Thursday, December 24, 2015

മഴയോര്‍മ്മകള്‍മഴ നനഞ്ഞീറൻ വഴികളിലൂടെ നാം
നനയാതെ പിന്നിലേക്കോടി,
ഇരുളായി പെയ്യുമെൻ പ്രണയമാം തുള്ളിയെ,
അലിയാതെ കുളിരാക്കി മാറ്റി,
അരികിലായ് വരികെന്നരികത്ത് നിൽക്ക-
- യെന്നാരോ സ്വകാര്യത്തിലോതി..


കുട മറന്നെന്നിലെ, മറയുന്ന കുഞ്ഞൊരു
കുയിലിന്നിണപ്പാട്ടു തേടി,
കണ്ണോരമെന്നുമീ മഴയിതൾപ്പൂവുകൾ
പുതുമണ്ണിൻ സുഗന്ധമായ് പൂത്തു,
ആരും പറഞ്ഞതില്ലിക്കിളിവാതിലിൽ
കാറ്റിനില കാത്തു നിന്നതാരേ...

ഇരുള്‍മഴ മൂടിയ   ജാലകപ്പടിയില്‍  ഞാന്‍ 
എന്നേ മറന്നിന്നു  നില്‍പ്പൂ 
മഴയിതള്‍പ്പൂവുകള്‍ പോല്‍  പൂത്തു നമ്മൾ
 പ്രണയനൊമ്പരമായ് മാറും ,
കുളിര്‍ കാറ്റിലലിയുന്ന ചന്ദനഗന്ധമായ് 
ഇനി വരും ജന്മം കാതോര്‍ത്തു നില്‍ക്കും  

ഇനിയും മറക്കാത്ത വഴികളിലൂടെ നാം
ഇരു വഴിച്ചാലായൊഴുകി- തമ്മിൽ
കാണാതെ കൈവഴികൾ വറ്റി

================================================================================
(2016  ഫെബ്രുവരി 14 നു , പ്രണയ ദിനത്തിൽ കൈരളി tv ചാനലിലൂടെ 'മഴയിതൾപ്പൂവുകൾ'  എന്ന ഹ്രസ്വ ചിത്രം  റിലീസ് ആകുന്നു.  മഴയെ കുറിച്ച് , മഴത്തണുപ്പിനെ  കുറിച്ച്  , മഴപ്രണയത്തെ  കുറിച്ച് ഒരു പാട്ട് . ഈ പാട്ടിന്റെ  youtube ലിങ്ക് https://www.youtube.com/watch?v=h5eNloxSURI&feature=youtu.be.. )


Wednesday, November 25, 2015

ചില മണ്ണെഴുത്തുകൾ


(1)ഞരമ്പിലകളായ് മാറി 
മരങ്ങൾ, 
വെളുത്ത ഉപ്പുപാടങ്ങൾ
പോൽ മണ്ണും !(2)  ഉടലൊരുക്കങ്ങൾ ഒരുപാട് ,
ഗന്ധം, ചായം, പൂവ് ....
നനഞ്ഞ മണ്ണിലേക്ക്
ജനിച്ച പോൽ പോകണം,
സ്വപ്നങ്ങൾ മാത്രം പുതച്ച് !


(3)  ആകാശങ്ങളിലേയ്ക്ക് 
ഉയർന്നു പൊങ്ങി പടരണം ,
മണ്ണാഴങ്ങളിലേയ്ക്ക് -

വേരുകൾ പടർത്തണം, 
ചില്ലകളും വേരുകളും കുഞ്ഞേ,
നിന്‍റെ  നാളെയും 
ഇന്നലെയുമാകണം !(4)  ഉറവകൾ വറ്റാത്ത
എന്നുമെന്നും തളിർക്കുന്ന
മണ്ണാണ് പ്രണയമെന്നവൻ ,
നീയെന്ന മണ്ണിൽ മാത്രം
തളിർക്കുന്ന മരമാണെന്നവൾ ..

(5)  ഇന്നുകളുടെ കാലു വെന്ത 
ഓട്ടപ്പാച്ചിലിൽ 
നാളേയ്ക്ക് കരുതുന്നത് 
ഈറൻ മണം മാറാതൊരു 
പിടി മണ്ണു മാത്രം!


Sunday, November 1, 2015

ഓര്‍മ്മകളോട് പറയാനുള്ളത്

മറവികളിലേയ്ക്ക്
മയങ്ങി വീഴണമെന്ന്
മണ്ണോടു മണം ചേര്‍ത്ത്
മഴ നനയണമെന്ന് ,
സ്മൃതിഭ്രംശങ്ങളിലൂടെ
കടന്നു പോകുമ്പോള്‍ ,
സ്വപ്നത്തിന്‍റെയും   പടിയ്ക്കുമപ്പുറം
വേദനകളെ, കുത്തുവാക്കുകളെ ,
തിരിഞ്ഞു കടിച്ച ബന്ധങ്ങളെ ,
ചീഞ്ഞ ഇന്നലെകളെ
 കുടഞ്ഞെറിയണമെന്ന് മാത്രം
ഒരു നിവേദനം ....

ഒരു കുഞ്ഞു മാത്രമാകണം -
കിട്ടാത്ത മിട്ടായിയ്ക്ക് ചിണുങ്ങുന്ന ,
മതി മതിയെന്നോതി കൊതി മൂളുന്ന ,
മടിയിടത്തിനു  പിണങ്ങുന്ന ,
ഇന്നലെയും   കണ്ട തുമ്പിയിലും ,പന്തിലും
വാനിലും, മഴയിലും ,പുഴയിലും, പുഴുവിലും ,
നെയ്യപ്പം പുരട്ടുന്ന  എണ്ണയിലും ,
പൊട്ടിത്തെറിക്കുന്ന കടുകിലും
കൌതുകത്തിന്‍റെ  3-ഡി കാഴ്ചയും
പുതുമയുടെ വെടിക്കെട്ടുകളും മാത്രമാകണം

പണ്ടേ  മറന്ന  പാട്ടുകളോര്‍ക്കണം ,
അമ്മമണങ്ങളും , അച്ഛനീണങ്ങളും ,
പകുതിയ്ക്ക് ചപ്പിയ കശുമാങ്ങയീറനും ,
ഒഴുക്കില്‍ മുക്കിയ കടലാസുവള്ളവും,
പാവാടത്തുമ്പിലൂര്‍ത്തിയ മുല്ലക്കൂട്ടവും,
പറഞ്ഞുപഴകിയ കടംകഥകളും ,
ഓര്‍മ്മകളല്ലാതെ പുതിയ ഇന്നുകളാകണം

ഒരു കുഞ്ഞു മാത്രമാകണം -
അമ്മ  മാത്രമാകണമരികില്‍ ,
അച്ഛന്‍ മാത്രമാകണം കൂട്ട്
ഇന്നുകള്‍ മാത്രമുണ്ടാകുന്ന
ഒരു 'വലിയ'  കുഞ്ഞു മാത്രമാകണം....


Monday, October 19, 2015

ഇന്നത്തെ ചോദ്യം : അഥവാ ചോദ്യം ഓഫ് ദി ഡേ !ഇന്നലെ രാത്രി , അമ്മക്കളിയും, അച്ഛക്കളിയും , എഴുത്തും, കഥയും ഒക്കെ കഴിഞ്ഞപ്പോള്‍ കിട്ടിയ  " own time  ( ഓന്‍റെ  മാത്രം  സമയം ) "   ഓരോ വിരലിലും  ഓരോ നിറം  പൂശി , പ്രത്യേക രൂപമില്ലാത്ത അടയാളപ്പെടുത്തലുകളിലൂടെ ഒരു ഭൂപടം ഉണ്ടാക്കുകയായിരുന്നു താത്വിക് എന്ന താച്ചൂസ്

"അമ്മേ , ഈ നീല  എന്താന്നോ  അതാണ്  വിസ്കോണ്‍സിന്‍ - നമ്മുടെ  വീടേ !  , പിന്നെ തൊട്ടടുത്തുള്ള  പച്ച  ഇന്ത്യ, പിന്നെ മഞ്ഞ  ആഫ്രിക്ക, അതിനുമടുത്ത് കറുപ്പ് ലണ്ടന്‍ ബ്രിഡ്ജ് , പിന്നെ ചുവപ്പ്.... "
കുറേയാലോചിച്ചിട്ടും ഒരു സ്ഥലോം  കിട്ടാഞ്ഞപ്പോള്‍  സഹായത്തിനായി  എന്നെ  നോക്കി , ഞങ്ങളുടെ  വിസ്കോണ്‍സിന് തൊട്ടടുത്തുള്ള സംസ്ഥാനമാണ്  'മിനസോട്ട' , വായില്‍ പെട്ടെന്ന്  വന്നത്  ആ പേരാണ് -  അവിടെ 'മാനവ്' എന്നൊരു  സുഹൃത്തുമുണ്ട്  താച്ചുവിന്  , ഒരിക്കല്‍  പോയ ഓര്‍മ്മയുണ്ടാകട്ടെ എന്ന് കരുതി ഞാനിങ്ങനെ  പറഞ്ഞു

"അത് മിനസോട്ടയാ മോനേ , നമ്മളവിടെ  'മിനിയപൊളിസ് ' എന്ന സ്ഥലത്ത് പോയത് ഓര്‍ക്കുന്നോ?  മാനവിനൊപ്പം  ക്രിസ്മസ് ആഘോഷിക്കാന്‍, സ്നോമാന്‍  ഉണ്ടാക്കി കളിച്ചതൊക്കെ  ഓര്‍ക്കുന്നില്ലേ ? "

"ങാ, രണ്ട്  സ്നോമാന്‍ ഉണ്ടാക്കീത് -താച്ചുനു  ഓര്‍മ്മയുണ്ടല്ലോ ! അപ്പൊ  ഈ ചുമപ്പ് മിനസോട്ടയാ  കേട്ടോ  അമ്മാ ... "

ലാപ്ടോപ്പില്‍ ഒരു ഡാന്‍സ് പ്രോഗ്രാം കാണുകയായിരുന്ന  ഞാന്‍  മൂളലും , തലകുലുക്കലും .കുറച്ചു നേരം മിണ്ടാട്ടമില്ല  ആള്‍ക്ക് , അപ്പോള്‍ ഞാനൊന്നു തല പൊക്കി നോക്കി  എന്ത് പറ്റിയാവോ എന്ന്. വരച്ചതിനെ  മായ്ച്ച് പുതിയ നിറങ്ങളില്‍  വിസ്കോണ്‍സിനും, ഇന്ത്യയും  , ആഫ്രിക്കയും  ഒക്കെ അടയാളപ്പെടുത്തുകയാണ് . ഇടയ്ക്കൊരു  'X'  വരച്ചു  അതിനെ ചിത്രശലഭം  ആക്കി ചോദിച്ചു

 "അമ്മയ്ക്കിഷ്ടായോ   എന്‍റെ  എക്സ്  പൂമ്പാറ്റ ?  "

"ന്ഗ്മ്മ്മ്മം  ഇഷ്ടായി  , പക്ഷേ  അമ്മയ്ക്ക് കൂടുതല്‍  ഇഷ്ടം  താച്ചുണ്ണി  വരയ്ക്കുന്ന  വലിയ  ചിറകുള്ള  ,കളര്‍ഫുള്‍  ബട്ടര്‍ഫ്ലൈയാ... ഇതിനു  ചിറക്  കാണാനില്ല -അതോണ്ട്  'ഓക്കേ ' പൂമ്പാറ്റ ട്ടോ "

അമ്മയുടെ  മറുപടി കുഞ്ഞിനും  അത്ര ഇഷ്ടായില്ല  :/
വേഗമതില്‍   തൊട്ടു  കുറുമ്പ് നിറച്ചു  പറഞ്ഞു -  "ദാ  ചിറക് , കാണാനില്ലേ? , ഇതേ  'X'  പൂമ്പാറ്റയല്ലേ അപ്പോളിത്ര  ചിറകേയുണ്ടാകൂ , 'ഓക്കേ' പൂമ്പാറ്റ  അല്ലാട്ടോ - സൂപ്പര്‍  പൂമ്പാറ്റയാ ... ഹും "

വീണ്ടും  മാപ്പിന്‍റെ  ലോകത്തേക്ക്  പോകാന്‍ തുടങ്ങുമ്പോഴാണ്‌  ചോദ്യം  വന്നത് -
"ആരാമ്മേ  ഈ നിറത്തിന് റെഡ്  എന്നു പേരിട്ടേ ? & who put this name 'blue' , ആരാ പച്ച  വിളിച്ചേ  ഇതിനെ ?  ങേ  അമ്മേ, ആരാ? "

അമ്മ അഥവാ ഞാന്‍  " അത് പിന്നെ... അത് അങ്ങനല്ലേ, അതായത് ....അതങ്ങനെയാ, നമുക്ക്  ചോറുണ്ടാലോ  മോനേ  അമ്മയ്ക്ക്  വിശക്കുന്നുണ്ടേ !   "

 (കണ്ണ് മിഴിച്ചിരുക്കുന്ന  കുറെ  സ്മൈലി, നാക്ക്  പുറത്തിട്ട  കുറെ  സ്മൈലി  ഇതൊക്കെ  എന്‍റെ  തലയ്ക്ക്  ചുറ്റും  പാറിപ്പറക്കുന്നത്  ഞാനറിഞ്ഞുട്ടാ !! )

Friday, September 18, 2015

കുമിളകള്‍

ഓരോരോ കുമിളകളാണ് നാം -
ഉണ്ണിക്കുമിളകള്‍
വര്‍ണ്ണക്കുമിളകള്‍
ഒറ്റക്കുമിളകള്‍
കുമിളക്കുള്‍ക്കുമിളകള്‍ ...

