Monday, November 12, 2018

കുടമാറുന്ന പ്രകൃതിയും മിട്ടായിക്കുട്ടികളും

ഒരിക്കലുമാരും കടന്നുപോകാന്‍ ആഗ്രഹിക്കാത്ത വെള്ളത്തിന്‍റെ വഴികളിലൂടെ കേരളം കടന്നുപോയിട്ട് ഒരു മാസം ആകുന്നു. ഓണമാഘോഷിക്കാതെ പോയ ഒരു ജനതയിലെ കുഞ്ഞുങ്ങളെക്കുറിച്ചാണ് ഇതെഴുതുമ്പോള്‍ ഞാന്‍ ആലോചിക്കുന്നത്. ഈ  കോളത്തില്‍  എപ്പോഴുമെപ്പോഴും പറയാറുള്ളതുപോലെ ആഘോഷങ്ങളും ഉത്സവങ്ങളും പെരുന്നാളുകളും ഒക്കെ ശരിക്കും കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാണ് നമ്മള്‍ ജീവിതത്തില്‍ ഉള്‍പ്പെടുത്തുന്നത്. അവരുടെ ഒരു ജീവിതകാലത്തിലേക്ക് എടുത്തുവെക്കാനുള്ള ഓര്‍മ്മകള്‍ ചേര്‍ത്തുകൊടുക്കുക എന്നത് മാത്രമേ നമ്മള്‍ ചെയ്യേണ്ട കടമയുള്ളൂ.

ഇവിടിപ്പോള്‍ ഉത്സവങ്ങളുടെ കാലമാണ്..ഓരോരോ തരം പൂരങ്ങളും വേലകളും കൊടിയേറുന്ന കാലമാണ് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള  അമേരിക്കന്‍പൂരക്കാലം - കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട മാസങ്ങള്‍.  ഈ മാസം ആത്മാക്കളുടെ മാസമായിരുന്നു. കുട്ടികളും മുതിര്‍ന്നവരും പലതരം വേഷങ്ങള്‍ കെട്ടി എല്ലാ വാതില്പ്പടിയിലും ചെന്ന് 'ട്രിക്ക് or ട്രീറ്റ്‌ ' ചോദിക്കുന്ന ഹാലോവീന്‍ ദിവസം. പലപ്പോഴും തോന്നാറുണ്ട് ആഘോഷങ്ങള്‍ക്ക് അഥവാ ഉത്സവങ്ങള്‍ രാജ്യങ്ങള്‍ക്ക് അനുസരിച്ച് പേരും ഭാവവും മാറുന്നുവെന്നെയുള്ളൂ എന്ന്. ഇവയെല്ലാം ആത്യന്തികമായി മനുഷ്യചരിത്രത്തിനോടും ജീവിതത്തിനോടും, ബന്ധങ്ങളോടും ഇഴുകിച്ചേര്‍ന്ന് കിടക്കുന്നവയാണ്. ഹാലോവീനും നമ്മുടെ വാവുബലിയും അപ്പുറോം ഇപ്പുറോം നില്‍ക്കുന്ന രണ്ട് ആഘോഷങ്ങള്‍ ആണെന്ന് ചിന്തിപ്പിച്ചത് കഴിഞ്ഞ വര്‍ഷത്തെ ഹാലോവീന്‍ ദിവസത്തിന് തലേന്ന് സെമിത്തേരി വൃത്തിയാക്കി എല്ലാ കല്ലറയും ഭംഗിയാക്കുന്ന ഒരുകൂട്ടം ആളുകളെ കണ്ടപ്പോഴാണ്. ഇവിടെയുള്ള സെമിത്തേരികള്‍ കാണാന്‍ ഒരു പ്രത്യേക ഭംഗിയുണ്ടാകാറുണ്ട്, ഒരുതരം ഒറ്റപ്പെട്ട വിഷാദത്തിന്‍റെ പുതപ്പണിഞ്ഞ ഭംഗി. ഓര്‍മ്മദിവസങ്ങളിലും വിശേഷദിവസങ്ങളിലുമൊക്കെ അവിടം പൂക്കളും ഇലകളും കൊടികളും കൊണ്ടൊക്കെ മനോഹരമായി അലങ്കരിക്കും. അത്തരത്തില്‍ അലങ്കരിക്കുന്ന ഒരു ദിവസം കൂടിയാണ് ഹാലോവീന്‍.

