Friday, August 30, 2013

ചില ആഗ്രഹങ്ങള്‍

ഇന്ന് ഞാന്‍ പറയട്ടേ -
ചില ആഗ്രഹങ്ങള്,മകനേ
നിന്നോട് മാത്രം.
വെറുമൊരു ദേഹമായ് മാറുമ്പോള്‍
കത്തിച്ചു കളയരുത് എന്നെ-
ഒരു പുകക്കാറ്റില്‍ അലിഞ്ഞു
ഞാന്‍ നിങ്ങളെ വിട്ടു പോയേക്കാം !

ചന്ദന മുട്ടികളടുക്കി
ദഹിപ്പിച്ച്, ശിഷ്ടമാം
എല്ലുകള്‍ പെറുക്കിയെടുത്ത്
 പേര് കേട്ട പാപനാശിനിയില്‍ ,
കാശിയില്‍ ,രാമേശ്വരത്ത് ,
ഗംഗയില്‍ ഒഴുക്കരുതെന്നെ

അവിടേക്ക് ആ കറന്റിലേക്ക്
എന്നെ കൊണ്ട് പോകരുത്
പേടിയാണെനിക്കാ വൈദ്യുത
കണങ്ങളെ , കരിച്ചിടും
അവയെന്റെ  ഒളിപ്പിച്ച
സ്വപ്നങ്ങളെ പോലും

എന്നെയാ തെക്കേയറ്റത്ത്
മുത്തശി മാവിന്‍റെ താഴെ
ഒരു പിടി മണ്ണിട്ട് പൂവിട്ട്
അടക്കിയാല്‍ മതി -
അവിടെ നിന്നും എന്‍റെ
ഓര്‍മ്മകളില്‍ നിന്ന്
ഓണം വരുമ്പോളോരു
തുമ്പയായി , കുളിച്ചു
തുടിക്കാന്‍  ദശപുഷ്പമായി
കര്‍ക്കിടത്തിലെ കറുകയായി
ഞാന്‍ ഉണര്‍ന്നു വന്നോളാം .

എന്നെ എന്‍റെ തെക്കേ
തൊടിയിലെ ഓടി  നടന്ന
മണ്ണ് പുതപ്പിച്ചു ,
ഞാന്‍ മണത്ത മാമ്പൂ
ഞാന്‍ നട്ട മുല്ല
ഞാന്‍ കൊതിച്ച പുളിഞ്ചി
ഇവയെല്ലാം കൂട്ടായി
ഇവിടെ ഉറക്കിയാല്‍ മതി.


 

Wednesday, August 28, 2013

നിങ്ങളെവിടെ ?

അന്ന് വായിച്ചു മടുത്തപ്പോള്‍
എന്‍റെ പഴകിയ കോശങ്ങളെ
ശ്വാസം കിട്ടാത്ത രീതിയില്‍
മടക്കി  വെച്ചതാരാണ്.

ഇനിയുമിനിയും അന്ത്യം
ആയില്ലേ കഥയ്ക്കെന്ന
അക്ഷമയ്ക്കൊടുവില്‍,
എന്‍റെ കൈ ഞരമ്പുകള്‍
 വിങ്ങി വേദനിക്കുമാറ്
 മറിച്ചു നോക്കിയതാരാണ്

ഇനിയും ഇനിയും എന്ന്
കയ്യിലെ മാമ്പഴത്തേന്‍
ഊറിക്കുടിക്കവേ , മറു
ചിറിയിലൂടെ താഴേക്ക്
ഒലിച്ചെന്റെ കവിള്‍ത്തടത്തെ
മഞ്ഞച്ച വിളറിച്ചതാരാണ്

എണ്ണപ്പാടോലും വിരലിനാല്‍
എന്‍റെ മുടിയിഴ ഒതുക്കി
മിനുക്കി മിനുപ്പിച്ചത്
ഏതു കൈ വിരലുകളാണ്?

