Saturday, January 9, 2021

രുചിയോർമ്മകൾ 06 - മട്ടൻ കൊളംബ്രുചിയോർമ്മകൾ അഥവാ ആളോർമ്മയുടെ രുചിഭേദം -  മട്ടൻ കൊളംബ്  


തമിഴ്‌നാട്ടിലെ സേലത്ത് ആണ് എംടെക്  ചെയ്തത്. അഡ്മിഷൻ ദിവസം ഹോസ്റ്റലിൽ ചെന്നപ്പോഴേ ചെന്നുപെട്ടിരിക്കുന്ന ഇടത്തിന്റെ ഏകദേശ സ്വഭാവം പുടികിട്ടി. ഹോസ്റ്റൽ വാർഡൻ നമ്മ "ബാഹുബലി ശിവകാമി" സ്റ്റൈലിൽ ഒരു അമ്മൂമ്മയാണ് , രാജരാജേശ്വരി എന്നായിരുന്നുവോ പേരെന്ന് ഇപ്പോൾ കൃത്യമായി ഓർമ്മ കിട്ടുന്നില്ല.  നീളൻ കോലൻ മുടി നീട്ടിപ്പിന്നിയിട്ടിരുന്നു, കർക്കശസ്വഭാവമുള്ള കണ്ണുകളും അധികാരത്തിന്റെ ചലനങ്ങളും ആ വൃദ്ധയുടെ മുന്നിൽ നിൽക്കുന്നവരെയെല്ലാം കൊച്ചുകുഞ്ഞുങ്ങളെപ്പോലെ വിറപ്പിച്ചു. ഭക്ഷണകാര്യം പറഞ്ഞപ്പോൾ "ശൈവം മട്ടും താൻ ഇങ്കെ - ആനാൽ വെളിയിലെ പോയി ഏതുവേണാലും ചാപ്പിടലാം" - എന്നുച്ചാ  അവിടെ  സ്ട്രിക്ടലി വെജിറ്റേറിയൻ ഭക്ഷണമാണ് കിട്ടുക എന്ന്, എന്നാലോ നമുക്ക് ഇഷ്ടമുള്ളത് പുറത്തുപോയോ ഹോസ്റ്റലിലേക്ക് വാങ്ങിവന്നോ കഴിക്കാം അതിനൊന്നും നോ പ്രോബ്ലം.  പിന്നെയവിടെയുണ്ടായിരുന്ന ഒന്നരവർഷം നല്ല കട്ടത്തൈരിലും അച്ചാറിലും ആണ് ജീവിച്ചത്. വീട്ടിലൊക്കെ പോയി വരുന്ന "കാശുകാരായി" ഇരിക്കുന്ന ആഴ്ചകളിൽ ചിലപ്പോൾ എല്ലാവരും കൂടെ പുറത്തുപോകും കൊത്തുപൊറോട്ടയും ചിക്കൻ  ലോലിപോപ്പും ഒക്കെ അടിച്ചു ഹാപ്പിയായി തിരികെ വരും. പക്ഷേ അത്തരം ദിവസങ്ങൾ വളരെ അപൂർവമായിരുന്നു. രണ്ടുകൊല്ലം ജോലി ചെയ്ത പൈസേടെ അറ്റോം  മൂലേമൊക്കെ വെച്ചാണല്ലോ നമ്മളീ എംടെക്കിനു പോയത്.  അതുകൊണ്ട് അധികം ചിലവാക്കാനും, അമ്മയോട് ചോദിക്കാനും  വിഷമമാണേ. എങ്കിലും കോളേജ് ലൈഫ് = കോളേജ് ലൈഫ്. അതിനി എങ്ങനെയൊക്കെയായാലും ഒരോളമുണ്ട് - അതിലൊരു സുവർണാവസരം ആയിരുന്നു ഇടയ്ക്ക് എപ്പോഴെങ്കിലും ലോക്കൽ സുഹൃത്തുക്കളുടെ വീട്ടിൽ പോയി ഫുഡടിക്കുക.                ക്‌ളാസിൽ ലോക്കൽ കുട്ടിയൊരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ - അവളുടെ വീട്ടിൽ ഒരിക്കലോ മറ്റോ പോയിട്ടുണ്ട് .  പക്ഷേ MCA ക്ക്  അവിടെ ഒരു  മലയാളിയുണ്ടായിരുന്നു പ്രദീപ - സേലത്ത് സ്ഥിരതാമസമാക്കിയ ഒരു കുടുംബം. പുള്ളിക്കാരിയുടെ വീട്ടിൽ ഒരിക്കൽ പോയി  അമ്മയുണ്ടാക്കിയ നല്ല ചോറും മോരുകറിയും ഒക്കെ അടിച്ചുപോന്നതും നല്ല ഓർമയാണ്.    