Wednesday, July 12, 2017

നമുക്ക് ഇച്ചീച്ചിയെ കുറിച്ച് സംസാരിക്കാം

"പതിനൊന്നും ഒന്‍പതും  വയസ്സുള്ള കുട്ടികള്‍ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു"

"കൊല്ലത്ത് 8 വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍"

"15 വയസുകാരി അമ്മയായി, അയല്‍വാസിയായ 14 വയസുകാരനാണ് പിതാവെന്ന് പെണ്‍കുട്ടിയുടെ മൊഴി"

ഇതൊക്കെ ഈ അടുത്ത കാലങ്ങളില്‍ ദേശീയപത്രങ്ങളില്‍ ഇടം പിടിച്ച വാര്‍ത്തകളാണ്. അറിഞ്ഞോ അറിയാതെയോ നിസംഗതയോടെ ഈ വാര്‍ത്തകളെ നേരിടാന്‍ നാം പഠിച്ചിരിക്കുന്നു. കണ്ണോടിച്ചു കടന്നു പോകുന്ന ഈ വാര്‍ത്തകളില്‍ ആര്‍ക്കൊക്കെയോ നേരെ 4 വിരലുകള്‍ ചൂണ്ടുമ്പോഴും ഒരു വിരല്‍ നാമുള്‍പ്പെടുന്ന സമൂഹത്തിനു നേരെയാകുന്നത് കൊണ്ട് തന്നെയാണ് വാര്‍ത്തകള്‍ ഒരു പുതുമ അല്ലാതെയാകുന്നത്. ട്വിറ്റെറിലും ഫേസ്ബുക്കിലും ഹാഷ്ടാഗുകളും റീട്വീടുകളും മാത്രമായി ഒതുങ്ങപ്പെടേണ്ടതാണോ ഇത്തരം വാര്‍ത്തകള്‍?

കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം എപ്പോള്‍ തുടങ്ങണം എന്നതിനെക്കുറിച്ച് വിപുലമായ രീതിയില്‍ തന്നെ ഒരു ബോധവല്‍ക്കരണം ആവശ്യമായ സമൂഹമാണ്‌ ഇന്ത്യയിലേത്‌. വിദ്യാഭ്യാസത്തില്‍ മുന്നില്‍ നില്‍ക്കുന്നു എന്നഭിമാനിക്കുന്ന കേരളത്തിലേയും കാര്യങ്ങള്‍ വ്യത്യസ്തമല്ല എന്ന് തിരിച്ചറിയുമ്പോള്‍ ഒരു പൊളിച്ചെഴുതല്‍ അനിവാര്യമാകുകയാണ്. ഓരോ രക്ഷിതാവും കുട്ടികളെ വളര്‍ത്തുന്നതില്‍ അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളില്‍ കുഞ്ഞുമക്കളോട് കാലാകാലങ്ങളില്‍ അവരുടെ പ്രായമനുസരിച്ച് പറഞ്ഞു കൊടുക്കേണ്ട ലൈംഗിക പാഠങ്ങളും ഉള്‍പ്പെടുന്നു. കുഞ്ഞു ജനിക്കുമ്പോള്‍ തന്നെ അവരെ ചേര്‍ക്കേണ്ട സ്കൂളില്‍ അഡ്മിഷന്‍ എടുക്കാന്‍ ഓടും മുന്‍പ് സ്വന്തം ശരീരത്തിനെ കുറിച്ച് ബോധമുണ്ടാക്കേണ്ടതിന്‍റെ ആവശ്യകത ഓരോ രക്ഷിതാവും അറിഞ്ഞിരിക്കേണ്ടതാണ്.


ഒരു കുഞ്ഞിന്‍റെ അമ്മയാകും മുന്‍പ് ഇതിനെക്കുറിച്ചൊക്കെ ഇത്രയും ആഴത്തില്‍ ചിന്തിച്ചിരുന്നോ എന്ന് സംശയം ആണ്. പക്ഷേ, ഇപ്പോള്‍ പലപ്പോഴും  കുഞ്ഞുങ്ങള്‍ക്കു നേരെയുള്ള  നോട്ടങ്ങള്‍ പോലും ആശങ്കയോടെയാണ് ഞാന്‍ നോക്കാറുള്ളത്. മൂത്ത മകനെ രണ്ടര വയസിലാണ്‌ ആദ്യമായി പ്ലേസ്കൂളില്‍ വിടുന്നത്. കുഞ്ഞിനു ഏതെങ്കിലും തരത്തിലുള്ള ഉപദ്രവം/ആവശ്യം ഉണ്ടായാല്‍ പറയാന്‍ പറ്റണം എന്നതായിരുന്നു ആ പ്രായം വരെ എവിടേയും വിടാതിരുന്നതിന്‍റെ പിന്നിലെ എന്‍റെ അതിബുദ്ധി. സ്വന്തം കുഞ്ഞുണ്ടായപ്പോള്‍ ആണ്  ഒരു ഫോബിയ അമ്മ (Phobia MOM ) ആണ് ഞാനെന്നു ഞാന്‍ തന്നെ തിരിച്ചറിഞ്ഞത്. ആ തിരിച്ചറിവിന് പിന്നില്‍ പലയിടങ്ങളില്‍ നിന്ന് കണ്ടതും കേട്ടതുമായ കഥകളുണ്ടായിരുന്നു - കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ലൈംഗികവും അല്ലാത്തതുമായ ആക്രമണങ്ങളുടെ ഒരു നീണ്ട നിരക്കഥ! കേട്ടതില്‍ ഏറ്റവും വേദനിപ്പിച്ചത് കളിക്കൂട്ടുകാരിയുടെ കഥയാണ്. ആ കഥയാണ് സത്യത്തില്‍ കുഞ്ഞുങ്ങളോട്  എപ്പോഴാണ് അവരുടെ പ്രൈവറ്റ് പാര്‍ട്സ് ( private parts) നെക്കുറിച്ച് സംസാരിക്കേണ്ടത് എന്നതിനെപ്പറ്റി എനിക്ക് ബോധമുണ്ടാക്കിയത്.

