Wednesday, May 23, 2018

ഒന്നാമനും രണ്ടാമനും തമ്മില്‍

ഭാര്യ, ഭര്‍ത്താവ് എന്ന രണ്ടാള്‍ക്കിടയിലേക്ക് ഒരു കുഞ്ഞു കടന്നു വരുന്നതുപോലെയല്ല അച്ഛന്‍,അമ്മ,കുഞ്ഞ് എന്ന ത്രികോണത്തിലേക്ക് നാലാമതൊരാള്‍ കടന്നുവരുന്നത്. പലപ്പോഴും പേരന്‍റിംഗ് ഗ്രൂപ്പുകളിലെ വിഷമപ്പോസ്റ്റുകളില്‍ ഇളയ ആള്‍ എത്തിയപ്പോള്‍ ഉള്ള മൂത്ത കുഞ്ഞിന്‍റെ പിടിവാശി, അകാരണമായ വഴക്കുകള്‍, അമ്മയില്‍ നിന്നുപോലും അകന്നുപോകുന്ന സാഹചര്യം ഒക്കെക്കാണാം. രണ്ടാമത്തെയാളുടെ വരവ് എങ്ങനെ സുഖകരമാക്കാം എന്നതിനുള്ള പരീക്ഷിച്ചു വിജയിച്ച ചില നുറുങ്ങുകളും ഇവിടെ ഞങ്ങള്‍ക്കുണ്ടായ ചില അനുഭവങ്ങളുമാണ് ഇത്തവണ.

മൂത്തയാള്‍ ജനിച്ചത് നാട്ടിലും രണ്ടാമന്‍ ഇവിടെയും - ആ രണ്ടനുഭവത്തില്‍ അജഗജാന്തരവ്യത്യാസവുമുണ്ട്. പ്രസവസമയത്ത് നാട്ടില്‍നിന്ന് ആര്‍ക്കും വരാന്‍ കഴിയുന്ന സാഹചര്യം അല്ലാതിരുന്നിട്ട് കൂടി പ്രസവം ഇവിടെത്തന്നെ മതി എന്ന് തീരുമാനിച്ചത് ഇവിടുത്തെ ആശുപത്രികള്‍ നല്‍കുന്ന നല്ല കാര്യങ്ങള്‍ കണക്കിലെടുത്താണ്. ഡോക്ടര്‍മാരും നഴ്സുമാരും ഒക്കെ നമ്മളോട് പെരുമാറുന്ന രീതി തന്നെ നമ്മളെ ആകെ ആശയക്കുഴപ്പത്തില്‍ ആക്കും. ഇതിപ്പോ ആശുപത്രിയില്‍ തന്നെയാണോ അതോ ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണോ ഉള്ളതെന്ന് വര്‍ണ്യത്തില്‍ ആശങ്ക തോന്നുന്നിടങ്ങളാണ് ഇവിടെയുള്ള മിക്ക ആശുപത്രികളും. നാട്ടിലെ ഇന്ഫ്രാസ്ട്രക്ച്ചറിനെ ഒരു വികസിത രാജ്യത്തിരുന്നുകൊണ്ട് കുറ്റം പറയുന്നതായി കരുതരുത് - കെട്ടിടം എങ്ങനെ ആയാലും അതിനുള്ളില്‍ നിന്ന് കിട്ടുന്ന അനുഭവം നന്നായാല്‍ പരിമിതികളെ ഒരുപരിധി വരെ മറികടക്കാനാകും എന്നാണ് തോന്നല്‍.  ആദ്യത്തെ പ്രസവസമയത്ത് എന്‍റെ ഏറ്റവും വലിയ പ്രശ്നം  ഒരു വിവരവും തുറന്നുപറയാത്ത എന്‍റെ ഗൈനക്കോളജിസ്റ്റ് ആയിരുന്നു. ജോലിസ്ഥലത്ത് നിന്ന് എട്ടാം മാസത്തിലാണ് നാട്ടില്‍ എത്തിയത് എന്നതിനാലും, ചില കോമ്പ്ലിക്കേഷനുകള്‍ ഉണ്ടായിരുന്നതിനാലും വേഗത്തില്‍  പോകാനും വരാനും സൌകര്യമുള്ള ഒരു ആശുപത്രിയാണ് തിരഞ്ഞെടുത്തത്.  ഇഷ്ടമില്ലാതിരുന്നിട്ടും ആ ഡോക്ടറുടെ അടുത്തുനിന്നു മാറാതിരിക്കാന്‍ ഒരു കാരണം അദ്ദേഹത്തിന്‍റെ പ്രവൃത്തിപരിചയവും പിന്നെ ആശുപത്രിയുടെ സൌകര്യങ്ങളുമായിരുന്നു. എങ്കില്‍ക്കൂടി ആദ്യപ്രസവം ഒരു സുഖമുള്ള ഓര്‍മ്മയേ അല്ല എനിക്ക്.

