Monday, March 22, 2021

ഒരു ചിരി ജനിച്ച കഥ


ഈ സോഷ്യൽ മീഡിയയിൽ എന്നെ/ എന്റെ ഫോട്ടോ  ഓൺലൈൻ ആയി കാണുന്ന മിക്ക മനുഷ്യരും ഒരു കോമ്പ്ലിമെൻറ് ആയി പറഞ്ഞിട്ടുള്ള കാര്യമാണ് "എന്തൊരു മനോഹരമായ ചിരിയാണ് " എന്ന്.  അതുകേൾക്കുമ്പോഴൊക്കെ വായ പൂട്ടി ചിരിക്കാൻ ശ്രമിച്ചിരുന്ന അഥവാ വായ തുറന്നു പോയാൽ കൈ കൊണ്ട് മറച്ചു ചിരിച്ചിരുന്ന ഒരെന്നെ ഓർമ്മ വരും - സ്‌കൂൾ കാലഘട്ടത്തിലെ എന്നെ! 

പണ്ട് LP  സ്‌കൂളിൽ വെച്ച് പല്ലു കാണിച്ചു ചിരിച്ചപ്പോഴൊക്കെ രണ്ടു തരമായിരുന്നു  പ്രതികരണം. 
ഒന്ന് :  "ഹാവൂ ഭാഗ്യം, അവളുടെ പല്ല് കാണുന്നത്കൊണ്ട് ആളവിടെ ഉണ്ടെന്നു മനസിലാക്കാം." 
രണ്ട് : "ഒരു പല്ലെങ്കിലുമുണ്ടോടീ നിൻ്റെ വായിൽ നേരെ ചൊവ്വേ! "

ഇതിൽ ആദ്യത്തേതിനെ ഞാൻ സ്‌കൂളിലൊക്കെ ചേരുന്നതിനു മുൻപേ അവഗണിച്ചിരുന്നതാണ്. കാരണം ഞാനൊരു "പ്രൗഡ് കറുമ്പി" ആയിരുന്നേ. വീട്ടിൽ അച്ഛൻ കറുത്തിട്ട്, അമ്മ വെളുത്തിട്ട്. ഇരട്ടച്ചേട്ടന്മാർ  വെളുത്തിട്ട് ഞാൻ കറുത്തിട്ട് . അതോണ്ട് തന്നെ എനിക്കതൊരു വളരെ സ്വാഭാവികമായ കാര്യവും അച്ഛൻ "ദി ഗ്രേറ്റസ്റ്റ് ഹീറോ ഓഫ് മൈ ലൈഫ് " മോഡിൽ ആയിരുന്നത് കൊണ്ട് അച്ഛനെപ്പോലെ, അപ്പച്ചിയെപ്പോലെ നിറം എന്നത് എന്നെ സംബന്ധിച്ച് ഒരു അതിഭീകര അഭിമാന സ്റ്റേറ്റ്മെന്റ് ആയിരുന്നു.   അച്ഛനുണ്ടായിരുന്നത് പോലെ  ഒരു ഉണ്ണിക്കുടവയർ കൂടി എനിക്കുണ്ടാകണം എന്ന് ഒന്നാം  ക്ലാസിലൊക്കെ പഠിക്കുമ്പോൾആഗ്രഹിച്ചിരുന്നു എന്ന് പറയുമ്പോൾ  ഊഹിക്കാമല്ലോ ആ ഒരു അഭിമാനത്തിൻ്റെ തലപ്പൊക്കം. 
(വീണ്ടും തഥാസ്തു  - ഇപ്പോ ഉണ്ണിക്കുടവയർ അല്ല  നല്ല 916 കുടവയർ തന്നെയുണ്ട് ! ) 


ഇനി രണ്ടാമത്തേതിലേക്ക് വരാം. വീട്ടിലെ രണ്ടു ഭീകരന്മാർ (എന്നെക്കാൾ അഞ്ചുവയസിനു മൂത്ത ഇരട്ട സഹോദരന്മാർ) എന്നോട് വഴക്കിടുമ്പോൾ അറ്റകൈയ്ക്ക്  സ്ഥിരമായി എന്നെ തോൽപ്പിക്കുന്നത്  ഇങ്ങനെയാണ്. എൻ്റെ മുഖം വർണിക്കുന്നതിലൂടെ   

-> ആനക്കണ്ണ്  (അത്രയേറെ കുഞ്ഞിക്കണ്ണാണ്  എന്നാണ് അല്ലാതെ വലിയ സുന്ദരമായ കണ്ണെന്നല്ല! - ഇപ്പോഴത്തെ എൻ്റെ വിടർന്ന  കണ്ണുരുട്ടൽ കാണുന്ന പലർക്കും അതൊരു അതിശയമായി തോന്നിയേക്കാം, പക്ഷേ  ക്യാമറയ്ക്ക് മുന്നിൽ മാത്രം വിടരുന്ന കണ്ണുകൾ ആണ് എൻ്റെ :) ) 

->ഫുട്ബാൾ മൈതാനം പോലത്തെ നെറ്റി (ആ !! ആരുടെ കാര്യമാണോ എന്തോ !) 

-> പരന്നു തടിച്ച ചന്ത്രക്കാറൻ മൂക്ക്  (അതെന്താണ് ഉദ്ദേശിച്ചത് എന്നൊക്കെ എനിക്ക് പിന്നീട്  വായനയിലൂടെ ആണ് മനസിലായത് ) 

-> ക്രൂർസിങ്ങിന്റെ പുരികം  (അതിലൊരല്പം സത്യമില്ലാതെ ഇല്ല! )

-> അവസാനത്തെ ഐറ്റം ആണ് - ഏണെ കോണേന്ന്  ഇരിക്കുന്ന മുൻവശത്തെ "മൺവെട്ടി മൺകോരി" പല്ലുകൾ. ഞങ്ങളുടെ നാട്ടിലൊക്കെ അന്നുണ്ടായിരുന്ന ഒരു പാർട്ടി ചിഹ്നം ആയിരുന്നു മൺവെട്ടിയും മൺകോരിയും - അത് ഒന്നിന്റെ മുകളിൽ മറ്റേത്  ക്രോസ്സ് ചെയ്തു വെച്ച ചിത്രങ്ങൾ മതിലുകളായ മതിലുകൾ മുഴുവൻ നിറഞ്ഞിരുന്ന കാലം കൂടിയായിരുന്നു അത്. 

