Thursday, April 22, 2010

ജനിക്കാതെ പോയ ഒരമ്മ

ഉണ്ണീ നിനക്കായി ഞാന്‍ നെയ്ത -
ഈ കുഞ്ഞുടുപ്പും ,
മനസിലോതുക്കിയോരീ താരാട്ടും
നഷ്ട സ്വപ്നങ്ങളായ് ഇന്നെന്റെയുള്ളില്‍ .
ഉണ്ണീ നിനക്കായി ഞാന്‍ കോര്‍ത്ത -
ഈ മണിമാലയും,
പറയാന്‍ കൊതിച്ചോരീ കഥകളും
പകരാനാകാതെ ഇന്നെന്റെയുള്ളില്‍.
ഒരു പൂ വിരിഞ്ഞതറിഞ്ഞു ഞാന്‍ 
എന്നിനി തിരികെയീ മടിത്തട്ടില്‍ ?? -
അമ്മ നിനക്കായി കാതോര്‍ത്തിരിപ്പൂ .
ഉള്ളിലുറഞ്ഞ നിന്നിളം ചൂട്,
എന്നിലലിഞ്ഞു കൊതി തീരും മുന്‍പേ
(ഒരു കിനാവിലെന്നോണം)
നീ ഒരു നനവായി എന്നുള്ളില്‍ -
നിന്നുതിര്‍ന്നു പോയീ.....
കൈ വിരല്‍ തുമ്പില്‍ മുറുകെ പിടിക്കവേ ,
പറയാതെ പോയി നീ ഒരു വാക്ക് പോലും .
എന്നിനി തിരികെയീ മടിത്തട്ടില്‍ ?? -
അമ്മ നിനക്കായി കാതോര്‍ത്തിരിപ്പൂ .പറയാതെ കാത്തുവെക്കയായ് ഞാന്‍

നിനക്കായി മാത്രം കനവുകളിലൊരു കഥ ,

പാടാതെ മനസിലൊതുക്കുകയായ് അമ്മ

നിനക്കായി മാത്രമീണമിട്ടൊരു താരാട്ട്

നീ വരുംനേരം അണിയാനായ് മാത്രം

നനുത്ത ചേലോലും ഒരമ്മപ്പട്ടെന്നില്‍ -

നരയ്ക്കാതെ മങ്ങാതെ മായാതെ കാത്തു

കാത്തുവെയ്ക്കയായുണ്ണീ വരുകിനി വൈകാതെ !

Tuesday, April 20, 2010

യാത്ര

ആത്മാവിന്‍ സ്പന്ദനം തേടി
ഇരുളുന്ന പകലുകള്‍ക്കും ,വിതുമ്പുന്ന
രാവുകള്‍ക്കും മദ്ധ്യേ ,
ഇല്ലാത്ത തോണിയിലൊരു യാത്ര
ചിന്തകള്‍ക്ക് സുഗന്ധവും സ്വപ്നങ്ങള്‍ക്ക് നിറവു-
-മുണ്ടായിരുന്ന ഇന്നലെകളുടെ പുനര്‍ജ്ജനി തേടി
പണ്ടേ മറന്നൊരു വഴിയിലൂടിന്നു ഞാന്‍ വീണ്ടും
വാനപ്രസ്ഥങ്ങള്‍ക്കുമപ്പുറം തുണയായ്
ഇന്നിവിടെ നിനക്കെന്റെ നിഴല്ക്കൂട്ടു മാത്രം
ബന്ധങ്ങളുടെ ബന്ധനപ്പാടില്‍ -
ഔപചാരികതയില്‍ എന്‍ വിട നിനക്കായി മാത്രം
നിണമണിഞ്ഞയീ സ്വപ്ന കുമ്പിളിലെ
എരിഞ്ഞമര്‍ന്നോരെന്‍ ചിന്ത തന്‍ ചാരം
ചക്രവാളത്തിനപ്പുറം ഒഴുക്കിയെന്‍
ആത്മ തര്‍പ്പണം ഇന്ന് ചെയ്യട്ടെ ഞാന്‍
യാത്രാ മൊഴിയിലെന്‍ ഗദ്ഗദമുണ്ടാം
കരിഞ്ഞു വീണോരെന്‍ മോഹങ്ങളുണ്ടാം
നിറങ്ങള്‍ പോയോരെന്‍ ചിന്തകളുണ്ടാം
നഷ്ടമായ് പോയോരെന്നിലെ ഞാനുണ്ടാം
എങ്കിലും എന്നിമകളിറുക്കി അടയ്ക്കുന്നു ഞാന്‍
വിട പറഞ്ഞീടുമീ നിറമിഴി തുളുംബാതിരിക്കാന്‍
ഇനിയെന്‍ ഗദ്ഗദത്തിന്‍ മുടി  കെട്ടി
പിരിഞ്ഞീടട്ടെ ഞാന്‍ തളരാതെ വേഗം നടക്കാന്‍
മോഹഭംഗത്തിന്‍ പാഥേയം മറക്കയാണിവിടെ ഞാന്‍
നഷ്ട സ്വപ്നങ്ങളുടെ ഭാണ്ഡത്തിനൊപ്പം ......................