രണ്ടാമത്തെ കുഞ്ഞിനെക്കുറിച്ചു ആലോചിച്ചുതുടങ്ങിയപ്പോള്‍ ആദ്യം ചെയ്തത് ഡോക്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കലാണ്. ഗര്‍ഭം ഒരു രോഗാവസ്ഥയായി കാണാത്ത, ഗര്‍ഭിണിയെ അനാവശ്യകാര്യങ്ങള്‍ പറഞ്ഞു ചീത്ത പറയാത്ത ഒരു ഡോക്ടറെ അന്വേഷിച്ചുള്ള ഞങ്ങളുടെ യാത്ര അവസാനിച്ചത് ചിരി ഒരു ട്രേഡ്മാര്‍ക്കാക്കിയ കാണുമ്പോഴേ കെട്ടിപ്പിടിക്കുന്ന എന്നെയും ഭര്‍ത്താവിനെയും മകനെയും 'you guys are the best ' എന്ന് തോന്നിപ്പിക്കുന്ന ഡോക്ടര്‍ വാന്ഫോസ്സനില്‍. ആ തിരഞ്ഞെടുപ്പ് ഞങ്ങള്‍ ചെയ്ത ഒരുപാട് നല്ല കാര്യങ്ങളുടെ തുടക്കമായിരുന്നു എന്ന് രണ്ടുവര്‍ഷത്തിനുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ നിസംശയം പറയാം!

രണ്ടാമതൊരാളെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയപ്പോള്‍ സ്വാഭാവികമായും ആശങ്കകള്‍ ഉണ്ടായിരുന്നു. മൂത്ത മകന് നാല് വയസ് ആകാനായ സമയം, ജീവിതമെന്നത് അവനുചുറ്റിലുമാണ്. ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും കുട്ടിയിലാകുന്ന പക്കാ അണുകുടുംബമായിരുന്നു ഞങ്ങള്‍. അതുകൊണ്ടുതന്നെ അവന് ഒരനുജത്തി / അനുജന്‍ എന്നതിനെക്കുറിച്ചുള്ള ചിന്ത എന്താണ് എന്നറിയണം എന്നുണ്ടായിരുന്നു. എങ്ങനെയാണു ഒരു നാലുവയസുകാരന് ഒരാളെക്കൂടി വീട്ടില്‍ വേണമോ എന്നറിയാനുള്ള എളുപ്പവഴി? അത് സത്യത്തില്‍ എളുപ്പം തന്നെയാണ് - ആ ആളോട് തന്നെ ചോദിക്കുക. അങ്ങനെ ചോദിക്കാനിരുന്ന ഞങ്ങളോട്, നാലാം പിറന്നാളിന് ഒരു മീനിനെ വളര്‍ത്താന്‍ ആവശ്യപ്പെട്ടതോടൊപ്പം അഞ്ചാം പിറന്നാളിന് സമ്മാനമായി ബേബി മതിയെന്ന് പറഞ്ഞ് ആശാന്‍ ഞെട്ടിച്ചു. വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങള്‍ ചിലപ്പോഴൊക്കെ ദീര്‍ഘദര്‍ശനം ചെയ്യുന്ന ദൈവഞ്ജര്‍ തന്നെയാണെന്ന് മനസിലായത് മോന് കൃത്യം അഞ്ചു വയസു തികഞ്ഞതിന്‍റെ പിറ്റേന്ന് ആശാനുകൂട്ടായി രണ്ടാമന്‍ ഇങ്ങോട് എത്തിയപ്പോഴാണ് - ഒരു പിറന്നാള്‍ സമ്മാനം തന്നെ!