വീട്ടിലെ ഇളയ കുട്ടിയായിരുന്നു അവള്‍. 7 വയസില്‍ അഞ്ചു വയസിന്‍റെ വലുപ്പം മാത്രം ഉണ്ടായിരുന്ന കുട്ടി. പെറ്റിക്കോട്ടിട്ട് ഓടിനടന്നിരുന്ന അവളോടാരും തന്നെ പറഞ്ഞിരുന്നില്ല അറിഞ്ഞുകൊണ്ട് പെണ്ണിടങ്ങളിലേക്ക് നീളാവുന്ന കയ്യുകളെ കുറിച്ച്. വീട്ടില്‍ വരുന്ന കുടുംബസുഹൃത്തുക്കളും, അയല്‍ക്കാരുമൊക്കെ അമ്മായിമാരും, മാമന്മാരും ഒക്കെയാകുന്ന നാട്ടിന്‍പുറത്തായിരുന്നു അവള്‍ വളര്‍ന്നതും. മുന്നറിയിപ്പില്ലാതെ വീട്ടില്‍ വന്നു കയറിയ സ്ഥലത്തെ പ്രമുഖ കുടുംബത്തിലെ ചെറുപ്പക്കാരന്‍ അവകാശം പോലെ മാറില്‍ പിടിച്ചു ഞെരിച്ചത് അവളെ വല്ലാതെ വേദനിപ്പിച്ചു. സംഭവിച്ചത് പാടില്ലാത്തത് ആണെന്ന്  അറിയാമായിരുന്നത് കൊണ്ടുതന്നെ അമ്മയോട് പറയാനുള്ള പേടിയില്‍ ഒരു ബുക്കില്‍ "ആ മാമന്‍ ചീത്തയാ, എന്നെ നെഞ്ചില്‍ പിടിച്ചു ഞെരിച്ചു" എന്നെഴുതിക്കൊടുത്ത മകളോട് അമ്മ പ്രതികരിച്ചത് ആരോടും പറയരുതെന്നും, നിനക്കിങ്ങനെ ഉള്ള കാര്യങ്ങള്‍ എഴുതാന്‍ ഉള്ള പ്രായമായിട്ടില്ല എന്നും, ഈ പ്രായത്തില്‍ വല്ല കുട്ടിക്കഥയും എഴുതാതെ ആളുകളെ കുറിച്ച് വൃത്തികേട് എഴുതുന്നോ എന്ന ശാസനയുമാണ്. മൂന്നു  പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറവും ആ സംഭവത്തെക്കുറിച്ച് പറയുമ്പോള്‍ ശബ്ദം ഇടറാതെ അവള്‍ പറഞ്ഞു വെക്കുന്ന ഒരു കാര്യമുണ്ട് - "അന്ന് നശിച്ചു എനിക്കെന്‍റെ അമ്മയിലുള്ള വിശ്വാസവും എന്‍റെ നിഷ്കളങ്ക ബാല്യവും! പിന്നീടൊരിക്കലും ഞാനെന്‍റെ ശരീരത്തിലേക്കുള്ള കടന്നുകയറ്റങ്ങള്‍ അമ്മയോട് പറഞ്ഞില്ല, അങ്ങനെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്ന് മനസിലാക്കിയത് കൊണ്ട്!"

പിന്നീടും വളരെ വര്‍ഷങ്ങള്‍ ആ ചെറുപ്പക്കാരന്‍ അവളുടെ വീട്ടില്‍ സ്ഥിര സന്ദര്‍ശകനായിരുന്നു, പക്ഷേ, ഒരിക്കല്‍പ്പോലും അയാള്‍ പിന്നെ അവളെ വീടിനു മുന്‍വശത്ത് കണ്ടില്ല, ടീനേജിന്‍റെ റിബല്‍ പരിവേഷം കിട്ടുന്നിടം വരെ. അന്ന് വെക്കേഷന് വീട്ടില്‍ എത്തിയ അയല്‍ക്കാരിയുടെ ക്ഷേമം അന്വേഷിക്കാന്‍ വന്ന ആളോട് അമ്മയുടെ മുന്നില്‍ വെച്ചുതന്നെ ഇനിയീ വീടിന്‍റെ പടി കയറിയാല്‍ അനന്തരഫലം മോശമായിരിക്കും എന്ന് പറയുന്നിടം വരെ ഒരു പൊട്ടന്‍ഷ്യല്‍ പെഡോഫൈലിനെ പേടിച്ചു ജീവിച്ച ആ 'കുട്ടി' എന്‍റെ ഉറക്കം ഒരുപാട് നാളുകള്‍ കളഞ്ഞിട്ടുണ്ട്. സ്വന്തം അമ്മയുടെ സപ്പോര്‍ട്ട് ഇല്ലാതെ ആ വീടിനുള്ളില്‍ ജീവിച്ചൊരു പെണ്‍കുട്ടി - എത്രമേല്‍ സങ്കടകരമായ ഒരവസ്ഥയാണത് എന്നോര്‍ത്തുനോക്കൂ. ആദ്യമായി അമ്മയാകാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ഏതു രീതിയിലുള്ള അനുഭവവും തുറന്നു പറയാനുള്ള വിശ്വാസം കൊടുക്കാന്‍ കഴിയണം എന്നത് ഒരു ആഗ്രഹവും പ്രാര്‍ത്ഥനയുമായിരുന്നു. ഏത് വിഷമാവസ്ഥയിലും അമ്മയോടോ അച്ഛനോടോ പറഞ്ഞാല്‍ കൂടെയുണ്ടാകും എന്നൊരു വിശ്വാസം. സ്വന്തം ശരീരത്തിനു മേല്‍ മറ്റാര്‍ക്കും അവകാശമില്ല എന്നും, അവനവന്‍റെ ശരീരത്തില്‍ അസുഖകരമായ രീതിയില്‍ സ്പര്‍ശിക്കുന്നവര്‍ ആരായാലും അവരോട് "NO" പറയാനുള്ള സ്വാതന്ത്ര്യം കുഞ്ഞിനുണ്ടെന്നും പറയണമെന്ന് കരുതിവെച്ചു, പങ്കാളിയേയും  ഈ കഥ പറഞ്ഞു കേള്‍പ്പിച്ചു സങ്കടപ്പെടുത്തി.

