Friday, March 27, 2015

ഓര്‍മ്മകളില്‍ - പാട്ട് കേട്ടോരുറക്കം


ആദ്യമായി അമ്മയാകാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ മനസ്സില്‍ കുറെയേറെ കാര്യങ്ങള്‍ ചെയ്യണം എന്ന് തോന്നിയിരുന്നു - പക്ഷെ, പദ്ധതികള്‍ പാളാനുള്ളതാണല്ലോ . അത് കൊണ്ട് തന്നെ ഒന്നും നടന്നില്ല - നല്ലസല്‍ ഭക്ഷണോം വായനയും അല്ലാതെ ... എന്നാലും മുടങ്ങാതെ ചെയ്തൊരു കാര്യമുണ്ടായിരുന്നു. രാത്രി ആകുമ്പോള്‍ കഥ പറയും ,വെറുതെ കുഞ്ഞിനു കേള്‍ക്കാന്‍ വേണ്ടി പാട്ട് പാടും - അങ്ങനെ പാടാന്‍ വേണ്ടി മുഴുവന്‍ വരികളും എഴുതിയെടുത്ത് പഠിച്ച പാട്ടാണ് .വേണുച്ചേട്ടന്‍ ആലപിച്ച "രാരീരാരിരം രാരോ , പാടീ രാക്കിളി പാടീ " . heart emoticon
വേറെയും കുറെ പാട്ട് പഠിച്ചെങ്കിലും ഇതിന്‍റത്രേം ഇഷ്ടം എനിക്ക് മറ്റൊന്നിനോടും ഉണ്ടായിരുന്നില്ല . പിന്നെ ആ സമയത്ത്സ്ഥിരായി കേട്ടിരുന്ന ഒരു പാട്ട് ഹരിവരാസനം ആണ് ,അതിനോടുള്ള ഒരു പ്രത്യേക ഇഷ്ടം കൊണ്ട് .ഓഫീസിലേക്കുള്ള  വഴികളിലും തിരിച്ചുവരവിലും  ഞങ്ങളോടൊപ്പം  ദാസേട്ടന്‍ അലിഞ്ഞു പാടി 'ഹരിവരാസനം,വിശ്വമോഹനം'. എന്‍റെ കുട്ടിക്കാലത്തിന്‍റെ  കര്‍പ്പൂര മണങ്ങളേയും , അയ്യപ്പവിളക്കുകളെയും ഒന്നോര്‍ക്കാന്‍ കൂടിയായിരുന്നു  ആ പാട്ട്.

ഇടയ്ക്കോരോ കവിത മൂളി - മലയാളത്തിന്‍റെ മധുരം അറിയട്ടേയെന്നു വെറുതെ മൂളിയവയില്‍ ഏഴിലംകാട്ടിലെ കാക്കയും, വിന്ധ്യശൈലത്തിന്‍റെ താഴ്വരകളും, പാല്‍ക്കാരി ആയിഷയും ഒക്കെ നിറഞ്ഞു.

ഒടുവില്‍ മോന്‍ ജനിച്ചപ്പോള്‍,  കുറെയേറെ നാള്‍ രാരീരാരിരത്തില്‍ തന്നെ സാധകം ചെയ്തു.. പകലും രാത്രിയും തൊട്ടിലാട്ടത്തിലും പാലുമ്മകളിലുമൊക്കെ .. ഇടയ്ക്ക് " കുഞ്ഞിന്റച്ഛനെ" ഒന്ന് സമാധാനിപ്പിക്കാന്‍ "ആരാരോ ആരിരാരോ അച്ഛന്റെ മോന്‍ ആരാരോ" എന്നൊക്കെ മൂളിയെങ്കിലും മനസ്‌ അപ്പോളും രാരീരത്തില്‍ തന്നെ..
ഇടയ്ക്ക് ബോറടിക്കാതിരിക്കാന്‍ വാല്‍ക്കണ്ണ്‍ എഴുതി , ഓമനത്തിങ്കള്‍ പൂവായി , ഏതോ വാര്‍മുകിലിലെ കിനാവ് കാട്ടി , താമരക്കണ്ണനായി ,പാട്ട് പാടി ഉറക്കി അങ്ങനെ അങ്ങനെ കഴിഞ്ഞ് പോകവേ.... മോനൂസിനു ഒന്നര വയസായി .

