#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!
വർഷം 1993
പണ്ട് പണ്ടൊരു ബുധനാഴ്ച വൈകുന്നേരം ചിത്രഹാറില്‍ കണ്ട മനോഹരമായ പാട്ട് - "ദില്‍ ഹൂം ഹൂം കരേം ഖബ്രായേ ....." . സാഗർ ജയ്‌സീ ആംഖോ വാലിയായ ഡിംപിള്‍ കബഡിയയെ ഏറ്റവും കൂടുതല്‍ മനോഹരിയായി തോന്നിയത് ഇതില്‍ ആണ്. ഡിംപിളിന്റെ കണ്ണുകളുടെ ഭംഗി കാണിക്കുന്ന ഷോട്ടുകൾ കാരണം ഈ പാട്ടാദ്യം കണ്ടപ്പോൾ തന്നെ മനസിൽ കേറിക്കൂടി ആ മഷിയെഴുതിയ ഇളംതവിട്ടു കണ്ണുകളും,
പുരികത്തിനും ചെവിക്കുമിടയിലെ കറുത്ത കുത്തുകളും നെറ്റിയിലെ 'വരയും കുറിയും' പൊട്ടും പിന്നെയാ തല മറച്ച തുണിക്കിടയിൽ നിന്ന് നെറ്റിയിലേക്ക് ഞാന്നുകിടക്കുന്ന ഒരു ഉണ്ടയും! അന്നിത് രുദാലി എന്ന ചിത്രം ആണെന്നൊന്നും അറിയില്ല, അവാര്‍ഡ് കിട്ടിയ പടം ആണെന്നും അറിയില്ല. പാട്ടിന്‍റെ വരികളുടെ അര്‍ത്ഥം അറിയോ എന്ന് ചോദിക്കണ്ട - ഒട്ടും അറിയില്ല . അന്നാ പാട്ട് ഞാന്‍ പറഞ്ഞിരുന്നത് "ദില്ല് ധൂം ധൂം കരീം" എന്നായിരുന്നു , അപ്പോള്‍ ഊഹിക്കാല്ലോ കുഞ്ഞിലത്തെ രാഷ്ട്രഭാഷാ പ്രാവീണ്യം .
എന്തായാലും ഈ പാട്ട് കണ്ടിട്ട് കയ്യില്‍ കിട്ടിയ കണ്മഷി കൊണ്ട് നെറ്റിയുടെ രണ്ടറ്റത്തും പുരികത്തിന്‍റെ വശത്തായി മൂന്ന് കുത്തും, താടിയില്‍ നാല് കുത്തും ഒക്കെയിട്ട് ,തലയിലൂടെ അമ്മയുടെ സാരിയുടെ ഒരറ്റം പുതച്ച് വീട്ടില്‍ കിടന്ന രുദ്രാക്ഷത്തിനെ ഒരു ചരടില്‍ കൊരുത്ത് നെറ്റിച്ചുട്ടി ആക്കി (അത് പോലെ ഏതാണ്ടാ ഡിംപിള് ഇട്ടിരിക്കുന്നത് ) കണ്ണാടിക്ക് മുന്നില്‍ അങ്ങോട്ട് ഇങ്ങോട്ടും ഓസ്കാര്‍ കിട്ടും വിധം ഭാവ-ലയ-നാട്യത്തോടെ നടന്നും, ഇരുന്നുമൊക്കെ നോക്കി :/ എനിക്ക് പ്രത്യേകിച്ച് ഒരു ഭംഗീം കൂടിയതായി തോന്നീല്ലാ എന്നുമാത്രല്ലാ കണ്മഷി മുഖത്തൂന്ന് തൂത്തു കളയാന്‍ നല്ലോണം ശ്രമിക്കെണ്ടീം വന്നു ! ( ഈ മുഖത്ത് കണ്മഷി കാണൂല്ലാലോ / അതിനു ഭംഗി ഉണ്ടെങ്കില്‍ അല്ലെ കൂടിയതായി കാണൂ - ഇമ്മാതിരി കമന്റുകൾ നിരോധിച്ചിരിക്കുന്നു ട്ടാ )
പിന്നീട് ഈ ചിത്രം കണ്ടപ്പോൾ തോന്നി അവർ മനഃപൂർവം രാഖിയെന്ന കണ്ണഴകിയുടെ സൗന്ദര്യത്തെ വെല്ലാൻ വേണ്ടിയാണു ഡിംപിളിന്റെ കണ്ണിനെ കൂടുതൽ മിഴിവാർന്നതാക്കിയതെന്ന്!
കുറച്ചുകൊല്ലം മുൻപ് രെശ്മിയെന്ന സുഹൃത്ത് ഈ പാട്ട് ഷെയർ ചെയ്ത ദിവസം ഞാനുമതന്നെ ചെയ്തു - നമ്മൾ തമ്മിലിതിനെക്കുറിച്ചു സംസാരിച്ചത് ഓർക്കുന്നോ നൻപത്തിയേ?
