Wednesday, April 22, 2015

ഭൂമിയും മണ്ണും ചേര്‍ന്നൊരു കുറിപ്പ്


 ഇപ്പുഴ പാടുന്നതാര്‍ക്കു വേണ്ടി,
ഇക്കാറ്റു വീശുന്നതാര്‍ക്ക് വേണ്ടി
അഴകെഴും പൂക്കളും കാട്ടുപൂന്തേനുമാ
പുഴുക്കളും കായ്ക്കളുമാര്‍ക്കു വേണ്ടി

കളകളമൊഴുകുന്നു കാട്ടുചോല,
പുളകിതയാക്കുന്നു പൂമരങ്ങള്‍ ,
കഥയുറങ്ങുന്നോരീ നാട്ടുമണ്ണ്‍,
ആര്‍ക്കാര്‍ക്കു വേണ്ടിയിന്നാര്‍ക്കു വേണ്ടി
ആര്‍ക്കാര്‍ക്കു വേണ്ടിയിന്നാര്‍ക്കു വേണ്ടി!

പുഴ പാടുമീണം നമുക്കു വേണ്ടി ,
പൂമണം വീശും നമുക്ക് വേണ്ടി,
പുലരികള്‍ പൂവുകള്‍ പൂന്തേനുമായി
മണ്ണോടു മണ്ണായ മാമരങ്ങള്‍ !

ശലഭ മഴ യാത്രകള്‍, ഈ പവിഴപ്പുറ്റുകള്‍
അലകടലോളം നമുക്ക് മാത്രം
ഇനിയെന്ത് വേണമെന്നോമല്‍ ഭൂവില്‍
ഈ രാവും പകലും നമുക്ക് മാത്രം!

നാളെ തന്‍ പൂവുകള്‍,
നന്മ തന്‍ മൊട്ടുകള്‍ ,
നാടിന്‍റെ നേരറിവാകേണ്ടവര്‍ -
നിങ്ങള്‍ ഭൂമിയോടോന്നിച്ചു വാഴേണ്ടവര്‍!
കയ്യോടു കൈ ചേര്‍ത്തെടുക്കയായ്‌ -
ഈ മണം ഈ കാറ്റീയരുവികള്‍ പൂവുകള്‍,
മനം നിറയ്ക്കുന്നോരീ മാമ്പഴക്കാലങ്ങള്‍ ,
പൂവട്ടി തേടുമീ പൂത്തുമ്പികള്‍ !

നിങ്ങള്‍ കയ്യോട് കൈ ചേര്‍ത്ത് ,
മെയ്യോട്  മെയ്‌ ചേര്‍ത്ത് ,
നെഞ്ചോടടുക്കിപ്പിടിക്കുകീ ഭൂമിയേ
നാളേക്ക് വേണ്ടി കാക്കുകീ മണ്ണിനെ !
(മനോഹരി മില്‍വാക്കീ - A beautiful snap by Rameshkumar )


(ഈ മണ്ണിനെ,പ്രകൃതിയെ, പൂക്കളെ, മൃഗങ്ങളെ ,പുല്ലിനെ ,ജലത്തെ ഒക്കെ  സ്നേഹിക്കുന്ന കുറേയേറെ സുഹൃത്തുക്കള്‍ ചേര്‍ന്നൊരുക്കുന്ന  ടെലിഫിലിം 'കുമ്മാട്ടി'ക്ക് വേണ്ടി എഴുതിയത്. പ്രമോദ് എന്ന   സുഹൃത്ത് ആലപിച്ചത് മനോഹരമായ ദൃശ്യങ്ങളോടെ ഇവിടെ ക്ലിക്ക് ചെയ്താല്‍  കാണാം  

https://www.youtube.com/watch?v=BS-sh6vk8K8&app=desktop ) 

22 comments:

 1. നാളേയ്ക്കു വേണ്ടി..

