Monday, April 17, 2017

എവിടെയാണ് നമ്മുടെ സ്വന്തം നാട്?

"ഞങ്ങളുടെ നാട്ടില്‍ നിന്നും പുറത്തുപോകൂ" എന്ന് പറഞ്ഞുകൊണ്ട്  തനിക്കുനേരെ  നീണ്ട  തോക്കിനു മുന്നില്‍ നില്‍ക്കുമ്പോള്‍ ശ്രീനിവാസ് കുച്ചിഭോട്ലയ്ക്ക് എന്താകും തോന്നിയിട്ടുണ്ടാകുക? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനസ്സില്‍ വല്ലാത്ത അസ്വസ്ഥത ഉളവാക്കുന്ന സംഭവങ്ങള്‍ ആണ് കേള്‍ക്കുന്നത്. ഫെബ്രുവരി അവസാനം അമേരിക്കയിലെ കാന്‍സാസ് സിറ്റിയില്‍ നടന്ന 'hate crime' വെടിവെയ്പ്പില്‍ ജീവന്‍ നഷ്‌ടമായത് ഒരു ഇന്ത്യക്കാരന് ആയിരുന്നു. മറ്റൊരു ഇന്ത്യന്‍ വംശജനും, രക്ഷിക്കാന്‍ ശ്രമിച്ച ഒരു അമേരിക്കക്കാരനും പരിക്കുകളോടെ ആശുപത്രിയിലാണ്. 
അമേരിക്ക എന്ന സ്വപ്നഭൂമിയില്‍ പഠനമികവിന്‍റെ അടിസ്ഥാനത്തില്‍ ജോലിക്ക് വന്ന ഏതൊരു രാജ്യക്കാരനേയും പോലെ ശ്രീനിവാസിനും സ്വപ്നങ്ങള്‍ ഉണ്ടായിരുന്നിരിക്കണം. സ്വപ്നേപി അദ്ദേഹം കരുതിയിരുന്നിരിക്കില്ല വികസിത രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന അമേരിക്കയില്‍ ആദ്യമായി കാണുന്ന ഒരാളുടെ തോക്കിന്‍ തുമ്പില്‍ തീരാനുള്ളതാണ് തന്‍റെ ജീവിതമെന്ന്, കൂട്ടുകാരനോടൊപ്പം ജീവിതത്തിന്‍റെ ഒരു സന്തോഷ നിമിഷം ആഘോഷിച്ചു കൊണ്ടിരിക്കുമ്പോള്‍ വെറുപ്പിന്‍റെ അങ്ങേ അറ്റത്തുനിന്നൊരു ബുള്ളറ്റ് തന്‍റെ ജീവനെടുക്കുമെന്ന്, വിവാഹത്തിന്‍റെ  അഞ്ചാം വര്ഷം ചെറുപ്പക്കാരിയായ ഭാര്യ , ബന്ധുക്കളാരുമടുത്തില്ലാത്ത ഒരിടത്ത് വെച്ച് വിധവയാകുമെന്ന്.... ജീവിതം എത്ര അനിശ്ചിതത്വം നിറഞ്ഞതാണെന്നും, ഈ വലിയ ലോകത്തിലെ കുഞ്ഞുകുഞ്ഞു അരിമണികളാണ് നമ്മളെന്നും! ഇല്ല ഇതൊന്നും തന്നെ ആ ചെറുപ്പക്കാരന്‍ 'ഒലാതെ' എന്ന സ്ഥലത്തെ ആ ചെറിയ ബാറിലേക്ക് കയറുമ്പോള്‍ ഓര്‍ത്തിട്ടുണ്ടാകില്ല..അദ്ദേഹമെന്നല്ല മറ്റൊരു രാജ്യത്ത് ജീവിക്കുന്നവര്‍ ആരും തന്നെ ഓര്‍ക്കുന്നുണ്ടാകില്ല. 
