Tuesday, December 11, 2018

നന്ദി ചൊല്ലാനും ഒരു ദിനം

അമ്മമാര്‍ക്കും അച്ഛന്മാര്‍ക്കും പ്രണയത്തിനും ഒക്കെ ഓരോരോ ദിനമുണ്ടാകുമ്പോള്‍ നന്ദി ചൊല്ലാനും ഒരു ദിവസം ഉണ്ടാകുന്നത് നല്ല കാര്യമാണ് അല്ലേ? അങ്ങനെ ഒരു ദിവസം ഉണ്ടെന്നറിഞ്ഞത് ഇവിടെ അമേരിക്കയില്‍ എത്തിയതിനു ശേഷമാണ്. കാനഡയില്‍ ഒക്ടോബറിലെ
രണ്ടാമത്തെ ശനിയാഴ്ച്ചയും, അമേരിക്കയില്‍ നാലാമത്തെ വ്യാഴാഴ്ചയും  കുടുംബങ്ങള്‍ ആഘോഷിക്കുന്ന സ്പെഷ്യല്‍ ദിവസമാണ് താങ്ക്സ്ഗിവിംഗ്.
പണ്ട് സൂചിപ്പിച്ചതുപോലെ കുട്ടികളുടെ ഏറ്റവും ഇഷ്ടപ്പെട്ട മാസങ്ങളും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള  അമേരിക്കന്‍പൂരക്കാലം തന്നെയാണ്. കഴിഞ്ഞ മാസം ആത്മാക്കളുടെ മാസമായിരുന്നു - കുട്ടികളും മുതിര്‍ന്നവരും പലതരം രസകരമായ വേഷങ്ങള്‍ കെട്ടി എല്ലാ വാതില്‍പ്പടിയിലും ചെന്ന് 'ട്രിക്ക് or ട്രീറ്റ്‌ ' ചോദിക്കുന്ന ഹാലോവീന്‍ ദിവസം. പലപ്പോഴും തോന്നാറുണ്ട് ആഘോഷങ്ങള്‍ അഥവാ ഉത്സവങ്ങള്‍ എല്ലാംതന്നെ  രാജ്യങ്ങള്‍ക്ക് അനുസരിച്ച് പേരും ഭാവവും മാറുന്നുവെന്നേയുള്ളൂ എന്ന്. ഇവയെല്ലാം ആത്യന്തികമായി മനുഷ്യചരിത്രത്തിനോടും ജീവിതത്തിനോടും, ബന്ധങ്ങളോടും ഇഴുകിച്ചേര്‍ന്ന് കിടക്കുന്നവയാണ്. ഹാലോവീനും നമ്മുടെ വാവുബലിയും അപ്പുറോം ഇപ്പുറോം നില്‍ക്കുന്ന രണ്ട് ആഘോഷങ്ങള്‍ ആണെന്ന് ചിന്തിപ്പിച്ചത് ഹാലോവീന്‍ ദിവസത്തിന് തലേന്ന് സെമിത്തേരി വൃത്തിയാക്കി എല്ലാ കല്ലറയും ഭംഗിയാക്കുന്ന ഒരുകൂട്ടം ആളുകളെ കണ്ടപ്പോഴാണ്.

