Friday, May 15, 2015

ശവംനാറിപ്പൂക്കളിലൂടെ പറക്കുമ്പോള്‍

ഇല്ല, അടി തെറ്റിയത് എനിക്കല്ല ,കണ്ണിനു
മുന്നിലൂടെ ഒഴുകിയിരുന്ന പച്ചപ്പായലിനാണ്
നോക്കി നോക്കി നില്‍ക്കെയത് നീലയും
ഇരുട്ടുമായ് മാറി താണുതാണു പോയി

അഴലാഴങ്ങളില്‍ നിന്ന് വന്നത് പോലെ ഒരു
'മീന്‍കൊത്തി'യതിന്‍റെ ,പട്ടുനേര്‍ത്ത തല
വെട്ടിച്ചെടുത്തതില്‍ കൂട്ടിനായ് വന്നൊരു
വെള്ളിമീന്‍ ചിരിക്കയായ് കുലുങ്ങി കുലുങ്ങി

എവിടെയോ തട്ടിത്തെറിച്ചു വരുന്നുണ്ട്
ഞാനെന്നില്‍ നിന്ന് പറത്തി വിട്ട ശബ്ദം
ഇരുളിന്‍റെ  ഉന്മാദങ്ങളിലേയ്ക്ക് ചേര്‍ന്നിരി-
-ക്കെന്നെന്നോടൊരു കുഞ്ഞുകല്ലടിത്തട്ടില്‍.

മൂക്കില്‍ നിറയുന്നതിപ്പോഴും പാതിചാരിയ
വാതിലിനുള്ളിലെ വീര്‍ത്തുപൊള്ളിയ പപ്പടം!
'കാച്ചിവെക്കുക , ഞാനൊന്നവിടെ വെയില്‍ കാഞ്ഞു
വരാ'മെന്നോതിയിറങ്ങി പടി ചാരി

അറിഞ്ഞതില്ലീ ഇരുളിന്‍ മുഷിപ്പില്‍ തണുപ്പെ-
-ന്‍റെ ചൂടേറ്റു മായാന്‍  കാത്തിരിക്കുമെന്ന്.
തലയ്ക്കുള്ളിലായ് ചെറു പിറു പിറുപ്പോടെ
 മൂളുന്നതൊരായിരം വണ്ടുകള്‍  ,ശല്യം!
തല കുടഞ്ഞിട്ടും പോകുന്നതില്ലവ,തുറന്ന
ചെവിയിലൂടെ കയറുന്നു വീണ്ടും

പറയാതെ ബാക്കിവെച്ച ചില പരിഭവങ്ങള്‍ ,
കൊടുക്കാനാകാതെ പോയ മധുരചുംബനങ്ങള്‍,
കേള്‍ക്കാന്‍ കൊതിച്ച മറുപാട്ടിന്‍റെയീണം ,
രുചിയിലൂറിയോരമ്മ തന്‍  കയ്യുരുള ....

എല്ലാം മറന്നു വെയ്ക്കയായിവിടെയി-
-ന്നെന്‍റെ ചിരിയുടെ ഓര്‍മ്മയ്ക്കായ് മാത്രം !
ഒഴുകി മറയും മുന്‍പെന്നിലേക്കൊന്നു കൂടി
നോക്കിച്ചിരിക്കട്ടെ , അത്  മാത്രമാകട്ടെ ബാക്കി.