Wednesday, October 19, 2016

ഓണത്തിനെന്നും ബാല്യം

ഓര്‍മ്മകളില്‍  ഓണത്തിനെന്നും  ബാല്യമാണ്  - ഓണമെന്നാല്‍ സന്തോഷം മാത്രമാകുന്നത്  കുട്ടികള്‍ക്കായത് കൊണ്ടാകാം അങ്ങനെ. എന്‍റെ ബാല്യത്തിനും   മകന്‍റെ  ബാല്യത്തിനും  ഇടയില്‍  ഓടിപ്പോയ ചില ഓണങ്ങള്‍  ഓര്‍മ്മയില്‍ പോലുമില്ല എന്നോര്‍ക്കുമ്പോള്‍  ഓണമെന്നത്  ബാല്യമാകുന്നു - ഓര്‍മയില്‍ ഓണമൊരു കുഞ്ഞിച്ചിരി  ആകുന്നു.

മകനുണ്ടായതിനു ശേഷമുള്ള  ഓരോ  ആഘോഷവും  അവനു വേണ്ടിയാണ്,  അവന്റെ ജീവിതത്തിന്‍റെ നിറങ്ങള്‍ / ഓര്‍മയുടെ  ബാല്യങ്ങള്‍  ഈ ഓരോ ആഘോഷത്തിലുമാണെന്ന് അനുഭവത്തിലൂടെ പഠിച്ചത്  കൊണ്ട്. ഓണവും വിഷുവും ക്രിസ്തുമസും പെരുന്നാളും ഹലോവീനും താങ്ക്സ് ഗിവിങ്ങുമൊക്കെ ഒക്കുംപോല്‍ ഒരുക്കുമ്പോള്‍  ഞാനോര്‍ക്കും  പകര്‍ന്നു  പോകുന്നത് മറ്റൊരു തലമുറയിലേക്കുള്ള  സന്തോഷമാണെന്ന്.

.2000 ത്തിനു ശേഷമുള്ള  മിക്ക  ഓണങ്ങളും  പൂരാടത്തിന് വീട്ടിലെത്തി ചതയത്തിനു കോളേജിലേക്ക്   അല്ലെങ്കില്‍ ജോലിസ്ഥലത്തേക്ക് ഉള്ള ഓട്ടത്തില്‍ കഴിഞ്ഞുപോയിരുന്നു. അമേരിക്കന്‍ പ്രവാസിയായതിനു ശേഷമുള്ള  അഞ്ചാമത്തെ  ഓണമാണ് ഇത്തവണ വരുന്നത്. ഇതിനിടയില്‍ ഒരിക്കല്‍  മാത്രം നാട്ടില്‍ ഓണം ആഘോഷിക്കാന്‍ കഴിഞ്ഞു - 2014 ല്‍. അതിനു മുന്‍പുള്ള മൂന്നു ഓണങ്ങളും അമേരിക്കന്‍ ഓണങ്ങള്‍ - ഉള്ളത് കൊണ്ട് ഓണം പോലെ ചില ഓണങ്ങള്‍ ആയിരുന്നു. മോന്‍റെ ഓര്‍മയിലേക്ക്  കൂട്ടിവെക്കാന്‍  നാട്ടിലെ  ഓണം കൂടണമെന്ന അത്യാഗ്രഹത്തില്‍ തുള്ളിച്ചാടിയാണ് 'അത്തം' തുടങ്ങുന്നതിനു മുന്‍പ് നാട്ടിലേക്ക് പറന്നത്. അമേരിക്കയിലെ അപാര്ട്ട്മെന്റ്റ് ഓണമൊരുക്കലില്‍ ഞാനേറ്റവും  കൂടുതല്‍ മിസ്‌ ചെയ്തത് ഓണപ്പൂക്കളങ്ങള്‍ ആയിരുന്നു. ചാണകം മെഴുകിയില്ലെങ്കിലും വെള്ളം തളിച്ചില്ലെങ്കിലും  കാര്‍പ്പെറ്റിലോ , പാറ്റിയോയിലോ   ഒന്ന്  പൂവിടാന്‍ കൊതിച്ച  ഓണങ്ങളാണ് കഴിഞ്ഞു പോയത്.

'ഉത്രം പത്തിന് ഉത്രാടം,
അത്തം പത്തിന് തിരുവോണം'

എന്നൊക്കെ  പാട്ടും പാടി  ഉത്രത്തിനും രണ്ടു ദിവസം  മുന്‍പേ നാട്ടില്‍ ലാന്‍ഡ്‌  ചെയ്ത  ഞാന്‍ മോനോട് അത്തം, പൂക്കളം, പൂക്കള്‍  എന്നിവയെക്കുറിച്ചൊക്കെ  കുറേക്കഥകള്‍  അത്യാവശ്യം ഡ്രാമ+ മസാല ചേര്‍ത്തവതരിപ്പിച്ച്, മൂന്നര വയസുകാരന്‍റെ മനസ്സില്‍  അത്തപ്പൂക്കളം എന്നതിങ്ങനെ പല കളര്‍ ഇല്യുമിനേഷന്‍ ബള്‍ബുള്ള  ബോര്‍ഡ് പോലെ പ്രകാശിപ്പിച്ചു. കുഞ്ഞാനും  ഞാനും  അത്തം ഒന്നെത്താന്‍  കാത്തിരിക്കാന്‍  തുടങ്ങി. അമ്മയുടെ കുട്ടിക്കാല പൂപറിക്കല്‍ കോമ്പെറ്റിഷന്‍ കഥകള്‍ കേട്ട്  ഒരു സീക്രട്ട് മിഷനില്‍ പങ്കാളിയാകുന്ന മാനസിക അവസ്ഥയില്‍  കുഞ്ഞും ആകെ  ത്രില്ലില്‍. അങ്ങനെ  കാത്തു  കാത്തിരുന്ന് ഉത്രം ആയി - നാളെയാണ് ആ സുദിനം, ഓണമെത്തി  എന്ന്  നാട് വിളിച്ചു പറയുന്ന ദിനം, പൂക്കളത്തിന്‍റെ ആദ്യ  ദിനം - അത്തം.

അത്തം ദിവസം  6 മണിക്ക് തന്നെ  ഞാനും  മോനും  എഴുന്നേറ്റു, അതിലും നേരത്തെ  എഴുന്നേറ്റാല്‍ കുഞ്ഞിനു  ബുദ്ധിമുട്ടാകുമല്ലോ  എന്നോര്‍ത്തിട്ടാ, അല്ലാതെ  എനിക്ക്  രാവിലെ എണീല്‍ക്കാന്‍  മടിയായിട്ടൊന്നുമല്ല കേട്ടോ. തലേന്ന്  അമ്മമ്മ  കൊണ്ട് വെച്ച ചാണകം കുഞ്ഞിന് മനസിലാകുന്ന  ഭാഷയില്‍ പറഞ്ഞു കൊടുത്തപ്പോള്‍ 'കൌവ്വിന്‍റെ പൂപ്പി' ആയി, ങാ! എന്തേലും  ആകട്ട്‌ അറ്റ്ലീസ്റ്റ് കുട്ടി  ചാണകം  ഇങ്ങനെ  ലൈവ് ആയി കണ്ടല്ലോ  എന്നോര്‍ത്ത്  ഞാന്‍  സമാധാനിച്ചു. മുറ്റത്തിന് അരികില്‍  ഒരു  സ്ഥലത്തായി ചാണകപ്പൊതി നിക്ഷേപിച്ചിട്ട്, ഞാനും  മകനും  കൂടി പൂ പറിക്കാന്‍ ഇറങ്ങി.

ആദ്യ ദിവസത്തെ  പൂക്കളത്തിനു ഒരു തട്ട് മതി, ഒരു കളര്‍ പൂവും - നല്ല വെളുവെളുങ്ങനെ വെളുത്ത  കാശിത്തുമ്പ! മുറ്റത്തിന് മുന്‍പിലെ ചെറിയ ചാല്‍വഴിക്ക് അപ്പുറം ആളില്ലാത്തൊരു പറമ്പാണ്, അതിനുമപ്പുറം പശുവും, പാലും, ചാണകവും  ഉള്ള  മീനമ്മയുടെ വീടും. ആളില്ലാ  പറമ്പ് ഏതോ ഗള്‍ഫുകാരന്‍റെ സ്വന്തം, പക്ഷേ ഇതുവരെ ആളീ വഴി വന്നിട്ടില്ല. നാല് കൊല്ലം കൂടുമ്പോള്‍ അദ്ദേഹത്തിന്‍റെ ബന്ധു, ഒരമ്മാവന്‍ - വന്നു കമ്പിവേലി കെട്ടിപ്പോകും. കുറ്റം പറയരുതല്ലോ നാല് കൊല്ലത്തില്‍ കൂടുതല്‍ ഒരു നാട്ടിമ്പുറ  കമ്പിവേലിക്ക് ആയുസ് ഇപ്പോഴുമില്ല.  മീനമ്മയുടെ വീട്ടില്‍ നിന്നുള്ള  പാല്‍ യാത്രകളും, ഇവിടെ അമ്മയുടെ വകയായുള്ള അടുക്കള  സ്പെഷ്യല്‍ യാത്രകളും ചുറ്റുവട്ടത്തെ മറ്റു  വീടുകളില്‍ നിന്നും  മീനമ്മയുടെ  വീട്ടിലേക്കുള്ള അയല്‍ക്കൂട്ട യാത്രകളും കൂടിയാകുമ്പോള്‍  കമ്പിവേലി അവിടവിടെ ആദ്യം ഒന്ന് വളയും, പിന്നെ പൊളിയും. എല്ലാ  നാലുകൊല്ലത്തിലും ഒരു സുപ്രഭാതം ഈ അയല്‍ക്കാര്‍ക്കൊക്കെ ആ  അമ്മാവന്‍റെ വായില്‍ നിന്നുള്ള "ചൂടന്‍" കൌസല്ല്യാ സുപ്രജാ  കേള്‍ക്കലാണ്. പക്ഷേ, ആ പറമ്പ് പാമ്പുകളുടെ വിഹാര കേന്ദ്രമാകാതെ, കാട് പിടിക്കാതെ നോക്കുന്നത് ഈ 'കാല്‍നട'യാത്രക്കാര്‍  ആയത് കൊണ്ട് പൂര്‍ണമായും ഇവരെ തള്ളിപ്പറയാന്‍ അമ്മാവന് കഴിയുകയും ഇല്ല.അങ്ങനെ  ഒരു വിന്‍-വിന്‍ സിറ്റുവേഷനില്‍ കഴിയുന്ന  ആ പറമ്പാണ് എന്റേം കുഞ്ഞന്റേം ആകര്‍ഷണ കേന്ദ്രം. അവിടെ നിറയെ  വെളുവെളുത്ത് തുമ്പകള്‍, മഞ്ഞക്കുണുക്കിട്ട് മുക്കുറ്റികള്‍, നീല മിഴിയെഴുതി ശംഖു പുഷ്പങ്ങള്‍, കോളാമ്പി പൂക്കള്‍, തൊട്ടാവാടികള്‍ അങ്ങനെയങ്ങനെ ഒരു  പൂന്തോട്ടം തന്നെ  ഞങ്ങളെ കാത്തിരിക്കുന്നുണ്ട്.

