Monday, July 3, 2017

ജീവിതത്തിലെ ആ വളവ്!

"A bend on your path is not the end!"

പണ്ടുപണ്ടൊരിക്കല്‍ എവിടെയോ വായിച്ചൊരു വാചകമാണ് മുകളിലത്തേത് - നമ്മുടെ നേര്‍രേഖയില്‍ക്കൂടി കടന്നു പോകുന്ന യാത്രകളിലെ ഒരു വളവ് യാത്രയുടെ അവസാനം അല്ല എന്ന്, അഥവാ ജീവിതപ്പാതയില്‍ പ്രതീക്ഷിക്കാതെ ഉണ്ടാകുന്ന ട്വിസ്റ്റുകളും ടേണുകളും ഒന്നും തന്നെ നമ്മുടെ ജീവിതത്തിന്‍റെ അന്ത്യം അല്ല.  ആ വളവിന് അപ്പുറത്തേക്ക് നോക്കിയാല്‍ മനോഹരമായ തുടര്‍പാത കാണാന്‍ കഴിയും. അവിടേക്ക് ഒന്ന് വിശ്രമിച്ചിട്ടോ, വിശ്രമിക്കാതെയോ പോകാം -പക്ഷേ, യാത്ര നിര്‍ത്തിക്കളയരുത്!

എന്താണിപ്പോ വലിയ ലോകത്തിലെ ചെറിയ ആള്‍ക്കാരുടെ കാര്യം താത്വികമായി ഒക്കെ അപഗ്രഥിച്ചു പറയുന്നത് എന്ന് നിങ്ങള്‍ക്ക് സംശയം ഉണ്ടായേക്കാം. കഴിഞ്ഞു പോയ മാസത്തില്‍ ഉണ്ടായ ഒരു സംഭവം ആണ്  മുകളില്‍പ്പറഞ്ഞ വാചകം വീണ്ടും എന്നെ ഓര്‍മ്മിപ്പിച്ചത്.  സംഭവം എന്താണെന്ന് പറയും മുന്‍പ് ഈ മോട്ടിവേഷണല്‍ വാചകം ഡയറിയില്‍ എഴുതി വച്ചിരുന്ന ഒരു കൌമാരക്കാരിയെക്കുറിച്ച് പറയാം.

എണ്‍പതുകളില്‍ ജനിച്ച ഏതൊരു സാധാരണ കുട്ടിയേയും പോലെ തന്നെയായിരുന്നു അവളുടേയും കുട്ടിക്കാലം. അയല്പക്കങ്ങളില്‍ ചാടിയോടി നടന്നിരുന്ന, ജ്യേഷ്ഠന്‍മാര്‍ക്കൊപ്പം അടികൂടി വളര്‍ന്നിരുന്ന, സ്കൂളിലെ ഉച്ചക്കഞ്ഞി കുടിച്ചു പഠിച്ചിരുന്ന ബാല്യം. വായനയായിരുന്നു ആകെക്കൂടി ഉണ്ടായിരുന്ന ആശ്വാസം, പലതില്‍ നിന്നും. വിദ്യാഭ്യാസമുള്ള അച്ഛനമ്മമാരുടെ മക്കള്‍ എന്നത് മാത്രമായിരുന്നു ചെറുപ്പത്തിലേ എവിടെയും ഉള്ള ഐഡന്റിറ്റി. കൈമറിഞ്ഞു വന്ന ബുക്കുകളും, പുതുമണമില്ലാത്ത ഉടുപ്പുകളും, സൌജന്യവിദ്യാഭ്യാസവും ഒക്കെ അന്നത്തെക്കാലത്ത് അത്ര പുത്തരിയും ആയിരുന്നില്ല. മുന്നോട്ടുള്ള ജീവിതത്തില്‍  കൂടെയുണ്ടാകാന്‍ പോകുന്ന  മൂലധനം  വിദ്യാഭ്യാസം മാത്രമാകും എന്നുറപ്പുള്ളത് കൊണ്ട് ബാക്കിയെല്ലാ കൊസ്രാക്കൊള്ളിത്തരത്തിനും കൂട്ടത്തില്‍ നന്നായിത്തന്നെ പഠിച്ചു. അന്നങ്ങനെ വാശിക്കു പഠിച്ചത് തന്നെയാണ് പില്‍ക്കാലത്ത് ജീവിതം രക്ഷപ്പെടുത്തിയതും. പക്ഷേ, അതിനിടയില്‍ എപ്പോളാണ് ഈ "ഇന്‍സ്പിരേഷണല്‍" വാചകത്തിന്‍റെ ആവശ്യം ജീവിതത്തില്‍ വന്നതെന്നു ചോദിച്ചാല്‍, ജീവിതത്തില്‍ നിന്നൊരാള്‍ പെട്ടെന്ന് അപ്രത്യക്ഷമായപ്പോഴാണ്.