കുഞ്ഞൻ മൂക്കിനെ എനിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല, പക്ഷേ ബാക്കി എല്ലാത്തിനും ഞാൻ പരിഹാരം കണ്ടുപിടിച്ചു . കണ്മഷിയെഴുതിയ കണ്ണുകൾ ആവശ്യത്തിനും  അനാവശ്യത്തിനും  ഞാൻ  സംസാരിക്കുമ്പോൾവിടർത്താൻ തുടങ്ങി, കുഞ്ഞുപൊട്ടു കൊണ്ട് പുരികത്തിൻ്റെ വലുപ്പം കുറയ്ക്കാൻ ശ്രമിച്ചു, നെറ്റിയിൽ പൊട്ടും കുറിയും കുറിക്കു മുകളിൽ സിന്ദൂരക്കുറിയും ഒക്കെയായി നെറ്റിയങ്ങോട് കവർ ചെയ്തു, പല്ലുകൾ ഒരു കാരണവശാലും ചിരിക്കുമ്പോൾ പുറത്തു കാണിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു!  അങ്ങനെ ഞാൻ എൻ്റെ ദുഷ്ടന്മാരായ ചേട്ടന്മാരെ തോൽപ്പിച്ചു. എനിക്ക് ഇതൊന്നും മൈൻഡ് അല്ല എന്ന് കണ്ടപ്പോൾ അവര് തന്നെ ഞാൻ ഒരു അഞ്ചിൽ ഒക്കെ ആയപ്പോൾ ഈ പരിപാടി  നിർത്തി പോകുകയും ചെയ്തു. അഞ്ചാം ക്‌ളാസിലാണ് ഞാൻ അവരുടെ വലിയ സ്‌കൂളിലെത്തുന്നത്. നാവായിക്കുളം ഗവണ്മെന്റ് ഹൈ സ്‌കൂൾ എന്ന എൻ്റെ  പറുദീസ.   യുവജനോത്സവത്തിൻ്റെ  എല്ലാ പരിപാടികൾക്കും യുറീക്ക പരീക്ഷക്കും സ്കോളര്ഷിപ്പിനും എന്നുവേണ്ട സ്‌കൂളിൽ ഞാനറിയാതെ ഒരില അനങ്ങാൻ സമ്മതിക്കാത്ത കാലത്തിലേക്ക് ഞാനെത്തിപ്പെട്ടു.  

ഏഴാം ക്‌ളാസിലെത്തിയപ്പോഴേക്കും കണ്ണും മൂക്കും ഒന്നും നമുക്ക്  ഒരു വിഷയമേ അല്ലാതെ ആയി. പക്ഷേ ചിരി അത് അപ്പോഴും പ്രശ്നം തന്നെ - ചിരിക്കാതെ ഇരിക്കാൻ അറിയാത്ത കുട്ടിയുമായിരുന്നു അന്നേ ഞാൻ!   കൗമാരകാലത്തിലേക്ക് കടന്നു കാൽ  വെക്കാൻ റെഡി ആയി നിൽക്കുന്ന എല്ലാ പെൺകുട്ടികളേയും  പോലെ അതിങ്ങനെ മനസിൽ കൊളുത്തിക്കിടന്നു, സാരമില്ല ചുണ്ടടച്ചു ചിരിക്കാമല്ലോ. അഥവാ പൊട്ടിചിരിച്ചാലും വായ പൊത്താനല്ലേ നമുക്ക് കൈയ്യുകൾ ഉള്ളത്! 

കാലം വീണ്ടുമോടിഎട്ടാംക്‌ളാസിലെത്തിയ  സമയത്ത് വീട്ടിൽ നിന്നും അടുത്തുള്ള തിയറ്ററിൽ ഒരു സിനിമ കാണാൻ പോകുന്നു. പുതുമുഖങ്ങൾ ആണ് പ്രധാന കഥാപാത്രങ്ങൾ. നാടൻ വേഷത്തിൽ നീളൻ മുടിയൊക്കെ ആയി ഒരു സുന്ദരി സ്ക്രീനിൽ വന്നു നിറഞ്ഞു ചിരിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി - അതാ "മൺവെട്ടി - മൺകോരി " സ്റ്റൈലിലുള്ള മുൻപല്ല്! ആ ചിരി എന്തൊരു രസമുള്ള, ആത്മാവുള്ള ചിരി എന്ന് തോന്നിപ്പോയി. അന്ന് ആ ആളിനെയും സിനിമയേയും  ആ ചിരിയേയും  ഉള്ളിലേറ്റിയാണ് ഞാൻ വീട്ടിലെത്തിയത്.  ഒരു സിനിമയിലെ നായികയ്ക്ക് അങ്ങനെ നിരയല്ലാത്ത പല്ലുകാട്ടി സുന്ദരമായി ചിരിക്കാം എങ്കിൽ എനിക്കെന്തുകൊണ്ട് ആയിക്കൂടാ! ഞാൻ മനസിൽ ചിലതൊക്കെ ഉറപ്പിച്ചു കിടന്നുറങ്ങി. 

പിറ്റേന്ന് സ്‌കൂളിൽ സ്ഥിരം സിനിമാക്കഥ  പറയുന്ന ഉച്ചയൂണ് സമയത്ത്   നൈസായിട്ട് കൂട്ടുകാരെ നോക്കി തുറന്ന് ഒരു ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു  "പിള്ളേരെ  ഈ സിനിമയിലെ നായികയുടെ ചിരി കാണാൻ എന്ത് രസമാണെന്നോ ! നോക്കിക്കോ സൂപ്പർ ഹീറോയിൻ ആകും" , സംഭവമന്ന് ഞാനെൻ്റെ ഗൂഢോദ്ദേശ്യം കാരണം ആണ് പറഞ്ഞതെങ്കിലും അന്നേരം ആരോ തഥാസ്തു പറഞ്ഞിരിക്കണം -   ആ നടി അങ്ങട് പടർന്നു പന്തലിച്ചു.. ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ മനസ്സിൽ പല കഥാപാത്രങ്ങളിലൂടെ "മഞ്ജു വാരിയർ" എന്ന ആ മിടുക്കി കസേര വലിച്ചിട്ടിരിപ്പുറപ്പിച്ചു! 

