Friday, September 27, 2013

കാത്തു വെച്ചില്ല!

കടല്‍ കടന്നു
മല നടന്നു
പന്തം കൊളുത്തി
പോകുക മകനെ

പുഴ കാണുക
ചുഴി കാണുക
പഞ്ചാര പൊഴിയുന്ന
മണല്‍ത്തിട്ട  കാണുക

പൂ മണക്കുക
കായ് പറിക്കുക
കിളിയോടൊപ്പം
കവി പാടിയ പോലൊരു
എതിര്പാട്ട് പാടുക

അറിയാം-
ചെടിയെ കുറിച്ചെഴുതി
പൂക്കളെ കുറിച്ചെഴുതി
തടുത്തിട്ടും എത്തുന്ന
വസന്തങ്ങളെ കുറിച്ചെഴുതി
ഒരു കുഞ്ഞു വിത്താ
മണ്ണില്‍ നട്ടില്ല !

പുഴയെഴുതി, മഴയെഴുതി
തിളങ്ങുന്ന തണ്ണീരിന്‍
കിണറിനെയെഴുതി .
കാത്തു വെച്ചില്ലൊരു
കുഞ്ഞിക്കുടം പോലും
കാലം തെറ്റിയെങ്കിലും
പെയ്യുമാ മഴ കൂട്ടി വെയ്ക്കാന്‍ !

മലയെഴുതി മണലെഴുതി
കരിമ്പാറ കെട്ടുകളെഴുതി
വയല്‍വരമ്പോടിയ
കഥകളെഴുതി ഞാന്‍,
മകനൊരു കഥയ്ക്കുള്ള
കടലാസ് കരുതിയില്ല .

ഒരു മണം നല്‍കാന്‍
ഒരു പൂ കാത്തു വെച്ചില്ല
ദാഹമെന്നോതുമ്പോള്‍
നല്‍കാനൊരിറ്റു ജലം
ഒരു കളിവീടിനോരല്‍പ്പം
മണലും കുഞ്ഞു തിട്ടയും
ചാടിക്കടക്കാനൊരു വയല്‍
വരമ്പീറന്‍ , കരുതീലയെങ്കിലും
പോയ്‌ വരികെന്റെ മകനെ
എന്നെ ഞാനാക്കും മണ്ണില്‍ .

Sunday, September 22, 2013

ചില ചിറകടിയൊച്ചകള്‍

പറന്നു പൊങ്ങുന്നതിന് മുന്പ് ആ കഴുകന്‍
ഒരിക്കല്‍ കൂടി എന്നെ നോക്കിയിരുന്നു
ഒരിക്കലും തിരയടങ്ങാത്ത പ്രലോഭനത്തിന്‍റെ
അതേ വലിയ കണ്ണുകള്‍ കൊണ്ട്
അവ തീക്ഷ്ണവും ശകതവുമായിരുന്നു-
പേടിപ്പിക്കുന്ന രീതിയില്‍ കൂര്‍ത്തതും.
നീ കാണാത്ത ആകാശങ്ങള്‍ കാട്ടിത്തരാം
എന്നൊരു വീണ്‍വാക്ക്  അതിന്‍റെ പിളര്‍ന്ന
ചുമന്ന കൊക്കുകളില്‍ ഇരുന്നു വിറച്ചിരുന്നു.

ശാന്തമായൊരു പ്രലോഭനം എന്നിലേക്ക്
കൂടെ  വന്നൊരു വെള്ളരിപ്രാവിന്‍റെ
പകുതിയടഞ്ഞ ,ഓരോ കുറുകലിനും
ചിമ്മുന്ന   വിളര്‍ത്ത കണ്ണുകളിലൂടെ
നീ കേള്‍ക്കാത്ത മേഘ മല്‍ഹാറുകള്‍
കുറുകലിലൂടെ കേള്‍പ്പിക്കാം എന്ന
വരണ്ട  പ്രലോഭനം ഒച്ചയില്ലാതെ .

