഛനും അമ്മയ്ക്കും ദേഷ്യം  വരാന്‍ പാടില്ല എന്നല്ല, അങ്ങനെ വരുന്ന സന്ദര്‍ഭത്തില്‍ ഒന്ന് മാറിനിന്നു തിരിച്ചുവരുന്നത് കൂടുതല്‍ തെളിഞ്ഞ ചിന്തയോടെ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായിച്ചേക്കും.  ഇങ്ങനെയൊക്കെ പറയുമെങ്കിലും മിക്കപ്പോഴും അത് സാധിക്കാറില്ല എന്നുള്ള എന്നെപ്പോലെയുള്ളവര്‍ക്ക് ആ പൊട്ടിത്തെറി കഴിഞ്ഞു കുഞ്ഞുങ്ങളോട് സ്വന്തം ദൌര്‍ബല്യം തുറന്നു പറയുക എന്നതാണ് ചെയ്യാവുന്ന പ്രതിവിധി! 

3. ഫലപ്രദമായ നിര്‍ദ്ദേശങ്ങള്‍ -  Effective  Instructions: 

കുട്ടികളോട് നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന അമ്മയോ അച്ഛനോ ആണോ നിങ്ങള്‍? എങ്കില്‍ അറിയാതെ എങ്കിലും നിങ്ങളെ അവഗണിക്കാന്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്. നിര്‍ദേശങ്ങള്‍ കൊടുത്തിട്ട് കുഞ്ഞുങ്ങള്‍ക്ക് പ്രതികരിക്കാന്‍ ഉള്ള സമയം കൊടുക്കുക എന്നതാണ് കൂടുതല്‍ ഫലപ്രദമായ രീതി. 

4. പ്രതീക്ഷിക്കാവുന്ന അനന്തരഫലങ്ങള്‍ക്ക് പ്രാപ്തരാക്കുക - Natural Consequences :

വളരെയധികം ശ്രമകരവും എന്നാല്‍ നടപ്പിലാക്കിയാല്‍ ഫലപ്രദവുമായ ഒരു നിര്‍ദേശമാണ് ഇത്. പക്ഷേ ഒരിക്കല്‍ അനുഭവം ഉണ്ടായാല്‍ അതൊരു ജീവിതകാലത്തേക്ക് കുട്ടികള്‍ കൂടെ കൂട്ടുകയും ചെയ്യും. പലപ്പോഴും 'അരുതു'കള്‍ കൊണ്ട് വിലക്കിട്ടാണ് കുഞ്ഞുങ്ങള്‍ വളരുക. അപകടകരമല്ലാത്ത അതിരുകളെ  അവര്‍ ചെയ്തു പഠിച്ചാല്‍, പ്രതിസന്ധികളെ തരണം ചെയ്യാനുള്ള സ്വാഭാവിക കഴിവ് വന്നുചെരുമെന്നു പഠനങ്ങള്‍ പറയുന്നു.  മുറി ക്ലീന്‍ ചെയ്തില്ലെങ്കില്‍ വീഡിയോ ഗെയിം തരില്ല എന്ന് പറയുന്നതിന് പകരം, ക്ലീന്‍ അല്ലാത്ത റൂമിലെ ബുദ്ധിമുട്ടുകള്‍ മകനെ /മകളെ പ്രായോഗികതലത്തില്‍ അറിയിച്ചു കൊടുക്കുന്നത് അടുത്ത തവണ മുറി വൃത്തിയാക്കാന്‍ കൂടുതല്‍ ഫലപ്രദം ആകുമെന്ന് സാരം. 

5. ഉത്തരങ്ങള്‍/പ്രതിവിധികള്‍  ഒരുമിച്ചു കണ്ടെത്തുക - Solve it together  : 

പലപ്പോഴും പ്രശ്നക്കാരന്‍/ പ്രശ്നക്കാരി ആയിട്ടുള്ള ഒരു കുഞ്ഞിനു പുറകില്‍ അതിലേക്കെത്തിക്കുന്ന ഒന്നോ അതില്‍ കൂടുതലോ കാരണങ്ങള്‍ ഉണ്ടാകാം. കുട്ടിയല്ല പ്രശ്നമെന്നും , കുട്ടിക്ക് പറയാനുള്ളതാണ് പ്രശ്നകാരണം എന്നും അത്  എന്താണെന്നും കണ്ടുപിടിച്ചാല്‍ മിക്കപ്പോഴും പ്രതിവിധി മുന്നില്‍ തന്നെയുണ്ടാകും. മാത്രവുമല്ല ഒരുമിച്ചു സംസാരിച്ചു പരിഹരിക്കുന്നതിലൂടെ പലപ്പോഴും മാതാപിതാക്കളിലുള്ള വിശ്വാസവും വര്‍ദ്ധിക്കുന്നു. കുഴപ്പങ്ങളില്‍ ചെന്ന് ചാടിയാലും പരിഹാരം കണ്ടെത്താന്‍ ഉള്ള ഒരു സപ്പോര്‍ട്ട് സിസ്റ്റം കൂടെയുണ്ടെന്നത് ആത്മവിശ്വാസമുള്ള ഒരു തലമുറയെ വളര്‍ന്നുവരാന്‍ സഹായിക്കും. 

6. പുകഴ്ത്താന്‍ മടിക്കരുത് : 

ഇന്നത്തെ തലമുറയിലെ മിക്ക മാതാപിതാക്കളും മക്കളെ പുകഴ്ത്തുന്നതില്‍ പിശുക്ക് കാണിക്കാത്തവരാണ്. അധികമായാല്‍ അമൃതും വിഷമാണെന്ന രീതിയില്‍ പോകാതെ ശ്രദ്ധിക്കണം എന്നുളളത് ഒഴിച്ചാല്‍ നല്ല വാക്കുകള്‍ കുഞ്ഞുങ്ങളെ വളരെയധികം സന്തോഷിപ്പിക്കും. മറ്റുള്ളവര്‍ക്ക് മുന്‍പില്‍  വെച്ച് കുട്ടികളുടെ കുറ്റങ്ങള്‍ പറയരുത് എന്നുളളത് ഒരു അലിഖിതനിയമം ആക്കുന്നതോടൊപ്പം അര്‍ഹിക്കുന്ന അഭിനന്ദനങ്ങള്‍ അവര്‍ക്ക് നല്കാന്‍ മടിക്കരുത് എന്നും ഒരു നിയമമാക്കുക.

7. അച്ചടക്കം എന്നത് ഒരു ശീലമാകണം : 

പലപ്പോഴും പല കുടുംബങ്ങളിലും അവരുടേതായ രീതിയിലാകും അച്ചടക്ക നടപടികള്‍ പിന്തുടരുക. നിങ്ങളുടെ കുടുംബത്തിനു യോജിച്ച രീതിയില്‍ ഏത് നിയമങ്ങളും കുട്ടികള്‍ക്ക് /നിങ്ങള്‍ക്കും തിരഞ്ഞെടുക്കാം. പക്ഷേ, എന്തും സ്ഥിരമായ രീതിയില്‍ ആകണം. ഒരേ കുറ്റത്തിന് രണ്ടു രീതിയില്‍ പ്രതികരിക്കുന്നത് കുഞ്ഞുങ്ങളെ വളരെയധികം ചിന്താകുഴപ്പത്തില്‍ ആക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. 

8. വികൃതിക്കുട്ടികളെ ശ്രദ്ധിക്കാം : 

പലപ്പോഴും കുട്ടികള്‍ വികൃതി കാണിക്കുകയോ കുസൃതി കാണിക്കുകയോ ചെയ്യുന്നത് അച്ഛനമ്മമാരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ആകും. കുസൃതി കാണിക്കുന്ന കുട്ടിയെ വഴക്കു പറയുന്ന അച്ഛനമ്മമാരോട് പറയാനുള്ളത്, അവര്‍  അവരെ ശ്രദ്ധിക്കൂ എന്ന് ഏറ്റവും മനോഹരമായി നിങ്ങളോട് പറയുകയാണ് ഓരോ കുബുദ്ധികളിലൂടെ. താഴെയിട്ടു പൊട്ടിക്കുന്ന പൂച്ചട്ടി മുതല്‍ അടുത്തിരിക്കുന്ന കുട്ടിയെ മാന്തുന്നത് വരെ - അവര്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. അവരെ കേട്ടുനോക്കൂ, കൂടുതല്‍ മനസിലാക്കാനാകും.

9. നിയമങ്ങള്‍ ശിക്ഷാനടപടികള്‍ ആകരുത്, ജീവിത ശീലങ്ങള്‍ ആകണം - 

ഒരിക്കലും കുട്ടികളെ ശിക്ഷിക്കാന്‍ വേണ്ടി അച്ചടക്കം പഠിപ്പിക്കരുത്.  ജീവിതത്തിലേക്കുള്ള നല്ല പാഠങ്ങള്‍ ശീലമാക്കാന്‍ വേണ്ടിയാകാം ഏതു രീതിയിലുള്ള നിയമവും കുട്ടികളോട് പറയുന്നത്.  ശിക്ഷയായി അടിച്ചേല്‍പ്പിക്കപ്പെടുന്ന നല്ല ശീലങ്ങള്‍ പൊതുവേ കുട്ടികളെ റിബല്‍ ആക്കുകയും ആ ശീലങ്ങളെ ധിക്കരിച്ചു കാണിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

10. തന്നോളമായാല്‍ താനെന്ന് വിളിക്കാം - 

അടക്കയായാല്‍ മടിയില്‍ വെക്കാമെന്നും അടക്കമരമായാല്‍ അതിനു നിര്‍വാഹമില്ല എന്നും പണ്ടുള്ളവര്‍ പറഞ്ഞുകേട്ടത് തന്നെയാണ് ഈ പറച്ചില്‍. കൌമാരക്കാരെ കേള്‍ക്കാം, അവരുടെ വാക്കുകള്‍ക്ക്/ അഭിപ്രായങ്ങള്‍ക്ക്  അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കാം. 18 വയസാകുന്ന കുട്ടിക്ക് വോട്ടവകാശം മാത്രമല്ല കിട്ടുന്നത്  ഉത്തരവാദിത്തങ്ങളും അവകാശങ്ങളും അച്ഛനമ്മമാരോടുള്ള അടുപ്പവും ഒക്കെ തീരുമാനിക്കപ്പെടുന്ന കാലമാണ് അത്. വീട്ടില്‍ നിന്ന് കിട്ടുന്ന അംഗീകാരം എപ്പോഴും കുട്ടികളെ കൂടുതല്‍ ഉത്തരവാദിത്തമുള്ള പൌരന്മാര്‍ ആകാന്‍ സഹായിക്കും. 

 ഈ പത്തു കല്‍പ്പനകള്‍ അനുസരിച്ച് ജീവിക്കാന്‍ പറ്റണമെന്നില്ല, പറ്റായ്കയുമില്ല. ഈ പറഞ്ഞവയെല്ലാം എല്ലാ കുട്ടികള്‍ക്കും, അച്ഛനമ്മമാര്‍ക്കും ബാധകം ആകണമെന്നുമില്ല.എങ്കിലും ഏതെങ്കിലും വഴിത്തിരിവുകളില്‍ ഇതില്‍ ഏതെങ്കിലും ഒന്ന് നമ്മുടെ രക്ഷയ്ക്ക് എത്താം. 

(വിവരങ്ങള്‍ക്ക് കടപ്പാട് :  Research conducted by VeryWellFamily Organization)


(Published in Ourkids - 2018July Edition) 


Sunday, September 16, 2018

സന്തോഷത്തിന്‍റെ ചെക്ക്ബോക്സുകള്‍

എപ്പോഴത്തെയും പോലെ എന്‍റെ ചോദ്യോത്തരചിന്താശകലങ്ങള്‍ ഒക്കെയും മൂത്ത മകനുമായി ബന്ധപ്പെട്ടുകിടക്കുന്നു. അടുത്തിടെ ആശാനുമായി ഉണ്ടായ രസകരമായ ഒരു ചര്‍ച്ചയാണ് നമ്മുടെ ഇത്തവണത്തെ ടോപ്പിക്.
എങ്ങനെയെങ്കിലും ഒന്ന് വലുതായാല്‍ മതിയെന്നു ചിന്തിച്ചിരുന്ന  ബാല്യകാലത്തില്‍ നിന്ന് വലുതായിക്കഴിഞ്ഞപ്പോള്‍ മനസിലായ ഏറ്റവും പ്രധാനകാര്യം വലുതാവുംതോറും സമയം കുറഞ്ഞുകൊണ്ടേ ഇരിക്കും എന്നാണ്. അങ്ങനെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് തിരക്കിട്ടോടുന്ന എല്ലാ അച്ഛനമ്മമാരും കടന്നുപോകുന്ന സാഹചര്യങ്ങളിലൂടെ ഞങ്ങളും കഴിഞ്ഞ രണ്ടുമാസമായി ഓടിയോടിക്കടന്നു പോകുന്നു. ജോലി മാറ്റം, വീട് മാറ്റം, നാട്ടില്‍ നിന്ന് എത്തിയ കൂട്ടക്കാര്‍ അങ്ങനെ മൊത്തത്തില്‍ ജഗപൊഗാന്നു പോകുന്നതിനിടയില്‍ സ്വാഭാവികമായും കുഞ്ഞുങ്ങളോടൊപ്പം ചിലവഴിക്കുന്ന സമയം കുറയുന്നതായി തോന്നിയപ്പോള്‍ മനപൂര്‍വം സൃഷ്ടിച്ചതാണ് ഇടയ്ക്കിടെ ചെക്കനെ പിടിച്ചിരുത്തി ചുമ്മാ ചോദ്യം ചോദിക്കല്‍. രാവിലെ സമ്മര്‍ ക്യാമ്പിലേക്ക് വിടുന്ന വഴിയിലോ, വൈകുന്നേരം  വീട്ടിലേക്കുള്ള തിരിച്ചു വരവിലോ അതുമല്ലെങ്കില്‍ ഒരു അടിപിടി സെഷന്‍ കഴിഞ്ഞതിനു ശേഷമോ ഒക്കെയാകും ആ ചര്‍ച്ചാവേദി.

അങ്ങനെയൊരു ദിവസം, തലേന്നത്തെ രാത്രിയിലെ  'mom-handling' അത്ര ശരിയായില്ല എന്നെനിക്ക് തന്നെ തോന്നിയതിനാല്‍ നാഗവല്ലിയില്‍ നിന്നും പഴയ ഗംഗയായി കുഞ്ഞനോട് സംസാരിക്കുകയായിരുന്നു ഞാന്‍.  ഇടയ്ക്കിടെ ആശാനെ ഓര്‍മ്മിപ്പിക്കാറുള്ളത് പോലെ വഴക്ക് പറയുന്ന സമയത്തും  അമ്മയ്ക്കും അച്ഛനും മോനേ ഒത്തിരി ഇഷ്ടമാണ് എന്ന തിയറി പല രൂപത്തില്‍ പറഞ്ഞുകൊടുത്തുകൊണ്ടിരിക്കുന്നു , ഇപ്പോഴത്തെ ഏഴുവയസുകാരന്‍റെ  തിയറി അനുസരിച്ച് സ്നേഹമുള്ളവര്‍ വഴക്ക് പറയില്ല, സ്നേഹം തോന്നാത്ത സമയത്താണ് അച്ഛനുമമ്മയും അവനെ വഴക്കു പറയുകയോ , ടൈം ഔട്ട്‌ പോലുള്ള പണിഷ്മെന്റ് കൊടുക്കുയോ ചെയ്യുന്നത്. ഒരുതരത്തില്‍ ചിന്തിച്ചാല്‍ അത് ശരിയുമാണ്‌, സ്നേഹത്തിനെക്കാള്‍ അവരോടൊ മറ്റാരോടെങ്കിലുമോ ഉള്ള ദേഷ്യം അല്ലെങ്കില്‍ നമ്മുടെ വാശി അല്ലെങ്കില്‍ ഈഗോ മുകളിലെത്തുമ്പോള്‍ ആണല്ലോ മിക്കപ്പോഴും കുഞ്ഞുങ്ങള്‍ക്ക് വഴക്ക്, അടി, ഇടി, ശിക്ഷാനടപടി ഒക്കെ ഉണ്ടാകാറുള്ളത്.  അപ്പോള്‍ പൂര്‍ണമായും ആ വാദഗതി തള്ളാനും കഴിയില്ല. എന്നാല്‍ അതിനെ മൊത്തമായും അംഗീകരിക്കാനും വയ്യ. അങ്ങനെ അതിന് രണ്ടിനുമിടയില്‍ ഉള്ള ഒരു നൂല്‍പ്പാലത്തിലൂടെ ആടിയാടി ഞങ്ങളിങ്ങനെ പോകുവാന്നെ.

വഴക്ക് പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ ചേര്‍ത്തുപിടിക്കുന്നത് കുതറിച്ചുവിട്ടു പോകലും, കൊടുക്കുന്ന ഉമ്മയൊക്കെ കയ്യിലെടുത്ത് ദൂരേക്ക് എറിഞ്ഞു കളയലുമൊക്കെ പതിവാണിവിടെ. എന്നാലും പിന്നാലെ കൂടും ആ മൂഡോക്കെ ഒന്ന് മാറി ആള് നല്ല ഉഷാറാകാന്‍ പിന്നാലെ കൂടല്‍ തന്നെയാണ് നല്ല വഴി എന്ന് മനസിലാക്കിയതുകൊണ്ട്. ചൂടുപിടിച്ചു നില്‍ക്കുന്ന അന്തരീക്ഷം ഒന്ന് തണുപ്പിക്കാന്‍ രാവിലെ തന്നെ ആശാനെ ചേര്‍ത്തുപിടിച്ചു കൊഞ്ചിക്കല്‍ പ്രക്രിയ  തുടങ്ങി. കുതറിമാറാന്‍ ആവുന്നത്ര ശ്രമിക്കുന്നതിനിടയില്‍ പിടിച്ചിരുത്താനായി അമ്മക്കൊരു സ്വകാര്യം പറയാനുണ്ട് ആരോടും പറയരുത് എന്ന് പറഞ്ഞപ്പോഴേക്കും 'ക്യുരിയസ്' ആയിട്ടെത്തിക്കഴിഞ്ഞു. എന്താണ് അമ്മക്ക് പറയാനുള്ള സ്വകാര്യം എന്ന ഭാവത്തില്‍. താത്വിക് എന്ന പേരുകാരനെ വീട്ടില്‍ വിളിക്കുന്നത് താച്ചു എന്നാണ് , സമയവും സന്ദര്‍ഭവും അനുസരിച്ച് അത് 'എടാ താച്ചു'വും, താച്ചപ്പനും താച്ചുണ്ണിയുമൊക്കെ ആകും.

എന്‍റെ ചോദ്യം :  'താച്ചൂനറിയോ ആര്‍ക്കാ താച്ചൂനെ ഏറ്റവും ഇഷ്ടമെന്ന് ?' (മനസ്സിലെ പ്ലാന്‍, കുഞ്ഞിപ്പോ കൌതുകക്കുട്ടിയായി തിരികെച്ചോദിക്കും 'ആര്‍ക്കാ .. ?' അപ്പോ പറയണം അമ്മക്കാണെന്ന് - ഇന്നലത്തെ ആ കേടങ്ങ്‌ മാറ്റുകയും ചെയ്യാം, ചുളുവില്‍ അച്ഛനെതിരെ ഒരു ഗോളടിക്കുകയും ആകാം)

താച്ചു : ഒരു സംശയത്തിനും ഇട കൊടുക്കാത്ത അത്രയും ഉറച്ച ശബ്ദത്തില്‍       'ങാ അറിയാം - ബേബിക്കുട്ടിക്ക്' !!!

ഞാന്‍ ചിരിക്കണോ കരയണോ എന്നറിയാതെ നില്‍ക്കുന്നു. അല്ല എന്‍റെ തെറ്റാണ്, എന്‍റെ മാത്രം തെറ്റാണ്. രണ്ടു വയസുകാരന്‍ അനിയന്‍ബേബി കഴിഞ്ഞാല്‍ ആര്‍ക്കാണ് താച്ചുനെ ഏറ്റവും ഇഷ്ടം എന്നായിരുന്നു ചോദ്യം ഫ്രെയിം ചെയ്യേണ്ടിയിരുന്നത്. എന്‍റെ പിഴ എന്‍റെ പിഴ എന്‍റെ വലിയ പിഴ എന്നോര്‍ത്ത് ഞാന്‍ നേരത്തെ കരുതിയിരുന്ന ഉത്തരം ഗോളിയേ ഇല്ലാത്ത സ്വന്തം  പോസ്ടിലേക്ക് നീട്ടിയെറിഞ്ഞു - 'താച്ചൂനെ ഏറ്റോം ഇഷ്ടം അമ്മക്കാണ് ട്ടാ '.

അപ്പോള്‍ താച്ചു വീണ്ടും 'അല്ല ബേബിക്കാണ് ബേബിക്കാണ് എന്നെ ഏറ്റവും ഇഷ്ട'മെന്ന് വളരെ വളരെ ഗൌരവശബ്ദത്തില്‍ പറഞ്ഞപ്പോള്‍ എന്തായിരിക്കും ആ കുഞ്ഞുമനസ്സിലെ കാര്യമെന്നൊന്ന് ചോദിച്ചേക്കാം എന്ന് കരുതി.  അവന്‍ പറഞ്ഞ മറുപടികള്‍ എന്നെ ഇരുത്തിചിന്തിപ്പിക്കുകയും ചെയ്തു. നിങ്ങള്‍ക്കും ഇടക്ക് ഇങ്ങനെ ഓരോ ചോദ്യം കുഞ്ഞുങ്ങളോട് ചോദിച്ചാല്‍ അന്നത്തേക്ക് ചിന്തിക്കാന്‍ ഉള്ള വകുപ്പാകും.

അനിയനാണ് ഏറ്റവും ഇഷ്ടം എന്നതിന്‍റെ കാരണങ്ങള്‍ ഏഴു വയസുകാരന്‍ നിരത്തിയത് -

Tt Brothers 1. ബേബി എന്നോടൊപ്പം പില്ലോ ഫൈറ്റ് കളിക്കും.

2. ബേബി എന്നോടൊപ്പം സോക്കര്‍ കളിക്കും.

3. ബേബി എന്നെ ടിക്കിള്‍ ചെയ്യും.

4. ബേബി എന്‍റെ കൂടെ സില്ലി ആയിട്ട് ബെഡില്‍ ചാടും.

5. ബേബി എന്‍റെ കൂടെ ആന കളിക്കും.


 പിന്നേം ലിസ്റ്റ് ഗോ ഓണ്‍ ആണ്. കണ്ണും തള്ളി ഇരിക്കുന്ന എന്നെ നിങ്ങള്‍ക്ക് കാണുന്നുണ്ടോ? ഞാനെന്നെ ഒന്ന് വിശകലനം ചെയ്ത് നോക്കി, ശരിയാണ്..വളരെ ശരിയാണ് -

  'പില്ലോഫൈറ്റ്' - രാത്രി ഉറങ്ങാന്‍ ആകുന്ന സമയത്ത് കിടക്കയൊക്കെ കുടഞ്ഞു വിരിച്ചു കഴിയുമ്പോള്‍ മാത്രം പൊട്ടിപ്പുറപ്പെടുന്ന ഈ കളിയില്‍ ബെഡ്ഡില്‍ നിന്ന് താഴത്ത് തലയിണ എടുത്തിടുന്നതിന് രണ്ടിനും ചീത്ത കൊടുക്കാറാണ് പതിവ്!

'സോക്കര്‍' അഥവാ പന്തുതട്ടിക്കളി - എന്‍റെ അടുക്കളനേരങ്ങള്‍ക്കിടയില്‍ ആ പരിസരഭാഗങ്ങളില്‍ വന്നുനിന്നുള്ള പന്തുതട്ടലുകളില്‍ താഴെ വീണു പൊട്ടാന്‍ സാദ്ധ്യതയുള്ള സാധനങ്ങളുടെ ലിസ്റ്റും, എണ്ണയും കത്തിയും ഉള്‍പ്പെടെയുള്ള മാരകയുധങ്ങളുടെ സാന്നിധ്യവും കാരണം പേടികൊണ്ട്  വീടിനകത്ത് പന്തുകളി പാടില്ല എന്ന നിയമം പാസാക്കിയ അതിക്രൂരയായ അമ്മയാണ് ഞാന്‍!

