Friday, August 30, 2013

ചില ആഗ്രഹങ്ങള്‍

ഇന്ന് ഞാന്‍ പറയട്ടേ -
ചില ആഗ്രഹങ്ങള്,മകനേ
നിന്നോട് മാത്രം.
വെറുമൊരു ദേഹമായ് മാറുമ്പോള്‍
കത്തിച്ചു കളയരുത് എന്നെ-
ഒരു പുകക്കാറ്റില്‍ അലിഞ്ഞു
ഞാന്‍ നിങ്ങളെ വിട്ടു പോയേക്കാം !

ചന്ദന മുട്ടികളടുക്കി
ദഹിപ്പിച്ച്, ശിഷ്ടമാം
എല്ലുകള്‍ പെറുക്കിയെടുത്ത്
 പേര് കേട്ട പാപനാശിനിയില്‍ ,
കാശിയില്‍ ,രാമേശ്വരത്ത് ,
ഗംഗയില്‍ ഒഴുക്കരുതെന്നെ

അവിടേക്ക് ആ കറന്റിലേക്ക്
എന്നെ കൊണ്ട് പോകരുത്
പേടിയാണെനിക്കാ വൈദ്യുത
കണങ്ങളെ , കരിച്ചിടും
അവയെന്റെ  ഒളിപ്പിച്ച
സ്വപ്നങ്ങളെ പോലും

എന്നെയാ തെക്കേയറ്റത്ത്
മുത്തശി മാവിന്‍റെ താഴെ
ഒരു പിടി മണ്ണിട്ട് പൂവിട്ട്
അടക്കിയാല്‍ മതി -
അവിടെ നിന്നും എന്‍റെ
ഓര്‍മ്മകളില്‍ നിന്ന്
ഓണം വരുമ്പോളോരു
തുമ്പയായി , കുളിച്ചു
തുടിക്കാന്‍  ദശപുഷ്പമായി
കര്‍ക്കിടത്തിലെ കറുകയായി
ഞാന്‍ ഉണര്‍ന്നു വന്നോളാം .

എന്നെ എന്‍റെ തെക്കേ
തൊടിയിലെ ഓടി  നടന്ന
മണ്ണ് പുതപ്പിച്ചു ,
ഞാന്‍ മണത്ത മാമ്പൂ
ഞാന്‍ നട്ട മുല്ല
ഞാന്‍ കൊതിച്ച പുളിഞ്ചി
ഇവയെല്ലാം കൂട്ടായി
ഇവിടെ ഉറക്കിയാല്‍ മതി.






 

22 comments:

 1. "ഒരിക്കല്‍ ജഡ്ജി ഈ.കെ.അയ്യാക്കുട്ടി അവര്‍കള്‍ ശ്രീനാരായണഗുരുസ്വാമികളോട് ഇങ്ങനെ ഉണര്‍ത്തിച്ചു.
  നമ്മുടെ ശവം ദഹിപ്പിക്കുന്നതോ കബറടക്കം ചെയ്യുന്നതോ മണ്ണില്‍ കുഴിച്ചു മൂടുന്നതോ ഏതായിരിക്കും നല്ലതെന്ന് ഒന്നറിയാന്‍ ആഗ്രഹമുണ്ട്.
  ഇതുകേട്ട്‌ സ്വാമികള്‍ ഇങ്ങനെ കല്പിച്ചു.ശവങ്ങള്‍ ചക്കിലിട്ടാട്ടി വളമായിട്ടതു കൃഷിക്ക് ഉപയോഗിക്കുന്നതല്ലേ നല്ലത്?
  ജഡ്ജി:--അയ്യോ!അതു സങ്കടമാണ്.
  സ്വാമികള്‍:--എന്താ നോവുമോ? എന്നു ചോദിച്ചു
  സ്വാമികള്‍ ചിരിച്ചു."
  നല്ല ചിന്തയായി..
  ആശംസകള്‍

  ReplyDelete
  Replies
  1. :) നന്ദി സര്‍, സന്തോഷം!

   Delete
 2. ചില ആഗ്രഹങ്ങള്‍
  തീര്‍ച്ചയായും സാധിച്ചുകൊടുക്കേണ്ടത്

  മനോഹരമായിട്ടെഴുതിയിരിക്കുന്നു!!