കാറ്റിലെവിടെയോ ഒരു മന്ത്രണം പോലെ
രമ്യമായൊരു ഇലയനങ്ങുന്നത് പോലെ
പുതു മഴ പെയ്തൊഴിയുന്നത് പോലെ
നനുത്താര്‍ദ്രമായ് ഒരു പ്രലോഭനം
ഇനിയുമിനിയുമെന്ന പ്രലോഭനം
നിറക്കൂട്ടുകള്‍ വാരിച്ചാര്‍ത്തിയ
ശലഭച്ചിറകിലെ  കറുപ്പും വെളുപ്പും
പുള്ളികളായി , വരകളായി
ഓരോ ചിറകടിയൊച്ചയിലും  ഇനിയും
ഇനിയുമെന്ന നനുത്ത പ്രലോഭനമായി
എവിടെയേതോ കാലത്തില്‍ ചില
മഹാസമുദ്രങ്ങള്‍ തിരയൂറ്റം കൊള്ളാന്‍
ചില വന്‍കരകള്‍ പങ്കെനിക്കെനിക്കെന്നു
ഭൂമിയെ മരങ്ങളെ പകുത്തെടുത്തീടാന്‍
ഒരു കാറ്റല പോലെ ചില കുഞ്ഞു ചിറകടി-
യൊച്ചകള്‍ , ആഴ്ന്നിറങ്ങുന്ന ശലഭായനങ്ങള്‍ !
 

Wednesday, September 18, 2013

ഓണ ഓര്‍മ്മ - പത്താം വാര്‍ഷികം

 
 ഉത്രാട പാച്ചില്‍ കഴിഞ്ഞു, തിരുവോണം ഉണ്ടു, പതിറ്റാണ്ടായി കയ്യില്‍ വെച്ചിരുന്ന അവിട്ടവും ചതയവും കന്നി മാസത്തിനു വിട്ടു കൊടുത്ത് ചിങ്ങം വിട വാങ്ങി, അടുത്ത കൊല്ലം വരാമെന്ന വാക്കും തന്ന് .  ... ഓണമെന്ന ഗൃഹാതുരത എല്ലാ മലയാളിയുടെയും ദൌര്‍ബല്യമാണ് എന്ന് പറയാതെ വയ്യ.  ലോകത്തിന്‍റെ ഏതു കോണില്‍ ആയാലും അന്നേ  ദിവസം മലയാളി ,മനസു കൊണ്ട് ആ ഓണക്കുട്ടി ആയിപ്പോകും എന്നാണ് എനിക്ക് തോന്നുന്നത് . ചെറുപ്പകാലത്തെ  ഒത്തിരി നല്ല ഓര്‍മ്മകളുണ്ട്, എങ്കിലും ഈ ഓണ ഓര്‍മ്മ സുഹൃത്തുക്കളോടൊത്ത് ആഘോഷിച്ച അത്ര പഴയതല്ലാത്ത ഒരു ഓണക്കാലത്തിന്‍റെത് ആണ്.

വര്ഷം 2003  -എഞ്ചിനീയറിംഗ് കോളേജിലെ ഔദ്യോഗിക സീനിയര്‍സ് ആയി ഞങ്ങള്‍ അവരോധിക്കപ്പെട്ടു കഴിഞ്ഞു വന്ന ആദ്യ ആഘോഷം ഓണാഘോഷം ആയിരുന്നു. അതിനു മുന്നുള്ള കൊല്ലങ്ങളിലോ ശേഷമുള്ള കൊല്ലങ്ങളിലോ ഇത്രയും വിപുലമായി അവിടെ ഓണാഘോഷം നടന്നിട്ടുണ്ടോ  എന്ന് എനിക്ക് സംശയം ഉണ്ട്. അക്കൊല്ലം എന്തായാലും ഞങ്ങള്‍ അടിച്ചു പൊളിക്കാന്‍ തന്നെ തീരുമാനിച്ചു. പറയുമ്പോ റാഗ്ഗിംഗ് ഒന്നുമില്ല എന്നൊക്കെയാണ് പറച്ചില്‍ എങ്കിലും അവിടെ സീനിയര്‍സ് മാത്രമേ സാരി ഉടുക്കാവൂ എന്നൊരു അലിഖിത നിയമം ഉണ്ടായിരുന്നു- അത് തെറ്റിച്ച് അതിനു മുന്നെയൊരു പ്രാവശ്യം ഞങ്ങള്‍ കേരളപ്പിറവി സാരിയുടുത്ത് ആഘോഷിച്ചതിനു ചേച്ചിമാര്‍  ചെറുതായി കുടഞ്ഞതിനാല്‍ പിന്നീട് ആ കടുംകൈയ്ക്ക്  മുതിര്‍ന്നില്ല ഞങ്ങള്‍  സീനിയേര്‍സ് ആകും വരെ.