ടിക്കിള്‍ അഥവാ ഇക്കിളി - എന്‍റെ ഓര്‍മയില്‍ ഞാന്‍ ഇക്കിളിപ്പെടുത്താന്‍ ചെല്ലുമ്പോഴൊക്കെ അവനെന്നെ ഓടിച്ചിട്ടുള്ളതായാണ് ഓര്‍മ. പിന്നെ ഇതെങ്ങനെ ലിസ്റ്റില്‍ കയറിപ്പറ്റി എന്നറിയില്ല.

ബെഡ്ഡില്‍ചാട്ടം - 'ആഗ്രഹിക്കുന്നതിനൊക്കെ ഒരു പരിധി ഇല്ലേ മോനേ' എന്ന് ഒത്തിരിയൊത്തിരി കാര്യങ്ങള്‍ ചെയ്യണം എന്ന്സ്വപ്നം കാണുന്ന കുഞ്ഞിനോട് എങ്ങനെ ചോദിക്കുമെന്ന് കരുതിയാണ്! അല്ലെങ്കില്‍ 70 കിലോയുള്ള ഞാന്‍ ബെഡ്ഡില്‍ ചാടാതിരിക്കുന്നതാണ് എല്ലാവരുടെയും ആരോഗ്യത്തിന് നല്ലത് എന്ന് അവന്‍ ആലോചിക്കത്തില്ലാരുന്നോ!!

ആന കളി - ഇതിപ്പോ നിങ്ങള്‍ കരുതുന്നുണ്ടാകും ഈ സ്ത്രീക്ക് ഇച്ചിരി നേരം ആ കൊച്ചിനോട് ആന കളിച്ചാല്‍ എന്താന്ന്! അവനെ പുറത്തു കയറ്റിയുള്ള ആന കളി എനിക്കും ഇഷ്ടമാണ് നാട്ടുകാരേ, പക്ഷേ അവന്‍ ആനയാകണം എന്ന് പറയുമ്പോഴാണ് ആ കളി എന്‍റെ പരിധിക്ക് പുറത്താകുന്നത്. പറയൂ ഞാന്‍  എങ്ങനെ രണ്ടു വയസുള്ള ബേബി കളിക്കുംപോലെ അവന്‍റെ പുറത്തുകയറി ആന കളിക്കും?അങ്ങനെയങ്ങനെ അവനെനിക്ക് with evidence തെളിയിച്ചുതന്നു ബേബിക്കാണ് അവനെ ഏറ്റവും ഇഷ്ടമെന്ന്. എന്തായാലും വീടിനകത്ത് സ്വീകരണമുറിയില്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം പന്തുകളിച്ചുകൊണ്ടാണ് ഞാനെന്‍റെ ദിവസം അവസാനിപ്പിച്ചത് - ചിരിച്ചു സന്തോഷിച്ചു .....  പൊട്ടുന്ന സാധനങ്ങള്‍ ഒന്നും കൈവാക്കിനില്ല എന്ന് ഉറപ്പിച്ചിട്ടും അവസാനത്തെ അടി ടേബിള്‍ ലാമ്പില്‍ കൊണ്ടതോടെ കളി അവസാനിപ്പിക്കേണ്ടിയും വന്നു. എന്നാലും പറയുന്നു, ഇടയ്ക്കിടെ മക്കളോട് ഇങ്ങനെ ചോദിക്കുന്നത് നല്ലതാണുന്നേ. നമ്മള്‍ കാണാത്ത, കേള്‍ക്കാത്ത, ശ്രദ്ധിക്കാത്ത, അറിയാത്ത കുഞ്ഞുകുഞ്ഞു കാര്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരാണ് അവരെന്ന് നമുക്ക് മനസിലാകാന്‍ ഏറ്റവും എളുപ്പവഴി അതാണ്. അവരോട്  സംസാരിക്കുക, പിന്നെ അവര്‍ക്ക്  സന്തോഷം ആകുമെങ്കില്‍ കട്ടിലിലെ തലയിണ ഒന്ന് താഴെ വീണാലും കുഴപ്പമില്ല എന്ന് കരുതുക. കുഞ്ഞുങ്ങളുടെ ചെക്ക്‌ലിസ്റ്റിലെ 'ഹാപ്പിനെസ്സ്' ടിക്ക് ചെയ്യാന്‍ നമുക്കാ തലയിണ താഴെയിടാം.


കുറുമ്പിന്‍റെ കൂടുകള്‍ - അടുത്തത് എന്തുചെയ്യാം എന്ന ചിന്തയില്‍!


                                                     ( OurKids മാസിക 2018 ജൂണ്‍ ലക്കം)

Monday, July 30, 2018

ശ്ശ് ശ്..... പതുക്കെ, അവര്‍ കേള്‍ക്കുന്നുണ്ട്!

ഒരു കുസൃതിച്ചിന്തയില്‍ നിന്ന് തുടങ്ങാം - അതുവരെയറിയാതെയിരുന്ന ഒരു  CCTV ക്യാമറയോ, ഒരു റെക്കോര്‍ഡിംഗ് ഉപകരണമോ നിങ്ങളുടെ വീട്ടില്‍ ഉണ്ടെന്നു പെട്ടെന്ന് അറിഞ്ഞുകഴിഞ്ഞാല്‍ എങ്ങനെയാകും നിങ്ങളുടെ പ്രതികരണം? സാധാരണ മനുഷ്യന്മാര്‍ക്കൊക്കെ ഒരു ചെറിയ ഹാര്‍ട്ട്‌ അറ്റാക്ക് വരാന്‍ ഈ ചിന്ത തന്നെ ധാരാളം. എങ്കില്‍ ആ വീഡിയോ, ആഡിയോ പകര്‍ത്തിയെടുക്കുന്ന ഉപകരണം ഒരു ദിവസത്തിന്‍റെ  24 മണിക്കൂറും നിങ്ങളുടെ പിന്നാലെ കൂടുന്ന ഒന്നാണെങ്കിലോ?  വീണ്ടും വീണ്ടും 'അപായമണി' മുഴങ്ങുന്നത് എനിക്ക് കേള്‍ക്കാം. 24/7 നിങ്ങളുടെ വീടുകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആ യന്ത്രങ്ങളുടെ പേരാണ് കുട്ടികള്‍! വായില്‍ നിന്ന് വീഴുന്ന ഓരോ വാക്കും, നമ്മള്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും ഒന്നുപോലും വിട്ടുപോകാതെ ഒപ്പിയെടുക്കുകയും മിക്കവയും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നവര്‍.

The three musketeers 


 ഒന്നാം ക്ലാസില്‍ പഠിക്കുന്ന മകന്‍റെ പ്രിയപ്പെട്ട കൂട്ടുകാര്‍ അവന്‍റെ ടേബിള്‍മേട്സ് ആണ്. അവരുടെ 'ഫോര്‍ ദി പീപ്പിള്‍' ആര്‍മിയില്‍ മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും. ഈ മൂന്നെണ്ണം ആണ് തക്കിട തരികിട പരിപാടികളിലെ മോന്‍റെ കൂട്ട്. ഒരു ദിവസം സ്കൂളില്‍ നിന്ന് വന്ന വിശേഷങ്ങള്‍ പറയുന്ന കൂട്ടത്തില്‍ വളരെ ലാഘവത്തോടെ മകന്‍ പറഞ്ഞു, അമ്മാ അമ്മക്ക് അറിയോ അമാന്‍ പറയുവാ അവന്‍റെ അച്ഛന്‍ മീന്‍ (mean) ആണെന്ന്. You are mean എന്ന് ഇവിടെ പൊതുവേ അത്ര നന്നായി പെരുമാറാത്ത കുട്ടികളോടൊക്കെ പറയാറുള്ളതാണ്.  ചെറുതായി ഒന്ന് ഞെട്ടിയെങ്കിലും ഇവനെന്ത് തിരികെ പറഞ്ഞിട്ടുണ്ടാകും എന്നോര്‍ത്ത് ഞാന്‍ കൌതുകം കാട്ടിച്ചോദിച്ചു 'ആഹാ കൊള്ളാംലോ, എന്നിട്ട് നീയെന്തു പറഞ്ഞു?' അപ്പോഴത്തെ കുഞ്ഞിന്‍റെ മറുപടിയാണ്‌ മറുപടി - 'ഓ! ഞാന്‍ പറഞ്ഞു അതൊന്നും സാരമില്ല , എന്‍റെ അച്ഛനും മീന്‍ (mean) ആണെന്ന്.'  ചിരിക്കുകയല്ലാതെ എന്ത് ചെയ്യും? എങ്കിലും എന്‍റെ മുഖത്തെ ചമ്മിയ ചിരിഭാവം കണ്ടാകണം അവന്‍ കൂട്ടിച്ചേര്‍ത്തു 'ഞാനവനെ ആശ്വസിപ്പിക്കാന്‍ പറഞ്ഞതാണ്‌ അമ്മാ '. അന്നത്തെ ഞങ്ങളുടെ അത്താഴസമയത്തെ വിഷയം ഇതായിരുന്നു 'മീനാ'യ അച്ഛനമ്മമാര്‍.  മകനും അച്ഛനും പൊതുവേ കൂട്ടുകാരാണ് വീട്ടില്‍, അതുകൊണ്ടുതന്നെ അച്ഛനെ മീനാക്കിയ മകനെയും ഇരയായ അച്ഛനേയും കളിയാക്കി ആ സംഭാഷണം അങ്ങ് മറഞ്ഞുപോയി.

വീണ്ടും രണ്ടുമൂന്നാഴ്ച കഴിഞ്ഞാണ് ആ ചര്‍ച്ചക്കൊരു തുടര്‍ച്ച ഉണ്ടായത്. അമാന്‍റെ അമ്മ എന്‍റെ സുഹൃത്താണ്‌ , മക്കള്‍ അടുത്ത കൂട്ടുകാരായത് കൊണ്ടുണ്ടായ സൗഹൃദം. വല്ലപ്പോഴും സ്കൂളില്‍ പരിപാടികള്‍ക്ക് കാണുക, എടുക്കുന്ന ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുക അങ്ങനെയുള്ള വളരെ വളരെ സാധാരണ ഗതിയിലുള്ള ഒരു സൗഹൃദം. ജോലി ചെയ്യുന്നതിനിടയിലും മക്കളുടെ സ്കൂള്‍ പരിപാടികള്‍ക്ക് വോളന്ടിയര്‍ ചെയ്യാന്‍ വരുന്ന, കുട്ടികള്‍ക്ക് വേണ്ടി സമയം ചിലവഴിക്കുന്ന ആ സ്ത്രീയോട് എനിക്ക് മതിപ്പുകലര്‍ന്ന ഒരു സ്നേഹമാണ്. പതിവുപോലെ സ്കൂളില്‍ നിന്നുവന്നുകഴിഞ്ഞുള്ള കഥക്കൂമ്പാരം അഴിക്കുന്ന കൂട്ടത്തില്‍ മകന്‍ പെട്ടെന്ന് സങ്കടഭാവത്തില്‍ പറഞ്ഞു, ' അമ്മാ അമാനിന്‍റെ അച്ഛന്‍ ശരിക്കും മീനാണ്' ശബ്ദത്തില്‍ പഴയ തമാശയില്ലാത്തത് കൊണ്ട് ഞാനും ഗൗരവത്തില്‍ തന്നെ എന്തുകൊണ്ടാണ് അവന്‍ അങ്ങനെ പറയുന്നത് എന്ന് ചോദിച്ചു. അമാനിന്റെ അച്ഛന്‍ അയാളുടെ ഭാര്യയെ, അതായത് അമാന്റെ  അമ്മയെ ഒരു വേലക്കാരിയെപ്പോലെയാണ് പരിഗണിക്കുന്നതെന്നും മിക്ക ദിവസങ്ങളിലും അമ്മയോട് ആക്രോശിക്കാറുണ്ടെന്നും അച്ഛനൊരു മോശം മനുഷ്യനാണെന്നും ഒക്കെ ആ കുട്ടി മകനോട് പറഞ്ഞിരിക്കുന്നു. വിഷയം അല്പം സീരിയസായതുകൊണ്ട്/ പ്രാധാന്യമുള്ളതുകൊണ്ട് തന്നെ മകനോട് ആ വിഷയത്തില്‍ അഭിപ്രായം ഒന്നും പറയരുതെന്നും അമാന്‍ പറയുന്നത് കേള്‍ക്കാന്‍ ശ്രമിക്കാം അതില്‍ തെറ്റില്ല എന്നുമൊക്കെ കഴിയുന്ന രീതിയില്‍ പറഞ്ഞുമനസിലാക്കാന്‍ ശ്രമിച്ചു. ഒരു ഏഴു വയസുകാരന് അതില്‍ എന്തൊക്കെ കാര്യങ്ങള്‍ മനസിലാകുമെന്നു അറിയില്ല, എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ നമുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനാകില്ല - നമ്മുടെ കയ്യില്‍ ഒരു പ്രതിവിധി ഉണ്ടാകണമെന്നില്ല, അവരെ കേള്‍ക്കുക എന്നല്ലാതെ എന്നത് അവനോട് പറയണം എന്ന് തോന്നി.  മറ്റുള്ളവരെ കേള്‍ക്കുക എന്നത് വളരെ നല്ല ഒരു സ്വഭാവം ആണെന്നും, നല്ല സുഹൃത്താകുക എന്നതിന്‍റെ  ആദ്യപടിയാണ് എന്നും ഒരുപക്ഷേ അവന്‍ തിരിച്ചറിയുകയാകാം.

        പറഞ്ഞു വന്ന വിഷയത്തിലേക്ക് തിരികെപ്പോകാം - മറ്റൊരു വീട്ടിലെ, വളരെയധികം സ്വകാര്യമായ ചില കാര്യങ്ങള്‍ ഞങ്ങളുടെ വീട്ടിലെ തീന്മേശയില്‍ എത്തിപ്പെട്ട വിധമാണ് ഇവിടുത്തെ  കീപോയിന്റ്. ഭാര്യയെ മോശം ഭാഷയില്‍ വഴക്ക് പറയുമ്പോഴോ, ഒരു വീട്ടുജോലിക്കാരിയെപ്പോലെ കണക്കാക്കുമ്പോഴോ രണ്ടു ജോടി കുഞ്ഞുചെവികള്‍  അവിടെ ഉണ്ടെന്നുള്ള കാര്യം അവര്‍ ഓര്‍ത്തുകാണില്ല -  (വീട്ടില്‍ ജോലിക്ക് വരുന്നവര്‍ മോശം വിഭാഗക്കാര്‍ ആണെന്നല്ല, പക്ഷേ പങ്കാളിയോട്  ആ രീതിയില്‍ പെരുമാറുന്നത് മോശം പ്രവണത തന്നെയാണ്). ഈ അനുഭവത്തിലൂടെ കടന്നുപോകുന്ന അഞ്ചും ഏഴും വയസുള്ള രണ്ട് ആണ്‍കുട്ടികള്‍ക്ക് ഇപ്പോള്‍ അവരുടെ അച്ഛന്‍ 'മീന്‍' ആണെന്ന് തോന്നുന്നുണ്ട്, അതവര്‍ അവര്‍ക്ക് അടുപ്പമുള്ള സുഹൃത്തുക്കളോട് പറയുന്നുമുണ്ട്. പക്ഷേ, കുറെയേറെ നാളുകള്‍ കഴിയുമ്പോള്‍ ആ രണ്ടാണ്കുട്ടികളും ഇതേ രീതിയില്‍ കണ്ടിഷന്‍ ചെയ്യപ്പെടില്ലേ എന്ന് ആശങ്ക വീര്‍പ്പുമുട്ടിക്കുന്നു. സ്ത്രീകളെന്നാല്‍ രണ്ടാം തരമാണെന്നോ, ജീവിതപങ്കാളിയെന്നാല്‍ അടിമയാണെന്നോ ഒക്കെയുള്ള ഒരു ചിന്ത ആ രണ്ടു കുട്ടികളിലും ബോധപൂര്‍വം അല്ലാതെ സൃഷ്ടിക്കപ്പെടുന്നുണ്ടോ എന്ന സംശയം. ഒരുപക്ഷേ, ആ അമ്മ അനുവദിച്ചുകൊടുത്തിട്ടാകാം , അവര്‍ പിന്തുടര്‍ന്ന് വരുന്ന സംസ്കാരം ആ രീതിയിലാകാം ഏതുരീതിയിലാണെങ്കിലും ശരി മക്കളില്‍ ഈ അനുഭവങ്ങള്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍, ചിന്തകള്‍, ആശങ്കകള്‍, അരക്ഷിതാവസ്ഥ ഇതൊന്നും ആ മാതാപിതാക്കള്‍ അറിയുന്നില്ല എന്നുതോന്നി.

എത്ര ചെറിയ കുഞ്ഞും നമ്മളെ കേള്‍ക്കുന്നുണ്ട്, കാണുന്നുണ്ട്. സുഹൃത്തുക്കളോട്  /പരിചയക്കാരോട്/ ബന്ധുക്കളോട് അതുമല്ലെങ്കില്‍ ശത്രുക്കളോട് ആയാലും  കള്ളം പറയുന്ന മുതിര്‍ന്നവരെ കണ്ടുവളരുന്ന  കുഞ്ഞുങ്ങളോട്  സത്യം മാത്രമേ പറയാവൂ എന്ന് നിര്‍ബന്ധിക്കുന്നതിലെ അനൌചിത്യം ആലോചിച്ചുനോക്കൂ. ഉപദേശിക്കും മുന്‍പ് നമുക്ക് അതില്‍ മാതൃക ആകാന്‍ കഴിയുന്നുണ്ടോ എന്ന് ചിന്തിച്ചാല്‍ തന്നെ പലപ്പോഴും ജീവിതത്തിലെ മോശം തീരുമാനങ്ങള്‍ നമുക്ക് മാറ്റാന്‍ കഴിഞ്ഞേക്കും.

"Do you think its fair? " Cousins on a serious talk 


 മുതിര്‍ന്നവര്‍ക്ക് മാത്രമായി സംസാരിക്കാന്‍ ഒരിടം ഉണ്ടാക്കുക ഇന്നത്തെ അണുകുടുംബത്തില്‍ ബുദ്ധിമുട്ട് തന്നെയാണ്. എന്നാല്‍ ഒരല്‍പം ചിന്തിച്ചു പ്രവര്‍ത്തിച്ചാല്‍ പല അസുഖകരമായ സത്യങ്ങളും കുഞ്ഞുങ്ങളുടെ ചെവിയില്‍ എത്താതെ ശ്രദ്ധിക്കാം. ജീവിതത്തിലെ കയ്പ്പും ചവര്‍പ്പും കുട്ടികള്‍ അറിയരുതെന്നല്ല ഈ അസുഖകരമായ സത്യങ്ങള്‍ ഒഴിവാക്കുക എന്ന് പറഞ്ഞതിന്റെ അര്‍ത്ഥം. പലപ്പോഴും മുതിര്‍ന്നവരുടെ ഈഗോ പ്രശ്നങ്ങള്‍ കുട്ടികള്‍ക്ക് മുകളില്‍ അടിച്ചേല്‍പ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ക്ക്‌ സാക്ഷിയാകാറുണ്ട്. അപ്പോഴൊക്കെ തോന്നാറുള്ളത് സ്നേഹിക്കാന്‍ മാത്രം അറിയുന്ന കുഞ്ഞുങ്ങളുടെ മനസില്‍ എന്തിനാണ് നമ്മള്‍ വെറുപ്പും, വിദ്വേഷവും നിറക്കുന്നത് എന്നാണ്. എല്ലാവരേയും സ്നേഹിക്കാന്‍ കഴിയണം എന്നില്ല, എല്ലായ്പ്പോഴും പോസിറ്റീവ് ചിന്തകള്‍ മാത്രം ആകണം എന്നുമില്ല പക്ഷേ അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതിലൂടെ നാളെയുടെ തലമുറയ്ക്ക്  കൂടുതല്‍ വിശാലമായ ലോകം കെട്ടിപ്പടുക്കാന്‍ കഴിഞ്ഞാലോ??? സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നതിനൊപ്പം മനുഷ്യനാകാനും ജീവിതത്തിലെ കുഞ്ഞുകാര്യങ്ങളില്‍ സന്തോഷം കണ്ടെത്താനും പഠിക്കുന്നത് മനസിന്‌ ആരോഗ്യമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ തീര്‍ച്ചയായും സഹായിക്കും.


What are they talking? 

കാതുകള്‍ കൂര്‍പ്പിച്ച് കൌതുകം കണ്ണില്‍ നിറച്ചു നമ്മളെ പ്രതീക്ഷയോടെ പിന്തുടരുന്ന ഒരു കുഞ്ഞുമനസ് എപ്പോഴും കൂടെയുണ്ടെന്ന് - നമ്മുടെ സ്വന്തം cctv  ക്യാമറകള്‍ നമ്മളോടൊപ്പം തന്നെയുണ്ടെന്ന് ഓര്‍മ്മിപ്പിക്കാന്‍ ഈ കുറിപ്പിന് കഴിഞ്ഞെങ്കില്‍ ഇന്നത്തെ സന്തോഷത്തിലേക്കായി.

വാലറ്റം : കഥയൊക്കെ കേട്ടുകഴിഞ്ഞ് ആശങ്കയോടെ എന്നാല്‍ അത് പുറത്ത്  പ്രകടമാകാത്ത തരത്തില്‍ മകനോട് ചോദിച്ചു 'ഇവിടുത്തെ അച്ഛന്‍ അമ്മയെ എങ്ങനെ ട്രീറ്റ്‌ ചെയ്യുന്നു എന്നാണ് നിന്‍റെ അഭിപ്രായം? ' മകന്‍റെ മറുപടി സന്തോഷിപ്പിച്ചു, കണ്ണ് നനയിച്ചു, അഹങ്കരിപ്പിച്ചു - അതിങ്ങനെ ആയിരുന്നു "He treats you like a friend , a real good friend" - അച്ഛന്‍റെ ഏറ്റവും നല്ല സുഹൃത്താണ്‌ അമ്മ (തിരിച്ചും)  എന്ന ബോധം അവനിലെങ്ങനെയോ ഉണ്ടാക്കി എടുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞതാണ് അവന് നാളേക്ക് വേണ്ടിയുള്ള മൂലധനം!
My boys T & t  with their cousin Tuttus) 
           ( Article Published on OURKIDS -2018 May Edition)

Wednesday, May 23, 2018

ഒന്നാമനും രണ്ടാമനും തമ്മില്‍

ഭാര്യ, ഭര്‍ത്താവ് എന്ന രണ്ടാള്‍ക്കിടയിലേക്ക് ഒരു കുഞ്ഞു കടന്നു വരുന്നതുപോലെയല്ല അച്ഛന്‍,അമ്മ,കുഞ്ഞ് എന്ന ത്രികോണത്തിലേക്ക് നാലാമതൊരാള്‍ കടന്നുവരുന്നത്. പലപ്പോഴും പേരന്‍റിംഗ് ഗ്രൂപ്പുകളിലെ വിഷമപ്പോസ്റ്റുകളില്‍ ഇളയ ആള്‍ എത്തിയപ്പോള്‍ ഉള്ള മൂത്ത കുഞ്ഞിന്‍റെ പിടിവാശി, അകാരണമായ വഴക്കുകള്‍, അമ്മയില്‍ നിന്നുപോലും അകന്നുപോകുന്ന സാഹചര്യം ഒക്കെക്കാണാം. രണ്ടാമത്തെയാളുടെ വരവ് എങ്ങനെ സുഖകരമാക്കാം എന്നതിനുള്ള പരീക്ഷിച്ചു വിജയിച്ച ചില നുറുങ്ങുകളും ഇവിടെ ഞങ്ങള്‍ക്കുണ്ടായ ചില അനുഭവങ്ങളുമാണ് ഇത്തവണ.