ഗര്‍ഭിണി ആണെന്ന് ഉറപ്പിച്ചപ്പോള്‍ മകനോട് അതാദ്യമായി പറഞ്ഞപ്പോള്‍ കൂട്ടത്തില്‍ പറഞ്ഞിരുന്നു 'മോന്‍റെ സ്വന്തമാണ് ബേബി. അമ്മയുടെ വയറ്റിലാണ് ആദ്യം കുഞ്ഞാവ. ഇപ്പോള്‍ ബേബി ഒരു കുഞ്ഞു 'ലെഗോ'യുടെ അത്രയേ ഉള്ളൂ. കുറച്ചു നാള്‍ അമ്മയുടെ വയറ്റില്‍ത്തന്നെ കിടന്ന് കുഞ്ഞാവ കുറേശ്ശെ വളരും - അമ്മ കഴിക്കുന്ന നല്ല ഭക്ഷണമൊക്കെ കഴിച്ച്  നല്ല ആരോഗ്യത്തോടെ വളരും. അങ്ങനെ വളര്‍ന്നു വളര്‍ന്നു ഒരു കുഞ്ഞു റ്റെഡി ബിയറിന്റെ അത്ര ആകുമ്പോള്‍ ബേബി പുറത്തുവരും. പക്ഷേ വാവ പുറത്തുവരും മുന്‍പ് തന്നെ നമുക്ക് കുഞ്ഞാവയെ ഇടയ്ക്കിടെ ഡോക്ടറാന്റി  കാണിച്ചു തരും, പിന്നെ ബേബി വന്നുകഴിഞ്ഞാല്‍ കുറെയേറെ പണിയുണ്ടാകും. അപ്പോ അച്ഛനും അമ്മയ്ക്കും മോന്‍റെ സഹായമില്ലാതെ ഒരു കാര്യവും ചെയ്യാന്‍ പറ്റില്ല -എല്ലാത്തിനും ബിഗ്‌ ബ്രദര്‍ സഹായിക്കുന്നുണ്ടോന്നു കുഞ്ഞാവയും നോക്കും. ' ഇതൊക്കെ ഗര്‍ഭത്തിന്‍റെ പല കാലങ്ങളിലായി ഞങ്ങള്‍ മകനോട് പറഞ്ഞ കാര്യങ്ങളാണ്. നാല് വയസുകാരന് അതൊക്കെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളാകുകയും ചെയ്തു.  അതിലെ ഏറ്റവും പ്രധാന വാചകം ബേബി അവന്‍റെ ആണെന്നത് ആയിരുന്നു - അവനു വേണ്ടിയാണു ബേബി വരുന്നത്  എന്നത് അവനെ സംബന്ധിച്ച് അന്നുവരെയുണ്ടായിരുന്ന ഉത്തരവാദിത്തങ്ങളില്‍ ഏറ്റവും വലുതായിരുന്നു. എന്‍റെ വയറ്റില്‍ അവന്‍റെ കുഞ്ഞാവ ഉണ്ടെന്നു അറിഞ്ഞ അന്നുമുതല്‍ ആശാന്‍ എന്റെയും കൂടി രക്ഷാധികാരി ആയി. സമയത്തിന് എന്നെ ഭക്ഷണം കഴിപ്പിക്കുക, അവസാന മാസത്തിലെ പ്രമേഹമെന്ന വില്ലനെ തുരത്താന്‍ ഇന്‍സുലിന്‍ കുത്താന്‍ കൃത്യമായി ഓര്‍മിപ്പിക്കുക, എല്ലാ ദിവസവും ഷുഗര്‍ പരിശോധിക്കാന്‍ കൂട്ടിരിക്കുക, അത്താഴം കഴിഞ്ഞ് വരാന്തയിലൂടെ നടക്കുക അങ്ങനെയങ്ങനെ ഗര്‍ഭകാലം ശരിക്കും ഞാനും മോനും കൂടിയാണ് ആസ്വദിച്ചത്.