സിനിമ വിട്ടിട്ട് എവിടേക്കോ മറഞ്ഞിട്ടും നീണ്ട  14  വർഷങ്ങൾക്ക് ശേഷം  അതേ  ചിരിയോടെ നമ്മുടെ പൂമുഖത്ത് വീണ്ടും മടങ്ങിയെത്തിയ സൂപ്പർ സ്റ്റാർ മഞ്ജുവിനാണ് ഞാനെന്റെ ചിരിയുടെ കടപ്പാട് കൊടുക്കുന്നത്. മഞ്ജു ഇതറിഞ്ഞിട്ടില്ല എങ്കിലും ഞാനെൻ്റെ പല്ലുകാട്ടൽ ചിരികൾക്ക് ഇങ്ങളോട്  ഒരു പെൺജന്മം കടപ്പെട്ടിരിക്കുന്നു മഞ്ജൂ. ആ 1996 മുതൽ എനിക്ക് പല്ലുകൾ കാണിക്കാതെ ചിരിക്കാൻ അറിയില്ല എന്ന അവസ്ഥയിലേക്ക് എൻ്റെ  ചിരി സമ്മർ സോൾട്ടടിച്ചു. വളരെ വളരെ അപൂർവമായി ചിരി ഇല്ലാത്ത ചിത്രം അഥവാ പല്ലു കാണാത്ത ചിത്രം എവിടെയെങ്കിലും പതിഞ്ഞാൽ ഞാൻ തന്നെ അതിനെ അത്ഭുതത്തോടെ നോക്കാൻ തുടങ്ങി! 


ഒന്നാലോചിച്ചു നോക്കിക്കേ സിനിമകളും കഥാപാത്രങ്ങളുമൊക്കെ സാധാരണക്കാരെ  സ്വാധീനിക്കുന്ന ഓരോ തലങ്ങൾ! എത്രയെത്ര ചിരികൾ എനിക്ക് നഷ്ടമായിപ്പോയേനെ.. എത്രയെത്ര സ്നേഹത്തിന്റെ പ്രണയത്തിന്റെ സൗഹൃദത്തിന്റെ വാത്സല്യത്തിന്റെ ചിരികൾ!  
അതോണ്ട് എൻ്റെ  പെണ്ണുങ്ങളേ  നിങ്ങളെല്ലാവരും വായ തുറന്നു, പല്ലു കാണിച്ചു, മനസു നിറഞ്ഞു ചിരിക്കണം - അതെത്ര മനോഹരമാണെന്നോ!! 

ആ പുഞ്ചിരികൾക്കായി ഇന്നത്തെ ദിനം ! 





Sunday, February 21, 2021

പ്രണയത്താൽ പൊള്ളിയവൻ

"വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല ... നീ മരിച്ചതായി ഞാനും, ഞാൻ മരിച്ചതായി നീയും കണക്കാക്കുക , ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക ...."  വായിച്ചതിൽ ഏറ്റവും കൂടുതൽ വേദനിപ്പിച്ചിട്ടുള്ള, ഏറ്റവുമധികം സ്പർശിച്ചിട്ടുള്ള വരികൾ പ്രണയത്തിന്റെ രാജകുമാരന്റെ തൂലികയിൽ നിന്നാണ്. ഓരോ തവണ വായിക്കുമ്പോഴും ഒന്നും വേണ്ടായിരുന്നു എന്നും അടുത്ത നിമിഷം എല്ലാം വേണമെന്നും   പറയുന്ന പെൺകനവുകളുടെ കുടുക്കുകളിൽ കുടുങ്ങിക്കിടക്കാറുണ്ട് ഞാൻ. ഒരു ചുംബനം കൊണ്ട് ആത്മാവിന്റെ ആഴങ്ങളിൽ പോലും പൊള്ളുന്നത് എങ്ങനെയെന്ന് 'ലോല'യിലൂടെ പദ്മരാജൻ പറയാൻ ശ്രമിക്കുന്നുണ്ട്. 


പ്രണയം എന്നത് ആത്മാവിൽ കെട്ടപ്പെടുന്നതാണ് എന്ന് നിഷ്കളങ്കമായ കണ്ണുകളോടെ പറഞ്ഞിരുന്ന ആ അമേരിക്കൻ പെൺകുട്ടി ലജ്ജയാൽ ചുമക്കുന്നവളാണ് എന്നോ കന്യകയായിരിക്കും എന്നോ അയാൾ പ്രതീക്ഷിച്ചിരുന്നില്ല. അമേരിക്കയിലേക്ക് പഠനാവശ്യത്തിനായി വന്ന ഒരു ശരാശരി മലയാളി യുവാവിന്റെ സങ്കൽപ്പത്തിലെ അമേരിക്കൻ യുവതി ആയിരുന്നില്ല അവൾ. ഒരു വ്യവസ്ഥാപിത കുടുംബപശ്ചാത്തലത്തിൽ വളരാതിരുന്ന ലോല എന്ന സുന്ദരിയും മിടുക്കിയുമായ യുവതിയിൽ ഒരുപക്ഷേ ആ യുവാവ് കണ്ട ഏറ്റവും വലിയ ആകർഷണീയതയും ആ വൈരുദ്ധ്യാത്മകതയാകണം. വരച്ചുവെച്ച കള്ളികൾക്ക്  പുറമേയ്ക്ക് തൂക്കിയ ചായങ്ങൾ ചേർന്നൊരുക്കിയ മനോഹരമായ ഒരു കൊളാഷ് പോലെയാണ് ലോല. 

മലയാളത്തിലെ ഏറ്റവും മികച്ച പ്രണയകഥയായി  തിരഞ്ഞെടുത്ത ലോലയിൽ അവർ ഒന്നിക്കുന്നില്ല എന്നത് പ്രണയത്തിന്  മറ്റൊരു മാനം  നൽകുന്നത് പോലെയാണ്. പ്രണയത്തിനോട് പ്രണയമാകുന്ന രണ്ടുപേർ! അവർക്ക് പരസ്പരം പ്രണയിക്കാനും തമ്മിൽ ലയിക്കാനും  മാത്രമേ കഴിയുന്നുള്ളു. അത്രയും നാൾ കൂടെ ചേർത്തുവച്ചിരുന്ന പലതും, വിശ്വസിച്ചിരുന്ന പലതും ആ പ്രണയത്തിനു വേണ്ടി മാറ്റിവെക്കാൻ ലോല തയ്യാറാകുമ്പോൾ ഇന്ത്യയിലേക്ക് തൻ്റെ  ദരിദ്രമായ ജീവിതത്തിലേക്ക് ലോലയെ കൂട്ടിക്കൊണ്ട്  വരാൻ  കഴിയാത്തത്ര ദുർബലനായാണ് കാമുകനെ ചിത്രീകരിച്ചിരിക്കുന്നത്. പക്ഷേ, അവിടെയും പ്രണയമാണ് ലോലയോടുള്ള പ്രണയം മാത്രമാണ് അതിൽ നിന്നും അയാളെ പിന്തിരിപ്പിക്കുന്നത് എന്ന്  ചിന്തിക്കാനാണ് എനിക്കിഷ്ടം. 