മൂത്തയാള്‍ ജനിച്ചത് നാട്ടിലും രണ്ടാമന്‍ ഇവിടെയും - ആ രണ്ടനുഭവത്തില്‍ അജഗജാന്തരവ്യത്യാസവുമുണ്ട്. പ്രസവസമയത്ത് നാട്ടില്‍നിന്ന് ആര്‍ക്കും വരാന്‍ കഴിയുന്ന സാഹചര്യം അല്ലാതിരുന്നിട്ട് കൂടി പ്രസവം ഇവിടെത്തന്നെ മതി എന്ന് തീരുമാനിച്ചത് ഇവിടുത്തെ ആശുപത്രികള്‍ നല്‍കുന്ന നല്ല കാര്യങ്ങള്‍ കണക്കിലെടുത്താണ്. ഡോക്ടര്‍മാരും നഴ്സുമാരും ഒക്കെ നമ്മളോട് പെരുമാറുന്ന രീതി തന്നെ നമ്മളെ ആകെ ആശയക്കുഴപ്പത്തില്‍ ആക്കും. ഇതിപ്പോ ആശുപത്രിയില്‍ തന്നെയാണോ അതോ ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണോ ഉള്ളതെന്ന് വര്‍ണ്യത്തില്‍ ആശങ്ക തോന്നുന്നിടങ്ങളാണ് ഇവിടെയുള്ള മിക്ക ആശുപത്രികളും. നാട്ടിലെ ഇന്ഫ്രാസ്ട്രക്ച്ചറിനെ ഒരു വികസിത രാജ്യത്തിരുന്നുകൊണ്ട് കുറ്റം പറയുന്നതായി കരുതരുത് - കെട്ടിടം എങ്ങനെ ആയാലും അതിനുള്ളില്‍ നിന്ന് കിട്ടുന്ന അനുഭവം നന്നായാല്‍ പരിമിതികളെ ഒരുപരിധി വരെ മറികടക്കാനാകും എന്നാണ് തോന്നല്‍.  ആദ്യത്തെ പ്രസവസമയത്ത് എന്‍റെ ഏറ്റവും വലിയ പ്രശ്നം  ഒരു വിവരവും തുറന്നുപറയാത്ത എന്‍റെ ഗൈനക്കോളജിസ്റ്റ് ആയിരുന്നു. ജോലിസ്ഥലത്ത് നിന്ന് എട്ടാം മാസത്തിലാണ് നാട്ടില്‍ എത്തിയത് എന്നതിനാലും, ചില കോമ്പ്ലിക്കേഷനുകള്‍ ഉണ്ടായിരുന്നതിനാലും വേഗത്തില്‍  പോകാനും വരാനും സൌകര്യമുള്ള ഒരു ആശുപത്രിയാണ് തിരഞ്ഞെടുത്തത്.  ഇഷ്ടമില്ലാതിരുന്നിട്ടും ആ ഡോക്ടറുടെ അടുത്തുനിന്നു മാറാതിരിക്കാന്‍ ഒരു കാരണം അദ്ദേഹത്തിന്‍റെ പ്രവൃത്തിപരിചയവും പിന്നെ ആശുപത്രിയുടെ സൌകര്യങ്ങളുമായിരുന്നു. എങ്കില്‍ക്കൂടി ആദ്യപ്രസവം ഒരു സുഖമുള്ള ഓര്‍മ്മയേ അല്ല എനിക്ക്.

രണ്ടാമത്തെ കുഞ്ഞിനെക്കുറിച്ചു ആലോചിച്ചുതുടങ്ങിയപ്പോള്‍ ആദ്യം ചെയ്തത് ഡോക്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കലാണ്. ഗര്‍ഭം ഒരു രോഗാവസ്ഥയായി കാണാത്ത, ഗര്‍ഭിണിയെ അനാവശ്യകാര്യങ്ങള്‍ പറഞ്ഞു ചീത്ത പറയാത്ത ഒരു ഡോക്ടറെ അന്വേഷിച്ചുള്ള ഞങ്ങളുടെ യാത്ര അവസാനിച്ചത് ചിരി ഒരു ട്രേഡ്മാര്‍ക്കാക്കിയ കാണുമ്പോഴേ കെട്ടിപ്പിടിക്കുന്ന എന്നെയും ഭര്‍ത്താവിനെയും മകനെയും 'you guys are the best ' എന്ന് തോന്നിപ്പിക്കുന്ന ഡോക്ടര്‍ വാന്ഫോസ്സനില്‍. ആ തിരഞ്ഞെടുപ്പ് ഞങ്ങള്‍ ചെയ്ത ഒരുപാട് നല്ല കാര്യങ്ങളുടെ തുടക്കമായിരുന്നു എന്ന് രണ്ടുവര്‍ഷത്തിനുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ നിസംശയം പറയാം!

രണ്ടാമതൊരാളെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയപ്പോള്‍ സ്വാഭാവികമായും ആശങ്കകള്‍ ഉണ്ടായിരുന്നു. മൂത്ത മകന് നാല് വയസ് ആകാനായ സമയം, ജീവിതമെന്നത് അവനുചുറ്റിലുമാണ്. ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും കുട്ടിയിലാകുന്ന പക്കാ അണുകുടുംബമായിരുന്നു ഞങ്ങള്‍. അതുകൊണ്ടുതന്നെ അവന് ഒരനുജത്തി / അനുജന്‍ എന്നതിനെക്കുറിച്ചുള്ള ചിന്ത എന്താണ് എന്നറിയണം എന്നുണ്ടായിരുന്നു. എങ്ങനെയാണു ഒരു നാലുവയസുകാരന് ഒരാളെക്കൂടി വീട്ടില്‍ വേണമോ എന്നറിയാനുള്ള എളുപ്പവഴി? അത് സത്യത്തില്‍ എളുപ്പം തന്നെയാണ് - ആ ആളോട് തന്നെ ചോദിക്കുക. അങ്ങനെ ചോദിക്കാനിരുന്ന ഞങ്ങളോട്, നാലാം പിറന്നാളിന് ഒരു മീനിനെ വളര്‍ത്താന്‍ ആവശ്യപ്പെട്ടതോടൊപ്പം അഞ്ചാം പിറന്നാളിന് സമ്മാനമായി ബേബി മതിയെന്ന് പറഞ്ഞ് ആശാന്‍ ഞെട്ടിച്ചു. വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങള്‍ ചിലപ്പോഴൊക്കെ ദീര്‍ഘദര്‍ശനം ചെയ്യുന്ന ദൈവഞ്ജര്‍ തന്നെയാണെന്ന് മനസിലായത് മോന് കൃത്യം അഞ്ചു വയസു തികഞ്ഞതിന്‍റെ പിറ്റേന്ന് ആശാനുകൂട്ടായി രണ്ടാമന്‍ ഇങ്ങോട് എത്തിയപ്പോഴാണ് - ഒരു പിറന്നാള്‍ സമ്മാനം തന്നെ!ഗര്‍ഭിണി ആണെന്ന് ഉറപ്പിച്ചപ്പോള്‍ മകനോട് അതാദ്യമായി പറഞ്ഞപ്പോള്‍ കൂട്ടത്തില്‍ പറഞ്ഞിരുന്നു 'മോന്‍റെ സ്വന്തമാണ് ബേബി. അമ്മയുടെ വയറ്റിലാണ് ആദ്യം കുഞ്ഞാവ. ഇപ്പോള്‍ ബേബി ഒരു കുഞ്ഞു 'ലെഗോ'യുടെ അത്രയേ ഉള്ളൂ. കുറച്ചു നാള്‍ അമ്മയുടെ വയറ്റില്‍ത്തന്നെ കിടന്ന് കുഞ്ഞാവ കുറേശ്ശെ വളരും - അമ്മ കഴിക്കുന്ന നല്ല ഭക്ഷണമൊക്കെ കഴിച്ച്  നല്ല ആരോഗ്യത്തോടെ വളരും. അങ്ങനെ വളര്‍ന്നു വളര്‍ന്നു ഒരു കുഞ്ഞു റ്റെഡി ബിയറിന്റെ അത്ര ആകുമ്പോള്‍ ബേബി പുറത്തുവരും. പക്ഷേ വാവ പുറത്തുവരും മുന്‍പ് തന്നെ നമുക്ക് കുഞ്ഞാവയെ ഇടയ്ക്കിടെ ഡോക്ടറാന്റി  കാണിച്ചു തരും, പിന്നെ ബേബി വന്നുകഴിഞ്ഞാല്‍ കുറെയേറെ പണിയുണ്ടാകും. അപ്പോ അച്ഛനും അമ്മയ്ക്കും മോന്‍റെ സഹായമില്ലാതെ ഒരു കാര്യവും ചെയ്യാന്‍ പറ്റില്ല -എല്ലാത്തിനും ബിഗ്‌ ബ്രദര്‍ സഹായിക്കുന്നുണ്ടോന്നു കുഞ്ഞാവയും നോക്കും. ' ഇതൊക്കെ ഗര്‍ഭത്തിന്‍റെ പല കാലങ്ങളിലായി ഞങ്ങള്‍ മകനോട് പറഞ്ഞ കാര്യങ്ങളാണ്. നാല് വയസുകാരന് അതൊക്കെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളാകുകയും ചെയ്തു.  അതിലെ ഏറ്റവും പ്രധാന വാചകം ബേബി അവന്‍റെ ആണെന്നത് ആയിരുന്നു - അവനു വേണ്ടിയാണു ബേബി വരുന്നത്  എന്നത് അവനെ സംബന്ധിച്ച് അന്നുവരെയുണ്ടായിരുന്ന ഉത്തരവാദിത്തങ്ങളില്‍ ഏറ്റവും വലുതായിരുന്നു. എന്‍റെ വയറ്റില്‍ അവന്‍റെ കുഞ്ഞാവ ഉണ്ടെന്നു അറിഞ്ഞ അന്നുമുതല്‍ ആശാന്‍ എന്റെയും കൂടി രക്ഷാധികാരി ആയി. സമയത്തിന് എന്നെ ഭക്ഷണം കഴിപ്പിക്കുക, അവസാന മാസത്തിലെ പ്രമേഹമെന്ന വില്ലനെ തുരത്താന്‍ ഇന്‍സുലിന്‍ കുത്താന്‍ കൃത്യമായി ഓര്‍മിപ്പിക്കുക, എല്ലാ ദിവസവും ഷുഗര്‍ പരിശോധിക്കാന്‍ കൂട്ടിരിക്കുക, അത്താഴം കഴിഞ്ഞ് വരാന്തയിലൂടെ നടക്കുക അങ്ങനെയങ്ങനെ ഗര്‍ഭകാലം ശരിക്കും ഞാനും മോനും കൂടിയാണ് ആസ്വദിച്ചത്.

എല്ലാ ഡോക്ടര്‍ വിസിറ്റും മോനും കൂടി വരാന്‍ പാകത്തിനാക്കി എടുത്തത് ആ കുഞ്ഞുമിടിപ്പുകള്‍ കേള്‍ക്കുമ്പോള്‍ അവന്‍റെ മുഖത്തുണ്ടാകുന്ന അതിശയവും കൌതുകവും കലര്‍ന്ന സ്നേഹം കാണാന്‍ കൂടി വേണ്ടിയായിരുന്നു. അഞ്ചാം മാസത്തിലുള്ള സ്കാനിങ്ങില്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞ് ആണാണോ പെണ്ണാണോ എന്നറിയും എന്നതിനാല്‍ അവനെയും അതിന് തയാറാക്കിയിരുന്നു. ആണായാലും പെണ്ണായാലും നമുക്ക് ഒരുപോലെ ആണെന്നും രണ്ടായാലും അവന്‍ ജ്യേഷ്ഠനാകും എന്നത് ആണ് പ്രധാനം എന്നുമൊക്കെ തരംപോലെ പറഞ്ഞത് അഞ്ചുമാസം കൊണ്ട് അവനും എല്ലാവരോടും പറയാന്‍ തുടങ്ങിയിരുന്നു. അങ്ങനെ കാത്തിരുന്ന ദിവസത്തിനൊടുവില്‍ അമ്മയുടെ വയറ്റിലെ കുഞ്ഞുവാവയെ സ്കാനിംഗ്‌ റൂമിനുള്ളിലെ വലിയ സ്ക്രീനില്‍ കണ്ടപ്പോള്‍ സന്തോഷം കൊണ്ടവന്‍ തുള്ളിച്ചാടിയില്ല എന്നേയുള്ളൂ. കണ്ണും മൂക്കും കയ്യും കാലുമൊക്കെ സ്ക്രീനില്‍ നഴ്സ് തൊട്ടുകാണിക്കുന്നതിന് അനുസരിച്ച് അവനും പറഞ്ഞു. ഒടുവില്‍ 'you are getting a baby brother' എന്ന് പറഞ്ഞപ്പോള്‍ അഞ്ചുമാസത്തെ ഞങ്ങളുടെ കൌണ്‍സിലിംഗ് കാറ്റില്‍പ്പറത്തിക്കൊണ്ട് കൈകള്‍ വായുവിലേക്ക് വീശിയുയര്‍ത്തി അവന്‍ നിസംശയം പ്രഖ്യാപിച്ചു - "I knew it!". സ്ക്രീനില്‍ നല്ല വലുപ്പത്തില്‍ കണ്ട കുഞ്ഞിനെ ഇപ്പോ കയ്യില്‍ കിട്ടും എന്ന് കരുതി അന്ന് സ്കാനിംഗ്‌ റൂമില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ "ബേബി എവിടെ, ബേബിയെ ത്താ " എന്ന് പൊട്ടിക്കരഞ്ഞ ചേട്ടന്‍റെ കഥ അനുജന് പറഞ്ഞുകൊടുക്കാന്‍ കാത്തിരിക്കുകയാണ് ഇപ്പോള്‍ ഞാന്‍.
ഈ പറഞ്ഞതൊക്കെ വലിയ വലിയ കാര്യങ്ങള്‍ ഒന്നുമല്ല എങ്കിലും 3, 4, 5 വയസ്സൊക്കെയുള്ള കുട്ടികള്‍ക്ക് സുപ്രധാനകാര്യങ്ങളില്‍ പ്രാധാന്യം കിട്ടുന്നതും, വീട്ടിലേക്ക് വരുന്ന ആള്‍ തനിക്ക് പകരമായിട്ടല്ല വരുന്നത്, ആ ആള്‍ വന്നാലും സ്വന്തം പ്രാധാന്യം കുറയുന്നില്ല എന്നുമൊക്കെ ഉറപ്പിക്കാന്‍ ഇത്തരം കുഞ്ഞുകാര്യങ്ങള്‍ സഹായിക്കും എന്നാണ് അനുഭവം.

ബേബിക്ക് വേണ്ടി വാങ്ങിവെച്ച സാധനങ്ങളിലൊക്കെ 'വല്യേട്ടന്' തിരഞ്ഞെടുക്കാന്‍ ഓപ്ഷന്‍ കൊടുത്തതായിരുന്നു അടുത്ത സൂത്രപ്പണി. വിരിക്കാനുള്ള ബ്ലാങ്കറ്റ് മുതല്‍ ആദ്യമായി കുഞ്ഞിനു കൊടുക്കേണ്ട കളിപ്പാട്ടം വരെ  ചേട്ടന്‍റെ വകയാക്കാന്‍ ഒരു ശ്രമം. ആ കൂട്ടത്തില്‍ അവനറിയാതെ ചില കുഞ്ഞുകുഞ്ഞു സമ്മാനങ്ങള്‍ (പെന്‍സില്‍, കളറിംഗ് ബുക്ക്‌, ചെറിയ ചില കളിപ്പാട്ടങ്ങള്‍) അങ്ങനെ വലിയ വിലയില്ലാത്തവ നോക്കി അവനുവേണ്ടിയും വാങ്ങി ഒളിപ്പിച്ചു വച്ചിരുന്നു. കുഞ്ഞുണ്ടായ ആദ്യദിനങ്ങളിലൊക്കെ എപ്പോഴും വീട്ടില്‍ സന്ദര്‍ശകര്‍ ആകും. അവരൊക്കെ കൊണ്ടുവരുന്ന സമ്മാനപ്പൊതികള്‍ ആകാംക്ഷയോടെ ഓടിപ്പോയി തുറക്കുന്ന മൂത്തയാള്‍ക്ക് എല്ലാ സമ്മാനവും പുതിയ ആള്‍ക്കല്ല തനിക്കുമുണ്ട് കൂട്ടത്തില്‍ എന്ന് കാണുമ്പോഴുള്ള സന്തോഷം ഒരു ഉറപ്പിക്കല്‍ കൂടിയാണ്.  ഇവിടെയൊക്കെ സുഹൃത്തുക്കളും കാണാന്‍ വരുന്നവരും ഇത്തരം കാര്യങ്ങള്‍  അറിഞ്ഞുപെരുമാറുന്നവര്‍ ആയതുകൊണ്ട് മിക്ക പൊതിയിലും മൂത്തവനും ഉണ്ടാകും എന്തെങ്കിലുമൊക്കെ. അല്ലാത്ത പൊതികള്‍ അവനെടുക്കുമ്പോള്‍ തന്നെ നേരത്തെ കരുതിയ  കുഞ്ഞുസമ്മാനങ്ങളിലൊന്ന് ആ സമ്മാനപ്പൊതികളുടെ കൂട്ടത്തിലേക്ക് എത്തിക്കാന്‍ 'അച്ഛന്‍' ശ്രദ്ധിച്ചിരുന്നു.ഒന്‍പതാം മാസം ആകുമ്പോള്‍ ഇവിടെ 'ഭാവി അച്ഛനമ്മമാര്‍' ഒരു ക്ലാസിനു പോകണം - പ്രസവക്ലാസുകള്‍. ഭര്‍ത്താവിനും പ്രവേശനമുള്ള പ്രസവമുറികള്‍ ആയതിനാലും ഇവിടെ പലപ്പോഴും മറ്റാരും സഹായതിനുണ്ടാകാത്തതിനാലും പ്രസവസമയത്ത് എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യരുത് എന്തൊക്കെ പ്രതീക്ഷിക്കാം എങ്ങനെ ശ്വാസം വിടാം എങ്ങനെ പുഷ് ചെയ്യാം ആ സമയത്ത് കൂടെയുള്ള ആള്‍ എന്ത് ചെയ്യണം വേദന കുറയ്ക്കാന്‍ എങ്ങനെ സഹായിക്കാം ഇതൊക്കെയാണ് പ്രധാനപോയിന്റുകള്‍. ആദ്യപ്രസവത്തിന് മാത്രമേ സാധാരണ ആളുകള്‍ ഇത് ചെയ്യാറുള്ളൂ. നമുക്ക് ആദ്യത്തെ പ്രാവശ്യം ഇമ്മാതിരി ക്ലാസുകള്‍ കിട്ടാത്തതിനാലും ആദ്യത്തേത് സര്‍ജറി ആയിരുന്നതിനാലും ഈ ക്ലാസ് കളയാന്‍ തോന്നിയില്ല. ചെന്നപ്പോള്‍ ഞങ്ങള്‍ മാത്രമാണ് രണ്ടാമതും അച്ഛനമ്മമാര്‍ ആകുന്നവര്‍. ബാക്കിയൊക്കെ കന്നിപ്രസവവുമായി വന്ന കുറച്ചു ചെറുപ്പക്കാര്‍. കല്യാണം കഴിച്ചവരും അല്ലാത്തവരും ഒക്കെയായി നല്ല ജഗപൊഹ മേളം. അതോടൊപ്പം ഞങ്ങള്‍ മറ്റൊരു ക്ലാസ് കൂടിയെടുത്തു - മകന് വേണ്ടി ഒരു 'ബിഗ്‌ ബ്രദര്‍' ക്ലാസ്സ്‌. ആ ക്ലാസ്സില്‍ കുഞ്ഞ് ജനിച്ചാല്‍ ഉടനെ എങ്ങനെ ആകുമെന്നും, അവരോടൊപ്പം കളിയ്ക്കാന്‍ എപ്പോഴാകുമെന്നും, കുഞ്ഞുങ്ങള്‍ കരയുമ്പോള്‍ എങ്ങനെ ആകുമെന്നും ഒക്കെ ചെറിയ ചെറിയ വീഡിയോ ക്ളിപ്പുകളിലൂടെയും, കളികളിലൂടെയും ഭാവി ചേട്ടന്മാര്‍/ചേച്ചിമാര്‍ പഠിക്കും. ജനിക്കുന്ന കുഞ്ഞിന്‍റെ വലുപ്പത്തിലുള്ള പാവക്കുട്ടിക്ക് ഡയപ്പര്‍ കെട്ടിക്കുക, വരുന്ന അനുജന്‍/അനുജത്തിക്ക് കാട്ടിക്കൊടുക്കാന്‍ മൂത്തയാളുടെ വക സര്‍ട്ടിഫിക്കേറ്റും, സ്ടാമ്പുകളും ഉണ്ടാക്കുക, എങ്ങനെ നല്ല ഒരു ഡയപ്പര്‍ ഹെല്‍പ്പര്‍ ആകാമെന്ന്  പഠിക്കുക ഒക്കെയായി രസകരമായ രണ്ടു മണിക്കൂറുകള്‍. കൂട്ടത്തില്‍ മൂത്ത കുട്ടികള്‍ക്ക് ഒരാള്‍ കൂടി കുടുംബത്തില്‍ വരുമ്പോള്‍ ഉണ്ടായേക്കാവുന്ന ആശങ്കകള്‍, അവരുടേതായ കുഞ്ഞു സംശയങ്ങള്‍ ഒക്കെ കുഞ്ഞുങ്ങളുടെ സൈക്കോളജി അറിയുന്നവര്‍ വിശദീകരിക്കും.   

പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുന്നത് മകന്‍റെ അഞ്ചാം പിറന്നാളിന് പിറ്റേന്നാണ്. അപ്പോഴും അവന്‍ പറഞ്ഞു - I knew that baby will be coming today, because he is my birthday gift ' . നേരത്തെ ഒരുക്കിവെച്ചിരുന്ന ബാഗില്‍ അവന്‍റെ  വലിയൊരു ഫോട്ടോ എടുത്തു വെച്ചിട്ട് ആശാന്‍ പറഞ്ഞിരുന്നു, ഇത് റൂമില്‍ വെക്കണം, ബേബി അഥവാ ഞാനില്ലാത്ത സമയത്താണ് വരുന്നത് എങ്കില്‍ ആദ്യം കാണിക്കാന്‍ വേണമല്ലോ. റൂമിലെത്തിയ ഉടനെ അവന്‍ ആദ്യം ചെയ്തത് ആ ഫോട്ടോ എടുത്ത് എല്ലാവര്‍ക്കും കാണാന്‍ പാകത്തിന് കിടക്കയ്ക്ക് അടുത്തായി വെച്ചു. പറഞ്ഞതുപോലെ കുഞ്ഞു ജനിച്ചുകഴിഞ്ഞപ്പോള്‍ അവന്‍റെ മടിയില്‍ വെച്ചുകൊടുക്കുകയും കുഞ്ഞാവ കൊണ്ടുവന്ന ഗിഫ്റ്റ് ആയിട്ട് ഒരു സമ്മാനം കൊടുക്കുകയും ചെയ്തപ്പോള്‍ മകനുണ്ടായ സന്തോഷത്തിന് അളവുകള്‍ ഉണ്ടായിരുന്നില്ല.