ഞാനിടയ്ക്ക്  ഇവിടെ അമേരിക്കയില്‍  ജനിച്ചു വളര്‍ന്ന കുട്ടികളെ കാണുമ്പോള്‍ ആലോചിക്കാറുണ്ട്, അവരെ സംബന്ധിച്ച് ഇതാണ് അവരുടെ രാജ്യം, ഇതാണ് അവരുടെ ഗൃഹാതുരത്വം, ഇതാണ് അവരുടെ ഓര്‍മ്മകള്‍ എന്നൊക്കെ. പക്ഷേ, കഴിഞ്ഞ പത്തിരുപത് ദിവസത്തിനുള്ളില്‍ അമേരിക്കയില്‍ നിന്നും  കേള്‍ക്കുന്ന ചില കഥകള്‍  പ്രസക്തമായ ഒരു ചോദ്യമാണ് തൊടുത്തു വിടുന്നത്. "ഏതാണ് നമ്മുടെ തട്ടകം" - അഥവാ "where do we belong!".
 ലോകം കൈപ്പിടിയില്‍ ഒതുന്നുങ്ങത്ര ചെറുതായിക്കൊണ്ടിരിക്കുമ്പോള്‍, രണ്ടു വ്യത്യസ്ത ഭൂഖണ്ഡങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ ഒരു വിരല്‍ത്തുമ്പില്‍ അറിയുമ്പോള്‍, അച്ഛനുമമ്മയും മക്കളും പല രാജ്യങ്ങളിലെ പൌരത്വം സ്വീകരിച്ച് ഒരേ കൂരയ്ക്കു കീഴില്‍ ഒരുമിച്ചു താമസിക്കുമ്പോള്‍ ഏതാണ് ശരിക്കും നമ്മുടെ നാട്? എവിടെയാണ് നമ്മള്‍ നമ്മളാകുന്നത്? ഏത് അതിര്‍വരമ്പുകളാണ് നമ്മളെ ഒരു ഭൂമികയ്ക്ക് അപരിചിതരാക്കുന്നത്? ഭയപ്പെടുത്തുന്നതും, ആശങ്ക ജനിപ്പിക്കുന്നതുമായ ഇത്തരം ചിന്തകള്‍ക്ക് കൃത്യമായ ഉത്തരമില്ലെങ്കില്‍ക്കൂടി ജീവിതത്തിന്‍റെ നല്ലൊരു ഭാഗം മറ്റൊരു രാജ്യത്ത്, സംസ്കാരത്തില്‍, ജീവിത സാഹചര്യങ്ങളില്‍ ജീവിക്കേണ്ടി വരുന്നവര്‍ക്ക് ഇവിടം ഞങ്ങളുടേത് കൂടിയാണെന്ന് ഒരുറക്കെപ്പറച്ചില്‍ ആശ്വാസം നല്‍കിയേക്കും. 
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പുകണ്ട ചിത്രമാണ് "My name is Khan, and I'm not a terrorist". ചിത്രത്തില്‍ ഷാരൂക് ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ മതവിശ്വാസത്തിനോടുള്ള കുറച്ചു കുട്ടികളുടെ  വെറുപ്പാണ് വളര്‍ത്തുപുത്രന്‍റെ മരണത്തിനു കാരണമാകുന്നത്. ഭാര്യ പോലും നിങ്ങളുടെ മതമാണ്‌ മകന്‍റെ ജീവനെടുത്തത് എന്ന് കുറ്റപ്പെടുത്തുമ്പോള്‍ ഒരാളുടെ സത്വം പേരിനും,മതത്തിനും, ദേശത്തിനും അതീതമാണ് എന്ന് കാണിക്കാന്‍ ഖാന്‍ നടത്തുന്ന യാത്രയാണ്‌ ചിത്രത്തിന്‍റെ ആത്മാവ്. ജനിച്ചത് മറ്റൊരിടതാണ് എന്ന കാരണത്താല്‍ മാത്രം സ്വന്തമെന്നു പറയാന്‍ കഴിയാത്ത ഒരിടത്ത് സ്വപ്‌നങ്ങള്‍ സാധ്യമാക്കാന്‍ വേണ്ടി ജീവിക്കുന്നവരില്‍പ്പെട്ടവരാണ്  ഞാനുള്‍പ്പെടെ ഉള്ളവര്‍. അതുകൊണ്ട് തന്നെ ഏതു രീതിയിലാണ്‌ ഓരോ രാജ്യത്തേയും തങ്ങളുടെ ആത്മാവിലേക്ക് കൂട്ടിച്ചേര്‍ക്കേണ്ടതെന്നു സാരമായ സംശയവും ഇപ്പോഴുണ്ട്. 