ആ ഓണാഘോഷം ആയിരുന്നു ഞങ്ങളുടെ സാരി സ്വപ്നങ്ങള്‍ പേടിയില്ലാതെ സഫലമാക്കിയത് .വെറുതെ എല്ലാ പരിപാടിയും കണ്ടു ചുറ്റിയടിച്ചു നടക്കുക എന്ന ചിന്ത ഉണ്ടായിരുന്നതിനാല്‍ ആരും തന്നെ ഭാരവാഹികളുടെ കൂട്ടത്തില്‍ കൂടിയില്ല.. ജൂനിയര്‍ പിള്ളേരില്‍ ഒരു വെളുത്തു തുടുത്ത ഗുണ്ടുമണി ഉണ്ടായിരുന്നു - നല്ല പൊക്കമൊക്കെ ആയിട്ട്, ആ ശരീരത്തിന് ചേരാത്ത നിഷ്കളങ്കമായ മുഖവുമായി ഒരു പയ്യന്‍. അവന്‍റെ ശരിക്കുള്ള പേരോര്‍മ്മയില്ല , എല്ലാരും കളിയായി അവനെ "വോള്‍വോ" എന്നാണ് വിളിച്ചിരുന്നത്. ആ കുട്ടിയായിരുന്നു അക്കൊല്ലത്തെ മാവേലി  . ഓരോ ക്ലാസ്സിനും  പൂക്കള മത്സരം - നിരനിരയായിട്ട ഭംഗിയുള്ള പൂക്കളങ്ങള്‍ കണ്ട് , ഒന്നാം സമ്മാനം കിട്ടിയതിന് അടുത്തിരുന്നത് നമ്മുടെ പൂക്കളം ആണെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ഫോട്ടോ ഒക്കെ എടുത്ത് അങ്ങനെ കണ്ടു കണ്ടു നടന്നപ്പോഴാണ് ഒരു ഇനത്തിലും പങ്കെടുക്കാതിരുന്നാല്‍ മോശമായി പോകില്ലേ ഏന് ഞങ്ങളുടെ ഗാങ്ങിനു തോന്നിയത് . പറയുമ്പോള്‍ സീനിയര്‍സ് ആണല്ലോ , അപ്പോള്‍ ജൂനിയര്‍സിന് ചെറിയൊരു പുച്ഛം തോന്നാനും മതി.

മാനം രക്ഷിക്കുക എന്നത് അത്യന്താപേക്ഷിതം ആയ ഘട്ടത്തില്‍ ഞങ്ങള്‍ പങ്കെടുക്കാന്‍ പറ്റുന്ന മത്സരങ്ങള്‍ തപ്പി നടക്കാന്‍ തുടങ്ങി. അടുത്ത മത്സരം വെള്ളം കുടി മത്സരം ആണ് -തീറ്റ മത്സരവും ഉണ്ട്, പക്ഷെ തിന്നേണ്ടത് കയ്പ്പക്ക (പാവക്ക) ആണെന്ന് കേട്ടപ്പോള്‍ ഞാന്‍ ഉറപ്പിച്ചു വെള്ളം കുടി തന്നെ ഭേദം - എന്തൊക്കെയായാലും പച്ചവെള്ളം അല്ലെ? കുടിക്കാം ... അങ്ങനെ ഞങ്ങളുടെ ഗാങ്ങിന്റെ അനുഗ്രഹാശിസുകളോടെ ഞാനും എന്‍റെ സുഹൃത്ത് സിത്തുവും  മത്സരത്തില്‍ ചേര്‍ന്നു. മുന്നില്‍ നിരത്തി വെച്ചിരിക്കുന്നു 5 ഗ്ലാസ് വെള്ളം - ചെറിയ സ്റ്റീല്‍ ഗ്ലാസ് കണ്ടപ്പോഴേ മനസില്‍ പുച്ഛം ആയി. ശേ, മോശം മോശം ഇതൊക്കെയാണോ ഒരു മത്സരം ! ആദ്യ റൌണ്ട് നിശ്ചിത സമയത്തില്‍ ആ അഞ്ചു ഗ്ലാസ്‌ വെള്ളവും മുഴുവന്‍ കുടിക്കണം. ഒരു മിനിട്ടോ മറ്റോ ആണ് സമയം -കുടിച്ചു തുടങ്ങിയപ്പോഴല്ലേ മനസിലായത് ഒരു മിനിറ്റില്‍ ആ അഞ്ച് ഗ്ലാസ്‌ വെള്ളം പുറത്തു പോകാതെ, ബാക്കി വെക്കാതെ കുടിക്കുക എന്നത് അത്ര ഈസി അല്ല. നാല് ഗ്ലാസ്‌ കുടിച്ചു ഞാനും സുഹൃത്തും അടുത്ത റൌണ്ടില്‍ എത്തി. അപ്പോള്‍ ഗ്ലാസ്സിന്‍റെ എണ്ണം കൂടി, സമയം കുറഞ്ഞു.

