Friday, March 6, 2020

"മാർഗഴി തിങ്കളല്ലവാ .. മതി കൊഞ്ചും നാളല്ലവാ..."

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 1999

'മൈ പേഴ്സൺ' അങ്ങനെയൊരാളുണ്ടോ നിങ്ങൾക്ക്? വളർന്നുവന്നിരുന്ന കാലഘട്ടത്തിൽ എപ്പോഴെങ്കിലും അങ്ങനെയൊരു ആൾ ജീവിതത്തിലുണ്ടായിട്ടുണ്ടോ? പ്രണയമോ, സാഹോദര്യമോ അല്ലാതെ - മറ്റൊരാൾ? ഒരാളെ കൊല്ലേണ്ടിവന്നാൽ മൃതദേഹം ഒളിപ്പിക്കാൻ കൂടെ വിളിക്കാൻ കഴിയുന്നൊരാൾ?  നമ്മൾ എന്തുചെയ്താലും ജഡ്ജ്‌മെന്റൽ അല്ലാത്ത ഒരാൾ? അതാണ് 'മൈ പേഴ്സൺ' . എല്ലാ സൗഹൃദങ്ങളും നിങ്ങളുടെ സ്വന്തം ആളാകില്ല. ചേച്ചി-അനിയത്തി-ചേട്ടൻ-അനിയൻ ബന്ധങ്ങൾ നമ്മുടെ സ്വന്തം ആണെങ്കിലും രക്തബന്ധമില്ലാതെ അങ്ങനൊരു ആൾ, "മ്മ്‌ടെ സ്വന്തം ആളെ"ന്നൊരു ഫീൽ നിങ്ങൾക്ക് ഉണ്ടാക്കാൻ ആർക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ? എങ്കിൽ നിങ്ങൾ ഭാഗ്യം ചെയ്തവരാണ്  എനിക്കുണ്ടായിരുന്ന കൗമാര യൗവന കാലത്തെ 'my person' - അതാണിന്നത്തെ ഓർമ്മ!


ഇതിനൊരു കൊല്ലം മുന്നേയാണ് ഞാനാദ്യമായി ഈ ഓർമ്മപ്പാട്ടിലെ കക്ഷിയെ കാണുന്നത്. പത്താം ക്‌ളാസിലെ റിസൾട്ട് വന്ന സമയം - അന്നത്തെക്കാലത്ത് നാവായിക്കുളം പരിസരത്തെ ഒരേയൊരു വായനശാല ആയിരുന്നു വിവേകോദയം ഗ്രന്ഥശാല (അത് ഇരുപത്തെട്ടാം മൈൽ എന്ന അടുത്ത സ്റ്റോപ്പിലാണ്, പക്ഷേ പറഞ്ഞു വരുമ്പോ നാവായിക്കുളം പഞ്ചായത്ത് തന്നെയാണല്ലോ) SSLC ക്ക് , ഡിഗ്രിക്ക്, പിജിയ്ക്ക് ഒക്കെ നല്ല മാർക്ക് വാങ്ങിയവർക്കുള്ള ഒരു അനുമോദനച്ചടങ്ങ് - പഞ്ചായത്തിന്റെ വക മറ്റൊരെണ്ണം. ഇതിൽ രണ്ടിടത്തെവിടെയോ വെച്ചാണ് ആദ്യമായി - പിന്നീടെന്റെ ജീവിതത്തിൽ ഒത്തിരിയൊത്തിരി സ്വാധീനം ചെലുത്തിയ ഒരാളെ - ഞാൻ കാണുന്നത് ; MSc ജിയോളജിക്ക് റാങ്ക് വാങ്ങിയ ഭദ്രകുമാരി. 99- ലാണ് ഞങ്ങൾ നാവായിക്കുളം NH-ലൂടെ തട്ടുപാലത്തിലേക്ക് നടന്നുപോയാൽ റോഡിനു വലതുവശത്ത് കുന്നിനു മുകളിലായി ഉളള ഒരുവീട്ടിലേക്ക് താമസം മാറിയത്. അയൽക്കാരിലൊരാളായി കാത്തിരുന്നത് അന്നത്തെ പിജി റാങ്കുകാരിയും! 'ഭദ്രേച്ചി' എന്ന് വിളിച്ചെങ്കിലും എന്നേക്കാൾ 5 വയസിന് മൂത്ത ആ ആളായിരുന്നു എൻ്റെ മാനസസഖി, എല്ലാ രഹസ്യങ്ങളും അറിഞ്ഞിരുന്ന എൻ്റെ സ്വന്തം ആൾ - 'My person' for a very very long time!