കൂട്ടിമുട്ടേണ്ട താമസം പൊട്ടിച്ചിതറുന്നവ
തമ്മിലൊട്ടിച്ചേരുന്നവ -
ഒന്നിനോടോന്നിനെ ഏറ്റിയെടുക്കുന്നവ ...

ഒരേ ആകാശമാണ് പറന്നു പൊങ്ങാന്‍  -
ഒരേയുറവിടമാണ്  ,
ഒരേ വായുവാണുള്ളില്‍
പക്ഷേ , കുമിളകളാണ് !

ഒറ്റക്കുമിളക്കുള്ളില്‍ ചില
കുഞ്ഞിക്കുമിളകള്‍
തട്ടാതെ , മുട്ടാതെ,  പൊട്ടാതെ
തമ്മിലലിയാതെ

മറ്റൊരു കുമിളയോടോന്നിക്കാന്‍
ഒരു നിമിഷമേ വേണ്ടൂ ,
അലിഞ്ഞൊരു വലിയ കുമിളയാകാവുന്നതേയുള്ളൂ -
പക്ഷേ , വയ്യല്ലോ!

സ്വന്തമായി ഒരു മഴവില്ലുണ്ട് ,
കാറ്റിനൊപ്പം പറന്നാടിയുലയാം,
കുമിളകളായി തന്നെ പൊട്ടാം ,
മണ്ണിലലിയാം , ഇവിടെ ജീവിച്ചിരുന്നു
എന്നാരെയും ബോധിപ്പിക്കാതെ കഴിയാം!


ഞാനൊരു കുമിള മാത്രമാകുന്നു -
സ്വന്തം മഴവില്ലിന്‍റെ
കറുത്ത-വെളുത്ത-ചാരനിറങ്ങളെ
മാത്രമിഷ്ടപ്പെടുന്ന ഒരോട്ടക്കുമിള !

Sunday, August 23, 2015

ഒരു വാക്ക്എഴുത്തിടങ്ങളില്‍ നിന്നൊളിച്ചോടാന്‍
പെട്ടിയുമെടുത്തിറങ്ങുകയാണ് ഒരു വാക്ക് !

പുറപ്പെട്ടു പോകുന്ന ഓരോ വാക്കിലും
പഴകിപ്പറഞ്ഞൊരു പ്രണയവും ,വിരഹവും
തികട്ടിത്തീരാതെ നീയും, ഞാനും, ഗ്രാമവും
ഉത്സവപ്പിറേറന്നുകളും, അമ്മയുമുണ്ടായിരുന്നു.

പുറപ്പെട്ടു പോകുന്ന ഓരോ വാക്കിലും
പറഞ്ഞു പഴകിയ ഓര്‍മ്മകള്‍ ഉണ്ടായിരുന്നു -
തിരിഞ്ഞു കടിച്ച നോവുകള്‍ ഉണ്ടായിരുന്നു -
കടലാഴങ്ങളില്‍ മാത്രം കണ്ട സ്വപ്നങ്ങളുണ്ടായിരുന്നു ....

എന്നിട്ടും, അറിഞ്ഞുകൊണ്ട് കൊല്ലപ്പെടാതിരിക്കാന്‍
ഒളിച്ചോടുകയാണ് എന്നില്‍ നിന്നൊരു  വാക്ക് 

Thursday, August 13, 2015

ചിരിക്കുറുംവരികള്‍


1) ചിരിക്കണം ചിരിക്കണം 
എന്നെപ്പോഴും കരുതും ,
ചുണ്ട് സമ്മതിച്ചാലും 
കണ്ണ് ചതിക്കും!2) കണ്ണിണകളിൽ തുടങ്ങി ,
മൂക്കു വിടർത്തി ,
ചൊടിയൊന്നു നനച്ചുണർത്തി ,
നനുത്ത കവിളിനെ
തിളക്കിയെന്നാലത്
ചിരിയായിടും !
3)ചിരിച്ചു നിന്നൊരെന്നെ നീ
തൊട്ടു നാണിപ്പിച്ചില്ലേ ?


4) ചിരിക്കും ചിരിയില്ലായ്മയ്ക്കും
ഇടയിലൊരു നേർ രേഖ..
വളവു പറയും -
ചിരിയോ കരച്ചിലോ !


5) ചില ചിരികൾക്ക്
വിലയുണ്ട്
ഒരു ജീവന്‍റെ  ,
അരവയറിന്‍റെ ,
ചിലപ്പോഴൊക്കെ
തിക്കിയെത്തുന്ന
അമ്മിഞ്ഞപ്പാലിന്‍റെ  !

6) നീ വന്ന നേരം മാത്രം 
നിൻ ചിരിയല്ല കരച്ചിലു 
കാതോർത്തു ഞാൻ ! - അമ്മച്ചിരി


7) 'മതിയായി' ല്ലെന്ന് കൊതി-
യോതിയപ്പോൾ ,
അമ്മപ്പങ്കെനിക്കു നൽകി
മറ്റാർക്കുമാകാത്ത വണ്ണം
ചിരിച്ചൊരു സംതൃപ്തിച്ചിരി ..8) കുറുമ്പു കാട്ടിയോടിനാനവൻ ,
പിടിച്ചു നിർത്തിയടിച്ചിടും മുന്നെ -
കുരുന്നു പല്ലുകൾ കാട്ടിച്ചിരിച്ചെന്‍റെ
കയ്യ് നീ കെട്ടിയിട്ടതെങ്ങനെ?(എഴുത്തൊച്ച' യില്‍ ചിരിയെക്കുറിച്ച്  കുറിച്ച ഹൈക്കുവാണെന്ന് ഒരവകാശവാദവും ഇല്ലാത്ത ചില വരികള്‍! )

Thursday, August 6, 2015

പനിയൊച്ചകള്‍

'എഴുത്തൊച്ച' യില്‍ പനിയെക്കുറിച്ച്  കുറിച്ച ഹൈക്കുവാണെന്ന് ഒരവകാശവാദവും ഇല്ലാത്ത ചില വരികള്‍!


(1) പനിക്കാലമെന്നാൽ 
ചുടു കഞ്ഞി, തണുതുണി,,
ചവർപ്പുനീരിൻ മടുത്ത ഗന്ധം!

(2) ഒന്നു പനിക്കണം ,
നിൻ കമ്പിളി പുതച്ചുറങ്ങാൻ

(3) മൂക്കുമ്മകൾ വേണ്ടെന്നവൾ ,
പനിക്കയ്പ്പിനു മണമുണ്ടത്രേ !

(4) ഉടലാഴങ്ങളിൽ തണുത്തു ,
വിറയ്ക്കുമ്പോൾ 
ചൂടേറ്റുന്നത് അമ്മത്തട്ടും നിന്‍റെ നെഞ്ചും ! 

(5) പനിച്ചത്  മകന് ,
പൊള്ളിയതും വിറച്ചതും 
എനിക്ക്!

(6) നാരങ്ങാനീരിന്‍റെ  ചവർപ്പ് , 
ഉടൽ ഞരമ്പുകളിൽ
ടെക്വീലപ്പൊള്ളൽ.. 

(7) പണ്ട് പനി യിഷ്ടം,
കഞ്ഞി, കട്ടിൽ ,ഉറക്കം !
ഇന്ന് പനിപ്പേടി -
'അമ്മേ മാമു ' വിളികളിലെ പ്രതീക്ഷ! 


(8)നിന്‍റെ  പനിമണങ്ങൾ 
എനിക്കൊരിക്കലും 
മടുക്കാത്ത കൊതിയാണ് ,
ഉടലുടുപ്പിന്‍റെ  മയക്കുന്ന മണം !

(9) അച്ഛനു പനി വരും... 
എനിക്കുമനിയനും വരും, 
അമ്മയ്ക്കു മാത്രം 
പനി വരില്ല, കളളിയമ്മ !

Thursday, July 23, 2015

പാതിപ്പൂട്ടുകള്‍

എനിക്കറിയുന്ന വഴിയിലൂടെ പകുതി ,
പകുതി മാത്രം , ഞാന്‍ നടന്നു തീര്‍ത്തു -
ഭൂപടങ്ങളിലടയാളപ്പെടുത്തിയ പച്ചയും
നീലയുമായ വന്‍കരകള്‍ താണ്ടി
നിന്‍ വഴിപ്പാതയിലൂടെ നീയും വരിക..

പകുതി ദൂരമേ നിന്‍റെ മാപ്പിലുണ്ടാകൂ
ഒത്തുചേരുന്ന നാല്‍ക്കവലയില്‍ വെച്ച്
കയ്യിലെ പാതിപ്പൂട്ടുകള്‍ ചേര്‍ത്ത്
നമുക്കായി തുറക്കപ്പെടുന്ന പുതുവഴിയേ,
ഭൂപടങ്ങളിലില്ലാത്ത വഴിയെ പോകാം

വഴിയാത്രയില്‍ കൈ കോര്‍ത്ത് പോകുന്ന
ഹിമക്കരടികളെ കണ്ടേക്കാം
അവയുടെ  മുകളിലൂടെ പറന്നു പോകുന്ന
അസൂയയുടെ കടല്‍ക്കാക്കയെ കാണാം
മിണ്ടാതെ അരികു പറ്റി കുണുങ്ങുന്ന
കാല്‍ച്ചൂട് ചുമക്കുന്ന ഒട്ടകങ്ങളെ കാണാം

ഒരേ പാതയില്‍ എന്നോടൊപ്പം
കഥകള്‍ കേട്ട് പിണങ്ങി ഇണങ്ങി
ഇടയ്ക്കൊളിച്ച് മരിച്ച് ജനിച്ചു
ഇപ്പോഴും നിന്നെ കാട്ടുന്ന ചന്ദ്രനെ കാണാം

ഉള്ളില്‍ നീലിച്ചു പ്രണയം കറുക്കുന്ന
തമ്മിലുരയുന്ന നാഗങ്ങളായ് നമ്മള്‍
കാതോരമെന്നോ മൊഴിഞ്ഞതില്‍ കനലായ്
ചില ഓര്‍മ്മപ്പെടുത്തലുകള്‍ ജ്വലിക്കും

"വേര്‍തിരിച്ചറിയാതെ കെട്ടുപിണഞ്ഞു
നിന്നിലെ പ്രണയം നീയായി മാറിയെന്നു-
പ്രണയമെന്നത് നീയാണെന്ന് പറഞ്ഞത്-
നീ..നീ.. നീ തന്നെയാണ് പ്രണയമെന്നത് ! "

എവിടെവിടൊക്കെയോ തട്ടി മാറ്റൊലി
കൊണ്ട്, "പ്രണയമാക എളുപ്പമല്ലെ"ന്ന് ഞാന്‍ !

