Sunday, April 30, 2017

കാല്‍നൂറ്റാണ്ടിനുമിപ്പുറം

25 കൊല്ലങ്ങള്‍ക്ക് മുന്‍പ്  ഞങ്ങള്‍ടെ നാട്ടിലുണ്ടായ  ഒരനുഭവം  ഇന്നും പ്രസക്തമാകുന്നതെങ്ങനെ  എന്ന് അടുത്തിടെ  വായിക്കുന്ന  വാര്‍ത്തകള്‍ ഓര്‍മ്മിപ്പിക്കുകയാണ്. 'നാവായിക്കുളം' എന്ന  ഞങ്ങളുടെ നാടൊരു സമത്വസുന്ദരനന്മ നാട്ടിന്‍പുറമായി എനിക്ക് തോന്നിയിരുന്നു എങ്കിലും, സത്യത്തില്‍  ആധുനികത  വണ്ടി പിടിച്ചെത്താത്ത  ഒരു പട്ടിക്കാടായിരുന്നു  സ്ഥലം!  ഒരു സാധാരണ നാട്ടിന്പുറത്തിനു വേണ്ട എല്ലാ  ചേരുവകകളും അവിടെയുണ്ടായിരുന്നു - ചെമ്മണ്ണ് പാത, നിരപ്പലകകള്‍  ഉള്ള കുഞ്ഞുകുഞ്ഞു കടകള്‍, രാവിലെയും  വൈകിട്ടും ഭക്തിഗാനങ്ങളാല്‍ ജീവിതം സംഗീത സാന്ദ്രമാക്കുന്ന രണ്ടമ്പലങ്ങള്‍, അമ്പലത്തിനു മുന്നില്‍ത്തന്നെ മുല്ലയുടെയും ജമന്തിയുടെയും മണവുമായി ഒരു കുഞ്ഞു പൂക്കട, വൈകുന്നേരങ്ങളില്‍ നിരപ്പലകക്കടകള്‍ക്ക് മുന്നില്‍ ചെസ്സും, ചീട്ടും, കളിയ്ക്കാന്‍ കൂടുന്ന  പ്രായവ്യത്യാസമില്ലാത്ത ആണുങ്ങള്‍.

                   കനകാംബരവും, കണ്മഷിയും ഉപയോഗിച്ച്  സുന്ദരിമാരാകാന്‍ ശ്രമിച്ചിരുന്ന   ഞങ്ങളുടെ ഇടയിലേക്ക്  വിടര്‍ന്ന കണ്ണുകളില്‍ ഐ ലൈനെര്‍ കൊണ്ട് മഷിയെഴുതി, ഷാമ്പൂ ചെയ്ത് വിടര്‍ത്തിയിട്ട മുടിയുമായി ഒരു സുന്ദരിപ്പെണ്ണ്‍ തിരുവനന്തപുരം എന്ന സിറ്റിയില്‍ നിന്നും വന്നുചേര്‍ന്നു. അവളെ ഞങ്ങള്‍ കളിയാക്കി  'പാര്‍വതി' എന്ന് വിളിച്ചു, അവള്‍ കേള്‍ക്കാതെ 'ഉണ്ടക്കണ്ണി' എന്നും. എന്നേക്കാള്‍ മുതിര്‍ന്ന ക്ലാസിലേക്കാണ് അവള്‍ വന്നതെങ്കിലും താമസം ഞങ്ങളുടെ വീടിനടുത്ത് ആയതിനാല്‍,  "ഓ, ആ പുതിയ സുന്ദരിക്കൊച്ച് ഞങ്ങടെ വീടിനടുത്താ" എന്നും "കണ്ണെഴുതാതെ കാണുമ്പോള്‍ ഇത്രയും ഭംഗിയൊന്നുമില്ലാട്ടാ" എന്നും "മൊത്തം മേക്കപ്പാ!" എന്നും സന്ദര്‍ഭം മാറുന്നതിനനുസരിച്ച് ഞാന്‍ പറഞ്ഞു പോന്നു. നാട്ടിലെ ഏതാണ്ടെല്ലാ ഹൈ സ്കൂള്‍ ചേട്ടന്മാരും "പാര്‍വതി" യുടെ വീടിനു മുന്നിലൂടെ യാത്രകള്‍ പതിവാക്കുകയും, അവളുടെ രണ്ടനിയന്മാരെ ആവശ്യത്തിനും അനാവശ്യത്തിനും സ്കൂളില്‍ കാണുമ്പോള്‍ 'അളിയാ' എന്ന് വിളിക്കാനും തുടങ്ങി.