ഓരോ കുട്ടികളുടെയും ജീവിതം ചുറ്റുന്നത് അച്ഛനമ്മമാര്‍ എന്ന അച്ചുതണ്ടിന് ചുറ്റുമാണെന്ന് തോന്നാറുണ്ട്. ഓരോ കുഞ്ഞിന്‍റെയും ജീവിതം രൂപപ്പെടുന്നത് അവരുടെ മൂശയിലാണ്. അച്ഛനമ്മമാരില്‍ ഒരാള്‍ ഇല്ലാതെയാകുമ്പോള്‍, അല്ലെങ്കില്‍ രണ്ടാളും ഇല്ലാതെയാകുമ്പോള്‍ ഓരോ കുഞ്ഞും ആകേണ്ടിയിരുന്ന രൂപത്തില്‍ നിന്ന് മറ്റേന്തോ ആയി മാറ്റപ്പെടുന്നു. പൂമ്പാറ്റയാകേണ്ട ആള്‍  ഒരുപക്ഷേ പൂത്തുമ്പിയായേക്കാം, അല്ലെങ്കില്‍ പുഴുവായി തന്നെ പ്യുപ്പക്കുള്ളില്‍ ഉറങ്ങാം, അതുമല്ലെങ്കില്‍ ഒരു കൊക്കൂണിനുള്ളില്‍ പോകാന്‍ ഭയന്ന് അങ്ങനെ തന്നെ ജീവിച്ചുമരിക്കാം.  രക്ഷിതാക്കളുടെ സാന്നിദ്ധ്യം ഓരോ കുഞ്ഞിലും എത്രമേല്‍ പ്രാധാന്യമുള്ളതാണെന്നു പറയാന്‍ പുഴുവിനേയും, പൂമ്പാറ്റയേയും ഒക്കെ പറഞ്ഞുവെന്നെയുള്ളൂ.  അങ്ങനെ ആ  പതിനാറുകാരിയുടെ ജീവിതം സ്വച്ഛശാന്തമായി കറങ്ങിക്കൊണ്ടിരുന്ന ഒരച്ചുതണ്ട് ഒരു സുപ്രഭാതം മുതല്‍ അവളുടെ ജീവിതത്തില്‍ ഇല്ലാതെയായി. ജീവിതത്തിന്‍റെ കഠിനതകള്‍ അറിഞ്ഞിരുന്നിട്ടു കൂടി, പെട്ടെന്നൊരു നാള്‍ അച്ഛന്‍ എന്ന ബലം അരികില്‍ ഇല്ലാതെയായപ്പോള്‍ ഒരു  കൌമാരക്കാരിക്ക് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.  പതിനാറിന്‍റെ പക്വതയ്ക്കും അപ്പുറമായിരുന്നു ആ സംഭവം. അന്ന് മാനസികനില തകര്‍ന്നു പോകുമോ എന്നും, ആത്മഹത്യ ചെയ്തുപോകുമോ എന്നുമൊക്കെ ആ പെണ്‍കുട്ടി ചിന്തിച്ചിട്ടുണ്ടാകണം. കൌണ്‍സിലിംഗ് എന്നുള്ള പ്രയോഗമൊക്കെ ഉപയോഗത്തില്‍ വന്നുതുടങ്ങുന്നതിനും മുന്നേയുള്ള കാലഘട്ടമാണെന്ന് കൂടി ഓര്‍ക്കുക.

