Thursday, March 5, 2020

" ഒരു ദുഃഖമേയുള്ളു ബാക്കി, ഈ മധുരവും ഒരുനാളിൽ കയ്ക്കും..!"

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 1996 കളിൽ എപ്പോഴോ!
ചിത്ര ഹിറ്റ്‌സ് എന്നൊരു കാസറ്റുണ്ടായിരുന്നു വീട്ടിലെ കളക്ഷനിൽ. ചിത്രഗീതത്തിലൂടെ കണ്ടു പരിചയിച്ച "രാപ്പാടി തൻ രാവിൻ കല്ലോലിനിയും, കണ്ണാടിക്കയ്യിൽ കല്യാണം കണ്ടോ " ഒക്കെയുണ്ടായിരുന്ന ആ പാട്ടുക്കൂട്ടത്തിൽ പുറത്തിറങ്ങാത്തതോ അധികം കാണാത്തതോ ആയ കുറെ ചിത്രങ്ങളിലെ പാട്ടും ഉണ്ടായിരുന്നു. അക്കൂട്ടത്തിൽ വിഷ്വൽസ് എങ്ങനെയാണു എന്ന് പോലുമറിയാതെ ഇന്നുമോർമ്മയുള്ള രണ്ടു പാട്ടുകൾ "ഈണവും താളവും ഇല്ലെങ്കിലും 'അമ്മ തൻ ആരാരിരോ വേണം" എന്ന പാട്ടും "ഒരാളിന്നൊരാളിന്റെ സാന്നിദ്ധ്യമിത്രയും പ്രിയമായി തീരുവതെങ്ങനെ" എന്ന പാട്ടുമാണ്.

ഇപ്പോൾ തപ്പികണ്ടുപിടിച്ചപ്പോൾ അറിഞ്ഞു "ഈണവും താളവും" - ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡിലെ പാട്ടാണ്! ഒരോർമ്മയുമില്ല ആരാണ് പാട്ടുസീനിൽ എന്ന് .. രണ്ടാമത്തെ പാട്ടാണ് എൻ്റെ പാട്ടോർമ്മ, അതിനെ തപ്പിപ്പോയപ്പോൾ 2005 ൽ പുറത്തിറങ്ങിയ "മഴമുകിൽ പോലെ " എന്ന സിനിമയുടെ പാട്ടുകളിൽ ഇതിനെ രെജിസ്റ്റർ ചെയ്തിരിക്കുന്നു! 

ശരിക്കും ഇങ്ങനൊരു പടമൊക്കെ 2005ൽ ഇറങ്ങിയിരുന്നോ ... !!

എന്തായാലും എൻ്റെ ഓർമ്മയിൽ ഈ പാട്ട് 90 കളിലെ ഓർമ്മയാണ്... വീട്ടിലെ സ്വന്തം ഇരട്ടഎൻജിനീയർമാർ പണിഞ്ഞ തക്കാളിക്കൂടിനുള്ളിലെ സൗണ്ട് സിസ്റ്റത്തിലൂടെ ആസ്വദിച്ച ചിത്രച്ചേച്ചിയുടെ ശബ്ദമാണ്. ഇന്നുവരെ കേട്ടിട്ടുള്ളതിൽ പ്രണയമെന്നതിനെ തീവ്രമായി - അതി തീവ്രമായി വിശദീകരിക്കാൻ ശ്രമിച്ചിരിക്കുന്ന വരികളാണ്.

"ഒരാളിന്നൊരാളിന്റെ സാന്നിദ്ധ്യമിത്രയും
പ്രിയമായ്‌ തീരുന്നതെങ്ങനെ ...!!
ഒരാളിന്നൊരാളിന്റെ പുഞ്ചിരി ഇത്രമേൽ
ഹൃദ്യമായ് തീരുന്നതെങ്ങനെ...!!
തിരമാലയായ് അഗ്നിജ്വാലയായ് ഇഷ്ടം
ഓരോ രോമകൂപങ്ങളിലൂടെ
അന്തരാത്മാവിലേക്കാളിപ്പടർന്നീ
സന്തോഷ സാഗരം തീർക്കുന്നതെങ്ങിനെ..!! "

പലപ്പോഴും സുഹൃത്തുകൾക്കും സ്വന്തം ആവശ്യത്തിനുമൊക്കെ ഈ വരികളെ സൗകര്യം പോലെ ഉപയോഗിച്ചിട്ടുണ്ട്. മിക്കയാളുകളും ഈ പാട്ട് കേട്ടിട്ടില്ലായിരുന്നു എന്നത് കൊണ്ടുതന്നെ അന്നത്തെ ആസ്ഥാന എഴുത്തുകാരിയായ എൻ്റെ 'പ്രണയലേഖനമെഴുത്തിലെ' ഒരു സ്ഥിരം നമ്പറായിരുന്നു ഇത്. 

തിരിച്ചൊരു കപ്പു കാപ്പി പോലും വാങ്ങിത്തരാതെ എന്നെക്കൊണ്ട് ഈ കത്തുകളൊക്കെ എഴുതിവാങ്ങിച്ചുകൊണ്ടുപോയ ദുഷ്ടസുഹൃത്തുക്കളോട് എനിക്ക് പറയാനുള്ളത് "ഐ ആം ദി സോറി അളിയാ.. ഞാൻ നിങ്ങൾക്ക് വേണ്ടി പകർത്തിയെഴുതിയിരുന്നത് ഇത് പോലത്തെ ഒന്നുരണ്ടു പാട്ടുകളായിരുന്നു"
അതിൻ്റെ അവസാനവരികളിൽ
" ഒരു ദുഃഖമേയുള്ളു ബാക്കി
ഈ മധുരവും ഒരുനാളിൽ കയ്ക്കും..!"
എന്ന് പറഞ്ഞുവെച്ച ശ്രീ.കൂത്താട്ടുകുളം ശശിയുടെ വരികൾ അന്ന് നിങ്ങളോട് പറയാൻ ഞാൻ മറന്നുപോയി!

 അൻപതാം ദിനം ആ കാമുകീ - കാമുകന്മാർക്ക് വേണ്ടിയാണ് - ഇപ്പോഴും ഈ പാട്ടുകേട്ടാൽ തരളിതമാകുന്ന മനസുള്ളവരേ നിങ്ങൾ ഭാഗ്യം ചെയ്തവർ - എന്തെന്നാൽ Always keep the child and the lover in you ALIVE, എന്നാണല്ലോ! 
------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

4 comments:

  1. "ഒരാളിന്നൊരാളിന്റെ സാന്നിദ്ധ്യമിത്രയും ....."
    ആശംസകൾ

    ReplyDelete
  2. ആ അവസാന വരികൾ ഒഴിച്ചാൽ ബാക്കി വരികളെല്ലാം ഇഷ്ടം ... വേറൊന്നും കൊണ്ടല്ല.. നെഗറ്റീവിനെ പ്രതീക്ഷിക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ടാണ്... ❤️❤️
    എത്ര മനോഹരമായി എഴുതിയിരിക്കുന്നു ...

    ReplyDelete
  3. അടിമുടി പ്രണയം പൂത്തു നിന്നാൽ പിെന്നെങ്ങനെയാണ് ... ?

    ReplyDelete
  4. അന്ന് തൊട്ടേ ആസ്ഥാന
    എഴുത്തുകാരിയായതിന്റെ രഹസ്യം പൊളിച്ച പാട്ട് 

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)