ആത്മഹത്യ ചെയ്യുന്നവർ ഭീരുക്കൾ ആണെന്നു പറയുന്ന ലോല തന്നെ ഒരു സമയം അതിനെക്കുറിച്ചു ആലോചിക്കുന്നത് അത്രമേൽ ആഴത്തിൽ പ്രണയത്താൽ മുറിവേൽക്കുമ്പോഴാണ് - അല്ല പ്രണയത്താൽ അല്ല, പ്രണയത്തിന്റെ പറഞ്ഞുവെക്കലുകളാൽ!   പ്രണയത്തോട് അവൾക്ക് പ്രണയമാണല്ലോ .. പ്രണയത്തിന്റെ തീവ്രത മരണത്തിനെപ്പോലും പ്രണയിപ്പിക്കും എന്ന് ലോകത്തുള്ള എല്ലാ കാമുകീകാമുകന്മാരോടും ഒപ്പം ചേർന്നുകൊണ്ട് അവളും പറയുന്നു.  അതുകൊണ്ടാണല്ലോ കാമുകനെ ഒരു ചതിയനായോ ദുഷ്ടനായോ കാണാൻ കഴിയാതെ നിസ്സഹായതയുടെ പ്രണയത്തിന്റെ ഭാഷയിൽ  അയാളുടെ കുഞ്ഞിനെ ഗർഭം ധരിച്ചു വളർത്തി അതേ  പ്രായത്തിൽ എത്തുമ്പോൾ കൊലപ്പെടുത്തുമെന്നൊരു ചിന്ത ലോല  പങ്കുവെക്കുന്നത്. അത് കേൾക്കെ എന്നാലിപ്പോൾ തന്നെ എന്നെ കൊന്നുകൂടെ എന്ന് പരിഭവിക്കുന്ന  കാമുകനോട് അവൾ വീണ്ടും പറഞ്ഞുവെക്കുന്നത്  എനിക്ക് നിന്നെ പ്രണയിക്കാനല്ലേ അറിയൂ എന്നാണ്. 


താമരയുടെ കണ്ണുകളുള്ളവനെ പ്രണയിച്ച ലോല എന്ന അമേരിക്കൻ പെൺകുട്ടിയ്ക്ക് എന്ത് സംഭവിച്ചു എന്നറിയില്ല എങ്കിലും കളിക്കൂട്ടുകാരിയെ വിവാഹം കഴിച്ച ആ യുവാവ് പിന്നീടുള്ള ഓരോ ചുംബനത്തിലും അവളെ ഓർത്തിരുന്നിരിക്കണം. ഓരോ തവണയും ആ ചുംബനങ്ങൾ അയാളുടെ ചുണ്ടുകളെ പൊള്ളിച്ചിരുന്നിരിക്കണം ... കാരണം അത്രമേൽ ആഴത്തിൽ , ചൂടിൽ, തീവ്രതയിൽ, പ്രണയത്തിൽ  മറ്റൊരുവൾക്ക് അയാളെ ചുംബിക്കാൻ കഴിയില്ല . 

 പ്രണയത്തോടെ  നോക്കിയ ഓരോ കണ്ണുകളും , പ്രണയം കൊണ്ട് വിയർത്ത ഓരോ കയ്യുകളും, പ്രണയം ചുമപ്പിച്ച കഴുത്തുകളും  അയാളെ വീണ്ടും വീണ്ടും ആ പൊള്ളലുകൾ ഓർമ്മിപ്പിച്ചിട്ടുണ്ടാകണം,  ജീവിതം മുഴുവൻ ആ പൊള്ളലുകളേറ്റ് ഹൃദയമുറിവുണങ്ങാതെ നടന്നിട്ടുണ്ടാകണം! 


(ലോലയ്‌ക്കൊരു തുടർവായന )  



Saturday, January 30, 2021

രുചിയോർമ്മകൾ 07 - മിക്സിയിലടിച്ച നാരങ്ങാ വെള്ളം

2020 ജനുവരി 07 
രുചിയോർമ്മകൾ അഥവാ ആളോർമ്മയുടെ രുചിഭേദം - മിക്സിയിലടിച്ച നാരങ്ങാ  വെള്ളം 

1998 -   ഫാത്തിമ മാതാ നാഷണൽ കോളേജെന്ന പേര് കേട്ട കോളേജിൽ ആഗ്രഹിച്ചു പഠിക്കാൻ വന്ന കുട്ടിയായിരുന്നു ഞാൻ. നാവായിക്കുളത്ത് സ്‌കൂളിൽ കൂടെ പഠിച്ച മിക്കവരുടെയും  ചോയ്‌സ് വർക്കല SN , ചാത്തന്നൂർ കോളേജ്, കൊട്ടിയം കോളേജ് അല്ലെങ്കിൽ ആറ്റിങ്ങൽ കോളേജ് ആയിരുന്നു.  എന്റെ ആഗ്രഹം മാർ ഇവാനിയോസ് അല്ലെങ്കിൽ ഫാത്തിമ എന്നതായിരുന്നു. പറഞ്ഞുവരുമ്പോൾ നാവായിക്കുളം തിരുവനന്തപുരം ജില്ലയിൽ ആണെങ്കിലും കൊല്ലം ജില്ലയിലെ ഫാത്തിമ ആയിരുന്നു മാർ  ഇവാനിയോസിനെക്കാൾ അടുത്തുണ്ടായിരുന്നത്.  അങ്ങനെ ഞാൻ വീട്ടിൽ നിന്ന് പോയിവരുക എന്ന കുടുക്കിൽ കുടുങ്ങി ഫാത്തിമ തിരഞ്ഞെടുത്തു.  സെക്കന്റ് ഗ്രൂപ്പിന് രണ്ടു ബാച്ചുകൾ - ഒന്നിൽ പെൺകുട്ടികൾ മാത്രവും ഒന്ന് മിക്‌സഡും (ഫാസ്റ്റ് ഗ്രൂപ്പും അങ്ങനെ തന്നെയായിരുന്നു എന്നാണ് ഓർമ്മ). നൂറു നൂറ്റിപ്പത്ത് കുട്ടികളുണ്ടായിരുന്ന ക്‌ളാസിൽ അകെ ഉണ്ടായിരുന്നത് 21-23 പെൺകുട്ടികൾ. അതുകൊണ്ടുണ്ടായ കുഴപ്പം ഫാത്തിമയ്ക്കുള്ളിൽ വെച്ച് പ്രീഡിഗ്രിക്കാരനെന്നു തോന്നുന്ന ഏത് ആൺകൊച്ച് ചിരിച്ചാലും ഇവനിനി എന്റെ ക്‌ളാസ് മേറ്റ് ആകുമോ എന്ന് സംശയിച്ചാണ് മറുചിരിയും വർത്തമാനവും ഒക്കെ. ദൈവം സഹായിച്ചു സമരവും, ക്‌ളാസിൽ കയറി സമയം കളയുന്നത് വേസ്റ്റ് ആണെന്ന തിരിച്ചറിവും ഉണ്ടായതിനാൽ (മറ്റെന്തൊക്കെ ചെയ കിടക്കുന്നു!)  ക്‌ളാസ്സിലുള്ള എല്ലാവരെയും പരിചപ്പെടുന്നതിനും  വേണ്ടിയുള്ള ദിവസങ്ങൾ ആ ക്ലാസ്സിലിരിക്കാനുള്ള യോഗമുണ്ടായില്ല. ആദ്യത്തെ ആഴ്ചകളിൽ തന്നെ നമ്മളുടെ താളത്തിൽ പോകുന്ന ഒരു ഗ്യാങ് ഉണ്ടാക്കിയെടുത്തതിനാൽ മിക്കപ്പോഴും ഞങ്ങളുടെ താവളം മെയിൻ കെട്ടിടത്തിനും girls  only  ക്‌ളാസ്സുകൾക്കും ഇടയിൽ ഉള്ള  - പെൺമുറ്റം എന്നറിയപ്പെടുന്ന "ക്വഡ്രാങ്കിളിന്റെ" ഒരറ്റത്തുള്ള നീളൻ സ്റ്റെപ്പുകളായി മാറി. അതിനു പുറകിൽ ഐസ്ക്രീം - സിപ്പപ്പ് - പാക്കറ്റ് ജ്യൂസ് ഒക്കെ കിട്ടുന്ന ഒരു  സെറ്റപ്പുണ്ടായിരുന്നു. ഒരു രൂപയ്ക്കൊക്കെ സിപ്പപ്പ് വാങ്ങിയതും കൊണ്ട് ആ പടിക്കെട്ടുകളിലിരുന്നു നല്ല സ്റ്റൈലൻ പെൺപിള്ളേരെ വായിനോക്കിയത് /കമന്റടിച്ചത് ഒക്കെ ഓർക്കുമ്പോൾ ശ്യോ! ആ പടിക്കെട്ടിലിരുന്നാൽ പെൺപിള്ളേരെ മാത്രേ കാണാൻ കിട്ടുള്ളായിരുന്നു എന്നത് വെറും ദുഃഖ സത്യം ! അല്ലേൽ പിന്നെ ഇലക്ഷൻ വരണം. 