അതൊരു വല്ലാത്ത വഴിത്തിരിവ് തന്നെയായിരുന്നു അവളുടെ ജീവിതത്തില്‍ - പരിണമിച്ചു  മറ്റെന്തോ ആകേണ്ടിയിരുന്നത് വഴി മാറിപ്പോയത് അപ്പോളാണ്. വര്‍ണ്ണശബളമായ പൂമ്പാറ്റയാകുമായിരുന്നു ഒരു പക്ഷേ, അന്ന് ജീവിതം വഴി മാറിയില്ലായിരുന്നുവെങ്കില്‍....  എന്നുകരുതി പുഴുവായിത്തന്നെയിരുന്നില്ല, കൊക്കൂണിലും ഒതുങ്ങിയില്ല - വ്യത്യസ്തമായ വര്‍ണത്തില്‍ മറ്റൊരു പൂമ്പാറ്റയോ   പൂത്തുമ്പിയോ ആയി എന്നുതന്നെ ഉറപ്പിച്ചു പറയാന്‍ കഴിയും അന്നത്തെ ആ പതിനാറുകാരിക്ക് ഇപ്പോള്‍! പക്ഷേ, അന്ന് ആ വളവ്, ഒരു വളവു മാത്രമാണെന്നും ഒരല്‍പം മുന്നോട്ട് പോയാല്‍ മനോഹരമായ മറ്റൊരു പാത ഉണ്ടെന്നും, ഒന്ന് വിശ്രമിക്കുന്നത് നല്ലതേ വരുത്തൂ എന്നും, ഇത് അവസാനം അല്ല എന്നും ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞ ചില  ബന്ധങ്ങള്‍ ഉണ്ടായിരുന്നു ജീവിതത്തില്‍. അമ്മയും, ജ്യേഷ്ഠന്‍മാരും മനസുകൊണ്ട്  ഒപ്പമുണ്ടായിരുന്നു എങ്കിലും ഏതൊരു കോളേജ് വിദ്യാര്‍ത്ഥിനിയേയും പോലെ പ്രായത്തിന്‍റെ കുഴപ്പം കൊണ്ട് പലതും അവരിലേക്ക് എത്തിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അവിടെയാണ് ഒരു ജന്മത്തിലേക്ക് കൂടെക്കൂട്ടാവുന്ന പോലെ ചില സൌഹൃദങ്ങള്‍ താങ്ങായത്.  ഇപ്പോഴും ആ അഞ്ചുപേര്‍ കൂടെത്തന്നെയുണ്ട് ഒരു വിരല്‍ത്തുമ്പിനുമപ്പുറം.

ഇത്രയും മഹാഭാരതം പറഞ്ഞത് എന്തിനെയെങ്കിലും കുറിച്ച് വീമ്പിളക്കാനോ, കടന്നു വന്ന കഷ്ടപ്പാടുകളെക്കുറിച്ചൊരു പേജെഴുതി നൊസ്റ്റാള്‍ജിയ ഉണര്‍ത്താനോ അല്ല കേട്ടോ. മുകളില്‍ പറഞ്ഞതില്‍ ഞാന്‍ പറയാന്‍ ആഗ്രഹിച്ച ഒരേ ഒരു കാര്യമേ ഉള്ളൂ. ആത്മഹത്യാവാസനക്കും, ഭ്രാന്തന്‍ ചിന്തകള്‍ക്കും ഒക്കെ ഒരു നിമിഷമേ വേണ്ടൂ നമ്മളിലേക്ക് കടന്നു കയറാന്‍. ഓരോരോ അപ്രതീക്ഷിതവഴിത്തിരിവുകളില്‍ നമ്മളെത്തുമ്പോള്‍ അതുവെറും വളവാണെന്നും അവസാനമല്ല എന്നും പറയാന്‍ ഒരു കൂട്ടെങ്കിലും വേണം - അത് കൂട്ടുകാരനോ, കൂട്ടുകാരിയോ, ടീച്ചറോ ഒക്കെയാകാം. പലപ്പോഴും അച്ഛനമ്മമാരോട് പറയാന്‍ കഴിയാത്തവ കൂട്ടുകാരോട്, ചേച്ചിയോട്, ചേട്ടനോട്, പ്രിയപ്പെട്ട ഒരു അദ്ധ്യാപികയോട് പറയാന്‍ കഴിഞ്ഞേക്കും. ഇതെല്ലാം ഇപ്പോള്‍ പറയാന്‍ പ്രേരിപ്പിച്ചത് പ്ലസ്ടുവിന് ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടി, അവരുടെ സാമ്പത്തികസ്ഥിതിയെക്കുറിച്ച്  മാദ്ധ്യമങ്ങളില്‍ വന്നതില്‍ വിഷമിച്ച് ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത‍ വായിച്ചപ്പോഴാണ്. ഒരാളുടെ ദാരിദ്ര്യം/ ഒരാളുടെ വിജയം/പരാജയം/സന്തോഷം  അയാളുടെ സ്വകാര്യത മാത്രമാണെന്ന് സമ്മതിക്കുമ്പോള്‍ തന്നെ ആ കുട്ടി ചെയ്തത് അംഗീകരിക്കാന്‍ കഴിയുന്നില്ല. ഒരുപക്ഷേ, ഇത് ജീവിതത്തിലെ ഒരു  ബോറന്‍ വളവാണെന്നും അത് കഴിഞ്ഞാല്‍ അതിമനോഹരമായ നേര്‍വഴി ആണെന്നും അവളോട് പറയാന്‍ ആരെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുപോയി!