തൊട്ടിലുകള്‍ ഉപേക്ഷിച്ചു , നടന്നു ചാടി കുത്തിമറിഞ്ഞു കുറുമ്പനും കുസൃതിയും ആയിക്കൊണ്ടിരുന്നു. അപ്പോഴും ഉറക്കാന്‍ പാട്ടെന്ന കലാപരിപാടി ഞാന്‍ തുടര്‍ന്ന് കൊണ്ടുമിരുന്നു...
ആദ്യമായി എന്നെ 'അമ്മ' എന്നും അച്ഛനെ കൊഞ്ചി "അച്ച്ചീ" എന്നുമൊക്കെ കുഞ്ഞോമന വായ കൊണ്ട് പറഞ്ഞു തുടങ്ങി,അത് കേട്ട് ഞങ്ങള്‍ ആനന്ദിക്കാനും തുടങ്ങി.. ഓരോ പുതിയ വാക്കും പഠിക്കുന്നത് ഓരോരോ അനുഭവമായി, എന്തൊക്കെയോ പിടിച്ചടക്കുന്ന ഭാവത്തില്‍ അവനങ്ങനെ വാക്കുകളും അര്‍ത്ഥങ്ങളും ഓരോന്നായി പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഒരു രാത്രി പതിവ് പോലെ "രാരീരിക്കാന്‍" ചെന്ന എന്നോട് വളരെ കൃത്യമായും ശക്തമായും ഞങ്ങടെ സീമന്ത പുത്രന്‍ "താത്വിക് " പറഞ്ഞു
"പാട്ട് വേണ്ട!!" tongue emoticon

അന്ന് നിര്‍ത്തി! എന്നാലും അവനിത് പറയാന്‍ വേണ്ടി ഒന്നൊന്നരക്കൊല്ലം കഷ്ടപ്പെട്ടല്ലോ എന്നാലോചിക്കുമ്പോള്‍..... frown emoticon
================================================================================

ഒരുറക്കം പോസ് -അമ്മക്യാമറയ്ക്ക് 

വാല്‍ക്കഷ്ണം : ഇപ്പോള്‍ വീണ്ടും മോനുറങ്ങാന്‍ ,കഥ പറഞ്ഞു കഴിഞ്ഞ് പാട്ട് വേണമെന്ന് ആവശ്യപ്പെടുന്നു, അത് ഞാന്‍ തന്നെ പാടണമെന്നും , "രാരീരാരിരം" ആകണമെന്നും നിര്‍ബന്ധം! എന്‍റെ പാട്ട് മെച്ചപ്പെട്ടതാണോ അതോ , അമ്മയൊന്നു സന്തോഷിച്ചോട്ടെ എന്ന് എന്‍റെ കുഞ്ഞു കോമ്പ്രോമൈസ് ചെയ്യുന്നതാണോ എന്ന് സത്യായിട്ടും എനിക്കറീല്ല !!

14 comments:

  1. സ്വരവും താളവും ശ്രുതിയൊന്നും വേണമെന്നില്ല. അമ്മയുടെ ഒരു മൂളല്‍ തന്നെ ധാരാളം. കരുതലും വാത്സല്യവും എല്ലാം നിറഞ്ഞുനില്‍ക്കുന്ന ഒരു സാന്നിധ്യത്തിന്റെ പ്രതീകമാണ് ആ മൂളലും തലോടലും എല്ലാം. അതില്ലാതെയാകുമ്പോഴേ അതിന്റെ വിലയറിയൂ...

    ReplyDelete
  2. ഈ പ്രായത്തില്‍ കൊച്ചുകൊച്ചു കാര്യങ്ങള്‍ക്ക്‌ പെട്ടെന്ന് പിണങ്ങിയെന്നിരിക്കും.അവര്‍ക്ക് ഏറ്റവും വേണ്ടത്,ഇഷ്ടപ്പെട്ടത് ഉപേക്ഷിച്ചുകൊണ്ടായിരിക്കും പിണക്കം.അത്‌ പ്രകടിപ്പിക്കുന്നതിന് കാരണം തന്നെ ഇഷ്ടപ്പെടുന്നവരൊന്ന് ഇത്തിരി വിഷമിക്കട്ടെ കുഞ്ഞബുദ്ധി.അതല്പം നേരത്തേക്കെയുള്ളു.നമ്മള്‍ ബലം പിടിക്കാതിരുന്നാല്‍ മതി! അതാ സംഭവം.താത്വിക് മിടുക്കനാണ്.പ്രോത്സാഹിപ്പിക്കുക,,,,,,സാഹിത്യരംഗത്ത് അമ്മയേക്കാള്‍ ഉയര്‍ച്ചയില്‍ മോന്‍ എത്തിച്ചേരും!തീര്‍ച്ച!!
    ആശംസകള്‍

