Saturday, March 7, 2020

കുറൈ ഒന്ററും ഇല്ലൈ

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 2007
MTech നു പഠിക്കുന്ന സമയം. പുറത്തുള്ള ഹോസ്റ്റലിൽ നിന്ന് പ്രധാന ഹോസ്റ്റലിലേക്ക് പ്രവേശനം കിട്ടിയപ്പോൾ നാലുപേരുള്ള റൂമിൽ ഞാനും അഞ്ജനയും മലയാളികൾ രണ്ടുപേർ തമിഴ്മക്കൾ - പ്രിയദർശിനി എന്ന കടലൂരുകാരി പ്രിയയെ ഞാൻ ജെറി ന്നും അവളെന്നെ ടോമെന്നും വിളിച്ചു ( സ്നേഹക്കൂടുതൽ കൊണ്ടാ ) ഇപ്പോഴും അവളുടെ പേര് മൊബൈലിൽ സേവ് ചെയ്തിരിക്കുന്നത് ജെറി പ്രി എന്നാണ്, അവസാനത്തെ ആൾ സുധാ കളത്തി - തെലുങ്കിനെ ജീവാത്മായായി സ്നേഹിക്കുന്ന ഒരുവൾ. അഞ്ചാമതൊരാളായി MCA ചെയ്യാൻ വന്ന സംഗീത എന്നൊരു പാവം കൊച്ചും അവസാന സെമസ്ടറിൽ ഞങ്ങൾക്കൊപ്പം ചേർന്നു.

പുതുതായി പണി 'കഴിച്ച' ആ കെട്ടിടത്തിലെ നീളൻ വരാന്തകളും പണിതീരാ കുളിമുറികളും പൊടിയും കൂട്ടിയിട്ട ചല്ലിക്കൂമ്പാരവും... ഞങ്ങളുടെ ബെസ്റ്റ് നൊസ്റ്റാൾജിയ ആണ്. ഏറ്റവും പുറകിലെ കെട്ടിടങ്ങൾ ആയതുകൊണ്ട് മേട്രൺ ജന്മം ചെയ്താൽ ആ വഴി വരില്ല. വൃത്തിയാക്കാൻ വരുന്ന ചേച്ചിമാരെത്തന്നെ ഞങ്ങൾ ഇടയ്ക്കിടെ ഓര്മിപ്പിക്കണം ഇങ്ങനെയൊരു കെട്ടിടം ആ വടക്കുകിഴക്കേ മൂലയിലുണ്ടെന്ന്! പരീക്ഷാക്കാലങ്ങൾ ആകുമ്പോൾ മാത്രം പുറത്തുവരുന്ന ചില അസുഖങ്ങൾ ഉണ്ടായിരുന്നു ഞങ്ങൾക്ക് - പെഡിക്യൂർ, ഹെയർ ഓയിൽ മസ്സാജ്, മുഖകാന്തി സംരക്ഷണം ഇതൊക്കെ അതിൽ ചിലത് മാത്രം. പരീക്ഷകൾക്ക് ഇടക്കുള്ള ദിവസങ്ങളിലോ സ്റ്റഡി ലീവ് സമയത്തോ വീട്ടിൽ പോകാൻ കഴിയില്ല പിജിക്കാർക്ക്. മിക്കപ്പോഴും സമയം എന്തെങ്കിലും തരത്തിലുള്ള ഇന്റെർണൽ അസ്സസ്മെൻറ് പരീക്ഷകളോ നല്ലസ്സൽ പണികളോ നടക്കുന്നുണ്ടാകും. അതുകൊണ്ടുതന്നെ 'വിശ്രമവേളകൾ ആനന്ദകരമാക്കാൻ ഞങ്ങളിമ്മാതിരി സാധനങ്ങൾ പരീക്ഷിക്കാൻ തുടങ്ങി.