കണ്ടു മുട്ടപ്പെടുന്നത് വരെ
നിനക്ക് നിന്‍റെ  വഴിയും
എനിക്കെന്‍റെ വഴിയും
നമ്മുടെ വഴി അനാഥവുമാകുന്നത്
അതുകൊണ്ടാണ് - അത് കൊണ്ട് മാത്രം!

Tuesday, July 7, 2015

രൂപാന്തരണം


എത്രയെത്ര നാളുകള്‍ കൊണ്ടൊരു കൊച്ചു-
 കൂട്ടിലൊളിച്ചിരുന്നെന്നോ ഞാന്‍
പച്ചപാകിയ മെത്തയില്‍ ഞാനെന്‍റെ കൊച്ചു-
പുഴുവുടല്‍ ചുരുട്ടിപ്പുതച്ചുറങ്ങി.

കണ്ടുതീര്‍ക്കേണ്ട സ്വപ്നങ്ങളൊക്കെയും,
കഴിഞ്ഞുപോയതിന്‍ കറുപ്പായിരുന്നു
അറിഞ്ഞിരുന്നില്ലയീ  ചിറകുകള്‍ക്കൊക്കെയും
അതിരുകളില്ലാത്ത   ചന്തമുണ്ടെന്നന്ന്‍,
ഞാനുയിര്‍ ചേര്‍ത്തു ചവച്ചു തുപ്പിയാല്‍,
നിറങ്ങള്‍ മഴവില്‍ നൃത്തമാടുമെന്ന് !

pic courtesy Shamnadh Shajahan 

പനിമഴക്കാലങ്ങള്‍, പ്രണയനോവുകള്‍,
വറുതിയും, വേനലും, പരിഭവക്കുത്തും,
ഉള്ളില്‍ നിന്നൊരു ചോരമണമുള്ള ജീവന്‍,

എല്ലാം മറവിയുടെ പിന്നിലെക്കെറിഞ്ഞ്
ഞാനെന്‍റെ കൊച്ചുപുഴുവുടല്‍ ചുരുട്ടിയുറങ്ങി!

ഇരുളഴിഞ്ഞു , പകലുലഞ്ഞു വന്നൊരു നേരത്ത്
ഇതിലെന്നെ കാണുകെന്നോതിപ്പറക്കയായ്..
പ്രണയമുണ്ടെന്‍റെ ചിറകിന്‍ ചുമപ്പില്‍,
മധുരമുണ്ടെന്‍റെ കണ്ണിന്‍ കറുപ്പില്‍,
മഴനിഴലുണ്ടെന്‍റെ പാതി വിടരുന്ന ചിറകില്‍!
പുഴുവായിരുന്നത് ഞാനായിരുന്നുവെങ്കില്‍
ഈ പൂമ്പാറ്റയെന്നത് ആരായിരിയ്ക്കും???Sunday, June 21, 2015

അച്ഛനെന്നാല്‍...

ഒരു മാത്ര കൂടി പിരിയാതെയെന്നിലൂ -
ടൊഴുകുന്ന രക്തമാണ് അച്ഛന്‍
കണ്ണടച്ചാലും ഉള്ളില്‍  നിറയുന്ന നല്‍   -
-ക്കണികാഴ്ചയാണെന്നച്ഛന്‍ .

നീറി നീറി നെഞ്ചകം നീറ്റിയാ  പേറ്റു -
നോവറിഞ്ഞലിഞ്ഞതെന്‍ അച്ഛന്‍
മാനസ ഗര്‍ഭപാത്രത്തില്‍  പല വട്ടം
മാറോടു ചേര്‍ത്തതെന്‍ അച്ഛന്‍,

വളരണം ഉണ്ണി നീയെന്നെ പടിയാക്കി
വാനോളമേന്നോതിയതെന്‍ അച്ഛന്‍
ആദ്യമായ് കൈവിരല്‍ കോര്‍ത്ത് പിടി-
-ച്ചാ വഴിച്ചാലുകള്‍ നടത്തിയതച്ഛന്‍,

പേടി കുറുകിയ കണ്ണുകളുമ്മയാല്‍
പതിയെ കുളിര്‍പ്പിച്ചതുമച്ഛന്‍
നന്മയെന്നത് ധൈര്യ- വിശ്വാസമെന്നത്
ഒരു പേരാര്‍ന്നു വന്നതെന്നച്ഛന്‍ !

Tuesday, June 9, 2015

ആ കാലം അങ്ങനെ !

കുറേക്കാലം കൂടിക്കിട്ടിയ അവധിക്കാലം ആസ്വദിക്കണം എന്ന് ഉറപ്പിച്ചത് പോലെയായിരുന്നു ലയകൃഷ്ണന്‍ ആരോടും ഒന്നും പറയാതെ ടെക് സിറ്റിയില്‍ നിന്നും പഴമയുടെ ഗ്രാമത്തിലേക്ക് തിരക്കിട്ടോടിയത് . കല്‍ ഒതുക്കുകള്‍ കയറുമ്പോഴേ കണ്ടു നരച്ച മാക്സിയില്‍ ഒരു ക്ഷീണിച്ച രൂപത്തിനെ , മെല്ലിച്ച കയ്യില്‍ ചൂലിനെ നീരു തടിപ്പിച്ച  വിരലുകള്‍ കൊണ്ട് കൂട്ടിപ്പിടിച്ചു വിഷമിച്ചു മുറ്റം അടിക്കുകയാണ്. കണ്ടപ്പോള്‍ തന്നെ അവള്‍ക്ക് ദേഷ്യമാണു പൊട്ടിപ്പുറത്തേക്ക് വന്നത്

"എത്ര പറഞ്ഞാലാ അമ്മാ  ഒന്നനുസരിക്കുവാ? അപ്പുറത്തെ അജിതേച്ചി  സഹായിക്കാന്‍  വരുന്നുണ്ട്,എന്ന് പറഞ്ഞിട്ട് ഇപ്പോഴും അമ്മന്നെയാണോ ഇതൊക്കെ! "

തിരിഞ്ഞു നോക്കിയ ക്ഷീണിച്ച കണ്ണുകളില്‍ കുഴിയില്‍ നിന്നൊരു പ്രകാശം പരന്നു പൊലിഞ്ഞു

"എന്താ ലച്ചൂ പെട്ടെന്ന് ? പറഞ്ഞില്ലാലോ ഇന്നലെ വിളിച്ചപ്പോള്‍?
നീയിങ്ങനെ നോക്കുവൊന്നും വേണ്ടാ കൊച്ചേ .. അജിത വരാറുണ്ട്  , ഇതിപ്പോള്‍ ആകെ കരിയില പാറിയപ്പോള്‍ ഞാനൊന്നു ഒതുക്കിയെന്നെ ഉള്ളൂ... ഡോക്ടറും പറഞ്ഞു കൈവിരലുകള്‍ക്ക് അനക്കം വേണമെന്ന്. നീ  ഡ്രസ്സ്‌ മാറി വാ ,ഞാന്‍ ചായ എടുക്കാം -അതോ കുളി കഴിഞ്ഞിട്ടേ ഉള്ളോ? "


"ഉവ്വല്ലോ അമ്മയ്ക്ക് എല്ലാത്തിനും ഉണ്ട് ഓരോ ന്യായങ്ങള്‍! ഹും... എന്താ കാര്യം! പറഞ്ഞാല്‍ കേള്‍ക്കില്ലാലോ - എനിക്ക് ചായ വേണം. നല്ല തലവേദന. കുളിയൊക്കെ പിന്നെ "


പഴയൊരു പാവാട തപ്പിയെടുത്ത് ചുരിദാറിന്റെ അയഞ്ഞൊരു മേല്‍ക്കുപ്പായവും ഇട്ടു അടുക്കളയില്‍ എത്തുമ്പോഴേക്കും ചൂടന്‍ ചായയും പൂളിയ മാങ്ങാക്കഷ്ണവും അമ്മ റെഡി ആക്കിയിരുന്നു. കണ്ടപ്പോളേ വായില്‍ കപ്പലോട്ടാന്‍ ഉള്ള വെള്ളം നിറഞ്ഞത് കൊണ്ട് കൈ ആദ്യം നീണ്ടത് മാങ്ങാ പിഞ്ഞാണത്തിലേക്കാണ് .വായിലിട്ടാല്‍ അലിഞ്ഞു പോകുന്ന മാങ്ങാപ്പൂള്‍ കഴിക്കുമ്പോള്‍ അവളോര്‍ത്തു ബംഗ്ലോരിലെ മാങ്ങയ്ക്ക് എന്താണിത്രയും സ്വാദില്ലാത്തത് .

"പൊന്നുവമ്മയുടെ വീട്ടിലെ മാങ്ങയാ. പാവം ! വയ്യ. നീ പോകും മുന്പ് ഒന്നവിടെ പോണംട്ടാ . ഇതെന്ത് വേഷാ കൊച്ചേ -നിനക്ക് മര്യാദയ്ക്ക് ഒരുടുപ്പില്ലേ? വല്യ കൊട്ടാരത്തിലെ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആണുപോലും. അപ്പുറത്തും ഇപ്പുറത്തും ഉള്ളോരെക്കൊണ്ട് പറയിക്കും "
അമ്മയുടെ ആവലാതി ചിരിയുണര്‍ത്തി .. സമാധാനമായി ഒരു ഡ്രസ്സ്‌ ഇടാനും അയല്‍ക്കാരെ പേടിക്കണോ എന്‍റെ അമ്മേ! മര്യാദയ്ക്ക് ആണല്ലോ ഈ ഡ്രസ്സ്‌ എന്ന് മനസിലോര്‍ത്ത് ചായഗ്ലാസുമായി ലയ വരാന്തയിലേക്ക് പോയി. ആഗ്രഹിച്ചു പണിത വീടിന്‍റെ ഏറ്റവും ഇഷ്ടമുള്ള ഇടം , കാഴ്ച കണ്ടിരിക്കാന്‍ പറ്റിയ  രീതിയില്‍ സിടൌട്ടില്‍ കെട്ടിയ അരപ്ലേസ് . കാല് നീട്ടി ഭിത്തിയില്‍ ചാരിയിരുന്ന് ചായ മൊത്തിക്കുടിക്കുമ്പോള്‍ പുറകിലൊരു തട്ടും ചോദ്യോം ഒരുമിച്ച് -
"മക്കളെപ്പോ എത്തീ ? " -അപ്പുറത്തെ പാറൂമ്മ  ആണ് .
കാലം എവിടെയോ വെച്ച് ചങ്ങാത്തം കൂടിപ്പോയതാണ് പാറൂമ്മയോട്. പഴയ ഫ്രോക്കുകാരി മുഴുപ്പാവാടയും സാരിയുമൊക്കെ മാറി അണിയാന്‍ തുടങ്ങിയിട്ടും ഈ ആള് അന്ന് കണ്ടത് പോലെ തന്നെ. എപ്പോള്‍ കാണുമ്പോളും മുണ്ടിന്‍റെ കോന്തലയില്‍  നിന്ന് ഒരു തുണ്ട് കല്‍ക്കണ്ടമുണ്ടാകും സമ്മാനിക്കാന്‍. കുറെ അതിശയിപ്പിച്ചിട്ടുണ്ട് എന്ത് മന്ത്രവിദ്യയിലാണ് ഈ കുഞ്ഞുകോന്തല ഇത്രയും കല്‍ക്കണ്ടക്കഷ്ണങ്ങളെ ഒളിപ്പിക്കുന്നതെന്ന്. അമ്മയുടെ ആകാശവാണി ആണ് പാറൂമ്മ , ലോകത്തിലെ എല്ലാ ന്യൂസും കൃത്യമായിട്ട് ഇവിടെ എത്തിക്കും, ഇവിടുന്നുള്ളത്  പുറത്തോട്ടും.