വളരെ കഷ്ടപ്പെട്ട് മൂന്നര  ഗ്ലാസ്‌ കൂടി കുടിച്ചു. പലരും വെള്ളം കുടിച്ചു മാറിയിരുന്നു ചര്ദ്ദിക്കാന്‍ തുടങ്ങി . ആ റൌണ്ടില്‍ സിത്തു ഔട്ടായി - മറ്റുള്ളവരും പതുക്കെ ഔട്ട്‌ - ഞാനും മറ്റൊരു കുട്ടിയും മാത്രം മത്സര വേദിയില്‍. നോക്കുമ്പോള്‍ എന്‍റെ എതിര്‍വശത്ത് ഉള്ളത് ഫസ്റ്റ് ഇയറിലെ ഒരു നരുന്ത് കൊച്ച്. ഈ റാഗിങ്ങ് ഇല്ലാത്തതിന്റെ ഒരു ഭാഗം ആണ് ആദ്യ വര്‍ഷ വിദ്യാര്‍ത്ഥികളെ സീനിയര്‍ കുട്ടികള്‍ ഒരു തരത്തിലും പരിചയപ്പെടാതിരിക്കുക  എന്നത്. അപ്പോള്‍ ചുരുക്കത്തില്‍ ഞങ്ങളുടെയും, ഞങ്ങളുടെ ജൂനിയര്‍സിന്‍റെയും , മെഗാ ജൂനിയര്‍സിന്‍റെയും ഒക്കെ ഒരു പൊതു ശത്രു ആണ് എനിക്കെതിരെ. വര്‍ഗശത്രുവിനെ മത്സരത്തില്‍ കയ്യില്‍ കിട്ടിയാല്‍ ആരേലും വെറുതെ വിടുമോ? പാകിസ്ഥാന്‍കാര്‍ ഇന്ത്യയില്‍ വന്നു ക്രിക്കറ്റ്‌ കളിച്ചാല്‍ ഉള്ളത് പോലെ , ഗ്രൌണ്ട് സപ്പോര്‍ട്ട് മുഴുവന്‍ എനിക്ക്  . തോറ്റാല്‍ ഞാന്‍ ആ വഴി വീട്ടില്‍ പോയാല്‍ മതി - ഇപ്പോള്‍ സിന്ദാബാദ്‌ വിളിക്കുന്ന ഈ ആള്‍ക്കാരൊക്കെ എന്നെ ഓടിച്ചിട്ട് അടിക്കും എന്നുറപ്പ്.

