Monday, December 31, 2018

ഒരു കേക്കുണ്ടാക്കിയ കഥ

  • നല്ലതുപോലെ മയമാക്കിയ വെണ്ണ എണ്ണി പത്ത് സ്പൂണ്‍ ഒഴിച്ചപ്പോള്‍ അവളോര്‍ത്തു - "കൊളസ്ട്രോള്‍ ആണല്ലോ ദൈവമേ! സാരമില്ല ഇന്നൊരു ദിവസത്തേക്കല്ലേ, ഇന്നല്ലെങ്കില്‍ പിന്നെയെന്നാണ് അയ്യാള്‍ക്ക് പ്രിയപ്പെട്ടത്  ഉണ്ടാക്കുക!" സ്വയമാശ്വസിച്ചുകൊണ്ട് മൂന്ന്‍ മുട്ടയും രണ്ടരകപ്പ് പഞ്ചസാരയും കൂടിച്ചേര്‍ത്ത് പതുക്കെ അവളാ കൂട്ട്  പതം വരുത്താന്‍ തുടങ്ങി. പുറകില്‍ നിന്നൊഴുകിവരുന്ന പാട്ടിന്‍റെ ഈരടികള്‍, 
  • "പാതിയടഞ്ഞൊരെന്‍  മിഴിയിതൾത്തുമ്പിന്മേല്‍ 
  • മണിച്ചുണ്ട് ചേർക്കുവാന്‍ വരുന്നതാരേ.... 
  • പാര്‍വണ ചന്ദ്രനായ് പതുങ്ങി നിന്നെന്‍ മാറില് 
  •  പനിനീര് പെയ്യുവാന്‍ വരുന്നതാരേ..."
  • പതിയേ വരികളുടെ കൂടെ മൂളുമ്പോള്‍ അവളുടെ മേല്‍ച്ചുണ്ടിന്‍റെ മറുകിനുമുകളില്‍ വിയര്‍പ്പ് പൊടിഞ്ഞു. ഇടംകയ്യുടെ പുറം കൊണ്ട് വിയര്‍പ്പൊപ്പി വേണ്ടത്ര  കൊക്കോപ്പൊടിയും ബേക്കിംഗ് സോഡയും മൈദയും അളന്നുതൂക്കി 2/3 കപ്പ് എണ്ണയും ഒരു നുള്ള് ഉപ്പും ചേര്‍ത്തിളക്കി ചൂണ്ടുവിരലിനറ്റം കൊണ്ടൊരു ലേശം തൊട്ടവള്‍ വായില്‍ വെച്ചു. മുട്ടയുടെ മണം മറയ്ക്കാന്‍ ഒരല്‍പം വാനിലനീര് ചേര്‍ക്കുന്ന പതിവുണ്ട് അവള്‍ക്ക്. മറക്കാതെ അതും ചേര്‍ത്ത് ഹൃദയത്തിന്‍റെ ആകൃതിയിലുള്ള കേക്കുണ്ടാക്കുന്ന പാത്രത്തിലേക്ക് ഒഴിച്ച് ഓവനിലേക്ക് വെക്കുമ്പോള്‍ അവള്‍ ഓര്‍ത്തു 40 മിനിറ്റ് സമയമുണ്ട്, ഒന്നോടിക്കുളിച്ചു വന്നേക്കാം. 
  • കുളിമുറിയിലേക്ക് കയറുംമുന്‍പ് 'വേഗം വരണേ' എന്നൊരു മെസ്സേജ് 'Hubby Dear' എന്ന് സേവ് ചെയ്ത നമ്പറിലെ വാട്സാപ്പിലേക്ക് അയച്ചു,  തറവാട് ഗ്രൂപ്പില്‍ വന്ന എല്ലാ ആനിവേര്‍സറി സന്ദേശങ്ങള്‍ക്കും ചേര്‍ത്തൊരു love സ്മൈലി കൊടുക്കാനും മറന്നില്ല അവള്‍. 
  • ചന്ദനമണമുള്ള 'musk' ന്‍റെ പുതിയ ലിമിറ്റഡ് എഡിഷന്‍ പെര്‍ഫ്യും - അയാളുടെ വാര്‍ഷിക സമ്മാനം - നീണ്ട വിരലുകളുടെ തുമ്പിലൊരു തുള്ളി എടുത്തവള്‍ ചെവിയുടെ പുറകില്‍ തടവി. അയാള്‍ക്ക്ഏറ്റവും ഇഷ്ടമുള്ള വാടാമുല്ല നിറത്തില്‍ ഇളംനീല കരയുള്ള സാരി ഉടുത്തുകൊണ്ടിരിക്കുമ്പോഴാണ്  ഓവനില്‍ നിന്നുള്ള ടൈമര്‍ വന്നത്. കേക്കിന്‍റെ ചൂടാറും മുന്‍പ് മധുരമുള്ള പാലോ, ഓറഞ്ച് നീരോ കേക്കിനുമുകളില്‍ ഒഴിച്ചുവെക്കണം - അതവളുടെ കേക്കിന്റെ സീക്രട്ട് റെസിപിയാണ്, ഉണ്ടാക്കി എത്രനേരം കഴിഞ്ഞാലും കേക്കിന്‍റെ മൃദുത്വം പോകാതിരിക്കാനുള്ള സൂത്രപ്പണി. 
  • കേക്കിലൊന്ന് പതുക്കെ അമര്‍ത്തി രുചിയുടെ അളവൊന്ന് മനസില്‍ കണക്ക്കൂട്ടി അവള്‍ . പിന്നെ ഒരു കപ്പ് പാലില്‍ 2 സ്പൂണ്‍ ഹണി ഒഴിച്ച് കലക്കി മധുരമുണ്ടെന്ന് ഉറപ്പിച്ചതിനുശേഷം മാത്രം അവള്‍ മെഡിസിന്‍ കാബിനറ്റ്‌ തുറന്ന് ചുമയുടെ മരുന്നിന്‍റെ കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ആ നിറമില്ലാത്ത ദ്രാവകം - വിഷങ്ങളുടെ രാജ്ഞി- 'വത്സനാഭം' എടുത്തു.  ഒരു സ്പൂണ്‍ നിറയെ എടുത്ത് പാല്ക്കൂട്ടില്‍ കലക്കി അയാള്‍ക്കിഷ്ടമുള്ള ചോക്ലേറ്റ് കേക്കിന്‍റെ മുകളിലായി എല്ലായിടത്തും പരക്കുന്ന രീതിയിലൊഴിച്ച് വീണ്ടുമതേ പാട്ട്,  'മഴയുള്ള രാത്രിയില്‍ മനസിന്‍റെ.....' കേട്ടുകൊണ്ട് അവള്‍ അയാള്‍ക്കായി കാത്തിരുന്നു. 
  • (#Randomword2Story കേക്ക് )