ഉപദേശത്തിന്‍റെ അതിപ്രസരം ആയിത്തോന്നാമെങ്കിലും പഠിക്കുന്ന, വളരുന്ന കുഞ്ഞുങ്ങളോട് പറയാനുള്ളത് ഇത്ര തന്നെയാണ് - ഈ ജീവിതം മനോഹരമാണ്, എല്ലാ അര്‍ത്ഥത്തിലും! കയറ്റിറക്കങ്ങള്‍ ഉണ്ടാകാം, ഇരുട്ടും വെളിച്ചവും കടന്നു വരാം, മുള്ളുകളും റോസാപ്പൂക്കളും ഉണ്ടാകാം പക്ഷേ, ആത്യന്തികമായി ഈ ജീവിതം മനോഹരമാണ്, ജീവിച്ചു തന്നെ തീര്‍ക്കേണ്ട ഒന്ന്. ഓരോ സങ്കടവും സന്തോഷവും ഉണ്ടാകുമ്പോള്‍ ഓര്‍ക്കാം ഇതും കടന്നുപോകും, നാളെ പുതിയൊരു ദിവസം ആയിരിക്കും എന്ന്.

ജീവിതം എന്താണെന്ന് ഇപ്പോഴും നിര്‍വചിക്കാന്‍ അറിയില്ല, എങ്കിലും ഈ ചെറിയ മനുഷ്യത്തിയുടെ ചില ചെറിയ വട്ടുചിന്തകള്‍ പറഞ്ഞ് ഇത് നിര്‍ത്തിയേക്കാം;

എന്നെ സംബന്ധിച്ച് ജീവിതം നല്ല ഒരുത്സവം ആണ് - ഒരുപാടു വര്‍ണങ്ങള്‍ ചേര്‍ന്ന, വെടിക്കെട്ടുകള്‍ ചേര്‍ന്ന, ആനകളും അമ്പാരിയും ഉള്ള, പൊരിമണവും  പാട്ടുകളും കലര്‍ന്ന ഇടം. നമുക്ക് കൂടാം - കൂടാതെ മാറിയിരിക്കാം, ഓരോരുത്തര്‍ക്കും ഇഷ്ടമുള്ളത് പോലെ ചെയ്യാം.. കൂടിയാല്‍ നമുക്കും ആഘോഷങ്ങള്‍ കൂടെക്കൂട്ടാം. ജീവിതം ഒരു റോളര്‍കോസ്റ്റര്‍ പോലെയാണ് - ഉയരും, താഴും, പിന്നെയും ഉയരും..പിന്നെയും താഴും!
ജീവിതം ഒരു കൊടുക്കല്‍ വാങ്ങല്‍ ആണ് - കൊടുക്കുന്നത് തിരികെക്കിട്ടും, തിരികെ കൊടുക്കാന്‍ ആകുന്നതേ വാങ്ങാവൂ. ജീവിതം ഒരു നല്ല യാത്രയുമാണ് - ഒരു ലക്‌ഷ്യം ഉണ്ടാകണം, കൂടെ ഒത്തിരിപ്പേര്‍ യാത്ര ചെയ്യും. ഇടക്കിറങ്ങും, ഇടയ്ക്കു കയറും, ബ്രേക്ക്‌ഡൌണ്‍ ആകും, സ്പീഡ് കൂടും, ഡീസല്‍ തീരും.. അങ്ങനെ അങ്ങനെ നീളുന്ന ഒരു യാത്ര! ജീവിതം പുഞ്ചിരിക്കാന്‍ ഉള്ളതാണ് - കരയാന്‍ ആര്‍ക്കുമാകും അല്ലെങ്കില്‍ കരയാത്ത ആരും തന്നെ ഉണ്ടാകില്ല. ചിരിക്കാനും ആര്‍ക്കും ആകും.  പക്ഷേ, ചിരിക്കണോ കരയണോ എന്ന് നമ്മള്‍ തന്നെ തീരുമാനിക്കണം!