ആരാരും കാണാതെ
കുപ്പായത്തിനുള്ളില്‍
ഒളിപ്പിച്ച് എന്‍റെയും
ഹൃദയമിടിപ്പ്‌ കൂട്ടിയത്
ആരാണ് ആരാണെന്ന
തിരച്ചിലില്‍ ആണ് ഞാന്‍ !


 

Sunday, August 25, 2013

പെങ്ങള്‍


ഇന്നലെ അറിഞ്ഞിരുന്നില്ലെന്നു
നീ പറയരുത്,
ഇന്ന് കണ്ടില്ലെന്നും

നീ പറയരുത്...

പറഞ്ഞ വാക്കുകളില്‍ എവിടെയോ,
കൂടെയിരുന്നത് നിന്റെ നിഴലിനോപ്പം
ഞാന്‍ ആയിരുന്നിരിക്കാം

മനസ് കാണാതെ കാണുമ്പോള്‍,
പിറവിയില്‍ അല്ലാതെയും
നീയെനിക്ക് കൂടെയുണ്ടാകാം

ഇന്ന് കണ്ടിരുന്നില്ലെങ്കില്‍,

നാളെ നീ  പറഞ്ഞേനെ
അവളെന്നെ

അറിയാതെ പോയ പെങ്ങളാണെന്ന് !

Tuesday, August 20, 2013

ഓര്‍മ്മകളില് ചില ചോറുരുളകള്‍

ഓര്‍മ്മകള്‍ ഇവരെ കുറിച്ചാകുമ്പോള്‍ എനിക്ക് കണ്‍ഫ്യൂഷന്‍ ആണ്, ഏത് കഥ പറയണം എത്ര പറയണം എന്നൊക്കെ. ഞാന്‍ ജനിച്ചപ്പോള്‍ മുതലേ എന്നെ സഹിച്ചു സഹിച്ചു വളര്‍ന്ന, ഇപ്പോഴും സഹിച്ചു കൊണ്ടിരിക്കുന്ന എന്‍റെ ട്വിന്‍സ് പൊന്നാങ്ങളമാര്‍. പല കഥകളും അവരില്‍ തുടങ്ങി അവരില്‍ അവസാനിക്കും, ഞാന്‍ ആലോചിക്കാറുണ്ട് എനിക്ക് സ്വന്തമായി ഒരു കഥ ഇല്ലേന്നു ! സ്വകാര്യ അഹങ്കാരം, വീക്നെസ് ഇതൊക്കെയാണ് എനിക്കവര്‍, ഇപ്പോഴും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി (വീട് വിട്ടിടം മുതല്‍ എന്ന് പറയാം) രക്ഷാ ബന്ധന്‍  ,ഞാന്‍ "രാഖി" ഉള്‍പ്പെടെ കാര്‍ഡ്സ് അയക്കും രണ്ടാള്‍ക്കും - ഇക്കൊല്ലം അയച്ചില്ല, പക്ഷെ ഇന്നലെ മുതല്‍ രണ്ടാളേയും നാഴികയ്ക്ക് നാല്‍പ്പതു വട്ടം ഓര്‍ക്കുന്നു.

അടുത്തിടെ പപ്പേച്ചി(പദ്മശ്രീ നായര്‍)  എഴുതിയ ഉരുള മാഹാത്മ്യം വായിച്ചപ്പോള്‍ എന്‍റെ ഓര്‍മ്മയിലും എത്തി രണ്ടുരുളകള്‍ -അമ്മ ഉരുട്ടി തന്നതല്ല അവിടെയും എന്‍റെ ഓര്‍മ്മ !   ഞാനും ചേട്ടായീസും കഴിക്കുമ്പോള്‍ അവസാന ഭാഗം എത്തുമ്പോള്‍ മത്സരം ആകും. ആരുടെ ഉരുളയ്ക്കാണ് കൂടുതല്‍ രുചി എന്ന്. ഒരേ കറി കുഴച്ച ചോറുരുളയ്ക്കും വ്യത്യസ്ത രുചികളാകും,  കൂട്ടു കലര്ത്തിയതിന്‍റെ വ്യത്യാസം. ഇന്നും ഞങ്ങള്‍ മൂന്നാളും അങ്ങനെയൊക്കെ തന്നെ ഉരുളയുടെ രുചി നോക്കാന്‍ ഒരുമിച്ചാകുന്ന സമയം കുറവാണെന്ന് മാത്രം.