ഈ മാസത്തെ ആഘോഷം വിളവെടുപ്പിന്‍റെ ഉത്സവമാണ് - അഥവാ നമ്മുടെ ഓണമാണ് പേരുമാറി ഇവിടെ എത്തിയിരിക്കുന്ന Thanksgiving  എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ കരുതിയേക്കും എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന്. പക്ഷേ, സംഭവം ഒന്നാലോചിച്ചു നോക്കിയാല്‍ എവിടെയോ എന്തോ ഒരു ബന്ധമുണ്ടെന്നു നിങ്ങള്‍ക്കും മനസിലാകും. ഓണത്തിന്‍റെയും ഇവിടുത്തെ താങ്ക്സ്ഗിവിംഗ് ദിവസത്തിന്റെയും കഥ മാറ്റിവെച്ചാല്‍ രണ്ടിടത്തും കുടുംബസംഗമം ആണ് പ്രധാനം.  എവിടെ ആയിരുന്നാലും തിരുവോണത്തിന് സ്വന്തം വീട്ടില്‍ എല്ലാവരോടും ഒരുമിച്ചിരുന്ന് ഓണസദ്യ ഉണ്ണാന്‍ കൊതിക്കുന്ന ഒരു ശരാശരി മലയാളിക്ക്, താങ്ക്സ്ഗിവിംഗ് ദിവസത്തില്‍ കുടുംബവുമായി ടര്‍ക്കി ഡിന്നര്‍ കഴിക്കാന്‍ ആഗ്രഹിക്കുന്ന ഇവിടെയുള്ളവരെ നല്ലതുപോലെ മനസിലാകും. രണ്ടും വിളവെടുപ്പിന്‍റെ ഉത്സവങ്ങളാണ്. നാട്ടില്‍ കള്ളക്കര്‍കിടകം കഴിയുമ്പോള്‍ പഞ്ഞമാസത്തിന്‍റെ ദുരിതങ്ങളില്‍ നിന്ന് കരകയറി പുത്തനുടുപ്പ്  ധരിച്ച്  പുതിയതായി കൊയ്തെടുത്ത നെല്ലുകൊണ്ടുണ്ടാക്കിയ ഓണമുണ്ട് അടുത്ത കൊല്ലത്തെ ഓണത്തിന് വേണ്ടി കാത്തിരുന്ന നമ്മളും, ഏതാണ്ടെല്ലാ കൃഷിയും വിളവെടുത്ത് കഴിഞ്ഞ് സുഭിക്ഷമായൊരു അത്താഴം Thanksgiving ദിനത്തില്‍ കഴിച്ച് ശൈത്യകാലത്തിന്‍റെ കരിമ്പടം പുതയ്ക്കാന്‍ ഒരുങ്ങുന്ന ഇവരും ഒരുപോലെ തന്നെ! രണ്ടിടത്തും കാണാം സാംസ്‌കാരിക പൈതൃകങ്ങളുടെ പിന്തുടര്‍ച്ച.


ജനിച്ചു വളര്‍ന്നയിടത്തല്ലാതെ മറ്റൊരു ഭൂമികയില്‍ വ്യത്യസ്തമായ ഒരു ഇന്നലെയുമായി കഴിയുന്നത് കൊണ്ടാണോ എന്നറിയില്ല പലപ്പോഴും ആഘോഷങ്ങളിലെ സമാനതകള്‍ വളരെ സന്തോഷിപ്പിക്കാറുണ്ട്. എല്ലാ ആഘോഷങ്ങളും കുട്ടികളുടെ ഓര്‍മകളിലേക്ക് നമ്മള്‍ ചേര്‍ക്കുന്ന ഫിക്സ്ഡ് ഡെപ്പോസിറ്റുകളാണ്. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് അവര്‍ ജീവിക്കുന്ന രാജ്യത്തിന്‍റെ പൊതുവായ ആത്മാവ് നഷ്ടമാകരുത് എന്ന നിര്‍ബന്ധബുദ്ധിയാല്‍ എല്ലാ ആഘോഷങ്ങളും കഴിയുന്നത്ര നമ്മുടേതാക്കാറുണ്ട്. മൂത്ത മോന് വിശേഷ ദിവസങ്ങളൊക്കെ തിരിച്ചറിഞ്ഞ് ചോദിയ്ക്കാന്‍ തുടങ്ങിയ കാലം മുതല്‍  ഞങ്ങളും ഈ നന്ദിപറച്ചില്‍ ദിനം വീട്ടിലെ ഒരു ആഘോഷം ആക്കാന്‍ തുടങ്ങി. മൂന്നുകൊല്ലം മുന്‍പ് നമ്മളിക്കൊല്ലം ടര്‍ക്കിയെ നിര്‍ത്തിപ്പൊരിക്കോ കിടത്തിപ്പൊരിക്കോ എന്ന് പ്ലേസ്കൂളില്‍ നിന്ന് വന്നു ചോദിച്ച ദിവസം ഞാനൊരിക്കലും മറക്കില്ല. അന്ന് മനസിലാക്കിയ മറ്റൊരു കാര്യം എത്രമേല്‍ തിരക്കിലായാലും ജനങ്ങള്‍ അവരവരുടെ സാംസ്കാരികത്തനിമ നിലനിര്‍ത്താന്‍ നോക്കും എന്നതാണ്. മാത്രവുമല്ല ഇവിടെ ജീവിക്കുന്ന കുട്ടികള്‍ എല്ലാവരും നവംബര്‍ എന്നത് താങ്ക്സ്ഗിവിംഗ്, ടര്‍ക്കി ഡിന്നര്‍, മത്തങ്ങാമധുരമുള്ള PumpkinPie എന്നതിനോട് ചേര്‍ത്തുകെട്ടിയാണ് ഓര്‍ക്കുക. ഈ മാസം മിക്ക ചെറിയ കുട്ടികളും ടര്‍ക്കി ചിത്രത്തെ കളര്‍ അടിക്കും, ഏതാണ്ടെല്ലാ കുഞ്ഞുങ്ങളും അവര്‍ എന്തിനൊക്കെയാണ് thankful ആയിരിക്കുന്നത് എന്ന് സ്കൂളില്‍ നിന്ന് എഴുതികൊണ്ട് വരും. രക്ഷാകര്‍ത്താക്കളെ സന്തോഷിപ്പിക്കാനുള്ള എല്ലാ ചേരുവകളും ഒത്തുചേര്‍ന്ന ഈ കുറിപ്പുകള്‍ ഞങ്ങള്‍ രണ്ടാളും എല്ലാ വര്‍ഷവും കാത്തിരിക്കുന്ന ഒരു സംഭവം ആണ്.