വളവുകള്‍ അവസാനമല്ല എന്ന് പറയുന്ന സുഹൃത്തുക്കള്‍ ഉണ്ടാകട്ടെ എന്നാശംസിച്ചു കൊണ്ട്, അങ്ങനെ ഒരു സുഹൃത്താകാന്‍ എനിക്ക് കഴിയട്ടെ എന്നാഗ്രഹിച്ചുകൊണ്ട്,

സ്നേഹപൂര്‍വ്വം

നിങ്ങളുടെ സ്വന്തം ചെറിയ മനുഷ്യത്തി
========================================================================

(ഇ-മഷി യിലെ  'വലിയ ലോകവും ചെറിയ മനുഷ്യരും ' കോളം -  2017 മെയ്‌ ലക്കത്തിലേക്കായി എഴുതിയത് )

14 comments:

 1. തീര്‍ച്ചയായും ജീവിതം ഒരു പ്രതിഭാസം തന്നെയാണ് . കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയയുടെ ആകെത്തുക !
  എങ്കിലും നമ്മളെ നാം മനസ്സിലാക്കുന്ന അന്ന് നാം വിജയിയാവും !!
  നല്ലാശംസകള്‍ ആര്‍ഷ ..നല്ലെഴുതിനു :)

  ReplyDelete
 2. good.. oh.. your blog is still active and alive .congrats

  ReplyDelete
 3. മനസ്സിൽ ഒരു വീർപ്പുമുട്ടൽ അനുഭവിപ്പിച്ച്‌ വായന.കൂടുതലായി ഒന്നും പറയാൻ തോന്നുന്നില്ല.ഇതിൽ പറഞ്ഞ സാഹചര്യങ്ങളിലൂടെ പലപ്പോഴും കടന്നുപോയതുകൊണ്ടാകാം.

  ReplyDelete
 4. ജീവിതം നല്ല ഒരുത്സവം ആണ് - ഒരുപാടു
  വര്‍ണങ്ങള്‍ ചേര്‍ന്ന, വെടിക്കെട്ടുകള്‍ ചേര്‍ന്ന, ആനകളും
  അമ്പാരിയും ഉള്ള, പൊരിമണവും പാട്ടുകളും കലര്‍ന്ന ഇടം.
  നമുക്ക് കൂടാം - കൂടാതെ മാറിയിരിക്കാം, ഓരോരുത്തര്‍ക്കും ഇഷ്ടമുള്ളത്
  പോലെ ചെയ്യാം.. കൂടിയാല്‍ നമുക്കും ആഘോഷങ്ങള്‍ കൂടെക്കൂട്ടാം. ജീവിതം
  ഒരു റോളര്‍കോസ്റ്റര്‍ പോലെയാണ് - ഉയരും, താഴും, പിന്നെയും ഉയരും..പിന്നെയും
  താഴും!
  ജീവിതം ഒരു കൊടുക്കല്‍ വാങ്ങല്‍ ആണ് - കൊടുക്കുന്നത് തിരികെക്കിട്ടും,
  തിരികെ കൊടുക്കാന്‍ ആകുന്നതേ വാങ്ങാവൂ. ജീവിതം ഒരു നല്ല യാത്രയുമാണ് -
  ഒരു ലക്‌ഷ്യം ഉണ്ടാകണം, കൂടെ ഒത്തിരിപ്പേര്‍ യാത്ര ചെയ്യും. ഇടക്കിറങ്ങും, ഇടയ്ക്കു
  കയറും, ബ്രേക്ക്‌ഡൌണ്‍ ആകും, സ്പീഡ് കൂടും, ഡീസല്‍ തീരും.. അങ്ങനെ അങ്ങനെ
  നീളുന്ന ഒരു യാത്ര! ജീവിതം പുഞ്ചിരിക്കാന്‍ ഉള്ളതാണ് - കരയാന്‍ ആര്‍ക്കുമാകും അല്ലെങ്കില്‍
  കരയാത്ത ആരും തന്നെ ഉണ്ടാകില്ല. ചിരിക്കാനും ആര്‍ക്കും ആകും. പക്ഷേ, ചിരിക്കണോ
  കരയണോ എന്ന് നമ്മള്‍ തന്നെ തീരുമാനിക്കണം!
  നല്ല ഗാർഹസ്ഥ്യ ചിന്തകൾ ...