"ഇപ്പൊ ഓടിയെത്തിയെ ഉളളൂ പാറമ്മോ . എന്തൊക്കെ വിശേഷങ്ങള്‍? കുഞ്ഞീം പൊന്നീം  സ്കൂളില്‍ പോയോ? ബിന്ദേച്ചി ഇഡ്ഡലിപ്പുറത്താ ? "  ഒരു മണിക്കൂര്‍ നേരം പാറുവമ്മയ്ക്ക് സംസാരിക്കാനുള്ള വിഷയം കൊടുത്തിട്ട്   പേപ്പറുകാരന്‍റെ വിളി കേള്‍ക്കുന്നുണ്ടോ എന്ന് നോക്കുമ്പോള്‍  അവളോര്‍ത്തു , ഇവിടെയിങ്ങനെ ചമ്രം  പടിഞ്ഞിരുന്നു,  ചായ കുടിച്ചു,  പേപ്പര്‍ വായിക്കുന്ന സുഖം എത്രയായാലും ഓഫീസിലെ കമ്പ്യുട്ടറില്‍ ഓണ്‍ലൈന്‍ പേപ്പറിന് തരാന്‍ കഴിയുന്നില്ല. ഒരു വാര്‍ത്തയും ഞെട്ടിക്കുന്നുമില്ല, സന്തോഷിപ്പിക്കുന്നുമില്ല. ഇടവേളകളില്‍ പോലും സാലറി ഹൈക്കും , കമ്പനി ചാട്ടവും മാത്രം സംസാരിക്കുന്ന ഈ ജോലി മടുത്തിരിക്കുന്നു. ഏതെങ്കിലും തരത്തില്‍ ഒരു തിരിച്ചുവരവ് നടത്താന്‍ ആഗ്രഹിക്കാത്ത ദിവസങ്ങളില്ല എന്നായിരിക്കുന്നു.

"ലയേച്ചീ പൂയ്, സ്വപ്നം കാണാ? "  ചോദ്യോം പേപ്പറും ഒരുമിച്ചാണ് എത്തിയത് , അയലത്തെ കുട്ടനാണ് . പരിസരങ്ങളിലെ പേപ്പര്‍ അവന്‍റെ കുത്തകാവകാശമാണ്.

"സുഖല്ലേ" എന്നൊരു ചോദ്യത്തില്‍ ഉത്തരവും അന്വേഷണവും ഒക്കെയൊതുക്കി അവള്‍ പേപ്പര്‍ നിവര്‍ത്തി.  ഉള്ളില്‍ നിന്ന് വീണ ഒരു നോട്ടിസിലേക്ക് ഒന്നേ നോക്കിയുള്ളൂ - ഉറക്കത്തിലും മറക്കാത്ത ആ മുഖം ചിരിച്ചു കൊണ്ട് അതില്‍. ഒരൊറ്റ നിമിഷം കൊണ്ട് ലയയുടെ മുന്നില്‍ കാലിഡോസ്കോപ്പിലെ ചിത്രങ്ങള്‍ പോലെ പലതും മാറിമറിഞ്ഞു.  പറങ്കിമാവുകള്‍ നിറഞ്ഞ ചെമ്മണ്‍നിരത്തിലൂടെ തയ്ച്ചുകിട്ടിയ യുണിഫോറം മാറോടു ചേര്‍ത്ത് പിടിച്ചു ധൃതിയില്‍ നീങ്ങുന്ന ഒരു ഏഴാം ക്ലാസുകാരി പെണ്‍കുട്ടിയേയും , സഹായിക്കാന്‍ പരിചയഭാവത്തില്‍ അരികില്‍ നിര്‍ത്തിയ ഓട്ടോക്കാരനെയും , ഓട്ടോയ്ക്കുള്ളില്‍ കണ്ട ചിരിക്കുന്ന ഒരു കുഞ്ഞുമുഖവും, വലിയ മുത്തുകള്‍ കോര്‍ത്തിട്ടിരുന്ന തന്‍റെ  മാലയിലൂടെ താഴേക്ക് ഇഴഞ്ഞ ,  അഴുക്കു നിറഞ്ഞ നീണ്ട  നഖങ്ങളുള്ള വിരലോടിച്ച്  വില ചോദിച്ച ശബ്ദവും, അറയ്ക്കുന്ന ചിരിയുടെ  കൈ തട്ടി മാറ്റി പുറത്തേക്ക് ചാടിയ സമയത്തെ ശ്വാസം മുട്ടുന്ന അവസ്ഥയും,  വീണുമെണീച്ചും ഓടിവീട്ടിലേക്കെത്തിയ തന്‍റെ മുട്ടിലെയും കയ്യിലേയും മുറിവുകള്‍ കണ്ടമ്പരന്ന അമ്മയുടെ മുഖവും എല്ലാം ഇന്നലെക്കഴിഞ്ഞത് പോലെ ലയയില്‍ വീണ്ടും നിറഞ്ഞു.

' ഒരുപാട് കള്ളങ്ങളില്‍ അന്ന് അമ്മയെ  വിശ്വസിപ്പിച്ചെങ്കിലും പിന്നീട് എത്രയോ വട്ടം ചിലന്തിയരിക്കും പോലെ ആ വിരലുകള്‍ നെഞ്ചിലോടി നടക്കുന്നതായി അനുഭവിച്ച്  ഉറക്കമില്ലാതെ കിടന്നിട്ടുണ്ട് . ആരോടും പറയാന്‍ കഴിഞ്ഞില്ല, പേടിയായിരുന്നു അമ്മയോട് പറയാന്‍ പോലും.  അന്നാ വണ്ടിയില്‍ കണ്ടത് മോളാണെന്ന് പറഞ്ഞത് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല , വണ്ടിയില്‍ കയറ്റാന്‍ വേണ്ടിയുള്ള സൂത്രം ആയിരുന്നെങ്കില്‍ !  ആ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചുവോ ഒന്നുമറിയില്ല .  ഇനിയത് ശരിക്കും ആ വൃത്തികെട്ട ജന്തുവിന്‍റെ മകള്‍ തന്നെയാണെങ്കില്‍... '  ഓര്‍മ്മകളെ പുറത്തേക്ക് എറിയാനെന്നത് പോലെ അവള്‍ തല ശക്തിയായി കുടഞ്ഞു.

"ഇന്നലെയാ മോളേ , മ്മടെ നാലും കൂടിയ മുക്കില്ലേ അവിടെ ഒരു ട്രാന്സോര്ട്ട്  ബസാണ് ഇടിച്ചിട്ട് കടന്നു കളഞ്ഞ്. പാവം, നല്ല തങ്കപ്പെട്ട മനുഷേനായിരുന്നു, എവിടെ കണ്ടാലും പാറൂമ്മ കേറാന്‍ പറഞ്ഞെത്ര പ്രാവശ്യം ,ഇവിടെ ഈ  നടേല് കൊണ്ടിറക്കിയിട്ടുണ്ടെന്നോ , അല്ലേലും നല്ല മനുഷേര്‍ക്ക് ദൈവം ആയുസ് കൊടുക്കൂല്ലാല്ല്" .

പാറുവമ്മയുടെ 'ആത്മാര്‍ത്ഥമായ' പായാരം പറച്ചിലിന്

 "അതേയതെ നല്ലസല്‍ 916 തങ്കം "

എന്ന് പറഞ്ഞു നിര്‍ത്താതെ പൊട്ടിപ്പൊട്ടിച്ചിരിക്കുന്ന   ലയയെ ആദ്യമായി കാണുമ്പോലെ അമ്മ നോക്കിനിന്നു. ഒന്നും മനസിലാകാതെ നിന്ന അമ്മയ്ക്ക് അമര്‍ത്തിയൊരു ഉമ്മ കൊടുത്ത് ലയ ഒന്നാസ്വദിച്ചു കുളിക്കാനായി , കിണറിലെ തണുത്ത വെള്ളത്തില്‍ അഴുക്കിനെ മുഴുവന്‍ കഴുകി കളഞ്ഞൊന്നു ഫ്രെഷാകാനായി പുറത്തെ കുളിപ്പുരയിലേക്ക് നടന്നു.


Monday, June 1, 2015

ഓര്‍മ്മമഴ നനച്ചൊരു ദിനം

എത്ര ചീത്ത കേട്ടിട്ടും , കുളിരുന്ന രാവായിട്ടും എനിക്കന്നുറക്കം വന്നതേയില്ല ..എന്താന്നാ? നാളെ  ജൂണ്‍  ഒന്നാം തീയതിയാ - നാളെ രാവിലെ നേരം വെളുത്താലേ ഞാനും ഉസ്കൂളില്‍ പോകും, ഞങ്ങളുടെയൊക്കെ സ്വപ്നമായ മേലേസ്കൂളില്‍ 
smile emoticon കുറേനാളായി ഈ ചേട്ടായിമാര്‍ രണ്ടാളും കൂടി എന്നെ കൊതിപ്പിക്കുന്നു സ്കൂളിലെ വിശേഷങ്ങള്‍ പറഞ്ഞിട്ട്-ഇനി മുതല്‍ എനിക്കും പറയാംലോ അമ്മാതിരി പൊങ്ങച്ചോക്കെ ... ഞാനെത്തും മുന്‍പേ ചേട്ടായിമാര്‍ പ്രൊമോഷന്‍ കിട്ടി UP സ്കൂളിലേയ്ക്ക് പോയെങ്കിലും എപ്പോ വേണെങ്കിലും അവര്‍ക്കിവിടെ വരാം, എന്ത് രസാ - വലിയ കുട്ടികളായി വരാന്‍! അംഗനവാടിയില്‍ സുജാത ടീച്ചറും പറഞ്ഞു -മോള്‍ക്ക് നാളെ സ്കൂളിപ്പോകാംന്നു.. ടീച്ചറെ കാണാന്‍ പറ്റില്ലാല്ലോന്നോര്‍ക്കുമ്പോ ഒരു സങ്കടോക്കെ ണ്ട്ട്ടാ ..., അത് മാത്രമല്ല വേറൊരു സങ്കടോംണ്ട് ,ഇനിയിപ്പോ അംഗനവാടീലെ മഞ്ഞയുപ്പുമാവ് തിന്നാന്‍ പറ്റില്ല... frown emoticon സ്കൂളില്‍ കഞ്ഞിയെ ഉള്ളൂത്രേ , പക്ഷേ അത് കിട്ടണമെങ്കില്‍ മൂന്നാം ക്ലാസ്സിലാകണം -അതറീല്ലേ, ഒന്നാം ക്ലാസ്സുകാര്‍ക്ക് ഉച്ചവരെയേ ക്ലാസുള്ളൂ, രണ്ടാം ക്ലാസ്സുകാര്‍ക്ക് ഉച്ച മുതലേ ക്ലാസ്സ്‌ തുടങ്ങൂ..അപ്പോള്‍ പിന്നെ കഞ്ഞീം പയറും തരില്ലാത്രേ -അതെനിക്ക് അത്ര ഇഷ്ടയിട്ടൊന്നൂല്ല ,എന്നാലും സ്കൂളിപ്പോകാംല്ലോ ,പോകണംലോ അതോണ്ട് ഞാനെന്‍റെ മഞ്ഞ ഉപ്പുമാവിനെ മറക്കുവാ....

സ്കൂളിലേയ്ക്ക് പോകാനിറങ്ങിയപ്പോള്‍ തോരാമഴ... കോരിച്ചൊരിയുന്ന മഴയത്തൊരു സെന്റ്‌ ജോര്‍ജ്ജ് കുട ഒരു കയ്യിലും , വെള്ളം തട്ടിത്തെറിപ്പിക്കുന്ന എന്‍റെ കൈ മറ്റേ കയ്യിലും മുറുകെ പിടിച്ച് അമ്മയാണ് സ്കൂളിലേയ്ക്ക് ആദ്യദിവസം കൊണ്ടുപോയത്. പോകും വഴിയിലൊക്കെ നിര്‍ത്താതെ ഞാന്‍ സംസാരിച്ചത് പുത്യേ സ്ലേറ്റിനെയും കല്ലുപെന്‍സിലിനേയും കുറിച്ചായിരുന്നു (പുസ്തോം പഴേതാട്ടോ , ചേട്ടായിമാരുടെ പഴേതിന്‍റെ പഴേത് ) , അമ്മയോടല്ലാട്ടോ ഈ കിന്നാരം പറച്ചിലൊന്നും - ഒക്കെ ഈ മഴയോടും, പൂക്കളോടും പിന്നെ വഴിയില്‍ കണ്ട ചില ചിണുങ്ങാക്കുട്ടികളോടുമാ ! എന്‍റെ ക്ലാസ്സിലേക്കാകുമോ ആ കരഞ്ഞു വരുന്ന കുറുമ്പികളൊക്കെ? കുട പിടിച്ചു നടക്കുന്ന ആ കള്ളചെക്കന്മാര്‍ തല്ലു കൂടാന്‍ വരുവോ ഇന്ന് തന്നെ?? ചില കുഞ്ഞുകുടകള്‍ അസൂയയുണ്ടാക്കുന്നുണ്ട്ട്ടോ..പക്ഷെ, അതിലിപ്പോ കാര്യോന്നുമില്ല! ഈ വലിയ കുട , അമ്മ പിടിച്ചിരിക്കുന്ന ഈ സെന്റ്‌ ജോര്‍ജ്ജ് കുടയേ , എനിക്കുള്ളത് തന്നെയാണെന്നാ അമ്മ പറഞ്ഞേ - ഇടയ്ക്ക് അച്ഛനും, അമ്മയ്ക്കും ,ചേട്ടന്മാര്‍ക്കും ഉപയോഗിക്കാന്‍ കൊടുത്താല്‍ മാത്രം മതി..ഉടമസ്ഥാവകാശം എനിക്ക് തന്നെ ...പിന്നെന്ത് വേണം? 
ile emoticon

നനഞ്ഞൊലിച്ചു സ്കൂളില്‍ എത്ത്യപ്പോള്‍ എല്ലാരുടേം പുത്തന്‍ ഉടുപ്പിന്‍റെ , നനഞ്ഞ മുടിയുടെ, ചിലരുടെ കരഞ്ഞുണങ്ങിയ കവിളിന്‍റെ, കുടശീലയില്‍ നിന്നുതിരുന്ന മഴത്തുള്ളിയുടെ മണം ..കൂടിക്കുഴഞ്ഞൊരു ചന്ദനഗന്ധം കൂടിയുണ്ടായിരുന്നു ചിലയിടങ്ങളില്‍ .. കരഞ്ഞു കലങ്ങിയ കണ്ണോടെ പലരും അമ്മമാരുടെ സാരിത്തുമ്പുകളില്‍ പിടിച്ചു നില്‍ക്കുന്നത് കാണുമ്പോള്‍ എനിക്ക് ചെറിയ ചിരിയൊക്കെ വരുന്നുണ്ട്ട്ടോ, എന്തിനാപ്പോത്ര കരയാന്‍? സ്കൂള്‍ എത്ര രസമാണെന്നോ... ചേട്ടായിമാര്‍ പറഞ്ഞുപറഞ്ഞു എനിക്കീ സ്കൂളിന്‍റെ മുക്കും മൂലയും , ഓരോ സാറന്മാരും ടീച്ചര്‍മാരും ഒക്കെ കയ്യില്‍ വരച്ച വരപോലെ അറിയാം... ഇവിടൊരു കിണറുണ്ട് ട്ടോ -അതിനടുത്തേക്ക് അധികം പോകരുതെന്ന്‍/ പോയാല്‍ തന്നെ എത്തിനോക്കരുത് ന്ന്/ എത്തി നോക്ക്യാലും ആ കിണറിന്‍റെ തിട്ടയില്‍ കയറിനിന്നു താഴേയ്ക്ക് നോക്കരുതെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട് . എന്താ കാര്യംന്നോ, ചേട്ടായിമാരുടെ കൂട്ടുകാരന്‍ വീണുപോയ കിണറാ അത്. അന്ന് ചേട്ടായിമാരാ ഓടിയോടിപ്പോയി എല്ലാരേയും വിളിച്ചോണ്ട് വന്നതും, ആ കൂട്ടാരഞ്ചേട്ടനെ രക്ഷിച്ചതും. എനിക്കാണേല്‍ നീന്തലും അറീല-അതോണ്ട് ഞാനാ കിണറിനോട് മാത്രം കൂട്ടില്ല smile emoti
ഇന്ന് ക്ലാസൊന്നും ഇല്ലാത്രേ -തിരിച്ചു പൊക്കോളാന്‍ , നാളെ മുതല്‍ എല്ലാരും കരയാണ്ട് നേരത്തേ കാലത്തേ വരണം ന്ന് പറഞ്ഞിട്ടുണ്ട് ചെല്ലമ്മ ടീച്ചര്‍ ... (ഹായ്! എത്ര രസള്ള പേരാല്ലേ? , അപ്പുറത്തെ ക്ലാസ്സില്‍ ഒരു ചെല്ലപ്പന്‍ സാറും ഉണ്ട് ) 
മഴ മാറിയ ആകാശവും, കുഞ്ഞു മുഖങ്ങളും .. നാളെക്കാണാമെന്ന്  /അടുത്തിരുത്താമെന്നും കൂട്ടു കൂടിയ ചിലരോട് ഞാന്‍ പറഞ്ഞു വെച്ച് കഴിഞ്ഞു... ഇനിയീ രാത്രി വെളുപ്പിക്കണംലോ !

Next generation - Happy to go to school :)
പിന്‍കുറിപ്പ്-  ഒരു ജീവിതകാലത്തേയ്ക്കുള്ള എന്‍റെ ഓര്‍മ്മകള്‍ നനഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്...ഒന്നാം ക്ലാസ്സിലെ ടീച്ചര്‍ ചെല്ലമ്മ ടീച്ചര്‍, രണ്ടാം ക്ലാസ്സിലെ ചെല്ലപ്പന്‍ സര്‍, മൂന്നിലെ കൃഷ്ണന്‍കുട്ടി സര്‍, നാലിലെ ടീച്ചറുടെ പേരോര്‍മ്മയില്ല!!!! (സുബൈദ  ടീച്ചര്‍ ആണോന്നു ആരേലും പറഞ്ഞു തരാമോ? )

Friday, May 15, 2015

ശവംനാറിപ്പൂക്കളിലൂടെ പറക്കുമ്പോള്‍

ഇല്ല, അടി തെറ്റിയത് എനിക്കല്ല ,കണ്ണിനു
മുന്നിലൂടെ ഒഴുകിയിരുന്ന പച്ചപ്പായലിനാണ്
നോക്കി നോക്കി നില്‍ക്കെയത് നീലയും
ഇരുട്ടുമായ് മാറി താണുതാണു പോയി

അഴലാഴങ്ങളില്‍ നിന്ന് വന്നത് പോലെ ഒരു
'മീന്‍കൊത്തി'യതിന്‍റെ ,പട്ടുനേര്‍ത്ത തല
വെട്ടിച്ചെടുത്തതില്‍ കൂട്ടിനായ് വന്നൊരു
വെള്ളിമീന്‍ ചിരിക്കയായ് കുലുങ്ങി കുലുങ്ങി

എവിടെയോ തട്ടിത്തെറിച്ചു വരുന്നുണ്ട്
ഞാനെന്നില്‍ നിന്ന് പറത്തി വിട്ട ശബ്ദം
ഇരുളിന്‍റെ  ഉന്മാദങ്ങളിലേയ്ക്ക് ചേര്‍ന്നിരി-
-ക്കെന്നെന്നോടൊരു കുഞ്ഞുകല്ലടിത്തട്ടില്‍.

മൂക്കില്‍ നിറയുന്നതിപ്പോഴും പാതിചാരിയ
വാതിലിനുള്ളിലെ വീര്‍ത്തുപൊള്ളിയ പപ്പടം!
'കാച്ചിവെക്കുക , ഞാനൊന്നവിടെ വെയില്‍ കാഞ്ഞു
വരാ'മെന്നോതിയിറങ്ങി പടി ചാരി

അറിഞ്ഞതില്ലീ ഇരുളിന്‍ മുഷിപ്പില്‍ തണുപ്പെ-
-ന്‍റെ ചൂടേറ്റു മായാന്‍  കാത്തിരിക്കുമെന്ന്.
തലയ്ക്കുള്ളിലായ് ചെറു പിറു പിറുപ്പോടെ
 മൂളുന്നതൊരായിരം വണ്ടുകള്‍  ,ശല്യം!
തല കുടഞ്ഞിട്ടും പോകുന്നതില്ലവ,തുറന്ന
ചെവിയിലൂടെ കയറുന്നു വീണ്ടും

പറയാതെ ബാക്കിവെച്ച ചില പരിഭവങ്ങള്‍ ,
കൊടുക്കാനാകാതെ പോയ മധുരചുംബനങ്ങള്‍,
കേള്‍ക്കാന്‍ കൊതിച്ച മറുപാട്ടിന്‍റെയീണം ,
രുചിയിലൂറിയോരമ്മ തന്‍  കയ്യുരുള ....

എല്ലാം മറന്നു വെയ്ക്കയായിവിടെയി-
-ന്നെന്‍റെ ചിരിയുടെ ഓര്‍മ്മയ്ക്കായ് മാത്രം !
ഒഴുകി മറയും മുന്‍പെന്നിലേക്കൊന്നു കൂടി
നോക്കിച്ചിരിക്കട്ടെ , അത്  മാത്രമാകട്ടെ ബാക്കി.

Wednesday, April 22, 2015

ഭൂമിയും മണ്ണും ചേര്‍ന്നൊരു കുറിപ്പ്


 ഇപ്പുഴ പാടുന്നതാര്‍ക്കു വേണ്ടി,
ഇക്കാറ്റു വീശുന്നതാര്‍ക്ക് വേണ്ടി
അഴകെഴും പൂക്കളും കാട്ടുപൂന്തേനുമാ
പുഴുക്കളും കായ്ക്കളുമാര്‍ക്കു വേണ്ടി

കളകളമൊഴുകുന്നു കാട്ടുചോല,
പുളകിതയാക്കുന്നു പൂമരങ്ങള്‍ ,
കഥയുറങ്ങുന്നോരീ നാട്ടുമണ്ണ്‍,
ആര്‍ക്കാര്‍ക്കു വേണ്ടിയിന്നാര്‍ക്കു വേണ്ടി
ആര്‍ക്കാര്‍ക്കു വേണ്ടിയിന്നാര്‍ക്കു വേണ്ടി!

പുഴ പാടുമീണം നമുക്കു വേണ്ടി ,
പൂമണം വീശും നമുക്ക് വേണ്ടി,
പുലരികള്‍ പൂവുകള്‍ പൂന്തേനുമായി
മണ്ണോടു മണ്ണായ മാമരങ്ങള്‍ !

ശലഭ മഴ യാത്രകള്‍, ഈ പവിഴപ്പുറ്റുകള്‍
അലകടലോളം നമുക്ക് മാത്രം
ഇനിയെന്ത് വേണമെന്നോമല്‍ ഭൂവില്‍
ഈ രാവും പകലും നമുക്ക് മാത്രം!

നാളെ തന്‍ പൂവുകള്‍,
നന്മ തന്‍ മൊട്ടുകള്‍ ,
നാടിന്‍റെ നേരറിവാകേണ്ടവര്‍ -
നിങ്ങള്‍ ഭൂമിയോടോന്നിച്ചു വാഴേണ്ടവര്‍!
കയ്യോടു കൈ ചേര്‍ത്തെടുക്കയായ്‌ -
ഈ മണം ഈ കാറ്റീയരുവികള്‍ പൂവുകള്‍,
മനം നിറയ്ക്കുന്നോരീ മാമ്പഴക്കാലങ്ങള്‍ ,
പൂവട്ടി തേടുമീ പൂത്തുമ്പികള്‍ !

