Monday, April 22, 2013

ഓര്‍മ്മകളില്‍ - ആ പഴ മാങ്ങ

                വീടിനു ഇടതു വശത്ത് വല്യമ്പലം വലതു വശത്ത് ചെറിയ അമ്പലം, അപ്പൊ മുന്നിലോ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം... അതിന്റെ ഉത്തരമാണിത്.
മുന്നില്‍ ഒരു നിരക്കടയും, വീടും പിന്നെ ഒരു ചെമ്മണ്ണ്‍പാത. അതിനപ്പുറം പിന്നെയും വീട്, കട. ഒരു നിരക്കട എന്ന് വെച്ചാല്‍ ശരിക്കും നിരപ്പലക ഉള്ള കടകള്‍ തന്നെ.... 1, 2 എന്ന് എണ്ണമിട്ട പലകകള്‍ രാവിലെയും വൈകിട്ടും എടുത്തു വെയ്ക്കുന്നത് കാണുക എന്റെയൊരു കൌതുകം ആയിരുന്നു... ഒരു സ്വര്‍ണ്ണക്കട,ഒരു കപ്പലണ്ടിക്കട, പിന്നെ കുറച്ചു നാള്‍ സാക്ഷരത ക്ലാസുകള്‍ നടന്നിരുന്ന ഇപ്പോള്‍ അടഞ്ഞു കിടക്കുന്ന ഒന്ന്.. തൊട്ടടുത്ത്  ഉള്ളത് വീടാണ്,പക്ഷെ മുന്‍ഭാഗം കടയുടെത് പോലെ നിരപ്പലക.(ഇപ്പോള്‍ അവരത് കട ആക്കി...)

                 സ്വര്‍ണ്ണക്കട എന്നാല്‍ നമ്മുടെ ആലുക്കാസ് പോലെ അത്ര അങ്ങട് വിശാലം ആക്കണ്ട, സ്വര്‍ണം പണിഞ്ഞു കൊടുക്കുന്ന കുഞ്ഞൊരു കട. കൂട്ടുകാരിയുടെ അച്ഛന്റെ ജ്യേഷ്ടന്‍ ആയിരുന്നത് കൊണ്ട് അവളോടൊപ്പം ഞാനും പെരിയപ്പ എന്ന് വിളിച്ചിരുന്നു. " കപ്പലണ്ടി മാമന്‍"  - അച്ഛന്‍റെ  സുഹൃത്ത് ചേട്ടായീസിന്‍റെ  കൂട്ടുകാരന്‍റെ  അച്ഛന്‍ - എന്നും വൈകിട്ട് അവിടെക്കൊരു പോക്കുണ്ട് -ചെല്ലുമ്പോള്‍ 2 വിരല് പൊക്കും, അര്‍ത്ഥം  50 പൈസയുടെ 2 പൊതി. ഒന്ന് എനിക്കും, ഒന്ന് എന്റെ ചേട്ടായീസ് നും - ഞാന്‍ പണ്ടേ ഈ സമത്വത്തില്‍ വിശ്വസിച്ചിരുന്നു... ;) . സാക്ഷരതാ സംരഭത്തില്‍, ‍ മൂന്നാം ക്ലാസ്സില്‍ പഠിച്ചിരുന്ന ഞാനും ക്ലാസ്സ്‌ എടുത്തിരുന്നു എന്ന് പറഞ്ഞാലേ ആ നിരക്കടകളുമായി എനിക്കുണ്ടായിരുന്ന ആത്മ ബന്ധം പൂര്‍ത്തിയാകൂ.