ആറുമണിക്ക് പുറത്തിറങ്ങിയപ്പോള്‍ നല്ലൊരു സുഖകരമായ കാറ്റു വീശുന്നു, ഒത്തിരി  നാള് കൂടിയാണ് ഈ സമയത്തൊരു നാടന്‍  പ്രഭാതം  കാണുന്നത്. ആകാശത്തിനിപ്പോഴും ഒരു  ചുവപ്പിന്‍റെ ഒരു നേരിയ പാടയുണ്ട്, റോഡിനക്കരെ അമ്പലത്തില്‍ നിന്ന് ദാസേട്ടന്‍റെ ശബ്ദം 'ചന്ദന ചര്‍ച്ചിത നീല കളേബരം' ഒഴുകിയെത്തുന്നത് ശടപടെന്നു എന്നെയും മോനൊപ്പം കുട്ടിയാക്കി. വേഗം പോയാലെ  നല്ല  തുമ്പപ്പൂ  കിട്ടുള്ളൂ എന്ന് ധൃതി  കൂട്ടി  ആളില്ലാപ്പറമ്പിലേക്ക് കമ്പി വളഞ്ഞു കിടന്ന  ഭാഗത്ത്‌ കൂടി ഞങ്ങള്‍  നൂണ്ടു  കയറി.

"തുമ്പപ്പൂ  പറിക്കാന്‍  ഒരു  പ്രത്യേക രീതിയുണ്ട്, തുമ്പപ്പൂ കൂടയില്‍ ഒതുക്കുന്നതിനും. തീരെച്ചെറിയ ചെടിയും പൂക്കളും ആയത് കൊണ്ട്  സൂക്ഷിച്ചു  പറിക്കണം, അല്ലെങ്കില്‍  നാളേക്കുള്ള മൊട്ടും  കൂടിയാകും കയ്യില്‍ പോരുക. കുറേപ്പറിച്ചാലും കൂട നിറയില്ല, മാത്രവുമല്ല കുഞ്ഞുകുഞ്ഞു പൂക്കള്‍ ആയതുകൊണ്ട് പൂക്കളത്തിലേക്ക് തുമ്പപ്പൂ ചൊരിയലാണ് പതിവ്. കൂട കുറച്ചു നിറയുമ്പോള്‍ കയ്യിലെ  പൂക്കൂട ഒന്ന് കറക്കണം, അപ്പോള്‍ പൂ കേടാകാതെ തന്നെ ഒന്നമരും. പൂക്കൂടയില്‍ സ്ഥലവും കിട്ടും " ഇങ്ങനെ  പൂപറിക്കലിന്റെ വിവിധ  വശങ്ങള്‍ മോനോട്  അവലോകിച്ചുകൊണ്ട്  ഞങ്ങള്‍ കുറേശെ പൂ പറിക്കാന്‍  തുടങ്ങി - പൂക്കൂടയായി തല്‍ക്കാലം ഒരു പഴക്കൊട്ട (ഫ്രൂട്ട് ബാസ്കറ്റ്) കയ്യിലെടുത്തിട്ടുണ്ട്. കുറേനേരത്തെ മഞ്ഞു കൊള്ളലിനും, കൊതുക് കടിയ്ക്കും നേരം ഒരു വലിയ വട്ടം  പൂവിടാനുള്ള തുമ്പപ്പൂവുമായി ഞങ്ങള്‍ തിരികെ എത്തി.

മുറ്റത്തിനൊരരികില്‍ തിട്ടയില്‍ വെറും മണ്ണില്‍ കമ്പ് കൊണ്ടൊരു ചെറിയ  വട്ടം വരച്ച്  ചാണകം മെഴുകി, ഒത്ത നടുക്കൊരുണ്ട ചാണകവും വെച്ച് കളം  ശരിയാക്കി. കൈ കൊണ്ടുള്ള ചാണകപ്പരത്തല്‍  മോന്  ചെറിയൊരു "അയ്യേ, പുപ്പൂ " ഫീല്‍  ഉണ്ടാക്കിയെങ്കിലും  എനിക്ക് വല്ലാത്ത സന്തോഷം തോന്നി. വെറും തറയില്‍ കുടഞ്ഞിട്ട പൂക്കളില്‍  നിന്നും വെള്ളയ്ക്കൊപ്പം നിറങ്ങളും ചിരിച്ചു, കൂടെയുണ്ടായിരുന്ന കൌതുകക്കുട്ടി ആ നേരം കൊണ്ട് ഞാന്‍ കാണാതെ കുറച്ചു  മഞ്ഞപ്പൂവും, തൊട്ടാവാടിപ്പൂവും കൂടി പറിച്ചു കൂടയില്‍ ഇട്ടിരുന്നു. അവനെ  നിരാശപ്പെടുത്തണ്ട  എന്ന് കരുതി  ഒന്നാം പൂവാണേലും, ഒരു കളര്‍  മതിയെങ്കിലും ഇന്ന് എല്ലാമിടാം  എന്ന് തീരുമാനിച്ചു.

"ഓണത്തിന് നമ്മളെ  കാണാന്‍ മാവേലിയപ്പൂപ്പ വരും - അപ്പോള്‍ നമ്മള്‍ അപ്പൂപ്പയെ വെല്‍ക്കം ചെയ്യാനാണ് ട്ടാ  ഈ പൂക്കളൊക്കെ ഇങ്ങനെ  ഒരുക്കുന്നെ, അപ്പൂപ്പ നോക്കും ആരൊക്കെയാ  എന്നെ സ്വീകരിക്കാന്‍ ഒരുങ്ങിയിട്ടുള്ളതെന്ന്".
ഓണം എന്നതിനെക്കുറിച്ച്, ഒരു നല്ല കഥപോലെ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന  പ്രായമല്ലേ -കുഞ്ഞിക്കണ്ണുകള്‍ കൌതുകത്തില്‍ വീണ്ടും മിഴിഞ്ഞു.

"ഇബ്ടെയെത്തുമ്പോ അപ്പൂപ്പയ്ക്ക് സന്തോഷാകും അല്ലേമ്മാ?",
"നമ്മള്‍ പൂവിങ്ങനെ  കൂട്ടിയാല്‍ മത്യോമ്മാ ?",
"ഇന്ന് വരോമ്മാ മാവേലിയപ്പൂപ്പ ?"

അങ്ങനെ  ചോദ്യോത്തരങ്ങളിലൂടെ  ഞങ്ങള്‍  പൂവിടല്‍ പൂര്‍ത്തിയാക്കി. നിരയൊപ്പിച്ചു മുക്കുറ്റിപ്പൂവും, തൊട്ടാവാടിപ്പൂവും, തമ്മിലൊട്ടി തുമ്പപ്പൂക്കളും, നീലച്ച ചില ശംഖുപുഷ്പങ്ങളും  പിന്നെ മോടി കൂട്ടാന്‍ നടുവിലെ ചാണകഉരുളയില്‍ ഒരു ചുമന്ന ചെമ്പരത്തിപ്പൂവും കൂടിയായപ്പോള്‍ ഞങ്ങടെ കുഞ്ഞുപൂക്കളവും ചന്തക്കുട്ടിയായി  ചിരിച്ചു.

വീണ്ടും വീണ്ടും  പൂക്കളച്ചന്തം നോക്കിയാസ്വദിച്ച്, ചെമ്പരത്തിപ്പൂവിലേയ്ക്ക്  വലിഞ്ഞു  കയറാന്‍ ശ്രമിക്കുന്ന ഒരു കള്ളക്കട്ടുറുമ്പിനെ കയ്യിലിരുന്ന  പ്ലാവിലയുടെ തണ്ട് കൊണ്ട് വഴി തെറ്റിച്ചു വിടാന്‍ നോക്കുന്ന കുഞ്ഞനെ  നോക്കി ഒരു ചായയുടെ സുഖത്തില്‍  പൂമുഖത്തിരിക്കുമ്പോഴാണ് തൊട്ടപ്പുറത്തെ വീട്ടിലെ കുട്ടികള്‍ സ്കൂളില്‍ പോകാനുള്ള ഒരുക്കത്തില്‍ ആ വഴി വന്നത്. നേരത്തെ പറഞ്ഞ  ആളില്ലാപ്പറമ്പിനും, വീടിനും ഇടയിലുള്ള ഇടവഴി ആറു വീടുകളുടെ  പൊതുവഴി കൂടിയാണ്. താഴെ തിരക്കിന്‍റെ റോഡുകളിലേയ്ക്ക് ഞങ്ങളെ എത്തിക്കുന്ന കൈവഴിയാണ് ആ "Z" പോലെ വളഞ്ഞ ചെമ്മണ്‍വഴി. എന്‍റെ കളിക്കൂട്ടുകാരിയുടെ  മക്കളാണ്, അവധിക്ക് എത്തിയിട്ട് രണ്ടാളേം കണ്ടില്ലാരുന്നു, അതുകൊണ്ട് തന്നെ ഒരു നിമിഷം അവിടെ വഴിയില്‍  നിന്നൊരു  കുശലം പറയാന്‍ ആ  മൂന്നാം ക്ലാസ്, ഏഴാം ക്ലാസ് കുട്ടീസുകള്‍  തയ്യാറായി.