നിങ്ങള്‍ കയ്യോട് കൈ ചേര്‍ത്ത് ,
മെയ്യോട്  മെയ്‌ ചേര്‍ത്ത് ,
നെഞ്ചോടടുക്കിപ്പിടിക്കുകീ ഭൂമിയേ
നാളേക്ക് വേണ്ടി കാക്കുകീ മണ്ണിനെ !
(മനോഹരി മില്‍വാക്കീ - A beautiful snap by Rameshkumar )


(ഈ മണ്ണിനെ,പ്രകൃതിയെ, പൂക്കളെ, മൃഗങ്ങളെ ,പുല്ലിനെ ,ജലത്തെ ഒക്കെ  സ്നേഹിക്കുന്ന കുറേയേറെ സുഹൃത്തുക്കള്‍ ചേര്‍ന്നൊരുക്കുന്ന  ടെലിഫിലിം 'കുമ്മാട്ടി'ക്ക് വേണ്ടി എഴുതിയത്. പ്രമോദ് എന്ന   സുഹൃത്ത് ആലപിച്ചത് മനോഹരമായ ദൃശ്യങ്ങളോടെ ഇവിടെ ക്ലിക്ക് ചെയ്താല്‍  കാണാം  

https://www.youtube.com/watch?v=BS-sh6vk8K8&app=desktop ) 

Friday, March 27, 2015

ഓര്‍മ്മകളില്‍ - പാട്ട് കേട്ടോരുറക്കം


ആദ്യമായി അമ്മയാകാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ മനസ്സില്‍ കുറെയേറെ കാര്യങ്ങള്‍ ചെയ്യണം എന്ന് തോന്നിയിരുന്നു - പക്ഷെ, പദ്ധതികള്‍ പാളാനുള്ളതാണല്ലോ . അത് കൊണ്ട് തന്നെ ഒന്നും നടന്നില്ല - നല്ലസല്‍ ഭക്ഷണോം വായനയും അല്ലാതെ ... എന്നാലും മുടങ്ങാതെ ചെയ്തൊരു കാര്യമുണ്ടായിരുന്നു. രാത്രി ആകുമ്പോള്‍ കഥ പറയും ,വെറുതെ കുഞ്ഞിനു കേള്‍ക്കാന്‍ വേണ്ടി പാട്ട് പാടും - അങ്ങനെ പാടാന്‍ വേണ്ടി മുഴുവന്‍ വരികളും എഴുതിയെടുത്ത് പഠിച്ച പാട്ടാണ് .വേണുച്ചേട്ടന്‍ ആലപിച്ച "രാരീരാരിരം രാരോ , പാടീ രാക്കിളി പാടീ " . heart emoticon
വേറെയും കുറെ പാട്ട് പഠിച്ചെങ്കിലും ഇതിന്‍റത്രേം ഇഷ്ടം എനിക്ക് മറ്റൊന്നിനോടും ഉണ്ടായിരുന്നില്ല . പിന്നെ ആ സമയത്ത്സ്ഥിരായി കേട്ടിരുന്ന ഒരു പാട്ട് ഹരിവരാസനം ആണ് ,അതിനോടുള്ള ഒരു പ്രത്യേക ഇഷ്ടം കൊണ്ട് .ഓഫീസിലേക്കുള്ള  വഴികളിലും തിരിച്ചുവരവിലും  ഞങ്ങളോടൊപ്പം  ദാസേട്ടന്‍ അലിഞ്ഞു പാടി 'ഹരിവരാസനം,വിശ്വമോഹനം'. എന്‍റെ കുട്ടിക്കാലത്തിന്‍റെ  കര്‍പ്പൂര മണങ്ങളേയും , അയ്യപ്പവിളക്കുകളെയും ഒന്നോര്‍ക്കാന്‍ കൂടിയായിരുന്നു  ആ പാട്ട്.

ഇടയ്ക്കോരോ കവിത മൂളി - മലയാളത്തിന്‍റെ മധുരം അറിയട്ടേയെന്നു വെറുതെ മൂളിയവയില്‍ ഏഴിലംകാട്ടിലെ കാക്കയും, വിന്ധ്യശൈലത്തിന്‍റെ താഴ്വരകളും, പാല്‍ക്കാരി ആയിഷയും ഒക്കെ നിറഞ്ഞു.

ഒടുവില്‍ മോന്‍ ജനിച്ചപ്പോള്‍,  കുറെയേറെ നാള്‍ രാരീരാരിരത്തില്‍ തന്നെ സാധകം ചെയ്തു.. പകലും രാത്രിയും തൊട്ടിലാട്ടത്തിലും പാലുമ്മകളിലുമൊക്കെ .. ഇടയ്ക്ക് " കുഞ്ഞിന്റച്ഛനെ" ഒന്ന് സമാധാനിപ്പിക്കാന്‍ "ആരാരോ ആരിരാരോ അച്ഛന്റെ മോന്‍ ആരാരോ" എന്നൊക്കെ മൂളിയെങ്കിലും മനസ്‌ അപ്പോളും രാരീരത്തില്‍ തന്നെ..
ഇടയ്ക്ക് ബോറടിക്കാതിരിക്കാന്‍ വാല്‍ക്കണ്ണ്‍ എഴുതി , ഓമനത്തിങ്കള്‍ പൂവായി , ഏതോ വാര്‍മുകിലിലെ കിനാവ് കാട്ടി , താമരക്കണ്ണനായി ,പാട്ട് പാടി ഉറക്കി അങ്ങനെ അങ്ങനെ കഴിഞ്ഞ് പോകവേ.... മോനൂസിനു ഒന്നര വയസായി .

തൊട്ടിലുകള്‍ ഉപേക്ഷിച്ചു , നടന്നു ചാടി കുത്തിമറിഞ്ഞു കുറുമ്പനും കുസൃതിയും ആയിക്കൊണ്ടിരുന്നു. അപ്പോഴും ഉറക്കാന്‍ പാട്ടെന്ന കലാപരിപാടി ഞാന്‍ തുടര്‍ന്ന് കൊണ്ടുമിരുന്നു...
ആദ്യമായി എന്നെ 'അമ്മ' എന്നും അച്ഛനെ കൊഞ്ചി "അച്ച്ചീ" എന്നുമൊക്കെ കുഞ്ഞോമന വായ കൊണ്ട് പറഞ്ഞു തുടങ്ങി,അത് കേട്ട് ഞങ്ങള്‍ ആനന്ദിക്കാനും തുടങ്ങി.. ഓരോ പുതിയ വാക്കും പഠിക്കുന്നത് ഓരോരോ അനുഭവമായി, എന്തൊക്കെയോ പിടിച്ചടക്കുന്ന ഭാവത്തില്‍ അവനങ്ങനെ വാക്കുകളും അര്‍ത്ഥങ്ങളും ഓരോന്നായി പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഒരു രാത്രി പതിവ് പോലെ "രാരീരിക്കാന്‍" ചെന്ന എന്നോട് വളരെ കൃത്യമായും ശക്തമായും ഞങ്ങടെ സീമന്ത പുത്രന്‍ "താത്വിക് " പറഞ്ഞു
"പാട്ട് വേണ്ട!!" tongue emoticon

അന്ന് നിര്‍ത്തി! എന്നാലും അവനിത് പറയാന്‍ വേണ്ടി ഒന്നൊന്നരക്കൊല്ലം കഷ്ടപ്പെട്ടല്ലോ എന്നാലോചിക്കുമ്പോള്‍..... frown emoticon
================================================================================

ഒരുറക്കം പോസ് -അമ്മക്യാമറയ്ക്ക് 

വാല്‍ക്കഷ്ണം : ഇപ്പോള്‍ വീണ്ടും മോനുറങ്ങാന്‍ ,കഥ പറഞ്ഞു കഴിഞ്ഞ് പാട്ട് വേണമെന്ന് ആവശ്യപ്പെടുന്നു, അത് ഞാന്‍ തന്നെ പാടണമെന്നും , "രാരീരാരിരം" ആകണമെന്നും നിര്‍ബന്ധം! എന്‍റെ പാട്ട് മെച്ചപ്പെട്ടതാണോ അതോ , അമ്മയൊന്നു സന്തോഷിച്ചോട്ടെ എന്ന് എന്‍റെ കുഞ്ഞു കോമ്പ്രോമൈസ് ചെയ്യുന്നതാണോ എന്ന് സത്യായിട്ടും എനിക്കറീല്ല !!

Tuesday, March 10, 2015

കാത്തിരിക്കുന്നവര്‍ക്കായ്‌

പലവുരു വായിച്ചു മനപ്പാഠമായിക്കഴിഞ്ഞ  ആമുഖത്തിലേക്ക് അവളൊരിക്കല്‍ കൂടി നോക്കി,

"ജീവിതമെന്ന മരുഭൂമിയിലെ മരുപ്പച്ചകളാണ് കാത്തിരുപ്പ്, എന്തിനെങ്കിലുമൊക്കെ വേണ്ടി കാത്തിരുന്ന് ദിനരാത്രങ്ങളെ നാം തള്ളിനീക്കുന്നു. മടങ്ങി വരാതെ പോയ ബാല്യത്തിനു വേണ്ടിയോ , സ്വപ്നങ്ങളിലെ രാജകുമാരന്മാര്‍ക്ക് വേണ്ടിയോ ,നല്ല നാളെകള്‍ക്ക് വേണ്ടിയോ ,അസ്തിത്വത്തിന്‍റെ തിരിച്ചറിവിന് വേണ്ടിയോ എല്ലാവരും കാത്തിരിക്കുന്നു ,ഞാനും . എന്‍റെ ഈ കഥയും ഒരു കാത്തിരിപ്പിനെ കുറിച്ചാണ് -അത് കൊണ്ട് തന്നെ ഇത് ഞാന്‍ സമര്‍പ്പിക്കുന്നതും നിങ്ങള്‍ക്ക് വേണ്ടിയാണു , കാത്തിരിക്കുന്നവര്‍ക്ക് വേണ്ടി!
നിങ്ങളുടെ സ്വന്തം മാളവിക "

തോളത്ത് നനഞ്ഞൊരു വിരല്‍ , "ആന്‍ ,നിനക്കെന്താ ഇന്ന് ഓഫീസില്ലേ? " മമ്മിയുടെ പതിഞ്ഞ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന് ആന്‍ ചുമര്‍ഘടികാരത്തിലേക്ക് നോക്കി .

" ഈശോയെ , സമയം പോയത് അറിഞ്ഞതേയില്ലാലോ. പ്രിയപ്പെട്ട കഥാകാരിയ്ക്ക്  അവാര്‍ഡ്‌ കിട്ടിയ കൃതിയില്‍ ലയിച്ചിരുന്ന് ഇന്നത്തെ ദിവസത്തിന്‍റെ ആസ്വാദ്യത കളഞ്ഞു. ഇനി കാല്‍പ്പനികമായി നീങ്ങാനുള്ള നേരമില്ല, ആരാധിക്കുന്ന കഥാകാരിയെ ഇന്റര്‍വ്യൂ ചെയ്യേണ്ടതാ , വൈകിച്ചെന്ന്   എന്തിനു വെറുതെ ഇമ്പ്രഷന്‍ കളയുന്നു !"  കണ്ണാടിയില്‍ കണ്ട തന്നോട് തന്നെ പറഞ്ഞവള്‍.

ഈ മമ്മിയ്ക്കെന്തായിരുന്നു ഇച്ചിരെ നേരത്തെ വിളിച്ചാല്‍  ,എന്ന് വൈകിയതിന്‍റെ അരിശം അമ്മയോട് തീര്‍ത്ത് സ്കൂട്ടിയുടെ കീയുമായി ഓടവേ പുറകില്‍ നിന്നുള്ള ടിഫിന്‍ വേണ്ടേ വിളി അവള്‍  തീര്‍ത്തും അവഗണിച്ചു.

10 മിനിറ്റിലെ കഠിന പ്രയത്നത്തിനു ശേഷവും 'മയില്‍വാഹനം " അനങ്ങാതെയായപ്പോള്‍ തൊട്ടടുത്തുള്ള ബസ്‌ സ്ടോപ്പിലേക്ക് ആന്‍ ധൃതിയില്‍ നീങ്ങി. അവിടെച്ചെന്ന് ബസിനു വേണ്ടി കാത്തു നില്‍ക്കവേ അവള്‍ക്ക് തോന്നി , 'മാളവികാനമ്പ്യാര്‍ എത്ര സത്യമാണ് എഴുതിയത് . നമ്മള്‍ ഓരോ നിമിഷവും എന്തിനെങ്കിലുമൊക്കെ വേണ്ടി കാത്തിരിക്കുന്നു. ബസിനു വേണ്ടിയാണെങ്കിലും കാത്തിരിപ്പ് കാത്തിരിപ്പ്‌ തന്നെയാണല്ലോ! ' തീരെ ബോധമില്ലെന്നു മമ്മി പറയാറുള്ള ആ പൊട്ടിച്ചിരി ചിരിക്കാന്‍ വെമ്പലുണ്ടായെങ്കിലും ബസ് സ്ടോപ്പിലെ മോശമല്ലാത്ത തിരക്ക് അവളെ തടഞ്ഞു.