                    പിന്നെയുള്ള വീടാണ് ഇതിലെ നായകന്‍. മണ്ണ് കൊണ്ടുള്ള മതിലിനുള്ളില്‍ നിന്നും പുറത്തേക്കു ചാഞ്ഞു വളര്‍ന്നു നില്‍ക്കുന്ന ഒരു മൂവാണ്ടന്‍ മാവ്... ഒരു ഏപ്രില്‍ മാസം, ഉത്സവം ഒക്കെ അടുക്കാറായി. നല്ല വെയിലുള്ള സമയം, നിറയെ പഴുത്തു നില്‍ക്കുന്ന മാങ്ങകള്‍. പറഞ്ഞിട്ട് കാര്യമില്ല, വീട്ടിലുള്ളവര്‍ക്ക് കാര്യായി മാങ്ങ കിട്ടാറെ ഇല്ല. പുറത്തേക്കു നില്‍ക്കുന്നതു മുഴുവന്‍ മുന്നിലെ വഴിയില്‍ അണ്ണാന്‍ കടിച്ചും കാക്ക കൊത്തിയും ശേഷിച്ചത് വെയിലത്ത്  ഞെട്ടറ്റും കഴിയും.  ആ വഴിയെ ഈ വഴിയെ ഒക്കെ കറങ്ങി കാര്യായ പണിയൊന്നുമില്ലാതെ ഞാന്‍ നടക്കുന്നു. വയര്‍ ചെറുതായി വിശപ്പിന്‍റെ  വിളി കേള്‍പ്പിച്ചു തുടങ്ങിയപ്പോ വീട്ടിലേക്ക്  ഒന്ന് കയറി.. നല്ല കൊട്ടവെയിലത്ത് തെണ്ടി നടന്നിട്ട് വന്നതിന്റെ ചീത്ത ഒരു വശത്തു പറഞ്ഞു കൊണ്ട് അമ്മ ചോറ് വിളമ്പാന്‍ പോയി. ചേട്ടന്മാര്‍ ഗാങ്ങിന്‍റെ  കൂടെ ദൂരെ എവിടെയോ, മടലും കൊണ്ട് പോയി , "കിറുക്കറ്റ് " കളിക്കാന്‍.

                    അമ്മയുടെ വിളമ്പലിനു കാത്തിരിക്കെ പലകയില്‍ ഇരിക്കുന്ന എന്‍റെ  വ്യൂ നേരെ മുന്‍വാതിലും കടന്നു മാങ്ങകളിലേക്ക് . മണിച്ചിത്ര താഴില്‍ ശോഭന പൂജസ്ഥലത്തേക്ക് എത്തിപ്പെടുന്നത് പോലെ എന്ത് ഉള്‍പ്രേരണയില്‍ ആണോ എന്തോ, അടുത്ത സീനില്‍ ഞാന്‍ കൈകളില്‍ മാങ്ങയുമായി ആ വീട്ടുപടിക്കല്‍. ഒതുക്കുകള്‍ കയറിയതൊന്നും ഓര്‍മ്മയില്ല, പക്ഷെ കാക്ക കൊത്തിയതും പുഴു കടിച്ചതുമായ മാങ്ങകളൊക്കെ സുരക്ഷിതമായി അവരുടെ മുന്‍പടിയില്‍ നിരത്തി വെച്ചു തിരിയുമ്പോള്‍ ,

                                                                       "ടീ " 

എന്നൊരു അശരീരി കേട്ടത് ഇന്നും നല്ല ഓര്‍മ്മ... ഈ നിരപ്പലക കതകുകള്‍ക്ക് ഒരു ദോഷമുണ്ടേ, അപ്പുറത്ത് നില്‍ക്കുന്നവര്‍ക്ക് ഇപ്പുറത്തേക്ക് നല്ല പനോരമിക് വ്യൂ ആണ്... എന്തോ കാര്യത്തിനു അതിലെ പോയ ആയമ്മ ആ കൃത്യ സമയത്ത് തന്നെ പുറത്തേക്കു ഒളിഞ്ഞു നോക്കുമെന്ന് ഈ പാവം ഞാന്‍ അറിഞ്ഞില്ല!