Tuesday, April 6, 2010

മാറ്റം മണക്കുന്ന കാലം

ഗര്‍ഭപാത്രം ചിരിക്കയായെന്നിലെ ,
ചുവന്ന ,മണമില്ലാ പൂവുകള്‍ ചൊരിഞ്ഞു 
തുടിച്ചു തുള്ളി കുത്തി ഒഴുകയായ് ,
മിടിച്ചു നില്‍ക്കുമാ  കുരുന്നു സ്പന്ദനം 
കണ്ടു മറന്നു പറഞ്ഞു പഴകിയ 
അമ്ലമായ് വായില്‍ നുരഞ്ഞ വ്യാക്കൂണുകള്‍
ചേര്‍ത്തെടുത്തെന്റെ ഉള്ളിലെ മാതൃ-
ഭാവത്തില്‍ പൂക്കളം തീര്‍ക്കയായ് .
ചുഴികള്‍ മലരികള്‍ പൊങ്ങിയുലഞ്ഞു 
തിമിര്‍ത്ത രാപ്പകലുകള്‍ 
ആടിയുറഞ്ഞ അറുതികള്‍ക്കൊടുവില്‍ 
എങ്ങോ നിലച്ചു പോയ്‌  എന്‍ ജീവഘടികാരം 
എല്ലാം മറന്നുറങ്ങട്ടെ ഞാനിനി ,
എന്നില്‍ നിന്നടര്‍ന്നു തെറിച്ച സ്വപ്നം തേടി 

മകനേ പുനര്‍ജ്ജനിക്ക....!!!!!!!!

നിള ശാന്തമായ്  ഒഴുകവേ ,തീരത്ത് 
പുനര്‍ജ്ജനി തേടി ഒരു പിടി ആത്മാക്കള്‍ 
ജനിക്കാതെ പോയൊരാ പുത്രനില്‍ 
മോക്ഷം തേടി അലയുന്ന പിതൃക്കള്‍ 
ജന്മാന്തരങ്ങള്‍ക്കുമപ്പുറത്ത് ,
നിനക്കായി കുറിച്ഹിട്ടതാണീ നിയതി 
മകനേ നീ ജനിക്കണം ,തീര്‍ച്ച
ഇവിടെ നിനക്കായി കാതോര്‍ത്തിരിക്കയായി 
ജനിമൃതികള്‍ക്കും അപ്പുറമൊരു തര്‍പ്പണം ....
ഈ പാപനാശിനി നിനക്കായി ഒഴുകയായ് 
നിന്നില്‍ നിന്നുമുതിരുന്ന എള്ളുമണികള്‍ക്കായ് 
ഈ ഗര്‍ഭപാത്രം നീ മറന്നീടുക ,
മറക്കൊല്ലേ മകനേ നിന്നസ്ത്വിത്ത്വം !!!!
നീ ജനിക്കാതെ പോയതെനിക്കായിരിക്കാം 
പക്ഷേ ,നിനക്കായ്‌ തപിച്ചത് നിന്‍ പിതൃക്കള്‍ 
മകനേ , നീ ജനിക്കണം തീര്‍ച്ച ,
(ഈ നിള ഒഴുകുന്നതിന്നു നിനക്കായ്‌ )
ഉള്ളിലെ ചൂട് പുറമേ മറച്ചു ,മോക്ഷ-
പ്രാപ്തി തന്‍ കുളിരിന്റെ കരബലിക്കായി,
നിന്‍ പുനര്‍ജ്ജനി തേടിയീ തീരത്ത്
അലയുന്നു,അശാന്തരാം നിന്‍ പിതൃക്കള്‍ .
മകനേ , നീ ജനിക്കണം തീര്‍ച്ച !!!!!!!!!!!

.For U

Still the Rose is RED...
Remaining in the Solitude.
Longing for YOUR Touch-
Just to fade OUT..................

Monday, April 5, 2010

ബാല്യമേ .................

ഒരു കുഞ്ഞു മഴവില്ലും ,ഒരു മഷിത്തണ്ടും 
കയ്യില്‍ നിന്നുതിര്‍ന്ന മഞ്ചാടിമണികളും 
തരികെന്‍റെ  നിറവാര്‍ന്ന ബാല്യം എനിക്കായ് -
ഒരു മാത്രയെങ്കിലൊരു മാത്ര മാത്രം 
മുങ്ങാംകുഴിയിട്ട അമ്പലക്കുളത്തില്‍ ,
ചെളി തെറ്റിച്ചോടിയ വയല്‍ വരമ്പില്‍ 
'ഐസ് ഐസ് ' വിളികള്‍ കാതോര്‍ത്ത
നാട്ടിന്‍പുറത്തെ ആ വഴിയോരങ്ങളില്‍
തരികെന്റെ നിറവാര്‍ന്ന ബാല്യം എനിക്കായ് -
ഒരു മാത്രയെങ്കിലൊരു മാത്ര മാത്രം

Thursday, April 1, 2010

വെള്ളച്ച്ചുമര്‍

ധവളിമ ഉള്ളൊരു ചുമരാണിന്നെന്‍ മനം
എന്തെഴുതിയാലും തെളിമയായ്‌ കാണാം
ഇഷ്ടത്തിന്‍ നിറക്കൂട്ട്‌ പടര്‍ത്തിയാല്‍
വെറുപ്പിന്റെ വിഷച്ച്ചാര്‍ത്ത് കലക്കിയാല്‍
ഒറ്റപ്പെടലിന്റെ പേരറിയാ വര്‍ണങ്ങള്‍
കൂട്ടിച്ചെര്ത്തത്തില്‍ മുക്കിയെടുത്താല്‍ ......
ധവളിമ ഉള്ളൊരു ചുമരാണിന്നെന്‍ മനം
എന്തെഴുതിയാലും തെളിമയായ്‌ കാണാം