എല്ലാ ഡോക്ടര്‍ വിസിറ്റും മോനും കൂടി വരാന്‍ പാകത്തിനാക്കി എടുത്തത് ആ കുഞ്ഞുമിടിപ്പുകള്‍ കേള്‍ക്കുമ്പോള്‍ അവന്‍റെ മുഖത്തുണ്ടാകുന്ന അതിശയവും കൌതുകവും കലര്‍ന്ന സ്നേഹം കാണാന്‍ കൂടി വേണ്ടിയായിരുന്നു. അഞ്ചാം മാസത്തിലുള്ള സ്കാനിങ്ങില്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞ് ആണാണോ പെണ്ണാണോ എന്നറിയും എന്നതിനാല്‍ അവനെയും അതിന് തയാറാക്കിയിരുന്നു. ആണായാലും പെണ്ണായാലും നമുക്ക് ഒരുപോലെ ആണെന്നും രണ്ടായാലും അവന്‍ ജ്യേഷ്ഠനാകും എന്നത് ആണ് പ്രധാനം എന്നുമൊക്കെ തരംപോലെ പറഞ്ഞത് അഞ്ചുമാസം കൊണ്ട് അവനും എല്ലാവരോടും പറയാന്‍ തുടങ്ങിയിരുന്നു. അങ്ങനെ കാത്തിരുന്ന ദിവസത്തിനൊടുവില്‍ അമ്മയുടെ വയറ്റിലെ കുഞ്ഞുവാവയെ സ്കാനിംഗ്‌ റൂമിനുള്ളിലെ വലിയ സ്ക്രീനില്‍ കണ്ടപ്പോള്‍ സന്തോഷം കൊണ്ടവന്‍ തുള്ളിച്ചാടിയില്ല എന്നേയുള്ളൂ. കണ്ണും മൂക്കും കയ്യും കാലുമൊക്കെ സ്ക്രീനില്‍ നഴ്സ് തൊട്ടുകാണിക്കുന്നതിന് അനുസരിച്ച് അവനും പറഞ്ഞു. ഒടുവില്‍ 'you are getting a baby brother' എന്ന് പറഞ്ഞപ്പോള്‍ അഞ്ചുമാസത്തെ ഞങ്ങളുടെ കൌണ്‍സിലിംഗ് കാറ്റില്‍പ്പറത്തിക്കൊണ്ട് കൈകള്‍ വായുവിലേക്ക് വീശിയുയര്‍ത്തി അവന്‍ നിസംശയം പ്രഖ്യാപിച്ചു - "I knew it!". സ്ക്രീനില്‍ നല്ല വലുപ്പത്തില്‍ കണ്ട കുഞ്ഞിനെ ഇപ്പോ കയ്യില്‍ കിട്ടും എന്ന് കരുതി അന്ന് സ്കാനിംഗ്‌ റൂമില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ "ബേബി എവിടെ, ബേബിയെ ത്താ " എന്ന് പൊട്ടിക്കരഞ്ഞ ചേട്ടന്‍റെ കഥ അനുജന് പറഞ്ഞുകൊടുക്കാന്‍ കാത്തിരിക്കുകയാണ് ഇപ്പോള്‍ ഞാന്‍.




ഈ പറഞ്ഞതൊക്കെ വലിയ വലിയ കാര്യങ്ങള്‍ ഒന്നുമല്ല എങ്കിലും 3, 4, 5 വയസ്സൊക്കെയുള്ള കുട്ടികള്‍ക്ക് സുപ്രധാനകാര്യങ്ങളില്‍ പ്രാധാന്യം കിട്ടുന്നതും, വീട്ടിലേക്ക് വരുന്ന ആള്‍ തനിക്ക് പകരമായിട്ടല്ല വരുന്നത്, ആ ആള്‍ വന്നാലും സ്വന്തം പ്രാധാന്യം കുറയുന്നില്ല എന്നുമൊക്കെ ഉറപ്പിക്കാന്‍ ഇത്തരം കുഞ്ഞുകാര്യങ്ങള്‍ സഹായിക്കും എന്നാണ് അനുഭവം.

