Friday, October 20, 2017

ABCD അഥവാ മംഗ്ലീഷ് കുട്ടികൾ



കേരളത്തിനുള്ളില്‍ത്തന്നെ പഠിച്ചുജീവിച്ചുപ്രേമിച്ചുവളര്‍ന്ന രണ്ടുപേരാണ് ഞാനും നല്ല പാതിയും. അതുകൊണ്ടുതന്നെ ചിന്തകളും, സ്വപ്നങ്ങളും, പരാതികളുമൊക്കെ മലയാളത്തിലാണ് ആദ്യം ഉള്ളിലുണരുക. ഒന്നര  വയസായ മൂത്ത മകനേയും കൊണ്ട് അമേരിക്കയിലേക്ക് പോരുമ്പോള്‍ ഉള്ളില്‍ ഉണ്ടായിരുന്ന ആശങ്കകളില്‍ ഭാഷ ഒരു നല്ല സ്ഥാനം വഹിച്ചുവെങ്കിലും അന്ന് വിചാരിച്ചിരുന്നതുപോലെ അല്ലായിരുന്നു അത് ഞങ്ങളെ ബാധിച്ചത്. അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം മകനിപ്പോള്‍ മലയാളവും ഇംഗ്ലീഷും ഏതാണ്ട് ഒരേ അവസ്ഥയില്‍ പറയുന്നതില്‍ (എഴുതുന്നതിലും, വായിക്കുന്നതിലും ഇംഗ്ലീഷ് തന്നെയാണ് മുന്‍പില്‍) അഭിമാനിച്ചുകൊണ്ടുതന്നെ പറയട്ടെ, കേരളത്തിന്‌ പുറത്തുള്ള എല്ലാ  രക്ഷിതാക്കളും നേരിടുന്ന ഒരു അവസ്ഥയാകണം ഈ മലയാളവും ഇംഗ്ലീഷും കൂടിയൊരു അവിയല്‍പ്പരുവത്തില്‍ ആയ മംഗ്ലീഷ്കുട്ടികള്‍.   അതുകൊണ്ടുതന്നെ ഇതൊരു അമേരിക്കന്‍-അമ്മ പ്രശ്നമല്ല. ഒരാഗോള പ്രവാസി മലയാളി പ്രശ്നമാണെന്ന് പറയാം.

പക്ഷേ, ഇന്ത്യക്ക് വെളിയിലേക്ക് എത്തുമ്പോള്‍ പലപ്പോഴും ഭാഷ മാത്രമല്ല സംസ്കാരവും കുഞ്ഞുങ്ങള്‍ക്ക് വളരെയധികം ആശയക്കുഴപ്പം ഉണ്ടാക്കുന്ന സംഭവമായി മാറുകയും, ഭാഷയും സംസ്കാരവും തമ്മില്‍ത്തമ്മില്‍ ചുറ്റിപ്പിണഞ്ഞ് അവസാനം ആകെമൊത്തം ഒരു  'ABCD ' (അമേരിക്കൻ ബോൺ കൺഫ്യൂസ്ഡ് ദേശി) കുട്ടിയായി മാറുകയും ചെയ്യുന്ന രീതിയാണ്‌ കാണുന്നത്. മലയാളത്തിനെ വളരെയധികം സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരാള്‍ എന്ന നിലയില്‍ മക്കളും മലയാളം സംസാരിക്കണം എന്നും, മാത്രമല്ല എഴുതാനും വായിക്കാനും പഠിക്കണം എന്നുമൊക്കെ അത്യാഗ്രഹങ്ങള്‍ ഉള്ള ആളാണ് ഞാന്‍. അതിര്‍ത്തി വിട്ടുകഴിഞ്ഞാല്‍ മലയാളി സര്‍വവ്യാപിയാണ്‌-  ദി പെര്‍ഫെക്റ്റ്‌  ആഗോളപൌരന്‍. ചന്ദ്രനില്‍പ്പോയാലും രാമേട്ടന്‍റെ ചായക്കട കാണും എന്ന് തമാശ പറയുന്നതും ഈ ആഗോളപൌരത്വം കാരണം തന്നെ. ശ്രദ്ധിച്ചിട്ടുണ്ടോ, കേരളം വിട്ടാല്‍ നമ്മളറിയുന്ന തമിഴും, ഹിന്ദിയും ഒക്കെ എടുത്താണ് പ്രയോഗം - അത് വീടുകളിലെ ദൈനംദിന സംസാരത്തിലേക്കും കടക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ അറിയാതെ അവരുടെ മാതൃഭാഷ അതായിമാറുകയാണ്‌. അപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് മലയാളം അറിയില്ല എങ്കില്‍ അതിന്‍റെ ഉത്തരവാദിത്തം നമുക്ക് തന്നെയാണ് എന്ന തിരിച്ചറിവ് ആണ് നമുക്ക് ആദ്യം വേണ്ടത് .

