Wednesday, April 22, 2015

ഭൂമിയും മണ്ണും ചേര്‍ന്നൊരു കുറിപ്പ്


 ഇപ്പുഴ പാടുന്നതാര്‍ക്കു വേണ്ടി,
ഇക്കാറ്റു വീശുന്നതാര്‍ക്ക് വേണ്ടി
അഴകെഴും പൂക്കളും കാട്ടുപൂന്തേനുമാ
പുഴുക്കളും കായ്ക്കളുമാര്‍ക്കു വേണ്ടി

കളകളമൊഴുകുന്നു കാട്ടുചോല,
പുളകിതയാക്കുന്നു പൂമരങ്ങള്‍ ,
കഥയുറങ്ങുന്നോരീ നാട്ടുമണ്ണ്‍,
ആര്‍ക്കാര്‍ക്കു വേണ്ടിയിന്നാര്‍ക്കു വേണ്ടി
ആര്‍ക്കാര്‍ക്കു വേണ്ടിയിന്നാര്‍ക്കു വേണ്ടി!

പുഴ പാടുമീണം നമുക്കു വേണ്ടി ,
പൂമണം വീശും നമുക്ക് വേണ്ടി,
പുലരികള്‍ പൂവുകള്‍ പൂന്തേനുമായി
മണ്ണോടു മണ്ണായ മാമരങ്ങള്‍ !

ശലഭ മഴ യാത്രകള്‍, ഈ പവിഴപ്പുറ്റുകള്‍
അലകടലോളം നമുക്ക് മാത്രം
ഇനിയെന്ത് വേണമെന്നോമല്‍ ഭൂവില്‍
ഈ രാവും പകലും നമുക്ക് മാത്രം!

നാളെ തന്‍ പൂവുകള്‍,
നന്മ തന്‍ മൊട്ടുകള്‍ ,
നാടിന്‍റെ നേരറിവാകേണ്ടവര്‍ -
നിങ്ങള്‍ ഭൂമിയോടോന്നിച്ചു വാഴേണ്ടവര്‍!
കയ്യോടു കൈ ചേര്‍ത്തെടുക്കയായ്‌ -
ഈ മണം ഈ കാറ്റീയരുവികള്‍ പൂവുകള്‍,
മനം നിറയ്ക്കുന്നോരീ മാമ്പഴക്കാലങ്ങള്‍ ,
പൂവട്ടി തേടുമീ പൂത്തുമ്പികള്‍ !

നിങ്ങള്‍ കയ്യോട് കൈ ചേര്‍ത്ത് ,
മെയ്യോട്  മെയ്‌ ചേര്‍ത്ത് ,
നെഞ്ചോടടുക്കിപ്പിടിക്കുകീ ഭൂമിയേ
നാളേക്ക് വേണ്ടി കാക്കുകീ മണ്ണിനെ !
(മനോഹരി മില്‍വാക്കീ - A beautiful snap by Rameshkumar )


(ഈ മണ്ണിനെ,പ്രകൃതിയെ, പൂക്കളെ, മൃഗങ്ങളെ ,പുല്ലിനെ ,ജലത്തെ ഒക്കെ  സ്നേഹിക്കുന്ന കുറേയേറെ സുഹൃത്തുക്കള്‍ ചേര്‍ന്നൊരുക്കുന്ന  ടെലിഫിലിം 'കുമ്മാട്ടി'ക്ക് വേണ്ടി എഴുതിയത്. പ്രമോദ് എന്ന   സുഹൃത്ത് ആലപിച്ചത് മനോഹരമായ ദൃശ്യങ്ങളോടെ ഇവിടെ ക്ലിക്ക് ചെയ്താല്‍  കാണാം  

https://www.youtube.com/watch?v=BS-sh6vk8K8&app=desktop )