Thursday, August 31, 2017

കളിയ്ക്കാന്‍ പഠിക്കാം

ജൂണ്‍ മാസം തിരക്കുകളുടെ മാസമാണ്  നാട്ടില്‍ - മഴയും പുത്തനുടുപ്പും പുത്തന്‍ ബാഗും പുസ്തകോം  സ്കൂള്‍ തുറക്കലും ഒക്കെയായി ഒരു മേളം. എന്നാല്‍ ഇവിടെ  അമേരിക്കയില്‍  സ്കൂളുകള്‍ ഒക്കെ പൂട്ടാനായി - സമ്മര്‍ വെക്കേഷനാണ് തുടങ്ങുന്നത് , ജൂണ്‍ മുതല്‍ ആഗസ്റ്റ്‌ അവസാനം വരെ നീളുന്ന മൂന്നു മാസ അവധിക്കാലപ്പൂരം. സ്കൂള്‍ അടക്കാന്‍ കാത്തിരിക്കുന്ന കുട്ടികളേക്കാള്‍ വേനല്‍ക്കാലയാത്രകള്‍ക്ക് കാത്തിരിക്കുന്ന രക്ഷിതാക്കളാണ് ചുറ്റും. ഇവിടെയിനി സ്കൂള്‍ തുറക്കാന്‍ സെപ്റ്റംബര്‍ ആകണം.ഇവിടെ വേനലവധി പലപ്പോഴും  സമ്മര്‍ ക്യാമ്പുകളും യാത്രകളുമായിട്ടാണ് തീര്‍ക്കുക. എന്തായാലും അവിടെ വേനലവധി കഴിഞ്ഞ സ്ഥിതിക്ക്  നമുക്ക് സ്കൂള്‍ തുറക്കുമ്പോഴുള്ള  കാര്യം തന്നെ സംസാരിക്കാം. ജൂണ്‍ മുതല്‍ മാര്‍ച്ച്‌ വരെ ആയാലും സെപ്റ്റംബര്‍ മുതല്‍ ജൂണ്‍ വരെ ആയാലും സ്കൂള്‍ വര്ഷം ഒരുപോലെ തന്നെയാണല്ലോ ഫലത്തില്‍.

ഇത്തവണ നമുക്ക് ഇവിടുത്തെ സ്കൂളിടങ്ങളിലെ കളിയിടങ്ങളെക്കുറിച്ച് ചിന്തിച്ചാലോ? അതിലേക്ക് കടക്കും മുന്‍പ് പണ്ട് പണ്ട് പഠിച്ചിരുന്ന സ്കൂളിലേക്കൊന്നു പോയിട്ട് വരാം. നാടന്‍ തല്ലും, പിച്ചലും, മാന്തലും ഒക്കെ ആയോധനകലകളായി പരിചയിച്ച, ഉച്ചക്കഞ്ഞിയില്‍ ആനന്ദം കണ്ടെത്തിയിരുന്ന, ഒരു സ്ലേറ്റും ഒരൊറ്റ പുസ്തകവുമായി പഠിക്കാന്‍ പോയിരുന്ന സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി ആയിരുന്നു ഞാന്‍. ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസ്സുമൊക്കെ പാല്‍പ്പായസമായിരുന്നു സ്കൂള്‍ ദിവസങ്ങള്‍. ഒന്നാം ക്ലാസ്സിലെ ടൈം ടേബിള്‍ തന്നെ ഒന്നിടവിട്ട പീരിയഡില്‍ "ഗ്രൌണ്ട്" എന്നാണ് എഴുതുക - അത് നമ്മുടെ കളി സമയമാണ്. ഇപ്പോഴത്തെ കുട്ടികള്‍ക്ക് എത്രത്തോളം ഈ കളിസമയം സ്കൂളില്‍ കിട്ടുന്നുണ്ട് എന്നറിയില്ല. എന്തായാലും ഇവിടുത്തെ ഒരു രീതി പറയാം.

ആറു വയസുകാരന്‍ ഉസ്കൂളില്‍ പോകുന്നത് ഒരു പകല്‍ മുഴുവനുമാണ്.  രാവിലെ 8.40 മുതല്‍ വൈകിട്ട് 3.40 വരെ. ഓരോ സ്റ്റേറ്റിനും ഓരോ വിദ്യാഭ്യാസ ജില്ലക്കും സ്കൂള്‍ സമയം വ്യത്യാസം ഉണ്ടാകാം കേട്ടോ. ഞാന്‍ എനിക്കറിയുന്ന ഒരു സ്കൂള്‍ വെച്ച് പറയുന്നു എന്നേയുള്ളൂ.