                             താൽക്കാലിക ആശ്വാസമായി കോളേജിലങ്കിളിന്റെ ഐസ്ക്രീം കടയുണ്ടെങ്കിലും ഞങ്ങളുടെ ഗ്രൂപ്പിന്റെ ആദ്യകാലങ്ങളിലെ  ആഗ്രഹം കോളേജ് റോഡിലൂടെ നടന്ന് SN  വിമൻസ് കോളേജിന് നേരെ മുന്നിലും SN  മെൻസ് കോളേജിലെ പിള്ളേരുടെ സ്ഥിരം ആവാസകേന്ദ്രവുമായ "അവിട്ടം" ബേക്കറിയിൽ കയറി നാരങ്ങാവെള്ളം കുടിക്കണം എന്നായിരുന്നു  ( ഛായ് ഛായ്  നാരങ്ങാ വെള്ളമല്ല - ലൈം ജ്യൂസ് ;) )  അവിടുത്തെ കട്ലറ്റും നാരങ്ങാവെള്ളവും അതിഭീകരൻ രുചിയാണെന്നത് രണ്ടാമത്തെ  ഘടകമായിരുന്നു - ഒന്നാമത്തേത് ഫാത്തിമയിലെ ടെറിട്ടറിയിൽ നിന്ന് വിട്ട് അവിട്ടത്തിൽ  ചെന്ന് കയറിയൊരു കാര്യം ചെയ്യുന്നതിന്റെ ത്രിൽ തന്നെയായിരുന്നു (കൂടെയുള്ള കൊച്ചുങ്ങളിൽ പലരും 10 വരെ girls only  പഠിച്ചവർ ആയിരുന്നേ ) . അങ്ങനെ ആദ്യവർഷത്തിൽ തന്നെ ഒരു ദിവസം ഞങ്ങൾ എല്ലാവരും കൂടെ അവിടേക്ക് ലൈം ജ്യൂസ് കുടിക്കാനായി പോയി . അന്നവിടെ മാത്രം ഈസാധനത്തിന് അഞ്ചോ പത്തോ   രൂപയാണ് - കൃത്യമായി ഓർമയില്ല, പുറത്തൊക്കെ അതിലും കുറവാണു എന്നോർമ്മയുണ്ട്. എന്തായാലും  ചെന്നു, ശ്വാസം പിടിച്ചകത്തു കയറിയിരുന്നു, ഓർഡർ കൊടുത്തു എല്ലാവര്ക്കും ഓരോ ലൈം ജ്യൂസ് അടിക്കാനുള്ള കാശ് തന്നെയേ ഉള്ളൂ. ഞാനൊക്കെ ഓർഡിനറിയിലെ കൺസഷൻ കാർഡും, മറ്റുള്ളവർ പ്രൈവററ്റ് ബസിലെ ST  അടിക്കുന്നവരും.  എല്ലാര്ക്കും കൂടി കട്ലറ്റ് വാങ്ങാനുള്ള പൈസ എന്തായാലും ഇല്ല  (അതേ സ്ഥലത്ത്  കോളേജിൽ നിന്നിറങ്ങും മുൻപ് പോയിരുന്നു ഓസിന് ലൈം ജ്യൂസും കട്ട്ലറ്റും അടിക്കാനുള്ള ഭാഗ്യം കൂട്ടത്തിലെ വേറൊരു പെൺകൊച്ചും ഓളുടെ ചെക്കനും കാരണമുണ്ടായി എന്നത് വേറെ കാര്യം - അപ്പോഴേക്കും നമ്മൾ താപ്പാനകൾ ആയിക്കഴിഞ്ഞിരുന്നുലോ  ) 