"വല്യേ  കുട്ടികളായല്ലോ  രണ്ടാളും! ഇന്നേതാ പരീക്ഷ ? "

"ഇല്ലാ മാമീ, ഓണപ്പരീക്ഷ  ഓണം കഴ്ഞ്ഞിട്ടെള്ളൂ  ഇക്കൊല്ലം"

 കൂട്ടത്തിലെ മുതിര്‍ന്നവള്‍ ഉത്തരം  പറയുമ്പോഴേക്കും കുഞ്ഞന്റെയും, പൂവിന്റേയും പ്രലോഭനത്തില്‍ ഇളയ ആള് ചാടിയിങ്ങു മുറ്റത്തെത്തി.
(നാട്ടിന്‍പുറത്ത് വീടിനടുത്തുള്ളവരൊക്കെയും  മാമിയും, മാമനും, അമ്മമ്മയും, അപ്പൂപ്പനും ഒക്കെയാണ് ഇപ്പോഴും.)
വിളിയിലെ സ്നേഹം ആസ്വദിച്ച് ഞാന്‍, അവരുടെ പൂക്കളവിശേഷം ചോദിക്കാമെന്നോര്‍ത്തു -
'രണ്ടു  കുട്ട്യോള്‍ ഉള്ളതല്ലേ, എന്തായാലും കളം നമ്മുടെതിനേക്കാള്‍   വലുതാകും (അസൂയ), കുറെ പൂ  കിട്ടിയും കാണും, ഇന്നലെ  വന്നു പറിച്ചു പോയിട്ടുണ്ടാകും, അതാകും  ഞങ്ങള്‍  കാണാഞ്ഞത്, അതോ  ഇനി വേറെ ആളില്ലാപ്പറമ്പ്‌ ഉണ്ടോ ആവോ അടുത്തെങ്ങാനും, കൂടുതല്‍  നിറങ്ങളില്‍ പൂക്കുന്ന പറമ്പുകള്‍(ഈശ്വരാ!) ...എന്നാലിനി  നാളെ  അവിടെപ്പോയാലോ!' - ചിന്ത  അത്രയും എത്തിയപ്പോള്‍ എനിക്ക് തന്നെ ചിരി വന്നു. കൂട്ടുകാരോട് വാശി വെച്ച് പൂ  പറിച്ചിരുന്ന, വലിയ പൂക്കളം  ഇടാന്‍ മത്സരിച്ചിരുന്ന പഴയ ഓണക്കുറുമ്പി മനസ്സില്‍ ഇപ്പോഴും ഉണ്ട്, ജീവനോടെ!

"നിങ്ങളിന്നലെ പൂ പറിച്ചു  പോയോ? അതോ വീട്ടിനു തന്നെ എടുത്തോ ഇന്നത്തേത്?"

കുട്ടിപ്പൂക്കളത്തിന് മുന്നില്‍ മോനോടൊപ്പം കുത്തിയിരുന്നു ഉറുമ്പിനെ നോക്കുകയായിരുന്ന ഇളയവള്‍ പൊന്നു അതിശയത്തില്‍ എന്നെ നോക്കി,

"അതിനു  ഞങ്ങള്‍  പൂവിട്ടില്ലല്ലോ  മാമീ "

ഇത്തവണ  ഞാനാണ്  അതിശയിച്ചത്. ഇവര്‍ക്കിത്തവണ ഓണമില്ലേ?, ചോദിച്ചത്  അബദ്ധമായോ എന്ന് ശങ്കിച്ച്  ഞാന്‍  വേഗം  അമ്മയെ നോക്കി.പക്ഷേ, അപ്പോഴേക്കും മറുപടി മൂത്തയാളില്‍ നിന്നും വന്നു

"പൂ പറിക്കാന്‍  രാവിലെ എണീക്കണ്ടേ മാമീ, ഞങ്ങള്‍ക്ക് 8  മണിക്ക് ട്യുഷന്‍ സെന്ററില്‍  ക്ലാസ് തുടങ്ങും, പൊന്നൂ വേഗം  വാ  ഇന്ന്  നമ്മള്‍ ലേറ്റ് ആകുമേ! "

നിറവും, പൂവും, കുഞ്ഞുകൂട്ടും വിട്ട് മനസില്ലാ മനസോടെ ഒരു ജോഡി കൌതുകക്കണ്ണുകള്‍ ചേച്ചിയുടെ  കൈയും പിടിച്ചു  നടന്നു  മറഞ്ഞപ്പോള്‍ ഞാന്‍ അതിശയത്തില്‍ അമ്മയോട് ചോദിച്ചു

"അതെന്താമ്മാ  അവരൊന്നും  പൂക്കളം  ഇടാറില്ലേ  ഇപ്പോള്‍? "

"ആര്‍ക്കാപ്പോ  അതിനൊക്കെ  നേരം? പണ്ടൊക്കെ  കുട്ടികളായിരുന്നു ചെയ്യുന്നേ, ഇപ്പോള്‍ അവര്‍ക്കും  നേരോമില്ലാ, താല്പര്യോമില്ലാ, നിന്‍റെ ഉത്സാഹം  കണ്ടപ്പോള്‍ വെറുതെ നിരാശപ്പെടണ്ടാന്നു കരുതി ഇന്നലെ പറഞ്ഞില്ലാന്നെ ഉള്ളൂ."

ഒഴിഞ്ഞ  ചായക്കപ്പുമായി അകത്തേക്ക് പോകവേ അമ്മ പറഞ്ഞു..
നേര്‍ത്ത് കേട്ട  വാക്കുകള്‍ അങ്ങനെ തന്നെയാണ് എന്ന് വിശ്വസിക്കാന്‍   എനിക്കിഷ്ടമായില്ല, പക്ഷേ, പിന്നീടുള്ള പത്തു ദിവസങ്ങളില്‍ ഞാനും മോനും മാത്രമേ ഉണ്ടായിരുന്നുള്ളൂ പൂ പറിക്കാന്‍, ആ ചുറ്റുവട്ടത്തെ ആറു വീടുകളില്‍  ഞങ്ങളുടെ  വീടിനു മുന്നില്‍ മാത്രം മുക്കുറ്റിയും, കോളാമ്പിയും, തെച്ചിപ്പൂവും ഒക്കെ ചിരിച്ചു. ആവശ്യത്തില്‍ കൂടുതല്‍ പൂത്തു മരിച്ചു ആളില്ലാപ്പറമ്പിലെ ആര്‍ക്കും വേണ്ടാപ്പൂക്കള്‍! അങ്ങനെയങ്ങനെ എനിക്ക് മനസിലായി ഇപ്പോള്‍ ആരും പറമ്പില്‍ നിന്ന്  പൂ പറിച്ചു പൂക്കളം ഇടാറില്ല..ആര്‍ക്കും പൂ പറിക്കാന്‍  വാശിയുമില്ല. കുഞ്ഞന്‍സ്‌ സന്തോഷിച്ചു  ഞങ്ങളുടെ വീട്ടില്‍ മാത്രം മാവേലിയപ്പൂപ്പ  വരുമല്ലോ  എന്നോര്‍ത്ത്.

               (2014 Onam - My Son Thaathwik & nephew Aushin with naadan pookkalam ;) )


നാട്ടില്‍   ഓണമെന്നത്  സ്കൂളടച്ചു കഴിഞ്ഞുള്ള ദിവസങ്ങളിലെ ടെലിവിഷന്‍- സിനിമാ മാരത്തോണ്‍ ആണ്, യാത്രകളാണ്, സദ്യകളാണ്. പക്ഷേ, ഓണത്തിന്  മുന്നേ  ഓണം വരവേല്‍ക്കാന്‍ ആര്‍ക്കും സമയമില്ല, അതിനോടൊരു  ഇഷ്ടവുമില്ല. എന്‍റെ  ബാല്യമല്ല  ഇന്നിന്‍റെ ബാല്യം. നാട്ടില്‍ നിന്ന് മാറി നിന്നത് കൊണ്ടാണ്  മകന് എന്‍റെ  ബാല്യം  കൊടുക്കാന്‍ ആകാത്തത് എന്ന വിഷമം എനിക്ക് എന്തായാലും  ആ ഓണത്തോടെ മാറിക്കിട്ടി. മാത്രവുമല്ല, എന്‍റെ ഓര്‍മ്മകള്‍ അവനു കൊടുക്കാന്‍ ആകില്ലയെന്നും, അവനു വേണ്ടി ഓര്‍മ്മകള്‍ കൂടുതല്‍ മനോഹരമായി ഉണ്ടാക്കാന്‍ എവിടെ എന്നതല്ല, എന്ത് ചെയ്യുന്നു എന്നതാണ്‌ പ്രധാനമെന്നും  മനസിലായി.