കുഞ്ഞാവ വന്നുകഴിഞ്ഞാല്‍ അമ്മയുടെ അടുത്ത് കുറച്ചുദിവസം കിടക്കാന്‍ പറ്റണമെന്നില്ല, അമ്മയ്ക്ക്  മുറിവുകള്‍ ഉള്ളത് കൊണ്ട് മോനും അടുത്തുകിടന്നാല്‍  നേരെ ഉറങ്ങാന്‍ പറ്റില്ല. പക്ഷേ, അച്ഛന്‍ എപ്പോഴും മോന്‍റെ കൂടെ ഉണ്ടാകും. ഹോസ്പിറ്റലില്‍ രാത്രി കുഞ്ഞുങ്ങളെ നിര്‍ത്തില്ല, അച്ഛനും മോനും കൂടി രാത്രി വീട്ടില്‍പോയി സുഖമായി ഉറങ്ങിയിട്ട് വന്നാല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ സങ്കടത്തോടെ ആണെങ്കിലും അവന്‍ സമ്മതിച്ചത് കാര്യങ്ങള്‍ മനസിലായത് കൊണ്ടാണെന്ന് തന്നെ കരുതുന്നു. ഉറപ്പാക്കിയ ഒരു കാര്യം സര്‍ജറി സമയത്തൊഴികെ ബാക്കിയെല്ലാ സമയവും മകനോടൊപ്പം അവന്‍റെ അച്ഛനുണ്ടായിരുന്നു, അല്ലെങ്കില്‍ അവന്‍ ആശുപത്രിയില്‍ ഞങ്ങള്‍ക്കൊപ്പമായിരുന്നു എന്നതാണ്. പെട്ടെന്നൊരാള്‍ വരുമ്പോള്‍ അച്ഛന്‍റെയും അമ്മയുടെയും മുഴുവന്‍ ശ്രദ്ധ ആ ആളിലേക്ക് പോകുന്നത് മൂത്ത കുഞ്ഞുങ്ങളെ പലപ്പോഴും പ്രതിരോധത്തിലാക്കാറുണ്ട്. പെട്ടെന്ന് മറ്റൊരാള്‍ക്കൊപ്പം ഉറങ്ങേണ്ടി വരുന്നതും, ആവശ്യങ്ങള്‍ നോക്കാന്‍ അമ്മ വരുന്നില്ല എന്നതുമൊക്കെ കുഞ്ഞുമനസുകളെ മുറിവേല്‍പ്പിക്കുന്ന കാര്യങ്ങളാണ്.
ഇങ്ങനെയൊക്കെ കഥയെഴുതുമ്പോള്‍  ഇപ്പോള്‍ രണ്ടും ഏഴും വയസായ ഒന്നാമനും രണ്ടാമനും തമ്മിലുള്ള അടിപിടിപൂരങ്ങള്‍ ഇവിടെത്തുടങ്ങിക്കഴിഞ്ഞു. ഒന്നാമന്‍ വായിക്കുന്ന ബുക്ക്‌ തന്നെ വേണമെന്ന് പിടിച്ചുവലിക്കുന്ന രണ്ടാമനും, വരച്ചുകൊണ്ടിരിക്കുന്ന പേപ്പറിനെ രണ്ടാമനില്‍ നിന്ന് രക്ഷിക്കാന്‍ അലറിക്കൊണ്ട് ഓടുന്ന ഒന്നാമനും അങ്ങനെയങ്ങനെ ടോം and ജെറി തുടരുന്നു ....

May 2018 OurKids 

Sunday, April 22, 2018

മുലയൂട്ടാം മടിക്കാതെ

പ്രബുദ്ധകേരളത്തിനെ ഞെട്ടിക്കുന്ന മുഖച്ചിത്രവുമായാണ് കേരളത്തിലെ ഒരു പ്രമുഖ വനിതാമാസിക കഴിഞ്ഞ മാസം വിതരണത്തിനെത്തിയത്. 'കേരളമേ തുറിച്ചുനോക്കരുത്' എന്ന അടിക്കുറിപ്പോടെ ചിത്രീകരിച്ച മുഖച്ചിത്രത്തില്‍ സുന്ദരിയായ മോഡല്‍ സങ്കോചമില്ലാതെ കുഞ്ഞിനു മുല കൊടുത്തു. ആ അടിക്കുറിപ്പും , അമ്മയല്ലാത്ത മോഡലും,  പാലില്ലാത്ത മുലഞെട്ട് വായില്‍ വെക്കേണ്ടി വന്ന കുഞ്ഞും, കുഞ്ഞിന്‍റെ രക്ഷകര്‍ത്താക്കളും, മോഡലിന്‍റെ നെറ്റിയിലെ സിന്ദൂരവും ഒക്കെ ചര്‍ച്ചാവിഷയമായ സ്ഥിതിക്ക് നമുക്ക് ഇന്നിത്തിരി മുലപ്പാല്‍ വിഷയം പറയാം.


ആദ്യത്തെ കുഞ്ഞ് ജനിച്ചത് കേരളത്തിലാണ് - അവന് ഒരു വയസാകുംവരെ നാട്ടില്‍ത്തന്നെയായിരുന്നു. തിരുവനന്തപുരത്തും പാലക്കാടുമായി സ്ഥിതി ചെയ്യുന്ന രണ്ടു വീടുകള്‍ക്കുമിടയില്‍ കുഞ്ഞിന്‍റെ മൂന്നാം മാസം മുതല്‍ ട്രെയിനില്‍ ഷട്ടിലടിയും, ജോലി സംബന്ധമായി തിരുവനന്തപുരം-ഡല്‍ഹി യാത്രകളും വളരെ സാധാരണമായിരുന്ന പത്തു പതിനാലു മാസം.  ട്രെയിനിലും, ബസിലും, ഡല്‍ഹിയിലെ ഓഫീസില്‍ കാന്റീനിന്റെ തൊട്ടടുത്ത  വിശ്രമമുറിയിലും വലിയൊരു ടെക്സ്റൈല്‍ഷോപ്പിന്‍റെ ട്രയല്‍ റൂമിലും   ഒക്കെ ഇരുന്നു കുഞ്ഞിനു പാല്‍ കൊടുത്തിട്ടുണ്ട്. അന്ന് ബ്രെസ്റ്റ്പമ്പുകളെക്കുറിച്ച് അറിവില്ലാതിരുന്നതിനാല്‍ എടുത്തുവെച്ചു കുപ്പിയില്‍ കൊടുക്കാനൊന്നും സാഹചര്യമുണ്ടായിരുന്നില്ല. ആറുമാസം വരെ മുലപ്പാല്‍ മാത്രമേ കൊടുക്കൂ എന്നൊരു നിര്‍ബന്ധബുദ്ധിയും ഉണ്ടായിരുന്നത് കൊണ്ട് പാലുകൊടുക്കുക എന്നത് മാത്രമായിരുന്നു ഒരേയൊരു പോംവഴി. ഇപ്പോഴാലോചിക്കുമ്പോള്‍ ആരെങ്കിലും കാണുമോ എന്നൊക്കെ ഞാന്‍ ചിന്തിച്ചിരുന്നോ എന്നറിയില്ല , എന്ന് കരുതി 'ഒളിച്ചുനോട്ടം പോലത്തെ തുറിച്ചുനോട്ടങ്ങള്‍' ഉണ്ടായിട്ടില്ല എന്നും പറയാനാകില്ല. ട്രെയിന്‍ യാത്രയില്‍ റിസര്‍വ് ചെയ്ത മുകളിലെ ബര്‍ത്തില്‍ സ്വസ്ഥമായിരുന്നു പാല്‍ കൊടുക്കാനൊരുങ്ങിയപ്പോള്‍ ഒളികണ്ണിട്ടു നോക്കാന്‍ ശ്രമിച്ചത് ഒരാണാള്‍ തന്നെയായിരുന്നു. അയാളുടെ കണ്ണുകളിലേക്ക് തന്നെനോക്കി ഒരേയൊരു വട്ടമേ പുച്ഛച്ചിരി ചിരിക്കേണ്ടി വന്നുള്ളൂ. തിരക്കിട്ടുകയറിയത് പോലെതന്നെ അദ്ദേഹം താഴത്തെ ഇരിപ്പിടത്തിലേക്ക് തിരികെപ്പോയി. ജോലിസ്ഥലത്തെ കാന്റീനിനു അടുത്തുള്ള വിശ്രമമുറിയില്‍ വിയര്‍പ്പും ചൂടും സഹിച്ചു കുഞ്ഞിനു പാലുകൊടുക്കേണ്ടി വന്നത് പ്രസവാവധിയുടെ പേപ്പറുകള്‍ ശരിയാക്കാനായി പോയപ്പോളായിരുന്നു. അവിടേക്ക് കയറിവന്ന കുറച്ചു പ്രായമായ സ്ത്രീകള്‍ക്ക് ഈ കാഴ്ച അത്ര സ്വാഗതാര്‍ഹം ആയിരുന്നില്ല. പക്ഷേ, എതിര്‍പ്പ് മുഖത്തില്‍ മാത്രം പ്രകടിപ്പിച്ച് അവരില്‍ പലരും അവിടെയൊക്കെ തന്നെ ഉച്ചയൂണ് കഴിഞ്ഞുള്ള വിശ്രമസമയം ചിലവഴിച്ചു. ഞാനും കുഞ്ഞും അവരുടെ സ്ഥിരം സ്ഥലം തട്ടിയെടുത്തതിന്‍റെ ദേഷ്യം ആയിരുന്നോ എന്നറിയുകയുമില്ല കേട്ടോ. പക്ഷേ, അതിലൊരാള്‍ മറ്റൊരാളോട് ഇതൊക്കെ ബാത്‌റൂമില്‍ ചെയ്തൂടെ എന്ന് കുശുകുശുക്കുന്നത് കേട്ടിരുന്നു, പറഞ്ഞത് എന്നോട് അല്ലാത്തതിനാലും ആവശ്യമില്ലാത്ത ചര്‍ച്ച ചെയ്ത് പതിയെ ഉറക്കം പിടിക്കുന്ന കുഞ്ഞിനെ ഉണര്‍ത്താന്‍ താല്പര്യം ഇല്ലാതിരുന്നതിനാലും ഞാനതിനുചെവി കൊടുത്തില്ല. ഇപ്പോഴത്തെ സാഹചര്യം ആയിരുന്നേല്‍ ഞാനെപ്പോഴേ ഇതൊക്കെ ഫേസ്ബുക്കില്‍ പോസ്ടാക്കിയേനെ, ഒരു ഹാഷ്ടാഗ് കാമ്പൈനും തുടങ്ങിയേനെ.

ഇനി രണ്ടാമന്‍റെ കാര്യം. ഇളയ ആള്‍ ജനിച്ചത് ഇവിടെ അമേരിക്കയിലാണ്.

ഇവിടത്തെ രീതികള്‍ നാട്ടിലേത് പോലെ അല്ലാതിരുന്നതിനാലും ആദ്യത്തേതിന്‍റെ ഒരു അനുഭവസമ്പത്ത് ഉള്ളതിനാലും കുറച്ചൊക്കെ മുന്നൊരുക്കങ്ങള്‍ നടത്തിയ സമയത്ത് മറക്കാതെ വാങ്ങിവെച്ച രണ്ടു കാര്യങ്ങള്‍ ഡയപ്പര്‍ ബാഗും, ബ്രെസ്റ്റ് പമ്പും ആയിരുന്നു. ഡയപ്പര്‍ ബാഗില്‍ പാല്‍ക്കുപ്പി വെക്കാന്‍ ഒരു ബാഗ്‌, ഡയപ്പര്‍ മാറ്റാന്‍ കുഞ്ഞിനെ കിടത്താന്‍  ഒരു ഷീറ്റ് ഡയപ്പറുകളും തുടക്കാനുള്ള ടിഷ്യൂ വെക്കാനൊരു ചെറിയ ബാഗും ഒക്കെ ഉള്ള കൂട്ടത്തില്‍ കഴുത്തിലൂടെ ഇടാന്‍ പാകത്തിന് ഒരു തുണി കൂടി ഉണ്ടായിരുന്നു. ഏപ്രണ്‍ പോലൊരു മറത്തുണി കഴുത്ത്  മുതല്‍ അരയ്ക്ക് താഴെ വരെ - കുഞ്ഞിന് പാല്‍ കൊടുക്കുമ്പോള്‍  അതിങ്ങനെ കഴുത്തില്‍ക്കൂടി ഇടാം. വാവട്ടത്തില്‍ ഒരു കുഞ്ഞുകമ്പി കഴുത്തിന്‍റെ ഭാഗത്ത് ഉള്ളതുകൊണ്ട് മുകള്‍ഭാഗം തുറന്നത് പോലെയാണ്. കുഞ്ഞിന് കാറ്റും കൊള്ളും, ശ്വാസവും മുട്ടില്ല സ്വകാര്യതയ്ക്ക് സ്വകാര്യതയും ആകും. ഇതുപയോഗിച്ചും ഉപയോഗിക്കാതെയും ഒക്കെ ഞാന്‍ ചെറിയവന് പാല് കൊടുത്തിട്ടുണ്ട്. ആരും കാര്യമായി അങ്ങനെ ഒളിഞ്ഞോ, തുറന്നോ, തുറിച്ചോ നോക്കിയിട്ടില്ല. എന്ന് കരുതി മാസികയിലെ മുഖച്ചിത്രം പോലെ പാലുകൊടുത്താല്‍ കൌതുകം കൊണ്ട് ആരെങ്കിലും നോക്കില്ല എന്ന് പറയാനും പറ്റില്ല. ഈ വര്‍ദ്ധിച്ച കൌതുകത്തിന് അങ്ങനെ ദേശഭേദ കാലങ്ങളൊന്നും ഇല്ല എന്ന് തന്നെയാണ് ഇതുവരെയുള്ള അനുഭവം. ഉദാഹരണത്തിന്  ഇവിടെ പലയിടങ്ങളിലും ലിഖിതമോ അലിഖിതമോ ആയ വസ്ത്രധാരണരീതികളുണ്ട്. അങ്ങനെയുള്ള ചിലയിടങ്ങളില്‍ എങ്കിലും ഭാരതീയരീതിയില്‍ വസ്ത്രം ധരിച്ച ആള്‍ക്കാരെ മറ്റുള്ളവര്‍ കൌതുകത്തോടെ നോക്കുന്നതും വന്നു സംസാരിക്കുന്നതും കാണാം. ഒരുപക്ഷേ, തുറന്ന മാറിടത്തോടെ ഒരു പൊതു ഇടത്തിരുന്നു പാലുകൊടുത്താല്‍ ഇവിടെയും കൌതുക നോട്ടങ്ങള്‍ ഉണ്ടായേക്കാം, ഇല്ലാതെയുമിരിക്കാം.

ഇവിടേക്ക് വരാന്‍ ആറുവര്‍ഷം മുന്‍പ് നാട്ടില്‍ നിന്ന് വണ്ടി കയറുമ്പോള്‍ കരുതിയിരുന്നത് ഇംഗ്ലീഷ് സിനിമകളില്‍ കാണുമ്പോലെ മുക്കിനുമുക്കിനു ഫ്രഞ്ച് കിസ്സടിക്കുന്നവര്‍ ഉണ്ടാകുമല്ലോ എന്നായിരുന്നു (അതെന്റെയൊരു കൌതുകം ആയിട്ടോ, അതെങ്ങനെ കൈകാര്യം ചെയ്യും എന്ന അങ്കലാപ്പ്  ആയിട്ടോ കരുതാം കേട്ടോ). അങ്ങനെയൊരു ഇന്റിമേറ്റ്‌ രംഗം കണ്ടാല്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ബോധമൊക്കെ ഇപ്പോഴാണ്‌ ഉണ്ടായത് എങ്കിലും നിരാശാബോധത്തോടെ പറയട്ടേ മരുന്നിന് പോലും അമ്മാതിരി ഒരു കാഴ്ച എനിക്ക് ആദ്യവര്‍ഷങ്ങളില്‍  കാണാന്‍ കഴിഞ്ഞില്ല. പിന്നീടെപ്പോഴോ ആ കൌതുകം എന്നില്‍ നിന്ന് മാഞ്ഞുപോയി എന്ന് തോന്നുന്നു. ഇപ്പോഴിപ്പോള്‍ അങ്ങനെ ഒന്ന് മനസ് രജിസ്ടര്‍ ചെയ്യുന്നില്ല, വ്യക്തി എന്ന നിലയില്‍ വളരുന്നതാകാം കാരണം. അപ്പോള്‍ പറയാന്‍ ഉദ്ദേശിച്ചത് ഇത്രയേ ഉള്ളൂ നമ്മുടെ ബോധപൂര്‍വമായ നോട്ടം മാറ്റിയാല്‍ തന്നെ പല കാര്യങ്ങളും കാണുന്ന രീതി മാറിയേക്കും. ചിലപ്പോള്‍ കൂടുതല്‍ വ്യക്തമായും  കൃത്യമായും കാണാന്‍ കഴിഞ്ഞേക്കും.

കഴിഞ്ഞ മാസമാണ് ഇവിടെ മില്‍വാക്കിയില്‍ ഗവര്‍ണര്‍  സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി കെല്‍ഡാ റോയ്സ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി തയാറാക്കിയ വിഡിയോയില്‍ കുഞ്ഞിന് പാലൂട്ടുന്നത് പ്രദര്‍ശനത്തിന് എത്തിയത്. കെല്‍ഡാ  അതിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. വീഡിയോ എടുത്തുകൊണ്ടിരുന്ന സമയത്ത് ഇളയ കുഞ്ഞ് കരയാന്‍ തുടങ്ങി.മുലപ്പാല്‍ മാത്രം കുടിക്കുന്നത്ര ചെറിയ കുഞ്ഞായത് കൊണ്ടുതന്നെ ഭര്‍ത്താവിനുകുഞ്ഞിനെ ആശ്വസിപ്പിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. കുഞ്ഞിനേയും കൊണ്ട് ഭര്‍ത്താവ് അടുത്തേക്ക് വന്നപ്പോള്‍ പറഞ്ഞുകൊണ്ടിരുന്ന കാര്യം നിര്‍ത്താതെ തന്നെ ഞാന്‍ കുഞ്ഞിനെ വാങ്ങുകയും പാലൂട്ടാന്‍ തുടങ്ങുകയും ചെയ്തു, കാരണം അത് ഞങ്ങളെ രണ്ടാളേയും സംബന്ധിച്ച് ഏറ്റവും സ്വാഭാവികമായ കാര്യമാണ്. പിന്നീട് വീഡിയോ കണ്ടപ്പോഴാണ് ഇത്  മുറിച്ചുമാറ്റിയിട്ടില്ല എന്ന് ശ്രദ്ധിക്കുന്നത്. ആലോചിച്ചപ്പോള്‍ തോന്നി എന്‍റെ കുഞ്ഞിനു ഭക്ഷണം കൊടുക്കുക എന്ന വളരെ സ്വാഭാവികമായ പ്രക്രിയ ചെയ്യുന്നത് എന്തിന് മാറ്റണം. അമ്മയായിരിക്കുക എന്നത് സ്വന്തം സ്വത്വമാണ്, അതില്‍ നിന്നുകൊണ്ട് തന്നെ തനിക്ക് ഗവര്‍ണര്‍ ആയും ജോലി ചെയ്യാന്‍ കഴിയുമെന്ന വലിയ ആശയം ആ വീഡിയോ പങ്കുവെക്കുന്നത് പോലെ തോന്നിയത് കൊണ്ട് അത്‌കൂടി ചേര്‍ത്താണ് ഇപ്പോള്‍ കെല്‍ഡാ റോയ്സിന്‍റെ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. ഇതും രാഷ്ട്രീയപരമായ ഗിമിക് ആണെന്ന് പലരും പറയുന്നുണ്ടെങ്കിലും അതിലൂടെ പറയാനുദ്ദേശിക്കുന്ന ആശയം എല്ലായിടത്തും ഒന്നുതന്നെ.
(കെല്‍ഡയുടെ വീഡിയോ ഇവിടെക്കാണാം
 https://www.cnn.com/videos/politics/2018/03/09/breastfeed-campaign-ad-kelda-roys-zw-orig.cnn)


ഇത്രയും കഥയെഴുതിയപ്പോള്‍ ശരിക്കും പറയേണ്ടിയിരുന്ന കാര്യം വിട്ടുപോയി. എങ്ങനെ കൊടുക്കണം എന്ന് നിങ്ങള്‍ തീരുമാനിച്ചോളൂ പക്ഷേ, മുലപ്പാല്‍ കുഞ്ഞിന്‍റെ അവകാശമാണ്. അത് നിഷേധിക്കാന്‍ ആര്‍ക്കും അധികാരമില്ല. എങ്ങനെ എപ്പോള്‍ എവിടെവെച്ച് എന്നത് അമ്മയുടേയും കുഞ്ഞിന്‍റെയും മാത്രം സൌകര്യത്തിനെ ആസ്പദം ആക്കിയായിരിക്കണം. കുഞ്ഞു വിശന്നു കരയുമ്പോള്‍ നെയ്യപ്പം തട്ടിപ്പറിക്കുന്ന കാക്കയമ്മയുടെ മനസ് മനസിലാകുന്ന എല്ലാവര്‍ക്കും മുലപ്പാല്‍ കൊടുക്കുന്ന അമ്മയേയും മനസിലാകും എന്നാണ് എന്‍റെ വിശ്വാസം. അങ്ങനെ പാലുകൊടുക്കാന്‍ ഒരുങ്ങുന്ന അമ്മയ്ക്ക് നമ്മളായി അസൌകര്യം ഉണ്ടാക്കാതിരുന്നാല്‍ മതി. ഫീഡിംഗ് റൂമുകള്‍ എന്നത് ഇപ്പോഴും വലിയ ഷോപ്പിംഗ്‌ മാളുകളിലും നഗരങ്ങളിലും മാത്രം ലഭ്യമായ നാട്ടില്‍, എല്ലായിടത്തും മൂത്രപ്പുരകള്‍ ഇല്ലാത്ത നാട്ടില്‍ പാലുകൊടുക്കാന്‍ മാത്രമായി ഒരിടം വേണം എന്നാവശ്യപ്പെടുന്നതും അത്യാഗ്രഹമാണ്. ഒന്നുംവേണ്ട - അമ്മയും കുഞ്ഞും അവരുടെ സൌകര്യമനുസരിച്ച് പാല് കുടിക്കുകയും, കൊടുക്കുകയും ചെയ്യുമ്പോള്‍ അതിലേക്കുകൂടി കടന്നു കയറാതിരുന്നാല്‍ മതി.