സത്യം പറയാമല്ലോ 10  ഗ്ലാസ്‌ വെള്ളം അടുപ്പിച്ചു കുടിച്ചാല്‍ ചര്ദ്ദിക്കാന്‍ വരുമെന്നും തല പെരുക്കുമെന്നും ഒക്കെ അന്നാ ഞാന്‍ അറിയുന്നെ. കളഞ്ഞിട്ടു പോകാനും വയ്യ .ആ കൊച്ചാണേല്‍ ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവത്തിലും. എന്തായാലും തോല്‍ക്കുന്നേല്‍ പൊരുതി തോക്കാന്‍ തീരുമാനിച്ച് ഞാന്‍ അടുത്ത റൌണ്ടിലേക്ക് നോക്കി . ദേ പിന്നേം 5 ഗ്ലാസ്‌ വെള്ളം. കണ്ടപ്പോള്‍ തന്നെ തല പെരുത്തു , ഇപ്പൊ ചര്‍ദ്ദിക്കും എന്ന അവസ്ഥയില്‍ ഞാന്‍ ആദ്യ ഗ്ലാസ്‌ എടുത്തു. ഓരോ ഇറക്കായി പതുക്കെ പതുക്കെ കുടിക്കാന്‍ തുടങ്ങി. എതിരാളി ഒരു ഗ്ലാസ്‌ ഫിനിഷ് ചെയ്ത് അടുത്ത ഗ്ലാസ്‌ എടുത്തു. അത് കണ്ടപ്പോഴേ ഞാന്‍ ഉറപ്പിച്ചു - തോല്‍വി തന്നെ. രണ്ടാമത്തെ ഗ്ലാസ്‌ ഞാന്‍ എടുക്കുമ്പോള്‍ അവള്‍ മൂന്നാമത്തെ ഗ്ലാസ്‌ തുടങ്ങി - പക്ഷെ പെട്ടെന്നൊരു ശബ്ദം. നോക്കുമ്പോള്‍ എന്താ, എത്രേം വേഗം കുടിക്കുക എന്ന ഉദ്ദേശത്തില്‍ ആക്രാന്തം മൂത്ത്  ഈ വെള്ളമെല്ലാം കുടിക്കാന്‍ നോക്കിയ  പുള്ളിക്കാരി ചര്‍ദ്ദിച്ചു. അപ്പൊ മിസ്‌.ജൂനിയറിന്റെ കണക്കില്‍ രണ്ടു ഗ്ലാസ്‌ , ഞാന്‍ മൂന്നാമത്തെ ഗ്ലാസ് തുടങ്ങുക എങ്കിലും ചെയ്താല്‍ ജയിക്കാം. തീരാന്‍ 5 സെക്കന്റ്  ബാക്കിയുള്ളപ്പോള്‍ ഞാന്‍ ഒരു കവിള്‍ വെള്ളം കുടിച്ചു - എന്‍റെ മൂന്നാമത്തെ ഗ്ലാസ്‌!

അങ്ങനെ ജീവിതത്തില്‍ ആദ്യമായും അവസാനമായും (ഇത് വരെ) ഒരു വെള്ളം കുടി മത്സരത്തില്‍ ഞാന്‍ ഒന്നാമതായി. കയ്യടിയൊക്കെ അവിടെ ഗംഭീരമായി നടക്കുന്നു - ജൂനിയര്‍സ്  എന്‍റെ പേരില്‍ ആര്‍പ്പോ ഇറ്രോ ഒക്കെ വിളിക്കുന്നു , ഞാന്‍ പതുക്കെ  കയ്യൊക്കെ കാട്ടി, സുരേഷ്ചി ഗോപി പോകും പോലെ  ഒരു ചിരിയൊക്കെ ചിരിച്ച് നടന്നു അപ്പുറത്തെ തൂണിന്റെ മറവില്‍ പോയി - തല കുമ്പിട്ടതെ ഉള്ളൂ   ദേ പോരണു കുടിച്ച വെള്ളം മുഴുവന്‍ പുറത്തേക്ക്. അങ്ങനെ വെള്ളത്തില്‍ വീഴാതെ തന്നെ ഏതാണ്ട് ആ അവസ്ഥ എനിക്ക് അനുഭവിക്കാനായി.
പിന്കുറിപ്പ്: ഇത്രയും കഷ്ടപ്പെട്ട് ജയിച്ചിട്ട് കപ്പൊന്നും കിട്ടിയില്ല ട്ടോ. പഴയ ഭാരവാഹികള്‍ ആരെങ്കിലും ഇത് വായിക്കുന്നുണ്ടെങ്കില്‍ അവരുടെ ശ്രദ്ധയ്ക്ക് !!Friday, September 13, 2013

സ്മൃതിപുഷ്പം

മനസ്സിലെ ചിത്രം മങ്ങി തുടങ്ങിയെന്നോ.. ?
കാലപ്പഴക്കം കൊണ്ടല്ല ,തീര്‍ച്ച!...