                      നാട് കിടുങ്ങുന്ന നല്ല അസല് വോള്യത്തില്‍ 2-3 ചോദ്യങ്ങള്‍ എന്നോട്.... ചെറിയ ചില ശീത സമരങ്ങള്‍ അയല് പക്കവുമായി ഉള്ള ആയമ്മക്ക്  ,ഞാന്‍ ഈ ദുഷ്ടപ്രവര്‍ത്തി ഏതു അയല്‍രാജ്യത്തീന്നു കൈക്കൂലി വാങ്ങി ചെയ്തതാന്ന് അറിയണം...(!) ആരുടെ ചാര ആണെന്ന് ഉള്ള ചോദ്യത്തിന് അമ്മയാണെ സത്യം എനിക്ക് ഒന്നും ഓര്‍മ്മയില്ല എന്ന് താണ്‌കേണു പറഞ്ഞു നോക്കി. ആര്‍ക്കോ ആരുടെയോ നല്ല പുളിച്ചത്‌ കേള്‍ക്കുന്നണ്ടല്ലോ,കണ്ടു രസിച്ചേക്കാം എന്ന മുഖഭാവത്തില്‍ വെളിയില്‍  വന്ന അമ്മ ഞെട്ടി . അപ്പോളേക്കും ഒരു കുഞ്ഞു ലോക്കല്‍ ജനക്കൂട്ടം അവിടെ ,ചിലര് കാണാന്‍, ചിലരൊക്കെ ഒന്നും മനസിലാകാതെ. എന്‍റെ  അമ്മയ്ക്ക് ഏതാണ്ടൊക്കെ പിടി കിട്ടി, പക്ഷെ അമ്മയ്ക്ക് ക്ഷമ പറയാനാകും മുന്‍പ്  തന്നെ ആയമ്മയുടെ  ' ശത്രു രാജ്യം ' ചാടിയൊരു ഇറങ്ങല്‍ - " നിങ്ങളിത്ര പറയാനെന്താ പാവം ആ കുഞ്ഞു,നിങ്ങടെ മാങ്ങ നിങ്ങള്‍ക്കിരിക്കട്ടെ ..വെറുതെ തറയില്‍ വീണു പോകണ്ടല്ലോ എന്ന് കരുതി എടുത്തു പടിക്കല്‍ കൊണ്ട് തന്നതും പോര..അവളെ ചീത്തയും പറയുന്നോ!!!!! " പിന്നെ അവിടെ നടന്നതൊന്നും എഴുതാന്‍ നിവര്‍ത്തിയില്ല.., മാത്രമല്ല അടിയുടെ ഫോക്കസ് മാറിയതും ഞാന്‍ അവിടെ നിന്നും സ്കൂട്ട് ആയി.

          ഇപ്പൊ ഇണങ്ങും ഇപ്പൊ ഇണങ്ങും എന്ന മട്ടിലിരുന്ന ചെറിയ ശീത സമരത്തെ, വല്ലാത്ത ചൂടുള്ള പബ്ലിക്‌ അടിയാക്കിയതിനു അന്ന് വൈകിട്ട് അമ്മയുടെ കയ്യില്‍ നിന്നും നല്ലത് കിട്ടിയെന്നത് വേറെ കാര്യം... പക്ഷെ സത്യായിട്ടും - അമ്മയാണെ സത്യം- ആ ചോറ് കാത്തിരുന്ന സമയത്ത് എന്ത് കാര്യത്തിനാ ഞാന്‍ ആ പണി ചെയ്തതെന്ന് ഇന്നും എനിക്ക് പിടി കിട്ടീട്ടില്ല... പാവം ഞാന്‍. :)
 

20 comments:

  1. ഓര്‍മ്മയില്‍ ഒരു മാമ്പഴക്കാലം!
    ആശംസകള്‍

    ReplyDelete
  2. അമ്മയുടെ കയ്യില്‍ നിന്ന് നല്ലത് കിട്ടിയപ്പോഴും പിടി കിട്ടിയില്ലേല്‍....

    ഇനി കിട്ടാന്‍ പാടാ....