  ReplyDelete
  Replies
  1. അതെ അജിത്തെട്ടാ ചില ആഗ്രഹങ്ങള്‍! വെറുതെയെങ്കിലും. നന്ദി :)

   Delete
 3. ഞാന്‍ മണത്ത മാമ്പൂ
  ഞാന്‍ നട്ട മുല്ല
  ഞാന്‍ കൊതിച്ച പുളിഞ്ചി
  ഇവയെല്ലാം കൂട്ടായി
  ഇവിടെ ഉറക്കിയാല്‍ മതി.

  നന്നായി എഴുതി....,
  ആശംസകള്‍..... ...

  ReplyDelete
  Replies
  1. :) നന്ദി കുറ്റിലഞ്ഞിക്കാരാ .....

   Delete
 4. അയൂസപ്പെടുത്തുന്ന വിധം മനോഹരം.
  "പേടിയാണെനിക്കാ വൈദ്യുത
  കണങ്ങളെ , കരിച്ചിടും
  അവയെന്റെ ഒളിപ്പിച്ച
  സ്വപ്നങ്ങളെ പോലും"
  ഹൃദയത്തെ സ്പര്ശിക്കുന്ന വരികള്.

  മരണം, മരണാനന്തരം- ഇത്തരം കാര്യങ്ങള് പരാമര്ശിക്കുന്ന കവിതകള് ഞാന് സാധാരണ വായിക്കാറില്ല. ഇത് രണ്ടും എനിക്ക് ഇഷ്ടമില്ലാത്തതുകൊണ്ട് തന്നെ. പക്ഷെ ആര്ഷയുടെ കവിത മരണാനന്തര ചിന്തകള് ആണെങ്കിലും ജീവിതത്തൻറെ സൗരഭ്യവും സൗന്ദര്യവും വാരിവിതറുന്നു. അഭിനന്ദനങ്ങള്.

  ReplyDelete
  Replies
  1. :) എന്താ പറയുക... സന്തോഷം! നന്ദി

   Delete
 5. ഈ ഒരു ചിന്തയില്‍,അവതരണത്തില്‍ ഞാന്‍ തികച്ചും സന്തോഷവാനാണ്.കൂടുതല്‍ തീക്ഷ്ണമായ വരികളുമായി വീണ്ടും സജീവമാവുക.ആത്മാവേ യാത്ര ആവുന്നോള്ളൂ,അതും മറ്റൊരു ദേഹത്തിനെ തേടി.

  ReplyDelete
  Replies
  1. അതെ കാത്തീ... :) നന്ദി

   Delete
 6. Replies
  1. നന്ദി ആരിഫ്‌ ബായ് :)

   Delete
 7. മനോഹരമായിട്ടുണ്ട് കേട്ടോ.. അഭിനന്ദനങ്ങള്‍.

  ReplyDelete
 8. Kollaam Arsha....
  Pakshe aa Mavu vetti.. mulla parichu kalanju.. aa dushta pishaachukkal avide oru valiya Mall panithu...
  ippo enthaa cheyka?

  ReplyDelete
  Replies
  1. :( അത് തന്നെയാണ് ഈ വരികള്‍ എഴുതിപ്പിച്ച ചിന്തയും.... നന്ദി

   Delete
 9. അങ്ങിനെ തൊടിയിലെ വളമെങ്കിലുമാവട്ടേ...അല്ലേ

  ReplyDelete
  Replies
  1. അതെ... അങ്ങനെ വളമായി മാറട്ടെ .. ഒരു കളയായ് എങ്കിലും പുനര്‍ജ്ജനിക്കട്ടേ.. :) നന്ദി

   Delete
 10. നന്നായി എഴുതി . പക്ഷെ എനിക്കെന്തോ സങ്കടം പോലെ

  ReplyDelete
  Replies
  1. ചില ആഗ്രഹങ്ങള്‍ മറക്കും മുന്പ് പറഞ്ഞു വെക്കുന്നു അത്ര തന്നെ :) നന്ദി

   Delete
 11. ഈ കവിത ശരിക്കും തകർത്ത് ..സൂപ്പർ ...എനിക്ക് വ്യക്തിപരമായി ഈ ഒരു ലെവൽ കവിതകളാണ് ഇഷ്ടം ..ഇനിയും ഇത് പോലത്തെ എഴുതൂ ..

  ReplyDelete
 12. ചേച്ചി എന്നെ കരയിപ്പിക്കും,,,,പേടിപ്പിക്കും,,,,

  ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)