കുഞ്ഞിലെ, ഞായറാഴ്ച്ച ദിവസങ്ങളില് ചോറ് ആയി വരുമ്പോള്‍ തന്നെ ഒരു നേരമാകും - ആവി പറക്കുന്ന ചൂട് ചോറ് അമ്മ ഒരു കുഞ്ഞുരുളിയിലേക്ക് ഇടും അത് ഞങ്ങള്‍ക്ക് മൂന്നാള്‍ക്കും ഉള്ളതാ. ചുടുക്കനെ മോര് കറിയോ, മീന്‍ കറിയോ തോരനോ ഒക്കെ അതിനു നടുവിലേക്ക് . എന്നിട്ട് ഞങ്ങള്‍ മൂന്നാളും ആ ഉരുളിക്ക് ചുറ്റുമിരുന്നു , ഒരുമിച്ചു കയ്യുകള്‍ അതിലേക്കിട്ടു ആ കയ്യീന്ന് ഇങ്ങോട് വാരി ഈ കയ്യീന്ന് അങ്ങോടു വാരി കഴിക്കും. എത്ര മധുരമായ നിഷ്കളങ്കമായ ഉരുളയോര്‍മ്മകള്‍ :)


എന്ന് കരുതി ഈ കൊച്ചേട്ട-വല്യേട്ട ഇരട്ട സഖ്യത്തിനോട് അടിയില്ല എന്നല്ല, ഞാന്‍ ഒരു  എട്ടാം ക്ലാസ് ആകുന്നിടം വരെ മുട്ടന്‍ അടികൂടല്‍ ഉണ്ടായിരുന്നു. പക്ഷെ, എപ്പോഴും ഉള്ള അലിഖിത നിയമം - ഞാന്‍ ആരോട് അടിയുണ്ടാക്കുന്നോ മറ്റെയാള്‍ എന്‍റെ സെറ്റ് ആണ്.  അതില് ഒരു മാറ്റമില്ല. കൂടുതലും കൊച്ചേട്ടനും ആയിട്ടാകും അടി (ഇരട്ടകള്‍ ആണേലും കൊച്ചേട്ടന്‍ വല്യേട്ടന്‍ എന്ന വിളിയെ അന്വര്‍ത്ഥമാക്കുന്ന സ്വഭാവം, കൊച്ചേട്ടന് മൂക്കത്ത് ദേഷ്യം പിണക്കം  ഇണക്കം , വല്യേട്ടന് ദേഷ്യം വരാന്‍ കുറച്ചു സമയം പിടിക്കും - വന്നാല്‍ സൂക്ഷിക്കണം ! ) .
അങ്ങനെയുള്ള ഒരു അടി കൂടല്‍ സെഷന്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ അമ്മ എത്തി- നല്ല ഈര്‍ക്കിലി തല്ലു കിട്ടി ഓടിയ വഴിക്ക് ഞാനും കൊച്ചേട്ടനും ഒരുമിച്ച്, സമാധാനം പറയാന്‍ നിന്ന വെള്ളരിപ്രാവ്‌ വല്യേട്ടന് പൊതിരെ തല്ലും !