പൊതുവേ ക്രിസ്ത്യാനികളുടെ വിശ്വാസപ്രകാരമുള്ള ആഘോഷമാണ് ഹാലോവീന്‍ എങ്കിലും കുട്ടികളാണ് ഇതിന്‍റെ മുഖ്യ ഉപഭോക്താക്കള്‍ എന്നതിനാല്‍ മതപരമായ പ്രധാന്യമൊഴിവാക്കി സാമൂഹികമാറ്റങ്ങളോടെ ഇവിടെ എല്ലാ വിഭാഗത്തിലെയും ജനങ്ങള്‍(കുട്ടികള്‍) ഹാലോവീന്‍ ആഘോഷിക്കുന്നു. സകല വിശുദ്ധന്മാരുടെയും മരണപ്പെട്ടവരുടെയും ആത്മാക്കളുടെയും ദിനം -  അഥവാ AllHallotide എന്ന ആഘോഷത്തിന്‍റെ തുടക്കമാണ്‌ ഹാലോവീന്‍ ആയി ആഘോഷിക്കപ്പെടുന്നത്.
AllHallotide  (ഓള്‍ഹാലോടൈട്) ആഘോഷിക്കുന്ന ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെയുള്ള ദിവസങ്ങളില്‍  ഒരു ദിവസം ഹാലോവീന്‍ വൈകുന്നേരം ആയും, ഒരു ദിനം വിശുദ്ധന്മാര്‍ക്കായും, ഒരു ദിവസം വീരചരമം പ്രാപിച്ചതും അല്ലാത്തതുമായ ആത്മാക്കള്‍ക്ക് വേണ്ടിയുമാണ് നീക്കിവെച്ചിരിക്കുന്നത്.

ഇമ്മാതിരി കഥകള്‍ ഒന്നും കുട്ടികള്‍ക്ക് ബാധകമല്ല എന്നത് വേറെ വിഷയം. അവര്‍ക്കെന്തൂട്ട്‌ ആത്മാവ്, വിശുദ്ധന്‍, വീരചരമം? അവര്‍ക്കിത് മിട്ടായിപ്പെരുമഴകളുടെ കാലമാണ്. ഇഷ്ടമുള്ള സൂപ്പര്‍ഹീറോസിന്‍റെ വേഷം കെട്ടാനുള്ള ദിവസം,  സകല കൂട്ടുകാര്‍ക്കുമൊപ്പം വൈകുന്നേരം മുതല്‍ ഇരുട്ടും വരെ അയല്‍പക്കങ്ങളില്‍ അലഞ്ഞുതിരിഞ്ഞു നടക്കാനുള്ള ദിവസ്സം, പോകുന്നിടങ്ങളില്‍ നിന്നെല്ലാം പല വര്‍ണത്തിലും രുചിയിലുമുള്ള മിട്ടായിപ്പൊതികളെ ആസ്വദിക്കാനുള്ള ദിനം.  വീടുകളൊക്കെ ഭാര്‍ഗവിനിലയങ്ങളായി മാറുന്ന സമയം കൂടിയാണത്. സ്കൂളുകള്‍, ഓഫീസുകള്‍, പള്ളികള്‍ അങ്ങനെ എല്ലായിടത്തും ഈ ഒരു പ്രേതസാന്നിധ്യ-അലങ്കാരങ്ങള്‍ കാണാന്‍ കഴിയും.