 ഹൈ സ്കൂളിലെത്താന്‍ ഇനിയും രണ്ടു മൂന്നുകൊല്ലം കാത്തിരിക്കേണ്ടവരായിരുന്നു ഞാനും സുഹൃത്തുക്കളും. ലോക്കല്‍ സുന്ദരിക്കൂട്ടമായ  ഞങ്ങള്‍ക്ക്  ഇപ്പോള്‍ "ഐലൈനെര്‍" എന്ന മാന്ത്രിക സാധനം എങ്ങനെ വാങ്ങിക്കാം എന്നതൊരു ചിന്താവിഷയവും, ഉത്സവം വരുമ്പോള്‍ വളക്കടയില്‍ ഐ ലൈനെര്‍ ഉണ്ടാകുമോ എന്നതൊക്കെ വന്‍ ചര്‍ച്ചാവിഷയവുമായി. അസൂയ കലര്‍ന്ന ഒരിഷ്ടം ആ കണ്ണുകളോട് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടായിരുന്നു എന്നതാണ് സത്യം.

ഒരു ദിവസം എനിക്ക്  നേരം പുലര്‍ന്നത്, 'രാവിലെ 7 മണിക്ക്ട്യൂഷന് പോയ ഞങ്ങളുടെ സ്വന്തം സുന്ദരിയെ ആരോ കയറിപ്പിടിച്ചു' എന്ന ചൂടന്‍ വാര്‍ത്തയിലാണ്. പല വായ്‌ മറിഞ്ഞു വന്ന വാര്‍ത്തയില്‍ അവിടെയും ഇവിടെയും തൊടാതെ അപ്പുറത്തമ്മ അമ്മയോട്  പറയുന്നത് ചായയോടൊപ്പം ഞാനും കേട്ടു  - "ആ കുട്ടിയെ പോകുംവഴി ആരോ മാറില്‍ പിടിക്കാന്‍ ശ്രമിച്ചത്രേ, ഇടവഴിയില്‍ വേറെ ആരുമുണ്ടായിരുന്നില്ല. കുട്ടി ആളെ തള്ളിയിട്ട് കരഞ്ഞുകൊണ്ട് തിരിച്ചോടി, ഭാഗ്യത്തിനു മറ്റൊന്നും സംഭവിച്ചില്ല - ആളെ കണ്ടാല്‍ അറിയാമെന്നൊക്കെ പറയുന്നുണ്ട്". നാട്ടിന്പുറത്തിനുള്ള ഗുണങ്ങളില്‍ ഒന്ന് എല്ലാവര്‍ക്കും എല്ലാവരെയും അറിയാമായിരിക്കും എന്നതാണ്. അന്ന് വൈകിട്ടിനുള്ളില്‍ തന്നെ നാട്ടിലെ അറിയപ്പെടുന്ന ഒരു വായിനോക്കിച്ചേട്ടനെ സംഭവസ്ഥലത്തു നിന്നോടിപ്പോയതായി കണ്ടു നാട്ടുകാരുടെ ആക്ഷന്‍ കൌണ്‍സില്‍ പൊക്കി. പരസ്യ വിചാരണ നടക്കുന്നിടത്ത് കുട്ടികള്‍ക്ക് പ്രവേശനം ഇല്ലായിരുന്നു എങ്കിലും മറ്റെന്തൊക്കെയോ ചെയ്തുകൊണ്ട് ഞങ്ങളും തിരക്കിട്ട് ആ ഭാഗത്ത്‌ കൂടിയൊക്കെ നടന്നു. വിചാരണയില്‍ ഒന്നും പ്രത്യേകിച്ച് സംഭവിച്ചില്ല, 'പ്രതി' പെണ്‍കുട്ടിയെ ഇഷ്ടമായതുകൊണ്ട് മിണ്ടാന്‍ ശ്രമിച്ചതാണെന്നും, പേടിക്കണ്ട എന്ന് പറയാന്‍ കൈ ഉയര്‍ത്തിയതാണ് എന്നുമൊക്കെയുള്ള ന്യായവാദങ്ങള്‍ക്കൊടുവില്‍ ഒരു "മാപ്പ്" പറഞ്ഞ് അങ്ങോര്‍ അങ്ങോരുടെ പാട്ടിനു പോയി. പാവം ഞങ്ങളുടെ സുന്ദരി കുറെയേറെ നാള്‍ സ്കൂളില്‍ വന്നതേയില്ല, പിന്നെ കാണുമ്പോഴൊക്കെ അനിയന്മാരില്‍ ആരെങ്കിലും ഒരാള്‍ എപ്പോഴും  ചേച്ചിയുടെ കൈ പിടിക്കുകയും, ആരെയും നോക്കാതെ തറയില്‍ മാത്രം തറഞ്ഞ ആ സുന്ദരമായ മിഴികളില്‍ പേടി കൂട്ടുകൂടുകയും ചെയ്തു.

ഇപ്പോള്‍ ഇതൊക്കെ ഓര്‍ത്തത്, അന്ന് ആ പെണ്‍കുട്ടിയെ  കയറിപ്പിടിക്കാന്‍ ശ്രമിച്ച ആളുടെ ബന്ധു പറഞ്ഞ ഒരു വാചകം ഇപ്പോഴും ഓര്‍ക്കുന്നു, "അവനവളുടെ പുറകിലാരുന്നുന്നേ, ഇവനെക്കണ്ടോണ്ട് അവളാ സൈഡിലേക്ക് മാറി നിന്നുകൊടുത്തു. അവളെ മറികടന്നു പോയതുകൊണ്ടല്ലേ അവനപ്പോള്‍ അവളോട്‌ മിണ്ടാന്‍ തോന്നിയതും, പിടിക്കാന്‍ തോന്നിയതും. ഇവളല്ലാതെ  ആരേലും പിന്നാലെ വരുന്ന ആണുങ്ങള്‍ക്ക് കടന്നു പോകാന്‍ വഴി മാറിക്കൊടുക്കോ! മാത്രോമല്ല അവളുടെ ആ മേക്കപ്പിട്ട കണ്ണുകൊണ്ടവനെ നോക്കുകേം. അവനെ കുറ്റം പറയാന്‍ പറ്റോ!" കൂടിനിന്ന 'അമ്മായിമാര്‍' തല കുലുക്കി സമ്മതിച്ച ആ പ്രസ്താവനയുടെ ആഴം/ അതിലെ സ്ത്രീ വിരുദ്ധത  എനിക്ക് അന്ന് മുഴുവനായി മനസിലായില്ല!

പക്ഷേ, അതോടെ കുറ്റം മുഴുവന്‍ മുടി പറപ്പിച്ച്, കണ്ണെഴുതി നടന്ന ആ പാവം പെണ്‍കുട്ടിക്കായി. ഇന്നും ഇപ്പോഴും ആലോചിക്കുമ്പോള്‍ എങ്ങനെയാണു പിന്നാലെ വന്ന ഒരാള്‍ക്ക് സൈഡ് ഒഴിഞ്ഞു കൊടുത്തത് "എന്നെ പീഡിപ്പിച്ചോളൂ " എന്ന സമ്മതപത്രം ആയതെന്നറിയില്ല. പക്ഷേ, കാല്‍നൂറ്റാണ്ടിനിപ്പുറവും പെണ്ണിന്‍റെ വസ്ത്രവും, സൗന്ദര്യവും, രാത്രി യാത്രയും, ജീന്‍സും, ആഘോഷങ്ങളും  ചിലര്‍ക്കെങ്കിലും പീഡിപ്പിക്കാനുള്ള സമ്മതപത്രമായി തുടരുന്നു എന്നത് ചിന്തിപ്പിക്കുന്നു. കാലം മാറിയിട്ടില്ല, നമ്മളൊക്കെ ഇപ്പോഴും അവിടെ തന്നെയാണ് ആ തൊണ്ണൂറുകളില്‍! തിരിച്ചറിഞ്ഞ് എന്ന് മാറുന്നുവോ അന്ന്, അന്ന് മാത്രമേ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ്  നാമെന്ന് അഭിമാനിക്കാനാവൂ.