പക്ഷേ, ഈ കുറിപ്പ് അച്ഛനമ്മമാരെ കുറ്റം പറയാനുള്ളതല്ല. കാരണം പ്രവാസികള്‍ ആയാലും നാട്ടിലുള്ളവര്‍ ആയാലും കുഞ്ഞുങ്ങള്‍, ജോലി, വീട് അങ്ങനെ മൂന്നു കോണിലുമായി നെട്ടോട്ടമോടുന്നതിനിടയില്‍ എളുപ്പമുള്ളതും ദോഷമില്ലാത്തതുമായ എല്ലാ രീതികളും നാം പരീക്ഷിക്കും. അന്യനാട്ടില്‍ ജീവിക്കുന്ന കുഞ്ഞ് വീടിനു പുറത്ത് എത്തിയാല്‍ സാധാരണയായി കേള്‍ക്കുന്ന ഭാഷയോട് സ്വാഭാവികമായും അതേ ഭാഷയില്‍ പ്രതികരിക്കും. ഇവിടുത്തെ കാര്യം പറയുകയാണെങ്കില്‍ മകന്‍റെ  സ്കൂളില്‍ സുഹൃത്തുക്കള്‍, അദ്ധ്യാപകര്‍ ഒക്കെയും ഇംഗ്ലീഷ് ആണ് സംസാരിക്കുക, വീടിന് അടുത്തുള്ള സുഹൃത്തുക്കളില്‍ പലരും ഇന്ത്യക്കാര്‍ ആണ്, പക്ഷേ, വ്യത്യസ്ത സംസ്ഥാനക്കാര്‍ - അപ്പോള്‍ അവിടെയും രക്ഷ ഇംഗ്ലീഷ് തന്നെ, കടയില്‍ പോയാലോ, പാര്‍ക്കില്‍ പോയാലോ, തിയറ്ററില്‍ പോയാലോ ഇംഗ്ലീഷില്‍ തന്നെയാണ് വര്‍ത്തമാനം കൂടുതലും നടക്കുക. അത്തരം ഒരു സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഏതൊരു കുഞ്ഞിനും ഇംഗ്ലീഷില്‍ സംസാരിക്കാന്‍ പഠിക്കുക എന്നത് നിലനില്‍പ്പിന്‍റെ ആവശ്യമായി മാറുന്നു.  അതിന്‍റെ ഫലമായി കൂടുതല്‍ വാക്കുകള്‍, ഭാഷാശൈലികള്‍ ഒക്കെയും കുട്ടികള്‍ പഠിക്കുകയും അതേ ഭാഷയില്‍ ചിന്തിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. എല്ലാ മനുഷ്യര്‍ക്കും ഉള്ള പ്രവണതയാണ് ചോദ്യം ചോദിക്കുന്ന ഭാഷയില്‍ തന്നെ മറുപടി കൊടുക്കുക എന്നത്. ഇംഗ്ലീഷ് മുഖ്യഭാഷയായി സംസാരിക്കുന്ന കുട്ടി (ഇംഗ്ലീഷിന്‍റെ സ്ഥാനത്ത് തമിഴോ,ഹിന്ദിയോ, മറാട്ടിയോ ഒക്കെയാകാം) വീട്ടിലും പലപ്പോഴും ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ അതേ ഭാഷ തന്നെ ഉപയോഗിക്കുകയും മറുപടി അച്ഛനമ്മമാര്‍ അറിയാതെ അതേ ഭാഷയില്‍ പറയുകയും ചെയ്യുമ്പോള്‍ ആ വീട് അതെ ഭാഷയില്‍ ചിന്തിക്കാനും ജീവിക്കാനും തുടങ്ങുന്നു. ബോധപൂര്‍വം ആയല്ലാതെ തുടങ്ങുന്ന ഈ കാര്യം നാം ശ്രദ്ധിച്ചു തുടങ്ങുന്നത് മറ്റാരെങ്കിലും പറയുമ്പോള്‍ ആകും, അല്ലെങ്കില്‍ നാട്ടിലുള്ളവര്‍ ഫോണ്‍ വിളിക്കുമ്പോള്‍ ആകും. അപ്പോള്‍ തോന്നും ഇനി മുതല്‍ വീട്ടില്‍ മലയാളം മാത്രമേ പറയുന്നുള്ളൂ, കുഞ്ഞിനെ മലയാളം പഠിപ്പിച്ചിട്ടുതന്നെ കാര്യം എന്നൊക്കെ... പക്ഷേ, ജീവിതത്തിന്‍റെ തിക്കിത്തിരക്കി ഓട്ടത്തിനിടയില്‍ വീണ്ടും ചങ്കരന്‍ തെങ്ങേല്‍ തന്നെയാകുന്നത് നാം നിസഹായതയോടെ കാണുകയും ചെയ്യും.