  ReplyDelete
 2. എത്രയെത്ര സുഗന്ധം പൊഴിക്കുന്ന വസന്തങ്ങള്‍ ,
  മിഴികളില്‍ നിന്നും മനസ്സിലേക്ക് സഞ്ചരിക്കുന്ന
  വര്‍ണ്ണമുള്ള പ്രകൃതിയുടെ മാത്രം പിറവികള്‍ ..
  പുഴകള്‍ , കൈത്തൊടുകള്‍ , കടല്‍ , ആകാശം
  മണ്ണ് , മരം എന്ന് വേണ്ട ഒന്ന് തിരിഞ്ഞ് നോക്കിയാല്‍
  നമ്മളിലേക്ക് പകരാന്‍ കാത്ത് നില്‍ക്കുന്ന ഇന്നിലേക്ക്
  കൊഴിഞ്ഞ് പൊയ്കൊണ്ടിരിക്കുന്ന എത്രയെത്ര കുളിരുകളാണ്
  താല്‍ക്കാലിക ലാഭത്തിന് വേണ്ടി ബലി കഴിക്കപെടുന്നത് ..
  നാളേക്ക് വേണ്ടി ഈ ഭൂമിയേ കരുതി വയ്ക്കാന്‍ , ഒരൊ മനസ്സുകളും
  ഒരൊ നിമിഷത്തിലും ഒരു നന്മമഴ പൊഴിച്ചിരുന്നെങ്കില്‍ ..
  എന്നും വേണ്ടത് ഒരു ദിവസമെങ്കിലുമൊര്‍ക്കാന്‍ നമ്മുക്കായാല്‍ ..
  നാളെ നമ്മുടെ മക്കള്‍ക്ക് കൊടുക്കാന്‍ ഒരു മഴ സമ്മാനാമായ്
  പൊതിഞ്ഞ് വയ്ക്കക്കേണ്ടി വരും ചിത്രമായ് ..... സ്നേഹം ആര്‍ഷേ

  ReplyDelete
 3. വെറുതെ പാടിപോവുന്ന കാര്യമുള്ള വരികൾ..

  ReplyDelete
 4. കൊള്ളാം.
  വരികള്‍ കുറച്ച് കുട്ടിക്കവിതയാക്കി സ്കൂളില്‍ പാടിക്കണം.

  ReplyDelete
 5. നല്ല വരികള്‍ ..

  ശുദ്ധവായു ആശംസിക്കുന്നു.. ഭൌമദിനാശംസകള്‍ ..

  ReplyDelete
 6. ആശംസകള്‍...

  ReplyDelete
 7. ഈ കവിത കേട്ടിട്ടുണ്ടായിരുന്നു.
  നന്നായിരിക്കുന്നു വരികള്‍
  ആശംസകള്‍

  ReplyDelete
 8. നമുക്കായ് അണിയിച്ചൊരുക്കിയ ഭൂമി എത്ര സുന്ദരിയാണ് ...

  ReplyDelete
 9. ഭൂമിയും കവിതയും മനോഹരം

  ReplyDelete
 10. ഭൂമിക്കും മണ്ണിനും വേണ്ടി ഒരു കവിത വളരെ പ്രസക്തം .കരണീയം .അഭിനന്ദനങ്ങള്‍...!

  ReplyDelete
 11. ഒരുപാടിലും കൂടുതല്‍ ഇഷ്ടം !
  ആശംസകള്‍
  asrus

  ReplyDelete
 12. കവിതയും, ആലാപനവും, ദൃശ്യവൽക്കരിച്ച രീതിയും ഏറെ നന്നായിരിക്കുന്നു......

  ReplyDelete
 13. കൊള്ളാം, ആശംസകള്‍

  ReplyDelete
 14. കയ്യോടു കൈ ചേര്‍ത്തെടുക്കയായ്‌ -
  ‘ഈ മണം ഈ കാറ്റീയരുവികള്‍ പൂവുകള്‍,
  മനം നിറയ്ക്കുന്നോരീ മാമ്പഴക്കാലങ്ങള്‍ ,
  പൂവട്ടി തേടുമീ പൂത്തുമ്പികള്‍...‘


  നല്ല മനോഹാരിതിയായ ഭൗമ സൌന്ദര്യങ്ങൾ ...!

  ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)