Sunday, March 15, 2020

"പോകാതെ കരിയിലക്കാറ്റെ"

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!


വർഷം 2005
പത്തനംതിട്ടയിലെ കുന്നിൻമുകളിൽ ആ കോളേജ് ഓർക്കുമ്പോഴൊക്കെ അവിടെയൊരിക്കൽക്കൂടി പോകാൻ തോന്നും. ഒരിക്കൽ അവിടെനിന്ന് കരഞ്ഞുകൊണ്ടിറങ്ങിയത് ഓർക്കുമ്പോൾ എന്നോട് സ്നേഹം തോന്നും - എന്താന്നോ, ഞാനന്ന് കരഞ്ഞത് ജോലി പോയതിനല്ല , അവിടെയുണ്ടായിരുന്ന മനുഷ്യരെ മിസ്സായിപ്പോകുമോ എന്നോർത്താണ്. ബന്ധങ്ങളെ പലപ്പോഴും മുറുക്കെപ്പിടിക്കാൻ ആഗ്രഹിക്കുന്ന, ഓവർ ഇമോഷണൽ ആയ ഞാൻ കരയുക എന്നത് അത്ര വലിയ സംഭവവും അല്ല. എപ്പോഴും ഒരു സ്‌കൂളിൽ നിന്നോ കോളേജിൽ നിന്നോ ജോലിസ്ഥലത്തും നിന്നോ എന്തിന് വാടകവീടിൽനിന്നുപോലും ബൈ പറഞ്ഞിറങ്ങുമ്പോൾ ഞാനോർക്കാറുണ്ട് ... Saying Goodbyes are hard, very hard! അങ്ങനെ ഒരു വിഷമം തോന്നുന്നതിൽ എനിക്ക് എന്നോട് വീണ്ടും സ്നേഹം തോന്നാറുമുണ്ട്! 
പത്തനംതിട്ടയിലെ കോളേജിൽ നിന്ന് ഏതാണ്ട് പുറത്താക്കിയപോലെ mr. ചെയർമാൻ വിളിച്ചു സംസാരിച്ചപ്പോൾ പക്ഷേ, കരച്ചിലൊന്നും വന്നില്ല കേട്ടോ - ചിരിയാണ് വന്നതും. അങ്ങോർക്കറിയാരുന്നു അവിടെ നടക്കുന്ന വിപ്ലവത്തിലൊക്കെ എൻ്റെ കയ്യും ഉണ്ടെന്ന്. നടന്നുകൊണ്ടിരുന്ന അശ്ലീലത്തെ എതിർക്കാതെ തുടർന്നുപോകാൻ എനിക്കും താല്പര്യമുണ്ടായിരുന്നില്ല എന്നതുകൊണ്ട് ഞങ്ങൾ രണ്ടാളും ഉള്ളിൽപ്പറഞ്ഞത് ഒന്നുതന്നെയാകണം "രോഗി ഇച്ഛിച്ചതും....". ആദ്യം വിളിച്ചത് ചേട്ടന്മാരെ ആണ് - ഒരാൾ അന്ന് പാലക്കാട് ജോലിയിലാണ്, മറ്റെയാൾ ജോലിയിൽ നിന്നൊരു ബ്രേക്ക് എടുത്തു വീണ്ടും പഠിക്കുന്ന കോളേജുകുമാരൻ - കൊച്ചേട്ടൻ കേട്ടപാടെ പറഞ്ഞു , "സംഭവാമി യുഗേ യുഗേ... സാധനമൊക്കെ ഒറ്റയ്ക്കിങ്ങ് കൊണ്ടുപോരോ. അതോ ആരേലും ഹെൽപ്പണോ?, അമ്മയെ വിളിച്ചുപറയുമ്പോൾ ചെവിയിൽ രണ്ടു പഞ്ഞി വെച്ചോട്ടാ"

"ഓ ഹെല്പ് എന്തിനാ .. ആകെ നാലും മൂന്നും ഏഴു തുണിയുണ്ട് ഞാനെടുത്തോളാമെന്ന് പറഞ്ഞുവെച്ചിട്ട് 'കർത്താവേ കാത്തോളണേ ' എന്നും വിളിച്ചോണ്ട് അമ്മയെ ഫോണിൽ വിളിച്ചുപറഞ്ഞു - "ജോലി പോയിട്ടാ, വൈകിട്ടത്തെ വണ്ടിക്ക് ഞാനങ്ങെത്തും. എനിക്കൂടെ ചോറിട്ടേരെ". ഞാനായതുകൊണ്ട് തല്ലുകിട്ടാതെയും കൊടുക്കാതെയും വീട്ടിൽ എത്തിക്കിട്ടിയാൽ മതിയെന്ന് വെച്ചിട്ടാകും അമ്മ പറഞ്ഞത് 'അധികം ഇരുട്ടാണ്ടിങ്ങു പോരേ 'ന്നായിരുന്നു!

അതും കഴിഞ്ഞാണ് കരച്ചിൽ ഗ്രന്ഥികൾ പ്രവർത്തിച്ചുതുടങ്ങിയത് ....പിള്ളേര് വന്ന് ബൈ പറഞ്ഞപ്പോൾ! അപ്പോഴും അവരോട് ഞാൻ പറഞ്ഞു ജോലിയല്ല എൻ്റെ വിഷയം. വിഷയം സൗഹൃദങ്ങളാണ് , നിങ്ങളാണ് ..

ഒരുപാട് നല്ല പാട്ടുകള്‍ പാടിയിട്ടുണ്ട് സ്റ്റാഫ്‌റൂമില്‍ "എബി" Ebey S Raj എന്ന പാട്ടുകാരന്‍ സുഹൃത്ത്. പക്ഷേ, ഇപ്പോളും "പോകാതെ കരിയിലക്കാറ്റെ " എന്ന പാട്ട് കേള്‍ക്കുമ്പോളാണ് എബിയെയും ആ ദിവസവും ഓര്‍മ്മ വരിക.... ഞാന്‍ ജോലി മതിയാക്കി പോരുമ്പോള്‍ കേട്ട പാട്ട് , എനിക്ക് വേണ്ടി എബി പാടിയ പാട്ടാണത്! - ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മ എന്നും പറയാം.....

വീട്ടിൽ വന്നൊരാഴ്ച കഴിഞ്ഞപ്പോൾ വീട്ടിൽ നിന്നും പോയിവരാവുന്ന കഴക്കൂട്ടത്തൊരു കോളേജിൽ കേറിയതുകൊണ്ട് ആ ബ്രേക്ക് അത്രക്കങ്ങട് ആസ്വദിക്കാൻ പറ്റില്ല എന്നത് മാത്രമാണ് വിഷമം 

------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

4 comments:

  1. ഈ പാട്ടിലുമുണ്ടൊരു മനസ്സു വിങ്ങിപ്പിക്കുമൊരു ശോകഛായ!
    ആശംസകൾ

    ReplyDelete
  2. പഴയ പാട്ടുകൾക്ക് പഴയ ഓർമ്മകളെ പുനരുജ്ജീവിപ്പിക്കാൻ ഉള്ള കഴിവുണ്ട്..

    ReplyDelete
  3. അതെ ജോലിയല്ല  വിഷയം. വിഷയം സൗഹൃദങ്ങളാണ് , നിങ്ങളാണ് ..

    ReplyDelete
  4. കൊള്ളാലോ.


    നല്ല ഇഷ്ടമുള്ള പാട്ടുകളിലൊന്ന്.

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)