ഏതൊക്കെ തരത്തില്‍ വീടിനെ പ്രേതാലയം ആക്കാം എന്നതാണ് ഒക്ടോബര്‍ തുടങ്ങുമ്പോഴേ പുത്രന്‍റെ ആലോചന. കഴിഞ്ഞ കൊല്ലം വരെ താമസിച്ചിരുന്ന അപാര്ട്ടുമെന്റിന് വലിയൊരു ഗ്ലാസ്‌ വാതില്‍ ഉണ്ടായിരുന്നു. ഒക്ടോബര്‍ ഒന്നിന് തന്നെ ആ ഗ്ലാസ്സിനെ മറച്ചുകൊണ്ട് ഒരു വലിയ പോസ്റ്റര്‍ വരും -വവ്വാലുകള്‍ പറക്കുന്ന രാക്ഷസക്കോട്ടയോ, ഒറ്റപെട്ടുനില്‍ക്കുന്ന വലിയ മരവും ചന്ദ്രനും മൂങ്ങയുമോ, നിങ്ങളെത്തന്നെ സൂക്ഷിച്ചുനോക്കുന്ന ഡ്രാക്കുളയോ ഒക്കെയാകാം വാതിലിലെ പോസ്റ്റര്‍. മുന്നിലുള്ള ചെറിയ മുറ്റത്തിന്റെ രണ്ടുവശവുമുള്ള കുറ്റിച്ചെടികളില്‍ ചിലന്തിവലകള്‍ സ്ഥാനം പിടിക്കും, വലിയ വലിയ തിളങ്ങുന്ന കണ്ണുകളുള്ള കറുത്തതും തവിട്ടുനിറവുമുള്ള ഭീമാകാരന്മാരായ ചിലന്തികളും ആളുകള്‍ അടുത്തുകൂടെപ്പോയാല്‍ ശബ്ദം ഉണ്ടാക്കുന്ന എലികളും അസ്ഥികൂടങ്ങളും ഒക്കെ അവിടവിടെ ആയി പ്രത്യക്ഷപ്പെടും. പിന്നെ കാത്തിരിപ്പാണ് ഒക്ടോബര്‍ 30 -31 തീയതികളിലായി വേഷം കെട്ടി സ്കൂളിലും, തെരുവുകളിലും ഒക്കെ കൂട്ടുകാര്‍ക്കൊപ്പം ട്രിക്ക് or ട്രീറ്റിന് പോകാന്‍. ഒക്ടോബര്‍ അവസാന വാരം ആകുമ്പോഴേക്കും എല്ലായിടങ്ങളിലും മത്തങ്ങാദീപങ്ങള്‍  തെളിയാന്‍ തുടങ്ങും - ജാക്ക്ഓ ലാന്‍റെന്‍ അഥവാ മത്തങ്ങക്ക് കണ്ണുകളും വായും ഒക്കെ ചെത്തിയുണ്ടാക്കി അതിനുള്ളില്‍ വിളക്ക് കത്തിച്ചുവെച്ച് ഉണ്ടാക്കുന്ന രൂപങ്ങള്‍.