 അമ്മയ്ക്ക് മറ്റാരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കില്‍ ഒരു കുഞ്ഞുജനിച്ചു ആറു മാസം ആകുന്നതുവരെ മുലപ്പാല്‍ തന്നെയാകണം കുട്ടിയുടെ ആഹാരം.  അതുകഴിഞ്ഞു കട്ടിയാഹാരം കൊടുത്തു തുടങ്ങാമെങ്കിലും 18 മാസം വരെയെങ്കിലും മുലപ്പാല്‍ കുടിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തിന് നല്ലത്. മൃഗങ്ങളുടെ പാല്‍ ഒരു വയസിന് ശേഷം മാത്രം കൊടുത്തു തുടങ്ങുക. കുട്ടികളിലെ ദഹനവ്യവസ്ഥപ്രകാരം ഒരു വയസിനുശേഷമാണു പശുവിന്‍പാല്‍ പോലുള്ളവ ദഹിക്കാന്‍ എളുപ്പം. ജോലിക്ക് പോകുന്ന അമ്മമാര്‍ക്ക് ആറുമാസം മുലപ്പാല്‍ കൊടുക്കുക എന്നത് എളുപ്പമല്ല - പക്ഷേ മുലപ്പാല്‍ പിഴിഞ്ഞ് സൂക്ഷിക്കാന്‍ സഹായിക്കുന്ന ബ്രെസ്റ്റ് പമ്പുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. കൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്നവയും വൈദ്യുതി കൊണ്ട് പ്രവര്‍ത്തിക്കുന്നവയും കിട്ടും. മുലപ്പാല്‍ പിഴിഞ്ഞ് ഫ്രീസറില്‍ സൂക്ഷിക്കാന്‍ പാകമായ കുപ്പികളും, സീല്‍ഡ്‌ കവറുകളും ലഭ്യമാണ്. ഇങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള മറ്റൊരു ഗുണം കുഞ്ഞിന് പാല്‍ കൊടുക്കാന്‍ അമ്മ തന്നെ വേണമെന്ന് നിര്‍ബന്ധമില്ല എന്നാണ്. കുപ്പിയിലാക്കിവെച്ചാല്‍  രാത്രിയില്‍ ഉണര്‍ന്നു കരയുന്ന കുഞ്ഞിനുള്ള മുലപ്പാല്‍ അച്ഛനും കൊടുക്കാമല്ലോ. ഇതുവരെ ശ്രമിച്ചുനോക്കിയിട്ടില്ലാത്തവര്‍ ബ്രെസ്റ്റ് പമ്പുകള്‍ എന്ന മാജിക്കല്‍ യന്ത്രം വാങ്ങിനോക്കൂ, നിരാശരാകില്ല. പ്രമുഖ മാസികയുടെ വിപണനതന്ത്രം ആയിരുന്നെങ്കില്‍ കൂടി ആ മുഖച്ചിത്രം ഒരു ചര്‍ച്ച കൊണ്ടുവന്നുവെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക് പാല് കുടിക്കുക എന്നത് / പാല് കൊടുക്കുക എന്നത് ജൈവപരമായ ഒരു കാര്യം മാത്രമാണെന്ന് മാസികയെ എതിര്‍ത്തവരും അനുകൂലിച്ചവരും പറഞ്ഞുവെച്ചത് നല്ല കാര്യം തന്നെയാണ്. എല്ലാ വിപ്ലവങ്ങളും തുടങ്ങുന്നത് ഇങ്ങനെ തന്നെയാണ് , അനുകൂല പ്രതികൂല പ്രതികരണങ്ങളിലൂടെ - മടിയില്ലാതെ മുലയൂട്ടല്‍ എന്നതൊരു വിപ്ലവം ആണെങ്കില്‍!
OurKids മാസിക ഏപ്രില്‍ ലക്കം 2018 
Monday, March 19, 2018

മകൻ പഠിപ്പിക്കുന്ന പാഠങ്ങൾഈ അടുത്ത കാലത്ത് ഗൂഗിള്‍ പ്ലസില്‍ പൊങ്ങിവന്ന ഒരു 'ലാസ്റ്റ് ഇയര്‍ ദിസ്‌ ടൈം ' ചിത്രമാണ് ഇത്തവണത്തെ കുറിപ്പിന് ആധാരം. മോന്‍റെ സ്കൂളില്‍ കഴിഞ്ഞ വര്‍ഷത്തെ നൂറാം ദിനാഘോഷത്തിന്‍റെ ചിത്രമാണ്‌ ഇവന്മാര്‍ പൊക്കിക്കൊണ്ടു വന്ന് 'ഓര്‍മ്മയുണ്ടോ ഈ മുഖം' എന്ന് ചോദിച്ചത്. നടന്ന ആഘോഷം എന്ന് പറയാനാകില്ല, നടക്കേണ്ടിയിരുന്ന ആഘോഷം എന്ന് പറയണം - മാത്രവുമല്ല എനിക്കും കൊച്ചിന്‍റെ അച്ഛനും കൊച്ച് മറന്നാലും ആ മുഖം മറക്കാനാകും എന്നും തോന്നുന്നില്ല.

ആ നീണ്ട കഥ പറയും മുന്‍പ് നിങ്ങളോട് , ഈ ലേഖനം വായിക്കുന്ന അച്ഛനമ്മമാരോട് ഉള്ള ചോദ്യം - കുഞ്ഞുങ്ങളുടെ കുഞ്ഞു ജീവിതത്തിലുണ്ടാകുന്ന കുഞ്ഞുകുഞ്ഞു പ്രശ്നങ്ങളെ, അപ്രതീക്ഷിത വഴിത്തിരിവുകളെ എങ്ങനെയാണു അവര്‍ നേരിടുന്നത്? എങ്ങനെയാണു നിങ്ങളവരെ അതിനു പ്രാപ്തരാക്കുന്നത്?എങ്ങനെയാണു നിങ്ങളവരെ തോല്‍ക്കാനും,അമളികള്‍ കൈകാര്യം ചെയ്യാനും പഠിപ്പിക്കുന്നത്? - ചോദ്യം വായിച്ചുള്ള ചിന്താനിമിഷം കഴിഞ്ഞെങ്കില്‍ തുടര്‍ന്ന് വായിക്കാം.

കഴിഞ്ഞ സ്കൂള്‍ വര്‍ഷത്തിന്‍റെ നൂറാം ദിവസം. മൂത്ത മകന്‍ കിന്റെര്‍ഗാര്ട്ടനിലാണ്. ഇളയ ആള്‍ക്ക് ഒരു 9 മാസം പ്രായം ആയിട്ടുണ്ടാകും. ശൈത്യകാലമാണ്, ഭര്‍ത്താവ് കുറച്ചു ദൂരെയുള്ള സ്ഥലത്താണ് ജോലി എന്നതിനാല്‍ അതിരാവിലെ തന്നെ പോകും. ഇളയ ആളെയും കൊണ്ട് മഞ്ഞത്ത് പോയി കാത്തുനില്‍ക്കാനുള്ള വിഷമം കാരണം മോനെ രാവിലെ അടുത്ത വീട്ടിലെ കുട്ടികള്‍ക്ക് ഒപ്പമാണ് ബസ് പോയിന്റിലേക്ക് വിടുന്നത്. കെട്ടിടത്തിന്‍റെ പ്രധാന വാതിലിന് അകത്ത് നിന്നാല്‍ കുട്ടികള്‍ ബസില്‍ കയറുന്നത് തണുപ്പടിക്കാതെ കാണുകയും ചെയ്യാം. രാവിലെ യുദ്ധകാലാടിസ്ഥാനത്തില്‍ ആണ് വീട്ടിലെ കാര്യങ്ങള്‍ നീങ്ങുക - ഏതൊരു സ്കൂള്‍കുട്ടിയുടേയും വീട്ടിലെ അതേ അന്തരീക്ഷം. എല്ലുകുളിരുന്ന

തണുപ്പത്ത് മൂടിപ്പുതച്ചുറങ്ങുന്ന അഞ്ചരവയസുകാരനെ കാണുമ്പോള്‍ വിളിച്ചുണര്‍ത്താനല്ല അവന്‍റെ കൂടെ കെട്ടിപ്പിടിച്ചുകിടന്നുറങ്ങാനാണ് എനിക്കെപ്പോഴും തോന്നുക. പക്ഷേ മഞ്ഞുവീഴ്ച ഭീകരം ആയാല്‍പ്പോലും ചിലപ്പോ അവധി കിട്ടാത്ത നാട്ടില്‍ ആറുമാസം എല്ലാദിവസവും തണുപ്പ് പ്രമാണിച്ച് മൂടിപ്പുതച്ചുറങ്ങിയാല്‍ കുഞ്ഞ് ഹോംസ്കൂള്‍ ചെയ്യുന്നതാകും ഭേദം. ഇമ്മാതിരി അലുക്കുലുത്ത് ചിന്തകള്‍ അലട്ടുന്നത് കൊണ്ടുതന്നെ അലോസരപ്പെടുത്തിയാണെങ്കിലും അവനെ കുത്തിപ്പൊക്കും.


അങ്ങനെ ഒരു സുഖദ സുന്ദര ശീതള സുപ്രഭാതത്തില്‍ അഞ്ചുമിനിറ്റ്, രണ്ടുമിനിറ്റ്‌, ഒരു മിനിറ്റ് , സീറോ മിനിറ്റ് സ്നൂസിംഗ് കഴിഞ്ഞ് ആശാനെ ഉണര്‍ത്തിക്കൊണ്ടുവന്നു തയ്യാറാക്കുമ്പോള്‍ ആണ് കഴിഞ്ഞ ആഴ്ച സ്കൂളില്‍ നിന്നും ഒരു കുറിപ്പ് തന്നുവിട്ടത് ഓര്‍ത്തത്. ഉസ്കൂള്‍ തുറന്ന് നൂറാം ദിവസത്തിനെ ആഘോഷിക്കാന്‍ തിങ്കളാഴ്ച എല്ലാവരോടും വയസായവരെപ്പോലെ ഒരുങ്ങിവരാന്‍ പറഞ്ഞുള്ള കുറിപ്പ്. അറിയിപ്പ് കിട്ടിയപ്പോള്‍ തന്നെ തന്നെ ആശാന്‍ പറഞ്ഞിരുന്നു 'താടിയുള്ള അപ്പൂപ്പ' ആയാല്‍ മതീന്ന്. തലേ ദിവസം ഓര്‍ത്തതുമില്ല എല്ലാം എടുത്തു വെക്കാന്‍. വേഗം തന്നെ ഒരു ചെക്ക്‌ ഷര്‍ട്ടും, ലൂസ് ജീന്‍സ് പാന്റും ഇടീച്ചു, ഇന്സേര്ട്ട് ചെയ്ത് കുട്ടപ്പനാക്കി. ഇനിയിപ്പോ താടി ഒപ്പിക്കണം. ഭാഗ്യത്തിന് ഫേസ് പെയിന്റിംഗിന് ഉപയോഗിച്ച ഒരു വെളുത്ത ചോക്ക് കിട്ടി. അതുകൊണ്ടൊരു ഒപ്പിക്കല്‍ ബുള്‍ഗാനും വരച്ച്, മുടിയും ലേശായിട്ടൊന്നു നരപ്പിച്ചപ്പോള്‍ ആളൊരു ചുള്ളന്‍ അപ്പൂപ്പന്‍ ആയി. ഈ അലങ്കാരപ്പണിയൊക്കെ കഴിഞ്ഞപ്പോഴേക്കും ബസ് വരാനുള്ള സമയമായി. അപ്പുറത്തെ വീട്ടിലെ കുട്ടി വാതിലില്‍ മുട്ടുന്നുമുണ്ട്. വരാന്തയിലേക്കിറങ്ങിയപ്പോള്‍ തന്നെ, മുതിര്‍ന്ന ക്ലാസ്സില്‍ പഠിക്കുന്ന ആ കുട്ടി മോനോട് 'your costume is awesome' എന്നൊക്കെ പറഞ്ഞത് കേട്ട് സന്തോഷിച്ച് ഞങ്ങള്‍ പ്രധാന വാതിലിന് അടുത്തെത്തി, ഉമ്മയൊക്കെ തന്ന് കയ്യുംവീശി ആശാന്‍ അവര്‍ക്കൊപ്പം പുറത്തേക്ക് പോയി. വൈകിയാണ് വീടിന് പുറത്തേക്ക് എത്തിയത് എന്നത് കൊണ്ട് മോന്‍റെ പ്രായത്തിലുള്ള കുട്ടികളുടെ അമ്മമാരെയൊന്നും ഞാന്‍ കണ്ടതുമില്ല, ബസ് പോകുന്നത് വരെ വാതിലിന് അടുത്ത് നിന്നിട്ട് തിരികെ അകത്തെ വരാന്തയിലൂടെ വീട്ടിലേക്ക് നടക്കുമ്പോള്‍ മോന്‍റെ ക്ലാസ്സില്‍ തന്നെ പഠിക്കുന്ന ഒരു കുട്ടിയുടെ അമ്മ അകത്തേക്ക് വന്നു. "ഇന്ന് എന്തുപറ്റി ലേറ്റായിപ്പോയോ എണീക്കാന്‍? താത്വിക് വരുമ്പോളേക്കും ബസ് വന്നല്ലോ" എന്നൊരു കുശലവും എന്നോട് ചോദിച്ചു. രാവിലത്തെ എക്സ്ട്രാ മേക്കപ്പ് കാരണമാണ് ലേറ്റ് ആയത് എന്നും, അവിടുത്തെ മോന്‍ എന്ത് വേഷമാ കെട്ടിയത് എന്നും ഞാന്‍ ചോദിച്ചത് കേട്ട് ആളെന്നെ ഒന്ന് സൂക്ഷിച്ചുനോക്കി. എന്നിട്ട് ആശ്വസിപ്പിക്കുന്ന തരം മൃദു സ്വരത്തില്‍ പറഞ്ഞു..., "ആര്‍ഷാ, 100th ദിവസം അടുത്ത തിങ്കളാഴ്ചയാണ്. ഇന്നാണെന്ന് കരുതി അല്ലേ?"


മുതിര്‍ന്നതിനു ശേഷം എപ്പോഴെങ്കിലും നിങ്ങള്‍ക്ക് 'ഗൃഹപാഠം മറന്ന ഫീല്‍' അല്ലെങ്കില്‍ 'റെക്കോര്‍ഡ്‌ സബ്മിഷന്‍ ഡേറ്റ് മറന്ന അവസ്ഥ' ഉണ്ടായിട്ടുണ്ടോ? അങ്ങനെ ഒരു തിരയിളക്കം എനിക്ക് വയറില്‍ നിന്നും പൊങ്ങിവന്നു. എന്‍റെ ആദ്യത്തെ പ്രതികരണം 'അയ്യോ' എന്നായിരുന്നു, പിന്നെ അവര്‍ക്ക് തെറ്റിയതാകാം എന്നൊരു സംശയം. ഉറപ്പിക്കാന്‍ വീട്ടിലേക്ക് ഓടുമ്പോള്‍ പിന്നില്‍ നിന്നും കേട്ടു " താത്വിക് ലൈനില്‍ എത്തിയിട്ട് ആണ് ബാക്കിയുള്ളവരെ കണ്ടത്. e understood, but he was cool - donot worry". വീട്ടിലെ പേപ്പര്‍ കൂട്ടത്തില്‍ നിന്നും ആ അറിയിപ്പ് കണ്ടെടുത്തപ്പോള്‍ ശരിയാണ് അടുത്ത തിങ്കളാഴ്ച ആണ്. ഉറക്കപ്പിച്ചിലെ അബോധമനസ് 'തിങ്കളാഴ്ച' മാത്രം രജിസ്റെര്‍ ചെയ്തു, ഏതു തിങ്കളാഴ്ച എന്ന് ഉറപ്പിച്ചുമില്ല! എല്ലാ ആഴ്ചയും തിങ്കളാഴ്ച ഉണ്ടല്ലോ. സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും മുന്നില്‍ വേഷം കെട്ടിലൂടെ അപഹാസ്യനായേക്കാവുന്ന കുഞ്ഞിനെ ഓര്‍ത്ത് സങ്കടവും, എന്നോട് അതികഠിനമായ ദേഷ്യവും തോന്നി! പക്ഷേ, പറഞ്ഞിട്ടെന്തു കാര്യം - കൈവിട്ടു പോയില്ലേ.... സ്കൂള്‍ ബസിപ്പോള്‍ സ്കൂളില്‍ എത്തും, ഏതു നിമിഷവും അവര്‍ ക്ലാസ്സിലേക്കും എത്തും. നടന്നുപോകാവുന്ന ദൂരമേ ഉള്ളൂ സ്കൂളിലേക്ക് എങ്കിലും ചെറിയ കുഞ്ഞിനേയും കൊണ്ട് മഞ്ഞത്ത് നടക്കുക സാദ്ധ്യമായ കാര്യമല്ല. ബസില്‍ കയറുന്നതിന് മുന്‍പ് അബദ്ധം അറിഞ്ഞിട്ടും തിരികെപ്പോരാതെ ബസില്‍ കയറിപ്പോയത് ഒരുപക്ഷേ, തിരിച്ചു വന്നാല്‍ ഞാന്‍ ചീത്ത പറഞ്ഞേക്കുമോ എന്ന് പേടിച്ചാകാം എന്നോര്‍ത്തപ്പോള്‍ എനിക്ക് കരച്ചിലും വന്നു.


സ്കൂളിലേക്ക് നേരിട്ട് ടീച്ചറിനെ വിളിക്കാന്‍ സംവിധാനം ഇല്ല. ശരണം ഇ-മെയില്‍ അയക്കലാണ്. കാര്യകാരണസഹിതം ഒരു മെയില്‍ ടീച്ചറിന് അയച്ചു. മകന്‍റെ കുറ്റമല്ല - രക്ഷിതാക്കളായ ഞങ്ങളുടെ മാത്രം തിരക്ക് കൊണ്ട് വന്നുപെട്ട ഒരു 'തിരിമറി' ആണെന്നും, ഈ ഒരു അമളി സാഹചര്യം കുട്ടിയെ വിഷമിപ്പിച്ചേക്കാം, ഒന്ന് ശ്രദ്ധിച്ചേക്കണേ എന്നും അവന്‍ ബുദ്ധിമുട്ട് പറയുകയോ, പ്രകടിപ്പിക്കുകയോ ആണെങ്കില്‍ ഒരു മണിക്കൂറിനുള്ളില്‍ ഞാന്‍ വന്നു തിരികെ കൊണ്ടുവരാം എന്നുമൊക്കെ നീട്ടി നീട്ടി രാമായണം പോലെ ഒരു മെയില്‍ അയച്ചിട്ട് ഞാന്‍ കമ്പ്യുട്ടറിനു മുന്നില്‍ തപസ് തുടങ്ങി. കാര്യം നിസാരമാണ് - പക്ഷേ കിന്റെര്‍ഗാര്ടന്‍കാരന് അതൊരു വലിയ കാര്യം തന്നെയാണല്ലോ. ചില 'അപ്രതീക്ഷിത' സന്ദര്‍ഭങ്ങളെക്കുറിച്ചൊക്കെ പറഞ്ഞു കൊടുത്തിട്ടുണ്ടെങ്കിലും ഇമ്മാതിരി ഒന്ന് നമ്മള്‍ പ്രതീക്ഷിക്കാത്തതിനാല്‍ എങ്ങനെയാകും അവന്‍റെ പ്രതികരണം എന്നുമറിയില്ല. അരമണിക്കൂറിനുള്ളില്‍ ടീച്ചറുടെ മറുപടി വന്നു. 'Nothing to worry - he is handling it well '. അത്രയും ആശ്വാസം ആയി - ആള്‍ കരയുന്നില്ല എന്ന് മനസിലായല്ലോ!


അന്നത്തെ ദിവസത്തിന് നീളം വളരെ കൂടുതലായിരുന്നു. സ്കൂള്‍ വിട്ടുവന്ന മോനെ കെട്ടിപ്പിടിച്ചും ഉമ്മകൊടുത്തും ഞാനെന്‍റെ "I am so sorry"പ്രകടിപ്പിച്ചപ്പോള്‍ അവനെന്നെ ഞെട്ടിച്ചുകൊണ്ട് പറഞ്ഞു - "oh! that's OK ammaa. എനിക്ക് ബസില്‍ കേറുമ്പോള്‍ തന്നെ മനസിലായി. അതുകൊണ്ട് ക്ലാസ്സില്‍ ചെന്നപ്പോഴേ ഞാന്‍ ടീച്ചറിനോട് പറഞ്ഞു, അമ്മക്കും എനിക്കും ഡേറ്റ് മാറിപ്പോയി. I need to wash my face. എന്നിട്ട് ഞാന്‍ വാഷ്‌റൂമില്‍ പോയി മുഖത്തെ താടി കഴുകി, മുടിയും നനച്ചു, ഉടുപ്പ് പുറത്തുമിട്ടപ്പോള്‍ I was back to a kid അമ്മാ, സോ സിമ്പിള്‍!" ആരും കളിയാക്കിയില്ലേ എന്ന് ചോദിച്ചപ്പോള്‍ അവന്‍റെ മറുപടി ഇങ്ങനെ - "എല്ലാരും ചിരിച്ചു, ഞാനും കൂടെ ചിരിച്ചു- it was so funny - cos അവരൊക്കെ കുട്ടികളും ഞാന്‍ അപ്പൂപ്പയും അല്ലേ, അപ്പോപ്പിന്നെ നമ്മള്‍ ചിരിക്കില്ലേ! പിന്നെ ഒരു കുട്ടി അയ്യേ അപ്പൂപ്പന്‍ ന്ന് പറഞ്ഞപ്പോള്‍ ടീച്ചര്‍ പറഞ്ഞു ഫ്രണ്ട് നോടും അപ്പൂപ്പനോടും mean ആകാന്‍ പാടില്ലാന്ന് and she said sorry to me. ഞാന്‍ ഇട്സ് ഓക്കേ ന്നും പറഞ്ഞു."


അപ്പോള്‍ ഈ അമ്മക്ക് ആ ടീച്ചര്‍ പറഞ്ഞത് തന്നെയേ പറയാനുണ്ടായിരുന്നുള്ളൂ, "you are a brave cool boy!" അമ്മയോ അച്ഛനോ ആയിരുന്നേല്‍ ഒരുപക്ഷേ കരഞ്ഞേനെ എന്നും, upset ആയേനെ എന്നും പറഞ്ഞപ്പോള്‍ അവന്‍ ആശ്ചര്യത്തോടെ പറഞ്ഞു - "you are joking - I know you wont be upset, because its just a dressup - what to worry in that?!" എവിടെ നിന്നാണ് ഈ ബോധം കിട്ടിയതെന്ന് അറിയില്ല, പക്ഷേ അന്ന് ഞങ്ങള്‍ക്ക് തോന്നിയത് ആ അബദ്ധം നന്നായി എന്നാണ്. ആരുടേയും സഹായമില്ലാതെ അവന്‍ തന്നെ ഒരു മാര്‍ഗം കണ്ടുപിടിച്ചു, വളരെ നല്ല രീതിയില്‍ ആ സന്ദര്‍ഭം കൈകാര്യം ചെയ്യുകയും ചെയ്തു. ടീച്ചറുടെ വക ഒരു നീണ്ട മെയിലും കിട്ടി സ്കൂളിലുണ്ടായ കാര്യങ്ങള്‍ , മോന്‍ പറഞ്ഞവ തന്നെ വിശദമാക്കിക്കൊണ്ടും അവനെ അഭിനന്ദിച്ചുകൊണ്ടും.ഇവിടെ സ്കൂളുകളിലും, കരാട്ടെ ക്ലാസിലുമൊക്കെ ഇടയ്ക്കിടെ പറയുന്നതാണ് 'ഇഗ്നോര്‍ ഗ്രേസ്ഫുളി (Ignore Gracefully)' - ബുള്ളിയിംഗ് അഥവാ കളിയാക്കലുകള്‍ക്ക് വളരെയധികം നെഗറ്റീവ് ഇമ്പാക്റ്റ് ഉള്ളയിടമാണ് അമേരിക്ക എന്നതിനാലാകാം കുഞ്ഞിലേ മുതലേ സ്കൂളുകളില്‍ ഇതൊക്കെ പറയുന്നത്. റേസിസം ഇല്ലാതെ ആക്കാന്‍, ലിംഗസമത്വം ഉറപ്പിക്കാന്‍ ഒക്കെയുള്ള ബോധപൂര്‍വമായ ശ്രമങ്ങളുടെ ഭാഗമാണ് ഇത്. നമ്മുടെ നാട്ടിലും ഈപ്പറഞ്ഞ ബുള്ളിയിംഗ് നല്ല രീതിയില്‍ സ്കൂളുകളില്‍ നടക്കാറുണ്ട്. ഭാഗ്യത്തിനോ ദൌര്‍ഭാഗ്യത്തിനോ മറ്റനവധി പ്രശ്നങ്ങള്‍ക്കിടയില്‍ 'ഇരുണ്ട നിറം, അമിതവണ്ണം,മെലിഞ്ഞിരിക്കല്‍, ദാരിദ്ര്യം ' മുതലായ കളിയാക്കലുകളെ ആരും കാര്യമാക്കാതെ വിടുകയും ചെയ്യും. പക്ഷേ, അത് കുഞ്ഞുമനസുകളില്‍ ഏല്‍പ്പിക്കുന്ന ആഘാതം വളരെ വലുതാണ്. അതിനെക്കുറിച്ച് അന്നത്തെ കുട്ടികളായിരുന്ന ഇന്നത്തെ മുതിര്‍ന്നവര്‍ പറയുമ്പോള്‍ മനസിലാക്കേണ്ടത് അവരുടെ മനസ്സില്‍ ഇപ്പോഴും ആ വിഷമഘട്ടത്തിന്‍റെ ഓര്‍മ്മകള്‍ ഉണ്ടെന്നാണ്. പല സ്കൂളുകളിലും കൌണ്‍സിലര്‍മാരെയും സൈക്കോളജി അറിയുന്നവരേയും നിയമിക്കേണ്ട ആവശ്യകതയും ഇത് തന്നെയാണ്. ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പോലും കുഞ്ഞുങ്ങളുടെ മനസ്സില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിയും.


