Monday, March 9, 2020

"മരണമെത്തുന്ന നേരത്ത് നീ എന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ. "

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 2013
മരണം എന്നും രംഗബോധമില്ലാത്ത കോമാളിയാണ് എന്ന് തോന്നാറുണ്ട്! കുറെയേറെ നാളുകള്‍ക്ക് ശേഷം വീണ്ടുമാ കോമാളി എന്നെ കരയിച്ച ഒരോർമയാണ് ഇന്നത്തെ പാട്ടോർമ്മ. ഇന്നലെ വീണ്ടും ഓർത്തു ചന്തുവേ.... വിനോദണ്ണനും ഞാനും നിന്നെക്കുറിച്ചു സംസാരിച്ചുകഴിഞ്ഞു വീണ്ടും നീയോർമയിൽ നിറയുമ്പോൾ ഇന്നിത് എഴുതാതെ വയ്യ!

സുഹൃത്ത്, സ്കൂള്‍ സീനിയര്‍, കുടുംബ സുഹൃത്തിന്‍റെ മകന്‍,ചേട്ടന്മാരുടെ കൂട്ട് അങ്ങനെ ഒരു പാട് വിശേഷണങ്ങള്‍ ഉണ്ട് ചന്തു എന്ന ഹരി നായര്‍ക്ക് എന്റെ മനസില്‍. എന്നെ കുഞ്ഞിലെ മുതലേ കണ്ടു വളര്‍ന്ന ചന്തു ഈ സൈബര്‍ ലോകത്ത് സ്ഥിരമായി കാണുന്ന, എല്ലാ പൊട്ടും പൊടിയും വായിച്ച് എന്നോട് അഭിപ്രായം പറയുന്ന വളരെ അടുത്ത ചേട്ടന്‍സ്ഥാനക്കാരൻ ആയിരുന്നു! ഇന്‍ബോക്സില്‍ മെസേജുകള്‍ ആയി വരുന്ന അഭിനന്ദനത്തില്‍ "മോളെ നിനക്ക് സുഖമല്ലേ" എന്നൊരു ചോദ്യം എപ്പോഴും ഉണ്ടാകും. അവസാനിപ്പിക്കുക ടീച്ചറിനോട്, എന്റെ അമ്മയോട് അന്വേഷണം പറയണം എന്നും!

എന്‍റെ കല്യാണത്തിന് തലേ ദിവസം മഴ നനഞ്ഞു കയറി വന്നു സംസാരിച്ച ചന്തു തമാശയായി തലയില്‍ കൈ വെച്ചാണ്‌ അനുഗ്രഹിച്ചത് - "നന്നായി വരട്ടടീ".

നാവായിക്കുളം എന്ന ഗ്രാമവും, ശങ്കര നാരായണ സ്വാമിയുടെ ഉത്സവവും ഏറ്റവും കൂടുതല്‍ ആരാണ് മിസ്സ്‌ ചെയ്യുന്നത് എന്ന് ഞങ്ങള്‍ തര്‍ക്കിചിട്ട് അപ്പോൾ 4 മാസമേ ആയിരുന്നുള്ളൂ! ഉത്സവത്തിനെ കുറിച്ചെഴുതിയ പോസ്റ്റ്‌ വായിച്ചു നീ പറഞ്ഞു, "നിന്‍റെ മോനെ കൊണ്ട് ഒരു പ്രാവശ്യം എങ്കിലും ആ തിരു നടയില്‍ ഉരുള്‍ വഴിപാട് ചെയ്യിക്കണം" നടക്കുമെന്നുള്ള എന്റെയും ആഗ്രഹം ആണത് എന്ന് പറയുമ്പോള്‍ അടുത്ത ഉത്സവത്തിന് നാട്ടില്‍ എത്തുമ്പോള്‍ കാണാം എന്ന് പറയുമ്പോള്‍ ഞാന്‍ അറിഞ്ഞില്ലലോ ചന്തു നമ്മളിനി കാണുകയേ ഇല്ലായെന്ന്!
അതിനും ദിവസങ്ങൾ മുൻപ് നീയിട്ട fb സ്റ്റാറ്റസ്