ഇനി കുറച്ചു ചരിത്രം പറയാം - ഈ നന്ദി പറച്ചിലിന്‍റെ ചരിത്രം.

നവംബറിലെ നാലാമത്തെ വ്യാഴാഴ്ചയാണ് അമേരിക്കക്കാര്‍ താങ്ക്സ്ഗിവിംഗ് ദിവസമായി ആഘോഷിക്കാറുള്ളത്. 1621 ല്‍ യുറോപ്പില്‍ നിന്നും പലായനം ചെയ്ത ഒരുകൂട്ടം ആളുകള്‍ (പില്‍ഗ്രിംസ്) അമേരിക്കയില്‍ എത്തിച്ചേര്‍ന്നു. പ്രതികൂല കാലാവസ്ഥയും ദീര്‍ഘമായ യാത്രയും അവരില്‍ പലരെയും അവശരും രോഗിയുമാക്കിയിരുന്നു. അന്ന് ഇവിടെയുണ്ടായിരുന്ന അമേരിക്കന്‍ ഗോത്രവര്‍ഗക്കാര്‍ക്ക് (റെഡ് ഇന്ത്യന്‍സ്) പലര്‍ക്കും ഇത്തരത്തില്‍ എത്തിപ്പെട്ട യുറോപ്പുകാരെ സ്വീകരിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ ഒരു ചെറിയ വിഭാഗം തദ്ദേശീയര്‍ ഇവിടെ അഭയാര്‍ത്ഥികളായി എത്തിയവരെ രോഗങ്ങളില്‍ നിന്ന് മുക്തി നേടാനും, കൃഷി ചെയ്യാനുമൊക്കെ സഹായിച്ചുവെന്നും ആദ്യ വിളവെടുപ്പിനു ശേഷം തങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന റെഡ്ഇന്ത്യക്കാര്‍ക്ക് പില്‍ഗ്രിംസ് നന്ദിസൂചകമായി ഒരു സദ്യ നല്‍കിയെന്നും ആ ആഘോഷ-തീറ്റ-വിരുന്ന് മൂന്നു ദിവസം നീണ്ടു നിന്നു എന്നുമാണ് കഥ. അന്നത്തെ നന്ദി ചൊല്ലലിന്‍റെ ഓര്‍മ  നിലനിര്‍ത്താനാണ് കുറേയേറെ നാള്‍ അമേരിക്കയില്‍ താങ്ക്സ്ഗിവിംഗ്  ആഘോഷിച്ചിരുന്നത്. പലപ്പോഴും രാജ്യത്തിന്‍റെ പലയിടങ്ങളില്‍ പല സമയത്ത് ആഘോഷിച്ചിരുന്ന ഈ ഉത്സവത്തിനെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ചത് പ്രസിഡന്റ് എബ്രഹാം ലിങ്കന്‍ ആണ്. 1863 ല്‍ അമേരിക്കന്‍ ആഭ്യന്തര കലാപ വേളയില്‍ ശ്രീ.അബ്രഹാം ലിങ്കന്‍ നവംബറിലെ നാലാമത്തെ വ്യാഴാഴ്ച വിളവെടുപ്പിന്‍റെ ഉത്സവമായി കണക്കിലെടുത്ത് ദൈവത്തിന് ശക്തികള്‍ക്ക് പ്രകൃതിക്ക് നന്ദി  പറയുന്ന  ദിനമായി ആഘോഷിക്കാന്‍ നിര്‍ദ്ദേശിക്കുകയും, കുടുംബങ്ങള്‍ ഒത്തുകൂടി ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന ഒരു ദിവസമെന്ന രീതിയിലേക്ക് താങ്ക്സ്ഗിവിംഗ് മാറുകയും ചെയ്തു.