അമ്മയോട് പിണങ്ങി ഭക്ഷണം കഴിക്കാതെ സമരം ചെയ്യുമ്പോള്‍ ആദ്യമേ പറഞ്ഞു വെക്കും ചേട്ടായീസിനോട്. അമ്മ വന്നു വിളിച്ചു കഴിയുമ്പോള്‍ ,വല്യേട്ടന്‍ ഉറക്കെ പറയും "എന്നാലും അമ്മ അങ്ങനെ ചെയ്യണ്ടായിരുന്നു,  അവള് പാവം. ഞാന്‍ പോയി നിര്‍ബന്ധിച്ചു കൊണ്ട് വരട്ടെ കഴിക്കാന്‍ " . പിന്നെ അകത്തു വന്നു പറയും  "കൊച്ചു ഇന്ന് നല്ല ഉള്ളിതീയല്‍ ഉണ്ട് നിന്റെ ഫവരിറ്റ്. വേണേല്‍ വേഗം വന്നോ" - പിന്നെ അമ്മയും അച്ഛനും കാണുക വേണ്ട  എന്നാ മുഖഭാവത്തില്‍ ഉള്ള എന്നെ ചേട്ടായീസ് നിര്‍ബന്ധിച്ചു കൊണ്ട് വന്നു കഴിപ്പിക്കുന്നതാണ് - എന്‍റെ വിശപ്പും മാറും, സമരം പ്രതിഷേധം തോല്‍ക്കുന്നുമില്ല  :).

തുടക്കത്തില്‍ പറഞ്ഞത് പോലെ ഇതെവിടെ കൊണ്ട് നിര്‍ത്തണം എന്നറിയുന്നില്ല .... തല്‍ക്കാലം   ചേട്ടായീസിനു രക്ഷാബന്ധന്‍ ദിനം ആശംസിച്ചു നിര്‍ത്തുന്നു - ഇനി വരും  എല്ലാ ജന്മത്തിലും എനിക്ക് ഇങ്ങനെ തന്നെ നിങ്ങളെ  ഉപദ്രവിക്കാന്‍ ആകണേ എന്ന പ്രാര്‍ത്ഥനയോടെ....  ആച്ചീസ്കൊച്ച് 
        
 

Sunday, August 18, 2013

ഋതുഭേദങ്ങള്‍

മഞ്ഞുകാലമായ് പ്രിയാ
മറന്നിടാനാകുമോ
മനസിന്‍റെ കോണില്‍
നമുക്കായ് മാത്രം
നാം തീര്‍ത്ത  ഋതുക്കള്‍

നിന്‍ വിരല്‍തുമ്പില്‍
ഒരു വേനല്‍ച്ചൂട്
ഒന്നാകെ എരിഞ്ഞു
നിന്നത്

വിറയാര്‍ന്ന അധരത്തില്‍
കുഞ്ഞു മഴ മേഘങ്ങള്‍
ചിരിച്ചുതിര്‍ന്നത്

നീ തൊടും നേരം
വസന്തങ്ങള്‍  എന്നില്‍
പൂത്തുലഞ്ഞത് .

ഉള്ളില്‍ കുറുകിയ
സ്പന്ദങ്ങള്‍ എന്നിലും
നിന്നിലും മാറിമാറി
നിറം ചാര്‍ത്തിയത്

പുറംതോട് ഇലകള്‍
പൊഴിച്ച്
നീയും ഞാനും
നാഡീ ഞരമ്പുകളായി
ചുറ്റി പിണഞ്ഞത്

ഒടുവിലാ മഞ്ഞു
പുതപ്പിനുള്ളില്‍
സ്നേഹ ചൂടിന്‍റെ
കമ്പളം പുതച്ച്
കുറുകിയുറങ്ങിയത്

ഋതുഭേദങ്ങള്‍ നമുക്കായി
കാത്തിരിക്കും നേരം
അരികില്‍ വരിക പ്രിയനേ
എന്‍റെ സ്വപ്നങ്ങളില്‍ !

 

Thursday, August 15, 2013

കൂട്ടുകാരാ !