പക്ഷേ, മട്ടൻ കുളമ്പിന്റെ രുചി അവിടെ  നിന്നല്ല. കോളേജിൽ ബിടെക്കുകാരെ പഠിപ്പിക്കുകയും MTech   പാർട്ട് ടൈമായി ചെയ്യുകയും ചെയ്യുന്ന ചില അദ്ധ്യാപകരുണ്ടായിരുന്നു. അങ്ങനെ പഠിച്ചിരുന്ന മലയാളികളെ വളരെ ഇഷ്ടമുണ്ടായിരുന്ന, കേരളത്തിൽ എന്തൊക്കെയോ വേരുകളുള്ള  ഒരാളായിരുന്നു  ഡേവിഡ് സർ.  സാറും അമ്മയും മാത്രമാണ് കോളേജിന് അടുത്തുതന്നെയുള്ള ഒരു വീട്ടിൽ താമസിച്ചിരുന്നത്. ഒരിക്കൽ ഞങ്ങൾ കുറച്ചു മലയാളിത്താൻ പിള്ളേരെ സാർ വീട്ടിലേക്ക് ക്ഷണിച്ചു. അഞ്ജന, നിഷ, ഷാന്റി , ബേബി ജോർജ്ജ് എന്നൊരു സീനിയർ ഒക്കെയാണ് പോയത് എന്നാണ് ഓർമ്മ.               അസാമാന്യ വിവരമുള്ള കക്ഷിയായിരുന്നു ഈ ഡേവിഡ്‌സർ. പുള്ളിയുടെ അമ്മ മകനോട് / മകന്റെ അറിവിനോടൊക്കെ ബഹുമാനമുള്ള ഒരു അമ്മയും. വീട് മുഴുവൻ ബുക്കുകൾ ചിതറിക്കിടന്നിരുന്ന കുറെയേറെ ചെടികൾ ടെറസ്സിലുണ്ടായിരുന്ന ഒരു വീട്.  അന്നവിടെ അമ്മ ഞങ്ങളെ സത്കരിക്കാൻ പച്ചരിച്ചോറും പൊരിയലും സ്‌പെഷ്യൽ മട്ടൻ കീമ കൊളമ്പും ഉണ്ടാക്കിയിരുന്നു.  അതുവരെ കഴിച്ച മട്ടൻ കറികളിൽ നിന്ന് വ്യത്യസ്തമായ ഒരു പ്രീപറേഷനിൽ അമ്മ ഉണ്ടാക്കിയ മട്ടൻ കീമക്കറി എല്ലാവരും നല്ലസ്സലായി തട്ടിവിട്ടു. കുറെനാളായിരുന്നു അവധിക്ക് വീട്ടിലൊക്കെ പോയിട്ട് അതുകൊണ്ടുതന്നെ ആ  " വീട്ടുശാപ്പാട്‌ " സ്വർഗം താണിറങ്ങി വന്നതുപോലെ ആയിരുന്നു ഞങ്ങൾക്ക് ഓരോരുത്തർക്കും.                   തിരികെ ഹോസ്റ്റലിൽ എത്തിയപ്പോൾ കൂടെ വരാൻ സാധിക്കാതിരുന്ന തമിഴ് റൂം മേറ്സിനൊക്കെ ഞങ്ങളോട് അസൂയ തോന്നിയിട്ടുണ്ടാകണം - അതും നല്ല രുചിയുള്ള മട്ടന്റെ  മണമുള്ള കയ്യുമായിട്ടല്ലേ തിരികെ എത്തിയിരിക്കുന്നെ.  അവളുമാരുടെ ശാപം ഫലിച്ചുന്നു പറഞ്ഞാൽ മതിയല്ലോ - രണ്ടുദിവസമാണ് കിടപ്പിലായിപ്പോയത്!! ഓർമയിൽ എനിക്കും ഷാന്റിക്കുമാണ് ആ മട്ടൻ പ്രശ്നക്കാരനായത്. കഴിച്ചതിന്റെ അവസാന അംശം വരെ   മുന്നിലൂടെയും പിന്നിലൂടെയും പുറത്ത് പോകും വരെ ഞങ്ങൾക്ക് പച്ചവെള്ളം പോലും അകത്തേക്ക് ഇറക്കാൻ പറ്റിയില്ല :(    മൂന്നിന്റെ അന്നാണ് പിന്നെ കോളേജിലേക്ക് പോകാൻ കഴിഞ്ഞത് - അതിൽപിന്നെ മട്ടൻ കീമ കൊളംബിനോട് ഈപ്പച്ചന്‌ ആ നേരത്തെ പറഞ്ഞ സാധനമാ തിരുമേനി - ഇറവറൻസ് ! :/

