Friday, September 27, 2013

കാത്തു വെച്ചില്ല!

കടല്‍ കടന്നു
മല നടന്നു
പന്തം കൊളുത്തി
പോകുക മകനെ

പുഴ കാണുക
ചുഴി കാണുക
പഞ്ചാര പൊഴിയുന്ന
മണല്‍ത്തിട്ട  കാണുക

പൂ മണക്കുക
കായ് പറിക്കുക
കിളിയോടൊപ്പം
കവി പാടിയ പോലൊരു
എതിര്പാട്ട് പാടുക

അറിയാം-
ചെടിയെ കുറിച്ചെഴുതി
പൂക്കളെ കുറിച്ചെഴുതി
തടുത്തിട്ടും എത്തുന്ന
വസന്തങ്ങളെ കുറിച്ചെഴുതി
ഒരു കുഞ്ഞു വിത്താ
മണ്ണില്‍ നട്ടില്ല !

പുഴയെഴുതി, മഴയെഴുതി
തിളങ്ങുന്ന തണ്ണീരിന്‍
കിണറിനെയെഴുതി .
കാത്തു വെച്ചില്ലൊരു
കുഞ്ഞിക്കുടം പോലും
കാലം തെറ്റിയെങ്കിലും
പെയ്യുമാ മഴ കൂട്ടി വെയ്ക്കാന്‍ !

മലയെഴുതി മണലെഴുതി
കരിമ്പാറ കെട്ടുകളെഴുതി
വയല്‍വരമ്പോടിയ
കഥകളെഴുതി ഞാന്‍,
മകനൊരു കഥയ്ക്കുള്ള
കടലാസ് കരുതിയില്ല .

ഒരു മണം നല്‍കാന്‍
ഒരു പൂ കാത്തു വെച്ചില്ല
ദാഹമെന്നോതുമ്പോള്‍
നല്‍കാനൊരിറ്റു ജലം
ഒരു കളിവീടിനോരല്‍പ്പം
മണലും കുഞ്ഞു തിട്ടയും
ചാടിക്കടക്കാനൊരു വയല്‍
വരമ്പീറന്‍ , കരുതീലയെങ്കിലും
പോയ്‌ വരികെന്റെ മകനെ
എന്നെ ഞാനാക്കും മണ്ണില്‍ .

39 comments:

 1. കവിത നന്നായിരിക്കുന്നു.
  "പോയ്‌ വരികെന്റെ മകനെ
  എന്നെ ഞാനാക്കും മണ്ണില്‍ "
  ആശംസകള്‍.

  ReplyDelete
  Replies
  1. അതെ സര്‍, എന്നെ ഞാനാക്കുന്ന മണ്ണ് -അതെന്നും അവിടെയാണ് :). നന്ദി

   Delete
 2. കരുതി വയ്ക്കാന്‍ തുടങ്ങണം,പകര്‍ന്നുകൊടുക്കണമിനിയെങ്കിലും പിറകേ വരുന്നവര്‍ക്കായ് .അവകാശങ്ങള്‍ നിഷേധിക്കപ്പെടരുത്.

  ReplyDelete
  Replies
  1. തീര്‍ച്ചയായും കാത്തീ -ഇനിയെങ്കിലും, അതെ ഇനിയെങ്കിലും... ഒരിക്കലും ചെയ്യാതിരിക്കുന്നതിനെക്കാള്‍ -ഇനിയെങ്കിലും!!! നമ്മള്‍ നിഷേധിക്കുന്നത് എത്രയോ തലമുറകള്‍ക്കാണ് . ഇതെന്നോട് തന്നെയൊരു ഓര്‍മ്മപ്പെടുത്തല്‍ ആണ്! :). നന്ദി

   Delete
 3. kalakki .......... iniyum ezhuthuka makale... :)

  ReplyDelete
  Replies
  1. നന്ദി :). സന്തോഷം സന്തോഷ്‌

   Delete
 4. വായിച്ചു...
  കൂടുതല്‍ നല്ല കവിതകള്‍ ഈ ബ്ലോഗില്‍ ഇനിയും പിറവികൊള്ളട്ടെ.....