താഴെയുള്ള വരികളില്‍ ഈ ചെറിയ കുറിപ്പ് നിര്‍ത്തുന്നു -
"എന്‍റെ വസ്ത്രത്തിന്‍റെ നീളത്തില്‍,
എന്‍റെ പ്രായത്തില്‍, എന്‍റെ ചമയങ്ങളില്‍,

എന്‍റെ യാത്രകളില്‍, എന്‍റെ ജോലിയിടങ്ങളില്‍
എന്‍റെ ബന്ധങ്ങളില്‍, എന്‍റെ പ്രണയങ്ങളില്‍
എന്നെ ആണാകാന്‍ നിര്‍ബന്ധിക്കരുത്….!
പെണ്ണുങ്ങള്‍ ജീവന്‍റെ/ജീവിതത്തിന്‍റെ താളമാണ്,
ഉപ്പാണ്, മധുരമാണ്, ജീവജലമാണ്...!"
എന്ന് സ്നേഹപൂര്‍വ്വം
ഒരു ചെറിയ മനുഷ്യത്തി!
===============================================================

ഇ-മഷി ഏപ്രില്‍ ലക്കം 2017 - http://emashi.in/apr-2017/column-aarsha.html
അഴിമുഖം http://www.azhimukham.com/offbeat-how-society-blame-women-for-sexual-assault-arsha/









Monday, April 17, 2017

എവിടെയാണ് നമ്മുടെ സ്വന്തം നാട്?

"ഞങ്ങളുടെ നാട്ടില്‍ നിന്നും പുറത്തുപോകൂ" എന്ന് പറഞ്ഞുകൊണ്ട്  തനിക്കുനേരെ  നീണ്ട  തോക്കിനു മുന്നില്‍ നില്‍ക്കുമ്പോള്‍ ശ്രീനിവാസ് കുച്ചിഭോട്ലയ്ക്ക് എന്താകും തോന്നിയിട്ടുണ്ടാകുക? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനസ്സില്‍ വല്ലാത്ത അസ്വസ്ഥത ഉളവാക്കുന്ന സംഭവങ്ങള്‍ ആണ് കേള്‍ക്കുന്നത്. ഫെബ്രുവരി അവസാനം അമേരിക്കയിലെ കാന്‍സാസ് സിറ്റിയില്‍ നടന്ന 'hate crime' വെടിവെയ്പ്പില്‍ ജീവന്‍ നഷ്‌ടമായത് ഒരു ഇന്ത്യക്കാരന് ആയിരുന്നു. മറ്റൊരു ഇന്ത്യന്‍ വംശജനും, രക്ഷിക്കാന്‍ ശ്രമിച്ച ഒരു അമേരിക്കക്കാരനും പരിക്കുകളോടെ ആശുപത്രിയിലാണ്. 