വീട്ടിലേക്കുള്ള മത്തങ്ങകള്‍ വാങ്ങാന്‍ പോകലും ഒരു കലാപരിപാടിയാണ്. മത്തങ്ങാപറിക്കല്‍- മത്തങ്ങാ പറക്കല്‍ - Pumpkin Picking കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ രസകരമായ ഒരു സംഗതിയായത് കൊണ്ട് ഞങ്ങള്‍ക്കും ഉത്സാഹമാണ് പോകാന്‍. നേരത്തെ കാലത്തേ പോയാല്‍ കണ്ണെത്താദൂരം പരന്നുകിടക്കുന്ന മത്തങ്ങാപ്പാടങ്ങളും അതിലൊക്കെ ഉരുണ്ടുവിളഞ്ഞു പഴുത്തുകിടക്കുന്ന മത്തങ്ങകളും കാണാം. ആള്‍ക്കാരൊക്കെ പറിച്ചുകഴിഞ്ഞാണ് ആ ഭാഗത്തേക്ക് പോകുന്നതെങ്കില്‍ തരിശായ പാടത്ത് അവിടെയുമിവിടെയും കിടക്കുന്ന ശുഷ്കമായ മത്തങ്ങകള്‍ മാത്രേ കാണാന്‍ കിട്ടൂ. മിക്കപ്പോഴും മത്തങ്ങാപറിക്കലിനൊപ്പം ആപ്പിള്‍ പറിക്കലോ പെയര്‍ പറിക്കലോ ഒക്കെക്കൂടി ഞങ്ങള്‍ കൂട്ടിക്കെട്ടും. വാങ്ങിവരുന്ന മത്തങ്ങയെ കണ്ണും വായും വെട്ടിയുണ്ടാക്കി ഒരു പേടിപ്പിക്കുന്ന മുഖം ആക്കല്‍ ആണ് അടുത്ത ചടങ്ങ്. സാധാരണ ഗതിയില്‍ അച്ഛനും മോനും അവരുടെ എല്ലാ കലാപരമായ കഴിവുകളും പുറത്തെടുക്കുന്നത് ഈ മത്തങ്ങയിലാണ്.  ആദ്യത്തെപ്പണി മത്തങ്ങയുടെ ഞെട്ടിന്‍റെ ഭാഗം അകത്തേക്ക്  മുറിച്ച് ഉള്ളിലുള്ള മാംസളമായ ഭാഗവും കുരുവും ഒക്കെ പുറത്തേക്ക് എത്തിക്കലാണ്. വലിയ പണിയൊന്നും ഇല്ല അതിന് - പക്ഷേ, അതുകഴിഞ്ഞുള്ള പരിസരം വൃത്തിയാക്കല്‍ നല്ല പണിയാണ്. പിന്നീട് അത്യാവശ്യം നല്ല മൂര്‍ച്ചയുള്ള കത്തി കൊണ്ട് ത്രികോണാകൃതിയില്‍ കണ്ണും, നീളത്തില്‍ മുറിച്ചു വായും പല്ലുകളും ഉണ്ടാക്കുന്നു. ഇതിനുള്ളില്‍ വിളക്ക് കത്തിച്ചു മുകളിലത്തെ ഭാഗം വീണ്ടും അടച്ചു വെച്ചുകഴിഞ്ഞാല്‍ നമ്മുടെ മത്തങ്ങാവിളക്ക് ആയി.
JACK-O-LANTERN 

My Baahubali 

Little Robo


സ്കൂളുകളിലും ഓഫീസിലും ഒക്കെ ഹാലോവീന്‍ ദിനത്തില്‍ പല പല രീതിയില്‍ വേഷം കെട്ടിയ ആളുകള്‍ വരുന്നതും ഹാലോവീന്‍ തീമായ പാര്‍ട്ടികളും ഭക്ഷണപദാര്‍ത്ഥങ്ങളും ഒക്കെയായി ആത്മാക്കളുടെ ഉത്സവത്തിനെ നല്ല അടിച്ചുപൊളിച്ചു ആഘോഷിക്കുന്നതും ഒക്കെ കാണാന്‍ തന്നെ നല്ലൊരു ചന്തമാണ്. ഹാലോവീന്‍ കഴിയുന്നതോടെ ഔദ്യോഗികമായി ഇവിടെ വിന്‍റെര്‍നെ വരവേല്‍ക്കാന്‍ ആള്‍ക്കാര്‍ ഒരുങ്ങും. പ്രകൃതിയെ ചന്തം കൂട്ടിനിന്നിരുന്ന നിറം മാറിയ ഇലകളൊക്കെ കൊഴിഞ്ഞുപോകും - മുഴുവന്‍ പൂത്തുലഞ്ഞതുപോലെ  മഞ്ഞ, ഓറഞ്ച്, ചുമപ്പ്, തവിട്ടുനിറങ്ങളില്‍ ഇലകളുമായി തൃശൂര്‍പൂരത്തിലെ കുടമാറ്റം അനുസ്മരിപ്പിക്കുന്നത് പോലെ നിന്ന മരങ്ങളൊക്കെയും ഇലകള്‍ കൊഴിഞ്ഞ് വെറും ഞരമ്പുകള്‍ മാത്രമാകും. പിന്നെ നീണ്ട 4-5 മാസം ഇവിടെയൊക്കെ ഉണങ്ങിവരണ്ടു നില്‍കുന്ന മരങ്ങളാകും. പ്രകൃതിയുടെ ആത്മാവ് നീണ്ടൊരു  വിശ്രമത്തിനായിപ്പോകും മുന്‍പ് എല്ലാ നിറങ്ങളെയും വെളിച്ചത്തേയും  ആഘോഷിക്കുന്ന ഒരു ദിവസമാണ് ഹാലോവീന്‍ എന്നും പറയാം.കഥകളും കാരണവും എന്തുതന്നെയായാലും എന്‍റെ ഏഴര വയസുകാരന്‍റെ ഏറ്റവും ഇഷ്ടമുള്ള ഉത്സവം  ഹാലോവീന്‍ ആണ് - കണക്കില്ലാതെ കിട്ടുന്ന മിട്ടായികളാണോ ഇഷ്ടവേഷം കെട്ടാന്‍ ആകുന്നതാണോ ഇതിന്‍റെ പിന്നിലുള്ളത് എന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. കഴിഞ്ഞ കൊല്ലത്തെ ബാഹുബലി ഇക്കൊല്ലം ഓടിക്കാന്‍ പറ്റില്ല, ഞങ്ങള്‍ എന്തായാലും പോയി ഇക്കൊല്ലത്തെ 'ബ്ലാക്ക്‌ പാന്തര്‍' കോസ്റ്റ്യും  ഉണ്ടാക്കട്ടെ.