കര്‍ക്കിടത്തിലെ കാറ്റിനൊപ്പം
മൌനമായിന്നെന്റെ ഓര്‍മ്മ വന്നു.
കണ്ണന്‍ചിരട്ടയില്‍ മണ്ണപ്പം ചുട്ട,
കണ്ണാന്തളിയിലത്തുമ്പകള്‍  നുള്ളിയ
കരിയിലയ്ക്കൊപ്പം  കാശിയ്ക്കു പോയ
മണ്ണാങ്കട്ടയുടെ കഥ ചൊല്ലിത്തന്നോരാ
കളിക്കൂട്ടിനെ  ഓര്‍ത്തു പോയി.

നാളേറെയെന്റെ  കണ്ണുകള്‍ പൊത്തിയ,
കൈവിരല്‍പ്പാടിനാല്‍ ചായങ്ങള്‍ പൂശിയ,
കോമരം കാട്ടി പേടിപ്പെടുത്തിയ,
കൌമാരത്തിന്റെ ഇടവഴിയിലെവിടെയോ
ഓര്‍മ്മയായ് മാറിയ കൂട്ടുകാരാ .

ഒന്നുമറിയാത്ത ബാല്യത്തിലിപ്പോഴും
കര്‍പ്പൂര മാവിന്‍റെ ചോട്ടിലിരുന്ന്
മരച്ചീനി തണ്ടിനാല്‍ മാലകള്‍ കെട്ടി
നീയൊന്നു ഞാനൊന്നു എണ്ണിയെണ്ണി
ആരാരു കണ്ടാലും ആരെയും കാണാതെ
അങ്ങോടുമിങ്ങോടും ഇട്ടിടാമോ?

 

Sunday, August 11, 2013

ചൂണ്ടു പലക

എന്‍റെ നിയതിയില്‍,നിന്നോട് ചേരലില്ല ,
പിരിയലില്ല,കൂട്ടില്ല,
പരാതിയും പിണക്കവുമില്ല ...
 
എന്റെ നിയതിയില്‍ നീ കാണാതെ
പോകുന്ന നിന്നെ കാട്ടല്‍ മാത്രം !
 
ആ നിയതി, ഒരു നാള്‍ വന്നു ,
വാതില് മുട്ടി - ഒരു നൂറായിരം  
കൊല്ലത്തിനപ്പുറത്തേക്ക്  
കൊണ്ട് പോയെന്നെ.
 
പല ജന്മത്തില്‍ ഞാന്‍ കണ്ട നിന്നെ,
നീ കണ്ട എന്നെ കാട്ടി
ഇന്നിവിടെ കൊണ്ടിറക്കി.
 
ഈ ജന്മത്തില്‍ അന്തിയാകും
മുന്നേ നിന്നെയീ കടല്‍ തീരത്ത്,
തിര വരാതെ പോകുന്ന ഇടവേളയില്‍
ഞാന്‍  കാണുമെന്നു പറഞ്ഞു.
 
ഇവിടെ ഞാനൊരു ചൂണ്ടു പലക മാത്രം
നിന്നിലെ നിന്നിലെക്കൊരു ചൂണ്ടു പലക !

Wednesday, August 7, 2013

വെയില്‍പ്രണയം


പുലരി വന്നില്ല പ്രിയനേ, ഈ മഞ്ഞിന്‍
വെയില്ച്ചൂടും വന്നില്ല.
നീയും ഞാനുമെന്ന തീക്ഷ്ണതയില്‍
വെയില്പ്പൂക്കളായി നമ്മള്ന്യോന്യം
ഒന്ന് തൊട്ടു , പുണര്‍ന്നു എന്നിലേക്ക് -
നിന്നിലെക്കീ വിരല്‍തുമ്പിലൂടെ
അറിയാതെ പറയാതെ അലിയുന്ന
കുളിരുള്ള വെയില്ചൂട്.....!!