                        വലിയ ഗ്ലാസ്സുകളിൽ പതപ്പിച്ചു കൊണ്ടുവെച്ച സാധനത്തിനെ നാരങ്ങാവെള്ളം എന്ന് വിളിക്കാനാകില്ല കേട്ടോ - ഞാൻ അന്നുവരെ കുടിച്ചിരുന്ന നാരങ്ങാവെള്ളമൊക്കെ നാരങ്ങാഞെക്കി കൊണ്ട് പിഴിഞ്ഞ് ആവശ്യത്തിൽ കൂടുതൽ  മധുരമിട്ടവയായിരുന്നു. അവിട്ടത്തിലെ ലൈം ജ്യൂസ് -  നാരങ്ങയുടെ തൊലി (lemon zest ) ചേർത്ത് നാരങ്ങാ നീരും ഐസ് ക്യൂബുകളൂം  മിക്സിയിൽ (ബ്ലെൻഡറിൽ )  അടിച്ചെടുത്തതായിരുന്നു. ആ തൊലിയുടെ കയ്പോ ചവർപ്പോ അങ്ങനെയെന്തോ ഒരു രസം നാരങ്ങയുടെ സ്വതസിദ്ധമായ പുളിരസത്തിൽ  കൂടിച്ചേർന്നതിന് പാകത്തിന് മധുരവും ഐസ് ചേർത്തടിച്ചതിന്റെ  തണുപ്പും  ചേർന്ന് ഒരുഗ്രൻ സാധനമായിരുന്നു ഈ അവിട്ടത്തിലെ ലൈം ജ്യൂസ്. കുടിച്ച ഞങ്ങൾ എല്ലാവരും തലയും കുലുക്കി സമ്മതിച്ചു - ഇത്രോം കാശ് കൊടുത്തു കുടിക്കാനുള്ളത് ഒക്കെയുണ്ട്. ഇങ്ങനെ കുടിച്ചു ആസ്വദിച്ച്  അതെ രുചിയിൽ എല്ലാവരും പിരിഞ്ഞു വീട്ടിൽ പോയി. 


                                      പിറ്റേ ദിവസം കോളേജിലേക്ക് വരുമ്പോഴേ മനസ്സിൽ തോന്നുന്നുണ്ട് ഇന്നും പറ്റിയാൽ അവിട്ടത്തിൽ പോയി ലൈം ജ്യൂസ് അടിക്കണം. പക്ഷേ... പക്ഷേ ....കോളേജിൽ എത്തിയ എന്നെയും കാത്ത് ഒരുഗ്രൻ ന്യുസും കൊണ്ടാണ് നമ്മുടെ കൂട്ടത്തിലെ പിള്ളേരിരുന്നത്. എന്താണെന്നാ ???  അതായത് ഈ അവിട്ടമില്ലേ - അവിടെയുണ്ടാക്കുന്ന ലൈം ജ്യൂസിൽ മയക്കുമരുന്നുണ്ടാകും ത്രേ അതാണ് പിന്നെയും പിന്നെയും അവിടെ പോയി കുടിക്കാൻ നമുക്ക് പ്രേരകമാകുന്നത്  -അതന്നെ ഡ്രഗ്ഗ് അഡിക്ഷൻ!  ഞെട്ടീല്ലേ - ങാ പ്രീഡിഗ്രി സമയത്തെ വളരെ നിഷ്കളങ്കയായിരുന്ന ഞാനും ഞെട്ടി. പറയുന്നവൾ ആണയിട്ടു പറയുന്നു - അതൊരു ഡ്രഗ് ഹബ് ആണെന്ന് അവളുടെ ബന്ധു പറഞ്ഞുവെന്ന്.   അങ്ങനെ വരുന്നോർക്കും പോകുന്നോർക്കും ഒക്കെ ലൈം ജ്യൂസിൽ മയക്കുമരുന്ന് ഇട്ടു അഞ്ചുരൂപയ്ക്ക് കൊടുത്താൽ അവർക്ക് ബിസിനസ്സ് മുതലാകാൻ സാദ്ധ്യതയില്ല എന്ന് തോന്നിയത് കൊണ്ട് ആ സാദ്ധ്യത തള്ളിക്കളഞ്ഞു എങ്കിലും കുറെയേറെ നാൾ പിന്നീട് ഞങ്ങൾ അവിട്ടത്തിലേക്ക് പോയതേയില്ല - എന്തിനു വെറുതെ വനിതയിലെ "മയക്കുമരുന്നിന്റെ പിടിയിൽ അകപ്പെട്ട യുവത്വം "  ഫീച്ചറിൽ പടം വരണം അല്ലേ? 

എന്തായാലും അടുത്ത വട്ടം നാരങ്ങാ വെള്ളം ഉണ്ടാക്കുമ്പോൾ ലോക്കലി കുട്ടപ്പൻമാമൻ ഉണ്ടാക്കും പോലെ ഉണ്ടാക്കാതെ ചുരണ്ടിയ നാരങ്ങാത്തൊലിയും ഐസും നാരങ്ങാനീരും കൂടി ഒന്ന് അടിച്ച് ഉണ്ടാക്കി നോക്കൂ ട്ടാ  

(Disclaimer:   ആ ബേക്കറി അവിട്ടമാണോ അല്ലയോ എന്നൊന്നും ആരും ചോദിക്കണ്ട ട്ടാ )

========================================================================


പാട്ടുകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഞാൻ ആളുകളുമായി ബന്ധപ്പെടുത്തി ഓർക്കുന്ന ഒന്നാണ് ഭക്ഷണം... അല്ല! അങ്ങനെ അല്ല പറയേണ്ടത്, ചില രുചികളുമായി ചേർത്താണ് ചിലർ എന്നിൽ ഓർമ്മകളിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്നത്. എനിക്കേറ്റവും പ്രിയപ്പെട്ടവർ മുതൽ ജീവിതത്തിൽ ഒരിക്കൽ മാത്രം കണ്ടവരും ഇനിയൊരിക്കലും കാണാൻ സാദ്ധ്യതയില്ലാത്തവരും ഒക്കെ ചില  രുചികളിലൂടെ, ചില ഭക്ഷണസാധനങ്ങളുടെ കാഴ്ചയിലൂടെ, മണത്തിലൂടെ എന്നിലേക്ക് കടന്നു വരാറുണ്ട്. എന്റെ ദൈനം ദിന ജീവിതത്തിലെ നിമിഷത്തിന്റെ ഒരു പങ്ക് ഇങ്ങനെ ചിലപ്പോഴെങ്കിലും അവരറിയാതെ കട്ടെടുക്കാറുമുണ്ട്.  അങ്ങനെ എന്നെയാരെങ്കിലും ഓർക്കുമോ എന്നെനിക്ക് ഉറപ്പില്ല -എന്നെപ്പോലെ ഇത്തരം ഒരു വിചിത്ര സ്വഭാവമാർക്കേലും ഉണ്ടോ എന്നും അറിയില്ല. എന്റെ ഓർമ്മയിലേക്ക് കയറിയ നൂറു രുചിയോർമ്മകളാണ് ഇന്ന് മുതൽ ഇവിടെ നിങ്ങളോട് പങ്കു വെയ്ക്കുന്നത്! ഇതിൽ പാചക ക്കൂട്ടുകൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കണ്ട കേട്ടോ :)  ചിലതിൽ അറിയുന്നവ ഞാൻ പങ്കുവെയ്ക്കുകയും ചെയ്യാം - പക്ഷേ ഇത് ഭക്ഷണ ഓർമ്മയല്ല - എന്റെ ആളോർമ്മകളാണ്.... തീർത്തും വിചിത്രമായ രീതിയിൽ ഞാൻ ഓർമ്മകളെ ഉണ്ടാക്കുന്ന വിധം!
#100DaysOfTastes #Day0 #limejuice  #FMNC 