അങ്ങനെയാണ് രണ്ടു വയസു മുതല്‍ കുഞ്ഞിനോട് സ്വകാര്യ ഭാഗങ്ങളെ കുറിച്ച് പറയാന്‍ തുടങ്ങിയത്. ഇവിടെ പ്ലേസ്കൂള്‍ മുതല്‍ കുട്ടികളെ ഇത്തരം കാര്യങ്ങളെക്കുറിച്ച് ബോധമുള്ളവരാക്കാന്‍ ശ്രമിക്കുന്നു. സ്വകാര്യ ഭാഗങ്ങളില്‍ മറ്റാരെയും തൊടാന്‍ സമ്മതിക്കരുത് എന്നുള്ളതും, അച്ഛനോ അമ്മയോ പോലും സ്പര്‍ശിക്കുന്നത് കുളിപ്പിക്കുക, വൃത്തിയാക്കുക എന്നീ കാര്യങ്ങള്‍ക്ക് ആകണം എന്നതും, ഡോക്ടര്‍മാര്‍ അച്ഛന്റെയോ അമ്മയുടെയോ സാന്നിദ്ധ്യത്തില്‍ വേണം സ്വകാര്യഭാഗങ്ങള്‍ പരിശോധിക്കേണ്ടത് എന്നും, ഇഷ്ടമില്ലാത്ത ഏതു സ്പര്‍ശത്തിനെതിരെയും NO പറയാനുമൊക്കെ ഇവിടെ കുഞ്ഞുങ്ങളെ ചെറുപ്പം മുതലേ പറഞ്ഞു പഠിപ്പിക്കുന്നു. പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല ആണ്‍കുട്ടികള്‍ക്കും ഒരേപോലെ ബാധകമാണ് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍. വായിച്ചും, കേട്ടും അറിഞ്ഞ കാര്യങ്ങളില്‍ കുട്ടിക്കാലത്തെ പീഡനങ്ങളില്‍ ആണ്‍കുട്ടിയെന്നോ പെണ്കുട്ടിയെന്നോ വ്യത്യാസം ഇല്ല എന്നതാണ് മനസിലായ ഒരു വസ്തുത.

ലൈംഗിക വിദ്യാഭ്യാസം നേടിയത് കൊണ്ട് മാത്രം കുട്ടികള്‍ക്ക് എതിരെയുള്ള പീഡനങ്ങള്‍ കുറയുമെന്നോ, ഇവിടെ പീഡനം നടക്കുന്നില്ല എന്നോ അര്‍ത്ഥമില്ല. പക്ഷേ, തുറന്നു സംസാരിക്കുന്നതിലൂടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കാനാകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ചൂഷണം ചെയ്യപ്പെടാന്‍ അറിവില്ലായ്മ കൊണ്ട് നിന്നുകൊടുക്കേണ്ടി വരുന്നില്ല എന്നതു തന്നെ വലിയൊരു ആശ്വാസം അല്ലേ?

ഓരോ രക്ഷിതാവിനോടും പറയാനുള്ളത് നല്ലതോ ചീത്തയോ ആയ എന്ത് കാര്യവും കുഞ്ഞുങ്ങള്‍ക്ക് നിങ്ങളോട് തുറന്നു പറയാനുള്ള ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുക. സ്വന്തം ശരീരത്തിനെക്കുറിച്ച് അറിയുന്നതും, അതിന്‍റെ ഉടമ താന്‍ മാത്രമാണെന്ന് അറിയുന്നതും ആത്മവിശ്വാസത്തിന്‍റെയും സ്വയം സ്നേഹിക്കുന്നതിന്‍റെയും ഒരു ഭാഗമാണ്. എതിര്‍ലിംഗത്തിലുള്ളവരെക്കുറിച്ച് ചെറിയ കുട്ടികളില്‍പ്പോലും എന്താണ് അവരെ തങ്ങളില്‍നിന്നു വ്യത്യസ്തര്‍ ആക്കുന്നതെന്നറിയാനുള്ള കൌതുകം ഉണ്ടാകും. ആരോഗ്യപരമായ രീതിയില്‍ അച്ഛനോ അമ്മയ്ക്കോ തന്നെ പ്രായമനുസരിച്ച് പറഞ്ഞു കൊടുക്കാവുന്നതാണ് ഇത്തരം അറിയാനുള്ള കൌതുകം. അച്ഛനില്‍ നിന്നോ അമ്മയില്‍ നിന്നോ "ഛീ..ഇമ്മാതിരി കാര്യങ്ങള്‍ സംസാരിക്കാന്‍ പാടില്ല" എന്നുള്ള പ്രതികരണമോ, കുട്ടി ചെയ്യുന്നത് വളരെ മോശമായ ഒരു കാര്യമാണെന്ന രീതിയിലുള്ള കുറ്റപ്പെടുത്തലോ ഉണ്ടാകുമ്പോള്‍ ആണ് മിക്ക കൌമാരക്കാരും മറ്റുള്ള വഴികളെ ആശ്രയിക്കുന്നത്. അത് മിക്കപ്പോഴും അവരെപ്പോലെ തന്നെ വ്യക്തമായ അറിവില്ലാത്ത സുഹൃത്തുക്കളോ, ഇന്നത്തെക്കാലത്ത് ആവശ്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ സമ്മാനിക്കുന്ന ഇന്‍റര്‍നെറ്റോ ആകാം.