കുറെക്കുറേ സാമ്യങ്ങൾ ഉണ്ടായിരുന്നു ഞങ്ങൾക്ക് രണ്ടാൾക്കും - പാട്ടും ഡാൻസുമൊക്കെ ജീവനെപ്പോലെ ഇഷ്ടം, ഭദ്രേച്ചി ഡാൻസ് പഠിച്ചിട്ടുമുണ്ട്. സയൻസ് വിഷയങ്ങൾ ഒരുപോലെ ഇഷ്ടം, അമ്പലം ഇഷ്ടം, വായിക്കാൻ ഇഷ്ടം എന്നുവേണ്ട പല കാര്യങ്ങളിലും ഭദ്രേച്ചിയുടെ ചോയ്‌സ് എന്തായിരിക്കും എന്നുപോലും എനിക്ക് കണ്ണുംപൂട്ടി പറയാൻ കഴിയുന്ന അവസ്ഥ. നിറത്തിൽപ്പോലും രണ്ടാൾക്കും സാമ്യമുള്ളതുകൊണ്ട് ഞങ്ങളെ രണ്ടാളെയും ഒരുമിച്ചുകാണുന്നവർ ഒക്കെ സഹോദരിമാരാണെന്ന് ഉറപ്പിച്ചു! മണിക്കൂറുകളോളം വാതിലടച്ചു വർത്തമാനം പറയുന്ന ഞങ്ങളെ താഴത്തച്ഛനും സുഭദ്രാമ്മയും എഴുതിത്തള്ളി (ഭൂമിശാസ്ത്രപരമായി അവരുടെ വീട് ഞങ്ങളുടെ വീടിൻ്റെ താഴത്തെ തട്ടിലാണേ - അപ്പോ ഭദ്രേച്ചിയുടെ അച്ഛൻ എനിക്ക് താഴത്തച്ഛനായി , അമ്മ - അമ്മയും സുഭദ്രാമ്മയുമൊക്കെ ആയി തരാതരം പോലെ). താഴത്തച്ഛനോടൊപ്പം എന്നെക്കാണുമ്പോൾ ചേച്ചിയെ കൂട്ടിയില്ലേ എന്നും, ഭദ്രേച്ചിയെ കാണുമ്പോൾ അനിയത്തിക്കൊച്ചിനെ ഇന്നലെ ബസിറങ്ങുന്നിടത്ത് കണ്ടിരുന്നു കേട്ടോ എന്നുമുള്ള റിമാര്ക്സുകൾ കേട്ട് ഞങ്ങൾ രണ്ടാളും പൊട്ടിച്ചിരിച്ചു. ഭദ്രേച്ചിയുടെ ചേട്ടൻ 'കുട്ടൻചേട്ടൻ' എന്ന കലുഷിത യൗവനത്തിന് വീട്ടിലുള്ള 'വായാടിപ്പെണ്ണ്' ഒന്നിനെത്തന്നെ സഹിക്കാൻ വയ്യാതിരിക്കുമ്പോൾ ആകും പന്തം കൊളുത്തിപ്പട പോലെ ഞാൻ ചെല്ലുന്നത്. പാവം കുട്ടൻചേട്ടൻ - രക്ഷപെടാൻ എത്രയോ ദിവസങ്ങളിൽ എന്നെ മുറ്റത്തുകാണുമ്പോൾ തന്നെ ഓടിപ്പോയിരിക്കുന്നു!


എൻ്റെ പാട്ടുകേട്ട് സഹിച്ചിരുന്ന ഒരാൾ കൂടിയായിരുന്നു കക്ഷി. എന്നോടിങ്ങോട് ആവശ്യപ്പെട്ട് എന്നെക്കൊണ്ട് പാട്ടുപാടിച്ചിരുന്ന ഒരാൾ എന്നുപറയുമ്പോൾ പേടിക്കണ്ട വെറും സ്നേഹം കൊണ്ടാ.... ഭദ്രേച്ചിയുടെ കല്യാണത്തിന് ഞാനാണ് ആളിനെ സാരിയുടുപ്പിച്ച്, മുടി മെടഞ്ഞു പൂ വെച്ച് ഒരുക്കിയിറക്കിയത് എന്നുകൂടി പറഞ്ഞാലേ എന്നോടുള്ള സ്നേഹത്തിന്റെ, വിശ്വാസത്തിന്റെ അളവിനൊരാഴം തുടങ്ങാനെങ്കിലുമാകൂ - literally no beautician !! കാസറഗോഡ് പഠിക്കുമ്പോൾ വെക്കേഷന് വന്നാൽ വൈകുന്നേരങ്ങൾ എന്നെ കാണണമെങ്കിൽ ഭദ്രേച്ചിയുടെ വീട്ടിൽ വരണം എന്നതാണ് അവസ്ഥ. മൂന്നുമാസം കാണാതിരുന്നപ്പോൾ ഉള്ള എല്ലാ വിശേഷവും വള്ളിപുള്ളി വിടാതെ രണ്ടാളും പറഞ്ഞുതീർക്കും. സ്ഥിരമായി ഞങ്ങൾ ആക്രമിക്കുന്ന പാട്ടുകളാണ് 'ഒരു ദളം മാത്രവും, പാതിരാമഴയേതോ ഹംസഗീതം പാടിയും'. പക്ഷേ ഈ രണ്ടുപാട്ടുമല്ല എനിക്ക് ഭദ്രേച്ചിയുടെ ഓർമ്മപ്പാട്ട്. ചേച്ചി പോലും ഒരുപക്ഷേ ഈ പാട്ട് പ്രതീക്ഷിക്കുന്നുണ്ടാകില്ല.