ഇതോരുത്സവ ലഹരിയായിരിക്കാം
കൊടിയേറ്റ - ഇറക്കങ്ങള്‍ക്കിടയില്‍
നനവാര്‍ന്ന സുഖദമാം സ്പര്‍ശമായ്‌
മനസ്സിലുയരുന്ന കേളി കൊട്ടാകാം.

വിളവെടുപ്പ് കഴിഞ്ഞാല്‍ നിലമുണങ്ങും ,
ഒപ്പം കൊയ്ത്തുകാരന്റെ മനസ്സും.
വിള കരിഞ്ഞാലും നിലമുണങ്ങും ,
മനസിനും കരിവ് തട്ടും .
കരിഞ്ഞുണങ്ങിയതോ ,തളര്‍ന്നുറങ്ങിയതോ
മനസ്സേ, മൌനമായ് ചൊല്ക നീ !

അര്‍ത്ഥമില്ലാത്ത വാക്കുകള്‍ക്ക്,
കൂട്ടിയിണക്കി വാക്യങ്ങള്‍ തീര്‍ത്ത പാഴ്മനസിനു ,
പിന്നെ, മഴത്തുള്ളിയോടൊപ്പം പെയ്തിറങ്ങിയ
ഒരുത്സവലഹരിയുടെ കുടമാറ്റത്തിന് .....
ഓര്‍മ്മയ്ക്കായി മാത്രമിന്നൊരു നറുപുഷ്പം ,
ഒരിയ്ക്കലും,വാടാത്ത കൊഴിയാത്ത
സ്മൃതിപുഷ്പം !!

Sunday, September 8, 2013

അതിരിലെ മഞ്ചാടിത്തയ്യിന്‍റെ ചുമപ്പ് !

അതിരിലെ മഞ്ചാടിത്തയ്യിന്‍റെ
പല നിറമാര്‍ന്ന ചുമപ്പ് !

പണ്ടുമ്മ അമ്മിയില്‍
ഇടം വലം അരച്ചോതുക്കി
ചുമപ്പാര്‍ന്ന കയ്യാല്‍ ഉള്ളം കയ്യില്‍
വട്ടത്തില്‍ തൊട്ടോരു ഓര്‍മ്മ

ഓത്തുപള്ളിയില്‍ കൂട്ട് വന്നൊരു 
കുട്ടിപ്പെണ്ണിന്‍റെ രണ്ടു കയ്യിലും
മെഴുതിരി പൊള്ളലില്‍ കരി -
-ഞ്ചുമപ്പാര്‍ന്നു  കണ്ട പൂക്കളം

ഇടവഴിയോരത്ത് തട്ടം മറച്ചു
നാണം ചുമപ്പിച്ച മുഖം കുനിച്ചു
എന്‍റെ പേരിന്‍റെ ആദ്യാക്ഷരം
പൂവാക്കി മാറ്റിയ കയ്യകച്ചുമപ്പ്

മണിയറയ്ക്കുള്ളില്‍ ആദ്യം
കണ്ണിലേക്ക് എത്തിയ പല
മനോഹര ചിഹ്നങ്ങള്‍ അകം
പുറം മറിച്ച് എഴുതിയ
ജീവിതകഥയുടെ തുടക്കം

ഓര്‍മ്മകള്‍ക്കും അപ്പുറം
പറയാതെ പോയ പെങ്ങളു -
കുട്ടിയുടെ ഖബറില്‍
നെഞ്ചിലെ ചോര പൊടിച്ചു
നട്ടൊരു ഇത്തിരിത്തയ്യിന്റെ
ചുമപ്പിന്റെ മണം! 