രണ്ടു നേരങ്ങളിലായുള്ള റിസസ്, ഒരു മുക്കാല്‍ മണിക്കൂര്‍ നേരത്തെ വിശ്രമം ഇതൊക്കെ കഴിഞ്ഞുള്ള സമയത്തെ പഠിത്തത്തിനും, സംഗീതത്തിനും, ആര്‍ട്ട്‌ ക്ലസിനുമൊക്കെ ആയി വീതം വെച്ചു വരുമ്പോള്‍ തിരികെ പോരാനുള്ള സമയം ആകും. അതുകൊണ്ട് തന്നെ സ്കൂളില്‍ പോകാന്‍ മടി കാര്യമായി ഇല്ല, എന്ന് മാത്രമല്ല മിക്ക ദിവസങ്ങളിലും പോകാന്‍ വളരെ സന്തോഷവും ആണ്. ചുരുക്കത്തില്‍ പറഞ്ഞാല്‍ നമ്മുടെ നാട്ടിലെ മുപ്പത് കൊല്ലം മുന്‍പത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികള്‍ക്ക് കിട്ടിയിരുന്ന കളിസമയം ഇവിടെ അമേരിക്കയില്‍ പബ്ലിക് സ്കൂള്‍ സിസ്റ്റത്തില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് ലഭിക്കുന്നു. പബ്ലിക് സ്കൂള്‍ സിസ്റ്റം എന്ന് എടുത്തു പറഞ്ഞുവെന്നേയുള്ളൂ ഇവിടെ സിംഹഭാഗം ആള്‍ക്കാരും കുഞ്ഞുങ്ങളെ പഠിപ്പിക്കാന്‍ പബ്ലിക് സിസ്റ്റത്തെ ത്തന്നെയാണ് ആശ്രയിക്കുന്നത്.


(താത്വികും സുഹൃത്ത് പാര്‍വണയും ഇഴയുന്നോരെ കാണാന്‍ പോയപ്പോള്‍ - Reptile Day )സ്കൂളുകളിലെ കളിയിടങ്ങള്‍ക്ക് പഠിത്തത്തിനോളം തന്നെ പ്രാധാന്യം കൊടുക്കുന്ന തരം വിദ്യാഭ്യാസ സംസ്കാരത്തിലൂടെയാണ് ഇവിടെ കുട്ടികള്‍ കടന്നു പോകുന്നത്. നാലാം തരം വരെയുള്ള കുട്ടികള്‍ അധികം പഠനഭാരം അറിയാതെ വളരുന്നു എന്നത്  കുട്ടികളെ സംബന്ധിച്ച് വളരെ വലിയൊരു ഭാഗ്യമാണ്. എലിമെന്ടറി ക്ലാസുകളില്‍ നിന്നും വളരുന്നതിന് അനുസരിച്ച് കുട്ടികളുടെ കളികളുടെ സമയവും, രീതിയും മാറുന്നു, പലരും ഒന്നോ രണ്ടോ സ്പോര്‍ട്സ് ഇനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും സ്കൂള്‍ ടീമില്‍ കയറിപ്പറ്റാനുള്ള ശ്രമങ്ങള്‍ നടത്തുകയോ ചെയ്യും. ശാരീരികമായ ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം തന്നെ ഇത്തരം പാഠ്യേതര വിഷയങ്ങളിലുള്ള മിടുക്ക് ഉന്നത തല വിദ്യാഭ്യാസത്തില്‍ കണക്കിലെടുക്കപ്പെടും എന്നത് രക്ഷിതാക്കളെയും കുഞ്ഞുങ്ങളെ ചെറുപ്പത്തിലേ കളിക്കാന്‍ പഠിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു.