അഞ്ചുവര്‍ഷം പരീക്ഷിച്ച് വിജയിച്ച ചില പൊടിക്കൈകള്‍ പങ്കുവെക്കുക എന്നതാണ് ഈ കുറിപ്പിന്‍റെ ഉദ്ദേശം.

(1 ) ഏറ്റവും എളുപ്പവും എപ്പോഴും ചെയ്യാനാകുന്നതും ചെറിയ ചെറിയ കാര്യങ്ങള്‍ കുഞ്ഞുങ്ങളോട് സംസാരിക്കുന്നതും, കുട്ടികളെക്കൊണ്ട് മറുപടി പറയിക്കുന്നതും മലയാളത്തിലാക്കാന്‍ ശ്രമിക്കുക എന്നതാണ്. സ്കൂളില്‍ നടന്ന കാര്യങ്ങള്‍ ചോദിച്ചറിയുമ്പോഴോ, വീട്ടിലെ ചെറിയ ജോലികള്‍ക്ക് കുട്ടികളെ കൂടെ കൂട്ടുമ്പോഴോ ഒക്കെ നമ്മുടെ സൗകര്യം മാറ്റിവെച്ച് കുട്ടികളോട് മനപൂര്‍വമായി മലയാളത്തില്‍ തന്നെ സംസാരിക്കുകയും, ചില പുതിയ വാക്കുകള്‍ അവര്‍ക്കായി പറഞ്ഞുകൊടുക്കുകയും ചെയ്യുക. കൌതുകം ഉണര്‍ത്തുന്ന എന്തും കുഞ്ഞുങ്ങള്‍ അനുകരിക്കാന്‍ ശ്രമിക്കും. ഇവിടെ മകന് രണ്ട്-രണ്ടര  വയസായ സമയത്താണ് എന്തോ പറയുന്ന കൂട്ടത്തില്‍ ഞാന്‍ 'പക്ഷേ, അത് നിനക്ക് തരാന്‍ പറ്റില്ല' എന്ന് പറയുന്നത്. 'പക്ഷേ' എന്ന വാക്കിന്‍റെ ഘനഗംഭീരമായ ഉച്ചാരണം ഇഷ്ടപ്പെട്ട കുഞ്ഞ് പിന്നീട് ആവശ്യത്തിനും, അനാവശ്യത്തിനും "പക്ഷേ....." എന്ന് നീട്ടികൊഞ്ചിപ്പറയാന്‍ തുടങ്ങി. എന്ത് കാര്യം പറയുമ്പോളും ഒന്ന് നിര്‍ത്തി നാടകീയമായി ആശാന്‍ പറയും "പക്ഷേ ഏഏ..... ".

(2 ) ചെറിയ കുട്ടികള്‍ക്ക് വായിക്കാനുള്ള ബുക്കുകള്‍ മലയാളത്തില്‍ വളരെ കുറവാണെന്ന് എപ്പോഴും പരാതിയുള്ള അമ്മയാണ് ഞാന്‍. വായിക്കാന്‍ ആകാത്ത കുട്ടികള്‍ക്ക് വേണ്ടിയുള്ള ചിത്രങ്ങള്‍ ചേര്‍ത്തുള്ള ബുക്കുകള്‍ ഇവിടെ വളരെ സാധാരണമായ കാര്യമാണ്. പലപ്പോഴും കുഞ്ഞുങ്ങള്‍ക്ക് വായനാശീലം ഒരു സ്വാഭാവികശീലമായി മാറുന്നത് ബുക്കുകളും, കഥകളും ഇവിടെയുള്ളവരുടെ ദൈനംദിനജിവിതത്തിന്‍റെ തന്നെ ഭാഗമായത് കൊണ്ടാണ്. മക്കള്‍  ചെറിയ കുഞ്ഞായിരിക്കുമ്പോള്‍ എപ്പോഴെങ്കിലും കഥകള്‍ പറഞ്ഞു കൊടുക്കാതിരിക്കില്ലല്ലോ. എന്നും ഒരു കഥ എന്നതൊരു ശീലമാക്കുകയും, ആ കഥ മലയാളത്തില്‍ പറയാന്‍ ശ്രമിക്കുകയും ചെയ്താല്‍ കുഞ്ഞുങ്ങള്‍ക്ക് ഭാഷയോട് ഇഷ്ടം കൂടുമെന്നാണ് അനുഭവം. കുഞ്ഞുകുഞ്ഞു കഥകള്‍ പറയുന്നതോടൊപ്പം അവരുടെ കൂട്ടിച്ചേര്‍ക്കലുകള്‍ കൂടി ആകുമ്പോള്‍ കഥസമയം രസകരമാകുകയും ചെയ്യും. ആദ്യം സൂചിപ്പിച്ചത് പോലെ ചോദ്യം ചോദിക്കുന്ന ഭാഷയില്‍ തന്നെ ഉത്തരം പറയാന്‍ എപ്പോഴും മനുഷ്യര്‍ക്ക് ഒരു പ്രവണത ഉണ്ട്. കുഞ്ഞുങ്ങളോട് കഥയിലെ ചോദ്യങ്ങള്‍ മലയാളത്തില്‍ തന്നെ ചോദിക്കുക, തപ്പിയും തടഞ്ഞും ആണെങ്കിലും അവര്‍ മലയാളത്തില്‍ തന്നെ ഉത്തരം തരും.