പിന്നീട് വന്ന ഓണത്തിന് നാലര വയസുകാരന്‍ പൂവിട്ടില്ല, പക്ഷേ തിരുവോണത്തിന് അവന്‍ ഇലയില്‍ സദ്യ കഴിച്ചു, പുത്തന്‍ ഉടുപ്പിട്ടു, മൂന്നാമോണത്തിന് മലയാളി കൂട്ടായ്മയുടെ ഓണത്തില്‍ മാവേലിയപ്പൂപ്പയെ കണ്ടു, പുലികളി കണ്ടു, കൈകൊട്ടിക്കളി കണ്ടു, ചെണ്ടമേളം കേട്ടു, ഗംഭീരന്‍ പൂക്കളം കണ്ടു, വീണ്ടും ഓണമുണ്ടു, പായസം കുടിച്ചു....! അവന്‍റെ ഓര്‍മ്മയുടെ  കാലിഡോസ്കോപ്പിലെക്ക് അവനൊരു മനോഹര ഓണം ചേര്‍ത്തു വെച്ചു. എനിക്കുറപ്പാണ് ആ ഓര്‍മ്മയ്ക്ക്‌ എന്നുമെന്നും  അവനെ കുട്ടിയാക്കാന്‍ ആകും - ഓണം  കാത്തിരിക്കുന്ന ഒരു കുട്ടി!


(2016 American Onam - Thaathwik with his "maveli naadu"  group song team on stage )
Tuesday, July 12, 2016

അച്ഛന്മാര്‍ എന്ന തേന്‍മിഠായികള്‍

പല പല ദിവസങ്ങളിലൂടെ കടന്നു ചെന്നെത്തുന്നത് അച്ഛനോര്‍മ്മകളുടെ ദിനത്തിലേക്കാണ്. അച്ഛനെ ഓര്‍ക്കാന്‍ ഒരു ദിവസം വേണമോ? വേണ്ട എന്ന് തന്നെയാണ് എന്റെയും ഉത്തരം..പക്ഷേ, വര്‍ഷത്തില്‍ ഒരിക്കല്‍ നമ്മുടെ ജന്മദിനം ആഘോഷിക്കുന്നത് പോലെ - അന്ന് നമ്മള്‍ എല്ലാത്തരത്തിലും സ്പെഷ്യല്‍ ആകുന്നത് പോലെ- അച്ഛന്മാരേയും നമുക്ക് ആഘോഷിച്ചു കൂടേ ഒരു ദിവസം? അവര്‍ക്കും വേണ്ടേ ഒരു ദിവസം, അവര്‍ക്ക് മാത്രമായിട്ട്? അല്ലെങ്കില്‍ത്തന്നെ അച്ഛന്മാര്‍ക്ക് പരാതിയാണ് അമ്മമാരുടെ ‘പത്തുമാസച്ചുമട്' നിഴലില്‍ ആയിപ്പോയി അവരുടെ കഥകള്‍ എന്ന്. ആര്‍ക്കാണ് ഇഷ്ടമില്ലാത്തത് ഒരു സ്പെഷ്യല്‍ദിവസം?
അച്ഛനാകാന്‍ പോകുന്നുഎന്നറിയുന്ന നിമിഷം മുതല്‍ ഓരോ കുഞ്ഞിനേയും ഹൃദയത്തില്‍ ഗര്‍ഭം ധരിക്കുന്നവരാണ് അച്ഛന്മാര്‍. ഓരോ ദിവസവും ഉള്ളിലുള്ള കുഞ്ഞിനെ മനസ് കൊണ്ട് കാണുകയും, തൊടുകയും, തലോടുകയും ചെയ്ത്, അമ്മവയറിലെ ചവിട്ടും കുത്തും സ്നേഹത്തിന്‍റെ കണ്ണ് കൊണ്ടും, കൈ കൊണ്ടും അനുഭവിച്ചറിഞ്ഞ് കാത്തുകാത്തിരിക്കുന്നു ആ ദിവസത്തിനായി. ഉള്ളിനെ ഉരുക്കി പ്രസവമുറിക്ക് പുറത്തു നടന്നുതീര്‍ത്ത് കുഞ്ഞിനെ കൈനീട്ടി വാങ്ങുന്ന ആ നിമിഷമുണ്ടല്ലോ - അതൊരു വല്ലാത്ത ഫീല്‍ ആണെന്ന് പല അച്ഛന്മാരും പറഞ്ഞു കേട്ടിട്ടുണ്ടേ. (ഇന്ന് പല അച്ഛന്മാര്‍ക്കും അമ്മമാര്‍ക്കൊപ്പം നിന്ന് അവരുടെ വേദനയുടെ കയറ്റിറക്കങ്ങളിലൂടെ സഞ്ചരിക്കാന്‍ ആകുന്നുണ്ട്).
അച്ഛന്‍ - ആദ്യം അറിയുന്നത് അമ്മ പറയുന്ന കുഞ്ഞു സ്വകാര്യങ്ങളിലൂടെയാണ്.., പിന്നെ ആദ്യ സ്പര്‍ശനത്തിലൂടെ.., പിന്നെ നടക്കാന്‍ പഠിപ്പിക്കുന്ന വിരല്‍ത്തുമ്പിലൂടെ.., ഉറക്കത്തില്‍ അടിത്തിണര്‍പ്പിലെ തലോടലിലൂടെ.., ആദ്യം കയ്ച്ച് പിന്നീട് മധുരിക്കുന്ന ശാസനകളിലൂടെ..... അച്ഛന്‍ തേന്‍മിഠായി പോലൊരു വികാരമാകുകയാണ്.
ഇന്നും പലര്‍ക്കും അച്ഛനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യമോര്‍മ്മ വരുന്ന സിനിമാപ്പാട്ട്
“സൂര്യനായി തഴുകി ഉറക്കമുണര്‍ത്തുമെന്‍
അച്ഛനെയാണെനിക്കിഷ്ടം..” എനിക്കുമതേ!
ഇത് കേള്‍ക്കുമ്പോഴൊക്കെ അച്ഛനോര്‍മ്മകളില്‍ മുങ്ങിത്താഴും ഞാന്‍- പലപ്പോഴും അച്ഛനോട്‌ പറയാനുള്ളത്, അച്ഛന്മാരെക്കുറിച്ച് പറയാനുള്ളത് ഇതിലും നന്നായി എഴുതാന്‍ ആകില്ല എന്ന് തോന്നിക്കാറുണ്ട് ഈ പാട്ടിലെ വരികള്‍.
ഓർമ്മയുടെ പുസ്തകത്താളില്‍ മയങ്ങുന്ന നന്മയുടെ മയില്‍‌പ്പീലിത്തുണ്ടുകളായ എല്ലാ അച്ഛന്മാര്‍ക്കും, നിങ്ങള്‍ കൊള്ളുന്ന വെയിലാണ് ഞങ്ങളുടെ ജീവിതത്തണല്‍ എന്ന തിരിച്ചറിവില്‍ നിന്നുകൊണ്ട് നേരുന്നു അച്ഛന്‍ദിനത്തിന്‍റെ സ്നേഹമധുരങ്ങള്‍.... നിങ്ങളോളം മധുരമുള്ള അച്ഛന്‍ദിന തേന്‍മിഠായികള്‍!

(ഇ-മഷി ജൂണ്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച father's day ലേഖനം http://emashi.in/jun-2016/index.html)