ഉള്ളിലേക്ക് ഉറഞ്ഞുറഞ്ഞു പോകുന്നത്
നീയെന്ന വെയില്ച്ചൂടാണ് പ്രിയനേ.
ഉരുകുന്ന മനസിന്‍റെ ആഴങ്ങളില്‍
പ്രണയമെന്ന ചൂട് നീയാണ് പ്രിയനേ
നിന്നിലെക്കലിയാന്‍ മാത്രമായിന്നെന്റെ
കടലാഴങ്ങളില്‍ കാത്തിരിക്കുന്നു
ഉപ്പിന്റെ രുചിയുള്ള ഒരു തുടം പ്രണയം !

Tuesday, August 6, 2013

ചില ബലി ചിന്തുകള്‍


എന്‍റെ പിതൃക്കള്‍ക്ക്  
=====================
ജന്മാന്തരങ്ങള്‍ക്ക് അപ്പുറം
എനിക്കായ് നോമ്പ് നോറ്റവര്‍ ,
ഇന്നീ ജന്മക്കൊമ്പിലിരിക്കയായ്
മോക്ഷത്തിന്‍  നനവാര്‍ന്ന
കയ്യടികള്‍ കാത്ത്.

ഓര്‍മ്മകള്‍ ഉരുളയായ്
ഞാനരികില്‍ വെക്കവേ
നാക്കില തുമ്പില്‍ വീണത്
കണ്ണുനീര്‍  പൂക്കളോ!


എന്‍റെ പുത്രന്
===============
ഞാന്‍ മരിച്ചെന്നെ, കാത്തു
കാത്തിരിക്കയായ്‌ നിന്‍റെ മാത്രം
കൈ കൊണ്ട് എനിക്ക് നീ നല്‍കേണ്ട        

എള്ള്മണിയുരുളകള്‍ !

നീ വരും നേരം
നിനക്കായി മാത്രം
ഒരു തുള്ളി പാല്‍മണം,
ഈ  പാപനാശിനിയില്‍
ഞാന്‍ കരുതി വെച്ചീടാം .
 
 
 
 
 
 
 

Sunday, August 4, 2013

3 കുറുംകവിതകള്‍

ചാറ്റുമുറി
============
ചതിക്കപ്പെട്ടവള്‍ ഊരു പേരായി ‍
ചാനലില്‍ ചര്‍ച്ചയാകുന്നു
മുഖപുസ്തകത്തില്‍ ഇഷ്ടാനുസരണം
മുഖം മാറി മാറി വെച്ച്
ചതിയന്‍ ചിരിയോടെ വീണ്ടും
ചാറ്റുമുറികള്‍ തേടുന്നു !!


സൗഹൃദം
============
ഇന്നലെ , കണ്ടതും അറിഞ്ഞതും
ഇന്ന്, കാണാതെ കണ്ടതും  കേട്ടതും
നാളെ ,ആരുമറിയാതെ പോകുന്നത്
ആര്‍ക്കും അര്‍ത്ഥം  അറിയാത്തതും


പ്രണയം
===========
ആത്മാവ് നുറുങ്ങിയൊലിക്കിലും
എത്രയെത്ര ഗുഹാമുഖങ്ങള്‍ താണ്ടണം
നിന്നിലെക്കെത്താന്‍ എന്ന് പേര്‍ത്തും
പേര്‍ത്തുമാലോചിച്ച് ഒടുവില്‍
നിന്നിലെക്കെത്താത്ത ദൂരങ്ങള്‍
അളന്നളന്നു എന്നില്‍ തന്നെ
അലിഞ്ഞു  ഒടുങ്ങുന്ന വ്യര്‍ത്ഥ നോവ്‌ . 

Saturday, August 3, 2013

ഒരുപാട് നന്ദിയോടെ . . .