അക്കൊല്ലം സ്‌കൂളിലെ യുവജനോത്സവത്തിനു ഡാൻസ് കളിയ്ക്കാൻ വേണ്ടി ജൂനിയർ കൊച്ചുങ്ങളിൽ ഒരാൾ കോറിയോഗ്രഫി ചെയ്തുകൊടുക്കാമോ എന്ന് ചോദിച്ചുകൊണ്ട് വീട്ടിൽ വന്നിരുന്നു. ഡാൻസിൽ എന്നേക്കാൾ വിവരമുള്ള ഭദ്രേച്ചിയുടെ മുന്നിലാണ് അതുംകൊണ്ട് ഞാനെത്തിപ്പെട്ടത്. ആദ്യചോയ്‌സ് ആയി ചേച്ചി പറഞ്ഞ പാട്ട് - ഞാൻ ആദ്യമായി കേട്ടതും ചേച്ചി പറഞ്ഞന്നെയാണ്‌.
"മാർഗഴി തിങ്കളല്ലവാ ..
മതി കൊഞ്ചും നാളല്ലവാ...
ഇത് കണ്ണൻ തരും പൊഴുതല്ലവാ!
ഒരുമുറൈ ഉനതു
തിരുമുഗം പാർത്താൽ
വിടൈ പെരും ഉയിരല്ലവാ! "
നമ്മൾ രണ്ടാളും കൂടി ഈ പാട്ടിനു ചുവടുകൾ ഇടാൻ ശ്രമിച്ചത് ഓർക്കുന്നുണ്ടോ ഭദ്രേച്ചീ? ക്‌ളാസിക്കൽ ഡാൻസിന്റെ വിവിധ ഭാവങ്ങളിലൂടെ അലയടിച്ചൊഴുകിയ നൃത്തം കണ്ട് ആ ജൂനിയർ കൊച്ച് ജീവനും കൊണ്ടോടി 

ഭദ്രേച്ചി ഇപ്പൊ മാംഗ്ലൂരിലാണ്. രണ്ടു സുന്ദരിക്കുഞ്ഞുങ്ങളും കെട്ടിയോനും ജിയോളജിവിഭാഗത്തിൽ തന്നെ ജോലിയുമൊക്കെയായി സുഖമായി ജീവിക്കുന്നു. കഴിഞ്ഞ വെക്കേഷന് മൂകാംബിക പോകുന്ന പോക്കിൽ അവിടെപ്പോയി അവരെ മുടിപ്പിച്ചതാണ്, ഇനി അടുത്ത വട്ടം കാണുമ്പോൾ ആകട്ടെ ചേർന്നൊരു ഫോട്ടോ എടുക്കണം! കഴിഞ്ഞ ആഴ്ച കുറേയേറെ നാളുകൾക്ക് ശേഷം മിണ്ടിയപ്പോൾ രണ്ടാളും അങ്ങോടുമിങ്ങോടും പറഞ്ഞത് "I miss you" എന്നാണ്.. ശരിക്കും I miss US! Bhadra ച്ചീ എഴുതാൻ തുടങ്ങിയാൽ ഒരു പോസ്റ്റ്‌ പോരാലോ 
----------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

2 comments:

  1. "മൈ പേഴ്സൺ" മനസ്സിൽ നൊമ്പരമാണെനിയ്ക്ക്, കാരണം, അത്തരക്കാരുെടെ അകാലവിയോഗത്തിൽ ആയതിന്റെ മൂല്യം മനസ്സിലാക്കി വരുന്നു!

    ReplyDelete
  2. മാർഗഴി പാട്ട് കെട്ടാണോ ആയതിന്റെ
    ചുവടുവെപ്പുകൾ കണ്ടാണോ ആ കൊച്ച് ജീവനും
    കൊണ്ടോടിയതെന്ന് ആർക്കറിയാം 

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)