ബേബിക്ക് വേണ്ടി വാങ്ങിവെച്ച സാധനങ്ങളിലൊക്കെ 'വല്യേട്ടന്' തിരഞ്ഞെടുക്കാന്‍ ഓപ്ഷന്‍ കൊടുത്തതായിരുന്നു അടുത്ത സൂത്രപ്പണി. വിരിക്കാനുള്ള ബ്ലാങ്കറ്റ് മുതല്‍ ആദ്യമായി കുഞ്ഞിനു കൊടുക്കേണ്ട കളിപ്പാട്ടം വരെ  ചേട്ടന്‍റെ വകയാക്കാന്‍ ഒരു ശ്രമം. ആ കൂട്ടത്തില്‍ അവനറിയാതെ ചില കുഞ്ഞുകുഞ്ഞു സമ്മാനങ്ങള്‍ (പെന്‍സില്‍, കളറിംഗ് ബുക്ക്‌, ചെറിയ ചില കളിപ്പാട്ടങ്ങള്‍) അങ്ങനെ വലിയ വിലയില്ലാത്തവ നോക്കി അവനുവേണ്ടിയും വാങ്ങി ഒളിപ്പിച്ചു വച്ചിരുന്നു. കുഞ്ഞുണ്ടായ ആദ്യദിനങ്ങളിലൊക്കെ എപ്പോഴും വീട്ടില്‍ സന്ദര്‍ശകര്‍ ആകും. അവരൊക്കെ കൊണ്ടുവരുന്ന സമ്മാനപ്പൊതികള്‍ ആകാംക്ഷയോടെ ഓടിപ്പോയി തുറക്കുന്ന മൂത്തയാള്‍ക്ക് എല്ലാ സമ്മാനവും പുതിയ ആള്‍ക്കല്ല തനിക്കുമുണ്ട് കൂട്ടത്തില്‍ എന്ന് കാണുമ്പോഴുള്ള സന്തോഷം ഒരു ഉറപ്പിക്കല്‍ കൂടിയാണ്.  ഇവിടെയൊക്കെ സുഹൃത്തുക്കളും കാണാന്‍ വരുന്നവരും ഇത്തരം കാര്യങ്ങള്‍  അറിഞ്ഞുപെരുമാറുന്നവര്‍ ആയതുകൊണ്ട് മിക്ക പൊതിയിലും മൂത്തവനും ഉണ്ടാകും എന്തെങ്കിലുമൊക്കെ. അല്ലാത്ത പൊതികള്‍ അവനെടുക്കുമ്പോള്‍ തന്നെ നേരത്തെ കരുതിയ  കുഞ്ഞുസമ്മാനങ്ങളിലൊന്ന് ആ സമ്മാനപ്പൊതികളുടെ കൂട്ടത്തിലേക്ക് എത്തിക്കാന്‍ 'അച്ഛന്‍' ശ്രദ്ധിച്ചിരുന്നു.