അമേരിക്ക എന്ന സ്വപ്നഭൂമിയില്‍ പഠനമികവിന്‍റെ അടിസ്ഥാനത്തില്‍ ജോലിക്ക് വന്ന ഏതൊരു രാജ്യക്കാരനേയും പോലെ ശ്രീനിവാസിനും സ്വപ്നങ്ങള്‍ ഉണ്ടായിരുന്നിരിക്കണം. സ്വപ്നേപി അദ്ദേഹം കരുതിയിരുന്നിരിക്കില്ല വികസിത രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന അമേരിക്കയില്‍ ആദ്യമായി കാണുന്ന ഒരാളുടെ തോക്കിന്‍ തുമ്പില്‍ തീരാനുള്ളതാണ് തന്‍റെ ജീവിതമെന്ന്, കൂട്ടുകാരനോടൊപ്പം ജീവിതത്തിന്‍റെ ഒരു സന്തോഷ നിമിഷം ആഘോഷിച്ചു കൊണ്ടിരിക്കുമ്പോള്‍ വെറുപ്പിന്‍റെ അങ്ങേ അറ്റത്തുനിന്നൊരു ബുള്ളറ്റ് തന്‍റെ ജീവനെടുക്കുമെന്ന്, വിവാഹത്തിന്‍റെ  അഞ്ചാം വര്ഷം ചെറുപ്പക്കാരിയായ ഭാര്യ , ബന്ധുക്കളാരുമടുത്തില്ലാത്ത ഒരിടത്ത് വെച്ച് വിധവയാകുമെന്ന്.... ജീവിതം എത്ര അനിശ്ചിതത്വം നിറഞ്ഞതാണെന്നും, ഈ വലിയ ലോകത്തിലെ കുഞ്ഞുകുഞ്ഞു അരിമണികളാണ് നമ്മളെന്നും! ഇല്ല ഇതൊന്നും തന്നെ ആ ചെറുപ്പക്കാരന്‍ 'ഒലാതെ' എന്ന സ്ഥലത്തെ ആ ചെറിയ ബാറിലേക്ക് കയറുമ്പോള്‍ ഓര്‍ത്തിട്ടുണ്ടാകില്ല..അദ്ദേഹമെന്നല്ല മറ്റൊരു രാജ്യത്ത് ജീവിക്കുന്നവര്‍ ആരും തന്നെ ഓര്‍ക്കുന്നുണ്ടാകില്ല. 
ഞാനിടയ്ക്ക്  ഇവിടെ അമേരിക്കയില്‍  ജനിച്ചു വളര്‍ന്ന കുട്ടികളെ കാണുമ്പോള്‍ ആലോചിക്കാറുണ്ട്, അവരെ സംബന്ധിച്ച് ഇതാണ് അവരുടെ രാജ്യം, ഇതാണ് അവരുടെ ഗൃഹാതുരത്വം, ഇതാണ് അവരുടെ ഓര്‍മ്മകള്‍ എന്നൊക്കെ. പക്ഷേ, കഴിഞ്ഞ പത്തിരുപത് ദിവസത്തിനുള്ളില്‍ അമേരിക്കയില്‍ നിന്നും  കേള്‍ക്കുന്ന ചില കഥകള്‍  പ്രസക്തമായ ഒരു ചോദ്യമാണ് തൊടുത്തു വിടുന്നത്. "ഏതാണ് നമ്മുടെ തട്ടകം" - അഥവാ "where do we belong!".
 ലോകം കൈപ്പിടിയില്‍ ഒതുന്നുങ്ങത്ര ചെറുതായിക്കൊണ്ടിരിക്കുമ്പോള്‍, രണ്ടു വ്യത്യസ്ത ഭൂഖണ്ഡങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ ഒരു വിരല്‍ത്തുമ്പില്‍ അറിയുമ്പോള്‍, അച്ഛനുമമ്മയും മക്കളും പല രാജ്യങ്ങളിലെ പൌരത്വം സ്വീകരിച്ച് ഒരേ കൂരയ്ക്കു കീഴില്‍ ഒരുമിച്ചു താമസിക്കുമ്പോള്‍ ഏതാണ് ശരിക്കും നമ്മുടെ നാട്? എവിടെയാണ് നമ്മള്‍ നമ്മളാകുന്നത്? ഏത് അതിര്‍വരമ്പുകളാണ് നമ്മളെ ഒരു ഭൂമികയ്ക്ക് അപരിചിതരാക്കുന്നത്? ഭയപ്പെടുത്തുന്നതും, ആശങ്ക ജനിപ്പിക്കുന്നതുമായ ഇത്തരം ചിന്തകള്‍ക്ക് കൃത്യമായ ഉത്തരമില്ലെങ്കില്‍ക്കൂടി ജീവിതത്തിന്‍റെ നല്ലൊരു ഭാഗം മറ്റൊരു രാജ്യത്ത്, സംസ്കാരത്തില്‍, ജീവിത സാഹചര്യങ്ങളില്‍ ജീവിക്കേണ്ടി വരുന്നവര്‍ക്ക് ഇവിടം ഞങ്ങളുടേത് കൂടിയാണെന്ന് ഒരുറക്കെപ്പറച്ചില്‍ ആശ്വാസം നല്‍കിയേക്കും. 
