Sunday, February 14, 2016

നമുക്ക് അവിടെ രാപാര്‍ക്കാം

എന്നാലും എന്തിനായിരിക്കും അവരത് ചെയ്തത്! എത്രയാലോചിച്ചിട്ടും പിടി കിട്ടാതെ വന്നപ്പോള്‍ അയാള്‍ ഇരുന്ന ഇടത്ത് നിന്നെഴുന്നേറ്റു നോക്കി -മക്കള്‍ എന്താ ചെയ്യുന്നത് എന്ന്. ഓ, പരിചയപ്പെടുത്താന്‍ മറന്നു - അയാള്‍ -ജോര്‍ജ് ജോസഫ്‌ മാളിയേക്കല്‍ , സെയിന്റ് ജോര്‍ജിന്‍റെ ഓര്‍മ്മ ദിനത്തില്‍ പിറന്നതാ. അപ്പന്‍ കയ്യോടെ ആ പേരങ്ങിട്ടു . ഇല്ലായിരുന്നെങ്കില്‍ അപ്പന്റെ പേര് തിരിച്ചിട്ട്  അപ്പാപ്പനേം കൂടെ കൂട്ടി ആന്റണി ജോസഫ്‌ എന്നായേനെ. ഇപ്പൊ ആ പേര് അയാളുടെ അനിയന് സ്വന്തം.

അയാളുടെ മക്കള്‍ ആണു ആ ഉദ്യാനത്തില്‍ കളിക്കുന്നത് പ്രാര്‍ത്ഥനയും നന്മയും - രണ്ടും  നല്ല  ചന്തമുള്ള മാലാഖ കുഞ്ഞുങ്ങള്‍ തന്നെ . മക്കള്‍ക്ക് പേരിട്ടത് അയാളുടെ അപ്പനാ ,ഒരു നല്ല ശമരിയക്കാരന്‍ . കൊച്ചുമക്കളുടെ പേര് കേട്ടാല്‍ എല്ലാവര്ക്കും ഇഷ്ടം തോന്നണം എന്നൊരു ന്യായവും. അയാളും ഭാര്യയും പ്രാര്‍ത്ഥനയെ പാത്തു ആക്കി , ഇളയവള്‍ വന്നപ്പോള്‍ പാത്തു അനിയത്തിയെ അവളുടെ ഇഷ്ടത്തിന് കുഞ്ഞിപ്പാത്തു എന്ന് കൊഞ്ചിച്ചു  . അഞ്ചു  വയസുകാരി പ്രാര്‍ത്ഥന ഇടയ്ക്കിടെ അപ്പായിയെ തിരിഞ്ഞു നോക്കുന്നുണ്ട് . കൂടെ കളിയ്ക്കാന്‍ മുയലും മാനുമൊക്കെ ഉണ്ടെങ്കിലും രണ്ടാള്‍ക്കും ഒരു ഉഷാറില്ല - അമ്മയെ കാണാഞ്ഞിട്ടാ .പാവങ്ങള്‍. ,അമ്മമാരുടെ അടുത്ത് നിന്ന് മാറി നില്‍ക്കേണ്ട സമയം ഒന്നും ആയില്ലലോ - ഇളയ കുഞ്ഞിനാണേല്‍ ഒരു വയസ് ആയതേയുള്ളൂ.  ജോര്‍ജിന് അടുത്തേക്ക് ഓടി പാത്തു  ചോദിച്ചു  -

"അപ്പായീ കുഞ്ഞാവയ്ക് വിശക്കോ ? അമ്മീനെ കാണുന്നില്ലാലോ " .

 നാല് വയസിന്റെ മൂപ്പെയുള്ളൂ എങ്കിലും അമ്മയെപ്പോലെയാണ് അവള്‍ക്ക് അനിയത്തിയെ കുറിച്ച് ചിന്ത. ജോര്‍ജ് ചിരിച്ചു  പാത്തുവിന്റെ മുഖത്തെ ഗൌരവം കണ്ടിട്ട്. അഞ്ചു വയസില്‍ അമ്മാമ്മ ആണെന്നാ പെണ്ണിന്‍റെ വിചാരം. അമ്മാമ്മ എന്ന ഓര്‍മ്മയില്‍ അയ്യാളുടെ ചിരി മാഞ്ഞു - സ്വന്തം അപ്പനെയും അമ്മയെയും ഓര്‍ത്തു അയ്യാള്‍  , എന്തായിരിക്കുമോ അവിടെ അവസ്ഥ. കയ്യില്‍ പിടിച്ചു വലിച്ചു പാത്തു അയ്യാളുടെ മുഖത്തേക്ക് നോക്കി

"സാരമില്ല പാത്തൂ അവള്‍ക്ക് വിശക്കുന്നുണ്ടാകില്ല. അമ്മി ഇപ്പോഴെത്തും . മോള്‍ക്ക് വിശക്കുന്നുണ്ടോ ? "

"ഊഹും ഇല്ല്ലപ്പായീ :) വയറൊക്കെ ദേ ഭും എന്നിരിക്ക്യാ.. നേരത്തത്തെ വേദനയും ഇല്ല " 

അതും പറഞ്ഞവള്‍ വെള്ളമേഘം പോലെ പുകയുയരുന്ന കുഞ്ഞു വെള്ളക്കെട്ടിന് അടുത്തേക്ക് ഓടി . ജോര്‍ജ് ചുറ്റിലും നോക്കി 