(3) സ്വന്തം പേരെഴുതാന്‍ ഇഷ്ടമില്ലാത്ത ഒരാളും ഉണ്ടാകില്ല, പ്രത്യേകിച്ചും കുട്ടികള്‍ക്ക് സ്വന്തം പേരൊരു സോഫ്റ്റ്‌സ്പോട്ട് ആണ്. മലയാളഭാഷയ്ക്ക് ഉള്ള പ്രത്യേകത കാണാനും, കേള്‍ക്കാനും ഇമ്പമുള്ള ഭാഷയാണ് നമ്മുടേത്. പഠിക്കാന്‍ പ്രയാസമാണെങ്കിലും ആ ചുരുക്കുകളും, കറക്കുകളും, നീട്ടലും, കുറുക്കലും ഒക്കെ കുഞ്ഞുങ്ങളെ ഒരു ചിത്രം വരക്കുംപോലെ ആകര്‍ഷിക്കും. ഒരു തൊപ്പിക്കാരനെ പോലൊരു 'ക' യും, ആനയെപ്പോലെയൊരു 'ആ' യും,  'റ, ര, ന, എന്ന കുന്നും മലകളും ഏതു കുഞ്ഞുങ്ങളെയും ആ അക്ഷരങ്ങള്‍ ഒന്ന് ശ്രമിച്ചു നോക്കാന്‍ പ്രേരിപ്പിക്കില്ലേ? സ്വന്തം പേരെഴുതി അതിന്‍റെ ഭംഗി കാണിച്ചുതന്നെയാകാം എഴുതിക്കലിന്‍റെ തുടക്കം.  ഇനി അച്ഛനമ്മമാര്‍ക്ക് മലയാളം പറയാനേ അറിയൂ -എഴുതാനോ വായിക്കാനോ അറിയില്ല എങ്കില്‍, നിങ്ങള്‍ക്കും കുഞ്ഞുങ്ങളോടൊപ്പം പഠിച്ചുതുടങ്ങാം, അല്ലെങ്കില്‍ അടുപ്പമുള്ള ആരോടെങ്കിലും ആഴ്ചയില്‍ ഒരു ദിവസമോ മറ്റോ അക്ഷരങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെടാം. നാട്ടില്‍ നിന്ന് മലയാളം അക്ഷരമാല പുസ്തകം, മലയാളം സചിത്ര പാഠം, മലയാളം അക്ഷരങ്ങള്‍ എഴുതിപ്പഠിക്കാനുള്ള ബുക്കുകള്‍ എന്നിവ നാട്ടില്‍ ലഭ്യമാണ്. ഓരോരോ അക്ഷരങ്ങളായി ഓരോ ആഴ്ചയില്‍ ശ്രമിച്ചാല്‍ത്തന്നെ കുഞ്ഞുങ്ങള്‍ക്ക് എല്ലാ അക്ഷരവും 6-7 വയസിനുള്ളില്‍ പഠിച്ചെടുക്കാന്‍ കഴിയും.