വികാരങ്ങളുടെ കുത്തൊഴുക്കിനെ
ഞാനിഷ്ടപ്പെടുന്നു,
കാരണമതില്‍ നിന്റെ സ്പര്‍ശമുണ്ട്.
ചിന്തകളുടെ വേലിയേറ്റങ്ങളെ
ഞാന്‍ കാത്തിരിക്കുന്നു,
കാരണം അവയ്ക്ക് നിന്റെ ഗന്ധമുണ്ട്.

ചിന്തകള്‍ക്കും,വികാരങ്ങള്‍ക്കും അപ്പുറം
മനസ്സിന്‍റെ ചില്ലുകൂടിനെ ഞാന്‍ ഭയപ്പെടുന്നു -
കാരണമതില്‍ നിന്‍റെ പ്രതിബിംബമുണ്ട്!!

സ്വന്തമാകാതെ നഷ്ടമായവയും,
നഷ്ടമാകാതെ സ്വന്തമാക്കിയവയും
മനസ്സിന്‍റെ തുലാസ്സിനൊന്നിനു ഭാരക്കൂടുതല്‍.
ഏതെന്ന തിരിച്ചറിവിനെ ഞാനറിയുന്നില്ല.

എങ്കിലും കൈക്കുമ്പിളിലെ ജലം പോലെ
നഷ്ടമായ നിമിഷങ്ങളെ -
നിങ്ങളെ ഞാനേറെയിഷ്ടപ്പെടുന്നു
ആത്മാവിന്‍ സ്പന്ദനത്തിലുമേറെ ,
നശ്വരമീ അസ്തിത്വത്തിലുമേറെ .

ഉള്ളിനെയുരുക്കുന്ന തപ്തനിശ്വാസങ്ങളെ -
നിങ്ങള്ക്ക് നന്ദി !
ഒഴുകിയിറങ്ങും മിഴിനീര്‍ക്കണങ്ങളെ -
നിങ്ങള്‍ക്കും നന്ദി !
മോഹങ്ങള്‍ കൊണ്ടൊരു മാറാല തീര്‍ക്കാനെന്നെ
പഠിപ്പിച്ച ഹൃദയമേ നന്ദി!
മിഴിനീര്‍ ചുവയ്ക്കയാല്‍ ഹൃദ്യമായ് തീര്‍ന്നൊരീ
സൌഹൃദമേ നന്ദി!
എനിക്കായ് പറഞ്ഞ വചസ്സേ നന്ദി ..!
എന്നിലേക്കലിയുന്ന മൌനമേ നന്ദി..!
മറവിയായ് തീരും വികാരമേ -
നിനക്കും നിനക്കുമെന്‍ നന്ദി !!

Thursday, August 1, 2013

ഇല്ലാതെ പോകട്ടെ - ബോധം !

നീ പറഞ്ഞ പുതു ലോകം,
നീ വരച്ച പുതു ചിത്രം
നീ കാട്ടിയ പുത്തൻ,
ഞാനത് കണ്ടൂറ്റം കൊണ്ടേ. .

ആ ലോകം എനിക്കല്ല
ആ ചിത്രം ഞാനല്ല
ആ പുത്തൻ നോട്ടുകൾ
അവ മാത്രമെൻ വില.

ലഹരിയായിരുന്നോ പ്രണയ
മധുരമായിരുന്നോ
അടിവയറിൽ തുടിച്ചത്
ആര്യ വംശമായിരുന്നോ.

അയലത്തെ കുടിയിലെ
അരുമയ്ക്കൊ അന്തി-
തിരി കൊളുത്തുന്നേരം
"വായ്ക്കരി ഇടാനച്ച
വരില്ലേ" എന്നൊരു ചോദ്യം .

ഉള്ളിലെ പൂങ്കരൾ വാടട്ടെ
ഇത്തിരി മാനവും ,
ഒത്തിരി മോഹവും
നിന്നെയെൻ ഓർമ്മയാക്കും
ബോധവും ചാകട്ടെ,
ഞാനിനി കുടിക്കട്ടെ