ഓരോ മുറിയുടെയും മുന്നിലുള്ള വരാന്തയിൽ ഇളംചൂടുവെള്ളം നിറച്ച ബക്കറ്റുകൾ നിരത്തിവെച്ചതിലേക്ക് രണ്ടു തുള്ളി ഷാംപൂ ഒഴിച്ച് കാലുകൾ ഇറക്കിവെച്ച് ഞങ്ങൾ പാദങ്ങളെ മനോഹരമാക്കി. കാലുരയ്ക്കാനുള്ള പമിസ് സ്റ്റോണുകൾ പിടിപ്പിച്ച ബ്രഷുകൾ കൊണ്ട് ഉപ്പൂറ്റിയിലേയും വിരലുകളുടെ അഗ്രഭാഗങ്ങളിലേയും ചർമ്മങ്ങൾ ഞങ്ങൾ മൃദുവാക്കി. പരസ്പരം നെയിൽപ്പോളിഷുകൾ അണിയിച്ചു കാലുകളെ സുന്ദരമാക്കി അത് കണ്ടാസ്വദിച്ചു. മഞ്ഞളും കടലമാവും തൈരുമൊക്കെ ചേർത്ത് ഫേസ്പാക്കുകൾ ഉണ്ടാക്കി മുഖം മിനുക്കി, ചെറുചൂടാക്കിയ വെളിച്ചെണ്ണ കൈവിരലുകളുടെ അറ്റത്തിലെടുത്ത് അങ്ങോടുമിങ്ങോടും തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച് മുടിയുടെ വളർച്ചയും തലച്ചോറിൽ ഭാവന ഉണരുന്നുണ്ടെന്നും ഉറപ്പാക്കി! ഉച്ചക്ക് നല്ല കട്ടത്തൈരും അച്ചാറും ചേർത്തുള്ള തൈരുസാദം വയറുനിറയെ അപ്പളം ചേർത്ത് തട്ടിയിട്ട് തണുത്ത തലയുമായി എല്ലായെണ്ണോം വൈകുന്നേരച്ചായ വരെ പാട്ടിങ്ങനെ മൃദുതാളത്തിൽ കേട്ടുകൊണ്ട് സുഖമായിക്കിടന്നുറങ്ങി....ഉറങ്ങിയുറങ്ങി ..ഉറങ്ങിയുറങ്ങി പരീക്ഷാക്കാലം കടന്നുപോയപ്പോ ഓർത്തു, ഇച്ചിരൂടെ പഠിക്കാർന്നു!

അന്ന് എൻ്റെയാ ജെറിപ്പെണ്ണ് ഒരിക്കൽ നാട്ടിൽപ്പോയിവന്നപ്പോൾ പറഞ്ഞതാണ് ഈ ഓർമ്മപ്പാട്ട് - ശക്തി മസാലയുടെ പുതിയ പരസ്യത്തിൽ ഉപയോഗിച്ചിരിക്കുന്ന എം എസ് സുബ്ബലക്ഷ്മിയുടെ അനിർവചനീയ ഭാവത്തിലുള്ള ഈ ഗാനം. അന്നുതൊട്ട് ഈ കഴിഞ്ഞ ഡിസംബർ വരെ ഈ പാട്ട് കേൾക്കുമ്പോൾ ആ ഹോസ്റ്റൽ ജീവിതവും അഞ്ജുവും പ്രിയും സുധയും സംഗിയുമൊക്കെയാണ് ഓർമ വരിക. പക്ഷേ, ഇപ്പോൾ ഒരാളെക്കൂടി ഓർമ വരും. ക്രിസ്ത്മസ് സമയത്ത് സാന്റയെപ്പോലെ ഞങ്ങളെത്തേടിവന്ന വിശ്വേട്ടനെ. ഇന്ദുച്ചേച്ചിയുടേയും രമേഷ്ചേട്ടന്റെയും വീട്ടിലെ സ്റ്റുഡിയോ സെറ്റപ്പിൽ സ്വയം മറന്ന് ഈ പാട്ട് പാടുന്ന വിശ്വേട്ടൻ ആണ് ഏറ്റവും പുതിയ ഓർമ!

ശക്തിമസാലയുടെ പരസ്യം ലിങ്കിൽ
https://youtu.be/OJ1IOUSyThs
-----------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

2 comments:

  1. ഹൃദ്യം!
    ആശംസകൾ

    ReplyDelete
  2. ടോമും ജെറിയുമായ കൂട്ടുകാരികളുടെ ശക്തി
    മസാലയുടെ പരസ്യ ഗാനത്തിൻ ശക്തമായ ഒരു പാട്ടോർമ്മ 

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)