(4) കഥ കേള്‍ക്കാന്‍  ഇഷ്ടമുള്ള കുഞ്ഞനെ അക്ഷരങ്ങള്‍ കാണിച്ചുതന്നെ മലയാളം കഥ പറഞ്ഞു കൊടുക്കാന്‍ ഞങ്ങള്‍ ഉപയോഗിച്ചത് നമ്മുടെ സ്വന്തം കളിക്കുടുക്കയും, ബാലരമയും ഒക്കെയാണ്. നാട്ടില്‍ നിന്ന് എല്ലാ 4-5 മാസം കൂടുമ്പോഴും ഒരു പൊതി എത്തും. കഴിഞ്ഞ വര്‍ഷം വരെ  അത് കളിക്കുടുക്കകള്‍ ആയിരുന്നു എങ്കില്‍ ഇക്കൊല്ലം ബാലരമയും, ബാലമംഗളവും, മായാവിയും ഒക്കെയാണ് കടല്‍ കടന്നെത്തിയത്. ബാലരമയിലെ ഓരോ കഥയും ആവര്‍ത്തിച്ചാവര്‍ത്തിച്ചു ഞങ്ങളെക്കൊണ്ട് വായിപ്പിക്കുന്ന കുഞ്ഞന്‍സ്‌ ആണ് ഇപ്പോഴത്തെ ഇവിടുത്തെ രാത്രികാഴ്ചകള്‍. ഒടുവില്‍ ഒരു ദിവസം 4 കഥയേ വായിക്കൂ എന്നൊരു നിബന്ധന തന്നെ വെക്കേണ്ടി വന്നു. പക്ഷേ, ഈ കഥ വായിക്കലില്‍ ശ്രദ്ധിക്കേണ്ട കാര്യം, പലപ്പോഴും കേരളത്തിന്‌ വെളിയില്‍ ഇന്ത്യക്ക് വെളിയില്‍ ജീവിക്കുന്ന ഒരു കുട്ടിക്ക് പരിചയമില്ലാത്ത പല കാര്യങ്ങളും ഈ കഥയില്‍ ഉണ്ടാകാം, അത് നമ്മുടെ ചുറ്റുപാടുമായി ചേര്‍ത്ത് പറയാന്‍ ശ്രമിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ മനസിലാകും. മാത്രവുമല്ല പലപ്പോഴും 'അരുവി, കളകൂജനം' പോലെയുള്ള സ്ഥിരമായി ഉപയോഗിക്കാത്ത വാക്കുകള്‍ ഭാഷ പഠിക്കാന്‍ ശ്രമിക്കുന്ന ഒരു കുട്ടിക്ക് കടുകട്ടിയായി തോന്നിയേക്കാം. അത്തരം വാക്കുകളെ മനസിലാക്കാന്‍ ഒന്നുകില്‍ അതിന്‍റെ ഇംഗ്ലീഷ് വാക്കുതന്നെ പറഞ്ഞു കൊടുക്കുകയോ, അല്ലെങ്കില്‍ മനസിലാകുന്ന തരത്തിലുള്ള ചിത്രമോ, മലയാളം വാക്കോ പകരം പറയുകയോ ചെയ്താല്‍ കുഞ്ഞുങ്ങള്‍ ഹാപ്പിയാകും.

(5) ഇനിയാണ് 'ടെലിവിഷന്‍' രംഗത്തേക്ക് എത്തുന്നത്. അവിടെയും കുട്ടികള്‍ക്ക് വേണ്ടിയുള്ള രസകരമായ കാര്‍ട്ടൂണുകള്‍ മലയാളത്തില്‍ കുറവാണെന്ന് തോന്നിയിട്ടുണ്ട്. കാത്തുവും, പൂപ്പിയും കുറച്ചുനാള്‍ ഞങ്ങള്‍ മോനെ കാണിച്ചിരുന്നു. പക്ഷേ, അതിനെക്കാള്‍ കുഞ്ഞിനു കൂടുതല്‍ താല്പര്യം തോന്നിയത് രസകരമായ മലയാളം സിനിമാപ്പാട്ടുകള്‍ ആണ്. 'മഞ്ഞക്കുഞ്ഞിക്കാലുള്ള കുഞ്ഞിപ്പൂച്ചയും, തുടക്കം മാന്ഗല്യവും, പച്ചക്കറിക്കായത്തട്ടിലും, മലയണ്ണാര്‍ക്കണ്ണനും' ഒക്കെ സ്ഥിരമായി കേള്‍ക്കുമ്പോള്‍ കുഞ്ഞന്‍സ്‌ അതോടൊപ്പം പാടാനും ചുവടു വെയ്ക്കാനും തുടങ്ങി. കുഞ്ഞുങ്ങള്‍ക്ക് കാര്യം മനസിലാക്കാന്‍  ഭാഷ ഒരിക്കലും ഒരു തടസമല്ല എന്ന് തമിഴ് നഴ്സറിപ്പാട്ടുകള്‍ യുട്യുബില്‍ കേള്‍പ്പിക്കുമ്പോള്‍ മനസിലാകും. പക്ഷേ, ഭാഷ പഠിപ്പിക്കാന്‍ tv യെ ഒരുപായം ആക്കാന്‍ ഒരിക്കലും ഞാന്‍ നിര്‍ദ്ദേശിക്കില്ല , ഇന്ന് എല്ലാക്കാര്യത്തിനും നമുക്ക് ദൃശ്യ മാദ്ധ്യമങ്ങളുടെ സഹായം ആവശ്യമാണ് -മൊബൈല്‍, ലാപ്ടോപ്, ഐപാഡ് ഒക്കെയും ഒഴിച്ചുകൂടാനാകാത്ത രീതിയില്‍ ജീവിതത്തില്‍ ഇടപെടലുകള്‍ നടത്തുന്ന ഒരു രാജ്യത്തിരുന്നുകൊണ്ട് എത്രത്തോളം അതിന്‍റെ ഉപയോഗം കുഞ്ഞുങ്ങള്‍ക്ക് കുറയ്ക്കാം എന്നാലോചിക്കുന്ന ആളാണ്‌ ഞാന്‍. ഇവിടെ എലെമെന്ടറി  തലം മുതല്‍  മിക്ക സ്കൂളുകളിലും കുഞ്ഞുങ്ങള്‍ക്ക് ഐപാഡുകള്‍ കൊടുക്കാറുണ്ട്. വലിയ ക്ലാസ്സുകളില്‍ ഗൃഹപാഠവും, വായിച്ചു തീര്‍ക്കേണ്ട ബുക്കുകളും ഒക്കെ ഇ-വേര്‍ഷന്‍സ് ആയതുകൊണ്ട് തന്നെ അതൊന്നും നമുക്ക് വേണ്ടെന്നു വയ്ക്കാന്‍ കഴിയില്ല. കാര്‍ട്ടൂണ്‍ ഒഴിവാക്കി രസകരമായ മലയാളം ചിത്രങ്ങള്‍ ഞങ്ങള്‍ മോനോടൊപ്പം ഇരുന്നു കാണാറുണ്ട്. കുടുംബത്തോടൊപ്പം ഉള്ള വാരാന്ത്യങ്ങള്‍ ഒരു 'മൂവി നൈറ്റ്‌' ആക്കി നമ്മുടെ പഴയ ഇഷ്ടസിനിമകള്‍ മക്കളെ കാണിച്ചുനോക്കൂ, അവര്‍ അതാസ്വദിക്കും.