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. താരാട്ടു പാടിയാലേ ഉറങ്ങാറുള്ളൂ
    പൊന്നുമ്മ നല്‍കിയാലേ ഉണരാറുള്ളൂ

    ReplyDelete
  5. ആദ്യം സത്യം പറഞ്ഞത് അമ്മക്ക് വിഷമം ആയ്‌ കാണുമെന്നു കടുതിയവാം രണ്ടാം വരവിൽ കുഞൻ പാട്ട് ആവശ്യപെട്ടത്‌ ... ഹ ഹ ഹ

    ReplyDelete
  6. ഇവിടെ മക്കള്‍ പറയാറുണ്ട്‌, ഉമ്മ ആ പാട്ട് (അതൊരു സ്പെഷ്യല്‍ പാട്ടാണ്) പാടണ്ട ഞങ്ങള്‍ക്ക് ഉറക്കം വരുമെന്ന്... എനിക്കിപ്പോ സംശയം, അത് സ്നേഹം കൊണ്ട് പറയുന്നതാണോ അതോ എന്റെ പാട്ട് കേട്ട് സഹിക്കെട്ട് പറയുന്നതാണോ എന്നാണു. മിക്കവാറും അത്.... :(

    ReplyDelete
  7. കുഞ്ഞിനു പാടിക്കൊടുക്കാൻ ഇത്രയും പാട്ടുകൾ ഒക്കെ പഠിച്ചെടുത്തു
    പാടിക്കൊടുത്തല്ലോ. നല്ല അമ്മ. കുറെ കേട്ടു കഴിഞ്ഞപ്പം അവനു
    ബോറടിച്ചുകാണും ആർഷ. എന്തായാലും ഇപ്പോൾ വീണ്ടും കുഞ്ഞ് ആർഷയുടെ താരാട്ടുപാട്ട് കേൾക്കാൻ ആഗ്രഹിക്കുന്നു അല്ലെ.

    ReplyDelete
  8. നന്നായ് ആവിഷരിച്ചിരിക്കുന്ന
    അസ്സൽ അനുഭവങ്ങൾ...കേര്രൊ ആർഷെ
    പിന്നെ
    അമ്മേടെ പാട്ടിന്റെ ഗുണം , അവന് തിരിച്ചറിവായപ്പോൾ
    കിട്ടിയ , മോന്റെ ആ ഒറ്റ താക്കീതിൽ നിന്നും തന്നെ പിടികിട്ടി..!

    ReplyDelete
  9. എന്റെ മോളും എന്നോട് പാട്ട് വേണ്ട എന്നു പറഞ്ഞിട്ടുണ്ട്......

    ReplyDelete
  10. ഉറപ്പായും അവന്‍ കോമ്പ്രമൈസ് ചെയ്തതാ....
    അവന്‍ നല്ല കുട്ടിയാ..

    ReplyDelete
  11. ഇത്രയും നാൾ കേട്ട പാട്ടുകൾ മനനം ചെയ്യുകയാണ് അവൻ. അമ്മ പകർന്നു നൽകിയ പാട്ടിൽ നിന്നും അവനൊരു വലിയ പാട്ടുകാരനാകും. തീർച്ച.

    ReplyDelete
  12. നല്ല അമ്മയും നല്ല മകനും.
    സന്തോഷം ചേച്ചി...

    ReplyDelete
  13. പാവം കുഞ്ഞ് പാട്ട് വേണ്ട എന്ന വാക്ക് പഠിച്ചെടുക്കാൻ കുറച്ചു കഷ്ടപ്പെട്ടു അല്ലേ .:)

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)