രുദാലി - ദിൽ ഹൂം ഹൂം കരേ .....
https://www.youtube.com/watch?v=F10aeM9V1Ho
-------------------------------------------------------------------------------------------------------------------------------------------
ഓഫ്: ദയവുചെയ്ത് പോസ്റ്റുകൾ ഒരു പാരഗ്രാഫിൽ നിർത്താമോ എന്ന് ചോദിച്ച ഒരു സൗഹൃദക്കൂട്ടത്തിന് ഡെഡിക്കേറ്റ് ചെയ്യുന്നു ഈ പോസ്റ്റ്. അതിനുവേണ്ടി ശ്രമിച്ചപ്പോൾ ഞാൻ മനസിലാക്കിയ കാര്യം - ഐ ആം ദി സോറി അളിയന്മാർസ്! its incurable - എനിക്ക് ചെറിയ പോസ്റ്റുകൾ എഴുതാൻ അറിയില്ല :( ഇനിയിത് പറ്റണമെന്നില്ല, അതോണ്ട് ഇനിമേലാൽ അത് ചോദിക്കരുത്, വായിച്ചില്ലേലും വേണ്ടൂല്ല :/
#100DaysOfSongs
#100SongsToLove
#Day55
നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച് - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ
അന്നാ പാട്ട് ഞാന്‍ പറഞ്ഞിരുന്നത് "ദില്ല് ധൂം ധൂം കരീം" എന്നായിരുന്നു , അപ്പോള്‍ ഊഹിക്കാല്ലോ കുഞ്ഞിലത്തെ രാഷ്ട്രഭാഷാ പ്രാവീണ്യം ;).
ReplyDeleteപാട്ടോർമ്മകളിൽ ആളോർമ്മകൾ ....
ആശംസകൾ
ഈ പാട്ട് ഒരുപാട് ഇഷ്ടമാണ്. ചെറുപ്പത്തിൽ ഈ സിനിമ ദൂരദർശനിൽ കണ്ടിരുന്നു. ദുഃഖം ആണെന്ന് മാത്രം മനസിലായി. Dimple നു ദേശീയ അവാർഡ് കിട്ടിയ പടം ആണെന്ന് തോന്നുന്നു. എനിക്ക് അത്ര ഭംഗിയൊന്നും തോന്നാത്ത ഒരു നടി ആയിരുന്നു dimple. Western ഭംഗിയാണല്ലോ. ചെറുപ്പത്തിൽ മലയാളി നായികമാരുടെ ഭംഗി ആയിരുന്നു എനിക്ക് ഭംഗി. പിന്നീടു എത്ര മാറി സൗന്ദര്യ സങ്കൽപ്പങ്ങൾ !! പല design ഇൽ ഉള്ള
ReplyDeleteപൊട്ടുകുത്തൽ, തലയിലൂടെ തുണിയിടൽ ഇതെല്ലാം എന്റെയും വിനോദമായിരുന്നു.പൊട്ടു മാറ്റി, തട്ടമിട്ടു മുസ്ലിം കുട്ടി ആകുന്നതും മറ്റൊരു നേരം പോക്ക്..
ഈ പാട്ട് കുറേക്കാലം കഴിഞ്ഞാണ് ശ്രദ്ധിച്ചു കേൾക്കുന്നത്... വികാര വിക്ഷുബ്ധമായ ആലാപനം. നായികയുടെ ആത്മ വിലാപം എന്ന പോലെ... കൂലിക്കു കരയുന്നവർ ആണല്ലോ അവർ..രുദാലി
കുറിപ്പ് വായിച്ചപ്പോൾ പലതും ഓർമ വന്നു...സ്നേഹം ആർഷ
മലയാളം വായിക്കാനോ കേൾക്കാനോ ഒരു മാർഗ്ഗവുമില്ലാത്ത ഗുജറാത്ത് താമസക്കാലത്തെ ഒരു ചൂടൻ രാത്രിയിലാണ് സഹമുറിയനായ ബംഗാളിയുടെ റേഡിയോവിൽ ഈ പാട്ട് ആദ്യമായി കേൾക്കുന്നത്. അത് വല്ലാതെ മനസ്സിൽ കയറി . എന്റെ ഇഷ്ടം അറിഞ്ഞ് രുദാലിയെ കുറിച്ചും സിനിമയെ കുറിച്ചുമൊക്കെ അദ്ദേഹം പറഞ്ഞു തന്നു., പിന്നെ പലപ്പോഴും റേഡിയോ ട്യൂൺ ചെയ്തിട്ടും ആ പാട്ട് കിട്ടിയില്ല. അടുത്ത തവണ സൂറത്തിൽ പോയേപ്പോൾ കാസറ്റ് വാങ്ങി . എത്രയെത്ര തവണ കേട്ടുവെന്നറിയില്ല. പ്രവാസത്തിന്റെ സങ്കടങ്ങളിലൂടെ ആ പാട്ടും സമപ്പെട്ട ഒരു കാലം.
ReplyDeleteഅതെ. ഇപ്പോൾ ആർഷേടെ കുറിപ്പുകളിലൂടെ കയറിയാണ് ചില ഓർമ്മകളിേലേക്ക് എത്തുന്നത്.
രുദാലി - ദിൽ ഹൂം ഹൂം കരേ ...
ReplyDeleteകേട്ടിട്ടേയില്ല.
ReplyDeleteവലിയ എഴുത്തുകൾ പോന്നോട്ടെ.