താത്വിക്  അഞ്ചര വയസ്സിൽ :)


ആറുവയസുകാരന് മേല്‍ പ്രയോഗിച്ച കാര്യങ്ങള്‍ ആണ് ഈ പറഞ്ഞതൊക്കെ. ഇതില്‍ എത്രത്തോളം കാര്യങ്ങള്‍ എല്ലാവര്‍ക്കും ഉപകാരപ്രദമായിത്തോന്നും എന്നറിയില്ല. പക്ഷേ, നല്ല ഫലമുണ്ടാകും എന്ന് മാത്രം ഉറപ്പു തരാം. ഇനി കുറച്ചു മുതിര്‍ന്ന കുട്ടികളില്‍ എന്താ ചെയ്യാനാകുക, അവരൊക്കെ വലുതായിപ്പോയല്ലോ എന്നൊക്കെ സങ്കടം തോന്നാവുന്നവരോട് പറയാനുള്ളത്, മലയാളം അല്ലെങ്കില്‍ ഏതു ഭാഷയും എപ്പോള്‍ വേണമെങ്കിലും പഠിക്കാം, പഠിപ്പിക്കാം. നാം  സിനിമകളില്‍ ഒക്കെ കാണാറുള്ള അമേരിക്കയുടെ തിരക്കു പിടിച്ച മുഖമല്ല വിസ്കോണ്‍സിന്‍ എന്ന ഞങ്ങളുടെ സംസ്ഥാനത്തിന്. ബഹളങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കുന്ന ഒരു കാര്‍ഷിക സംസ്ഥാനമെന്നു പറയുമ്പോള്‍ ഊഹിക്കാമല്ലോ. മൊത്തം ജനസംഖ്യയെടുത്താല്‍ മലയാളികളുടെ എണ്ണവും കുറവാണ് . പക്ഷേ, ഇവിടെയും ഒരു മലയാളം ക്ലാസ്സ്‌ ഉണ്ട്. മലയാളത്തിനെ വളരെയധികം സ്നേഹിക്കുന്ന, ഭാഷ അടുത്ത തലമുറക്കും അറിയണം എന്ന് വിചാരിക്കുന്ന ഞങ്ങളുടെ സ്വന്തം മലയാളം മാഷ് ആണ് ശ്രീ.മധു. ഒരു വീടിന്‍റെ ബേസ്മെന്റില്‍ ഒന്നിടവിട്ട ആഴ്ചകളില്‍ ഞായറാഴ്ച തോറും ഹൈസ്കൂള്‍ കുട്ടികളും കോളേജ് കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഒത്തുകൂടി 'തറ, പറ' എഴുതിപ്പഠിക്കുന്നുണ്ട് എന്ന ചിത്രമാകട്ടെ ഈ കുറിപ്പ് നിങ്ങള്‍ക്കായി നല്‍കുന്ന പുഞ്ചിരി.

========================================================================

                                         (ഔർകിഡ്സ്‌ മാഗസിൻ ആഗസ്ത് ലക്കം)





9 comments:

  1. പ്രവാസികൾ മാത്രമല്ല, ഇന്ന് കേരളത്തിൽ ജീവിക്കുന്ന മലയാളികൾ പോലും മക്കളെ മലയാളം പഠിപ്പിക്കാൻ മറന്നു പോകുന്നു. അല്ലെങ്കിൽ അവർക്കതിനൊന്നും സമയമില്ല... പല ന്യൂജെൻ അമ്മമാർക്കും ഇന്ന് ‘മലയാലം‘ വലിയ വശമില്ല എന്നതും ഒരു നഗ്നസത്യമാണ്...