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പുകണ്ട ചിത്രമാണ് "My name is Khan, and I'm not a terrorist". ചിത്രത്തില്‍ ഷാരൂക് ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ മതവിശ്വാസത്തിനോടുള്ള കുറച്ചു കുട്ടികളുടെ  വെറുപ്പാണ് വളര്‍ത്തുപുത്രന്‍റെ മരണത്തിനു കാരണമാകുന്നത്. ഭാര്യ പോലും നിങ്ങളുടെ മതമാണ്‌ മകന്‍റെ ജീവനെടുത്തത് എന്ന് കുറ്റപ്പെടുത്തുമ്പോള്‍ ഒരാളുടെ സത്വം പേരിനും,മതത്തിനും, ദേശത്തിനും അതീതമാണ് എന്ന് കാണിക്കാന്‍ ഖാന്‍ നടത്തുന്ന യാത്രയാണ്‌ ചിത്രത്തിന്‍റെ ആത്മാവ്. ജനിച്ചത് മറ്റൊരിടതാണ് എന്ന കാരണത്താല്‍ മാത്രം സ്വന്തമെന്നു പറയാന്‍ കഴിയാത്ത ഒരിടത്ത് സ്വപ്‌നങ്ങള്‍ സാധ്യമാക്കാന്‍ വേണ്ടി ജീവിക്കുന്നവരില്‍പ്പെട്ടവരാണ്  ഞാനുള്‍പ്പെടെ ഉള്ളവര്‍. അതുകൊണ്ട് തന്നെ ഏതു രീതിയിലാണ്‌ ഓരോ രാജ്യത്തേയും തങ്ങളുടെ ആത്മാവിലേക്ക് കൂട്ടിച്ചേര്‍ക്കേണ്ടതെന്നു സാരമായ സംശയവും ഇപ്പോഴുണ്ട്. 
ഇത്രയുമൊക്കെ ചിന്തകള്‍ ഇവിടുത്തെ ജീവിതം സമ്മാനിക്കുന്നു എന്ന് ഞാന്‍ ആവലാതിപ്പെടുമ്പോള്‍ത്തന്നെ  'ഇന്ത്യ' എന്ന ഞാന്‍ ജനിച്ചു വളര്‍ന്ന രാജ്യത്തില്‍ നിന്നു കേള്‍ക്കുന്ന ചില 'അവനവനിസ'ത്തെ കുറിച്ചുകൂടി പറയാതെ തരമില്ല! ഇന്ത്യന്‍ പൌരന്‍ ആയിരിക്കെത്തന്നെ സ്വന്തം അവകാശങ്ങളെ കുറിച്ചോ, വിശ്വാസങ്ങളെക്കുറിച്ചോ, താല്‍പര്യങ്ങളെക്കുറിച്ചോ   സംസാരിക്കേണ്ടി വന്നാല്‍ "മറ്റൊരു രാജ്യത്തേക്ക് പൊക്കോളൂ" എന്ന് കേള്‍ക്കേണ്ടി വരുന്നത് ഒട്ടും സുഖമുള്ള കാര്യമല്ല എന്ന് സങ്കടപ്പെടുന്ന കൂട്ടുകാരോട് കൂടെ സങ്കടപ്പെടാന്‍ മാത്രമേ കഴിയുന്നുള്ളൂ. എന്‍റെ ഇന്ത്യ അങ്ങനല്ല എന്ന് പറയണമെന്നുണ്ട് - എന്നാല്‍ അതേ ചിന്തയുടെ മറുമുഖങ്ങള്‍ മറ്റൊരു ഭൂഖണ്ടത്തിലിരുന്നു കാണുമ്പോള്‍ വീണ്ടും വീണ്ടും സങ്കടത്തിനൊപ്പം ചേരാനേ കഴിയുന്നുള്ളൂ.....