കുഞ്ഞു ക്ലാസ്സുകളിലെ കളിയ്ക്കാന്‍ കിട്ടുന്ന സമയത്തിന് പുറമേ മിക്ക കുട്ടികളേയും കരാട്ടെ പോലുള്ള ആയോധനകല പരിശീലിപ്പിക്കാനും ശ്രമങ്ങള്‍ നടക്കാറുണ്ട്. നീന്തല്‍ എന്നത് ഒരു പ്രായത്തിനു മുകളിലുള്ള എല്ലാ കുട്ടികളും അറിഞ്ഞിരിക്കേണ്ട അവശ്യകഴിവില്‍ പെട്ടതായതിനാല്‍ കുഞ്ഞുങ്ങളെ ചെറുപ്പത്തിലേ തന്നെ നീന്തല്‍ പഠിപ്പിക്കാന്‍ തുടങ്ങും. ചിലര്‍ നീന്തല്‍ ഒരു മുഖ്യവിനോദമാക്കിത്തന്നെ എടുക്കുകയും സ്കൂള്‍ കോളേജ് നീന്തല്‍ടീമുകളില്‍ അംഗമായി മത്സരങ്ങളിലേക്കുള്ള പരിശീലനം നേടുകയും ചെയ്യുന്നു.


മകന്‍ താത്വിക് കരാട്ടേ മാസ്റ്റര്‍ mr. മീലിയോടൊപ്പം 


അമേരിക്കയില്‍ ഞങ്ങള്‍ ജീവിക്കുന്ന ഇടം വര്‍ഷത്തില്‍ ആറു മാസവും മഞ്ഞു വീഴുന്ന കാലാവസ്ഥയുള്ള സ്ഥലമാണ്‌. അതുകൊണ്ടുതന്നെ കുട്ടികളെ പുറത്തേക്ക് കളിയ്ക്കാന്‍ കൊണ്ടുപോകുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഇത്തരത്തിലുള്ള കായികവിനോദ ക്ലാസ്സുകള്‍ ഒരനുഗ്രഹം ആകുന്നത് അപ്പോളാണ്.  ഇവിടെ സോക്കര്‍ എന്നറിയപ്പെടുന്ന നാട്ടിലെ ഫുട്ബാള്‍, ബേസ്ബോള്‍, ഫൂട്ട്ബോള്‍, ബാസ്കെറ്റ്‌ബോള്‍ ഇത്യാദി കളികള്‍ ഒക്കെത്തന്നെയും കളിയ്ക്കാന്‍ കഴിയുന്ന രീതിയിലുള്ള indoor- സ്ഥലങ്ങളില്‍ വെച്ചാണ്‌ പരിശീലനം നല്‍കുക. വെറും പഠിപ്പിക്കല്‍ മാത്രമല്ലാതെ പരിശീലനത്തോടൊപ്പം മാച്ചുകള്‍ നടത്തുന്ന രീതിയാണ്‌ ഇവിടെ പിന്തുടരുന്നത്. ആഴ്ചയില്‍ രണ്ടു ദിവസം പരിശീലനവും, ആഴ്ചയവസാനം മറ്റു ടീമുകളുമായി മത്സരവും ഒക്കെയായി കുട്ടികളില്‍ ചെറുപ്പം മുതലേ കായികവിനോദം ഊട്ടിയുറപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിനു തയ്യാറെടുക്കുമ്പോള്‍ ഇത്തരത്തിലുള്ള എല്ലാ എക്സ്ട്രാ-കരികുലര്‍ ആക്ടിവിറ്റീസിനും പ്രാധാന്യം ഉണ്ടെന്നത് കൊണ്ടുതന്നെ കുട്ടികള്‍ പഠനവും കളികളും ഹാന്‍ഡ്‌-by-ഹാന്‍ഡ്‌ കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് ആരോഗ്യപരമായ കാര്യമായി തോന്നാറുണ്ട്.


വേനലവധിക്കാലത്ത് ബേസ്ബാള്‍ കളി - ഇവിടുത്തെ ക്രിക്കെറ്റ് തന്നെ :)