    ഈ കുറിപ്പ് മക്കളെ സ്നേഹിക്കുന്ന, നമ്മുടെ നാടിനെയും സംസ്കാരത്തെയും സ്നേഹിക്കുന്ന ഓരോ അമ്മമാരും വായിച്ചിരിക്കേണ്ടതാണ്.

    വളരെ നാളുകൾക്ക് ശേഷം ബൂലോകത്തൊരു കമന്റ് :)
    നല്ല പോസ്റ്റിനു നന്ദി, ആർഷേ... <3

    malayaali.com

    ReplyDelete
  2. കാര്യമാത്ര പ്രസക്തമായ കുറിപ്പ്.. ആശംസകൾ

    ReplyDelete
  3. അധിക പ്രവാസികളും ശ്രദ്ധിക്കാതെ പോകുന്ന ഒരു വിഷയമാണിത്. എന്നാല്‍ തികച്ചും ഗൌരവ പൂര്‍ണ്ണമായ ഒരു വിഷയവും. ഇത്തരത്തില്‍ ചിന്തിക്കാന്‍ നിമിത്തമായതില്‍ ആഷയെ അഭിനന്ദിക്കുന്നു. ഭാഷയുടെയും സംസാര രീതിയുടെയും കാര്യത്തില്‍ രക്ഷിതാക്കള്‍ കൂടിതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പ്രത്യേകച്ചും ഇന്നത്തെ ന്യൂ ജനറേഷന്‍ യുഗത്തില്‍!.

    ReplyDelete
  4. വരികള്‍ക്കിടയിലൂടെ സഞ്ചരിക്കുമ്പോള്‍ പവിത്രമായ മാതൃഭാഷയുടെ കടിഞ്ഞൂല്‍ബന്ധം തീവ്രമായി അനുഭവവേദ്യമാകുന്നു 'ABCD അഥവാ മംഗ്ലീഷ് കുട്ടികൾ' എന്ന ഈ മനോഹരമായ കുറിപ്പിലൂടെ...
    തീര്‍ച്ചയായും ഇവിടെ പ്രതിപാദിച്ചിരിക്കുന്ന വിഷയം ചിന്തിപ്പിക്കേണ്ടതുണ്ട്,പഠിപ്പിക്കേണ്ടതുണ്ട്,സര്‍വ്വോപരി സര്‍വ്വരിലേക്കും പ്രചരിപ്പിക്കേണ്ടതുമുണ്ട്...
    അഭിനന്ദനങ്ങള്‍ ആശംസകള്‍ മോളേ

    ReplyDelete
  5. ഏതു ഭാഷയില്‍ ആണോ ചിന്തിക്കുന്നത് അതാണവരുടെ മാതൃഭാഷ എന്ന് പറയാറുണ്ട്‌. ഇന്ന് ചിലര്‍ക്ക് അന്യമായിക്കൊണ്ടിരിക്കുനന്തും അതുതന്നെ .
    കാലികപ്രസക്തിയുള്ള പോസ്റ്റ്‌

    ReplyDelete
  6. Bhashayude Prayogangal...!
    .
    Manoharam, Ashamsakal...!!!

    ReplyDelete
  7. തീർച്ചയായും മക്കളെയും മലയാളത്തെയും
    സ്നേഹിക്കുന്ന, നമ്മുടെ നാടിനെയും സംസ്കാരത്തെയും
    സ്നേഹിക്കുന്ന ഓരോ അമ്മമാരും വായിച്ചിരിക്കേണ്ട ഒരു
    ലേഖനം തന്നെയാണിത് ...

    പ്രവാസികൾ മാത്രമല്ല, ഇന്ന് കേരളത്തിൽ ജീവിക്കുന്ന
    മലയാളികൾ പോലും മക്കളെ മലയാളം പഠിപ്പിക്കാൻ മറന്നു
    പോകുന്നു. അല്ലെങ്കിൽ അവർക്കതിനൊന്നും സമയമില്ല , പല
    ന്യൂജെൻ അമ്മമാർക്കും ഇന്ന് ‘മലയാലം‘ വലിയ വശമില്ല എന്നതും
    ഒരു നഗ്നസത്യമാണ്...!


    പിന്നെ

    താണ്ട് 2000 -മാണ്ട് വരെ
    കേരളത്തിന് പുറത്തും വിദേശത്തും
    ജനിച്ചു വളർന്ന മലയാളി വംശജരിൽ
    ഒട്ടുമിക്കവർക്കും മാതൃഭാഷാ സാക്ഷരത അത്രകണ്ട്
    ഇല്ലായിരുന്നു എന്നത് ഒരു വാസ്തവമാണ് ...