താങ്ക്സ് ഗിവിംഗ് ആഘോഷങ്ങളിലെ ഒരു  പ്രധാന ആകര്‍ഷണം ടര്‍ക്കി ഡിന്നറും മത്തങ്ങ കൊണ്ടുള്ള മധുരമായ PumpkinPie യുമാണ്‌. കല്യാണം കഴിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ Thanksgiving വളരെ പ്രധാനമാണ് - നമ്മുടെ ആദ്യ ഓണം പോലെ. തറവാട് വീടുകളില്‍ നടക്കുന്ന അത്താഴവിരുന്നില്‍ ടര്‍ക്കി മുറിക്കുക എന്ന ചുമതല വളരെയധികം ബഹുമാനം അര്‍ഹിക്കുന്ന ഒന്നാണ്. കോഴിയെ നിറച്ചുപൊരിക്കുന്നത് പോലെ ഒരു മുഴുവന്‍ ടര്‍ക്കിയെ മുട്ടയും മസാലയും ഒക്കെ ചേര്‍ത്ത് നിറച്ചുപൊരിച്ച് എടുക്കുന്നു. ഉരുളക്കിഴങ്ങ് പുഴുങ്ങിയുടച്ചത്, മധുരക്കിഴങ്ങ്, ബ്രസ്സല്‍ സ്പ്രൌട്സ് (കുഞ്ഞു കാബേജ് പോലെയുള്ള പച്ചക്കറി), ക്യാരറ്റ്, ക്രാന്ബെറി സോസ്, ചോളം, വിവിധ തരം മത്തങ്ങകള്‍ ഇതൊക്കെ ഒരു പരമ്പരാഗത സദ്യവട്ടത്തില്‍ ഉള്‍പ്പെടും. വീട്ടിലെ മുതിര്‍ന്നവര്‍ മറ്റു കുടുംബാംഗങ്ങള്‍ക്ക്  ഈ ജീവിതത്തിന്, സദ്യയ്ക്ക് ഒക്കെ നന്ദി പറയുന്ന പ്രാര്‍ത്ഥന ചൊല്ലിക്കൊടുത്തുകൊണ്ട്  അത്താഴവിരുന്നു തുടങ്ങുന്നു. സദ്യയ്ക്കൊരു പായസമില്ലാതെ സുഖമാവില്ല എന്ന് നമുക്ക് തോന്നുംപോലെ താങ്ക്സ്ഗിവിംഗ് അത്താഴത്തിനു 'പൈ' ഇല്ലാതെ ചിന്തിക്കാനാകില്ല ഇവര്‍ക്ക്. പലതരത്തിലുള്ള പഴവര്‍ഗങ്ങള്‍ കൊണ്ടുണ്ടാക്കിയ "പൈ" ലഭ്യമാണ് - ആപ്പിള്‍ പൈ, ബെറി പൈ, നാരങ്ങ പൈ, എന്തിന് തേങ്ങാപൈ വരെ! പക്ഷേ, ഒക്ടോബര്‍ നവംബര്‍ മാസങ്ങള്‍ ഇവിടുത്തുകാര്‍ക്ക്  മത്തങ്ങയുമായി വളരെ ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍  ടര്‍ക്കി സദ്യക്കൊപ്പം മത്തങ്ങാമധുരവും കൂടിയായാല്‍ അത്താഴവിരുന്ന് സുഭിക്ഷം!