  ReplyDelete
  Replies
  1. നന്ദി :). നല്ലതിലേക്ക് എത്തിപ്പെടാന്‍ നല്ല വാക്കുകള്‍ കൂടുതല്‍ സന്തോഷിപ്പിക്കുന്നു..

   Delete
 5. കവി ഇതാരെപ്പറ്റി പറയുന്നു
  തന്നെപ്പറ്റിയോ അവരെപ്പറ്റിയോ?

  നന്നായിട്ടുണ്ട് കേട്ടോ!

  ReplyDelete
  Replies
  1. അജിത്തേട്ടാ - സത്യം! ഇതെന്നെ പറ്റിയാണ് -എനിക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ ! എത്രത്തോളം പകര്‍ന്നു കൊടുക്കാന്‍ ആകും എന്നറിയില്ല - എങ്കിലും, ഇതാണ് ആഗ്രഹം. നന്ദി :)

   Delete
 6. ശ്യാമ ..ഞാനും ഇവിടെ എത്താൻ വൈകി .. കവിത ഒത്തിരി ഇഷ്ട്ടമായി .. ഒരു താളത്തിൽ വായിച്ചു ... കവിക്ക്‌ ഒരായിരം ആശംസകൾ .. ദൈവം അനുഗ്രഹിക്കട്ടെ
  വീണ്ടും വരാം ..
  സസ്നേഹം .................

  ReplyDelete
  Replies
  1. നന്ദി ആഷിക് :) . ഇനിയും വരാന്‍ ഇടയാകട്ടെ.. സന്തോഷം

   Delete
 7. എലാം അനുവദിക്കുക,
  അനുഭവിച്ചറിഞ്ഞ് വളരട്ടെ..!

  ReplyDelete
  Replies
  1. അതെ നാമൂസേ -എല്ലാം അനുഭവിച്ച് അറിഞ്ഞു വളരണം എന്നാണ് ആഗ്രഹം :) നന്ദി

   Delete
 8. അതെ, തിരിച്ചറിവുകള്‍ നല്ലതാണ്. നാം പലപ്പോഴും പകര്‍ന്നു കൊടുക്കുന്നത് നമ്മുടെ സ്വന്തമായിരിക്കില്ല. പലരില്‍ നിന്നും സ്വന്തമാക്കിയത്. സ്വന്തമായുള്ളത് പകരാന്‍ സമയമായി. നല്ലത് മാത്രം. അപ്പോള്‍ നന്മ വിതക്കാം.നല്ല ആശയം.

  ReplyDelete
  Replies
  1. അതെ, നമുക്ക് സ്വന്തമായി ഉള്ളത് പകരാന്‍ -നമ്മള്‍ ആദ്യം സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന ചിന്തയാണ് എന്നോടു തന്നെയുള്ള ഒരു ഏറ്റുപറച്ചില്‍. നന്ദി :)

   Delete
 9. നന്നായെഴുതി, നല്ല ഈണത്തില്‍ വായിയ്ക്കാനാകുന്നുണ്ട്.

  'കാത്തു വെച്ചില്ലൊരു
  കുഞ്ഞിക്കുടം പോലും
  കാലം തെറ്റിയെങ്കിലും
  പെയ്യുമാ മഴ കൂട്ടി വെയ്ക്കാന്‍ !'

  ReplyDelete
  Replies
  1. നന്ദി sree (നമ്മള്‍ പഴയ പരിചയക്കാര്‍ ആണ് -ഓര്‍ക്കുന്നുണ്ടാകില്ല അല്ലെ? ) .

   Delete
 10. പ്രവാസത്തിന്‍റെ നൊസ്റ്റല്‍ജിയ മണക്കുന്നു. !!