ചെറുപ്പം മുതലേ സ്വന്തം ശരീരത്തിനെ കുറിച്ച്, അതിന്‍മേലുള്ള അവകാശങ്ങളെക്കുറിച്ച് ബോധമുള്ളവരായി കുഞ്ഞുങ്ങളെ വളര്‍ത്താന്‍ രക്ഷിതാക്കള്‍ എന്ന രീതിയില്‍ നാം ചെയ്യേണ്ടത് സ്വയം അവഗാഹം ഉണ്ടാക്കുക എന്നതാണ്.  ശിഥിലമാക്കപ്പെടുന്ന കുടുംബബന്ധങ്ങള്‍ മൂലം പലപ്പോഴും മുത്തശ്ശി-മുത്തശ്ശന്മാരോടൊപ്പം നില്‍ക്കേണ്ടി വരുന്നവര്‍, രണ്ടാനച്ഛന്‍/രണ്ടാനമ്മ എന്നിവരോടൊപ്പം ജീവിക്കേണ്ടി വരുന്നവര്‍, ഡേ-കെയറുകളിലും പ്ലേസ്കൂളുകളിലും സമയം ചിലവഴിക്കുന്നവര്‍ അങ്ങനെ പല രീതിയില്‍  ചൂഷകര്‍ക്ക് എക്സ്പോസ്ഡ്  ആകേണ്ടി വരുന്ന കുഞ്ഞുങ്ങളുള്ളത് കൊണ്ടാകാം ഇവിടെ കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള ബോധവത്ക്കരണങ്ങള്‍ കൂടുതലായി നടക്കുന്നത്. ഇപ്പോള്‍ നാട്ടിലെ വാര്‍ത്തകളിലും ഇത്തരം കാര്യങ്ങള്‍ക്ക് പഞ്ഞമില്ലാത്തതിനാല്‍ എവിടെയാണ് നമ്മുടെ parenting മാറേണ്ടത് എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.

വികസിത രാജ്യങ്ങളില്‍ പൊതുവേ പ്രൈമറി തലത്തില്‍ തന്നെ കുട്ടികളെ സ്വകാര്യഭാഗങ്ങളുടെ പ്രാധാന്യം പഠിപ്പിക്കുകയും,  കുട്ടികള്‍ക്ക് അസുഖകരമായ അനുഭവങ്ങള്‍ ഉണ്ടായാല്‍ ഏതു രീതിയില്‍ അതിനെ വെളിപ്പെടുത്തണം എന്നത് കുഞ്ഞുങ്ങള്‍ക്ക് മനസിലാകുന്ന രീതിയില്‍ ബോധവല്‍ക്കരണം ചെയ്യുകയും ചെയ്യാറുണ്ട്. മിക്കപ്പോഴും ചെറിയ കുട്ടികളുടെ ശരീരത്തിന് നേരെയുണ്ടാകുന്ന കടന്നു കയറ്റങ്ങള്‍  ഏറ്റവും അടുത്ത ആളുകളില്‍ നിന്നോ (രക്ഷിതാക്കള്‍, ഗ്രാന്‍ഡ്‌ പേരന്റ്സ്‌ , കുടുംബ സുഹൃത്തുക്കള്‍) അല്ലെങ്കില്‍  ഉത്തരവാദിത്തപ്പെട്ട ആളുകളില്‍ നിന്നോ (അദ്ധ്യാപകര്‍, മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവര്‍, ഫോസ്റ്റര്‍ കെയര്‍ ആളുകള്‍ etc) ആകുന്നതിനാല്‍ ഇത്  പൊതുവേ കുട്ടികളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും, ആരെയാണ് ആശ്രയിക്കേണ്ടത് എന്നൊരു സംശയം വരുത്തുകയും ചെയ്യും. ഈ അവസ്ഥ ഒഴിവാക്കാന്‍ പല സ്കൂളിലും ഒരു നിയുക്ത അദ്ധ്യാപകസംഘം ഉണ്ടാകാറുണ്ട്. ചെറിയ കുട്ടികള്‍ക്ക്  ' ബഡ്ഡി ടെഡി  ബിയര്‍'  എന്നൊരു സൂത്രപ്പണി ഒപ്പിക്കുന്ന സ്കൂളുകളും ഉണ്ട്. മറ്റുള്ളവരോട് പറയാന്‍ മടി തോന്നുന്ന കാര്യങ്ങള്‍ കുട്ടികള്‍ക്ക് ഒരു പേപ്പറിലാക്കി ഈ റ്റെഡ്ഡി ബിയറിനുള്ളില്‍ ഇടാവുന്നതാണ്. അവിടെ നിന്നും കുട്ടികളുടെ സ്വകാര്യത സംരക്ഷിച്ചു കൊണ്ട് തന്നെ "child welfare" ഇത്തരം കേസുകള്‍ ഏറ്റെടുക്കുന്നു.

കുറച്ചു കൂടി മുതിര്‍ന്ന ക്ലാസ്സുകളില്‍ എത്തുമ്പോള്‍ കുട്ടികള്‍ക്ക് അവര്‍ക്കാവശ്യമായ തലത്തിലുള്ള  ലൈഗികവിദ്യാഭ്യാസം നല്‍കുന്നതിന് മിക്ക സ്കൂളുകളിലും ഒരു കൌണ്സിലിംഗ് ടീം തന്നെ രൂപപ്പെടുന്നു രക്ഷിതാക്കളുടെ  അറിവോടെയും അനുവാദത്തോടെയും കൌമാരപ്രായത്തിലേക്ക് എത്തുന്ന  ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും  (ഏതാണ്ട് ആറാം തരാം മുതല്‍) അവശ്യ യോഗ്യതയുള്ള അദ്ധ്യാപകരും അനദ്ധ്യാപകരും  ക്ലാസ്സുകള്‍ നടത്തും.

