Sunday, November 1, 2015

ഓര്‍മ്മകളോട് പറയാനുള്ളത്

മറവികളിലേയ്ക്ക്
മയങ്ങി വീഴണമെന്ന്
മണ്ണോടു മണം ചേര്‍ത്ത്
മഴ നനയണമെന്ന് ,
സ്മൃതിഭ്രംശങ്ങളിലൂടെ
കടന്നു പോകുമ്പോള്‍ ,
സ്വപ്നത്തിന്‍റെയും   പടിയ്ക്കുമപ്പുറം
വേദനകളെ, കുത്തുവാക്കുകളെ ,
തിരിഞ്ഞു കടിച്ച ബന്ധങ്ങളെ ,
ചീഞ്ഞ ഇന്നലെകളെ
 കുടഞ്ഞെറിയണമെന്ന് മാത്രം
ഒരു നിവേദനം ....

ഒരു കുഞ്ഞു മാത്രമാകണം -
കിട്ടാത്ത മിട്ടായിയ്ക്ക് ചിണുങ്ങുന്ന ,
മതി മതിയെന്നോതി കൊതി മൂളുന്ന ,
മടിയിടത്തിനു  പിണങ്ങുന്ന ,
ഇന്നലെയും   കണ്ട തുമ്പിയിലും ,പന്തിലും
വാനിലും, മഴയിലും ,പുഴയിലും, പുഴുവിലും ,
നെയ്യപ്പം പുരട്ടുന്ന  എണ്ണയിലും ,
പൊട്ടിത്തെറിക്കുന്ന കടുകിലും
കൌതുകത്തിന്‍റെ  3-ഡി കാഴ്ചയും
പുതുമയുടെ വെടിക്കെട്ടുകളും മാത്രമാകണം

പണ്ടേ  മറന്ന  പാട്ടുകളോര്‍ക്കണം ,
അമ്മമണങ്ങളും , അച്ഛനീണങ്ങളും ,
പകുതിയ്ക്ക് ചപ്പിയ കശുമാങ്ങയീറനും ,
ഒഴുക്കില്‍ മുക്കിയ കടലാസുവള്ളവും,
പാവാടത്തുമ്പിലൂര്‍ത്തിയ മുല്ലക്കൂട്ടവും,
പറഞ്ഞുപഴകിയ കടംകഥകളും ,
ഓര്‍മ്മകളല്ലാതെ പുതിയ ഇന്നുകളാകണം

ഒരു കുഞ്ഞു മാത്രമാകണം -
അമ്മ  മാത്രമാകണമരികില്‍ ,
അച്ഛന്‍ മാത്രമാകണം കൂട്ട്
ഇന്നുകള്‍ മാത്രമുണ്ടാകുന്ന
ഒരു 'വലിയ'  കുഞ്ഞു മാത്രമാകണം....


14 comments:

 1. വലുതായി വലുതായി ഒടുവില്‍ ചെറുതായി പോകുന്ന ചില 'ഓര്‍മ്മനഷ്ടങ്ങളെ ' കുറിച്ച് കേട്ടപ്പോള്‍ തോന്നിയ വരികള്‍ - സ്മൃതിഭ്രംശമെന്നത് ഒരേ സമയവും പകപ്പും കൌതുകവും ഭയവും ആകുന്നു ... !!

  ReplyDelete
 2. കുഞ്ഞായി ഇരിക്കാൻ ആയില്ലെങ്കിലും കുട്ടിത്തം കളയാതിരിക്കാം ..അതൊന്നു മാത്രം മതി ജീവിതം ഭംഗിയുള്ളതാവാൻ

  ReplyDelete
 3. ഇന്നുകള്‍ മാത്രമുണ്ടാകുന്ന
  ഒരു 'വലിയ' കുഞ്ഞു മാത്രമാകണം.........ഇഷ്ടമായി ആര്‍ഷ ....എല്ലാവരുടെയും ഉള്ളിലുള്ള ആഗ്രഹം.....നന്നായി എഴുതി...

  ReplyDelete
 4. കുട്ടിത്തം മനസിൽ എന്നുമുണ്ടാവട്ടെ.. തിരിച്ച് കിട്ടില്ലെന്നറിയാമെങ്കിലും മോഹിച്ച് പോകും തിരിച്ച് വന്നെങ്കിലെന്ന് ...ആശംസകൾ

  ReplyDelete
 5. കിട്ടാത്ത മിട്ടായിയ്ക്ക് ചിണുങ്ങുന്ന ,
  മതി മതിയെന്നോതി കൊതി മൂളുന്ന ,
  മടിയിടത്തിനു പിണങ്ങുന്ന..........