കഴിഞ്ഞ കൊല്ലം മുതല്‍ വല്ല്യേട്ടനോടും കുടുംബത്തോടും ഒപ്പമാണ് ഞങ്ങളുടെ നന്ദിപറച്ചില്‍ ദിനം - രണ്ടു വീട്ടിലേയും മക്കള്‍ ഒക്ടോബര്‍ ആകുമ്പോഴേ കാത്തിരിക്കാന്‍ തുടങ്ങും - ആ ദിവസത്തെ ആഘോഷിക്കാന്‍! അതുകൊണ്ടുതന്നെ ഇവിടെ വീട്ടിലുമുണ്ട് ഒരു കുഞ്ഞു ടര്‍ക്കി സദ്യ - നിര്‍ത്തിപ്പൊരിക്കാനും തക്ക ധൈര്യം ഇല്ലാത്തത് കൊണ്ട് നമ്മളെക്കൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ പറ്റുമെന്ന്‍ തോന്നുന്ന കുറച്ചു ഭാഗങ്ങള്‍ മുറിച്ചുമേടിക്കല്‍ ആണ് പതിവ്. ഒരു മുഴുവന്‍ ടര്‍ക്കിയെന്നാല്‍ ഒരൊന്നൊന്നര ടര്‍ക്കിയാണെന്ന് കൂടി ഓര്‍ക്കണേ - തിന്നുതീര്‍ക്കാന്‍ അത്യാവശ്യം നല്ല എണ്ണം കുടുംബക്കാര്‍ വേണ്ടിവരും.  ആ പൈ ഒഴികെയുള്ളതൊക്കെ ഉണ്ടാക്കാന്‍ നോക്കും. മത്തങ്ങാപൈ അതിന്‍റെ തനതായ രുചിയില്‍ ഉണ്ടാക്കുന്ന ഒരിടത്ത് നിന്ന് വാങ്ങുകയും ചെയ്യും. പിന്നെ ഇന്നലെകള്‍ക്കും, ഇന്നിനും, വരാന്‍ പോകുന്ന നാളെകള്‍ക്കും പുഞ്ചിരികള്‍ക്കും വീഴ്ചയുടെ അപ്പുറമുള്ള കയറ്റങ്ങള്‍ക്കും ഇരുളിന് ശേഷമുള്ള വെളിച്ചത്തിനും മഴക്കും മഞ്ഞിനും ഒക്കെ നന്ദി പറഞ്ഞുകൊണ്ട് ഈ ആഘോഷത്തിനെ ഓര്‍മകളിലേക്ക് ചേര്‍ക്കും!

രണ്ടു കൊല്ലം മുന്നത്തെ thanksgiving സദ്യ 



 വാല്‍ക്കഷ്ണം : ടര്‍ക്കി നിര്‍ത്തിപ്പൊരിച്ചത് എന്നൊക്കെ കേട്ട് നാക്കില്‍ വെള്ളമൂറിയിരിക്കുന്നവരോട് "ഓ, നമ്മുടെ ബീഫ് ഉലര്ത്തിയതിന്റെ  അത്രയൊന്നും ഇല്ലാന്നേ "


                                                                  (OurKids 2018 November)

2 comments:

  1. ഓണവും,ഓണസദ്യയും,ഓണക്കോടിയും സംക്രാന്തീയും വിഷുവും,വിഷുക്കയ്നീട്ടവും,വിഷുക്കട്ടയും,തിരുവാതിരയും,തൃക്കാർത്തികയും....അങ്ങ്നെയങ്ങ്നെ..,നമ്മുടെ വിശേഷങ്ങൾ...നല്ല വിവരണം.
    ആശംസകൾ

    ReplyDelete
  2. ഈ നന്ദി പറച്ചിലിന്‍റെ ദിനം ഉണ്ടായ
    ചരിത്രം അസ്സലായി പറഞ്ഞിരിക്കുന്നു കേട്ടോ ആർഷെ

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)