Tuesday, May 31, 2016

നെഞ്ചകം പൊള്ളിക്കുന്ന അമ്മദിനം

ഒരു മകള്‍ ജനിച്ചാല്‍ അവളോട്‌ പറഞ്ഞുകൊടുക്കാന്‍ കരുതിവെച്ച കഥകളില്‍, കാര്യങ്ങളില്‍ ഒന്നായിരുന്നു - അനുവാദമില്ലാതെ ആര് നിന്‍റെ ദേഹത്തു തൊട്ടാലും ശക്തമായി അതിനെ എതിര്‍ക്കണം എന്ന് . അതാരു തന്നെയായാലും - ബന്ധുവോ, സുഹൃത്തോ, ശത്രുവോ,സ്വന്തം രക്തം തന്നെയോ ആയാലും നിന്‍റെ അനുവാദമില്ലാതെ നിന്‍റെ ദേഹത്തില്‍ ഒരുതരത്തിലുള്ള കടന്നു കയറ്റത്തിനും മറ്റാര്‍ക്കും അവകാശമില്ലെന്ന് അവള്‍ മനസിലാക്കിയിരിക്കണം എന്ന് പറയാന്‍ ഉറപ്പിച്ചിരുന്നു. ( ഇതേ കാര്യം മകനും ബാധകം - കാരണം ഇന്നിനു ആണ്‍/പെൺ വ്യത്യാസം ഇല്ലാത്ത ഒരു കാര്യം ബാലപീഡനമാണ്). മകളോട് കൂട്ടത്തില്‍ ചേര്‍ത്തൊരു വാചകം പറയാന്‍ ഞാന്‍ പ്രത്യേകം കരുതിയിരുന്നു, അത് -അഥവാ നിന്‍റെ എതിര്‍പ്പുകളെ അതിജീവിച്ച് ആരെങ്കിലും നിന്നെ ശാരീരികമായി ഉപദ്രവിച്ചാല്‍ ഒരു ഡെറ്റോള്‍ സോപ്പിട്ടു കഴുകിയാല്‍ തീരുന്ന അഴുക്കേ നിന്‍റെ ദേഹത്തിനു സംഭവിച്ചിട്ടുള്ളൂ എന്നായിരുന്നു. പെണ്ണുങ്ങള്‍ക്ക് മാത്രം ഉള്ള എന്തോ ഒരു സംഭവം ആണ് ‘മാനം‘ എന്നൊരു തെറ്റായ ധാരണ വരരുത് എന്നും, അങ്ങനെയൊരു പ്രത്യേക അവയവത്തിലോ മറ്റൊരാളുടെ കടന്നുകയറ്റത്തിലോ ആണ് പെണ്‍കുട്ടികളുടെ ജീവിതവും അന്തസും കെട്ടിയിട്ടിരിക്കുന്നത് എന്നവള്‍ ചിന്തിക്കരുത് എന്നുംആഗ്രഹിച്ചിരുന്നു... പക്ഷേ, പിറക്കാതെ പോയ എന്‍റെ മകളേ, ഇന്ന് പിളര്‍ന്ന വയറും ജനനേന്ദ്രിയത്തില്‍ കുത്തിക്കയറ്റിയ കൂര്‍ത്ത ദണ്ഡും മുപ്പതിലേറെ മുറിവുകളുമായി മറ്റൊരു മകള്‍- ഒരമ്മയുടെ മകള്‍ കണ്മുന്നില്‍ വാര്‍ത്തയാകുമ്പോള്‍ എന്താണ് നിന്നോട് ഞാന്‍ പറയാന്‍ കാത്തുവെക്കേണ്ടിയിരുന്നത് എന്ന് പതറിപ്പോകുന്നു!
ചിത്രം - അസ്രൂസ്  https://www.facebook.com/asrus
ഇരയെ ആക്രമിച്ചു കീഴടക്കി കൂര്‍ത്ത പല്ലുകളാല്‍ കടിച്ചു മുറിച്ചു, ചോരയിറ്റുന്ന മാംസം ഭക്ഷിക്കുന്ന വന്യമൃഗങ്ങള്‍ക്ക് പോലും അതൊരു ജൈവപ്രക്രിയയുടെ ഭാഗമാണ്. സാംസ്കാരികമായി, സാമൂഹികമായി ഉന്നതിയിലെന്ന പൊള്ളയായ ഒരു കുമിള ഊതിവീര്‍പ്പിച്ചു ജീവിക്കുന്ന മനുഷ്യന്‍ എന്ന ഇരുകാലിയ്ക്ക് ഈ നീചമായ പ്രവര്‍ത്തിയെ ന്യായീകരിക്കാന്‍ എന്താണുള്ളതെന്നു വീണ്ടും വീണ്ടും ആലോചിച്ചു നോക്കി. ‘ജിഷ' എന്നതൊരു പേര് മാത്രമാണ്.., അവിടെ നിര്‍ഭയയോ സൗമ്യയോ മറ്റേതെങ്കിലും പേരോ ചേര്‍ത്തു വെച്ചാലും വാക്യം പൂര്‍ണ്ണമാകുന്നുണ്ട്. എന്ന് മുതലാണ് നമ്മളൊക്കെ മറ്റൊരു ജീവനെ ഇത്ര നിസാരമായി കണ്ടു തുടങ്ങിയത്? ചോരച്ചാലുകള്‍ മടുപ്പിക്കാത്ത കാഴ്ചകള്‍ ആയത്? ഓരോ പീഡനം നടക്കുമ്പോഴും വസ്ത്രധാരണത്തിന്റെ, നേരം വൈകിയതിന്‍റെ, ഒറ്റയ്ക്ക് സഞ്ചരിച്ചതിന്‍റെ, ആണിനൊപ്പം യാത്ര ചെയ്തതിന്‍റെ, പ്രണയിച്ചതിന്‍റെ, വിശ്വസിച്ചതിന്‍റെ ന്യായീകരണങ്ങള്‍ നിരത്തുന്നവരേ - ഇതിലേതെങ്കിലും ആണോ ശരിക്കുമുള്ള കാരണം? ചെറിയ കുഞ്ഞുങ്ങള്‍ , എഴുപതും എണ്‍പതും വയസുള്ള മുത്തശ്ശിമാര്‍, തല മുതല്‍ കാലു വരെ മൂടിപ്പുതച്ചു നടക്കുന്നവര്‍ ഇതിലാരാണ് നിങ്ങള്‍ക്ക് പ്രലോഭനം ആയത്? എല്ലാറ്റിനും ഒടുവില്‍ സ്വന്തം വീടെന്ന സ്വകാര്യതയ്ക്ക് ഉള്ളില്‍ വരെ നുഴഞ്ഞു കയറി അധികാരം സ്ഥാപിച്ചവര്‍! പറയൂ എവിടെയാണ്, എങ്ങനെയാണ്, എന്താണ് നിങ്ങളെ പ്രലോഭിപ്പിക്കുന്നത്?
അടക്കിവെച്ചിരിക്കുന്നവ, കള്ളനാണയങ്ങള്‍ പോലെ കൂടെ കൊണ്ട് നടക്കുന്ന സദാചാരം ഇതില്‍ നിന്നൊക്കെ മനുഷ്യര്‍ എന്ന് മാറിച്ചിന്തിച്ചു തുടങ്ങുന്നോ അന്ന് നമുക്കൊരുപക്ഷേ മേല്‍ പറഞ്ഞതിന് ഉത്തരം കിട്ടിയേക്കും.(മലയാളികള്‍ എന്നോ, ഇന്ത്യക്കാര്‍ എന്നോ പറഞ്ഞു മാറ്റി നിര്‍ത്താന്‍ ആകില്ല തന്നെ! ഇത് മനുഷ്യത്വം എന്നതിന്‍റെ നിര്‍വചനം ശരിക്കറിയാത്ത മനുഷ്യരുടെ മാത്രം കുഴപ്പമാണ്).
പെണ്മക്കളുടെ അമ്മമാരേ,നിങ്ങളോട് ഒരു വാക്ക്! അടങ്ങിയൊതുങ്ങി ജീവിക്കേണ്ടവള്‍, മറ്റൊരു വീട്ടില്‍ പോകേണ്ടവള്‍, ഇലയും മുള്ളിലെ ഇലയാകേണ്ടവള്‍ ഇങ്ങനെയുള്ള സ്പീഷിസുകളായി ദയവു ചെയ്ത് നിങ്ങളുടെ മക്കളെ വളര്‍ത്തരുത്. അവരുറക്കെ സംസാരിക്കട്ടെ, കയ്യേറ്റങ്ങളെ ചങ്കുറപ്പോടെ നേരിടട്ടെ, ഒരുതരത്തിലും രക്ഷപെടാന്‍ ഒക്കാത്ത സാഹചര്യം ആണെങ്കില്‍ ഒന്ന് കുളിച്ചാല്‍ തീരാത്ത അഴുക്കൊന്നും ഒരാണിനും അവളുടെ ശരീരത്തില്‍ ഏല്‍പ്പിക്കാന്‍ ആകില്ല എന്ന് മനസിലാക്കി വളരട്ടെ. പാചകം പഠിക്കുന്നതിനൊപ്പം ഏതെങ്കിലും തരത്തിലുള്ള ഒരു ആയോധനകല കൂടി ചെയ്യട്ടെ - ഇതാരെയും ഇടിച്ചിടാന്‍ വേണ്ടിയൊന്നുമല്ല, പക്ഷേ, വേണ്ടിവന്നാല്‍ മര്‍മ്മംനോക്കി കൊടുക്കാന്‍ ഉള്ളൊരു ആത്മവിശ്വാസം നമ്മുടെ പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകാന്‍ ഇതുപകരിക്കും.
ആണ്‍കുട്ടികളുടെ അമ്മമാരേ, നിങ്ങളോട് പറയാനുള്ളത് - പെണ്ണിനെ ബഹുമാനിക്കാന്‍ നിങ്ങളുടെ മക്കളെ പഠിപ്പിക്കുക! ഒറ്റയ്ക്കൊരു പെണ്‍കുട്ടിയെ കണ്ടാല്‍ അവളുടെ ശരീരത്തിന് മേല്‍ കൈവെയ്ക്കാനുള്ള സ്വാതന്ത്ര്യം അവനില്ലായെന്ന് മനസിലാക്കി വളര്‍ത്തുക, സ്വന്തം അമ്മയും പെങ്ങളും ഭാര്യയും മകളും കാമുകിയും മാത്രമാണ് നല്ല സ്വഭാവം ഉള്ളവര്‍ എന്ന ‘ആണ്ചിന്ത’ ദയവായി അവരില്‍ ഉണ്ടാക്കാതെ ഇരിക്കുക, അമ്മയോ പെങ്ങളോ ആയിക്കണ്ടാല്‍ മാത്രമേ ബഹുമാനിക്കൂ എന്ന് ചിന്തിക്കാതെ പെണ്ണിന് നല്ലൊരു സുഹൃത്തും, സഹപ്രവര്‍ത്തകയും, അപരിചിതയും സര്‍വോപരി മറ്റൊരു മനുഷ്യജീവനും ആകാന്‍ കഴിയുമെന്നും പഠിപ്പിക്കുക.
അവസാനമായി പെണ്ണിനെ ശരീരമായി മാത്രം കാണുന്നവരോട് ഒരു വാക്ക് - ആരും സംരക്ഷിക്കാതെ തന്നെ പെണ്ണിന് ജീവിക്കാനാകും, ഉപദ്രവിക്കാതെ ഇരുന്നാല്‍ മാത്രം മതി!
============================================================
(ഇ-മഷി 2016 മേയ് ലക്കം http://emashi.in/may-2016/index.html )