ഒന്‍പതാം മാസം ആകുമ്പോള്‍ ഇവിടെ 'ഭാവി അച്ഛനമ്മമാര്‍' ഒരു ക്ലാസിനു പോകണം - പ്രസവക്ലാസുകള്‍. ഭര്‍ത്താവിനും പ്രവേശനമുള്ള പ്രസവമുറികള്‍ ആയതിനാലും ഇവിടെ പലപ്പോഴും മറ്റാരും സഹായതിനുണ്ടാകാത്തതിനാലും പ്രസവസമയത്ത് എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യരുത് എന്തൊക്കെ പ്രതീക്ഷിക്കാം എങ്ങനെ ശ്വാസം വിടാം എങ്ങനെ പുഷ് ചെയ്യാം ആ സമയത്ത് കൂടെയുള്ള ആള്‍ എന്ത് ചെയ്യണം വേദന കുറയ്ക്കാന്‍ എങ്ങനെ സഹായിക്കാം ഇതൊക്കെയാണ് പ്രധാനപോയിന്റുകള്‍. ആദ്യപ്രസവത്തിന് മാത്രമേ സാധാരണ ആളുകള്‍ ഇത് ചെയ്യാറുള്ളൂ. നമുക്ക് ആദ്യത്തെ പ്രാവശ്യം ഇമ്മാതിരി ക്ലാസുകള്‍ കിട്ടാത്തതിനാലും ആദ്യത്തേത് സര്‍ജറി ആയിരുന്നതിനാലും ഈ ക്ലാസ് കളയാന്‍ തോന്നിയില്ല. ചെന്നപ്പോള്‍ ഞങ്ങള്‍ മാത്രമാണ് രണ്ടാമതും അച്ഛനമ്മമാര്‍ ആകുന്നവര്‍. ബാക്കിയൊക്കെ കന്നിപ്രസവവുമായി വന്ന കുറച്ചു ചെറുപ്പക്കാര്‍. കല്യാണം കഴിച്ചവരും അല്ലാത്തവരും ഒക്കെയായി നല്ല ജഗപൊഹ മേളം. അതോടൊപ്പം ഞങ്ങള്‍ മറ്റൊരു ക്ലാസ് കൂടിയെടുത്തു - മകന് വേണ്ടി ഒരു 'ബിഗ്‌ ബ്രദര്‍' ക്ലാസ്സ്‌. ആ ക്ലാസ്സില്‍ കുഞ്ഞ് ജനിച്ചാല്‍ ഉടനെ എങ്ങനെ ആകുമെന്നും, അവരോടൊപ്പം കളിയ്ക്കാന്‍ എപ്പോഴാകുമെന്നും, കുഞ്ഞുങ്ങള്‍ കരയുമ്പോള്‍ എങ്ങനെ ആകുമെന്നും ഒക്കെ ചെറിയ ചെറിയ വീഡിയോ ക്ളിപ്പുകളിലൂടെയും, കളികളിലൂടെയും ഭാവി ചേട്ടന്മാര്‍/ചേച്ചിമാര്‍ പഠിക്കും. ജനിക്കുന്ന കുഞ്ഞിന്‍റെ വലുപ്പത്തിലുള്ള പാവക്കുട്ടിക്ക് ഡയപ്പര്‍ കെട്ടിക്കുക, വരുന്ന അനുജന്‍/അനുജത്തിക്ക് കാട്ടിക്കൊടുക്കാന്‍ മൂത്തയാളുടെ വക സര്‍ട്ടിഫിക്കേറ്റും, സ്ടാമ്പുകളും ഉണ്ടാക്കുക, എങ്ങനെ നല്ല ഒരു ഡയപ്പര്‍ ഹെല്‍പ്പര്‍ ആകാമെന്ന്  പഠിക്കുക ഒക്കെയായി രസകരമായ രണ്ടു മണിക്കൂറുകള്‍. കൂട്ടത്തില്‍ മൂത്ത കുട്ടികള്‍ക്ക് ഒരാള്‍ കൂടി കുടുംബത്തില്‍ വരുമ്പോള്‍ ഉണ്ടായേക്കാവുന്ന ആശങ്കകള്‍, അവരുടേതായ കുഞ്ഞു സംശയങ്ങള്‍ ഒക്കെ കുഞ്ഞുങ്ങളുടെ സൈക്കോളജി അറിയുന്നവര്‍ വിശദീകരിക്കും.   

പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുന്നത് മകന്‍റെ അഞ്ചാം പിറന്നാളിന് പിറ്റേന്നാണ്. അപ്പോഴും അവന്‍ പറഞ്ഞു - I knew that baby will be coming today, because he is my birthday gift ' . നേരത്തെ ഒരുക്കിവെച്ചിരുന്ന ബാഗില്‍ അവന്‍റെ  വലിയൊരു ഫോട്ടോ എടുത്തു വെച്ചിട്ട് ആശാന്‍ പറഞ്ഞിരുന്നു, ഇത് റൂമില്‍ വെക്കണം, ബേബി അഥവാ ഞാനില്ലാത്ത സമയത്താണ് വരുന്നത് എങ്കില്‍ ആദ്യം കാണിക്കാന്‍ വേണമല്ലോ. റൂമിലെത്തിയ ഉടനെ അവന്‍ ആദ്യം ചെയ്തത് ആ ഫോട്ടോ എടുത്ത് എല്ലാവര്‍ക്കും കാണാന്‍ പാകത്തിന് കിടക്കയ്ക്ക് അടുത്തായി വെച്ചു. പറഞ്ഞതുപോലെ കുഞ്ഞു ജനിച്ചുകഴിഞ്ഞപ്പോള്‍ അവന്‍റെ മടിയില്‍ വെച്ചുകൊടുക്കുകയും കുഞ്ഞാവ കൊണ്ടുവന്ന ഗിഫ്റ്റ് ആയിട്ട് ഒരു സമ്മാനം കൊടുക്കുകയും ചെയ്തപ്പോള്‍ മകനുണ്ടായ സന്തോഷത്തിന് അളവുകള്‍ ഉണ്ടായിരുന്നില്ല.