ഇത്രയുമൊക്കെ ചിന്തകള്‍ ഇവിടുത്തെ ജീവിതം സമ്മാനിക്കുന്നു എന്ന് ഞാന്‍ ആവലാതിപ്പെടുമ്പോള്‍ത്തന്നെ  'ഇന്ത്യ' എന്ന ഞാന്‍ ജനിച്ചു വളര്‍ന്ന രാജ്യത്തില്‍ നിന്നു കേള്‍ക്കുന്ന ചില 'അവനവനിസ'ത്തെ കുറിച്ചുകൂടി പറയാതെ തരമില്ല! ഇന്ത്യന്‍ പൌരന്‍ ആയിരിക്കെത്തന്നെ സ്വന്തം അവകാശങ്ങളെ കുറിച്ചോ, വിശ്വാസങ്ങളെക്കുറിച്ചോ, താല്‍പര്യങ്ങളെക്കുറിച്ചോ   സംസാരിക്കേണ്ടി വന്നാല്‍ "മറ്റൊരു രാജ്യത്തേക്ക് പൊക്കോളൂ" എന്ന് കേള്‍ക്കേണ്ടി വരുന്നത് ഒട്ടും സുഖമുള്ള കാര്യമല്ല എന്ന് സങ്കടപ്പെടുന്ന കൂട്ടുകാരോട് കൂടെ സങ്കടപ്പെടാന്‍ മാത്രമേ കഴിയുന്നുള്ളൂ. എന്‍റെ ഇന്ത്യ അങ്ങനല്ല എന്ന് പറയണമെന്നുണ്ട് - എന്നാല്‍ അതേ ചിന്തയുടെ മറുമുഖങ്ങള്‍ മറ്റൊരു ഭൂഖണ്ടത്തിലിരുന്നു കാണുമ്പോള്‍ വീണ്ടും വീണ്ടും സങ്കടത്തിനൊപ്പം ചേരാനേ കഴിയുന്നുള്ളൂ.....
 ഈ കോളം 'ജനുവരി'യില്‍ എഴുതിത്തുടങ്ങുമ്പോള്‍ മനസില്‍ കരുതിയിരുന്നു,  ഒന്ന് ചിരിക്കാന്‍ പറ്റുന്ന എന്തെങ്കിലുമൊന്നു സമ്മാനിച്ചു വേണം ഓരോ മാസവും എഴുതി നിര്‍ത്താനെന്ന്‍! ഇന്നത്തെ ചിന്ത എവിടെക്കൊണ്ട് കെട്ടിയാലാണ് ആശ്വാസത്തിന്‍റെ ചിരി സമ്മാനിക്കാന്‍ ആകുക എന്നറിയില്ല. നമ്മുടെ മക്കളോട് പറഞ്ഞു പഠിപ്പിക്കാന്‍ ഒരു ചിന്ത പറഞ്ഞു നിര്‍ത്തുന്നു - "ജാതിയുടേയോ, നിറത്തിന്‍റെയോ, ദേശത്തിന്‍റെയോ പേരില്‍ ആരെയും വെറുക്കാതിരിക്കുക, സ്നേഹിക്കാന്‍ ആയില്ലെങ്കിലും!" ഭൂമിയ്ക്ക് പുറത്തും ജീവന്‍ കണ്ടുപിടിച്ച വാര്‍ത്തകള്‍ വരുമ്പോള്‍ രാജ്യത്തിന്‍റെ മതില്‍ക്കെട്ടുകള്‍, ഭൂഖണ്ഡങ്ങളുടെ അതിര്‍വരമ്പുകള്‍, കാണാത്ത ലോകങ്ങളുടെ ആചാരങ്ങള്‍ ഒക്കെ 3D യില്‍ നിന്നും മാറി പലപല മാനങ്ങളിലൂടെ സഞ്ചരിക്കേണ്ടിയിരിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങള്‍ മറ്റൊരു ഗ്രഹത്തിനെയും ഭൂമിയെപ്പോല്‍ സ്നേഹിക്കട്ടെ!