നാട്ടിലെ  മിക്ക ശിശുപീഡനങ്ങളിലും സംഭവിക്കാറുള്ളത് ഒരു വിപത്ത് നടന്നു കഴിയുമ്പോള്‍ അതിനെ ഏതു രീതിയില്‍ നേരിടണമെന്നോ, ആരെയാണ് ആശ്രയിക്കേണ്ടതെന്നോ, എവിടെ നിന്നാണ് ഒരു പ്രതിവിധി ഉണ്ടാകുക എന്നോ ഇരയാകപ്പെടുന്ന കുട്ടികള്‍ക്കോ, രക്ഷിതാക്കള്‍ക്കോ അറിയാതെ പോകുകയും, സാമൂഹ്യ-സാമ്പത്തിക- സാംസ്‌കാരിക ചട്ടവട്ടങ്ങളില്‍പ്പെട്ട്  പുറത്തു പറയാനാകാത്ത മാനസികച്ചുഴികളില്‍ കുഞ്ഞുങ്ങളകപ്പെടുകയുമാണ്. ഇത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാന്‍ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്തുക എന്നത് തന്നെയാണ് പ്രതിവിധി.

കുഞ്ഞിലേയുള്ള പീഡനങ്ങളില്‍ ഇളയച്ഛനും, പ്രൈമറി ക്ലാസ്സിലെ അദ്ധ്യാപകനും, മുത്തശ്ശനും, അയല്‍ക്കാരനും, പൂജാരിയും, അമ്മായിയും, അമ്മയുടെ രഹസ്യക്കാരനും, അടുക്കളപ്പണിക്കു വന്ന ചേച്ചിയും, വീട്ടിലെ സഹായിയായ കൌമാരക്കാരനുമൊക്കെ നിറഞ്ഞ കഥകള്‍ കേട്ടിട്ടുള്ളത് കൊണ്ടുതന്നെ 'ഇതൊക്കെ പണ്ടുമിവിടെ ഉണ്ടായിരുന്നു, ഇപ്പോള്‍ കൂടുതലായി പുറത്തേക്കറിയുന്നു എന്നേയുള്ളൂ' എന്ന വാദം ഒരു പരിധി വരെ സമ്മതിക്കാതെ വയ്യ. കാലം കലികാലം ആയതുകൊണ്ടല്ല..പണ്ടും അത്ര നല്ല കാലമൊന്നുമായിരുന്നില്ല, പക്ഷേ, തിരുത്താന്‍ കഴിയുന്നവ നമുക്ക് ഇനിയുള്ള തലമുറയ്ക്കായി ചെയ്യാന്‍ കഴിയും.

മുതിര്‍ന്ന ഒരാളുടെ ബലപ്രയോഗത്തിനെതിരെ ശബ്ദിക്കാനും,  സ്വന്തം ശരീരത്തിലേക്കുള്ള കടന്നു കയറ്റം തുറന്നു പറയാനും ഓരോ കുഞ്ഞിനും കഴിയട്ടെ. നമുക്ക് തുറന്ന ചെവികളുമായി അവരെ കേള്‍ക്കാം..വിശ്വസിക്കാം.. സ്വന്തം കുഞ്ഞിന്‍റെ വിശ്വാസത്തിനേക്കാള്‍ വലുതല്ല സമൂഹത്തിലെയോ, മറ്റിടങ്ങളിലേയോ ഒരു ബന്ധവും എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാക്കാനാകട്ടെ. നാളെയുടെ തലമുറയ്ക്ക് നല്ല രക്ഷിതാക്കള്‍ ആകാന്‍ നാമാദ്യം പഠിക്കണം - അവരെ വിശ്വസിക്കാന്‍, അവരെ ചൂഷണങ്ങളില്‍ നിന്നും  രക്ഷപെടാന്‍ പ്രാപ്തരാക്കാന്‍, അവര്‍ക്ക് ലൈംഗിക വിദ്യാഭ്യാസം കൊടുക്കാന്‍. നമുക്ക് പഠിക്കാം നല്ല അച്ഛനമ്മമാരാകാന്‍.



==========================================================================


                           (OurKids -ഔര്‍കിഡ്സ്‌  മാസിക - മേയ് -2017 കോളം )


Monday, July 3, 2017

ജീവിതത്തിലെ ആ വളവ്!

"A bend on your path is not the end!"

പണ്ടുപണ്ടൊരിക്കല്‍ എവിടെയോ വായിച്ചൊരു വാചകമാണ് മുകളിലത്തേത് - നമ്മുടെ നേര്‍രേഖയില്‍ക്കൂടി കടന്നു പോകുന്ന യാത്രകളിലെ ഒരു വളവ് യാത്രയുടെ അവസാനം അല്ല എന്ന്, അഥവാ ജീവിതപ്പാതയില്‍ പ്രതീക്ഷിക്കാതെ ഉണ്ടാകുന്ന ട്വിസ്റ്റുകളും ടേണുകളും ഒന്നും തന്നെ നമ്മുടെ ജീവിതത്തിന്‍റെ അന്ത്യം അല്ല.  ആ വളവിന് അപ്പുറത്തേക്ക് നോക്കിയാല്‍ മനോഹരമായ തുടര്‍പാത കാണാന്‍ കഴിയും. അവിടേക്ക് ഒന്ന് വിശ്രമിച്ചിട്ടോ, വിശ്രമിക്കാതെയോ പോകാം -പക്ഷേ, യാത്ര നിര്‍ത്തിക്കളയരുത്!