അപ്പോള്‍ പറഞ്ഞു കാട് കയറി എങ്കിലും പറയാന്‍ ഉദ്ദേശിച്ച കാര്യം ഇതാണ്, നമുക്ക് കുഞ്ഞുങ്ങളെ ഇടക്കൊക്കെ തോല്‍ക്കാന്‍ പഠിപ്പിക്കാം - കളികളില്‍, പന്തയങ്ങളില്‍,മത്സരങ്ങളില്‍... ഇടക്കൊക്കെ അവര്‍ക്ക് കൈകാര്യം ചെയ്യാനാകുന്ന കുഞ്ഞുകുഞ്ഞു സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാം. എല്ലാം മൈക്രോമാനേജ്മെന്റ്റ് ചെയ്യാതെ, അവരതിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് നോക്കാം. ആവശ്യമെങ്കില്‍ മാത്രം നമ്മുടെ അഭിപ്രായങ്ങളോ, ഉപദേശങ്ങളോ അത്തരം കാര്യങ്ങളില്‍ കൊടുക്കാം.നാലോ അഞ്ചോ പതിനാറോ വയസാകട്ടെ അവര്‍ക്ക് അവരുടേതായ രീതിയില്‍ ഒരു പ്രോബ്ലംസോള്‍വിംഗ് കഴിവുണ്ടാക്കാം. എല്ലാം അവര്‍ക്ക് തോന്നിയത് പോലെ ചെയ്യട്ടെ എന്നല്ല -പക്ഷേ, അവരെ കേട്ടാല്‍ ചിലപ്പോള്‍ നമ്മളെ അമ്പരപ്പിക്കുന്ന കാഴ്ച്ചപ്പാടുകള്‍ അവര്‍ക്കുണ്ടാകാം, അവരുടെ വഴി കൂടുതല്‍ എളുപ്പവും സുതാര്യവുമാകാം. 'ബുള്ളിയിംഗ്' നേരിടാന്‍ അവരെ പഠിപ്പിക്കാം. എന്തിലും ഏതിലും അസഹിഷ്ണുത വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ചിരിച്ചുകളയേണ്ടവയെ ചിരിച്ചുതന്നെ തള്ളാന്‍ കുഞ്ഞുങ്ങള്‍ക്ക് ഒരവസരം കൊടുത്തൂടെ നമുക്ക്? 'Let them learn to Ignore Gracefully'!

ഇതാണാ ചുള്ളന്‍ അപ്പൂപ്പന്‍ 

(ഔര്‍ കിഡ്സ്‌ മാസിക മാര്‍ച്ച്‌ ലക്കം 2018)

Friday, February 16, 2018

ഒരമ്മയുടെ കുമ്പസാരക്കുറിപ്പുകള്‍!


ഇത്തവണത്തെ ലേഖനത്തിന് 'ഒരു മോശം അമ്മയുടെ കുറ്റസമ്മതം' (confessions of a badmom) എന്നോ മറ്റോ പേരിടണമെന്ന് ഓര്‍ത്തുകൊണ്ട് തുടങ്ങട്ടെ... പലപ്പോഴും പേരന്റിങ്ങിനെ കുറിച്ചുള്ള പല ലേഖനങ്ങളും വായിക്കുമ്പോള്‍ എനിക്ക് തന്നെ തോന്നാറുണ്ട് "ശ്യോ! ആ അമ്മയും അച്ഛനും എത്ര സൂപ്പറാ.... മക്കളെ ഇത്രമേല്‍ മനസിലാക്കി പെരുമാറുന്ന, രക്ഷാകര്‍ത്താവ് ആകാന്‍ വേണ്ടി മാത്രം ജനിച്ച മനുഷ്യന്മാര്‍! " പക്ഷേ, ഒരു വിവാഹമോചിത(ന്‍) ആയ മാര്യേജ് കൌണ്‍സിലര്‍നെ പോലെയോ, പത്താം ക്ലാസ് തോറ്റിട്ടും മറ്റുള്ളവരോട് നന്നായി പഠിക്കണം എന്നുപദേശിക്കുന്ന ആളെപ്പോലെയോ ഒക്കെയാണ് പ്രശ്നപരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്ന മനുഷ്യരും എന്ന് കാലക്രമേണ എനിക്ക് മനസിലായി. തോറ്റ ഒരാളോട് ചോദിച്ചു നോക്കിയാലാകും ഒരുപക്ഷേ, നിങ്ങള്‍ക്ക് വിജയത്തിലേക്കുള്ള ഏറ്റവും നല്ല വഴി മനസിലാകുക എന്നൊരു പഴംചൊല്ലെവിടെയോ കേട്ടിട്ടുമുണ്ട്. എന്തായാലും മക്കളെക്കുറിച്ചുള്ള പുഞ്ചിരിക്കഥകളും ഉദാഹരണങ്ങളുമൊക്കെ ഇടയ്ക്കും മുറക്കുമീ എഴുത്തില്‍ കേറ്റുമ്പോള്‍ ഞാന്‍ മനപൂര്‍വം വിടാറുള്ള ചില ഭാഗങ്ങളുണ്ട്. അത്തരം രണ്ടു സന്ദര്‍ഭങ്ങള്‍ ആണ് ഇന്നത്തെ 'അമേരിക്കന്‍ മോം' , ഇനിയൊരു ചാന്‍സ് കിട്ടിയാല്‍ ഞാന്‍ മറ്റൊരു രീതിയില്‍ കൈകാര്യം ചെയ്യുമായിരുന്ന രണ്ടു സന്ദര്‍ഭങ്ങള്‍.

മൂത്ത മകന് 5 വയസ് കൃത്യം തികഞ്ഞ് പിറ്റേന്നാണ് രണ്ടാമത്തെ മകന്‍ ജനിക്കുന്നത്. മറ്റൊരു രാജ്യം - നാട്ടില്‍ നിന്നും ആര്‍ക്കും വരാന്‍ പറ്റാഞ്ഞതിനാല്‍ വീട്ടില്‍ ഞങ്ങള്‍ മാത്രം. മോന് ഒറ്റപ്പെട്ട തോന്നലോ, വിഷമമോ ഒന്നും ഉണ്ടാകരുത് എന്ന് കരുതിത്തന്നെ വളരെയധികം മുന്‍കരുതലുകള്‍ എടുത്തിരുന്നു. പക്ഷേ, ഭര്‍ത്താവ് ഓഫീസില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ എല്ലാംകൂടി എന്നെക്കൊണ്ട് കൂട്ടിയാല്‍ കൂടാത്ത ഒരു അവസ്ഥ ചെറുതായി അനുഭവപ്പെടാന്‍ തുടങ്ങി. ഇടയ്ക്കിടെ ആ 'നാഗവല്ലി' എന്നില്‍ തലപൊക്കും. കിന്റെര്‍ഗര്ട്ടന്‍കാരന്‍ പോകും മുന്നേ അച്ഛന്‍ പോകും, മകന്‍ സ്കൂളില്‍ നിന്ന് വന്നുകഴിഞ്ഞിട്ടേ ഓഫീസില്‍ നിന്നും അച്ഛന്‍ എത്തൂ. സര്‍ജറി കഴിഞ്ഞതിന്‍റെ ക്ഷീണം, ഉറക്കമില്ലായ്മ, ബേബി ബ്ലൂസ് ഒക്കെ കാരണം ആയിട്ടുണ്ടാകണം ഇനി പറയുന്ന രണ്ടു സംഭവങ്ങള്‍ക്കും. ആദ്യം ഒരു കഥ പറയാം - നിങ്ങളൊക്കെ കേട്ടിട്ടുള്ള കഥയാണ്‌ - ഒരു അച്ഛന്‍റെയും മകന്‍റെയും കഥ. കാറില്‍ കോമ്പസ് കൊണ്ട് പോറിയ  മകനെ അച്ഛന്‍ അടിച്ചു കൈ ഒടിക്കുന്നു, പിന്നീട് കാറില്‍ പോറിയിട്ട വരികള്‍ 'I love my Dad' എന്നാണെന്ന് കാണുമ്പോള്‍ കുറ്റബോധം കൊണ്ട് നീറുകയും ചെയ്യുന്ന ഒരച്ഛന്റെ കഥ വാട്സാപ്പില്‍ കുറെയേറെ റൌണ്ട്സ് ഓടിയതാണല്ലോ. ഈ കഥ വായിച്ചിട്ടും ഇമ്മാതിരി തന്നെയൊരു അനുഭവം വന്നപ്പോള്‍  ഞാനും ഏതാണ്ട് ആ അച്ഛനെപ്പോലെയാണ് പെരുമാറിയത്. അടിയും കൈ ഒടിയലും ഉണ്ടായില്ല എന്ന് മാത്രം.

മേയ് മാസത്തില്‍ അമ്മമാരുടെ ദിവസത്തിന് അടുത്തായിട്ടാണ് എന്‍റെ ജന്മദിനവും. അതുകൊണ്ട് മിക്കവാറും വര്‍ഷവും സ്കൂളില്‍ നിന്നുള്ള 'mother's ഡേ' കാര്‍ഡും കുട്ടികള്‍ തന്നെയുണ്ടാക്കുന്ന സമ്മാനങ്ങളുമൊക്കെ ജന്മദിനസമ്മാനം പോലെ കിട്ടും. ചെറുതല്ലാത്ത സന്തോഷങ്ങള്‍ ആ സാധനങ്ങളൊക്കെ തരുമെന്ന് മാത്രമല്ല മോന്‍റെ വക എന്തേലും എക്സ്ട്രാ കാര്‍ഡോ എഴുത്തോ ഒക്കെ ഉണ്ടാകാറുമുണ്ട്. ഒരു ദിവസം സ്കൂള്‍ വിട്ടുവന്നിട്ട് കാര്യമായ എന്തോ പണിയിലാണ് കുഞ്ഞന്‍. പല പ്രാവശ്യം പറഞ്ഞിട്ടും ഭക്ഷണം കഴിക്കാന്‍ വരാത്തതിനോ, ഉടുപ്പ് മാറാത്തതിനോ, ഉറങ്ങാന്‍ പോകാത്തതിനോ എന്തിനാണെന്ന് ഓര്‍മ്മയില്ലാത്ത എന്തോ നിസാരകാര്യത്തിനു ഞാന്‍ വല്ലാതെ ചീത്ത പറയുന്നുമുണ്ട്. ചെറിയവന്‍ ഉണരും മുന്‍പേ പണി തീര്‍ക്കാനുള്ള വ്യഗ്രതയില്‍ ആകണം വഴക്കിന്‍റെ കാഠിന്യം കൂടിക്കൂടി വന്നു. മോന്‍ ഒന്നും പറയുന്നുമില്ല.... ഒടുവില്‍  വഴക്ക് പറച്ചിലിന്‍റെ പാരമ്യത്തില്‍ കൊടുംകാറ്റു പോലെ മോന്‍റെ അടുത്തേക്കെത്തി വരച്ചുകൊണ്ടിരുന്ന പേപ്പര്‍ വലിച്ചെടുത്ത് ചുരുട്ടിയെറിയുന്ന ഞാന്‍, പിടിച്ചെഴുന്നേല്‍പ്പിച്ചപ്പോള്‍ കരഞ്ഞുകൊണ്ട് അകത്തേക്ക് പോകുന്ന മകനില്‍ ആ സീന്‍ അവസാനിക്കുന്നു. കൊച്ചുങ്ങളുടെ അച്ഛന്‍ ഓഫീസില്‍ നിന്നും വന്നു കഴിഞ്ഞു സ്ഥിരം ഉള്ളതുപോലെ അന്നത്തെ സംഭവ വികാസങ്ങള്‍ വിശദീകരിക്കുമ്പോള്‍ മാത്രമാണ് പിന്നീട് ആ പേപ്പറിനെക്കുറിച്ച് ഓര്‍ക്കുന്നത്. ഓടിയെന്നോണമാണ് ടീപ്പോയുടെ  അടിയില്‍ പോയി നോക്കിയത്. ഒരൊറ്റ പ്രാവശ്യമേ ചുരുട്ടിയുള്ളൂ എങ്കിലും ആ പേപ്പര്‍  ആകെ ചുളിഞ്ഞു നാശമായതുപോലെ തോന്നി എനിക്ക്. തുറന്നുനോക്കിയപ്പോള്‍  കണ്ണീര്‍ നിറഞ്ഞു വായിക്കാന്‍ ബുദ്ധിമുട്ടിച്ച ആ വാചകങ്ങള്‍  നിങ്ങള്‍ ഊഹിച്ചത് പോലെ "mom you are the best - happy bir....." എന്ന എഴുതി മുഴുമിക്കാത്ത ആശംസ ആയിരുന്നു. കൂടെ ഒരമ്മയുടേയും മക്കളുടേയും ചിത്രവും. പിന്നില്‍ വന്നു നിന്ന് വായിച്ച ഭര്‍ത്താവ് ഇത്ര മാത്രമേ പറഞ്ഞുള്ളൂ "നിനക്കിത് ആവശ്യാ" !!!

My Treasure!


രണ്ടാമത്തെ സംഭവവും ഏതാണ്ട് അതേ കാലഘട്ടം തന്നെയാണ്. ചെറിയ ആള്‍ക്ക് 7-8  മാസം പ്രായം.മൂത്തയാള്‍ക്ക് ഒന്നാം ക്ലാസ്സിലേക്ക് സ്ഥാനക്കയറ്റം കിട്ടിയിരിക്കുകയാണ്. ശൈത്യകാലത്തിന്‍റെ തുടക്കം. വൈകുന്നേരങ്ങളില്‍ ബസ് പോയിന്റിലേക്ക് ചെറിയ ആളെയും കൊണ്ട് പോകാനുള്ള ബുദ്ധിമുട്ട്  കാരണം കുഞ്ഞനെ അടുത്തുള്ള കുട്ടികള്‍ക്കൊപ്പം വരാന്‍ ചട്ടം കെട്ടി. കോമ്പ്ലെക്സിനുള്ളില്‍ ഞങ്ങളുടെ കെട്ടിടത്തിന് തൊട്ടടുത്ത് തന്നെയാണ് സ്കൂള്‍ ബസ് കുട്ടികളെ ഇറക്കുക. അതുകൊണ്ട് തന്നെ  ഒരു മിനിറ്റ് പോലും വേണ്ട കെട്ടിടത്തിന് അകത്തെത്താന്‍. അകത്തുകേറാനുള്ള വാതില്‍ തുറക്കാന്‍ 10 വീടുകളുള്ള കെട്ടിടത്തിന്‍റെ ആവശ്യമുള്ള ഡോര്‍നമ്പര്‍ ഞെക്കുക, വീടിനകത്ത് നിന്ന് നമുക്ക് പ്രധാന വാതില്‍ തുറക്കാം. അതാണ്‌ ഇവിടുത്തെ രീതി. അന്ന് വൈകുന്നേരം ബസ്സെത്തുന്ന സമയത്ത് ബെല്‍ കേട്ട് വാതില്‍ തുറക്കാന്‍ ഉള്ള ബട്ടന്‍ അമര്‍ത്തുമ്പോള്‍ തന്നെ അടുത്ത വാതിലിലെയും, അതിനടുത്ത വാതിലിലെയും ബെല്‍ശബ്ദം കേട്ടു, വീടിനുള്ളിലേക്ക് കയറിവന്ന മോന്‍ അത്യുത്സാഹത്തോടെ പറഞ്ഞു "അമ്മാ you know something? ഞാന്‍ 101 മുതല്‍ 110  വരെയുള്ള ബെല്‍ ഞെക്കി. നല്ല രസാരുന്നു!" നിര്‍ഭാഗ്യവശാല്‍ അരസികയായ അമ്മക്ക് കുഞ്ഞിന്‍റെ അത്രയും രസമോ സന്തോഷമോ ആ കേട്ട വാര്‍ത്ത‍ നല്‍കിയില്ല. മാത്രവുമല്ല ആവശ്യമില്ലാത്ത ദേഷ്യം (ആ വാതിലിനു പുറകിലുള്ളവര്‍ എന്ത് വിചാരിച്ചു കാണും  എന്ന വേണ്ടാചിന്ത) തോന്നുകയും ചെയ്തു. അമ്മ ചിരിക്കുമെന്നോ അനുമോദിക്കുമെന്നോ കരുതി നിന്ന കുഞ്ഞിനു ദേഷ്യം കൊണ്ട് മുഖം മുറുകുന്ന അമ്മയെയാണ് കാണാന്‍ കഴിഞ്ഞത്, ചിരി മാഞ്ഞ് കണ്ണ് നിറഞ്ഞ്  ചീത്ത കേട്ട കുഞ്ഞിന് എന്തിനാ ഇത്രയും  ചീത്ത കേള്‍ക്കുന്നത് എന്ന് മനസിലായിട്ടും ഉണ്ടാകില്ല. അവിടം കൊണ്ടും നിര്‍ത്താതെ എല്ലാവരോടും 'സോറി' പറയിപ്പിക്കാന്‍ അമ്മ അവനെയും കൊണ്ട് 101 ന്‍റെ വാതിലിന് അടുത്തേക്ക് നടന്നു. ആദ്യത്തെ ഡോര്‍ തുറന്നിറങ്ങിയ ആളിനോട് മാപ്പ്  പറയാന്‍ നിര്‍ബന്ധിക്കുമ്പോള്‍ ആകണം കുഞ്ഞിനു തന്‍ എന്തോ വലിയ തെറ്റ് ചെയ്തു എന്ന് തോന്നിയിട്ടുണ്ടാകുക. കരഞ്ഞുകൊണ്ട് സോറി പറയാന്‍ തുടങ്ങിയ കുഞ്ഞിനേയും എന്നെയും മാറിമാറി നോക്കുന്ന അയല്‍ക്കാരിയെ കണ്ടപ്പോഴാണ് സത്യത്തില്‍ എനിക്ക് ബോധോദയം ഉണ്ടായത്. അഞ്ചര വയസുള്ള കുഞ്ഞിന്‍റെ നിര്‍ദോഷമായ ഒരു തമാശക്ക് എന്തൊരു ട്രാജിക് അന്ത്യമാണ് ഈ ദുഷ്ടത്തി അമ്മ ഉണ്ടാക്കിയത്!

കുറച്ചു പുകപടലങ്ങളും കണ്ണീരൊഴുക്കും ഉണ്ടായെങ്കിലും  ആദ്യത്തെ സംഭവത്തിന്‍റെ അത്രയും നേരമെടുത്തില്ല എനിക്ക് സ്വബോധം തിരികെ കിട്ടാന്‍.  ഇപ്പോഴോര്‍ക്കുമ്പോള്‍ എന്നെ ഓര്‍ത്ത് പുശ്ചവും , കുഞ്ഞിനെ ഓര്‍ത്ത് സഹതാപവും , മൊത്തം സംഭവങ്ങളെ ഓര്‍ത്ത് ചിരിയും വരുമെങ്കിലും തിരികെ പോകാനായാല്‍ ഞാന്‍ ഉറപ്പായും വ്യത്യസ്തമായിട്ടായിരിക്കും ആ രണ്ടു കാര്യങ്ങളും കൈകാര്യം ചെയ്യുക. കുറച്ചുകൂടി കുഞ്ഞിനൊപ്പം ആ നിമിഷങ്ങള്‍ ആസ്വദിക്കാന്‍ ശ്രമിക്കും..... ഇതെഴുതുമ്പോള്‍ പെട്ടെന്ന് തോന്നുന്ന ഒരു കാര്യം ഏറ്റവുമടുത്ത ദിവസങ്ങളില്‍ ഒന്നില്‍ കുഞ്ഞനൊപ്പം എല്ലാ വാതിലിലേയും ബെല്ലൊരു പ്രാവശ്യം അമര്‍ത്തിയിട്ട് ഒളിച്ചാലോ എന്നാണ്! നിങ്ങളിനി പത്രത്തില്‍ ബെല്ലടി ശല്യം അമ്മയും മകനും അറസ്റ്റില്‍ എന്നെങ്ങാനും കണ്ടാല്‍ ഉറപ്പിച്ചോളുക അത് ഞങ്ങളാണ്!

ഈ രണ്ടു സംഭവങ്ങളും ഇങ്ങനെ തുറന്നെഴുതി മോശം അമ്മയാണ് ഞാനെന്നു സമ്മതിക്കുന്നത് എന്തിനാണെന്നോ - I believe there is no good parenting or bad parenting , there is only parenting. കുഞ്ഞുങ്ങളുടെ നന്മ, സന്തോഷം ഒക്കെത്തന്നെയാണ് സാധാരണ ഗതിയില്‍ എല്ലാ അച്ഛനമ്മമാരും ആഗ്രഹിക്കുക. എന്നാലും ഇടയ്ക്കിടെ ഇങ്ങനെ നിയന്ത്രണം വിട്ടുപോകുന്ന, നമ്മളറിയാതെ തന്നെ മറ്റെന്തൊക്കെയോ സംഭവിച്ചു പോകുന്ന, കുഞ്ഞുങ്ങള്‍ ചിന്തിക്കുന്നതിന്‍റെ അരികു ചേര്‍ന്നുപോലും നടക്കാന്‍ കഴിയാതിരുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായേക്കാം. അങ്ങനെ നിങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഒറ്റക്കല്ല എന്ന് പറയാനാണീ എഴുത്ത്. എന്‍റെ മകന്‍ ഇടയ്ക്കിടെ പറയുന്ന ഒരു വാചകമുണ്ട് - "I DONOT like when you guys scold me.... I'm sad when you scold me. So DONOT scold me even if im bad/wrong/misbehave" ഇത് കേള്‍ക്കുമ്പോള്‍ ഒക്കെ ഞങ്ങള്‍ക്ക് തോന്നും "ഹമ്പടാ കേമാ നീയാള് കൊള്ലാംലോ" , അവനിഷ്ടല്ലാത്തത് കൊണ്ട് അവന്‍ തെറ്റ് ചെയ്താലും ചീത്തക്കുട്ടിയായാലും വഴക്ക് പറയാന്‍ പാടില്ലാത്രേ. ഒരുപക്ഷേ എല്ലാ കുട്ടികള്‍ക്കും ഇതാകാം ആഗ്രഹം, അച്ഛനുമമ്മയും വഴക്ക് പറയുമ്പോള്‍ ലോകം മുഴുവന്‍ ഇടിഞ്ഞുപൊളിഞ്ഞു വീഴുന്നതായി തോന്നുന്നുണ്ടാകാം, അവരെ ആര്‍ക്കും ഇഷ്ടമല്ല എന്ന് തോന്നുന്നുണ്ടാകാം... പക്ഷേ, പക്ഷേ...വഴക്ക് പറയാതെ എങ്ങനെ മോശം സ്വഭാവങ്ങള്‍ മാറ്റും? എങ്ങനെ നല്ല കുട്ടികള്‍ ആക്കും? അപ്പോപ്പിന്നെ എന്താ ചെയ്ക? വഴക്ക് പറയേണ്ടി വന്നാലും ആ നിമിഷം കഴിയുമ്പോള്‍ പൂണ്ടടക്കം കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കുക, അവര്‍ പിണങ്ങും..പരിഭവിക്കും,എന്നാലും വഴക്ക് പറഞ്ഞില്ലേ എന്ന് ചിണുങ്ങും..ഒരു സ്നേഹോമില്ല എന്ന് ദേഷ്യപ്പെടും - സാരമില്ലാന്നേ! അവരുടെ സങ്കടം കൊണ്ടല്ലേ. ആ സമയത്ത് ഒരുമ്മ കൂടി കൊടുത്തിട്ട് അവരോട്  എന്തിനാണ് വഴക്ക് പറഞ്ഞതെന്നും ശരിക്കും ആ സമയത്ത് എങ്ങനെ ആയിരുന്നു ചെയ്യേണ്ടിയിരുന്നത് എന്നുമൊക്കെ ശാന്തമായി പറഞ്ഞാല്‍ മതി. ഒന്ന് രണ്ടുദിവസമൊക്കെ വളരെ നല്ല കുട്ടികളായി നടക്കാന്‍ അത്രയും ധാരാളം. അങ്ങനെ അങ്ങനെ ആവര്‍ത്തനങ്ങളിലൂടെ അവര്‍ക്കൊരു ബോധംവരും ശരിതെറ്റുകളെക്കുറിച്ച് - സ്നേഹമുണ്ടെങ്കിലും വഴക്ക് പറയേണ്ടി വരുന്ന നിമിഷങ്ങളെക്കുറിച്ച്, സാധ്യമെങ്കിലും ചെയ്തുകൂടാത്ത കാര്യങ്ങളെക്കുറിച്ച്....