Tuesday, April 5, 2016

പിറുപിറുപ്പ്


ഉള്ളുരുക്കിയ ചില തോന്നലുകളുടെ
നനുത്ത മൂടുപടം അഴിച്ചെടുക്കാന്‍ ,

വഴിവേനലില്‍ കാണാതെ അറിയാതെ
അലിയുന്ന മഞ്ഞിന്‍റെ തണുപ്പാകാന്‍,

പൊട്ടിയ വളപ്പാട് കയ്യിലൊതുക്കി
ഈ നീറ്റലും മധുരമെന്നോതുവാന്‍,

മുന്നൊരുക്കങ്ങളില്‍ മാത്രം ഒതുങ്ങിയ
നാടകത്തിന്‍റെ (ശുഭ) അന്ത്യമറിയാന്‍, 

ചില പ്രതിച്ഛായകളില്‍ പഴകി
പതിഞ്ഞ കാലടികള്‍ തേടാന്‍,

കാതിലുലഞ്ഞു പോകും കാറ്റിനെ
ഒരു കൈവിരല്‍ പാടായ് കരുതാന്‍,

ആരുമാരും കയറിവരാത്ത പടി-
-പ്പുരകളിലെ ഇരുട്ടില്‍ നോക്കിയിരിക്കാന്‍,

വെണ്മയറ്റ ചിരിയില്‍ , ഇന്ദ്രജാലങ്ങള്‍
തീര്‍ത്തിരുന്ന പുളകമെവിടെയെന്ന്,

വിറയാര്‍ന്ന വിരലുകള്‍ ഇന്നും
ഓര്‍മ്മകളില്‍ വിറയ്ക്കുന്നതിനു,

ഒരിക്കല്‍ കൂടി , ഒരേ ഒരിക്കല്‍ കൂടി
നീ നീയാകാന്‍ -ഞാന്‍ ഞാനാകാന്‍ 

ഏത് മന്ത്രജാലമാണ് കാലമേ
നീ കാത്തു വെച്ചിരിക്കുന്നത് ?

Monday, March 28, 2016

ഓര്‍മ്മകളില്‍ - മൂന്നക്ഷരം ; ഓ.എന്‍.വി !

മലയാളം മറക്കാത്ത , മലയാളിക്ക് മറക്കാനാകാത്ത മൂന്നക്ഷരങ്ങള്‍ - ഒഎന്‍വി ... !

ഓ! ഫെബ്രുവരി,  നീ ഞങ്ങളില്‍ നിന്ന്  തട്ടിയെടുത്തത് ഒരു കാലത്തിന്‍റെ ഓര്‍മ്മയാണ്.., നഷ്ടപ്രണയത്തിന്‍റെ മധുരശബ്ദമാണ്.., മണ്ണിനോടും പുഴയോടുമുള്ള  ഞങ്ങളുടെ സ്നേഹത്തിന്‍റെ, ആഴത്തിന്‍റെ വാക്കാണ്‌ ....  'ഒഎന്‍വി'എന്ന മൂന്നക്ഷരങ്ങൾ   ഇതൊക്കെയാണ് ഞങ്ങള്‍ക്ക്.. ഓര്‍മ്മകളില്‍ എന്നും കൂടെയുണ്ടാകും എന്നുറപ്പുള്ള ആ ചില വരികളിലൂടെ തെന്നിയും തെറിച്ചും ഒരു യാത്ര - അതാണീ കുറിപ്പ് , എന്‍റെ യാത്രാമംഗളങ്ങൾ!

ഓര്‍മ്മകള്‍ക്ക് എന്തു മധുരമാണെന്ന് പഠിപ്പിച്ചത് തന്നെയീ വരികളാണ് -

"ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്താന്‍ മോഹം .. "

സ്കൂളില്‍ ഈണത്തില്‍ ചൊല്ലി പഠിച്ച  ഈ കവിത,അതിനും മുന്നേ കേട്ട് രസിച്ചത് ആകാശവാണിയില്‍  ചലച്ചിത്രഗാനങ്ങളില്‍ ! എല്ലാ സ്ക്കൂളിലും ഒരു നെല്ലിമരം ഉണ്ടെന്നു അങ്ങെങ്ങനെ കണ്ടെത്തിയെന്നു കുറേയേറെ നാള്‍ അതിശയിച്ചിട്ടുണ്ട്.

പലപ്പോഴും കുയിലിനു എതിര്‍കൂവല്‍ കൂവി തോല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, പിണങ്ങി പറന്നു പോകുന്ന കിളിയോട് ഉച്ചത്തില്‍ 'അരുതേ' എന്ന് വിളിച്ചു പറഞ്ഞതിന് , "ചെവിയില്‍ വന്നു ഒച്ചയിടുന്നോ" എന്ന ചോദ്യത്തോടെ അമ്മയുടെ കയ്യില്‍ നിന്ന് നല്ല അടിയും കിട്ടിയിട്ടുണ്ട് !

കൗമാര കുതൂഹലങ്ങളിലൂടെ മുന്നോട്ട് നീങ്ങിയ പാവാടപ്രായം ആദ്യമായി കയ്യില്‍ കിട്ടിയ പ്രണയലേഖനത്തിലെ

"അരികില്‍ നീയുണ്ടായിരുന്നെങ്കില്‍
എന്ന് ഞാന്‍,ഒരുമാത്ര വെറുതെ നിനച്ചു പോയി  .."
എന്ന ആദ്യവരിയില്‍ മൂക്കും കുത്തി വീണു. അത്രയും മനോഹരമായി മറ്റൊരു വരിയ്ക്കും പ്രണയത്തിന്‍റെ /വിരഹത്തിന്റെ തീക്ഷ്ണത പറയാന്‍ പറ്റുമെന്ന് ഇപ്പോഴും തോന്നുന്നില്ല.

"ഇനിയും മരിക്കാത്ത  ഭൂമി
നിന്നാസന്ന മൃതിയില്‍ നിനക്കാത്മശാന്തി " എന്നു വായിച്ചപ്പോളാണ് ആദ്യമായി  ഭൂമിയ്ക്ക് മരണമെന്നൊരു  ചിന്ത തന്നെ ആദ്യമായി മനസിലേക്ക്  എത്തിയത് ..പേടിച്ചു, വിഷമിച്ചു, പിന്നെ മറന്നു ! ഇപ്പോഴും പരിസ്ഥിതി പ്രശ്നങ്ങള്‍ കേള്‍ക്കുമ്പോള്‍, കാണുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ ഓടിയെത്തുക ഈ വരികളാണ് - എനിക്ക് മാത്രമല്ല, പലര്‍ക്കും..പക്ഷേ, പ്രശ്നങ്ങള്‍ വരുമ്പോള്‍ മാത്രം ചിന്തിക്കുന്നത് കൊണ്ട് തന്നെ ആ ചിന്ത വെറും പുകയായി മറഞ്ഞു പോകുകയും ചെയ്യുന്നു.... !

എല്ലാര്ക്കും അറിയുന്ന വരികള്‍ അല്ലാതെ, പ്രിയകവിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒക്കെ ഓര്‍മ്മ വരുന്ന നാലു വരികളുണ്ട് - പത്താം ക്ലാസിലെ ആട്ടോഗ്രാഫില്‍  ഒരു വിരുതന്‍ കോറിയിട്ടത്,

"ചിറകുകളില്‍ സംഗീതമുള്ള കളഹംസമേ,
അരിയ നിന്‍ ചിറകിന്‍ തൂവലിന്‍
തുമ്പിലൊരു മാത്രയെങ്കില്‍ ഒരു മാത്ര
എന്‍ വാഴ്‍വിന്‍ മധുരമാം സത്യം ജ്വലിപ്പൂ"

കവിയുടെ ഭാവനയില്‍ ഭൂമിയും ജീവജാലങ്ങളും ആവാസവ്യവസ്ഥയും  ഒക്കെ ആയിരുന്നു എങ്കിലും , ആ അവസാന വാക്ക് 'ജ്വലിക്കുമോ' എന്ന് തിരുത്തി എഴുതി ഒരു മനോഹര പ്രണയചോദ്യമാക്കാന്‍ ആ വിരുതനു കഴിഞ്ഞു - ഇന്നും ഓര്‍മയില്‍ ആ വരികളും, പേരെഴുതാത്ത കൂട്ടുകാരനും നല്‍ച്ചിരി!

യുവജനോത്സവ വേദികളിള്‍ക്ക്  വേണ്ടി ഉറക്കെച്ചൊല്ലി പഠിച്ച  'കുഞ്ഞേടത്തിയും', 'ഒന്‍പത് പേരവര്‍ കല്‍പ്പണിക്കാര്‍ ഒരമ്മ പെറ്റവരായിരുന്നുവും' , 'പേരറിയാത്തൊരു പെണ്‍കിടാവേ' യുമൊക്കെ ഇന്നും ആ പഴയ നാട്ടിന്‍പുറത്തുകാരിയുടെ ഗൃഹാതുരതയാണ്.. മലയാളത്തിന്‍റെ മറ്റൊരു  ലോകത്തിരുന്നു കൊണ്ട് കയ്യില്‍ തൂങ്ങി കുഞ്ഞുമോന്‍ കൊഞ്ചലോടെ ചൊല്ലുന്നു ,

"കുഞ്ഞേടുത്തിയെ തന്നെയല്ലോ
ഉണ്ണിക്കെന്നെന്നും  ഏറെയിഷ്ടം
എന്തിനീ പൂക്കള്‍ വിരിയുന്നു
ഉണ്ണിയെ കാട്ടിക്കൊതിപ്പിക്കാന്‍...  " ആ വ്യക്തമല്ലാത്ത ചൊല്ലല്‍  എന്നെയും  ഓരോര്മ്മപ്പുറത്തേയ്ക്ക്  കൊണ്ടുപോകുന്നു.