    കേസ് വിട്!! :D

    മാങ്ങാ കൊതിച്ചി!!! :P

    ReplyDelete
  3. ഞാനോ മാങ്ങാ.. അതെന്താ ലിബി അനഗ്നെ പറഞ്ഞാല്‍, ഈ കൊതിച്ചി എന്ന് :)

    ReplyDelete
  4. അങ്ങനെ തന്നെ വേണം..!!

    ReplyDelete
  5. അസത്യോമാ സത് ഗമയ.. അതെ എനിക്ക് പറയാനുള്ളൂ..

    ReplyDelete
    Replies
    1. അതേത് ത്യോമയാ ഫ്രെണ്ടേ? :) നന്ദി ട്ടാ

      Delete
  6. ബാല്യകാലം ഒരു മാങ്ങചുണങ്ങു പോലെ മനസ്സില്‍ പുരണ്ടു കിടപ്പുണ്ട്..
    തിരികെ ഒരു നീലനിക്കറുകാരനാകാന്‍ കൊതിക്കുന്ന ആത്മാവ്....
    ചില ഓര്‍മ്മകള്‍ക്ക് നമ്മുടെ പ്രായം കുറയ്ക്കുന്ന ജാലവിദ്യ അറിയാം...

    നല്ല വായന തന്നു.. ഇഷ്ടം..

    ReplyDelete
    Replies
    1. :) അതെ ഇക്കാ.. ഇതൊക്കെ എഴുതുമ്പോള്‍ ഞാനെന്നെ തന്നെ തിരികെ ജീവിക്കുക ആണ്! ഓര്‍മ്മകള്‍ എന്നും കൂടെയുണ്ടാകണമേ എന്ന പ്രാര്‍ത്ഥന :) നന്ദി

      Delete
  7. കൊള്ളാം.. വായിച്ചു... വിശദമായി കമെന്റിട്ട് ബോറടിപ്പിക്കുന്നില്ല... :)

    ReplyDelete
    Replies
    1. വിശദമായി കമന്റ് ഇട്ടാലും ബോറടിക്കില്ല :). നന്ദി

      Delete
  8. പാവം ആ കുഞ്ഞു,നിങ്ങടെ മാങ്ങ നിങ്ങള്‍ക്കിരിക്കട്ടെ ..വെറുതെ തറയില്‍ വീണു പോകണ്ടല്ലോ എന്ന് കരുതി എടുത്തു പടിക്കല്‍ കൊണ്ട് തന്നതും പോര..അവളെ ചീത്തയും പറയുന്നോ!!!!! "

    ഹോ സത്യത്തിന്റെ മുഖം എത്ര സുന്ദരം!!

    ReplyDelete
    Replies
    1. സത്യായിട്ടും അജിത്തേട്ടാ വിശ്വസിക്കൂ :) :) :). നന്ദി

      Delete
  9. വെറുതെ ഇരിക്കുമ്പോള്‍ ഓര്‍മ്മകള്‍ ഇങ്ങനെ ഓടി വരാണ്...പാവം.മാങ്ങ,ചക്ക,സ്വര്‍ണം എന്തൊക്കെ ആണവോ....?

    ReplyDelete
  10. അമ്മയാണെ സത്യം- ആ ചോറ് കാത്തിരുന്ന സമയത്ത് എന്ത് കാര്യത്തിനാ ഞാന്‍ ആ പണി ചെയ്തതെന്ന് ഇന്നും എനിക്ക് പിടി കിട്ടീട്ടില്ല..\\\\\\\
    ഇതിലിത്ര പിടികിട്ടാനെന്തിരിക്കുന്നു?...
    കൊതി...
    കൊതിച്ചി..
    മാങ്ങാക്കൊതിച്ചി..
    മാംമ്പഴക്കൊതിച്ചി......

    മാമ്പഴക്കള്ളി.. :p

    ReplyDelete
  11. കൊള്ളാം നന്നായി....ആശംസകള്‍

    ReplyDelete
  12. കൊള്ളാം വളരെ നന്നായി......

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)