18 comments:

  1. പടച്ചോനെ
    ഭാഗ്യമായി
    അവൾക്ക് കെയ്ക്കുണ്ടാക്കാനറിയില്ല
    ഇനി പായസത്തിലെങ്ങാനും...

    ReplyDelete
  2. നന്നായിട്ടുണ്ട്...

    ReplyDelete
  3. Pareekshanangal...!
    .
    Manoharam, Ashamsakal...!!!

    ReplyDelete
  4. എന്തതിശയമേ....എന്താകഥ!!
    ആശംസകൾ

    ReplyDelete
  5. സ്ത്രീയുടെ മന:ശാസ്ത്രം സ്ത്രീക്കല്ലെ അറിയൂ...ഹ ഹാ

    ReplyDelete
  6. എന്തൊരു കേക്ക്‌ ആർഷാ!

    ReplyDelete
    Replies
    1. അങ്ങനെയുമൊരു കേക്ക് എന്റെ മുബീ :)

      Delete
  7. അപ്പൊ അങ്ങിനെയാണു കേക്കുണ്ടാക്കലല്ലെ? പിന്നെ ആ വിഷമെന്താണെന്നൊരു കണ്‍ ഫ്യൂഷന്‍? .....സാരി ഉടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഓവനില്‍ നിന്നുള്ള ടൈമര്‍ വന്നത്. ....ടൈമര്‍ വരില്ലല്ലോ,അതിന്‍റെ ബസ്സര്‍ അല്ലെ?

    ReplyDelete
    Replies
    1. ടൈമറിന്റെ ബസാർ എന്നാണ് ഉദ്ദേശിച്ചത്. വിഷത്തിന്റെ ഇംഗ്ലീഷ് പേര് പറഞ്ഞാൽ വേഗം പിടി കിട്ടിയേക്കും - aconite എന്നാണ് :)

      Delete
  8. കേക്കിന്റെ റെസിപ്പി കുറെയെല്ലാം പറഞ്ഞിട്ടുണ്ട്. ലാസ്റ്റ് വിഷദ്രാവകം ചേർത്തതാണോ.... എന്തോ ഒരു കൺഫ്യൂഷൻ....

    ReplyDelete
    Replies
    1. അതെ ഗീതച്ചേച്ചീ, വിഷദ്രാവകം ചേർത്തതാണ് :)

      Delete
  9. ഹ്യൂയ്യയ്യോ..... ഭയങ്കര ഇഷ്ടം.

    ReplyDelete
  10. വായിച്ചു വായിച്ചൊടുവിൽ ഞെട്ടിപ്പോയി.. ��

    ReplyDelete
  11. എനിക്കറിയാം ആ കൂട്ട്. അവസാനത്തെ കൂട്ട്. നല്ല രസമുള്ള കേക്ക്.
    ആശംസകൾ

    ReplyDelete
  12. ഈ റെസിപ്പി ബോധിച്ചൂ ട്ടാ.

    എഴുത്തിലെ കൈയടക്കം കേമം

    ReplyDelete
  13. ഹായ് ദേ നമ്മടെ ഹാഷ്ടാഗ്!

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)