മഞ്ഞള്പ്രസാദം  നെറ്റിയില്‍ ചാര്‍ത്തുന്ന  പെണ് കിടാവായും, ഒരു നറുപുഷ്പമായ്  നീളുന്ന മിഴിമുനയായും, ഒടുവില്‍ ശുഭരാത്രി നേര്‍ന്നു പോകുന്ന പ്രിയപ്പെട്ടവള്‍ ആയുമൊക്കെ ആ വരികള്‍ നമുക്ക് മേല്‍ പെയ്തു കൊണ്ടേയിരുന്നു, ഓരോ തവണ ഈ വരികള്‍ കേള്‍ക്കുമ്പോഴും ഒരു ശരാശരി മലയാളിയുടെ മനസ് ആര്‍ദ്രവും കാല്‍പ്പനികവും പ്രണയാതുരവുമായി. അതുകൊണ്ട് തന്നെയാകണം പല കവികള്‍ക്കും അവകാശപ്പെടാനാകാത്തത്ര മേല്‍  ആ മൂന്നക്ഷരങ്ങൾ നമുക്കൊക്കെ പ്രിയങ്കരമാകുന്നത്.

പ്രിയ കവീ..., അങ്ങയ്ക്ക്  മരണമില്ല -മലയാളി മരിയ്ക്കാത്തിടത്തോളം, മലയാളം മണ്ണടിയാത്തിടത്തോളം. ഓര്‍മ്മകളില്‍ പിന്നെയും പിന്നെയും കടന്നു വരുന്ന വരികളില്‍ പലതിലും അങ്ങയുടെ സൗമ്യമായ ചിരി തിളങ്ങുന്നു.. ഓര്‍മ്മകള്‍ക്ക്  പഞ്ഞമില്ലെന്നു  ഓരോ വരിയും തൊട്ടു ചിരിക്കുന്നു,
                                                            (വര  റിയാസ്.ടി.അലി )


അങ്ങയുടെ രണ്ടു കവിതകളിലെ ഏറെ ഇഷ്ടമായ ഈ വരികളോടെ എന്‍റെ സ്നേഹക്കുറിപ്പ് ഞാനിവിടെ നിര്ത്തുന്നു,

"നന്ദി, നീ തന്നൊരു ഇളംനീല രാവുകള്‍ക്ക്,‌
എന്നെ കുളിരണിയിച്ച നിലാവുകള്‍ക്ക്,
എന്നെ ചിരിപ്പിച്ച നക്ഷത്രമുല്ലകള്‍ക്ക്,‍
എനിക്ക് കനിഞ്ഞു നീ തന്നതിനെല്ലാം
പ്രിയപ്പെട്ട ജീവിതമേ, നന്ദി..നന്ദി..! "

"നിഴലായ് നിദ്രയായ് പിന്തുടര്‍ന്നെത്തുന്ന
മരണമേ, നീ മാറി നില്‍ക്കൂ
അതിനു മുന്‍പതിനു മുന്‍പ്
ഒന്ന് ഞാന്‍ പാടട്ടേ, അതിലെന്‍റെ ജീവനുരുകട്ടേ
അതിലെന്‍റെ മണ്ണ് കുതിരട്ടേ, പിളര്‍ക്കട്ടേ  
അതിനടിയില്‍ ഞാന്‍ വീണുറങ്ങട്ടേ! "

ജീവിതത്തിനെ അത്രമേല്‍ ഇഷ്ടപ്പെടാന്‍  പഠിപ്പിച്ച  മഹാകവേ, അങ്ങയ്ക്ക് സ്നേഹപൂര്‍വ്വം വിട..മറക്കില്ല മലയാളം മരിയ്ക്കും വരെ!

(ഇ-മഷി 2016,  മാര്‍ച്ച്‌  ലക്കത്തില്‍ പ്രസിദ്ധീകരിച്ച  ഓര്‍മ്മക്കുറിപ്പ് ) 

Sunday, February 14, 2016

നമുക്ക് അവിടെ രാപാര്‍ക്കാം

എന്നാലും എന്തിനായിരിക്കും അവരത് ചെയ്തത്! എത്രയാലോചിച്ചിട്ടും പിടി കിട്ടാതെ വന്നപ്പോള്‍ അയാള്‍ ഇരുന്ന ഇടത്ത് നിന്നെഴുന്നേറ്റു നോക്കി -മക്കള്‍ എന്താ ചെയ്യുന്നത് എന്ന്. ഓ, പരിചയപ്പെടുത്താന്‍ മറന്നു - അയാള്‍ -ജോര്‍ജ് ജോസഫ്‌ മാളിയേക്കല്‍ , സെയിന്റ് ജോര്‍ജിന്‍റെ ഓര്‍മ്മ ദിനത്തില്‍ പിറന്നതാ. അപ്പന്‍ കയ്യോടെ ആ പേരങ്ങിട്ടു . ഇല്ലായിരുന്നെങ്കില്‍ അപ്പന്റെ പേര് തിരിച്ചിട്ട്  അപ്പാപ്പനേം കൂടെ കൂട്ടി ആന്റണി ജോസഫ്‌ എന്നായേനെ. ഇപ്പൊ ആ പേര് അയാളുടെ അനിയന് സ്വന്തം.

അയാളുടെ മക്കള്‍ ആണു ആ ഉദ്യാനത്തില്‍ കളിക്കുന്നത് പ്രാര്‍ത്ഥനയും നന്മയും - രണ്ടും  നല്ല  ചന്തമുള്ള മാലാഖ കുഞ്ഞുങ്ങള്‍ തന്നെ . മക്കള്‍ക്ക് പേരിട്ടത് അയാളുടെ അപ്പനാ ,ഒരു നല്ല ശമരിയക്കാരന്‍ . കൊച്ചുമക്കളുടെ പേര് കേട്ടാല്‍ എല്ലാവര്ക്കും ഇഷ്ടം തോന്നണം എന്നൊരു ന്യായവും. അയാളും ഭാര്യയും പ്രാര്‍ത്ഥനയെ പാത്തു ആക്കി , ഇളയവള്‍ വന്നപ്പോള്‍ പാത്തു അനിയത്തിയെ അവളുടെ ഇഷ്ടത്തിന് കുഞ്ഞിപ്പാത്തു എന്ന് കൊഞ്ചിച്ചു  . അഞ്ചു  വയസുകാരി പ്രാര്‍ത്ഥന ഇടയ്ക്കിടെ അപ്പായിയെ തിരിഞ്ഞു നോക്കുന്നുണ്ട് . കൂടെ കളിയ്ക്കാന്‍ മുയലും മാനുമൊക്കെ ഉണ്ടെങ്കിലും രണ്ടാള്‍ക്കും ഒരു ഉഷാറില്ല - അമ്മയെ കാണാഞ്ഞിട്ടാ .പാവങ്ങള്‍. ,അമ്മമാരുടെ അടുത്ത് നിന്ന് മാറി നില്‍ക്കേണ്ട സമയം ഒന്നും ആയില്ലലോ - ഇളയ കുഞ്ഞിനാണേല്‍ ഒരു വയസ് ആയതേയുള്ളൂ.  ജോര്‍ജിന് അടുത്തേക്ക് ഓടി പാത്തു  ചോദിച്ചു  -

"അപ്പായീ കുഞ്ഞാവയ്ക് വിശക്കോ ? അമ്മീനെ കാണുന്നില്ലാലോ " .

 നാല് വയസിന്റെ മൂപ്പെയുള്ളൂ എങ്കിലും അമ്മയെപ്പോലെയാണ് അവള്‍ക്ക് അനിയത്തിയെ കുറിച്ച് ചിന്ത. ജോര്‍ജ് ചിരിച്ചു  പാത്തുവിന്റെ മുഖത്തെ ഗൌരവം കണ്ടിട്ട്. അഞ്ചു വയസില്‍ അമ്മാമ്മ ആണെന്നാ പെണ്ണിന്‍റെ വിചാരം. അമ്മാമ്മ എന്ന ഓര്‍മ്മയില്‍ അയ്യാളുടെ ചിരി മാഞ്ഞു - സ്വന്തം അപ്പനെയും അമ്മയെയും ഓര്‍ത്തു അയ്യാള്‍  , എന്തായിരിക്കുമോ അവിടെ അവസ്ഥ. കയ്യില്‍ പിടിച്ചു വലിച്ചു പാത്തു അയ്യാളുടെ മുഖത്തേക്ക് നോക്കി

"സാരമില്ല പാത്തൂ അവള്‍ക്ക് വിശക്കുന്നുണ്ടാകില്ല. അമ്മി ഇപ്പോഴെത്തും . മോള്‍ക്ക് വിശക്കുന്നുണ്ടോ ? "

"ഊഹും ഇല്ല്ലപ്പായീ :) വയറൊക്കെ ദേ ഭും എന്നിരിക്ക്യാ.. നേരത്തത്തെ വേദനയും ഇല്ല " 

അതും പറഞ്ഞവള്‍ വെള്ളമേഘം പോലെ പുകയുയരുന്ന കുഞ്ഞു വെള്ളക്കെട്ടിന് അടുത്തേക്ക് ഓടി . ജോര്‍ജ് ചുറ്റിലും നോക്കി 

"എന്തൊരു ഭംഗിയാ ഈ സ്ഥലമൊക്കെ കാണാന്‍ . ഇടയ്ക്കിടെ സ്വര്‍ണ്ണ മാനുകളേയും കാണാന്‍ ഉണ്ട് -പിന്നെ പല നിറത്തിലും തരത്തിലുമുള്ള പൂക്കളും പഴങ്ങളും. ഇവിടെ തന്നെ അങ്ങ് കഴിഞ്ഞാല്‍ മതിയായിരുന്നു -അതെങ്ങനാ ഇതൊരിടത്താവളം ആണെന്നല്ലേ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വന്നയാള്‍ പറഞ്ഞത്..
കുഞ്ഞുങ്ങളുടെ അമ്മ വരും വരെ മാത്രം. അത് കഴിഞ്ഞാല്‍ മറ്റൊരിടത്തേയ്ക്ക് പോകാം. അവള്‍ വരേണ്ട സമയം ഒക്കെ കഴിഞ്ഞു , ഈ പിണക്കക്കാരി പെണ്ണ് -രണ്ടു കൊച്ചുങ്ങളായി എന്നാലും ചെറിയ കുട്ടിയാണെന്നാ വിചാരം. ഇനിയും എന്തിനാണീ പിണക്കമൊക്കെ !! ആവോ , ആര്‍ക്കറിയാം.ഇങ്ങു വരട്ടെ - അവരോ അങ്ങനെയൊക്കെ ചെയ്യുന്നു, നമ്മള്‍ക്ക് അറിയാമല്ലോ പിന്നെയും എന്തിനു പിണങ്ങുന്നു എന്ന് ചെവിക്ക് പിടിച്ചു ചോദിക്കണം "

അവിടെ വരെ എത്തിയപ്പോള്‍ അയാള്‍ക്ക് ചിരി പൊട്ടി -എന്തൊക്കെയാണ് താന്‍ ചിന്തിക്കുന്നത്?