എന്താണിപ്പോ വലിയ ലോകത്തിലെ ചെറിയ ആള്‍ക്കാരുടെ കാര്യം താത്വികമായി ഒക്കെ അപഗ്രഥിച്ചു പറയുന്നത് എന്ന് നിങ്ങള്‍ക്ക് സംശയം ഉണ്ടായേക്കാം. കഴിഞ്ഞു പോയ മാസത്തില്‍ ഉണ്ടായ ഒരു സംഭവം ആണ്  മുകളില്‍പ്പറഞ്ഞ വാചകം വീണ്ടും എന്നെ ഓര്‍മ്മിപ്പിച്ചത്.  സംഭവം എന്താണെന്ന് പറയും മുന്‍പ് ഈ മോട്ടിവേഷണല്‍ വാചകം ഡയറിയില്‍ എഴുതി വച്ചിരുന്ന ഒരു കൌമാരക്കാരിയെക്കുറിച്ച് പറയാം.

എണ്‍പതുകളില്‍ ജനിച്ച ഏതൊരു സാധാരണ കുട്ടിയേയും പോലെ തന്നെയായിരുന്നു അവളുടേയും കുട്ടിക്കാലം. അയല്പക്കങ്ങളില്‍ ചാടിയോടി നടന്നിരുന്ന, ജ്യേഷ്ഠന്‍മാര്‍ക്കൊപ്പം അടികൂടി വളര്‍ന്നിരുന്ന, സ്കൂളിലെ ഉച്ചക്കഞ്ഞി കുടിച്ചു പഠിച്ചിരുന്ന ബാല്യം. വായനയായിരുന്നു ആകെക്കൂടി ഉണ്ടായിരുന്ന ആശ്വാസം, പലതില്‍ നിന്നും. വിദ്യാഭ്യാസമുള്ള അച്ഛനമ്മമാരുടെ മക്കള്‍ എന്നത് മാത്രമായിരുന്നു ചെറുപ്പത്തിലേ എവിടെയും ഉള്ള ഐഡന്റിറ്റി. കൈമറിഞ്ഞു വന്ന ബുക്കുകളും, പുതുമണമില്ലാത്ത ഉടുപ്പുകളും, സൌജന്യവിദ്യാഭ്യാസവും ഒക്കെ അന്നത്തെക്കാലത്ത് അത്ര പുത്തരിയും ആയിരുന്നില്ല. മുന്നോട്ടുള്ള ജീവിതത്തില്‍  കൂടെയുണ്ടാകാന്‍ പോകുന്ന  മൂലധനം  വിദ്യാഭ്യാസം മാത്രമാകും എന്നുറപ്പുള്ളത് കൊണ്ട് ബാക്കിയെല്ലാ കൊസ്രാക്കൊള്ളിത്തരത്തിനും കൂട്ടത്തില്‍ നന്നായിത്തന്നെ പഠിച്ചു. അന്നങ്ങനെ വാശിക്കു പഠിച്ചത് തന്നെയാണ് പില്‍ക്കാലത്ത് ജീവിതം രക്ഷപ്പെടുത്തിയതും. പക്ഷേ, അതിനിടയില്‍ എപ്പോളാണ് ഈ "ഇന്‍സ്പിരേഷണല്‍" വാചകത്തിന്‍റെ ആവശ്യം ജീവിതത്തില്‍ വന്നതെന്നു ചോദിച്ചാല്‍, ജീവിതത്തില്‍ നിന്നൊരാള്‍ പെട്ടെന്ന് അപ്രത്യക്ഷമായപ്പോഴാണ്.

ഓരോ കുട്ടികളുടെയും ജീവിതം ചുറ്റുന്നത് അച്ഛനമ്മമാര്‍ എന്ന അച്ചുതണ്ടിന് ചുറ്റുമാണെന്ന് തോന്നാറുണ്ട്. ഓരോ കുഞ്ഞിന്‍റെയും ജീവിതം രൂപപ്പെടുന്നത് അവരുടെ മൂശയിലാണ്. അച്ഛനമ്മമാരില്‍ ഒരാള്‍ ഇല്ലാതെയാകുമ്പോള്‍, അല്ലെങ്കില്‍ രണ്ടാളും ഇല്ലാതെയാകുമ്പോള്‍ ഓരോ കുഞ്ഞും ആകേണ്ടിയിരുന്ന രൂപത്തില്‍ നിന്ന് മറ്റേന്തോ ആയി മാറ്റപ്പെടുന്നു. പൂമ്പാറ്റയാകേണ്ട ആള്‍  ഒരുപക്ഷേ പൂത്തുമ്പിയായേക്കാം, അല്ലെങ്കില്‍ പുഴുവായി തന്നെ പ്യുപ്പക്കുള്ളില്‍ ഉറങ്ങാം, അതുമല്ലെങ്കില്‍ ഒരു കൊക്കൂണിനുള്ളില്‍ പോകാന്‍ ഭയന്ന് അങ്ങനെ തന്നെ ജീവിച്ചുമരിക്കാം.  രക്ഷിതാക്കളുടെ സാന്നിദ്ധ്യം ഓരോ കുഞ്ഞിലും എത്രമേല്‍ പ്രാധാന്യമുള്ളതാണെന്നു പറയാന്‍ പുഴുവിനേയും, പൂമ്പാറ്റയേയും ഒക്കെ പറഞ്ഞുവെന്നെയുള്ളൂ.  അങ്ങനെ ആ  പതിനാറുകാരിയുടെ ജീവിതം സ്വച്ഛശാന്തമായി കറങ്ങിക്കൊണ്ടിരുന്ന ഒരച്ചുതണ്ട് ഒരു സുപ്രഭാതം മുതല്‍ അവളുടെ ജീവിതത്തില്‍ ഇല്ലാതെയായി. ജീവിതത്തിന്‍റെ കഠിനതകള്‍ അറിഞ്ഞിരുന്നിട്ടു കൂടി, പെട്ടെന്നൊരു നാള്‍ അച്ഛന്‍ എന്ന ബലം അരികില്‍ ഇല്ലാതെയായപ്പോള്‍ ഒരു  കൌമാരക്കാരിക്ക് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.  പതിനാറിന്‍റെ പക്വതയ്ക്കും അപ്പുറമായിരുന്നു ആ സംഭവം. അന്ന് മാനസികനില തകര്‍ന്നു പോകുമോ എന്നും, ആത്മഹത്യ ചെയ്തുപോകുമോ എന്നുമൊക്കെ ആ പെണ്‍കുട്ടി ചിന്തിച്ചിട്ടുണ്ടാകണം. കൌണ്‍സിലിംഗ് എന്നുള്ള പ്രയോഗമൊക്കെ ഉപയോഗത്തില്‍ വന്നുതുടങ്ങുന്നതിനും മുന്നേയുള്ള കാലഘട്ടമാണെന്ന് കൂടി ഓര്‍ക്കുക.