 നാമെവിടെ ജീവിക്കുന്നുവോ അതാകട്ടെ നമ്മുടെ നാട്!നാമെവിടെ മരങ്ങള്‍ നടുന്നുവോ അതാകട്ടെ...., നാമേത് വെള്ളം കുടിക്കുന്നുവോ, ഏതു മഴ നനയുന്നുവോ, ഏതു വെയില്‍,കാറ്റ്, മഞ്ഞു കൊണ്ടു ജീവിക്കുന്നുവോ അതാകട്ടെ നമ്മുടെ സ്വന്തം! അതേ കാര്യങ്ങള്‍ ചെയ്യുന്ന അയല്‍ക്കാരനും ഇതവരുടെ സ്വന്തമാണെന്ന് നമുക്ക് ചിന്തിക്കാന്‍ കഴിയട്ടെ! കേരളത്തില്‍ ജോലി ചെയ്യുന്ന ബംഗാളിയും, ഗള്‍ഫില്‍ ജോലി ചെയ്യുന്ന മലയാളിയും, അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരനും ഒരേപോല്‍ സ്നേഹിക്കപ്പെടട്ടെ! 
അതിര്‍ത്തികളില്ലാത്ത ലോകം സൊപ്പനം കണ്ടുകൊണ്ട്,
ഒരു ചെറിയ മനുഷ്യത്തി!
===============================================================
ഇ-മഷി 2017 മാര്‍ച്ച്‌ ലക്കം 


5 comments:

 1. നാമെവിടെ ജീവിക്കുന്നുവോ അതാകട്ടെ നമ്മുടെ നാട്!നാമെവിടെ മരങ്ങള്‍ നടുന്നുവോ അതാകട്ടെ...., നാമേത് വെള്ളം കുടിക്കുന്നുവോ, ഏതു മഴ നനയുന്നുവോ, ഏതു വെയില്‍,കാറ്റ്, മഞ്ഞു കൊണ്ടു ജീവിക്കുന്നുവോ അതാകട്ടെ നമ്മുടെ സ്വന്തം! അതേ കാര്യങ്ങള്‍ ചെയ്യുന്ന അയല്‍ക്കാരനും ഇതവരുടെ സ്വന്തമാണെന്ന് നമുക്ക് ചിന്തിക്കാന്‍ കഴിയട്ടെ! കേരളത്തില്‍ ജോലി ചെയ്യുന്ന ബംഗാളിയും, ഗള്‍ഫില്‍ ജോലി ചെയ്യുന്ന മലയാളിയും, അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരനും ഒരേപോല്‍ സ്നേഹിക്കപ്പെടട്ടെ!
  അതിര്‍ത്തികളില്ലാത്ത ലോകം സൊപ്പനം കണ്ടുകൊണ്ട്,
  നല്ല ചിന്തകള്‍
  "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും
  സോദരത്വേന വാഴുന്നമാതൃകാസ്ഥാനമാമിത്" എന്നാല്‍ ഇതിനെയും അര്‍ത്ഥഭേദം വരുത്തി സ്വാര്‍ത്ഥമതികള്‍ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായി തങ്ങളുടേതായ തുരുത്തുകള്‍ തീര്‍ക്കുന്നു!
  ആശംസകള്‍


  ReplyDelete
 2. ലോകാ സമസ്താ സുഖിനോ ഭവന്തു... അതിര്‍ത്തികളിലില്ലാതെ സ്നേഹിക്കപ്പെടാന്‍ എല്ലാവര്‍ക്കും കഴിയട്ടെ!