" ഹോട്ടല്‍ ഐലന്ഡ് ടെമ്പിള്‍ റോഡ്‌ " കാലിയായി വന്ന ഓട്ടോക്കാരനെ മറ്റാരും കൊണ്ട് പോകാതെ -ആര്‍ക്കെങ്കിലും അങ്ങനെ ഒരു ഉദ്ദേശം ഉണ്ടായിരുന്നോ എന്ന് തന്നെ ചിന്തിക്കാതെ ,ആവശ്യത്തില്‍ കൂടുതല്‍ ഉച്ചത്തില്‍ പോകേണ്ട സ്ഥലം വിളിച്ചു പറഞ്ഞു ഒറ്റച്ചാട്ടത്തിന് ആന്‍ ഓട്ടോയ്ക്ക് അകത്തെത്തി .

'ഹാവൂ !ഭാഗ്യം ഈ ചേട്ടച്ചാര്‍ക്ക് ഇത് വഴി വരാന്‍ തോന്നിയത്. പത്തു മിനിറ്റ് ലേറ്റായാലും ട്രാഫിക്ജാമില്‍ കുറ്റം ചുമത്താം. ഈ മാളവികാ നമ്പ്യാര്‍ എങ്ങനെയാകും -അവരുടെ 'സമന്വയത്തിലെ' ദേവിയെപ്പോലെ ഗൌരവക്കാരിയാകുമോ ,അതോ 'ഗൃഹാതുരദുരവസ്ഥകളി'ലെ ഊര്മ്മിളയെപ്പോലെ ശാന്ത ഗംഭീരയാകുമോ ... ഏയ് ആവില്ല, അവര്‍ തീര്‍ച്ചയായും 'കാത്തിരിക്കുന്നവര്‍ക്കായിലെ' ബാലയെപ്പോലെ ആകും ,മിഴിനിറയുമ്പോഴും  ചിരിക്കുന്നവള്‍ . ഈശോയെ, ഇനി ഇതൊന്നുമല്ലാതെ അവാര്‍ഡിന്റെ ഭാരം തലയ്ക്കു മുകളില്‍ നിന്നിറക്കാത്ത ജാഡറാണി ആയിരിക്കുമോ അവര്‍? എങ്കില്‍ തുലഞ്ഞു -ലൈസെന്‍സ് ഇല്ലാത്ത ഈ നാക്ക് എന്നെ മിക്കവാറും നാളെ എഡിറ്ററുടെ മുന്‍പില്‍ ചമ്മി നില്‍ക്കാനിടയാക്കിയേക്കും ....'

 "സ്ഥലമെത്തി പെങ്ങളേ  " ഓട്ടോഡ്രൈവറുടെ പരുഷസ്വരം ചിന്തകളില്‍ നിന്നുണര്‍ത്തുമ്പോള്‍ ഇന്നത്തെ ദിവസം ശരിയായില്ലെന്നവള്‍ വീണ്ടും വീണ്ടും ഓര്‍ത്തു പോയി.

ചില്ലറയില്ലെന്ന് പറഞ്ഞു ബാക്കി തരാതെ ഓട്ടോ സ്റ്റാര്‍ട്ടാക്കിയ ഡ്രൈവറെ സാധാരണ ഗതിയില്‍ പിടിച്ചു  നിര്‍ത്തി വഴക്കിടേണ്ടതാണെങ്കിലും അന്നത്തെ ദിവസം അങ്ങനെ കൂടി കുളമാക്കണ്ടെന്ന ചിന്ത അവളെ തടഞ്ഞു .

"Excuse me Ma'm, I am Ann Mariam George from City Times. ഇന്ന് പത്തു മണിക്ക് ഒരു അപ്പോയിന്മെന്റ് ഉണ്ടായിരുന്നു, ok ,thanks  Ma'm  " ഒറ്റശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി ഫോണ്‍ തിരികെ വെയ്ക്കുമ്പോള്‍ അമ്പരന്ന് നിന്ന റിസപ്ഷനിസ്റ്റിനെ നോക്കി ഒന്ന് ചിരിക്കാന്‍ ശ്രമിച്ച് ആന്‍ ചോദിച്ചു "റൂം നമ്പര്‍ 101 ?"

വാതിലില്‍ മൃദുവായി മുട്ടി കാത്തുനില്‍ക്കവേ അവള്‍ക്ക് തോന്നി , "ഇതാ പിന്നെയും കാത്തിരിപ്പ് !"
"കയറി വന്നോളൂ, കതക് തുറന്നു തന്നെയാണ്"  എന്ന മൃദുസ്വരം അവളെ മമ്മിയെ ഓര്‍മ്മിപ്പിച്ചു.

"ആന്‍ മറിയം ജോര്‍ജ് അല്ലേ , ഇരിക്കൂ .." ഒറ്റനോട്ടത്തില്‍ കണ്ണില്‍  പതിഞ്ഞത് വിഷാദച്ഛവിയുള്ള കണ്ണുകളാണ്, ഒതുക്കിചീകിയ മുടിയിഴകളില്‍ ഒന്നോ  രണ്ടോ വെള്ളിക്കമ്പികളുടെ തിളക്കം, അലങ്കാരങ്ങളില്ലാത്ത മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കുന്ന വലിയ കണ്ണട, ഇതിലും ലളിതമാകാന്‍ കഴിയില്ലെന്ന് വിളിച്ചോതുന്ന ഇളം നിറത്തിലെ സാരി . ശബ്ദത്തില്‍ മാത്രമല്ല , ച്ഛായയില്‍  പോലും മമ്മിയുമായി സാമ്യമുള്ള എന്തോ ഒന്ന്  മാളവികാനമ്പ്യാരിലുണ്ടല്ലോ എന്നാലോചിക്കവേ ,

"മിസ്‌ ആന്‍, എനിക്ക് 11 മണിക്ക് ഒരിടം വരെ പോകാനുണ്ട് , നമുക്കൊരല്‍പ്പം വേഗത്തില്‍ തീര്‍ത്താല്‍ നന്നായിരുന്നു"

 എന്ന വാക്കുകള്‍ അവളെ കര്‍മ്മനിരതയാക്കി  ,ഒപ്പം ജാള്യതയോടെ ഉള്ളിലോര്‍ത്തു - ഒന്നില്‍ പിഴച്ചാല്‍ മൂന്ന് ,എത്ര കൃത്യം!

പതിവ് ചോദ്യങ്ങളുടെ ചട്ടക്കൂടിനെ വേഗം തീര്‍ത്ത് അവള്‍ തനിക്ക് വേണ്ടി മാത്രം കരുതിയിരുന്ന ചോദ്യം ചോദിച്ചു  "എന്ത് കൊണ്ടാണ് ഈ  ബുക്ക്‌ കാത്തിരിക്കുന്നവര്‍ക്കായ്‌ സമര്‍പ്പിച്ചത്? "

നനുത്തൊരു പുഞ്ചിരിയാണ് ആദ്യമെത്തിയത് ,കൂടെ "എന്താ ആന്‍ ഒന്നിന് വേണ്ടിയും കാത്തിരിക്കാറില്ലേ? അതോ,എന്തിനു വേണ്ടിയെങ്കിലും കാത്തിരുന്നു മടുത്തോ?  കാത്തിരിപ്പ് ,അതില്‍ പറഞ്ഞിരിക്കുന്നത് പോലെ നമ്മുടെയൊക്കെ ജീവശ്വാസമാണ് കുട്ടീ. എന്നെ ഏറ്റവും കൂടുതല്‍ സ്പര്ശിച്ചിട്ടുള്ളത്‌ എം.ടി യുടെ മഞ്ഞാണ്. അതിനെക്കാള്‍ ഗംഭീരമായ ഒരുപാടു കൃതികള്‍ വായിച്ചിട്ടും നിയതി കുറിച്ചിട്ട നിമിഷത്തിനു വേണ്ടി കാത്തിരിക്കുന്ന വിമലടീച്ചറോളം ഞാനാരെയും ചെറുപ്പത്തില്‍ ഇഷ്ടപ്പെട്ടിരുന്നില്ല.കൌമാര കുതൂഹലങ്ങള്‍ വര്‍ണ്ണക്കൂട്ടുകള്‍ തേടുന്ന പ്രായത്തിലാണ് ഞാനത് വായിച്ചത് ,അന്ന് മുതലെന്തോ കാത്തിരിപ്പ് എനിക്ക് ഒരുപാടിഷ്ടമാണ്. "

വിഷാദം നിറഞ്ഞൊഴുകിയേക്കുമെന്ന് തോന്നിക്കുന്ന മിഴിയിണകള്‍ ചിമ്മി പതിഞ്ഞ ശബ്ദത്തില്‍ അവര്‍ പറയുമ്പോള്‍ ഒരു താരാട്ട് പോലെ അവരുടെ ശബ്ദം ആ മുറിക്കുള്ളില്‍ നിറയുമ്പോള്‍ ആനിനു മനസിലായി മമ്മിയുടെ വാക്കുകളിലെ കാത്തിരിപ്പിന്‍റെ തണുപ്പ് ഇവരുടെ വാക്കുകളിലുമുണ്ടെന്ന്.

"മാം ,ചോദിച്ചാല്‍ തെറ്റിദ്ധരിക്കരുത് . എന്തിനെങ്കിലും വേണ്ടി മാം കാത്തിരിക്കുന്നുണ്ടോ ? "

അവിവാഹിതയായി കഴിയുന്ന മാളവികാനമ്പ്യാര്‍ക്ക് പറയാനൊരു പ്രണയ പരാജയത്തിന്‍റെ കഥയുണ്ടോ എന്ന ഉത്കണ്ഠ തനിക്കില്ലെന്നു തന്നോട് തന്നെ പറഞ്ഞു കൊണ്ടാണ് അവള്‍ അത് ചോദിച്ചത്. പ്രതീക്ഷിച്ചത് പോലെ ആ മുഖം മങ്ങിയില്ല, ഒരു പ്രണയ പരാജയത്തിന്‍റെ വിളര്‍ത്ത ചിരി ചുണ്ടുകളില്‍ വിടര്‍ത്താന്‍ അവര്‍ ശ്രമിച്ചുമില്ല.

 "ഉവ്വല്ലോ കുട്ടീ , കാത്തിരിപ്പില്ലാതെ എന്ത് ജീവിതം! ? ഞാന്‍ ഓരോ നിമിഷവും അടുത്ത നിമിഷത്തിനായി കാത്തിരിക്കുകയാണ്. ഓരോ രാത്രിയും അടുത്ത പകലിനു വേണ്ടി കാത്തിരിക്കുകയാണ്..ഓരോ ശിശിരത്തിലും അടുത്ത വസന്തത്തിനു വേണ്ടി കാത്തിരിക്കുകയാണ്..അങ്ങനെ അനന്തമായ ഒരു കാത്തിരിപ്പിലാണ് ഞാന്‍. കാണുന്ന ഓരോ മുഖങ്ങളിലും കണ്ടുമറന്ന ഏതോ ഒരു മുഖത്തിനെ കാത്തിരിക്കുകയാണ് ഞാന്‍ ... എന്തിനു വേണ്ടിയെന്നോ ,ആര്‍ക്ക് വേണ്ടിയെന്നോ ഇന്നെനിക്ക് നിശ്ചയമില്ല but Im still waiting..Still waiting for..." , പൂര്‍ത്തിയാക്കാത്ത വാചകത്തിനൊടുവില്‍ ചെറുചിരിയോടെ  മാളവികാനംബ്യാര്‍ അവളോട് ചോദിച്ചു

" ആനിനു കാത്തിരിപ്പിനോട് എന്തോ ഒരു പ്രത്യേകതയുള്ളത് പോലെ .. ഇഷ്ടമാണോ വെറുപ്പാണോ എന്ന് മനസിലാകാത്ത ഒരു പ്രത്യേകത .. എന്തിനെയെങ്കിലും കാത്തിരിക്കുന്ന ആളാകും അല്ലെ? "
ഉത്തരം ഒരു മറുചിരിയിലൊതുക്കി , ഇത്രയും സമയം സിറ്റി ടൈംസിന് വേണ്ടി ചിലവഴിച്ചതില്‍ നന്ദി പറഞ്ഞു മടങ്ങവേ ആനോര്‍ത്തു ...