അപ്പോ നേരത്തെ പറഞ്ഞത് മറക്കണ്ട - അയല്ക്കാര്‍ തല്ലി അമ്മയും മകനും ആശുപത്രിയില്‍ എന്ന് വാര്‍ത്ത‍ കേട്ടാലും അത് ഞങ്ങളായിരിക്കും!

         (2018 February Our Kids Edition - American MOM)
                                        

Monday, January 22, 2018

ഞാനും ഒരു ജിമിക്കിക്കമ്മലും!

ചില നേരങ്ങളിൽ മറ്റുള്ളവരിൽ നിന്ന് കേൾക്കുന്ന അത്രമേൽ പ്രത്യേകത ഒന്നും  ഇല്ലാത്ത ചില വാക്കുകൾ, വാചകങ്ങൾ വർഷങ്ങൾക്ക് ശേഷവും  ഓർത്തുവെക്കുന്ന ഒരു ഭ്രാന്തൻ സ്വഭാവമുണ്ടെനിക്ക്. പലപ്പോഴും പറഞ്ഞവരും കൂടെ കേട്ടവരുമൊക്കെ മറന്നുപോയിട്ടുണ്ടാകും, അങ്ങനെയൊന്നു കാര്യം നടന്നുവെന്നത് തന്നെ. പണ്ടുപണ്ടൊരു സ്‌കൂൾ യുവജനോത്സവസമയത്ത് നടന്നൊരു കഥയാണ് ഇപ്പോൾ ഞാൻ പറയാൻ പോകുന്നത് - അന്ന് രണ്ടു പേർ പറഞ്ഞ രണ്ടു വ്യത്യസ്ത വാചകങ്ങൾ..ഇന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ടുവാചകങ്ങൾ!

മൂക്കില്ലാരാജ്യത്തെ മുറിമൂക്കുള്ള രാജാവായിരുന്നു  സ്‌കൂൾക്കുട്ടിയായിരുന്നപ്പോൾ - പഠിക്കുമെന്ന ഒറ്റക്കാരണം കൊണ്ട് എല്ലായിടത്തും വിലസിനടന്നിരുന്ന ഞാൻ, കലാപരമായ കഴിവുകൾ അധികമൊന്നും ഇല്ലെങ്കിലും തൊലിക്കട്ടി മാത്രം കൊണ്ട് ഒട്ടുമിക്ക  പരിപാടികളിലും കൊണ്ട്  തല വെക്കുമായിരുന്നു... പദ്യപാരായണം മുതൽ ലളിതഗാനം വരെ, നാടോടിനൃത്തം മുതൽ മോണോ ആക്ട് വരെ...എന്തിനു പറയുന്നു ആളെക്കിട്ടിയില്ലെങ്കിൽ സംഘഗാനം വരെ ഒറ്റയ്ക്ക് പാടുന്ന ടൈപ്പായിരുന്നു ഞാൻ. പിന്നെ കുറേയേറെക്കാലം കഴിഞ്ഞു ബോധം വെച്ചപ്പോഴാണ് പണ്ട് പാട്ടുപാടി ആൾക്കാരെ ദ്രോഹിച്ചതിന്റെ ആഴമൊക്കെ മനസിലായത്. കൊച്ചുകുഞ്ഞിന്റെ വികൃതികളായിക്കണ്ട്  എല്ലാവരും എന്നോട് ക്ഷമിച്ചിട്ടുണ്ടാകും എന്ന് ആശ്വസിക്കാം. 

അങ്ങനെയുള്ള ഒരു സ്‌കൂൾകലോത്സവകാലം. ആകെമൊത്തം ടോട്ടൽ രണ്ടു ദിവസവും കൂടി 15-17 ഇനങ്ങൾക്ക് പേര് കൊടുത്തിട്ടുണ്ട്. മാത്രവുമല്ല മറ്റു ചിലരെ സഹായിക്കാമെന്നും ഏറ്റിട്ടുണ്ട്. ജഗ-പൊഗ മട്ടിൽ അങ്ങോളം ഇങ്ങോളം ഓടിനടക്കുകയാണ് ഞാനും കൂട്ടുകാരുമൊക്കെ. അങ്ങനെ ആശയപരവും,സാങ്കേതികപരവുമായ  സഹായം ചെയ്തുകൊടുക്കാമെന്ന് ഏറ്റിരുന്ന ഒരു ഐറ്റം ആയിരുന്നു ഫാൻസി ഡ്രസ്സ് മത്സരം. മത്സരാർത്ഥി ചേട്ടന്മാരുടെ സുഹൃത്തിന്റെ അനിയത്തിയാണ് - തല്ക്കാലം നമുക്കവളെ ഹസീന എന്ന് വിളിക്കാം. ചേട്ടന്മാരുടെ സുഹൃത്ത് സുന്ദരിയായ പെൺസുഹൃത്ത് ആയതുകൊണ്ടാണോ എന്നറിയില്ല രണ്ടാളുടെ വകയും റെക്കമെന്റേഷൻ ഉണ്ട് സഹായിച്ചുകൊടുക്കണം എന്ന്. ആറാം ക്ലാസ്സിൽ പഠിക്കുന്ന ഞാനാണ് ട്ടാ  എട്ടാം ക്ലാസുകാരിയായ മത്സരാർത്ഥിയെ  സഹായിക്കാൻ പോകുന്നത്. ആ കൊച്ചാണേൽ പ്രച്ഛന്നവേഷ മത്സരത്തിന് മുൻപുള്ള ഏതോ ഡാൻസിനുണ്ട്. അത് കഴിഞ്ഞിട്ട് വേണം 'ഭാരതമാതാവ്' ആകാൻ. ഐഡിയ ഒക്കെ പറഞ്ഞുകൊടുത്തു, ഡ്രസ്സ് അവര് തന്നെ കൊണ്ട് വന്നിട്ടുണ്ട്, ദേശീയ പതാക ഒപ്പിച്ചുകൊടുത്തു. ഇനി ചെയ്യാനുള്ളത് ആ കുട്ടിയുടെ മത്സരത്തിന്റെ സമയം വരുമ്പോൾ രണ്ടു വാചകം ഭാരതാംബയെക്കുറിച്ചു പറഞ്ഞു ദേശസ്നേഹം നല്ലോണം ചാലിച്ച് രണ്ടു 'ഭാരതമാതാ കീജയ്‌ ' മൈക്കിലൂടെ വിളിക്കണം. പരിപാടി തുടങ്ങാറാവുമ്പോൾ എന്നെ വിളിച്ചാൽ മതിയെന്ന് പറഞ്ഞിട്ട് ഞാൻ സ്റ്റേജിനു ഏറ്റവും അടുത്തുള്ള ക്ലാസ്സിലേക്ക് അടുത്ത ഐറ്റത്തിന് ഒരുങ്ങാൻ വേണ്ടി പോയി. തൊട്ടപ്പുറത്തെ മുറിയിൽ തന്നെ ഹസീനയും, എനിക്കറിയുന്ന അവളുടെ  ചേച്ചിയും ഉണ്ട്. ഹസീന ഒരുങ്ങിത്തീർന്നപ്പോഴേക്കും സ്റ്റേജിൽ പ്രശ്ചന്നവേഷമത്സരം തുടങ്ങിക്കഴിഞ്ഞു. ഓടിയിറങ്ങാൻ തുടങ്ങുമ്പോഴാണ് കാണുന്നത് ഭാരതമാതാവിൻ്റെ കാതിലെ കമ്മൽ മാറ്റിയിട്ടില്ല. ഹസീനയുടെ ചേച്ചി വേഗം അതഴിച്ചു,  ഞങ്ങൾ രണ്ടാളും ഒരേസമയം രണ്ടുവശത്തും  മാതാവിന്റെ കമ്മലിട്ടു കൊടുക്കുന്നു, നേരാംവണ്ണം മുറുക്കും മുൻപുതന്നെ അവളുടെ പേരുവിളിക്കുന്നത് കേട്ട് ഭാരതമാതാവിനെ  ഞങ്ങൾ രണ്ടാളും കൂടി രണ്ടുചെവിയിലും തൂക്കിയെടുത്തോണ്ട് സ്റ്റേജിനു നേർക്ക് ഓടുന്നു..അങ്ങനെ ആകെ ബഹളമയം! 

എങ്ങനെയൊക്കെയോ ഭാരതാംബയെ സ്റ്റേജിൽ കയറ്റി, വെപ്രാളത്തിൽ അനൗൺസ്മെന്റിനു തന്ന മൈക്ക് ഓണാക്കാതെ ഇൻട്രൊഡക്ഷൻ ഒക്കെപ്പറഞ്ഞു, തീരാനായപ്പോൾ ആരോ മൈക്ക് ഓണാക്കി - അതറിയാതെ അവസാനത്തെ 'വന്ദേമാതരം' മൈക്ക് ഇല്ലേലും ആള്ക്കാര് കേൾക്കണം എന്ന ഉദ്ദേശത്തിൽ  തൊണ്ട പൊട്ടുമാറുച്ചത്തിൽ വിളിച്ച എന്നെ ബാക്ക്‌സ്റ്റേജിൽ നിന്ന എല്ലാവരും 'ഇവളിതെന്ത് ഭാവിച്ചാ!' എന്നപോലെ നോക്കുമ്പോൾ 'ഞാനല്ല, മൈക്കാ ..മൈക്കാ എന്നെ ചതിച്ചത്' എന്ന ഭാവത്തിൽ ഞാൻ പതുക്കെ ബാക്ക് സ്റ്റേജിൽ നിന്ന് വലിഞ്ഞു. വീണ്ടും പഴയ റൂമിലെത്തി മേക്കപ്പ് - അഥവാ കരി വരയ്ക്കൽ - തുടർന്നു. 

ഹസീനയും ചേച്ചിയും അതേ റൂമിൽ വന്നു 'ഭാരത'സാരി മാറുകയാണ്. കൂട്ടത്തിൽ ' നല്ല കൈയടിയുണ്ടായിരുന്നു, ആളുകൾക്ക് ഇഷ്ടായിന്നു തോന്നുന്നു, വന്ദേമാതരം കലക്കി' ഇമ്മാതിരി കമന്ററിയുമുണ്ട്. പെട്ടെന്നാണ് ഹസീന ചേച്ചിയോട് "ഇത്താത്താ എന്റെ കമ്മലെവിടെ?" എന്ന് ചോദിക്കുന്നത്. "അത് ആർഷയുടെ കയ്യിലാന്ന്" ചേച്ചി പറയുന്നത് കേട്ട ഞാൻ എന്റെ കയ്യിലോ എന്ന് വാ പൊളിച്ച്  സ്വന്തം കയ്യിലേക്ക് നോക്കി - ശൂന്യം!  അതേത് കമ്മൽ എന്ന് ഓർക്കാൻ തന്നെ ഞാനൊരു മിനിറ്റ് സമയമെടുത്തു...  ഓർക്കുന്നുവോ, ഇച്ചിരി നേരം മുന്നേ ഭാരതമാതാവിന്റെ കമ്മലിടാൻ വേണ്ടി ഹസീനയുടെ രണ്ടുവശത്തും നിന്ന് ഞാനും അവളുടെ ചേച്ചിയും കൂടി ഒരു സെക്കന്റിന്റെ ഒരു ഫ്രാക്ഷനിൽ കമ്മലഴിക്കുകയും, ഇടുകയും, സ്റ്റേജിലേക്ക് ഓടുകയും ഒക്കെ ചെയ്തത്???  ഇതിനിടയിൽ ആദ്യം ഊരിയ സ്വർണ്ണക്കമ്മൽ ചേച്ചി എന്റെ കയ്യിൽ തന്നിരുന്നു എന്നൊരു അവ്യക്ത ഓർമ്മ മാത്രമേ എനിക്കുള്ളൂ..അതിനുശേഷം അത് ഞാൻ എവിടെയെങ്കിലും വെച്ചതോ, ആരുടെയെങ്കിലും കയ്യിൽ കൊടുത്തതോ ഒന്നും ഓർമ്മയില്ല! എന്തിന് - ഈ ചോദ്യം വരുംവരെ ആ കമ്മൽ എന്റെ കയ്യിലുണ്ടായിരുന്നു എന്നുപോലും എനിക്ക് ഓർമയുണ്ടായിരുന്നില്ല. നാട്ടിൻപുറത്തെ ഗവണ്മെന്റ് സ്‌കൂളിൽ പഠിക്കുന്ന ഒരു കുട്ടിക്ക് സ്വർണക്കമ്മൽ-അതെത്ര ചെറുതാണെങ്കിലും- അത്രമേൽ വലുതാണ് കുട്ടിക്ക് മാത്രല്ലാ നാട്ടുകാർക്കും! ഹസീനയുടെ കമ്മൽ കാണാനില്ല എന്നതറിഞ്ഞു വന്ന കുറച്ചു അദ്ധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും ഒക്കെ ആ മുറിയും, മത്സരത്തിന് മുൻപ് അവർ ഒരുങ്ങാൻ നിന്ന മുറിയും സ്റ്റേജിന്റെ പുറകിലും ഒക്കെ തപ്പാൻ തുടങ്ങി. ഞാനാണേൽ ഇപ്പോൾ കരയും എന്ന മട്ടിൽ, ആരേലും തൊട്ടാൽ മതി താഴെവീഴാൻ റെഡി ആയി നിൽക്കുവാ. കമ്മൽ പോയതറിഞ്ഞാൽ ഉമ്മ അടിച്ചു സുയിപ്പാക്കുമല്ലോ എന്നോർത്തു ഹസീനയും,  എന്റെയല്ല കമ്മൽ എങ്കിലും പോയവഴിയിൽ എവിടെയെങ്കിലുംഞാൻ ഉണ്ടായാൽ മതി ആദ്യം അടിച്ചിട്ട് മാത്രം ചോദ്യം ചോദിയ്ക്കാൻ പോകുന്ന അമ്മയെ ഓർത്തു ഞാനും കരച്ചിലിന്റെ വക്കത്താണ്. ചേട്ടന്മാരെ കണ്ടു കാര്യം പറഞ്ഞേക്കാം അല്ലെങ്കിൽ വീട്ടിൽ ചെല്ലുമ്പോൾ സപ്പോർട്ട് തരാതെ രണ്ടാളും മുങ്ങുമെന്ന് ഉറപ്പുള്ളതുകൊണ്ട് ഞാൻ പതുക്കെ തിരച്ചിൽ നിർത്തി റൂമിനു പുറത്തേക്ക് ഇറങ്ങുമ്പോൾ അഞ്ചാം ക്ലാസ്സിൽ മലയാളം പഠിപ്പിച്ച സാർ എന്നെ വിളിച്ചുകൊണ്ട് മുറിയിലേക്ക് കയറിവന്നു. 

'എന്താ സാറേ' എന്ന് ചോദിച്ചടുത്തേക്ക് ചെന്ന എന്നെ പതുക്കെ തോളിൽ പിടിച്ചു അടുത്തേക്കുനിർത്തി സർ ചോദിച്ചു "നീയെവിടെയാ ആ കമ്മൽ വെച്ചിരിക്കുന്നേ? ഇങ്ങെടുത്തേ". അന്ന് കണ്ണിലിരുട്ട് കയറിയതുപോലെ പിന്നൊരിക്കലും നിന്നിട്ടില്ല... ദേഹമൊക്കെ തളരുന്നത് പോലെ തോന്നി. ക്ഷീണിച്ച ശബ്ദത്തിൽ "ഞാനെടുത്തിട്ടില്ല സാറേ ..സത്യായിട്ടും ഞാനെടുത്തിട്ടില്ല" എന്ന് പറഞ്ഞ എന്റെ വിറച്ച ശബ്ദത്തിനെ എനിക്കുപോലും വിശ്വസിക്കാൻ തോന്നില്ല..അത്രമേൽ പതറി, തൊണ്ട വരണ്ട്, ശബ്ദം പുറത്തേക്ക് വരാതെ പറഞ്ഞൊപ്പിച്ചതിനെ അദ്ദേഹം തലയൊന്നു കുലുക്കി ചിരിച്ചു കുടഞ്ഞു കളഞ്ഞു! വീണ്ടും ഗുഹയിൽ നിന്നെന്നപോലെ ഞാൻ സാറിന്റെ ശബ്ദം കേട്ടു "അത് കള! നീയെവിടാ വെച്ചേന്നു പറഞ്ഞോ, നിനക്കൊരു കുഴപ്പോം വരില്ല" വീണ്ടും വയറു കാളുന്നത് പോലെ തോന്നിയെനിക്ക്...അടുത്തത് ദേശീയ ഗാന മത്സരമാണ്, അത് തീർന്നാൽ കഴിഞ്ഞകൊല്ലത്തെ ഓരോ വർഷത്തെയും കൂടുതൽ മാർക്ക് മേടിച്ച കുട്ടികൾക്കുള്ള സമ്മാനം. അഞ്ചാംക്ലാസ്സിലെ ഒന്നാം സ്ഥാനക്കാരിയാണ്...പേര് വിളിക്കുമ്പോൾ ആളുകൾക്കിടയിലൂടെ നടന്ന് സ്റ്റേജിൽ കയറി ഹെഡ്മിസ്ട്രസ്സിന്റെ കയ്യിൽ നിന്ന് സമ്മാനപുസ്തകോം സർട്ടിഫിക്കറ്റും വാങ്ങേണ്ട ആളാണ് - ചെറുതല്ലാത്ത ആൾക്കൂട്ടം പുറകിൽ നിൽക്കെ വരണ്ടുവിളറി രക്തമില്ലാത്ത മുഖവുമായി തലയുയർത്തിയാണെങ്കിലും ദയനീയമായി സാറിനെ നോക്കിനിൽക്കുന്നത്. 

നിറം മങ്ങിയ മെറൂൺ യൂണിഫോം പാവാടയുടെ അറ്റം കൈകൾ കൊണ്ട് തെരുപ്പിടിച്ചു നിൽക്കെ, എണ്ണ കുനിഞ്ഞ മുഖത്തിലേക്ക് വിയർപ്പിറ്റി വീഴവേ ആ 12 വയസുകാരി ഓർത്തത് എന്തുകൊണ്ടാകും സാറിന് ഞാനത് മോഷ്ടിച്ചിട്ടുണ്ടാകും എന്ന് തോന്നിയത് എന്നാണ്. സ്‌കൂളിൽ എല്ലാവർക്കും അറിയാം അമ്മയെ, അച്ഛനെ, ചേട്ടന്മാരെ, എന്നെ! ദാരിദ്ര്യത്തിന്റെ മേൽത്തഴമ്പുകളാവോളം ഉണ്ടെങ്കിലും എന്റെ ക്‌ളാസ്സിലെ ഏറ്റവും മിടുക്കിയാണ് ഞാൻ..സ്കോളര്ഷിപ്പുള്ള കുട്ടി, ക്‌ളാസ് ലീഡർ, എല്ലാകാര്യത്തിലും മുൻപന്തിയിൽ ഓടുന്ന ആവേശക്കാരി! എന്നിട്ടും ഒരു കമ്മൽ കാണാനില്ല എന്നറിഞ്ഞപ്പോൾ സ്വർണക്കമ്മൽ ഇല്ലാത്ത ഞാനത് എടുത്തിരിക്കാമെന്നു എന്റെ അദ്ധ്യാപകന് തോന്നിയെങ്കിൽ എന്താകാം കാരണം! വീണ്ടും വീണ്ടും തൊണ്ടയിൽ വാക്കുകൾ തിക്കുമുട്ടിയത് "ഞാനല്ല...., ഞാനെടുക്കില്ല സാർ " എന്നാണ്.  ഹസീനയുടെ ചേച്ചി ദൂരെ നിന്ന് എന്നെ വിളിച്ചത് കേട്ട് സാർ എന്നോട് പൊക്കോളാൻ കൈകാട്ടി, കൂട്ടത്തിൽ "ഇപ്പോൾ നീ പൊക്കോ ഇത് കഴിയട്ടെ " എന്നും പറഞ്ഞു. 

ഹസീനയുടെ ചേച്ചിയുടെ അടുത്തേക്ക് ദുർബലമായ കാലുകളെ വലിച്ചുവെച്ചു നടന്നു.. "ചേച്ചിയും ഞാൻ കള്ളിയാണെന്നു കരുതുന്നുണ്ടാകുമോ! എല്ലാരും സാറിനെപ്പോലെ ചിന്തിക്കുമോ..ആരും എന്നെ വിശ്വസിക്കില്ലേ..!!? " ചിന്ത ഇത്രയുമായപ്പോൾ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി, അടുത്തെത്തിയ ചേച്ചിയുടെ കൈ പിടിച്ചു പറഞ്ഞു - "ഞാൻ എടുത്തിട്ടില്ല ഹസീനയുടെ കമ്മൽ, പക്ഷേ എന്റെ തെറ്റാണ് എനിക്കോർമ്മയില്ല അതിനെന്തു പറ്റിയെന്ന്". ചേച്ചി എന്റെ കയ്യിലൊന്നമർത്തി, എന്നെക്കൂട്ടി മുന്നോട്ട് നടക്കുമ്പോൾ ഒരു സാധാരണ കാര്യം പറയുംപോലെ പറഞ്ഞു "നിനക്കെന്താ! നീയത് എടുക്കില്ലാന്നു എനിക്കറിയില്ലേ? ബാ നമുക്ക് തപ്പാം". ദൈവം ഉണ്ടെന്നും അവർ നമുക്കിടയിലാണെന്നും ഒരാറാം ക്ലാസ്സുകാരി ഉറപ്പിച്ച ദിവസമാണന്ന്. സത്യത്തിൽ അന്ന് ചേച്ചി എന്നോട് കാണിച്ച ആ വിശ്വാസം എൻ്റെ ആത്മവിശ്വാസത്തെയാണ് രക്ഷിച്ചത്, അന്ന് ഹസീനയോ ചേച്ചിയോ എന്നെ അവിശ്വസിച്ചിരുന്നു എങ്കിൽ ഞാൻ തകർന്നുപോയേനെ! ഗ്രീൻറൂമിൽ നിന്ന് സ്റ്റേജിലേക്ക് ഹസീനയെ ചെവിയിൽത്തൂക്കി ഓടിയ വഴിയിൽ എന്റെ കയ്യിൽനിന്നു തെറിച്ചുവീണ ഒരുജോഡി ജിമിക്കിക്കമ്മൽ, അവിടെ ആ ചെമ്മണ്ണിൽ പുതഞ്ഞുകിടന്നിരുന്നു. തിരച്ചിൽകൂട്ടത്തിൽ ഉണ്ടായിരുന്ന ഗംഗടീച്ചറിന് കിട്ടിയ ആ കമ്മലിന് എന്റെ ജീവനോളം വിലയുണ്ടായിരുന്നുവെന്ന് ഇന്ന് 23 കൊല്ലങ്ങൾക്കിപ്പുറം ഇരുന്നു ചിന്തിക്കുമ്പോൾ, അദ്ധ്യാപക-വിദ്യാർത്ഥി കഥകൾ കേൾക്കുമ്പോൾ തോന്നുന്നു. 