  ReplyDelete
 3. തുല്യവികാരം പങ്കുവയ്ക്കുന്നു ആർഷ. ആർഷയുടെ വരികൾ വായിച്ചപ്പോൾ വേദന തോന്നി. നാം അവനവനിലേക്ക് പുരോഗമിക്കുന്ന ഇരുളടഞ്ഞ ഊടുവഴികളായിക്കൊണ്ടിരിക്കുകയാണല്ലോ എന്നോർത്ത്. ഈ പ്രവാസലോകത്തിരുന്ന് ചിലപ്പോഴൊക്കെ, (ഈയിടെയായി കൂടെക്കൂടെ) ഓർക്കാറുണ്ട് ഒരു തിരിച്ചുപോക്കിനെ പറ്റി. ഇവിടെ ജോലി ചെയത്‌ ഉറുമ്പ് അരിമണി കൂട്ടുന്നത് പോലെ സമ്പാദിച്ച് നാട്ടിൽ ഒരു വീടുണ്ടാക്കി അവിടെ വയസ്സുകാലം ചിലവഴിക്കാം എന്ന സ്വപ്നത്തിൽ മയങ്ങുമ്പോഴും ജീവിതം കരുപ്പിടിപ്പിച്ച് തന്ന ഈ നാടിനോടാണോ ജന്മം തന്ന മാതൃരാജ്യത്തിനോടാണോ സ്നേഹക്കൂടുതൽ എന്ന് ചോദിച്ചാൽ ഉത്തരം പറയാനാവാതെ കുഴങ്ങും. രണ്ടും രണ്ടു കണ്ണുകൾ പോലെ പ്രിയപ്പെട്ടതാണ്. എങ്കിലും ഇവിടെ നമ്മൾ എപ്പോഴും ഒരു വിദേശി തന്നെ എന്ന തോന്നലിൽ നാട്ടിലെത്തിയാലോ, അവിടെയും നമ്മൾ വെറും പുതുപ്പണക്കാർ മാത്രം. പലപ്പോഴും പണം എന്നത് ഈ പേരിൽ മാത്രമേ കാണുകയുമുള്ളൂ. മുൻപൊരിക്കലുമില്ലാത്ത വിധം ജാതിയും മതവും സ്റ്റാറ്റസും എല്ലാം ചേർന്ന് മലയാളിയെയും സമൂഹജീവിയ്ക്ക് അവശ്യം വേണ്ട ഒരു ഗുണവും ഇല്ലാത്തവരാക്കി മാറ്റിയിട്ടുണ്ട്. ഗൾഫിൽ നിന്ന് ജോലി നഷ്ടപ്പെട്ട് ഉള്ളതെല്ലാം നുള്ളിപ്പെറുക്കി നാട്ടിലെത്തിയാൽ കുട്ടികളെ നാട്ടിലെ സ്‌കൂളിൽ ചേർക്കുന്നത് തൊട്ട് അവൻറെ കഷ്ടപ്പാടും ദുരിതവും ഒറ്റപ്പെടലും തുടങ്ങുകയായി. gulf returned unemployed parents ൻറെ മക്കൾക്കൊന്നും പഠിക്കാൻ പറ്റിയ അത്ര സ്റ്റാറ്റസ് കുറഞ്ഞ സ്‌കൂളുകൾ ഒന്നും(!!) നമ്മുടെ താമസസ്ഥലത്തിന് ഏഴയലത്ത് കാണില്ല. പല സുഹൃത്തുക്കളും ഇത്തരത്തിലെ അനുഭവം പങ്കുവച്ച് കേൾക്കാറുണ്ട്. അതൊക്കെ ചിന്തിക്കുമ്പോൾ തോന്നും ഈ പ്രവാസഭൂമിയിൽ നമ്മുടെ കുഞ്ഞുങ്ങൾ എത്ര സുരക്ഷിതരാണ് എന്ന്. തികഞ്ഞ ഇസ്‌ലാം രാജ്യമായിരുന്നാലും ഇവിടെയാണ് യഥാർത്ഥ സോഷ്യലിസം എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഞാൻ ജോലി ചെയ്യുന്ന സ്‌കൂളിൽ അറ്റന്ററുടെ കുട്ടിയും, ഡ്രൈവറുടെ കുട്ടിയും ടീച്ചറിൻറെ കുട്ടിയും, പ്രിൻസിപ്പാളിൻറെ കുട്ടിയും ഒക്കെ ഒന്നിച്ച് ഒരേ ക്ലാസിലിരുന്ന് പഠിക്കുന്ന സഹവർത്തിത്വമുണ്ട്. ഓട്ടിസം ഉള്ള കുട്ടിയും, അന്ധനായ കുട്ടിയും, സംസാരിക്കാൻ വിഷമമുള്ള കുട്ടിയും എന്തിലും മിടുക്കരായ കുട്ടിയും ഒന്നിച്ച് സഹകരിക്കുന്ന അവസ്ഥയുണ്ട്. ഇതല്ലാതെ വേറെ എന്താണ് സോഷ്യലിസം എന്ന് ഞാൻ ഓർക്കാറുണ്ട്. പ്രത്യേകിച്ചും നാട്ടിലെ മുന്തിയ സ്‌കൂളുകളിൽ ഓട്ടോറിക്ഷാക്കാരൻറെയോ, ഇടത്തരം കൃഷിക്കാരൻറെയോ ഒന്നും മക്കൾക്ക് അഡ്മിഷൻ കൊടുക്കാറില്ല എന്ന സത്യം അറിയുമ്പോൾ. (കൃഷിക്കാരൻ വൻകിട പ്ലാന്റർ എന്ന പേരിൽ വന്നാൽ അഡ്മിഷൻ കൊടുത്തേക്കും!) അത്തരം സ്‌കൂളുകളിൽ അച്ഛനമ്മമാരുടെ കാറുകളുടെ എണ്ണവും മോഡലും വരെ ഇന്റർവ്യൂവിലൂടെ മനസ്സിലാക്കിയ ശേഷമാണ് മക്കൾക്ക് അഡ്മിഷൻ കൊടുക്കുകയത്രേ. അങ്ങിനെയുള്ള സ്‌കൂളുകളിൽ മക്കൾക്ക് അഡ്മിഷൻ കിട്ടാൻ നെട്ടോട്ടമോടുന്നു അച്ഛനമ്മമാരും. എന്തൊരു സാംസ്കാരിക അധ:പതനമാണിത് . കുട്ടികൾക്കാകട്ടെ മുസ്ലീമും ഹിന്ദുവും ക്രിസ്ത്യാനിയും ഒക്കെയായി ചേരിതിരിഞ്ഞ് കൂട്ടുകൂടാൻ വീട്ടിൽനിന്നും മതപാഠശാലകളിൽ നിന്നും ഒക്കെ ഉപദേശവും കിട്ടുന്നു. ഇതൊക്കെ ഓർത്താൽ പ്രവാസിയായി ഇരുന്ന് സ്വന്തം രാജ്യത്തിൻറെ പച്ചപ്പിനെ കുറിച്ച് കവിത എഴുതുക തന്നെയാണ് ആശ്വാസം എന്ന ചിന്തയിലേക്ക് തിരിച്ചെത്തും. ചുരുക്കത്തിൽ നാടില്ലാത്ത നാടുവാഴിയുടെ അവസ്ഥയാണ് ഓരോ പ്രവാസിക്കും. അതിരുകളൊക്കെയും ഭൂപടത്തിൽ നിന്നും ഹൃത്തടത്തിൽ നിന്നും മാഞ്ഞുപോകുന്ന കാലം വരട്ടെ!

  ReplyDelete
 4. പത്തു വർഷമായി ഞാൻ ശ്രീ ലങ്കയിൽ വന്നിട്ട് . കേരളത്തിന്റെ മറ്റൊരു ഭാഗത്തു ജോലി ചെയ്യുന്നതായിട്ടേ തോന്നിയിട്ടുള്ളൂ . ആളുകളും സ്നേഹമുള്ളവരാണ്

  ReplyDelete
 5. നാമെവിടെ ജീവിക്കുന്നുവോ അതാകട്ടെ നമ്മുടെ നാട്!നാമെവിടെ മരങ്ങള്‍ നടുന്നുവോ അതാകട്ടെ...., നാമേത് വെള്ളം കുടിക്കുന്നുവോ, ഏതു മഴ നനയുന്നുവോ, ഏതു വെയില്‍,കാറ്റ്, മഞ്ഞു കൊണ്ടു ജീവിക്കുന്നുവോ അതാകട്ടെ നമ്മുടെ സ്വന്തം! അതേ കാര്യങ്ങള്‍ ചെയ്യുന്ന അയല്‍ക്കാരനും ഇതവരുടെ സ്വന്തമാണെന്ന് നമുക്ക് ചിന്തിക്കാന്‍ കഴിയട്ടെ! കേരളത്തില്‍ ജോലി ചെയ്യുന്ന ബംഗാളിയും, ഗള്‍ഫില്‍ ജോലി ചെയ്യുന്ന മലയാളിയും, അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരനും ഒരേപോല്‍ സ്നേഹിക്കപ്പെടട്ടെ!

  ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)