 "ഉവ്വ്! ഞാനും കാത്തിരിക്കുന്നു. എവിടെക്കെന്നു പറയാതെ, യാത്ര ചോദിക്കാതെ, എന്ന് തിരികെ വരുമെന്ന്  പറയാതെ ഇറങ്ങിപ്പോയ പപ്പയെ. വര്‍ഷങ്ങള്‍ മണ്ണടരുകള്‍ പോലെ ഇളകിയടരുമ്പോള്‍ കുട്ടിഫ്രോക്കുമിട്ടു വഴിയിലേക്ക് കണ്ണും നട്ട് മമ്മിയുടെ മടിയില്‍ കിടന്ന കുട്ടി വളര്‍ന്നിരിക്കുന്നു -അവളോടൊപ്പം അവളുടെ കാത്തിരിപ്പും. എന്നും പ്രതീക്ഷക്കുമിളയെ ഊതിയൂതി വീര്‍പ്പിച്ചു പൊട്ടാതെ സൂക്ഷിക്കുമ്പോള്‍ മനസിനുള്ളില്‍ ആ പഴയ ഫ്രോക്കുകാരി  മുഷിഞ്ഞു ചിണുങ്ങുന്നു . കാത്തിരിപ്പ് ഇത്രയും നാള്‍ ഞാന്‍ വേദനിച്ചറിയുകയായിരുന്നു, വെറുക്കുകയായിരുന്നു കാത്തിരിപ്പിനെ .. ഇന്ന് മുതല്‍ മാളവികാനംബ്യാര്‍ പറഞ്ഞത് പോലെ വരും വരുമെന്നുള്ള കാത്തിരിപ്പിനെ ഞാനും ആസ്വദിക്കാന്‍ ശ്രമിക്കും. ജീവിതത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തത്തിനു വേണ്ടി ഞാനും മമ്മിയും കാത്തിരിക്കാനാകാം  എന്ന് വരും എന്ന് പറയാതെ പപ്പ പോയത്! അതെ,പപ്പ വരും .,..ഇന്നല്ലെങ്കില്‍ നാളെ , ഞങ്ങള്‍ കാത്തിരിക്കുകയാണ് ആ  മടങ്ങി വരവിനായി "

ആദ്യം കിട്ടിയ  വണ്ടിയില്‍ വീട്ടിലേക്ക് തിരിക്കുമ്പോള്‍ ആനിന് , അമ്മയുടെ നരച്ച സാരി തുമ്പ് കയ്യില്‍ ചുരുട്ടി  പിടിച്ചു കിടന്നുറങ്ങണം എന്ന് മാത്രമാണ് തോന്നിയത് - ചിരി മായാതെ ഉറങ്ങണം എന്ന് മാത്രം!
========================================================================

(ചിന്ത മാസിക- ഫെബ്രുവരി ലക്കം http://www.chintha.com/node/155711)


Wednesday, February 25, 2015

മറക്കാതിരിക്കാനായി മാത്രം - ഏഴു വര്‍ഷങ്ങള്‍!

പ്രിയപ്പെട്ടവരേ,


ഏഴു   വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഔദ്യോഗികമായി ഒരു ബ്ലോഗ്‌ തുടങ്ങിയത് ഇതേ ദിവസമാണ്. കടന്നു പോയ വഴികള്‍, കണ്ട് മറന്ന മുഖങ്ങള്‍, ഇടയ്ക്ക്  പറയാതെ പിരിഞ്ഞു പോയവര്‍!  സംഭവബഹുലം  ഈ രണ്ടാം വരവും.... രണ്ടാം അങ്കം തുടങ്ങിയിട്ട് ഇതുവരേയും മടുത്തു മതിയാക്കി പോയില്ല എന്നത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നു.

കഴിഞ്ഞ് പോയ വര്‍ഷത്തിലെ ഏറ്റവും പ്രധാനം , ഓണ്‍ലൈനില്‍ നിന്ന് കുറെയേറെ സൌഹൃദങ്ങളെ ഓഫ്‌ലൈന്‍ ആക്കിയെന്നത് തന്നെ, കൂട്ടത്തില്‍ എന്‍റെ അക്ഷരങ്ങളേയും 'നക്ഷത്രക്കുഞ്ഞാ'യി  നിങ്ങളിലേക്ക് എത്തിക്കാനായി . ബ്ലോഗിന്‍റെ പുതിയ രൂപത്തിന് മാത്രമല്ല , ബുക്കിന് പിന്നിലെ പ്രചോദനത്തിനും പ്രിയപ്പെട്ട സഹോദരന്‍ റിയാസ്ബായിയോട് സ്നേഹം.

നന്ദി പറഞ്ഞാല്‍ തീരാത്തവര്‍ ഒത്തിരിയൊത്തിരി ഉണ്ട്... സ്നേഹം കൊണ്ട് കൂടെ നില്‍ക്കുന്നവര്‍, സ്നേഹക്കൂടുതല്‍ കൊണ്ട് ശാസിക്കുന്നവര്‍, സ്വന്തമെന്നു അഭിമാനപൂര്‍വ്വം പറയുന്നവര്‍! എന്താണ് പറയുക നിങ്ങളോടൊക്കെ സ്നേഹങ്ങളേ ... കൂടുതല്‍ കൂടുതല്‍ സ്നേഹത്തോടെ ഞാനിവിടെ ഉണ്ടെന്നു മാത്രം പറയുന്നു, മറക്കാതിരിക്കാനായി മാത്രം,

ബുക്കിന്‍റെ പ്രകാശന വിശേഷങ്ങളുമായി വരണമെന്ന് കരുതിയെങ്കിലും  നടന്നത് വാര്‍ഷിക കുറിപ്പാണ്. അതില്‍ ക്ഷമിക്കുമല്ലോ ..എങ്കിലും തരാന്‍ ഒരു  ചെറിയ വിശേഷമുണ്ട്- ബുക്കിന്‍റെ   വിശേഷങ്ങള്‍ ചോദിച്ചവര്‍ എല്ലായ്പ്പോഴും ചോദിക്കാറുള്ളത് എവിടെ നിന്നാണ് ഒരു കോപ്പി കിട്ടുക എന്നാണ്. ലോഗോസ് ബുക്സിന്‍റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നു. http://readersshoppe.com/home/en/Book-Store/Poetry/Logos-Books-p2138c59c115.html ഈ ലിങ്കില്‍ പോയാല്‍ എന്‍റെ നക്ഷത്രക്കുഞ്ഞിനെയും കാണാം. വായിക്കപ്പെടുക എന്നത് എന്നുമെന്നും സന്തോഷമായതിനാല്‍ ഇതും ഞാന്‍ നിങ്ങളുമായി തന്നെ പങ്കു വെക്കുന്നു.

"
ഇനിയുമെത്ര കൊല്ലമിതുപോല്‍ എന്നറിയില്ല സ്നേഹമേ ,
പിരിയും വരേയ്ക്കെന്‍റെ ഓര്‍മ്മകള്‍ ചിരിക്കട്ടെ! "

മറക്കാതിരിക്കാനായി മാത്രം,
സ്നേഹപൂര്‍വം ശ്യാമ
 (ആര്‍ഷ )

( PS : ഇടയ്ക്കൊന്നു തല കാണിച്ചു കുറെയേറെ വിശേഷങ്ങള്‍ പങ്കുവെച്ച 'ഇ-ലോകം' ബ്ലോഗ്ഗര്‍ലോകത്തില്‍ https://www.youtube.com/watch?v=nhEzYJ3ls1o )

Saturday, January 31, 2015

മധുരമുളെളാരു നിറം !

രാവിലെ ഉറക്കപ്പായില്‍ തന്നെ മുഖത്ത് കുഞ്ഞുവിരല് തൊട്ട് മൂന്നര വയസുകാരന്‍റെ കുറുമ്പ് ചോദ്യം... " അമ്മാ.അമ്മേന്‍റെ മോത്തിന്‍റെ , ഈ മോത്തിന്‍റെ കളറെന്താ ??? "
...
"ഈശ്വരാ!" ഒന്ന് ഞെട്ടീട്ട് , കറുപ്പ് എന്ന് പറയണോ ബ്ലാക്ക്‌ എന്ന് പറയണോ എന്താ പറയേണ്ടത് എന്നാലോചിക്കുമ്പോളേക്കും അവന്‍ അടുത്ത ചോദ്യത്തിലേക്ക് കടന്നു.


"അമ്മേന്‍റെ മോന്‍റെ, ഈ താച്ചൂന്‍റെ മോത്തിന്‍റെ കളര്‍ എന്താ ... , ബ്രൌണ്‍ ലൈറ്റ് അല്ലെ? അല്ലേമ്മേ ? "

ചോദ്യോം ഉത്തരോം ആളുടെ വക തന്നെയായത് കൊണ്ട് എനിക്ക് ആലോചിച്ച് വിഷമിക്കേണ്ടി വന്നില്ല!


ഒട്ടും താമസിക്കാതെ എത്തി അടുത്തത്
"അമ്മേ, പിന്നേ അച്ചേന്‍റെ ഇല്ലേ "
ഒന്ന് നിര്‍ത്തി ‍സ്വന്തം നെഞ്ഞത്ത് തൊട്ടുകൊണ്ട് "ഈ താച്ചുന്‍റെ അച്ചേന്‍റെ മോത്തിന്‍റെ കളര്‍ എന്താ ..... യെല്ലോ അല്ലെ? യെല്ലോ ലൈറ്റ് ? "


യെല്ലോ ലൈറ്റ് !!ശരിയാണ് കുഞ്ഞിന്‍റെ അച്ഛനൊരു ഇളം മഞ്ഞ നിറം തന്നെയാണ് - light yellow !!
 
" അപ്പോ , അമ്മേടെ മുഖത്തിന്‍റെ കളര്‍ മാത്രം എന്താ കുഞ്ഞുസിനു അറിയാത്തെ അതൂടി പറയ്‌ " എന്ന്  ചിരിയോടെ ചോദിച്ചപ്പോള്‍ ,  
കുറുമ്പ്  " അമ്മ പറയ്‌"  എന്ന് മുഖം വീര്‍പ്പിച്ചു ചുണ്ട് കൂര്‍പ്പിച്ചു ചിണുങ്ങി.


ഞാന്‍ പറഞ്ഞു തുടങ്ങി -"ശരി ,അമ്മയുടെ മുഖത്തിന്‍റെ കളര്‍....."
എസ്സേ  ചോദ്യത്തിന്‍റെ ഉത്തരം പോലെ എന്‍റെ വലിച്ചു നീട്ടല്‍ തീരെ സുഖിക്കാതെ മോന്‍ തന്നെ പൂരിപ്പിച്ചു
"ബ്രൌണ്‍ !!!, ഡാര്‍ക്ക്‌ ബ്രൌണ്‍ "!!!


ഡാര്‍ക്ക്‌ ബ്രൌണ്‍ ചോക്ലേറ്റ്ഇല്ലേ, ... താച്ചൂനു ഇഷ്ടള്ള ചോക്ലേറ്റ് .. അത് പോലെയാ അമ്മേന്‍റെ മോത്തിന്‍റെ കളര്‍ "


 കഴുത്തിലിരു കയ്യും മുറുക്കിപ്പിടിച്ച് മൂക്ക് അമര്‍ത്തി മുട്ടിച്ചു ചോക്ലേറ്റ് മണം വലിച്ചെടുക്കും പോലൊരു മധുരുമ്മയും കിട്ടി....
ഈ മധുര നിറത്തിന് , ഈ മധുരിക്കുന്ന സങ്കല്‍പ്പത്തിന് , ഇനിയെന്ത് വേണമീ അമ്മയ്ക്ക്!! :)


(കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഞാനും മോനുമായി നടന്ന ഒരു മധുരഭാഷണം )