                                           (OurKids October 2018 Edition)










11 comments:

  1. എന്തൊക്കെ ആഘോഷങ്ങൾ ആണ്. അങ്ങനെ പുതിയൊരു ആഘോഷത്തെ പറ്റി അറിയാൻ കഴിഞ്ഞു

    ReplyDelete
  2. ആഘോഷങ്ങൾ. ജീവിതത്തിനു നിറം പകരാൻ

    ReplyDelete
  3. എന്തൊക്കെ ആചാരങ്ങൾ !!!!!

    ReplyDelete
  4. രസകരമായി തോന്നി..ഓരോ നാട്ടിൽ ഓരോ തരം ആഘോഷങ്ങൾ..

    ReplyDelete
  5. ഹാലോവീൻ
    ഹോളിവുഡ് ഹൊറർ മൂവീസിൽ ധാരാളം കണ്ടിട്ടുണ്ട്..
    നല്ല എഴുത്താണ്.. നല്ല ചിന്തയും
    ആശംസകൾ

    ReplyDelete
  6. വളരെ ഇഷ്ടമായി ആഘോഷങ്ങളെ ചൊല്ലിയുള്ള ഈ പോസ്റ്റ്‌... ചിത്രങ്ങളും..

    ReplyDelete
  7. Aghoshangal....!
    .
    Manoharam, Ashamsakal...!!!

    ReplyDelete
  8. നമ്മുടെ നാട്ടിൽ ആറാട്ടുപ്പുഴ ഉത്സവത്തിനു രാത്രിസമയ0 പൂരം കാണാൻ പരേതാത്മക്കൾ ethicherumennanu sankalppam.athinaayi pinthalakkar dharaalam ethicheraarundu.
    Aasamsakal
















    ReplyDelete
  9. ആർഷ,
    രസകരമായ ആഘോഷത്തെപ്പറ്റി നന്നായി എഴുതി . മത്തങ്ങയെച്ചുറ്റിപ്പറ്റിയുള്ള വെ വിവരങ്ങൾ വായിച്ചപ്പോൾ പെട്ടന്നു ന്ന്എന്റെ ഓർമ്മയിൽ ഓടിയെത്തിയതു പണ്ട് നടന്ന ഒരു മത്തങ്ങയുടെ മരണത്തെപ്പറ്റിയാണ് . ശരിക്കും സംഭവിച്ച ഒന്ന്‌, അതേപ്പറ്റി ഞാൻ ബ്ലോഗിൽ കുറിച്ച ഒരു കുറുപ്പുണ്ട് അതിന്റെ ലിങ്ക് ഇവിടെ ചേർക്കാം https://www.pvariel.com/do-plants-have-sensitivity-a-pumpkin-mourned-a-death-and-similar-other-incidents-says-yes/amp/

    ReplyDelete
  10. പാശ്ചാത്യനാട്ടിലെ വളരെ
    കുറച്ച് ആഘോഷങ്ങളിൽ പെട്ട ഒന്ന് ...
    ഓരോ നാട്ടിലും അവരവരുടെ ഓരോ തരം ആഘോഷങ്ങൾ.

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)