കുഞ്ഞാവ വന്നുകഴിഞ്ഞാല്‍ അമ്മയുടെ അടുത്ത് കുറച്ചുദിവസം കിടക്കാന്‍ പറ്റണമെന്നില്ല, അമ്മയ്ക്ക്  മുറിവുകള്‍ ഉള്ളത് കൊണ്ട് മോനും അടുത്തുകിടന്നാല്‍  നേരെ ഉറങ്ങാന്‍ പറ്റില്ല. പക്ഷേ, അച്ഛന്‍ എപ്പോഴും മോന്‍റെ കൂടെ ഉണ്ടാകും. ഹോസ്പിറ്റലില്‍ രാത്രി കുഞ്ഞുങ്ങളെ നിര്‍ത്തില്ല, അച്ഛനും മോനും കൂടി രാത്രി വീട്ടില്‍പോയി സുഖമായി ഉറങ്ങിയിട്ട് വന്നാല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ സങ്കടത്തോടെ ആണെങ്കിലും അവന്‍ സമ്മതിച്ചത് കാര്യങ്ങള്‍ മനസിലായത് കൊണ്ടാണെന്ന് തന്നെ കരുതുന്നു. ഉറപ്പാക്കിയ ഒരു കാര്യം സര്‍ജറി സമയത്തൊഴികെ ബാക്കിയെല്ലാ സമയവും മകനോടൊപ്പം അവന്‍റെ അച്ഛനുണ്ടായിരുന്നു, അല്ലെങ്കില്‍ അവന്‍ ആശുപത്രിയില്‍ ഞങ്ങള്‍ക്കൊപ്പമായിരുന്നു എന്നതാണ്. പെട്ടെന്നൊരാള്‍ വരുമ്പോള്‍ അച്ഛന്‍റെയും അമ്മയുടെയും മുഴുവന്‍ ശ്രദ്ധ ആ ആളിലേക്ക് പോകുന്നത് മൂത്ത കുഞ്ഞുങ്ങളെ പലപ്പോഴും പ്രതിരോധത്തിലാക്കാറുണ്ട്. പെട്ടെന്ന് മറ്റൊരാള്‍ക്കൊപ്പം ഉറങ്ങേണ്ടി വരുന്നതും, ആവശ്യങ്ങള്‍ നോക്കാന്‍ അമ്മ വരുന്നില്ല എന്നതുമൊക്കെ കുഞ്ഞുമനസുകളെ മുറിവേല്‍പ്പിക്കുന്ന കാര്യങ്ങളാണ്.




ഇങ്ങനെയൊക്കെ കഥയെഴുതുമ്പോള്‍  ഇപ്പോള്‍ രണ്ടും ഏഴും വയസായ ഒന്നാമനും രണ്ടാമനും തമ്മിലുള്ള അടിപിടിപൂരങ്ങള്‍ ഇവിടെത്തുടങ്ങിക്കഴിഞ്ഞു. ഒന്നാമന്‍ വായിക്കുന്ന ബുക്ക്‌ തന്നെ വേണമെന്ന് പിടിച്ചുവലിക്കുന്ന രണ്ടാമനും, വരച്ചുകൊണ്ടിരിക്കുന്ന പേപ്പറിനെ രണ്ടാമനില്‍ നിന്ന് രക്ഷിക്കാന്‍ അലറിക്കൊണ്ട് ഓടുന്ന ഒന്നാമനും അങ്ങനെയങ്ങനെ ടോം and ജെറി തുടരുന്നു ....

May 2018 OurKids 

8 comments:

  1. കെട്ട്യോൾക്ക് അയയ്ച്ചു കൊടുക്കട്ടെ 😂😂😍😍

    ReplyDelete
  2. സമാന അനുഭവങ്ങൾ എനിക്കും. പക്ഷെ ഇപ്പോഴത്തെ ടോം ആൻഡ് ജെറി കളി എങ്ങനെ മാനേജ് ചെയ്യണം എന്നാണ് ഒരു പിടിയും ഇല്ലാത്തത്. 🤣🤣

    ReplyDelete
  3. Nalamathoral ...!
    .
    Manoharam, Ashamsakal...!!!

    ReplyDelete
  4. മൂത്തവനെ സന്ദര്‍ഭാനുസരണം പാകപ്പെടുത്തുന്നതിനും വേണമൊരു കൌശലം...
    ആശംസകള്‍

    ReplyDelete
  5. നന്നായിരിക്കുന്നു വിവരണം.. രണ്ടാമത്തെ കുട്ടി വരുന്നതിനു മുന്പ് ഒന്നാമാനിലെ പ്രയാസം ഇല്ലാതാക്കേണ്ടത് അത്യാവശ്യം തന്നെ.

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)