"എന്തൊരു ഭംഗിയാ ഈ സ്ഥലമൊക്കെ കാണാന്‍ . ഇടയ്ക്കിടെ സ്വര്‍ണ്ണ മാനുകളേയും കാണാന്‍ ഉണ്ട് -പിന്നെ പല നിറത്തിലും തരത്തിലുമുള്ള പൂക്കളും പഴങ്ങളും. ഇവിടെ തന്നെ അങ്ങ് കഴിഞ്ഞാല്‍ മതിയായിരുന്നു -അതെങ്ങനാ ഇതൊരിടത്താവളം ആണെന്നല്ലേ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വന്നയാള്‍ പറഞ്ഞത്..
കുഞ്ഞുങ്ങളുടെ അമ്മ വരും വരെ മാത്രം. അത് കഴിഞ്ഞാല്‍ മറ്റൊരിടത്തേയ്ക്ക് പോകാം. അവള്‍ വരേണ്ട സമയം ഒക്കെ കഴിഞ്ഞു , ഈ പിണക്കക്കാരി പെണ്ണ് -രണ്ടു കൊച്ചുങ്ങളായി എന്നാലും ചെറിയ കുട്ടിയാണെന്നാ വിചാരം. ഇനിയും എന്തിനാണീ പിണക്കമൊക്കെ !! ആവോ , ആര്‍ക്കറിയാം.ഇങ്ങു വരട്ടെ - അവരോ അങ്ങനെയൊക്കെ ചെയ്യുന്നു, നമ്മള്‍ക്ക് അറിയാമല്ലോ പിന്നെയും എന്തിനു പിണങ്ങുന്നു എന്ന് ചെവിക്ക് പിടിച്ചു ചോദിക്കണം "

അവിടെ വരെ എത്തിയപ്പോള്‍ അയാള്‍ക്ക് ചിരി പൊട്ടി -എന്തൊക്കെയാണ് താന്‍ ചിന്തിക്കുന്നത്?

ദൂരെ ഒരു പൂക്കള്‍ അലങ്കരിച്ച കവാടം കാണുന്നുണ്ട് -അതിലെ തന്നെയാകും അവളും വരിക. അര മണിക്കൂര്‍ മുന്നേ അവര്‍  ഓരോരുത്തരായി വന്നതും അത് വഴി തന്നെ  .ഇവിടെ കാത്തു നില്‍ക്കണം എന്നു കുഞ്ഞിപ്പാത്തു എങ്ങനെ അറിഞ്ഞെന്നാ അതിശയം , അവളാണല്ലോ ആദ്യം എത്തിയത്  . അതാ, വേണ്മേഘം പോലെയൊരു വണ്ടിയില്‍ അയാളുടെ ഭാര്യ എത്തിക്കഴിഞ്ഞു - " നൂര്‍ജഹാന് " അയ്യാള്‍ ഉറക്കെ വിളിച്ചു - എത്ര മനോഹരിയായിരിക്കുന്നു അവള്‍ -ആദ്യമായ്  കലാലയത്തില്‍ കണ്ടു മുട്ടിയപ്പോഴത്തെത് പോലെ ‍. ആര്‍ത്തലച്ചു വന്നു അയ്യാളെ കെട്ടിപ്പിടിച്ചു അവളും ചോദിച്ചു
"എന്തിനാ ജോര്‍ജീ ,എന്തിനാ അവരൊക്കെ അങ്ങനെ ചെയ്തത്? എന്തിനാ എന്നെ എന്‍റെ മക്കളുടെ കൂടെ അടക്കാതെ മയ്യത്ത് പറമ്പില്‍ അടക്കിയേ?  അവരെന്താ എന്നെ മാത്രം മാറ്റിക്കളഞ്ഞേ "  .

 അയാള്‍ അപ്പോഴും ആലോചിച്ചു എന്തിനായിരിക്കും അവര്‍ അങ്ങനെ ചെയ്തത്? മരിച്ച ഞങ്ങള്‍ നാലുപേരും  ഈ ലോകത്തില്‍ ഒരുമിച്ചാണല്ലോ എല്ലാത്തിനും . പിന്നെയുമെന്തിനെ അവര്‍ ഞങ്ങളുടെ ശരീരങ്ങളോട് അങ്ങനെ ചെയ്തത്? ആത്മാക്കള്‍ക്ക് വേറെ വേറെ ലോകമില്ല എന്ന് അറിയാത്ത വിഡ്ഢികള്‍!.

അവളെ അടക്കി ചേര്‍ത്ത് പിടിച്ചു നടക്കവേ അയാള്‍ പതുക്കെ പറഞ്ഞു

 " പൊന്നേ, നമ്മള്‍ എല്ലാരും ഒരുമിച്ചല്ലേ ഇവിടെ പിന്നെന്തിനാ സങ്കടം ? നമ്മുടെ കാറിനെ  ഇടിച്ചു തെറിപ്പിച്ച  ആ  ലോറിക്കാരനോട്  പോലും  എനിക്കിപ്പോള്‍  സ്നേഹം  തോന്നുന്നു - നമ്മളെ  അയാള്‍  പിരിച്ചില്ലാലോ!, നീയില്ലാതെ  ഞാനില്ലാതെ  നമ്മുടെ  കുഞ്ഞുങ്ങള്‍  വളരേണ്ടി  വന്നില്ലാലോ....
 അതാ കുഞ്ഞുങ്ങള്‍ എത്ര  നേരമായി  നിന്നെയും കാത്തിരിക്കുന്നു.  ഈ  വിഡ്ഢികളുടെ ലോകം വിട്ടു നമുക്ക് സ്വര്‍ഗത്തില്‍ പോയി ഒരുമിച്ചു ജീവിക്കാം  "

=======================================================================
(2014 - February edition Malayali Magazine )