കുഞ്ഞുങ്ങളിൽ കുറ്റം  ആരോപിക്കാൻ എളുപ്പമാണ്, ആത്മവിശ്വാസം തകർക്കാനും...പക്ഷേ, ചില നേരങ്ങളിൽ നമ്മളറിയാതെ നീട്ടുന്ന വിരൽത്തുമ്പിൽ ആകും മറ്റൊരാളുടെ ജീവനുണ്ടാകുക. കുട്ടികൾക്ക് നേരെ വിരൽ ചൂണ്ടും മുൻപ് ഒന്നാലോചിച്ചാൽ കുഴിയിലേക്ക് താഴ്ന്നുപോകും മുൻപ് അവർക്കുനേരെ നീട്ടപ്പെടുന്ന  ഒരു വിരലാകാൻ  കഴിഞ്ഞേക്കാം. ഇത് അദ്ധ്യാപകരോട് മാത്രമല്ല അച്ഛനമ്മമാരോടും കൂടിയാണ്. ആ സാറിനെ ഞാൻ പിന്നെയും കണ്ടിട്ടുണ്ട്, ഒരിക്കൽപ്പോലും അതിനുശേഷം അദ്ദേഹം ഈ വിഷയത്തെക്കുറിച്ചു പറയുകയുണ്ടായിട്ടില്ല, ഇന്നദ്ദേഹമോ ഹസീനയുടെ ചേച്ചിയോ  അതോർക്കുന്നുണ്ടാകില്ല എന്നെനിക്കുറപ്പുമാണ്. പക്ഷേ, ഞാനിന്നും അതോർക്കുന്നു... രണ്ടു പേരും പറഞ്ഞ ജീവന്റെ വിലയുള്ള രണ്ടു വാചകങ്ങളും! (vayanaonline November 2017)

Monday, January 1, 2018

'ഒരമ്മയും ഒരച്ഛനും പിന്നൊരു കൂട്ടം ആളോളും'

കഴിഞ്ഞ ലക്കത്തില്‍ പറഞ്ഞു നിര്‍ത്തിയതില്‍ നിന്ന് തുടങ്ങാമല്ലേ ഇപ്പ്രാവശ്യം? കുഞ്ഞുങ്ങളുടെ കണ്ണിലെ പൂത്തിരികള്‍ - അത് തെളിയിക്കാനും അണയ്ക്കാനും കഴിവുള്ള രണ്ടു വിഭാഗമാണ് രക്ഷിതാക്കളും അദ്ധ്യാപകരും. ഈ കുറിപ്പ് എഴുതുമ്പോള്‍ പോലും കൊല്ലത്തൊരു കുഞ്ഞിന്‍റെ കണ്ണിലെ പൂത്തിരി അണഞ്ഞ വിഷയം ഫേസ്ബുക്ക് സ്ക്രീനില്‍ സ്ക്രോള്‍ ചെയ്തു നീങ്ങുകയാണ്. ഒരുപാടു തവണ വായിച്ചും പറഞ്ഞും കടന്നുപോയ വിഷയം ആണെങ്കിലും വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കാന്‍ തോന്നുന്നത് അതുകൊണ്ടാണ്. കുഞ്ഞുങ്ങള്‍ക്ക് ആത്മവിശ്വാസം ഉണ്ടാകാനുള്ള ഏറ്റവും നല്ലയിടം വീടുകളാണ്, രണ്ടാമത് സ്കൂളുകളും. എന്തൊക്കെ തരത്തിലുള്ള പ്രകോപനങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും ജീവനൊടുക്കാന്‍ പാടില്ലായിരുന്നു എന്ന തോന്നല്‍ ആ കുഞ്ഞിനു കൊടുക്കാന്‍ കഴിയാതിരുന്ന ഓരോരുത്തരും അതില്‍ പങ്കാളിയാണ്..സ്കൂളും, ബന്ധുക്കളും, സമൂഹവും ഒക്കെ. പക്ഷേ, ഓരോരുത്തരുടെയും പങ്കു വ്യത്യസ്തമാണുതാനും.

ആ ഒരു പോയിന്റില്‍ നിന്നാകട്ടെ നമ്മുടെ ഇന്നത്തെ വിഷയം. കഴിഞ്ഞ ലക്കത്തില്‍ ഞാന്‍ പറയാമെന്ന് ഏറ്റിരുന്ന രണ്ടാമത്തെ അമ്മയുടെ കഥ.
ഒന്നര രണ്ടു  വയസുള്ള ചെറിയ കുട്ടിയുടെ അമ്മയാണ് ഈ കഥ പറയുന്നത്. ജോലിസംബന്ധമായി ദൂരെയൊരു നഗരത്തിലെ ഫ്ലാറ്റില്‍ താമസിക്കുന്ന അച്ഛനും,അമ്മയും,ചെറിയ കുട്ടിയും അടങ്ങുന്ന അണുകുടുംബം. നേരെ എതിരെയുള്ള ഫ്ലാറ്റില്‍ താമസിക്കുന്നത് ജോലിക്ക് പോകാന്‍ തക്ക മുതിര്‍ന്ന മക്കളുള്ള ഒരു കുടുംബമാണ്. സ്വാഭാവികമായും പകല്‍സമയങ്ങളിലെ വിരസതയില്‍ ഈ രണ്ടു വയസുകാരി ഒരു  ആശ്വാസം ആണ് അപ്പുറത്തെ വീട്ടിലെ അമ്മൂമ്മക്ക്. ചെറിയ കുഞ്ഞിന്‍റെ ചെറുപ്പക്കാരിയായ അമ്മയ്ക്ക്  ആണെങ്കിലോ ഇങ്ങനെ വിശ്വസിക്കാവുന്ന തരത്തില്‍ ഒരു അയല്‍ക്കാരി അമ്മൂമ്മയെ കുഞ്ഞിനു കിട്ടിയതില്‍ വളരെ ആശ്വാസവും. പകലുകളില്‍ ഇടക്കൊക്കെ  ഒരോട്ടക്കുളി കുളിക്കാന്‍ സമയം കിട്ടാന്‍ അമ്മ കുഞ്ഞിനെ അങ്ങോട് കൊടുക്കുകയോ, വീട്ടുജോലി തീര്‍ന്നുള്ള ഇടവേളകളില്‍ അമ്മൂമ്മ കുഞ്ഞിനെ ഇങ്ങോട് വന്നു എടുക്കുകയോ ഒക്കെ ചെയ്യും. അമ്മൂമ്മക്ക് കുഞ്ഞിനോട് സ്വന്തം പേരക്കുട്ടിയോട്‌ എന്നപോലെ സ്നേഹവും ആണ്. ഇനിയാണ് ചെറുതെങ്കിലും അല്പം കാര്യത്തിലുള്ള പ്രശ്നം പൊങ്ങി വരുന്നത്.

സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുന്ന കുഞ്ഞിനെ കരയാതെ ഇരുത്താന്‍ അമ്മൂമ്മ ആദ്യം ചെയ്യുന്നത് ടെലിവിഷനില്‍ നഴ്സറിപ്പാട്ടുകള്‍ വെച്ചുകൊടുക്കലാണ്. കൂട്ടത്തില്‍ സ്നേഹം കാട്ടാന്‍ ചോക്ലേറ്റും കൊടുക്കും. അതുകൊണ്ടുതന്നെ കുഞ്ഞിനു അവിടേക്ക് പോകാന്‍ വളരെ ഇഷ്ടവുമാണ്. അമ്മയുടെ പ്രശ്നം കുഞ്ഞിനെ അധികം TV  കാണിക്കാനോ, ദിവസവും ചോക്ലേറ്റ് പോലുള്ള മധുരം കൊടുക്കണോ ഇഷ്ടമല്ല എന്നുള്ളതുമാണ്. കൈക്കുഞ്ഞിനേയും കൊണ്ട്അവിടേക്ക് മാറിവന്ന സമയങ്ങളില്‍ ഈ അമ്മൂമ്മ വളരെ വലിയൊരു ആശ്വാസം ആയിരുന്നതിനാല്‍ ആളിനെ വിഷമിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും പറയാനോ, കുഞ്ഞിനെ അങ്ങോട്ടേക്ക് വിടണ്ട എന്ന് വെക്കാനോ കഴിയുന്നില്ല. ഒന്നുരണ്ടു പ്രാവശ്യം സൌമ്യമായി  മധുരം കൊടുക്കണ്ട എന്നും, TV അധികം കാട്ടണ്ട എന്നുമൊക്കെ പറഞ്ഞെങ്കിലും അതൊന്നും ഫലിക്കുന്നില്ല, കാണുമ്പോള്‍ ഇതൊക്കെ തന്നെയാണ് അവസ്ഥ എന്നും, ചോദിക്കുമ്പോള്‍ കുഞ്ഞു കരഞ്ഞത് കൊണ്ടും ചോദിച്ചത് കൊണ്ടുമാണ് മധുരം കൊടുത്തത് എന്നുമാണ് അമ്മൂമ്മയുടെ മറുപടി. എങ്ങനെയാണു ഈ അവസ്ഥ കൈകാര്യം ചെയ്യേണ്ടത് എന്നായിരുന്നു ആ അമ്മയുടെ വിഷമാവസ്ഥയിലുള്ള പോസ്റ്റ്‌.  ഈ കുറിപ്പ് വായിക്കുന്ന എല്ലാവരുടെയും മുഖത്ത് പല രീതിയിലുള്ള ചെറുപുഞ്ചിരികള്‍ വിരിയുന്നത് എനിക്ക് കാണാം. കാര്യം വളരെ നിസാരം തന്നെയാണ്, പക്ഷേ, മുതിര്‍ന്ന ബന്ധുക്കളൊന്നും അടുത്തില്ലാത്ത അയല്‍പ്പക്കക്കാരില്‍ വളരെയധികം ആശ്രയിക്കുന്ന ചെറുപ്പക്കാരിയായ അമ്മയ്ക്ക് ഉറക്കം പോകാന്‍ ഇതൊക്കെ തന്നെ ധാരാളം അല്ലേ?

പല തരത്തിലുള്ള മറുപടികളില്‍ നിന്ന് ആ അമ്മ ഉചിതമായ ഒന്ന് തിരഞ്ഞെടുത്തു കാണുമെന്നു നിങ്ങളെപ്പോലെ തന്നെ ഞാനും പ്രതീക്ഷിക്കുന്നു. പക്ഷേ, ചോദ്യം ഇപ്പോള്‍ നിങ്ങളോടാണ്‌ - നിങ്ങളായിരുന്നു ആ അമ്മയുടെ സ്ഥാനത്ത് എങ്കില്‍ എന്തുചെയ്തേനെ? ഇവിടെയാണ് ഒരു കുഞ്ഞിനെ രൂപപ്പെടുത്തുന്നതില്‍ അച്ഛനുമമ്മയ്ക്കും ശേഷം ആര്‍ക്കൊക്കെ എത്രത്തോളം പങ്കുണ്ടെന്ന് ചിന്തിക്കേണ്ടി വരുന്നത്. പഴയൊരു ആഫ്രിക്കന്‍ പഴമൊഴി ഉണ്ട് "It Takes A Village To Raise A Child". എത്രമേല്‍ സത്യമായ, ശ്രദ്ധേയമായ കാര്യമാണത്  അല്ലേ?

ഒരു കുഞ്ഞിന്‍റെ ജനനം മുതല്‍ ആ കുട്ടി ഒരു ഉത്തരവാദിത്തമുള്ള മനുഷ്യനായിത്തീരും വരെ എത്രപേരുടെ സ്നേഹവും, അദ്ധ്വാനവും, ചിന്തയും കൂടിക്കുഴഞ്ഞുണ്ടാകുന്ന പാതയിലൂടെയാണ് ആ കുട്ടി നടന്നു പോകേണ്ടത്? കുഞ്ഞുങ്ങള്‍ എപ്പോഴുമൊരു സ്പോഞ്ച്/ ഒപ്പുകടലാസ്  പോലെയാണ് - വളരെപ്പെട്ടെന്നു അവര്‍ക്കുചുറ്റിലുമുള്ള എന്തിനേയും ഒപ്പിയെടുക്കും. ഉള്ളിലേക്ക് ഏറ്റുന്നവയില്‍ നല്ലതോ, ചീത്തയോ, കള്ളമോ  സത്യമോ എന്നൊന്നുമുള്ള വേര്‍തിരിവുകള്‍ അവര്‍ക്കില്ല. കാണുന്നത് -  കേള്‍ക്കുന്നത് അപ്പാടെ ഉള്ളിലേക്ക് എടുക്കുക എന്നതാണ് ഒരു പ്രായം വരെ കുട്ടികള്‍ എല്ലാവരും ചെയ്യുന്ന ഒരു കാര്യം. അതുകൊണ്ടാണ് കുഞ്ഞുങ്ങള്‍ അച്ഛനുമമ്മയും കളിക്കുന്നതും, സ്കൂള്‍ കളിക്കുന്നതും ഒക്കെ. അവരുടെ ആദ്യ സാമ്രാജ്യങ്ങളാണ് ഈ രണ്ടിടവും.


രണ്ടാമതൊരു കുഞ്ഞുണ്ടായപ്പോള്‍, അതും മകനാണ് എന്നറിഞ്ഞപ്പോള്‍ പലരും പറഞ്ഞ ഒരു കാര്യം മൂത്തയാളുടെ സാധനങ്ങള്‍ ഒക്കെ ഇളയ ആള്‍ക്കുപയോഗിക്കാമല്ലോ എന്നായിരുന്നു. ഇപ്പോള്‍ കുഞ്ഞന്‍റെ പതിനെട്ടാം മാസത്തില്‍ രണ്ടാളെയും നോക്കുമ്പോള്‍ ഞങ്ങള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്ന കാര്യം ജ്യേഷ്ഠന്‍റെ സാധനങ്ങള്‍ പങ്കുവെച്ചെടുക്കുന്നതിനെക്കാള്‍ കൂടുതല്‍ അനിയന്‍ സ്വന്തമാക്കിയത് മൂത്തയാളുടെ സ്വഭാവവും, പെരുമാറ്റ രീതികളുമാണ്. ചേട്ടനെപ്പോലെ സോഫയില്‍ വലിഞ്ഞുകയറി തല കീഴായി കിടക്കുക, സോക്ക്സ് എടുത്തു മുകളിലേക്ക് പൊക്കിയെറിയുക എന്തിനധികം - അവന്‍റെ 'അമ്മാ' എന്ന വിളിയുടെ ഈണം പോലും മൂത്തവന്‍റെ കോപ്പിയടിയാണ്. സ്വാഭാവികമായും മൂത്ത പുത്രന്‍, ആറരവയസുകാരന്‍ എന്തെങ്കിലും സാധനം കിട്ടാനോ സഹായത്തിനോ ഒക്കെയാണ് കൂടുതല്‍ സമയം എന്നെ "അമ്മാ" എന്ന് നീട്ടി വിളിക്കാറ്. അതുകൊണ്ട് കുഞ്ഞനും വിളി അങ്ങനെയാണ്, ഉച്ചത്തില്‍ നീട്ടി എന്തോ അത്യാവശ്യകാര്യം പറഞ്ഞു തീര്‍ക്കാനുള്ളപോലെ!  ഇതാരും പറഞ്ഞു പഠിപ്പിച്ചതല്ല, കുഞ്ഞു കണ്ട കാര്യത്തില്‍ നിന്നും, വളരുന്ന ചുറ്റുപാടില്‍ നിന്നും കുഞ്ഞു തന്നെ വികസിപ്പിച്ചെടുത്തതാണ്. അതുകൊണ്ടുതന്നെ ഒന്നര വയസുകാരനിലേക്ക് എന്തൊക്കെയാണ് കടന്നു ചെല്ലുന്നത് എന്ന് ഞങ്ങള്‍ വളരെയധികം ശ്രദ്ധിക്കാറുണ്ട് - അത് എളുപ്പവുമാണ്. ഇതേ ശ്രദ്ധ ആറരവയസുകാരനും കൊടുക്കാറുണ്ട്. പക്ഷേ, ചില വാക്കുകള്‍ ചീത്ത വാക്കുകള്‍ ആണെന്ന്  പറഞ്ഞുകൊടുക്കേണ്ടി വരുന്നത്, അത്രമേല്‍ മനോഹരമായ പ്രയോഗമല്ല നമുക്കത് ഉപയോഗിക്കണ്ട എന്നു പറഞ്ഞുകൊടുക്കാന്‍ തുടങ്ങിയത് അവന്‍റെ ലോകം വീട്ടില്‍ നിന്ന് സ്കൂളിലേക്ക് വളരാന്‍ തുടങ്ങിയപ്പോള്‍ ആണ്. അവന്‍റെ സ്വഭാവം രൂപപ്പെടുത്തുന്നതില്‍ അച്ഛനമ്മമാര്‍ മാത്രമല്ലാതെ അദ്ധ്യാപകരും, കൂട്ടുകാരും, ബസ് ഡ്രൈവറും ഒക്കെ ചേര്‍ന്ന ഒരു സമൂഹമാകാന്‍ തുടങ്ങിയതുമുതല്‍.

കൊല്ലത്ത് പത്താംക്ലാസ്സില്‍ പഠിച്ചിരുന്ന പെണ്‍കുട്ടി അദ്ധ്യാപികയുടെ ശിക്ഷണനടപടികളില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തു എന്ന് പത്രവാര്‍ത്ത - എന്തുകൊണ്ട്? എന്തുകൊണ്ട് ആ കുട്ടിക്ക് സ്കൂളില്‍ ഒരു പ്രശ്നം ഉണ്ടായാല്‍ അതിലെ ശരിതെറ്റുകള്‍ കൂട്ടുകാരോടോ, കുടുംബത്തിനോടോ ചര്‍ച്ച ചെയ്താല്‍ തീരും എന്ന് തോന്നിയില്ല. എന്തുകൊണ്ട് അത്തരമൊരു മനസിലേക്ക് ആ കുട്ടിയെ വളര്‍ത്തിയെടുക്കാന്‍ ഞാനും നിങ്ങളും ഉള്‍പ്പെടുന്ന സമൂഹത്തിനോ ആ കുട്ടിയുടെ രക്ഷിതാക്കളും, അദ്ധ്യാപകരും, കൂട്ടുകാരും, ബന്ധുക്കളും  ചേര്‍ന്ന ഒരു ക്ലോസ് സര്‍ക്കിളിനോ കഴിഞ്ഞില്ള? ചോദ്യമാണ്....വളരെ വളരെ ആലോചിച്ചു മാത്രം ഉത്തരം പറയേണ്ട, പ്രതിവിധി കണ്ടെത്തേണ്ട ചോദ്യം.

ഇനിയാണ് നമ്മള്‍ നമ്മുടെ ആദ്യകഥയിലേക്ക് തിരികെപ്പോകേണ്ടത്. രണ്ടു വയസുകാരിയുടെ ലോകം അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും വളര്‍ന്നു അടുത്ത വീട്ടിലെ അമ്മൂമ്മയിലേക്ക് എത്തിനില്‍ക്കുമ്പോള്‍ ആ കുഞ്ഞിന്‍റെ സ്വഭാവ രൂപീകരണത്തില്‍, ജീവിതചര്യകളില്‍ മാറ്റങ്ങള്‍ ഉണ്ടാകാന്‍ തക്കരീതിയില്‍ മറ്റൊരാളുടെ സാമീപ്യം ഉണ്ടാകുമ്പോള്‍ രക്ഷിതാക്കള്‍ തന്നെയാണ് തീരുമാനിക്കേണ്ടത് - എത്രത്തോളം പ്രാധാന്യം ആ അയല്ക്കാരി അമ്മൂമ്മക്ക് കുഞ്ഞിനെ രൂപപ്പെടുത്തുന്നതില്‍ ഉണ്ട് എന്നുള്ളത്. ഓരോ കുടുംബവും അവരവര്‍ക്ക് യോജിച്ച രീതിയില്‍, സൌകര്യപ്രദമായ രീതിയില്‍ ആണ് കുഞ്ഞുങ്ങളെ വളര്‍ത്തുക. ചില രക്ഷിതാക്കള്‍ അവര്‍ക്ക്   അവരുടേതായ സമയം ലഭിക്കാന്‍ കുഞ്ഞിനു സ്ക്രീന്‍ ടൈം കൊടുക്കുന്നുണ്ടാകാം, ജോലിയുടേയും ജീവിതത്തിന്റേയും താളത്തില്‍ പലപ്പോഴും ടിന്‍-ഫുഡ്‌ ആശ്രയിക്കേണ്ടി വരുന്നുണ്ടാകാം, സമ്മാനങ്ങള്‍ കൊടുത്തു മാത്രം കുഞ്ഞിനെ അനുനയിപ്പിക്കേണ്ട അവസ്ഥകള്‍ ഉണ്ടാകാം.  ഇനി എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ എന്‍റെ കുഞ്ഞായിരുന്നു എങ്കില്‍ രണ്ടുവയസുകാരി ദിവസവും ചോക്ലേറ്റ് കഴിക്കുന്നതിനും, അല്‍പസമയത്തേക്ക് ആണെങ്കില്‍ കൂടി ടെലിവിഷന്‍ കാണുന്നതിനും എനിക്ക് വ്യക്തമായ അഭിപ്രായം ഉണ്ട്. ഞങ്ങള്‍ വീട്ടില്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്ന രണ്ടുകാര്യങ്ങള്‍ ദിനവുമെന്ന കണക്കില്‍ അടുത്ത വീട്ടില്‍ നിന്ന് കുഞ്ഞിനു കിട്ടുകയാണെങ്കില്‍ അതിനെക്കുറിച്ച് നല്ല രീതിയില്‍ അയല്‍ക്കാരിയെ പറഞ്ഞു മനസിലാക്കിക്കാന്‍ ശ്രമിക്കും. അത് ഫലിച്ചില്ല എങ്കില്‍ കുഞ്ഞ് ഒറ്റയ്ക്ക് ആ വീട്ടിലേക്ക് പോകുന്ന സാഹചര്യം കുറയ്ക്കും. ശക്തമായ ഭാഷയില്‍ വിയോജിപ്പ്‌ പറയേണ്ടി വന്നാല്‍ പറയുകയും ചെയ്യും, കാരണം ഒരുപക്ഷേ ഈക്കാര്യത്തില്‍ അയല്‍ക്കാരുടെ പ്രീതി ഓര്‍ത്ത് ഞാന്‍ പറയാതെ പോകുന്ന ഒരു "NO" എന്നെ പില്‍ക്കാലത്ത് വല്ലാതെ വിഷമിപ്പിച്ചേക്കാം.

ഇത് ആകണമെന്നില്ല എല്ലാവരുടേയും അഭിപ്രായം, രീതി. പക്ഷേ, എന്‍റെ കുഞ്ഞിനു മേല്‍ സമൂഹത്തിന്‍റെ പങ്ക് എത്തരത്തില്‍ ആകണമെന്ന്, സമൂഹത്തിന്‍റെ ഓരോ പ്രവര്‍ത്തിയുടേയും പരിണിതഫലം കുഞ്ഞിനെ എത്തരത്തില്‍ ബാധിക്കണമെന്നുള്ളതില്‍, ഇപ്പോഴത്തെ ചിന്ത ഇങ്ങനെയാണ്.  കൊല്ലത്തെ പെണ്കുഞ്ഞൊരു വേദനയാണ്...ആ വേദന നമ്മളെക്കൊണ്ട് ചിന്തിപ്പിക്കുമെങ്കില്‍ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ നമ്മളോടൊപ്പം നില്‍ക്കേണ്ട ആ വില്ലേജിനെക്കുറിച്ച്, സമൂഹത്തിനെക്കുറിച്ച്, സമൂഹത്തിന്‍റെ പങ്കില്‍  എന്തൊക്കെക്കൊള്ളണം എന്തൊക്കെ തള്ളണം എന്നതിനെക്കുറിച്ച് നമുക്ക് മക്കളോടൊപ്പം ഇരുന്നു ചിന്തിക്കാം!(2017 - നവംബര്‍ ലക്കം OurKids Magazine)