"
മരണം - മരണത്തെക്കുറിച്ച് എല്ലാവർക്കും ഓരോരോ സങ്കല്പങ്ങൾ ഉണ്ട്, ജീവിതത്തിൽ ഒരിക്കലെങ്കിലും മരണത്തെക്കുറിച്ച് ചിന്തിക്കാത്തവർ ആരും തന്നെ ഉണ്ടാവുകയില്ല! കൂടുതൽ പേർക്കും ഉറക്കത്തിൽ ഉണരാതെ മരിക്കാനാണ് ഇഷ്ട്ടം ; ഞാനും സങ്കല്പിക്കുന്നുണ്ട്... നിറയെ നിറയെ മദ്യപിച്ച് ഒരു കുപ്പി കള്‍സും കെട്ടിപ്പിടിച്ച് അങ്ങനെ കിടക്കണം.. ഹോ ! മരണത്തില്‍ നിന്നെങ്ങാനും ഉണര്‍ന്നാല്‍ ഹാങ്ങോവര്‍ മാറ്റാന്‍ ബുദ്ധിമുട്ട് ഉണ്ടാവരുത് — listening to മരണമെത്തുന്ന നേരത്ത് നീ എന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ. "
നീ ആ സമയം ദൈവത്തിനോട് സംസാരിക്കുകയയിരുന്നോ !

ആ രാത്രി നീ ഉറങ്ങുകയായിരുന്നോ എന്നെനിക്കറിയില്ല, നീയാ പാട്ട് കേട്ടിരുന്നോ എന്നുമെനിക്ക് അറിയില്ല എല്ലാവരെയും പറ്റിച്ചു നീ ഹാങ്ങ്‌ഓവറുകള്‍ ഇല്ലാത്ത ലോകത്തേക്ക് പോയി എന്ന് എനിക്ക് ഇന്‍ബോക്സില്‍ msg കള്‍ വന്നപ്പോൾ ഈ പാട്ട് തന്നെ വെറുത്തു .... ഞാന്‍ നേരിട്ട് കാണുമ്പോള്‍ ചില കാര്യങ്ങള്‍ പറയാന്‍ കരുതിയിരുന്നിട്ടും എന്തേ പറയാതെ പോയി എന്നോർത്തു ദേഷ്യം തോന്നിയ ദിവസം!

ഈ എഴുതുന്നത് നീ കാണുന്നുണ്ടോ എന്നറിയില്ല, പക്ഷേ നിന്നെ ടാഗ് ചെയ്യുന്നു ഞാന്‍ ഓർമ്മകളിൽ.. ഒരു പക്ഷെ പോസ്റ്റ്‌ ചെയ്യും മുന്‍പേ നീയിത് എന്റെ പിന്നിൽ നിന്നും വായിച്ചു ചിരിക്കുന്നുണ്ടാകാം - നീ ഇതിലും ഉത്സവം എഴുതി nostalgic ആക്കിയല്ലേ എന്ന്! ഇനിയും കാണുമ്പോള്‍ പറയാന്‍ കുറെ കാര്യങ്ങള്‍ കരുതി വെക്കുന്നു ചന്തു! ഓര്‍മ്മകളില്‍ നീ ചിരിയോടെ മഴ നനഞ്ഞ നിന്റെ തലമുടി കൈ കൊണ്ട് തുടയ്ക്കുന്നു !!


-----------------------------------------------------------------------

 നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ

4 comments:

  1. വേദനേടെ ....പ്രണാമത്തോെ ....

    ReplyDelete
  2. എനിക്കും ഏറെ പ്രിയെപെട്ട ഗാനം....

    ReplyDelete
  3. 'മരണമെത്തുന്ന നേരത്ത് നീ എന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ. " ഇപ്പോഴത്തെ കൊറോണ സാഹചര്യത്തിൽ എന്നെപ്പോലെയുള്ളവർ  ഓർക്കുന്ന വരികൾ 

    ReplyDelete
  4. ഏറ്റവും ഇഷ്ടമില്ലാത്ത പാട്ടുകളിലൊന്ന്...

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)