അതൊരു വല്ലാത്ത വഴിത്തിരിവ് തന്നെയായിരുന്നു അവളുടെ ജീവിതത്തില്‍ - പരിണമിച്ചു  മറ്റെന്തോ ആകേണ്ടിയിരുന്നത് വഴി മാറിപ്പോയത് അപ്പോളാണ്. വര്‍ണ്ണശബളമായ പൂമ്പാറ്റയാകുമായിരുന്നു ഒരു പക്ഷേ, അന്ന് ജീവിതം വഴി മാറിയില്ലായിരുന്നുവെങ്കില്‍....  എന്നുകരുതി പുഴുവായിത്തന്നെയിരുന്നില്ല, കൊക്കൂണിലും ഒതുങ്ങിയില്ല - വ്യത്യസ്തമായ വര്‍ണത്തില്‍ മറ്റൊരു പൂമ്പാറ്റയോ   പൂത്തുമ്പിയോ ആയി എന്നുതന്നെ ഉറപ്പിച്ചു പറയാന്‍ കഴിയും അന്നത്തെ ആ പതിനാറുകാരിക്ക് ഇപ്പോള്‍! പക്ഷേ, അന്ന് ആ വളവ്, ഒരു വളവു മാത്രമാണെന്നും ഒരല്‍പം മുന്നോട്ട് പോയാല്‍ മനോഹരമായ മറ്റൊരു പാത ഉണ്ടെന്നും, ഒന്ന് വിശ്രമിക്കുന്നത് നല്ലതേ വരുത്തൂ എന്നും, ഇത് അവസാനം അല്ല എന്നും ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞ ചില  ബന്ധങ്ങള്‍ ഉണ്ടായിരുന്നു ജീവിതത്തില്‍. അമ്മയും, ജ്യേഷ്ഠന്‍മാരും മനസുകൊണ്ട്  ഒപ്പമുണ്ടായിരുന്നു എങ്കിലും ഏതൊരു കോളേജ് വിദ്യാര്‍ത്ഥിനിയേയും പോലെ പ്രായത്തിന്‍റെ കുഴപ്പം കൊണ്ട് പലതും അവരിലേക്ക് എത്തിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അവിടെയാണ് ഒരു ജന്മത്തിലേക്ക് കൂടെക്കൂട്ടാവുന്ന പോലെ ചില സൌഹൃദങ്ങള്‍ താങ്ങായത്.  ഇപ്പോഴും ആ അഞ്ചുപേര്‍ കൂടെത്തന്നെയുണ്ട് ഒരു വിരല്‍ത്തുമ്പിനുമപ്പുറം.

ഇത്രയും മഹാഭാരതം പറഞ്ഞത് എന്തിനെയെങ്കിലും കുറിച്ച് വീമ്പിളക്കാനോ, കടന്നു വന്ന കഷ്ടപ്പാടുകളെക്കുറിച്ചൊരു പേജെഴുതി നൊസ്റ്റാള്‍ജിയ ഉണര്‍ത്താനോ അല്ല കേട്ടോ. മുകളില്‍ പറഞ്ഞതില്‍ ഞാന്‍ പറയാന്‍ ആഗ്രഹിച്ച ഒരേ ഒരു കാര്യമേ ഉള്ളൂ. ആത്മഹത്യാവാസനക്കും, ഭ്രാന്തന്‍ ചിന്തകള്‍ക്കും ഒക്കെ ഒരു നിമിഷമേ വേണ്ടൂ നമ്മളിലേക്ക് കടന്നു കയറാന്‍. ഓരോരോ അപ്രതീക്ഷിതവഴിത്തിരിവുകളില്‍ നമ്മളെത്തുമ്പോള്‍ അതുവെറും വളവാണെന്നും അവസാനമല്ല എന്നും പറയാന്‍ ഒരു കൂട്ടെങ്കിലും വേണം - അത് കൂട്ടുകാരനോ, കൂട്ടുകാരിയോ, ടീച്ചറോ ഒക്കെയാകാം. പലപ്പോഴും അച്ഛനമ്മമാരോട് പറയാന്‍ കഴിയാത്തവ കൂട്ടുകാരോട്, ചേച്ചിയോട്, ചേട്ടനോട്, പ്രിയപ്പെട്ട ഒരു അദ്ധ്യാപികയോട് പറയാന്‍ കഴിഞ്ഞേക്കും. ഇതെല്ലാം ഇപ്പോള്‍ പറയാന്‍ പ്രേരിപ്പിച്ചത് പ്ലസ്ടുവിന് ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടി, അവരുടെ സാമ്പത്തികസ്ഥിതിയെക്കുറിച്ച്  മാദ്ധ്യമങ്ങളില്‍ വന്നതില്‍ വിഷമിച്ച് ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത‍ വായിച്ചപ്പോഴാണ്. ഒരാളുടെ ദാരിദ്ര്യം/ ഒരാളുടെ വിജയം/പരാജയം/സന്തോഷം  അയാളുടെ സ്വകാര്യത മാത്രമാണെന്ന് സമ്മതിക്കുമ്പോള്‍ തന്നെ ആ കുട്ടി ചെയ്തത് അംഗീകരിക്കാന്‍ കഴിയുന്നില്ല. ഒരുപക്ഷേ, ഇത് ജീവിതത്തിലെ ഒരു  ബോറന്‍ വളവാണെന്നും അത് കഴിഞ്ഞാല്‍ അതിമനോഹരമായ നേര്‍വഴി ആണെന്നും അവളോട് പറയാന്‍ ആരെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുപോയി!