Friday, September 6, 2013

എല്ലാം വചനം

പുലരി വരും മുന്നേ ആ പൂങ്കോഴി
എണ്ണി മൂന്നു കൂവിടും മുന്നേ -

ഇവിടെയിരുന്നെന്നെയിമ വെട്ടാതെ നോക്കും
ഇനിയ ഹൃദയമെന്നെയൊറ്റിടും നിശ്ചയം !

പറഞ്ഞു പഴകിയ വാചകങ്ങള്‍ക്കും
അപ്പുറം പകരാം ഒരദൃശ്യ സന്ദേശം
നിങ്ങള്‍ എന്നെ ഒറ്റുകൊടുക്കുമെന്നതും
നിങ്ങള്‍ക്കായെന്റെ പിതൃ വചനം!

ഈ പാനപാത്രത്തില്‍ നിറച്ചതൊക്കെ
രക്തമായി കരുതേണ്ട, വീഞ്ഞ് മാത്രം.
ഞാനിന്നു നീട്ടുന്ന അപ്പക്കഷണം
എന്‍റെ മാംസമല്ല, പുളിച്ച് വെന്ത
ഗോതമ്പ് മണികള്‍ മാത്രം .

നിന്‍റെ കടങ്ങള്‍ വീടുവാനായി
മുപ്പത് കാശ് ഞാന്‍ അവനിലൂടെ
ഈ രാവില്‍ കൊടുത്തയക്കുന്നു .
സ്വന്തമാക്കുക മറ്റൊരു പാത്രത്തില്‍
ഇതിലെനിക്ക് പങ്കില്ലെന്ന് കൈ കഴുകുക

പറയട്ടെ പ്രിയരേ, അവനാണ്
ആദമിന്‍ പരമ്പര കാത്തവന്‍
എന്‍റെ പിതൃ വചനം-കല്‍പ്പന
തെറ്റാതെ കാത്തവന്‍ ,
എന്നരുമ ശിഷ്യന്‍ !

 
(ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്)

Tuesday, September 3, 2013

തിരയും തീരവും - പുഴയും തീരവും

തിരയും തീരവും
===============
ഒരു തിര വന്നു
മറു തിര തൊട്ടു
വിളിച്ചു നനച്ചു
മാറ്റത്തിനു ഇടയില്‍
ചില കിന്നാരങ്ങള്‍

പരിഭവം ,കണ്ണീര്‍
നാളെയും നമ്മള്‍
ഈ വേലിയേറ്റ
ഇറക്കങ്ങളില്‍
ഒരുമിച്ചു കാണുമോ
എന്നൊന്ന് ചോദിക്കും
മുന്‍പേ ,തീരത്തിന്
പോലും  ഏതു തിരയെന്നു
തിരിച്ചറിയാനാകാതെ
ആ തിര വെണ്നുരയില്‍
അലിഞ്ഞു  മറഞ്ഞു !പുഴയും തീരവും
==================
നിറഞ്ഞും പരന്നും
മെലിഞ്ഞും ഒഴുകുന്ന
പുഴയും തീരവും ആകാറുണ്ട്
നമ്മള്‍ ചിലപ്പോഴൊക്കെ !
 
കഴിഞ്ഞ വേനലിലും
ഇക്കഴിഞ്ഞ മഴയിലും
ഒഴുകിയത് നിന്നിലൂടെ ,
നിന്നെ തേടി !
പിന്നെയും ഉപശാഖകളായി
പിരിഞ്ഞു ഒഴുകി ഞാന്‍
ഓരോരോ ശാഖയിലും കൂടെ
കൂട്ടുന്നതും നിന്നെത്തന്നെ
 
നിന്നിലല്ല എന്റെ പൂര്‍ണത -
പക്ഷെ, നിന്നെ കാണുമ്പോള്‍
തിരിച്ചറിയാതിരുന്നാല്‍ ഞാന്‍
അപൂര്‍ണ്ണം ആകുന്നു
 
അതിനു കാരണം ചില കരകളെ
ഞാന്‍  സൃഷ്ടിക്കുകയും
മറ്റു ചിലവന്‍ കരകള്‍
എന്നെ സൃഷ്ടിക്കുകയും
ചെയ്തതിനാല്‍ ആകാം !