(ഡേവിഡ് സാർ ഇപ്പോഴും എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഉണ്ട്ട്ടാ - വെറുതേ ഈ വരികളൊക്കെ ട്രാൻസ്ലേറ്റ് ചെയ്തുകൊടുക്കണം ലോ എന്നോർത്തുമാത്രം ഞാൻ പുള്ളിയെ ടാഗ് ചെയ്യുന്നില്ല. പക്ഷേ അന്നത്തെ ആ ആഹാരത്തിന് അത്രമേൽ കടപ്പെട്ടിരിക്കുകയും ചെയ്യുന്നു. കൂടെയുണ്ടായിരുന്ന ഷാന്റി ഇന്നീ ലോകത്തിലില്ല ... കോഴ്സ് കഴിഞ്ഞതിനു രണ്ടു മാസം കഴിഞ്ഞപ്പോൾ അച്ഛനോടൊപ്പം സ്‌കൂട്ടറിൽ പോകവേ ഒരു ആക്‌സിഡന്റിൽ ഷാന്റി ഞങ്ങളെയൊക്കെ വിട്ടുപോയി  )


================================================================================


പാട്ടുകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഞാൻ ആളുകളുമായി ബന്ധപ്പെടുത്തി ഓർക്കുന്ന ഒന്നാണ് ഭക്ഷണം... അല്ല! അങ്ങനെ അല്ല പറയേണ്ടത്, ചില രുചികളുമായി ചേർത്താണ് ചിലർ എന്നിൽ ഓർമ്മകളിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്നത്. എനിക്കേറ്റവും പ്രിയപ്പെട്ടവർ മുതൽ ജീവിതത്തിൽ ഒരിക്കൽ മാത്രം കണ്ടവരും ഇനിയൊരിക്കലും കാണാൻ സാദ്ധ്യതയില്ലാത്തവരും ഒക്കെ ചില  രുചികളിലൂടെ, ചില ഭക്ഷണസാധനങ്ങളുടെ കാഴ്ചയിലൂടെ, മണത്തിലൂടെ എന്നിലേക്ക് കടന്നു വരാറുണ്ട്. എന്റെ ദൈനം ദിന ജീവിതത്തിലെ നിമിഷത്തിന്റെ ഒരു പങ്ക് ഇങ്ങനെ ചിലപ്പോഴെങ്കിലും അവരറിയാതെ കട്ടെടുക്കാറുമുണ്ട്.  അങ്ങനെ എന്നെയാരെങ്കിലും ഓർക്കുമോ എന്നെനിക്ക് ഉറപ്പില്ല -എന്നെപ്പോലെ ഇത്തരം ഒരു വിചിത്ര സ്വഭാവമാർക്കേലും ഉണ്ടോ എന്നും അറിയില്ല. എന്റെ ഓർമ്മയിലേക്ക് കയറിയ നൂറു രുചിയോർമ്മകളാണ് ഇന്ന് മുതൽ ഇവിടെ നിങ്ങളോട് പങ്കു വെയ്ക്കുന്നത്! ഇതിൽ പാചക ക്കൂട്ടുകൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കണ്ട കേട്ടോ :)  ചിലതിൽ അറിയുന്നവ ഞാൻ പങ്കുവെയ്ക്കുകയും ചെയ്യാം - പക്ഷേ ഇത് ഭക്ഷണ ഓർമ്മയല്ല - എന്റെ ആളോർമ്മകളാണ്.... തീർത്തും വിചിത്രമായ രീതിയിൽ ഞാൻ ഓർമ്മകളെ ഉണ്ടാക്കുന്ന വിധം! 
#100DaysOfTastes #Day06  #Muttonkolambu 


3 comments:

 1. കൊതിപ്പറ്റിയാൽ ചുറ്റിയതുതന്നെ...
  ആശംസകൾ

  ReplyDelete
 2. മട്ടൻ കീമക്കറി മുട്ടൻ പണി തന്നല്ലേ?

  ReplyDelete
 3. 'ഇറവറൻസ്' ഉണ്ടാക്കിയ കോവൈ മട്ടൻ കൊളമ്പ് ..!

  ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)