Saturday, January 9, 2021

രുചിയോർമ്മകൾ 06 - മട്ടൻ കൊളംബ്



രുചിയോർമ്മകൾ അഥവാ ആളോർമ്മയുടെ രുചിഭേദം -  മട്ടൻ കൊളംബ്  


തമിഴ്‌നാട്ടിലെ സേലത്ത് ആണ് എംടെക്  ചെയ്തത്. അഡ്മിഷൻ ദിവസം ഹോസ്റ്റലിൽ ചെന്നപ്പോഴേ ചെന്നുപെട്ടിരിക്കുന്ന ഇടത്തിന്റെ ഏകദേശ സ്വഭാവം പുടികിട്ടി. ഹോസ്റ്റൽ വാർഡൻ നമ്മ "ബാഹുബലി ശിവകാമി" സ്റ്റൈലിൽ ഒരു അമ്മൂമ്മയാണ് , രാജരാജേശ്വരി എന്നായിരുന്നുവോ പേരെന്ന് ഇപ്പോൾ കൃത്യമായി ഓർമ്മ കിട്ടുന്നില്ല.  നീളൻ കോലൻ മുടി നീട്ടിപ്പിന്നിയിട്ടിരുന്നു, കർക്കശസ്വഭാവമുള്ള കണ്ണുകളും അധികാരത്തിന്റെ ചലനങ്ങളും ആ വൃദ്ധയുടെ മുന്നിൽ നിൽക്കുന്നവരെയെല്ലാം കൊച്ചുകുഞ്ഞുങ്ങളെപ്പോലെ വിറപ്പിച്ചു. ഭക്ഷണകാര്യം പറഞ്ഞപ്പോൾ "ശൈവം മട്ടും താൻ ഇങ്കെ - ആനാൽ വെളിയിലെ പോയി ഏതുവേണാലും ചാപ്പിടലാം" - എന്നുച്ചാ  അവിടെ  സ്ട്രിക്ടലി വെജിറ്റേറിയൻ ഭക്ഷണമാണ് കിട്ടുക എന്ന്, എന്നാലോ നമുക്ക് ഇഷ്ടമുള്ളത് പുറത്തുപോയോ ഹോസ്റ്റലിലേക്ക് വാങ്ങിവന്നോ കഴിക്കാം അതിനൊന്നും നോ പ്രോബ്ലം.  പിന്നെയവിടെയുണ്ടായിരുന്ന ഒന്നരവർഷം നല്ല കട്ടത്തൈരിലും അച്ചാറിലും ആണ് ജീവിച്ചത്. വീട്ടിലൊക്കെ പോയി വരുന്ന "കാശുകാരായി" ഇരിക്കുന്ന ആഴ്ചകളിൽ ചിലപ്പോൾ എല്ലാവരും കൂടെ പുറത്തുപോകും കൊത്തുപൊറോട്ടയും ചിക്കൻ  ലോലിപോപ്പും ഒക്കെ അടിച്ചു ഹാപ്പിയായി തിരികെ വരും. പക്ഷേ അത്തരം ദിവസങ്ങൾ വളരെ അപൂർവമായിരുന്നു. രണ്ടുകൊല്ലം ജോലി ചെയ്ത പൈസേടെ അറ്റോം  മൂലേമൊക്കെ വെച്ചാണല്ലോ നമ്മളീ എംടെക്കിനു പോയത്.  അതുകൊണ്ട് അധികം ചിലവാക്കാനും, അമ്മയോട് ചോദിക്കാനും  വിഷമമാണേ. എങ്കിലും കോളേജ് ലൈഫ് = കോളേജ് ലൈഫ്. അതിനി എങ്ങനെയൊക്കെയായാലും ഒരോളമുണ്ട് - അതിലൊരു സുവർണാവസരം ആയിരുന്നു ഇടയ്ക്ക് എപ്പോഴെങ്കിലും ലോക്കൽ സുഹൃത്തുക്കളുടെ വീട്ടിൽ പോയി ഫുഡടിക്കുക.



                ക്‌ളാസിൽ ലോക്കൽ കുട്ടിയൊരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ - അവളുടെ വീട്ടിൽ ഒരിക്കലോ മറ്റോ പോയിട്ടുണ്ട് .  പക്ഷേ MCA ക്ക്  അവിടെ ഒരു  മലയാളിയുണ്ടായിരുന്നു പ്രദീപ - സേലത്ത് സ്ഥിരതാമസമാക്കിയ ഒരു കുടുംബം. പുള്ളിക്കാരിയുടെ വീട്ടിൽ ഒരിക്കൽ പോയി  അമ്മയുണ്ടാക്കിയ നല്ല ചോറും മോരുകറിയും ഒക്കെ അടിച്ചുപോന്നതും നല്ല ഓർമയാണ്.    പക്ഷേ, മട്ടൻ കുളമ്പിന്റെ രുചി അവിടെ  നിന്നല്ല. കോളേജിൽ ബിടെക്കുകാരെ പഠിപ്പിക്കുകയും MTech   പാർട്ട് ടൈമായി ചെയ്യുകയും ചെയ്യുന്ന ചില അദ്ധ്യാപകരുണ്ടായിരുന്നു. അങ്ങനെ പഠിച്ചിരുന്ന മലയാളികളെ വളരെ ഇഷ്ടമുണ്ടായിരുന്ന, കേരളത്തിൽ എന്തൊക്കെയോ വേരുകളുള്ള  ഒരാളായിരുന്നു  ഡേവിഡ് സർ.  സാറും അമ്മയും മാത്രമാണ് കോളേജിന് അടുത്തുതന്നെയുള്ള ഒരു വീട്ടിൽ താമസിച്ചിരുന്നത്. ഒരിക്കൽ ഞങ്ങൾ കുറച്ചു മലയാളിത്താൻ പിള്ളേരെ സാർ വീട്ടിലേക്ക് ക്ഷണിച്ചു. അഞ്ജന, നിഷ, ഷാന്റി , ബേബി ജോർജ്ജ് എന്നൊരു സീനിയർ ഒക്കെയാണ് പോയത് എന്നാണ് ഓർമ്മ.