  ReplyDelete
  Replies
  1. :( വളരെ ശരി മുകേഷ്! എന്നും ഓര്‍മ്മപ്പെടുത്തലായി അകലെയൊരു നാട്... നന്ദി :)

   Delete
 11. എല്ലാവരും എഴുതുന്നു ...ആരും ഒന്നും ചെയ്യുന്നുമില്ല...... നമ്മള്‍ സ്വയം ചോദിക്കേണ്ട ഒരു ചോദ്യം തന്നെ ഈ കവിത

  ReplyDelete
  Replies
  1. അതെ അനിയാ അതാണ്‌ സത്യം. എന്നോടൊരു ഏറ്റു പറച്ചില്‍ ആണിത് :(. നന്ദി :)

   Delete
 12. പുഴ കാണുക
  ചുഴി കാണുക
  പഞ്ചാര പൊഴിയുന്ന
  മണല്‍ത്തിട്ട കാണുക.....enikkishtaayi

  ReplyDelete
  Replies
  1. നന്ദി നിസു nisar :) ഒക്കെ ഓരോ ആഗ്രഹങ്ങള്‍ !

   Delete
 13. സാധാരണയായി കവിതകൾ ഞാൻ അങ്ങിനെ വായിക്കാറില്ല .. എനിക്കത്രക്കു അങ്ങട് മനസിലാകുകയും ഇല്ല ..പക്ഷെ ഇത് വായിക്കുമ്പോൾ ഒരു പ്രാസം ഒക്കെയുണ്ട് .. മനസിലാകുന്നുമുണ്ട് .. ഈ ലാളിത്യം തന്നെയാണ് ഈ കവിതയുടെ പ്ലസ് പോയിന്റ് .. നന്നായിരിക്കുന്നു ആർഷ ..ആശംസകളോടെ ..

  ReplyDelete
  Replies
  1. നന്ദി പ്രവീണ്‍ . എനിക്കും ചില കവിതകള്‍ സത്യത്തില്‍ അത്ര മനസിലാകാറില്ല ;). ലളിതമായി എഴുതാനാണോ പ്രയാസം എന്ന് അറിഞ്ഞും കൂടാ.. ഇതിങ്ങനെ ആയി, അത്രേ അറിയൂ. സന്തോഷം ട്ടോ

   Delete
 14. അഭിനന്ദനങ്ങള്‍..നല്ല വരികള്‍..

  ReplyDelete
 15. നന്നായിട്ടുണ്ട് ചേച്ചി,,,,

  ReplyDelete
  Replies
  1. നന്ദി നീതൂസേ :) . ഓര്‍ക്കുന്നോ ഈ കവിത?

   Delete
 16. ാങ്കളുടെ ഈ വിഷമം എല്ലാവർക്കുമുണ്ടാകട്ടേ...നന്നായിരിക്കുന്നു...ആശംസകൾ

  ReplyDelete
  Replies
  1. വിഷമം മാത്രം പോര -എന്തെങ്കിലും കരുതി വെയ്ക്കുക കൂടി വേണം (എന്നോടും കൂടിയാ :) ). നന്ദി വായനയ്ക്ക്, നല്ല വാക്കുകള്‍ക്ക്

   Delete
 17. മലയെഴുതി മണലെഴുതി
  കരിമ്പാറ കെട്ടുകളെഴുതി
  വയല്‍വരമ്പോടിയ
  കഥകളെഴുതി ഞാന്‍,
  മകനൊരു കഥയ്ക്കുള്ള
  കടലാസ് കരുതിയില്ല .

  ReplyDelete
  Replies
  1. സത്യാണ് മുരളിയേട്ടാ -ഇതെന്നോട് തന്നെയുള്ള ഒരു പറച്ചിലാണ്! :(. ഒന്നും കരുതുന്നില്ല , കാത്തു വെക്കുന്നില്ല.

   നന്ദി ട്ടോ വായനയ്ക്ക് :)

   Delete
 18. കവിത ലളിതം.. വിഷയം കഠിനം.. താങ്കളുടെ മകന് ഇതൊക്കെ കാണാന്‍ കഴിഞ്ഞേക്കും.. പക്ഷെ അവന്‍റെ മകന് അതിനുള്ള ഭാഗ്യം ഉണ്ടാകുമോ..?

  ReplyDelete
 19. നന്നായിരിക്കുന്നു ആർഷ. ഈ കവിതയുടെ ആഴവും ഭംഗിയും ആണ് എന്നെ ഈ ബ്ളോഗ് മെമ്പർ ആകാൻ പ്രേരിപ്പിച്ചത്. ഇനിയും ഇത് പോലുള്ള വായനകൾ സാധ്യമാകും എന്ന പ്രതീക്ഷയിൽ...

  ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)