ദൂരെ ഒരു പൂക്കള്‍ അലങ്കരിച്ച കവാടം കാണുന്നുണ്ട് -അതിലെ തന്നെയാകും അവളും വരിക. അര മണിക്കൂര്‍ മുന്നേ അവര്‍  ഓരോരുത്തരായി വന്നതും അത് വഴി തന്നെ  .ഇവിടെ കാത്തു നില്‍ക്കണം എന്നു കുഞ്ഞിപ്പാത്തു എങ്ങനെ അറിഞ്ഞെന്നാ അതിശയം , അവളാണല്ലോ ആദ്യം എത്തിയത്  . അതാ, വേണ്മേഘം പോലെയൊരു വണ്ടിയില്‍ അയാളുടെ ഭാര്യ എത്തിക്കഴിഞ്ഞു - " നൂര്‍ജഹാന് " അയ്യാള്‍ ഉറക്കെ വിളിച്ചു - എത്ര മനോഹരിയായിരിക്കുന്നു അവള്‍ -ആദ്യമായ്  കലാലയത്തില്‍ കണ്ടു മുട്ടിയപ്പോഴത്തെത് പോലെ ‍. ആര്‍ത്തലച്ചു വന്നു അയ്യാളെ കെട്ടിപ്പിടിച്ചു അവളും ചോദിച്ചു
"എന്തിനാ ജോര്‍ജീ ,എന്തിനാ അവരൊക്കെ അങ്ങനെ ചെയ്തത്? എന്തിനാ എന്നെ എന്‍റെ മക്കളുടെ കൂടെ അടക്കാതെ മയ്യത്ത് പറമ്പില്‍ അടക്കിയേ?  അവരെന്താ എന്നെ മാത്രം മാറ്റിക്കളഞ്ഞേ "  .

 അയാള്‍ അപ്പോഴും ആലോചിച്ചു എന്തിനായിരിക്കും അവര്‍ അങ്ങനെ ചെയ്തത്? മരിച്ച ഞങ്ങള്‍ നാലുപേരും  ഈ ലോകത്തില്‍ ഒരുമിച്ചാണല്ലോ എല്ലാത്തിനും . പിന്നെയുമെന്തിനെ അവര്‍ ഞങ്ങളുടെ ശരീരങ്ങളോട് അങ്ങനെ ചെയ്തത്? ആത്മാക്കള്‍ക്ക് വേറെ വേറെ ലോകമില്ല എന്ന് അറിയാത്ത വിഡ്ഢികള്‍!.

അവളെ അടക്കി ചേര്‍ത്ത് പിടിച്ചു നടക്കവേ അയാള്‍ പതുക്കെ പറഞ്ഞു

 " പൊന്നേ, നമ്മള്‍ എല്ലാരും ഒരുമിച്ചല്ലേ ഇവിടെ പിന്നെന്തിനാ സങ്കടം ? നമ്മുടെ കാറിനെ  ഇടിച്ചു തെറിപ്പിച്ച  ആ  ലോറിക്കാരനോട്  പോലും  എനിക്കിപ്പോള്‍  സ്നേഹം  തോന്നുന്നു - നമ്മളെ  അയാള്‍  പിരിച്ചില്ലാലോ!, നീയില്ലാതെ  ഞാനില്ലാതെ  നമ്മുടെ  കുഞ്ഞുങ്ങള്‍  വളരേണ്ടി  വന്നില്ലാലോ....
 അതാ കുഞ്ഞുങ്ങള്‍ എത്ര  നേരമായി  നിന്നെയും കാത്തിരിക്കുന്നു.  ഈ  വിഡ്ഢികളുടെ ലോകം വിട്ടു നമുക്ക് സ്വര്‍ഗത്തില്‍ പോയി ഒരുമിച്ചു ജീവിക്കാം  "

=======================================================================
(2014 - February edition Malayali Magazine )

Sunday, January 31, 2016

പറയൂ , ഞാനാരായിരുന്നു?

പറയൂ ഞാനാരായിരുന്നു?
നിനക്കെന്നിലേക്കെത്തുവാൻ -
പറയൂ ഞാനാരായിരുന്നു ..?

(ചിത്രം ,കടപ്പാട് - പ്രശാന്ത്കുമാര്‍.S.R)സഖി, നിൻ മുഖം കണ്ടു മാത്രമുണർന്നൊരു
നേരമുണ്ടായിരുന്നെന്‍റെ  കനവിൽ
പ്രണയത്തിൻ നൂലിഴ പൊട്ടാതെ ഞാനെന്‍റെ
കഥകളിൽ നിൻ വിരൽ ചേർത്തൂ -
ഇനിയുമീ പരിഭവ പ്രണയാക്ഷരങ്ങളെൻ
വിരൽത്തുമ്പ്  വിട്ടു നിന്നിലെക്കെത്തുവാൻ ,
സഖീ, പറയൂ ഞാനാരായിരുന്നു?
     
നിലാവിന്‍റെ   നിഴൽ വീണ പകലിലൂടെ ,
കഥകള്‍  പറഞ്ഞു നടന്നൊരാൾ -
കോർത്ത കൈയ്യഴിച്ചു മാറ്റി , വിരല്‍ത്തുമ്പു 
നീട്ടി കൊതിപ്പിച്ചൊരാ‌ൾ-
തൊട്ടിടുന്നുവോ കവിത ചൊല്ലുന്ന ശ്വാസ-
-മെന്നുറക്കെ നെഞ്ചിടിപ്പിച്ചൊരാൾ-
എല്ലാരെയും ചേർത്തുമ്മ വെച്ചെന്‍റെ
കണ്ണ് വെട്ടിച്ചൊരു പകൽക്കിനാവ്!
സഖീ, പറയൂ ഞാനാരായിരുന്നു?

ഒരു നേരമെങ്കിലും ചിതറിത്തെറിച്ചു
നിൻ മുന്നിലടർന്നു വീഴാൻ,
ഒരു കിളി മൂളുന്ന പുലരിയിലെങ്കിലും
മരം പെയ്ത്  നി ന്നോട് നനയാൻ,
ഒരു വാർത്ത കൊണ്ടെൻ ഹൃദയത്തില്‍
നിൻ മധുരച്ചുംബനപ്പാട് പതിക്കാൻ,
പറയൂ..സഖീ ,
പറയൂ ഞാനാരായിരുന്നു?
Thursday, January 14, 2016

നിനക്കായി മാത്രം

എന്‍റെ സ്വപ്നങ്ങളില്‍ നിറങ്ങളില്ലായിരുന്നു ,
എന്‍റെ ചിന്തകള്‍ക്ക് സുഗന്ധവും
എന്നിട്ടും ഞാനവ, നിനക്കായി -
നിനക്കായി മാത്രം കാത്തു വെച്ചില്ലേ?

എന്‍റെ മഴക്കാടുകള്‍ നിനക്കായി മാത്രം
പൂക്കാതെ കാതോര്‍ത്തു നിന്നില്ലേ
നിന്നിലെ തീക്ഷ്ണ വികാരങ്ങളെനിക്കായി
മാത്രമുള്ളതാണെന്ന് ഞാന്‍ നിനച്ചിരുന്നു

എന്‍റെ സ്വപ്നങ്ങളില്‍ വാന്‍ഗോഗ് ഉണ്ടായിരുന്നില്ല
ചങ്ങമ്പുഴയോ വേര്‍ഡ്സ് വര്‍ത്തോ പോലും
എന്നിട്ടും നിന്നെ ഞാന്‍ പ്രണയിച്ചു !

നിനക്ക് ഞാനെന്‍റെ കമിതാവിന്റെ
സ്ഥാനം നല്‍കിയതിന്റെ അര്‍ത്ഥമെന്താണ് ?
അറിയില്ല,ഇന്നുമറിയില്ല .

നിനക്കായി ഞാനിന്നും, എന്നും കാത്തി-
-രുന്നിട്ടുമെന്നെ നീ കാണാതെ പോയി
എത്രയോ പേരെ നീ പ്രണയിച്ചു-
എന്നിട്ടുമെന്നെ നീ...!

ഉയരങ്ങളില്‍ നില്‍ക്കുമ്പോഴൊരു കൊടും-
-കാറ്റായി നീയെന്നെ പുണരുമെന്നും
ആഴക്കടലായി നീയെന്നെ പുല്കുമെന്നും
ഞാന്‍ വ്യാമോഹിച്ചുവല്ലോ!

നിന്‍റെ  കറുപ്പില്‍ ഞാനേഴല്ല
ഏഴായിരം വര്‍ണ്ണങ്ങള്‍ കണ്ടിരുന്നു.
ഞാനീ ജീവിതത്തെ സ്നേഹിക്കുന്നതിനു
മുന്‍പ് , നീയെന്‍ പ്രിയമൃത്യുവേ
കടന്നു വരിക, എന്നിലേക്ക്..എന്നിലേക്ക് !