 ഈ കോളം 'ജനുവരി'യില്‍ എഴുതിത്തുടങ്ങുമ്പോള്‍ മനസില്‍ കരുതിയിരുന്നു,  ഒന്ന് ചിരിക്കാന്‍ പറ്റുന്ന എന്തെങ്കിലുമൊന്നു സമ്മാനിച്ചു വേണം ഓരോ മാസവും എഴുതി നിര്‍ത്താനെന്ന്‍! ഇന്നത്തെ ചിന്ത എവിടെക്കൊണ്ട് കെട്ടിയാലാണ് ആശ്വാസത്തിന്‍റെ ചിരി സമ്മാനിക്കാന്‍ ആകുക എന്നറിയില്ല. നമ്മുടെ മക്കളോട് പറഞ്ഞു പഠിപ്പിക്കാന്‍ ഒരു ചിന്ത പറഞ്ഞു നിര്‍ത്തുന്നു - "ജാതിയുടേയോ, നിറത്തിന്‍റെയോ, ദേശത്തിന്‍റെയോ പേരില്‍ ആരെയും വെറുക്കാതിരിക്കുക, സ്നേഹിക്കാന്‍ ആയില്ലെങ്കിലും!" ഭൂമിയ്ക്ക് പുറത്തും ജീവന്‍ കണ്ടുപിടിച്ച വാര്‍ത്തകള്‍ വരുമ്പോള്‍ രാജ്യത്തിന്‍റെ മതില്‍ക്കെട്ടുകള്‍, ഭൂഖണ്ഡങ്ങളുടെ അതിര്‍വരമ്പുകള്‍, കാണാത്ത ലോകങ്ങളുടെ ആചാരങ്ങള്‍ ഒക്കെ 3D യില്‍ നിന്നും മാറി പലപല മാനങ്ങളിലൂടെ സഞ്ചരിക്കേണ്ടിയിരിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങള്‍ മറ്റൊരു ഗ്രഹത്തിനെയും ഭൂമിയെപ്പോല്‍ സ്നേഹിക്കട്ടെ!
 നാമെവിടെ ജീവിക്കുന്നുവോ അതാകട്ടെ നമ്മുടെ നാട്!നാമെവിടെ മരങ്ങള്‍ നടുന്നുവോ അതാകട്ടെ...., നാമേത് വെള്ളം കുടിക്കുന്നുവോ, ഏതു മഴ നനയുന്നുവോ, ഏതു വെയില്‍,കാറ്റ്, മഞ്ഞു കൊണ്ടു ജീവിക്കുന്നുവോ അതാകട്ടെ നമ്മുടെ സ്വന്തം! അതേ കാര്യങ്ങള്‍ ചെയ്യുന്ന അയല്‍ക്കാരനും ഇതവരുടെ സ്വന്തമാണെന്ന് നമുക്ക് ചിന്തിക്കാന്‍ കഴിയട്ടെ! കേരളത്തില്‍ ജോലി ചെയ്യുന്ന ബംഗാളിയും, ഗള്‍ഫില്‍ ജോലി ചെയ്യുന്ന മലയാളിയും, അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരനും ഒരേപോല്‍ സ്നേഹിക്കപ്പെടട്ടെ! 
അതിര്‍ത്തികളില്ലാത്ത ലോകം സൊപ്പനം കണ്ടുകൊണ്ട്,
ഒരു ചെറിയ മനുഷ്യത്തി!
===============================================================
ഇ-മഷി 2017 മാര്‍ച്ച്‌ ലക്കം