  ReplyDelete
 5. Motivational inspirational.. good article..
  Syama go on

  ReplyDelete
 6. Valavile Thirivukal ...!
  .
  manoharam, Ashamsakal...!!!

  ReplyDelete
 7. ചെറിയ വായിൽ വലിയ വർത്തമാനം പറഞ്ഞു എന്നൊന്നും അഹങ്കരിക്കേണ്ട... മനോഹരമായി എഴുതി.

  ReplyDelete
 8. ജീവിതചിന്തകള്‍ മനോഹരമായി അവതരിപ്പിച്ചു.
  സത്യം പറയാമല്ലോ,പണ്ട് കെ.പി.കേശവമേനോന്‍റെ സദ്_മൂല്യങ്ങളടങ്ങിയ പുസ്തകങ്ങള്‍ വായിച്ച അനുഭൂതി.
  ആശംസകള്‍

  ReplyDelete
 9. ജീവിതത്തിലെ ഒരു വളവിലൂടെയാണ് ഇന്ന് ഞാൻ കടന്നു പോകുന്നത് (ചുമ്മാ എഴുതിയതല്ല കെട്ടോ). പ്രചോദനം തരുന്ന കുറിപ്പ്. നന്ദി ശ്യാമ.

  ReplyDelete
 10. ARSHA NGANUM JEEVITHATHINTE VALAVUKALILOODE SANCHARICHITTUNDU,IPPOZHUM SANCHARICHU KONDIRIKKUNNU ORU NER REKA KANUMO ENNENKILM ENNU PALAPPOZHUM THONNIYITTUNDU..SANTHOSHAVUM SANKADANGALUM STHAYIYAYITULLA ENNALLA ENNA ARIVU EE VAYANAYILOODE VEENDUM THANNA THANKALKKU THANKS..GOOD INSPIRATIONAL ARTICLES VEENDUM NALLA PULARIKALKKAYULLA KATHIRUPPU..

  ReplyDelete
 11. ജീവിതത്തിന്റെ വളവുകളിൽ പലപ്പോഴും പതറിപ്പോയിട്ടുണ്ടെങ്കിലും പകച്ചുനിൽക്കാതെ മുന്നോട്ടു പോകാൻ കഴിഞ്ഞിട്ടുണ്ട്.... പ്രചോദനമാകുന്നു ആർഷയുടെ ഈ ലേഖനവും....

  ReplyDelete
 12. അസൂയപ്പെടുത്തുന്ന എഴുത്ത്.. ഊര്‍ജ്ജം പകരുന്ന ശൈലി..

  കുഞ്ഞൂസിനേയും ശ്രീയേട്ടനേയും തങ്കപ്പന്‍ ചേട്ടനേയും പുഞ്ചയില്‍നേയും മുരളിയേട്ടനേയും മറ്റും ഇവിടെ കാണുമ്പോള്‍ ബ്ലോഗിന്‍റെ പൂര്‍വ്വാശ്രമം ഓര്‍ത്തുപോകുന്നു!

  നന്ദി; ആര്‍ശേച്ചി മെയില്‍ അയച്ചതിന്..

  ReplyDelete
 13. ജീവിതത്തിൽ വളവുകളിൽ പകച്ചു നിന്നിട്ടുണ്ട്... ദൈവം ഇല്ലെന്നു തോന്നിയിരുന്നു... But i came back.. ഈ ലേഖനം miss ചെയ്തു... മറുപടി വൈകിയത് ക്ഷമിക്കണം arsha

  ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)