               അസാമാന്യ വിവരമുള്ള കക്ഷിയായിരുന്നു ഈ ഡേവിഡ്‌സർ. പുള്ളിയുടെ അമ്മ മകനോട് / മകന്റെ അറിവിനോടൊക്കെ ബഹുമാനമുള്ള ഒരു അമ്മയും. വീട് മുഴുവൻ ബുക്കുകൾ ചിതറിക്കിടന്നിരുന്ന കുറെയേറെ ചെടികൾ ടെറസ്സിലുണ്ടായിരുന്ന ഒരു വീട്.  അന്നവിടെ അമ്മ ഞങ്ങളെ സത്കരിക്കാൻ പച്ചരിച്ചോറും പൊരിയലും സ്‌പെഷ്യൽ മട്ടൻ കീമ കൊളമ്പും ഉണ്ടാക്കിയിരുന്നു.  അതുവരെ കഴിച്ച മട്ടൻ കറികളിൽ നിന്ന് വ്യത്യസ്തമായ ഒരു പ്രീപറേഷനിൽ അമ്മ ഉണ്ടാക്കിയ മട്ടൻ കീമക്കറി എല്ലാവരും നല്ലസ്സലായി തട്ടിവിട്ടു. കുറെനാളായിരുന്നു അവധിക്ക് വീട്ടിലൊക്കെ പോയിട്ട് അതുകൊണ്ടുതന്നെ ആ  " വീട്ടുശാപ്പാട്‌ " സ്വർഗം താണിറങ്ങി വന്നതുപോലെ ആയിരുന്നു ഞങ്ങൾക്ക് ഓരോരുത്തർക്കും.



                   തിരികെ ഹോസ്റ്റലിൽ എത്തിയപ്പോൾ കൂടെ വരാൻ സാധിക്കാതിരുന്ന തമിഴ് റൂം മേറ്സിനൊക്കെ ഞങ്ങളോട് അസൂയ തോന്നിയിട്ടുണ്ടാകണം - അതും നല്ല രുചിയുള്ള മട്ടന്റെ  മണമുള്ള കയ്യുമായിട്ടല്ലേ തിരികെ എത്തിയിരിക്കുന്നെ.  അവളുമാരുടെ ശാപം ഫലിച്ചുന്നു പറഞ്ഞാൽ മതിയല്ലോ - രണ്ടുദിവസമാണ് കിടപ്പിലായിപ്പോയത്!! ഓർമയിൽ എനിക്കും ഷാന്റിക്കുമാണ് ആ മട്ടൻ പ്രശ്നക്കാരനായത്. കഴിച്ചതിന്റെ അവസാന അംശം വരെ   മുന്നിലൂടെയും പിന്നിലൂടെയും പുറത്ത് പോകും വരെ ഞങ്ങൾക്ക് പച്ചവെള്ളം പോലും അകത്തേക്ക് ഇറക്കാൻ പറ്റിയില്ല :(    മൂന്നിന്റെ അന്നാണ് പിന്നെ കോളേജിലേക്ക് പോകാൻ കഴിഞ്ഞത് - അതിൽപിന്നെ മട്ടൻ കീമ കൊളംബിനോട് ഈപ്പച്ചന്‌ ആ നേരത്തെ പറഞ്ഞ സാധനമാ തിരുമേനി - ഇറവറൻസ് ! :/

(ഡേവിഡ് സാർ ഇപ്പോഴും എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഉണ്ട്ട്ടാ - വെറുതേ ഈ വരികളൊക്കെ ട്രാൻസ്ലേറ്റ് ചെയ്തുകൊടുക്കണം ലോ എന്നോർത്തുമാത്രം ഞാൻ പുള്ളിയെ ടാഗ് ചെയ്യുന്നില്ല. പക്ഷേ അന്നത്തെ ആ ആഹാരത്തിന് അത്രമേൽ കടപ്പെട്ടിരിക്കുകയും ചെയ്യുന്നു. കൂടെയുണ്ടായിരുന്ന ഷാന്റി ഇന്നീ ലോകത്തിലില്ല ... കോഴ്സ് കഴിഞ്ഞതിനു രണ്ടു മാസം കഴിഞ്ഞപ്പോൾ അച്ഛനോടൊപ്പം സ്‌കൂട്ടറിൽ പോകവേ ഒരു ആക്‌സിഡന്റിൽ ഷാന്റി ഞങ്ങളെയൊക്കെ വിട്ടുപോയി  )


================================================================================


പാട്ടുകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഞാൻ ആളുകളുമായി ബന്ധപ്പെടുത്തി ഓർക്കുന്ന ഒന്നാണ് ഭക്ഷണം... അല്ല! അങ്ങനെ അല്ല പറയേണ്ടത്, ചില രുചികളുമായി ചേർത്താണ് ചിലർ എന്നിൽ ഓർമ്മകളിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്നത്. എനിക്കേറ്റവും പ്രിയപ്പെട്ടവർ മുതൽ ജീവിതത്തിൽ ഒരിക്കൽ മാത്രം കണ്ടവരും ഇനിയൊരിക്കലും കാണാൻ സാദ്ധ്യതയില്ലാത്തവരും ഒക്കെ ചില  രുചികളിലൂടെ, ചില ഭക്ഷണസാധനങ്ങളുടെ കാഴ്ചയിലൂടെ, മണത്തിലൂടെ എന്നിലേക്ക് കടന്നു വരാറുണ്ട്. എന്റെ ദൈനം ദിന ജീവിതത്തിലെ നിമിഷത്തിന്റെ ഒരു പങ്ക് ഇങ്ങനെ ചിലപ്പോഴെങ്കിലും അവരറിയാതെ കട്ടെടുക്കാറുമുണ്ട്.  അങ്ങനെ എന്നെയാരെങ്കിലും ഓർക്കുമോ എന്നെനിക്ക് ഉറപ്പില്ല -എന്നെപ്പോലെ ഇത്തരം ഒരു വിചിത്ര സ്വഭാവമാർക്കേലും ഉണ്ടോ എന്നും അറിയില്ല. എന്റെ ഓർമ്മയിലേക്ക് കയറിയ നൂറു രുചിയോർമ്മകളാണ് ഇന്ന് മുതൽ ഇവിടെ നിങ്ങളോട് പങ്കു വെയ്ക്കുന്നത്! ഇതിൽ പാചക ക്കൂട്ടുകൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കണ്ട കേട്ടോ :)  ചിലതിൽ അറിയുന്നവ ഞാൻ പങ്കുവെയ്ക്കുകയും ചെയ്യാം - പക്ഷേ ഇത് ഭക്ഷണ ഓർമ്മയല്ല - എന്റെ ആളോർമ്മകളാണ്.... തീർത്തും വിചിത്രമായ രീതിയിൽ ഞാൻ ഓർമ്മകളെ ഉണ്ടാക്കുന്ന വിധം! 
#100DaysOfTastes #Day06  #Muttonkolambu