ഉപദേശത്തിന്‍റെ അതിപ്രസരം ആയിത്തോന്നാമെങ്കിലും പഠിക്കുന്ന, വളരുന്ന കുഞ്ഞുങ്ങളോട് പറയാനുള്ളത് ഇത്ര തന്നെയാണ് - ഈ ജീവിതം മനോഹരമാണ്, എല്ലാ അര്‍ത്ഥത്തിലും! കയറ്റിറക്കങ്ങള്‍ ഉണ്ടാകാം, ഇരുട്ടും വെളിച്ചവും കടന്നു വരാം, മുള്ളുകളും റോസാപ്പൂക്കളും ഉണ്ടാകാം പക്ഷേ, ആത്യന്തികമായി ഈ ജീവിതം മനോഹരമാണ്, ജീവിച്ചു തന്നെ തീര്‍ക്കേണ്ട ഒന്ന്. ഓരോ സങ്കടവും സന്തോഷവും ഉണ്ടാകുമ്പോള്‍ ഓര്‍ക്കാം ഇതും കടന്നുപോകും, നാളെ പുതിയൊരു ദിവസം ആയിരിക്കും എന്ന്.

ജീവിതം എന്താണെന്ന് ഇപ്പോഴും നിര്‍വചിക്കാന്‍ അറിയില്ല, എങ്കിലും ഈ ചെറിയ മനുഷ്യത്തിയുടെ ചില ചെറിയ വട്ടുചിന്തകള്‍ പറഞ്ഞ് ഇത് നിര്‍ത്തിയേക്കാം;

എന്നെ സംബന്ധിച്ച് ജീവിതം നല്ല ഒരുത്സവം ആണ് - ഒരുപാടു വര്‍ണങ്ങള്‍ ചേര്‍ന്ന, വെടിക്കെട്ടുകള്‍ ചേര്‍ന്ന, ആനകളും അമ്പാരിയും ഉള്ള, പൊരിമണവും  പാട്ടുകളും കലര്‍ന്ന ഇടം. നമുക്ക് കൂടാം - കൂടാതെ മാറിയിരിക്കാം, ഓരോരുത്തര്‍ക്കും ഇഷ്ടമുള്ളത് പോലെ ചെയ്യാം.. കൂടിയാല്‍ നമുക്കും ആഘോഷങ്ങള്‍ കൂടെക്കൂട്ടാം. ജീവിതം ഒരു റോളര്‍കോസ്റ്റര്‍ പോലെയാണ് - ഉയരും, താഴും, പിന്നെയും ഉയരും..പിന്നെയും താഴും!
ജീവിതം ഒരു കൊടുക്കല്‍ വാങ്ങല്‍ ആണ് - കൊടുക്കുന്നത് തിരികെക്കിട്ടും, തിരികെ കൊടുക്കാന്‍ ആകുന്നതേ വാങ്ങാവൂ. ജീവിതം ഒരു നല്ല യാത്രയുമാണ് - ഒരു ലക്‌ഷ്യം ഉണ്ടാകണം, കൂടെ ഒത്തിരിപ്പേര്‍ യാത്ര ചെയ്യും. ഇടക്കിറങ്ങും, ഇടയ്ക്കു കയറും, ബ്രേക്ക്‌ഡൌണ്‍ ആകും, സ്പീഡ് കൂടും, ഡീസല്‍ തീരും.. അങ്ങനെ അങ്ങനെ നീളുന്ന ഒരു യാത്ര! ജീവിതം പുഞ്ചിരിക്കാന്‍ ഉള്ളതാണ് - കരയാന്‍ ആര്‍ക്കുമാകും അല്ലെങ്കില്‍ കരയാത്ത ആരും തന്നെ ഉണ്ടാകില്ല. ചിരിക്കാനും ആര്‍ക്കും ആകും.  പക്ഷേ, ചിരിക്കണോ കരയണോ എന്ന് നമ്മള്‍ തന്നെ തീരുമാനിക്കണം!

വളവുകള്‍ അവസാനമല്ല എന്ന് പറയുന്ന സുഹൃത്തുക്കള്‍ ഉണ്ടാകട്ടെ എന്നാശംസിച്ചു കൊണ്ട്, അങ്ങനെ ഒരു സുഹൃത്താകാന്‍ എനിക്ക് കഴിയട്ടെ എന്നാഗ്രഹിച്ചുകൊണ്ട്,

സ്നേഹപൂര്‍വ്വം

നിങ്ങളുടെ സ്വന്തം ചെറിയ മനുഷ്യത്തി
========================================================================

(ഇ-മഷി യിലെ  'വലിയ ലോകവും ചെറിയ മനുഷ്യരും ' കോളം -  2017 മെയ്‌ ലക്കത്തിലേക്കായി എഴുതിയത് )