  അമ്മമണങ്ങളും , അച്ഛനീണങ്ങളും ,

  നിഷ്കളങ്കത തുളുമ്പുന്ന ഈണവും
  സുന്ദരമായ വരികളും മനോഹരമായി ചേരുന്നു

  ReplyDelete
 6. കുഞ്ഞായ്.....
  ഇനി പ്രിയങ്കരിയായ അമ്മയായ്
  ഗുണപാഠകഥകള്‍ ചൊല്ലിക്കൊടുത്ത് താലോലിക്കുന്ന അമ്മൂമ്മയായ്
  മാറാനല്ലേയിനിയൊക്കൂ!
  കുട്ടിത്തം നിറഞ്ഞ വരികള്‍ ഇഷ്ടപ്പെട്ടു.
  ആശംസകള്‍

  ReplyDelete
 7. വായിച്ചപ്പോള്‍ ഒരു പ്രത്യേക മൂഡ്‌ കിട്ടി. ആശംസകള്‍. 3-D മാറ്റി ത്രിമാനം എന്നാക്കുന്നതാണ് എനിക്കിഷ്ടം...വീണ്ടും കാണാം

  ReplyDelete
 8. വേറെ ഒന്നും പറയാനില്ല , മനോഹരം ! ആർഷാ, ഹൃദയങ്ങൾ കീഴടക്കി മുന്നേറൂ...എല്ലാവിധ ആശംസകളും....:)

  ReplyDelete
 9. എനിക്കും ആഗ്രഹമുണ്ട് കുഞ്ഞാവാൻ , പക്ഷെ സാധ്യമല്ലല്ലോ.

  ReplyDelete
 10. തിരികെ പോകാന്‍ ആഗ്രഹിക്കാം... നടക്കില്ലല്ലോ..
  അല്ലെങ്കില്‍ എല്ലാരും ഒരു പോലെ ചിന്തിക്കണം....

  ReplyDelete
 11. "സ്വപ്നത്തിന്റെയും പടിക്കുമപ്പുറം
  വേദനകളെ, കുത്തുവാക്കുകളെ,
  തിരിഞ്ഞു കടിച്ച ബന്ധങ്ങളെ
  ചീഞ്ഞ ഇന്നലെകളെ
  കുടഞ്ഞെറിയണമെന്ന് മാത്രം
  ഒരു നിവേദനം.......
  ഒരു കുഞ്ഞു മാത്രമാകണം
  അമ്മ മാത്രമാകണമരികിൽ....
  അച്ഛൻ മാത്രമാകണം കൂട്ട്
  ഇന്നുകൾ മാത്രമുണ്ടാകുന്ന
  ഒരു 'വലിയ' കുഞ്ഞു മാത്രമാകണം"
  എത്ര മനോഹരമായ ആഗ്രഹം.... നമ്മിൽ പലരും .... അല്ല എല്ലാവരും
  ആഗ്രഹിക്കുന്നുണ്ടാവാം ഇങ്ങനെ ...... എന്തായാലും ഞാൻ പലപ്പോഴും ആഗ്രഹിക്കുന്ന എന്റെ ആഗ്രഹങ്ങൾ ഒക്കെയും ആർഷയുടെ മനോഹരമായ വരികളിലൂടെ ഞാൻ വായിച്ചത്. നടക്കില്ലെന്നറിയാമായിട്ടും വെറുതെ ഒരു മോഹം.... ആശംസകൾ ആർഷ..

  ReplyDelete
 12. ഒരു കുഞ്ഞു മാത്രമാവണം -----!

  ReplyDelete
 13. ഒരിക്കലും തിരിച്ചു പോകാനാവാത്ത ,മധുര സ്മൃതികളുറങ്ങുന്ന, പ്രാരാബ്ധങ്ങളില്ലാത്ത കാലമാണ് ഓരോരുത്തരുടെയും കുട്ടികാലം .എല്ലാവരുടെയും ഉള്ളിലുള്ള ഒരാഗ്രഹം ആഗ്രഹം. നന്നായിട്ടുണ്ട് ..ആശംസകള്‍

  ReplyDelete
 14. പണ്ടേ മറന്ന പാട്ടുകളോര്‍ക്കണം ,
  അമ്മമണങ്ങളും , അച്ഛനീണങ്ങളും ,
  പകുതിയ്ക്ക് ചപ്പിയ കശുമാങ്ങയീറനും ,
  ഒഴുക്കില്‍ മുക്കിയ കടലാസുവള്ളവും,
  പാവാടത്തുമ്പിലൂര്‍ത്തിയ മുല്ലക്കൂട്ടവും,
  പറഞ്ഞുപഴകിയ കടംകഥകളും ,
  ഓര്‍മ്മകളല്ലാതെ പുതിയ ഇന്നുകളാകണം

  ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)