ഞാന്‍ തുടക്കത്തില്‍ പറഞ്ഞതുപോലെ ഇവിടെ അടുത്ത ആഴ്ച വേനലവധി തുടങ്ങും. മൂന്നു മാസത്തെ കളിപ്പൂരത്തിനുള്ള തയാറെടുപ്പുകളില്‍ ഒരു മാസത്തെ സമ്മര്‍ സ്കൂളുമുണ്ട്. സമ്മര്‍ സ്കൂള്‍ എന്നാല്‍ കളി തന്നെയാണ് - രണ്ടോ മൂന്നോ വിഷയങ്ങള്‍ നമുക്ക് തിരഞ്ഞെടുക്കാം. ആ ഒരു മാസത്തിലേക്ക് വേണ്ടത് സ്പേസ്  പ്രോജെക്റ്റ്‌, ബോര്‍ഡ് ഗെയിംസ്, സ്പാനിഷ്‌ ഇതൊക്കെയാണ്  എന്നിവിടെ ആവശ്യങ്ങള്‍ ഉയരുന്നുണ്ട്. കൂട്ടത്തില്‍ രാത്രി ആകാശം കണ്ടുകിടക്കാന്‍ കാംപിംഗ്, മാരത്തോണ്‍ ഓട്ടം, ബേസ്ബാള്‍  അങ്ങനെയങ്ങനെ ലിസ്റ്റുകള്‍ നീളുമ്പോള്‍ ഇനിയുള്ള മൂന്നു മാസം ഇവിടെ യാത്രകള്‍ക്ക് കൂടിയുള്ളതാണ്. പക്ഷേ, മുകളില്‍ സൂചിപ്പിച്ച കളിപ്പഠനങ്ങള്‍ വേനലവധിക്ക് ഉള്ളതല്ല കേട്ടോ. അതൊക്കെയും സെപ്റ്റംബര്‍ മുതല്‍ ജൂണ്‍ വരെ നീളുന്ന അദ്ധ്യയനവര്‍ഷത്തിലെ കളികളാണ്. National Night Out Day inAugust -Rock Climbing 


പണ്ട് കാലത്ത് നമുക്കൊക്കെ ആവശ്യത്തില്‍ കൂടുതല്‍ പറമ്പുകളും വൈകുന്നേരങ്ങളില്‍ കളിക്കൂട്ടങ്ങളും ഉണ്ടായിരുന്നു. ഇന്ന് നാട്ടിലെ കുട്ടികളില്‍ എത്രപേര്‍ക്ക് ശാരീരികമായ കളികള്‍ക്ക് സമയം കിട്ടുന്നുണ്ട് എന്നറിയില്ല. വര്‍ദ്ധിച്ചു വരുന്ന ടെക്നോളജിയുടെ ഉപയോഗം നമ്മുടെ കുരുന്നുകളെ വിരല്‍ത്തുമ്പുകളിലെ ലോകത്തില്‍ മാത്രം കുരുക്കിയിടുന്നുവെന്ന് പലപ്പോഴും തോന്നാറുണ്ട്. ഇവിടെയും ഐപാഡുകളും, ക്രോം ബുക്കുകളും  സ്കൂളിലെ പാഠ്യവിഷയത്തില്‍ തന്നെ ഉള്‍പ്പെടുന്നതിനാല്‍ ആകണം  ഇത്തരത്തിലുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ രക്ഷിതാക്കളും നടത്തുന്നത്. എത്രത്തോളം കുഞ്ഞുങ്ങളെ ശാരീരികമായി ആക്റ്റീവ് ആക്കി നിര്‍ത്താം എന്നത് കഴിഞ്ഞ തലമുറയില്‍ എങ്കിലും ഒരു ചോദ്യചിഹ്നം ആയിരുന്നിരിക്കില്ല. ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ മുതല്‍ വൈകുന്നേരം വരെ കളിച്ചുതളര്‍ന്നു വീട്ടിലേക്ക് കയറിയിരുന്ന നമ്മുടെ കുട്ടിക്കാലങ്ങളില്‍ നിന്ന് സ്പെഷ്യല്‍ ട്യുഷനുകളും ഇന്റര്‍നെറ്റും സമയം കൊല്ലുന്ന ആഴ്ചയവസാനങ്ങളിലേക്കുള്ള മാറ്റം നമ്മുടെ അടുത്ത തലമുറയ്ക്ക് ഉണ്ടാക്കാവുന്ന ദൂഷ്യഫലങ്ങള്‍ നിരവധിയാണ്. പുസ്തകങ്ങള്‍ക്കും വായനക്കും കമ്പ്യൂട്ടര്‍ഗെയിംസിനും ഒപ്പം തന്നെ നീന്തലും, ആയോധനകലകളും, ബാറ്റും, പന്തുമൊക്കെ കുഞ്ഞുങ്ങളുടെ കൂട്ടുകാര്‍ ആകട്ടെ. നാളെയുടെ ആരോഗ്യമുള്ള ഒരു തലമുറ വളര്‍ന്നു വരാന്‍  നമുക്ക് അവരെ കളിയ്ക്കാന്‍ പഠിപ്പിക്കാം.


മലയാളികളുടെ വടംവലി - വിസ്മ പിക്നിക്‌ 2017 


(Ourkids Magazine - 2017 June edition)