    പക്ഷെ ഇന്ന് ആഗോളവ്യാപകമായി
    പ്രചുര പ്രചാരം നേടിയ മലയാളം നവ
    മാധ്യമങ്ങളും , മലയാളം ഓൺ -ലൈൻ പത്രങ്ങളും,
    മലയാളം ടീവി ചാനലുകളുമടക്കം , പല പുത്തൻ സാങ്കേതിക
    വിദ്യാതട്ടകങ്ങളും - പരദേശി മലയാളികളുടെ പുതു തലമുറക്കെല്ലാം ,
    സ്വന്തം മാതൃഭാഷയിലോട്ട്, വീണ്ടും മെല്ലെ മെല്ലെ അടുക്കുവാനും, ആകർഷിക്കപ്പെടുവാനും
    സാധിച്ചു ...!

    ReplyDelete
  8. നല്ല കുറിപ്പ് ആർഷ.
    എന്നാൽ ഇവിടെ ഗൾഫിൽ ഞങ്ങൾക്ക് മലയാളം സംസാരിക്കാനുള്ള സാഹചര്യത്തിന് ഒരുപഞ്ഞവുമില്ല കേട്ടോ. ജോലിസ്ഥലത്ത് പോലും, പ്രാദേശികഭാഷകളിൽ സംസാരിക്കരുതെന്ന് പലപ്പോഴും നിർദ്ദേശങ്ങൾ ലഭിക്കുമെങ്കിലും ഞങ്ങൾ മലയാളികൾ അവിടെയും മലയാളികൾ തന്നെ. എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ മലയാളം മാത്രമേ സംസാരിക്കൂ! ഇവിടെ മലയാളവും ഹിന്ദിയും കയ്യിൽ ഉണ്ടെങ്കിൽ സുഖമായി കഴിഞ്ഞുകൂടാം. ഇവിടെയും കുട്ടികൾക്ക് മലയാളം എഴുതാനും വായിക്കാനും ഉള്ള അറിവ് പരിമിതമാണ്. എന്നാൽ മലയാളം സംസാരിക്കുന്നതിൽ അവർ മുന്നിലാണ്. കഴിഞ്ഞവർഷം ഓ എൻ വി ഫൗണ്ടേഷന്റെ കീഴിൽ നടത്തിയ കവിത ആലാപനമത്സരത്തിൽ ഏഴ് എമിറേറ്സിൽ നിന്നുമുള്ള പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾ ഓ എൻ വി ക്കവിതകൾ ചെല്ലുന്നത് കേട്ട് ഞങ്ങൾ കോരിത്തരിച്ച് ഇരുന്നുപോയി. അവരിൽ പലരും ഭാവിവാഗ്ദാനങ്ങളാണെന്ന് ഉറപ്പ്.

    കുഞ്ഞുങ്ങൾക്ക് മലയാളത്തിനോട് ഇഷ്ടം തോന്നിപ്പിക്കാൻ ഉള്ള മറ്റൊരു പൊടികൈ ആണ് കടംകഥകളും പഴമൊഴികളും. ഇത് ഞാൻ പലപ്പോഴും എന്റെ മക്കളുടെ അടുത്തും സ്‌കൂളിലെ കുട്ടികളുടെ അടുത്തും പ്രയോഗിച്ച് വിജയിച്ചിട്ടുണ്ട്. സ്ഥിരം ഗൃഹപാഠം ചെയ്യാതെ വരുന്ന കുട്ടിയെ ഉപദേശിക്കാനെന്ന പേരിൽ 'മടിയൻ മല ചുമക്കും' എന്നത് കുട്ടികൾക്ക് രസകരമായി പറഞ്ഞുകൊടുക്കുമ്പോൾ അവർക്ക് ഭാഷയുടെ വാതിൽ തുറക്കാനുള്ള ഒരു താക്കോൽ കൂടിയാണ് കിട്ടുന്നത്. അതുപോലെ എത്രയെത്ര പഴമൊഴികൾ! കുട്ടിക്കവിതകൾ മറ്റൊരു ഉപായമാണ്. 'ഈ വല്ലിയിൽ നിന്ന് ചെമ്മേ' ഒക്കെ കുട്ടികൾ വളരെ ഇഷ്ടത്തോടെ കേട്ടിരിക്കാറുണ്ട്. പലതുള്ളി പെരുവെള്ളം പോലെ ലോകത്തിൻറെ നാനാഭാഗത്തിരുന്ന് മാതൃഭാഷയ്ക്ക് വേണ്ടി പൊഴിയുന്ന ഒരുചെറുതുള്ളിയെങ്കിലും ആകാം നമുക്കെല്ലാവർക്കും അല്ലേ?

    ReplyDelete
  9. "ആറു മലയാളിക്ക്‌ നൂറ്‌ മലയാളം
    അര മലയാളിക്ക്‌ ഒരു മലയാളം
    ഒരു മലയാളിക്കും മലയാളമില്ല"

    -കുഞ്ഞുണ്ണി-
    ഇരിക്കട്ടെ ഒരു ABCD മലയാളം കൂടി.

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)